ചിരിക്കാനറിയാത്ത ചില മനുഷ്യരുടെ ഒളിവിടങ്ങള്‍


malayal.am ല്‍ പ്രസിദ്ധീകരിച്ചത്





'സെങ്കടല്‍' എന്ന സിനിമകൊണ്ട് ലീന മണിമേകല എന്ന സംവിധായിക വിജയിച്ചിരിക്കുന്നത് മൂന്ന് കാര്യങ്ങളിലാണ്. ഒന്ന്, അവരുടെ ആദ്യ ഫീച്ചര്‍ ഫിലിം. രണ്ട്, സംവിധായികയായും നായികയായുമുള്ള അവരുടെ ഇടപെടലുകള്‍. മൂന്ന്, വസ്തുതകളും സങ്കല്പങ്ങളുമുപയോഗിച്ച് ഒരു നല്ല മിശ്രിതമുണ്ടാക്കുന്നതിലെ സാമര്‍ത്ഥ്യം. ഇവയെല്ലാമാണ് ലീന എന്ന സംവിധായികയെ ആദ്യനോട്ടത്തില്‍ നോക്കുമ്പോള്‍ ഈ ചിത്രത്തിലൂടെ നാം കാണുന്ന പ്രധാനവസ്തുതകള്‍.

ഈ സിനിമയിലെ ഓരോ സീനിലും വരുന്ന കഥാപാത്രങ്ങള്‍ സംവിധായികയുടെ ഓരോ കണ്ടെത്തലുകളാണ്. ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ പലായനവും ഇന്ത്യയിലേക്കുള്ള കുടിയേറ്റവും മാത്രമല്ല സെങ്കടല്‍ എന്ന സിനിമ നമുക്ക് ദൃശ്യവത്കരിച്ച് തരുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ ശ്രമങ്ങളും, എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ ശ്രമിക്കുന്ന ചില മനുഷ്യരുടെ വേദനിപ്പിക്കുന്ന കുറെ കാഴ്ചകളും ഇതിലൂടെ നമുക്ക് മുന്നില്‍ വെളിവാക്കപ്പെടുന്നു. അവിശ്വസനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ജനത നേരിടുന്ന പ്രശ്നങ്ങളെ സത്യസന്ധമായ രീതിയില്‍ സമീപിച്ച സംവിധായിക, അതിനോട് കൂടെ യാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള കഥകള്‍ കൂടി ചേര്‍ത്തതോടെ ഈ സിനിമ കുടിയേറ്റജനതയുടെ വര്‍ത്തമാനകാല ജിവിതത്തില്‍ നിന്ന് കുറച്ചെങ്കിലും അകലം പാലിക്കുന്നുണ്ടോ എന്നൊരു സംശയം ലേഖകന് ഇല്ലാതില്ല.

യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാത്ത ഇന്ത്യ-ശ്രീലങ്ക അതിര്‍ത്തിപ്രദേശമാണ് ധനുഷ്കോടി. ഭീതിപ്രദമായ, വിരോധജനകമായ, അശാന്തി നിലനില്‍ക്കുന്ന ജന്മനാട്ടില്‍ നിന്ന് സ്വന്തം ജിവിതവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എണ്ണത്തില്‍ കൂടിയ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ താല്‍ക്കാലിക അഭയസ്ഥാനമാണ് ഈ സ്ഥലം. മത്സ്യത്തൊഴിലാളിയായ ഒരാള്‍ക്ക് പാരമ്പര്യമായി കൈമാറി വരുന്ന ആ തൊഴിലല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. അതുകൊണ്ട് തന്നെ ഒരു തവണ എവിടെയെങ്കിലും തന്റെ ജീവിതം വ്യവസ്ഥപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അവിടെത്തന്നെ അവന്റെ ജിവിതം തന്റെ പ്രാഥമിക സാമ്പത്തികസ്രോതസ്സായ മത്സ്യബന്ധനവുമായി തുടര്‍ന്ന് പോവാന്‍ അവന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.

