വെളിച്ചം കടക്കാന്‍ മടിക്കുന്ന ചില ചില്ലുജാലകങ്ങള്‍
ചുരുക്കം ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ ആസ്വാദനസമീപനത്തെ ക്രമാനുഗതമായി പരീക്ഷിച്ചുകൊണ്ട് അവനിലേക്ക് അടുത്തുപോകുന്നവ. അത്തരം ചിത്രങ്ങളില്‍ പലപ്പൊഴും പ്രേക്ഷകന്‍ തന്റെ ആന്വേഷണാത്മകത കൂടുതലായി ഉപയോഗിക്കേണ്ടതായി വരാറുണ്ട്. ബെലാ ടാറും, ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും ചേര്‍ന്ന് സംവിധാനം ചെയ്ത 'ദി ടുറിന്‍ ഹോഴ്സ്' എന്ന ഹംഗേറിയന്‍ ചിത്രം മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ചിത്രമാണ്. പുതിയകാലത്തില്‍ നിന്നുകൊണ്ട് പഴയകാലത്തെ കൂട്ടുപിടിച്ച് ഒരു സിദ്ധാന്തത്തെ/ഒരു ജിവിതയാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കുകയാണ് സംവിധായകര്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.

സിനിമ ആരംഭിക്കുമ്പോള്‍ തന്നെ കൃത്യമായ ഒരു ആമുഖം സംവിധായകര്‍ നമുക്ക് നല്‍കുന്നുണ്ട്. എവിടെ നിന്നാണ് സിനിമ ആരംഭിക്കുന്നതെന്നും, ഏത് ദിശയിലേക്കാണ് അതിന്റെ ചലനമെന്നും ആമുഖത്തിലൂടെ പ്രേക്ഷകന് വ്യക്തമായ ഒരു ധാരണ ലഭിയ്ക്കുന്നു. ഫ്രെഡറിക് നീത്ഷേയുടെ 'ഭ്രാന്തിലേക്കുള്ള യാത്രയെ' കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നീത്ഷേയുടെ ചിന്തകള്‍, സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം ചിത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിദഗ്ദമായി സംവിധായകര്‍ ഉപയോഗിച്ചിരിക്കുന്നു.

നീത്ഷേയുടെ കഥ ഇങ്ങനെയാണ്, 1889 ജനുവരി മൂന്നാം തീയ്യതി ടുറിന്‍ എന്ന സ്ഥലത്തെ വീട്ടിലെ ആറാമത്തെ വാതിലിലൂടെ കാര്‍ലോ ആല്‍ബര്‍ട്ട് വഴി നീത്ഷേ ദുര്‍വാശിക്കാരനായ ഒരു കുതിര വലിക്കുന്ന വണ്ടിയുമായി യാത്രയ്ക്ക് തയ്യാറാവുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളെയും, ആഗ്രഹങ്ങളെയും പുച്ഛിച്ചുകൊണ്ട് കുതിര യാത്രയ്ക്ക് സമ്മതിക്കുന്നില്ല. നിന്നിടത്ത് നിന്ന് അനങ്ങാതെ, തന്റേതായ നിലപാടില്‍ കുതിര ഉറച്ചു നില്‍ക്കുന്നു. ഇതില്‍ കുപിതനായ അദ്ദേഹം ചാട്ടവാറുകൊണ്ട് കുതിരയെ ക്രൂരമായി മര്‍ദ്ദിച്ചുവെങ്കിലും, അവസാനം ആ കുതിരയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഏങ്ങലടിച്ച് കരയുന്നു. സാഹചര്യങ്ങള്‍ മാനസികനില തകര്‍ത്ത അദ്ദേഹത്തെ, അദ്ദേഹത്തിന്റെ ഭൂവുടമസ്ഥന്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. എന്നാല്‍ അവിടെ അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ ഒരിടത്ത് തന്നെ നിശ്ചലനായിരുന്ന് രണ്ട് ദിവസം അലസമായി കഴിച്ചുകൂട്ടി. അതിനുശേഷം മിതഭാഷണം പോലുമില്ലാതെ തന്റെ അമ്മയെയും സഹോദരിയെയും സംരക്ഷിച്ച് പത്തുവര്‍ഷക്കാലം അദ്ദേഹം ജീവിച്ചു. ഇതായിരുന്നു ആ കഥ. എന്നാല്‍ ഇതിനിടയില്‍ ആ കുതിരയ്ക്ക് എന്തു സംഭവിച്ചുവെന്നോ, അതെങ്ങോട്ട് പോയി എന്നോ യാതൊരു സൂചനയുമില്ല.