ചിത്രീകരണ സമയത്തും അതിനുശേഷവും പ്രാദേശികഭരണാധികാരികള്‍ ലീനയുടെ നിലപാടുകളിലും, ഇടപെടലുകളിലും ആശങ്കാകുലരാവുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ഫൂട്ടേജുകള്‍ നിരീക്ഷിക്കുകയും നിലപാടുകളില്‍ നിന്ന് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഇത്തരം ഭരണാധികാരികളില്‍ നിന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഏങ്ങലടിച്ച് കരയുന്ന വിധവകള്‍ക്കും, ഒന്നും ചെയ്യാനില്ലാതെ വിശന്ന് കരയുന്ന കുറെ കുട്ടികള്‍ക്കും, ഇവരെയൊക്കെ നോക്കി വിലപിച്ചിരിക്കുന്ന ശേഷിച്ച അഭയാര്‍ത്ഥികള്‍ക്കും എന്ത് നീതിയാണ് ലഭിക്കുക?


മത്സ്യബന്ധന തൊഴിലാളികളുടെ സകലപ്രശ്നത്തിലും ശ്രീലങ്കന്‍ നാവികസേന ഇടപെടുകയും, അഭയാര്‍ത്ഥികളായവരെ പിടികൂടി അവരെ വധിക്കുകയും ചെയ്യുന്നു എന്ന സത്യം സംവിധായിക ഈ ചിത്രത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി, പുതിയ ജിവിതം കെട്ടിപ്പടുക്കുന്ന സ്വപ്നവുമായി കടലിലേക്ക് പോവുന്ന പുരുഷന്മാര്‍ മൃതദേഹങ്ങളായിട്ടാണ് കരയിലേക്ക് മടങ്ങിയെത്തുന്നത്. അവരുടെ മക്കളും, സഹോദരിമാരും, ഭാര്യമാരും കണ്ണീരൊഴുക്കി വിലപിക്കുന്ന കാഴ്ച ഏത് മനുഷ്യനെയാണ് ഒന്ന് നോവിക്കാതെ കടന്നുപോവുക?

സ്വന്തം ദേശത്ത് നിന്ന് പറിച്ചുമാറ്റപ്പെട്ട ഒരു ജനതയുടെ ക്ലേശങ്ങളുടെയും, ആശയക്കുഴപ്പങ്ങളുടെയും, ദൈന്യതയുടെയും ഒരു മിശ്രിതമാണ് ഈ സിനിമ. മുഖ്യധാരാ ജനങ്ങളാല്‍ മറക്കപ്പെട്ട ഒരു മനുഷ്യസമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ നമുക്കിടയില്‍ എത്രമാത്രം സംവേദനം ചെയ്യപ്പെടുന്നു എന്നുകൂടി സംവിധായിക ഇവിടെ പരിശോധിക്കുന്നുണ്ട്. സ്വന്തം വീടിനെക്കുറിച്ചുള്ള നിരാശ, അവരെ സ്വീകരിക്കാത്ത അവര്‍ ദത്തെടുക്കുന്ന ഭൂമിയെപ്പറ്റിയുള്ള വിലാപം എന്നിവയെല്ലാം ഈ ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് സംവിധായിക വാശിപിടിക്കുന്നു.

ചിത്രീകരണ സമയത്തും അതിനുശേഷവും പ്രാദേശികഭരണാധികാരികള്‍ ലീനയുടെ നിലപാടുകളിലും, ഇടപെടലുകളിലും ആശങ്കാകുലരാവുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ഫൂട്ടേജുകള്‍ നിരീക്ഷിക്കുകയും നിലപാടുകളില്‍ നിന്ന് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഇത്തരം ഭരണാധികാരികളില്‍ നിന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഏങ്ങലടിച്ച് കരയുന്ന വിധവകള്‍ക്കും, ഒന്നും ചെയ്യാനില്ലാതെ വിശന്ന് കരയുന്ന കുറെ കുട്ടികള്‍ക്കും, ഇവരെയൊക്കെ നോക്കി വിലപിച്ചിരിക്കുന്ന ശേഷിച്ച അഭയാര്‍ത്ഥികള്‍ക്കും എന്ത് നീതിയാണ് ലഭിക്കുക?

ഈ സിനിമയുടെ ചിത്രീകരണത്തിലൂടെ ലീന മണിമേകല എല്ലാ അംഗീകാരങ്ങളും അര്‍ഹിക്കുന്നുണ്ട്. സ്വന്തം നിലനില്പിന് വേണ്ടി പൊരുതുന്ന പ്രാദേശികവാസികളെപ്പറ്റി അറിയാന്‍ താത്പര്യമുള്ളവര്‍ക്കും അതുപോലെ പുറംമോടിയുള്ള ജീവിതാനുഭവങ്ങള്‍ക്ക് പുറത്ത് നടക്കുന്ന വിഷയങ്ങളെ അധികരിച്ചുള്ള സിനിമകളില്‍ താത്പര്യമുള്ളവര്‍ക്കും ഈ ചിത്രം ഒരു മുതല്‍ക്കൂട്ടാണ്.

കടലുമായി ബന്ധപ്പെട്ട് ജിവിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഹൃദയഹാരിയായ ഒരു സമര്‍പ്പണമാണ് ഈ ചിത്രം. ധനുഷ്കോടി ബീച്ചിലെ ആളുകളെ ചിത്രത്തില്‍ കാണിക്കുമ്പോഴെല്ലാം അവര്‍ വലിയ വലകള്‍ ഏറ്റുന്നതും, വല വീശുന്നതുമായ രംഗങ്ങളാണ് നാം കാണുന്നത്. അവരെപ്പോഴും സമകാലികമായ ചില പാട്ടുകള്‍ പാടുകയും ചില പ്രത്യേകശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. ഒരുതരം സമ്മോഹനാവസ്ഥയില്‍, മത്സ്യബന്ധനത്തേക്കാള്‍ ഏതോ ഒരു ആത്മീയമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട പോലെ ഈ രംഗങ്ങള്‍ നമ്മെ തോന്നിപ്പിക്കുന്നു. ഇത്രയേറെ രസകരമായ ഒരന്തരീക്ഷവും ആളുകളുമാണ് പിന്നീട് ഈ ചിത്രത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്നതും ബീക്കണ്‍ ലൈറ്റുകള്‍ക്കിടയിലെ അക്രമവും വിദ്വേഷവുമുള്ള പ്രദേശമായി പരിണമിക്കപ്പെടുന്നതും.

വേദനയുടെയും സന്തോഷത്തിന്റെയും നിഷ്കളങ്കമായ നിമിഷങ്ങളാണ് ഈ ചിത്രത്തിലെ ഏറ്റവും ഹൃദയഗ്രാഹിയായ ഭാഗങ്ങള്‍. ഈ സിനിമ കാണുന്ന ഒരാള്‍ക്ക് ധനുഷ്കോടി എന്ന സ്ഥലത്തുനിന്ന് മാറിപ്പോവാന്‍ ഒരിക്കലും കഴിയില്ല. അവിടെയുള്ള ഓരോ ആളെയും കാഴ്ചക്കാരന്‍ നിരന്തരം പിന്തുടരുകയും, നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചത്, ഒരു ദിവസം തള്ളി നീക്കാന്‍ പണിപ്പെടുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് ഒരു ഉയര്‍ന്ന ലക്ഷ്യം നേടാന്‍ കഴിയുക എന്നായിരുന്നു.

വളരെ ലളിതമായി, അല്പസമയം മാത്രം പറയേണ്ടിയിരുന്ന ഒരു കഥ കല്പനാസൃഷ്ടമായ കഥപറച്ചിലിലൂടെ പ്രേക്ഷകനിലെത്തിക്കാന്‍ എന്തുകൊണ്ടാണ് സംവിധായിക ശ്രമിച്ചത് എന്ന ഒരു ചോദ്യം ഇവിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ അത് സംവിധായിക ഈ വിഷയത്തെ സമീപിക്കാന്‍ സ്വീകരിച്ച ഒരു സങ്കേതമായിരുന്നു എന്ന് വിശദമായ ഒരു അവലോകനം നടത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധ്യമാണ്.