എന്നാല്‍ ഈ സിനിമയിലെ കഥ പിന്തുടരുന്നത് നീത്ഷെയുടെ കുതിരയെയല്ല എന്നത് ആദ്യമേ പറയട്ടെ. ഈ കഥ നടക്കുന്നത് പട്ടണത്തില്‍ നിന്ന് അകലെയുള്ള ഒരു ഹംഗേറിയന്‍ കൃഷിഭൂമിയിലാണ്. ഒറ്റപ്പെട്ട് കിടക്കുന്ന ഒരു വീടും, ധാന്യപ്പുരയും, കിണറും, ഇലകള്‍ പൊഴിഞ്ഞുവീണ ഒരു മരവും, വിജനതയും, വീശിയടിക്കുന്ന കാറ്റുമല്ലാതെ മറ്റൊന്നും ആ ഭൂമിയില്‍ നമുക്ക് കാണാനാവില്ല. പ്രേക്ഷകന്റെ ആലോചനയ്ക്ക് വേണ്ട ഒരു ഭാഗം മാത്രമാണ് ആമുഖത്തിന്റെ രൂപത്തില്‍ സംവിധായകര്‍ നല്‍കുന്നത്. അവിടെ നിന്നങ്ങോട്ട് ആവര്‍ത്തനവിരസതയനുഭവിച്ചുകൊണ്ട് ചിന്തകളുടെ ഔന്നത്യത്തിലേക്ക് പാഞ്ഞുകയറാന്‍ സംവിധായകര്‍ പ്രേക്ഷകനോടാവശ്യപ്പെടുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ കുതിരയുടെയും, കൃഷിക്കാരന്റെയും ജീവിതത്തിന്റെ സ്വഭാവത്തെ താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

ശക്തിയായി വീശിയടിക്കുന്ന ഒരു കാറ്റിലൂടെയാണ് 'ടുറിന്‍ ഹോഴ്സ്' എന്ന ഈ സിനിമ ആരംഭിക്കുന്നത്. കര്‍ഷകനായ ഓള്‍സ് ഡോര്‍ഫര്‍(ജാനോസ് ഡേര്‍സി) പട്ടണത്തില്‍ നിന്ന് തന്റെ വീട്ടിലേക്കെത്തിച്ചേരുന്നതിന്റെ അവസാനനിമിഷങ്ങളോടൊപ്പം സംവിധായകര്‍ നീത്ഷെയുടെ കഥ പറയുന്നു. കഥാന്ത്യം കല്ലുകൊണ്ട് പണിത തന്റെ വീട്ടില്‍ ഓള്‍സ് ഡോര്‍ഫര്‍ എത്തിച്ചേരുന്നു. തികച്ചും അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള ഒരു വീടാണതെന്ന ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ നമുക്ക് മനസിലാക്കാം. രണ്ട് കിടയ്ക്ക, ഒരു വലിയ മേശ, ഒരു അടുപ്പ്, ഒരു ബഞ്ച് തുടങ്ങി വളരെ കുറച്ച് സാധനങ്ങള്‍ മാത്രമുള്ള പൊടി പിടിച്ചുകിടക്കുന്ന ഒരു വീട്.

ഊര്‍ജ്ജസ്വലനായ, സ്വയം റദ്ദ് ചെയ്യപ്പെടാനിഷ്ടപ്പെടുന്ന സംവിധായകരാണ് ബെലാ ടാറും ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും.അതിജീവനത്തിന്റെ അവസാന നിമിഷങ്ങളെ എത്രമാത്രം സൂക്ഷ്മവും, സങ്കീര്‍ണ്ണവുമായാണ് ഇവര്‍ ഈ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ആയുധങ്ങളും പകയും വിദ്വേഷവും നമ്മെ പിടിച്ചുലയ്ക്കുന്നതിനേക്കാളേറെ ഈ അച്ഛന്റെയും മകളുടെയും അതിജീവനത്തിനായുള്ള പോരാട്ടം നമ്മെ പിടിച്ചുലയ്ക്കുന്നുണ്ട്.