ഒരു സിനിമാനിര്‍മ്മാണത്തില്‍, അതും യാഥാര്‍ത്ഥ്യജിവിത ചിത്രീകരണത്തില്‍ ഒരുപാട് റിസ്ക് എടുക്കേണ്ടി വരും. ഒരു യഥാര്‍ത്ഥസംഭവം നടക്കുന്നിടത്ത് ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ ഒരുപക്ഷേ അത്തരം സീനുകള്‍ പുനര്‍നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. ഇവിടെ സംവിധായികയും സംഘവും റിസ്ക് എടുത്തിട്ടില്ലെന്ന അര്‍ത്ഥത്തിലല്ല ഞാനിത് പറഞ്ഞത്. ഒരു യഥാര്‍ത്ഥസംഭവചിത്രീകരണത്തേക്കാള്‍ അതിന്റെ പുനര്‍നിര്‍മ്മാണമാണ് പ്രേക്ഷകന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ കഥപറച്ചിലിലൂടെ മുന്നോട്ട് പോവാനുള്ള സംവിധായികയുടെ തീരുമാനം ഈ ചിത്രത്തെ പ്രതീക്ഷിക്കാത്ത ചില തലങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്തുവാനും, കാഴ്ചയില്‍ പെടാതെ പോയ ചില കാര്യങ്ങളെ പറഞ്ഞുറപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

ഇങ്ങിനെയൊക്കെയാണെങ്കില്‍ കൂടി എല്ലാ മാധ്യമങ്ങളും പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ നേരിടുന്ന സെന്‍സര്‍ഷിപ്പ് എന്ന ഒരു കടമ്പയുണ്ട്.ഇറാനെപ്പോലെയുള്ള യാഥാസ്ഥിതികരാജ്യങ്ങളില്‍ ഇതുപോലുള്‍ല ഒരു ചിത്രത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ജാഫര്‍ പനാഹിക്കെതിരെ ഉണ്ടായ സംഭവവികാസങ്ങള്‍ നാമെല്ലാം കണ്ടതാണല്ലോ. അതുപോലെ ചില ചെറിയ സംഭവങ്ങള്‍ ഈ സിനിമയ്ക്കെതിരായും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്ന് തന്നെ ഭരണകൂടം ഭയക്കുന്ന എന്തൊക്കെയൊ ഈ ചിത്രത്തിലുണ്ട് എന്ന് വ്യക്തമാവുന്നു.

കഥാഖ്യാനത്തിലൂടെ വിവരിക്കുന്ന ഈ ഡോക്യുമെന്ററി ചിത്രത്തില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ ന്യായമായതും, കൃത്യമായതുമായ അവകാശങ്ങളുടെയും നിലപാറ്റുകളുടെയും വര്‍ണ്ണനയില്‍ ചാലിച്ച ഒരു മിശ്രിതരൂപമാണ് നമുക്ക് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ ഒരു ഭാഗം മാത്രം കണ്ടശേഷം ഇതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന ഒരു സംഭവം ശ്രീലങ്കയില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുവാനോ വിതരണം ചെയ്യുവാനോ കഴിയാതെ വിഷമകരമായ ഒരവസ്ഥയില്‍ സംവിധായിക എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം ലോകത്തിന്റെ വിവിധകോണുകളിലെ ഫിലിം ഫെസ്റ്റിവലുകളിലെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത് നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്.

വെറുതെ ഇരുന്ന് സിനിമ കണ്ട് പോരുന്നതുപോലെ 'സെങ്കടല്‍' കണ്ട് ഇറങ്ങുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ആഹ്ലാദകരമായ നിമിഷങ്ങള്‍ ഈ ചിത്രത്തില്‍ വളരെ കുറച്ചേ ഉള്ളൂ. ഇത് പരസ്യപ്പെടുത്തുന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെ വിഷമങ്ങളും കണ്ണീരുമാണ്. പ്രേക്ഷകന്‍ വഴിനീളെ ഒരുപാട് കഥാപാത്രങ്ങളെ കാണുന്നു, അവരെ പിന്തുടരുന്നു; അവരുടെയെല്ലാം പ്രവൃത്തികളും ഉദ്ദേശലക്ഷ്യങ്ങളുമെല്ലാം നമ്മെ ചിന്തിപ്പിക്കുന്നു. ചില സമയത്ത് ചില കഥാപാത്രങ്ങള്‍ അപ്രത്യക്ഷരായി നമ്മെ ചിന്താംഗ്നരാക്കുന്നു. ഇതെല്ലാം സംവിധാനതന്ത്രങ്ങളുടെ ഒരു ഭാഗമായി നിന്ന് പ്രേക്ഷകനെ അസസ്ഥനാക്കി മാറ്റുന്നു. അങ്ങനെ 'സെങ്കടല്‍' അതിന്റെ മുഖഭാവത്തിന്റെ പ്രതിബിംബം കാഴ്ചക്കാരന്റെ കണ്ണുകളില്‍ പതിപ്പിച്ച് ഏതോ ഒളിവിടത്തിലേക്ക് പോവുകയാണ്; ഒന്ന് ചിരിക്കാന്‍ പോലും കഴിയാതെ!

10 വായന:

Anonymous said...

എന്നെ തോല്പിക്കാന്‍ ആവില്ല മക്കളെ .... santhosh pandit

http://wwwmallutube.blogspot.com/

dr.(prof)p.k.pokker said...

Leena Manimekhala is commited to certain causes. I had seen and discussed her documentaries at Palghat some years back. After B.Tech she began to address the issues of Dalits and Women in Tamilnadu. Let her proceed with the creative fight.Indeed it may have impact.

sethumenon said...

Good writing.Vineeth could see the interior of the turmoils presented by the Director. The Title itself is a Metaphor.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ലീനയെക്കുറിച്ചു കൂടി ആവാമായിരുന്നു ലേഖനത്തില്‍ കുറച്ചു വിശദീകരണം .നിരൂപണം നന്നായി ..

ഷിനോജേക്കബ് കൂറ്റനാട് said...

GOOD

M.R.Anilan -എം. ആര്‍.അനിലന്‍ said...

നന്നായി..!

Unknown said...

നിരൂപണം വായിച്ചു
ആഖ്യാനത്തില്‍ വിനീത് പതിവ് തെറ്റിച്ചിട്ടില്ല..
സിനിമ കൂടി കണ്ടതിനു ശേഷം വിശദമായി വരാം...

ഒരു കുഞ്ഞുമയിൽപീലി said...

പ്രതിബിംബം കാഴ്ചക്കാരന്റെ കണ്ണുകളില്‍ പതിപ്പിച്ച് ഏതോ ഒളിവിടത്തിലേക്ക് പോവുകയാണ്; ഒന്ന് ചിരിക്കാന്‍ പോലും കഴിയാതെ
കണ്ടിട്ടില്ലാ ഈ ഫിലിം എങ്കിലും ഈ നിരൂപണം അതിനു പ്രചോദനമാകുന്നുണ്ട് ഇനിയും എഴുതുക എല്ലാ ആശംസകളും നേരുന്നു

ഷെരീഫ് തിരൂര്‍ said...

ഈ ഫിലിം കാണണമെന്ന് തോന്നിപ്പോകുന്ന രചന . ഒരു സിനിമ കണ്ടാലും പലരും കാണാതെ പോകുന്നയിടങ്ങളിലേക്ക് സൂക്ഷ്മനിരീക്ഷണം നടത്തിയതിനു നന്ദി .

suresh raja said...

great...

Post a Comment

© moonnaamidam.blogspot.com