ഓള്‍സ് ഡോര്‍ഫര്‍ കുതിരവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ അയാളുടെ കര്‍ത്തവ്യനിഷ്ഠയുള്ള മകള്‍ (എറിക്ക ബോക്) കടന്നുവരുന്നു. ഇവര്‍ രണ്ട് പേരും, ആ കുതിരയും മാത്രമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. പിന്നീട് വരുന്നവരെല്ലാം ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്നവരാണ്. കുതിരയെ വണ്ടിയില്‍ നിന്ന് അഴിക്കാനും അതിനെ തൊഴുത്തില്‍ കെട്ടി തീറ്റകൊടുക്കാനും അവള്‍ അയാളെ സഹായിക്കുന്നു. ഇതിനിടയിലെല്ലാം നാം ആദ്യം കണ്ട ആ ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുന്നുണ്ട്. ആ കാറ്റില്‍ ഇലകളും മറ്റും ഇവര്‍ക്ക് മുന്നിലൂടെ പാറിപ്പോവുന്നത് കാണിക്കുന്നത് കാറ്റിന്റെ ശക്തി പ്രേക്ഷകനെ അറിയിക്കാനാണ്. ഇതെല്ലാം കഴിഞ്ഞ് അച്ഛനെ വസ്ത്രം മാറ്റാന്‍ സഹായിക്കുന്ന സീനിലാണ് അയാളുടെ ഒരു കൈയ്ക്ക് ചലനശേഷി ഇല്ലെന്ന കാര്യം പ്രേക്ഷകന്‍ അറിയുന്നത്.

ആറ് ദിവസങ്ങളിലായുള്ള ഇവരുടെ ദൈനംദിന പ്രവൃത്തികളിലൂടെയാണ് ഈ ചിത്രം മുന്നേറുന്നത്. ഇതില്‍ ഒന്നാം ദിവസത്തിന്റെ തന്നെ ആവര്‍ത്തനമായിരിക്കും രണ്ടാം ദിവസത്തിലും കാണിക്കുന്നത്. ചെറിയ ചില വ്യത്യാസങ്ങള്‍ ചിത്രീകരണത്തില്‍ ഉണ്ടെങ്കിലും പ്രവൃത്തികളെല്ലാം ഏകദേശം ഒന്ന് തന്നെയാണ്. ഈ ആവര്‍ത്തനവും, സിനിമയുടെ വേഗക്കുറവും ഒരു സാമ്പ്രദായിക സിനിമാസ്വാദകനെ തെല്ലൊന്നുമല്ല മുഷിപ്പിക്കുന്നത്. കുതിരയെ കെട്ടലും, ഭക്ഷണം കഴിക്കലും, വെള്ളം കൊണ്ടുവരലും, വസ്ത്രധാരണവുമെല്ലാം പ്രേക്ഷകന്‍ തുടര്‍ച്ചയായ ആറ് ദിവസങ്ങളിലും കാണുന്നു. ഈ ആവര്‍ത്തനവിരസതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവിടെ സംവിധായകര്‍ പ്രേക്ഷകനെ നേരിടാനെത്തുന്നത്.

വെറും ഉപ്പ് ചേര്‍ത്ത് വേവിച്ച ഉരുളക്കിഴങ്ങ് മാത്രമാണ് അവരുടെ ആഹാരം. വേവിച്ചെടുത്ത കിഴങ്ങ് കഴിക്കുന്ന രംഗം ഓരോ ഘട്ടമായിട്ടാണ് സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നത്. ചൂടുള്ള കിഴങ്ങിന്റെ തൊലി പൊളിക്കുന്നതും, ചൂടാറ്റാനായി ഊതിയൂതിക്കഴിക്കുന്നതും, ഉപ്പ് ചേര്‍ക്കുന്നതുമെല്ലാം വളരെ വ്യക്തമായി ചിത്രീകരിച്ചതിനോടൊപ്പം സംവിധായകര്‍ കാണിക്കുന്നത് ഓള്‍സ് ഡോര്‍ഫറുടെ ജീവിതത്തിന്റെ വേഗത കൂടിയാണ്. അസാധാരണമായ ഒരു ഭക്ഷണക്രമം മാത്രമായിട്ടല്ല ഈ രംഗങ്ങള്‍ ചിത്രത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്നത്. അതവരുടെ ജീവിതത്തിന്റെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആവര്‍ത്തനക്രമത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.

പുറത്ത് വീശിക്കൊണ്ടിരിക്കുന്ന കാറ്റിന് ഇതിനിടയിലും യാതൊരു കുറവും സംഭവിച്ചിട്ടില്ല. അത് അതേ ശക്തിയോടെയാണ് വീശിക്കൊണ്ടിരിക്കുന്നത്. അസാധാരണമായ ആ കാലാവസ്ഥ ഇരുവരേയും അല്പം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അവരുടെ വസ്ത്രധാരണ രീതിയില്‍ നിന്നും കടുത്ത തണുപ്പാണവിടെയെന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാം. കാറ്റിന്റെ ഈ അസാധാരണ പ്രതിഭാസത്തില്‍ / പ്രതികൂല സാഹചര്യത്തില്‍ അവരുടെ ജിവിതത്തില്‍ സംഭവിക്കുന്നതെല്ലാം സംവിധായകര്‍ ഒരല്പം പോലും വൈകാരികത കൈവിടാതെ പ്രേക്ഷകന് പകര്‍ത്തിത്തരുന്നു. മൗനത്തിനടിമപ്പെട്ട് ജീവിക്കുന്ന ഇരുവരുടെയും ജീവിതത്തില്‍ സംഭാഷണങ്ങള്‍ ഒരകലം പാലിച്ചാണ് നില്‍ക്കുന്നത്. വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രം കടന്നുവരുന്ന ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും കേള്‍ക്കുന്നത് ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറയുന്ന വാക്കുകള്‍ മാത്രമാണ്.

രണ്ടാമത്തെ ദിവസം ആരംഭിക്കുന്നത് ഒരു ദിവസം പുലരുന്നതുമുതലാണ്. തന്റെ ജോലികള്‍ ഓരോന്നായി മകള്‍ ചെയ്തു തീര്‍ക്കുന്നു. കുതിരയെ പുറത്തേയ്ക്ക് കൊണ്ടുവന്ന് അച്ഛനെ യാത്രയാക്കാനായി ഒരുക്കുന്നതിനിടയില്‍ ഇരുവരുടേയും മുടികള്‍ കാറ്റില്‍ ശക്തമായി പാറുന്നത് കാണാം. കാറ്റിന്റെ വര്‍ദ്ധിച്ച ശക്തിയെ സൂചിപ്പിക്കുന്ന ഈ രംഗത്തിന് ഈ ചിത്രത്തില്‍ സുപ്രധാനസ്ഥാനമുണ്ട്. ഇവിടെ വച്ച് നീത്ഷേയുടെ കഥയിലെ പോലെ കുതിര യാത്രയ്ക്ക് വിസമ്മതിക്കുകയും അയാള്‍ കുതിരയെ ചാട്ടകൊണ്ടടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സമയം മകള്‍ അച്ഛനെ കുതിരയെ പ്രഹരിക്കുന്നതില്‍ നിന്ന് തടഞ്ഞ് അന്നതെ യാത്രയില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഒരു രഗം മാത്രമാണ് നീത്ഷേയുടെ കഥയുമായി ഈ ചിത്രത്തിനുള്ള ഒരു സാമ്യം.

ഈ പ്രവൃത്തികളുടെയെല്ലാം ആവര്‍ത്തനങ്ങള്‍ സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നത് വെറും മുപ്പത് ലോങ് ഷോട്ടുകളിലൂടെയാണ്. എല്ലാ രംഗങ്ങളും തമ്മില്‍ വളരെ കുറച്ച് വ്യത്യാസങ്ങള്‍ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ആ അച്ഛന്റെയും മകളുടെയും ജീവിതത്തിലെ ശൂന്യതകള്‍ ഒരു വിലാപഗാനം പോലെയാണ് ഈ ചിത്രത്തിലൂടെ സംവിധായകര്‍ അവതരിപ്പിക്കുന്നത്. ആറ് ദിവസങ്ങളിലെ ഇവരുടെ പ്രവൃത്തികളിലൂടെ കടന്നുപോവുന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസം അവരുടെ വീട്ടുജോലികള്‍ മാത്രമായി ചുരുങ്ങുന്നുണ്ട്. അവയെല്ലാം ചെറുതായി വ്യത്യാസപ്പെടുന്നത് അവരുടെ ആവശ്യങ്ങള്‍ക്കനുസരണമായി മാത്രമാണ്.

ഇതിനിടെ ഒരയല്‍ക്കാരന്‍ അല്പം മദ്യത്തിനായി ഇവരുടെ വീട്ടിലേയ്ക്ക് വരുന്നു. ലോകത്തില്‍ സംഭവിക്കാന്‍ പോവുന്ന ശ്രേഷ്ഠകാര്യങ്ങളെയും, അതുവിപ്ലവത്തെയും കുറിച്ച് പ്രത്യാശ പുലര്‍ത്തി സംസാരിക്കുന്ന അയാള്‍ സിനിമയുടെ ചുവടുമാറ്റത്തിന്റെ ദിശാസൂചിയായി മാറുന്നു. അതുപോലെത്തന്നെ സാന്ദര്‍ഭികമായി സിനിമയിലേക്ക് കടന്നുവരുന്ന ഒരുകൂട്ടം ജിപ്സികള്‍ വെള്ളത്തിനായി മകളെ തടഞ്ഞുവയ്ക്കുന്നതും മറ്റും മേല്‍പ്പറഞ്ഞ ചുവടുമാറ്റത്തിന്റെ തന്നെ ഭാഗമാണ്. ഇവകൂടാതെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം, ദൈനംദിന പ്രവൃത്തികള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഒഴിവാക്കപ്പെടുന്ന ചില കാര്യങ്ങള്‍ അവര്‍ പ്രാകൃതരാണ് എന്ന ഒരു വിവക്ഷ നല്‍കുന്നു എന്നതാണ്. അതുപോലെത്തന്നെ അവരുടെ സമയം വളരെ വിലപ്പെട്ടതാണെന്നും, അതിജീവനത്തിനല്ലാതെ മറ്റൊന്നിനും അവര്‍ക്ക് സമയമില്ലെന്നും പരോക്ഷമായി ഈ രംഗങ്ങള്‍ പ്രേക്ഷകനെ സാക്ഷ്യപ്പെടുത്തുന്നു.

പിന്നിട്ടുകൊണ്ടിരിക്കുന്ന ഓരോ ദിവസങ്ങള്‍ക്കുമിടയില്‍ അവരുടെ കൈവശമുള്ള വിഭവങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കുതിര ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിസമ്മതിച്ച് അവരുടെ കണ്മുന്നില്‍ കിടന്ന് മരണത്തിലേക്കടുക്കുന്നു. ഇതിനിടയിലാണ് അവരുടെ വീട്ടിലെ കിണര്‍ ഒരു സുപ്രഭാതത്തില്‍ വറ്റിവരളുന്നതും. ഈ പ്രതികൂള സാഹചര്യങ്ങളെ എങ്ങിനെ അവര്‍ നേരിടും എന്ന ചിന്ത പ്രേക്ഷകനില്‍ ഉടലെടുക്കാതിരിക്കില്ല എന്നുറപ്പ്.

കാര്യങ്ങളെല്ലാം അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവിടം വിട്ട് അടുത്ത പട്ടണത്തിലേക്ക് മാറാന്‍ തീരുമാനിക്കുന്നു. കുതിരയെയും, മറ്റ് സാധനസാമഗ്രികളുമായി അവര്‍ വീട് വിട്ട് യാത്രയാവുന്നു. ക്യാമറക്കണ്ണുകളില്‍ നിന്ന് അവര്‍ സാവധാനം അകലുകയാണ്. അവര്‍ മറയുമ്പോള്‍ ഇലമുഴുവന്‍ പൊഴിഞ്ഞ പച്ചപ്പ് ഒരു നിറമായി മാത്രമവശേഷിക്കുന്ന പ്രത്യാസയുടെ ഒരു വൃക്ഷം മാത്രം ബാക്കിയാവുന്നു. എന്നാല്‍ ശക്തിയായ കാറ്റും തണുപ്പും മൂലം അവിടെത്തന്നെ നിലയുറപ്പിച്ച ക്യാമറക്കണ്ണുകളിലേക്ക് അവര്‍ മടങ്ങിവരികയാണ് ചെയ്യുന്നത്.

സിനിമയുടെ അവസാനരംഗങ്ങളെല്ലാം ഇരുട്ടിലേക്കടുക്കുകയാണ് ചെയ്യുന്നത്. അവരുടെ എണ്ണവിളക്കുകല്‍ കത്താതെയും കനലുകള്‍ എരിയാതെയും സാഹചര്യങ്ങള്‍ അവരെ വീണ്ടും വീണ്ടും ഇരുട്ടിലാഴ്ത്തുന്നു. ആ കറുത്ത പശ്ചാത്താലങ്ങള്‍ സിനിമയെ കൂടുതല്‍ വിഷമകരമായ ഒരവസ്ഥയിലേക്കാണ് ആനയിച്ചുകൊണ്ടുപോവുന്നത്.

സിനിമയുടെ അവസാനസീനില്‍ അച്ഛനും മകളും ഒരു മേശയ്ക്കരികില്‍ ഇരിക്കുകയാണ്. വെള്ളമില്ലാത്തതിനാല്‍ വേവിക്കാന്‍ കഴിയാത്ത ഒരു തണുത്ത കിഴങ്ങ കഴിക്കാന്‍ ഓള്‍സ് ഡോര്‍ഫര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകള്‍, നമ്മള്‍ നേരത്തെക്കണ്ട് അവരുടെ കുതിരയെപ്പോലെ ഭക്ഷിക്കാന്‍ വിസമ്മതിച്ച് വിഷമത്തോടെ താഴേക്ക് നോക്കിയിരിക്കുന്നു. ഇതിനിടയില്‍ പുറത്ത് ശക്തിയായി വീശിക്കൊണ്ടിരുന്ന കാറ്റ് നിലയ്ക്കുന്നു. അതിജീവനത്തിന്റെ അവസാന നിമിഷങ്ങളെ എത്രമാത്രം സൂക്ഷ്മവും, സങ്കീര്‍ണ്ണവുമായാണ് സംവിധായകര്‍ പകര്‍ത്തിയിരിക്കുന്നത്. ആയുധങ്ങളും പകയും വിദ്വേഷവും നമ്മെ പിടിച്ചുലയ്ക്കുന്നതിനേക്കാളേറെ ഈ അച്ഛന്റെയും മകളുടെയും അതിജീവനത്തിനായുള്ള പോരാട്ടം നമ്മെ പിടിച്ചുലയ്ക്കുന്നുണ്ട്.

ഊര്‍ജ്ജസ്വലനായ, സ്വയം റദ്ദ് ചെയ്യപ്പെടാനിഷ്ടപ്പെടുന്ന സംവിധായകരാണ് ബെലാ ടാറും ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും. തീയിന്റെയും കല്ലിന്റെയും പശ്ചാത്തലത്തിലാണ് പുരാണങ്ങളിലെല്ലാം വെളിപാടുകള്‍ കടന്നുവരുന്നത്. എന്നാല്‍ ഇവിടെ കടന്നുവരുന്ന ഈ ഒരു വെളിപാട് പച്ചയായ ജീവിതത്തിന്റെയും, ഒരേ ധ്രുവത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെയും, സഹജീവികളുടെയും പശ്ചാത്തലത്തിലാണ് ഇവിടേക്ക് കടന്നുവരുന്നത്. ജീവിതമെന്നത് നമ്മളാല്‍ ആവര്‍ത്തിക്കപ്പെടുന്ന നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറത്തുള്ള നമുക്ക് സുപരിചിതമായ കാര്യങ്ങളാണ് എന്നും, ചെറുതായിക്കൊണ്ടിരിക്കുന്ന സമയത്തിനിടയിലെ നിലനില്പിനായുള്ള സമരമാണെന്നും ഈ ചിത്രത്തിലൂടെ സംവിധായകര്‍ വ്യക്തമാക്കുന്നു.

5 വായന:

cartoonist sudheer said...

nice

naseer osman said...

cinema കണ്ട അനുഭവം വായിച്ചു കഴിഞ്ഞപ്പോള്‍...നന്ദി വിനീത്, ഇനിയും പ്രതീക്ഷിക്കുന്നു...

anoopmr said...

ഇഷ്ടമായി വിനീത്. തുടരട്ടെ ഈ എഴുത്ത്.

Haseen said...

സിനിമ കാണട്ടെ. വീണ്ടും വരാം.

നചികേതസ്സ് said...

അപ്പൊ സിനിമ കാണട്ടെ,

[ഇങ്ങനെ ഇനീം പഴയ നല്ല സിനിമകള്‍ പരിചയപ്പെടുതിയാല്‍ നന്നായിരുന്നു :) ]

Post a Comment

© moonnaamidam.blogspot.com