ഓ ഗാര്‍ഡിയോള... നീ ഒരു യുഗത്തിന്റെ പ്രതീകം
ഒരു യുഗത്തിനായിരുന്നു പെപ് ഗാര്‍ഡിയോള എന്ന ലോകം കണ്ട് കൊതിച്ച ഫുട്ബോള്‍ താന്ത്രികന്‍ വെള്ളിയാഴ്ച തിരശ്ശീലയിട്ടത്. ആ യുഗം തന്റേതുമാത്രമാക്കാന്‍ അദ്ദേഹമെടുത്തതോ വെറും നാലു വര്‍ഷവും. പ്രതിഭാധനരായ ഒരു കൂട്ടത്തെക്കൊണ്ട് ലോകത്തിന്റെ ഉയരങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു ഗാര്‍ഡിയോള എന്ന സ്പെയിന്‍കാരനായ പരിശീലകന്‍. പലപ്പോഴും പ്രശംസകള്‍ കൊണ്ട് മൂടപ്പെടുമ്പോള്‍ അദ്ദേഹം തമാശയായി പറയുമായിരുന്നു "Maybe when I piss, I do piss perfume". അതങ്ങനെ തന്നെയായിരുന്നു, തൊടുന്നതെല്ലാം പൊന്നാക്കി, ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ആദരങ്ങളുമേറ്റുവാങ്ങി, ലോകത്തിലെ ഏതൊരു കളിക്കാരനും ഒന്ന് കളിക്കണമെന്ന് കൊതിച്ച ക്ലബ്ബായി ബാഴ്സലോണ വളര്‍ന്നപ്പോള്‍ അതിന്റെ പിന്നിലെ ഏകചാലകശക്തി ഗാര്‍ഡിയോള എന്ന നാല്‍പ്പത്തൊന്നുകാരന്‍ മാത്രമായിരുന്നു.

മൂന്ന് സ്പാനിഷ് ലീഗ് ചാമ്പ്യന്‍ പട്ടം, ഒരു സ്പാനിഷ് കപ്പ്, രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് ലോക ഫുട്ബോള്‍ കിരീടം തുടങ്ങി നാല് സീസണുകളിലായി പതിമൂന്ന് ട്രോഫികളാണ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ ബാഴ്സലോണ സ്വന്തമാക്കിയത്. മറ്റൊരു പരിശീലകനും സ്വന്തമാക്കാനാവാത്ത ഈ നേട്ടം കൊണ്ട് തന്നെയാണ് ഫുട്ബോള്‍ ചരിത്രത്തില്‍ ഗാര്‍ഡിയോള എന്ന കോച്ച് പകരക്കാരനില്ലാത്ത ഒരു താരമായി മാറുന്നതും. യഥാര്‍ത്ഥത്തില്‍ ഫുട്ബോളിന്റെ ഏത് തത്വശാസ്ത്രമാണ് ഗാര്‍ഡിയോള കളിക്കളത്തില്‍ നടപ്പിലാക്കിയത്? ഒരു കയ്യില്‍ പന്തടക്കത്തിലെ വൈദഗ്ദ്യവും സര്‍ഗ്ഗശക്തിയും, മറുകൈയ്യില്‍ തന്ത്രപരമായ ആജ്ഞകളുമായി കറ്റാലന്‍ കൂട്ടത്തെ നയിച്ച ആ ഇടയന്റെ ചുവടുകള്‍ക്ക് ഒരിക്കലും പിഴയ്ക്കാത്ത ഒരഭ്യാസിയുടെ മെയ് വഴക്കമായിരുന്നു.

എന്നിട്ടും ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗാര്‍ഡിയോള തന്റെ ടീമിനോട് യാത്രപറഞ്ഞൊഴിയാന്‍ തീരുമാനിച്ചു. "ഇതിനൊരു കാരണമേയുള്ളൂ, സമയം" എന്നാണ് ഗാര്‍ഡിയോള തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. "നാല് വര്‍ഷം എവിടെയും പകച്ചു നിന്നിട്ടില്ല. ഇനി ഈ ടീമിനെ നയിക്കാനുള്ള ഊര്‍ജ്ജം എനിക്കില്ല എന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും ഞാന്‍ പുറത്ത് പോയേ തീരൂ. കാരണം, ഞാനെന്റെ കളിക്കാരോട് പറയാറുണ്ട് ജീവിതം ഫുട്ബോളോ ബ്ലാക്ക് ബെറിയോ പോലെയല്ല എന്ന്" പത്രസമ്മേളനത്തില്‍ തന്റെ തീരുമാനത്തിനോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാം അപ്രതീക്ഷിതമായിരുന്നു. ഗാര്‍ഡിയോളയുടെ കടന്നുവരവോട് കൂടി ബാഴ്സലോണ ട്രിപ്പിള്‍ കിരീടത്തിലൂടെ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് കപ്പിലും എന്തിനേറെ യൂറോപ്പിലാകമാനം നടത്തിയത് ഒരു ചരിത്രപരമായ പര്യടനം തന്നെയായിരുന്നു. ആരെയും കൂസാതെ, എവിടെയും പതറാതെ എതിരാളികളുടെയുള്ളില്‍ നെഞ്ചിടിപ്പേറ്റിക്കൊണ്ടുള്ള ഒരു പര്യടനം. ബുദ്ധിമുട്ടിനെയും ക്ഷീണത്തെയും കുറിച്ച് അദ്ദേഹം എപ്പോഴും പരാതിപ്പെട്ടിരുന്നു. ഒരു വര്‍ഷത്തെ കരാറിനപ്പുറം ഒപ്പു വയ്ക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.


എന്നിട്ടും ആരും അദ്ദേഹത്തെ വിശ്വസിക്കാതിരുന്നില്ല. എല്ലാ സീസണിന്റെയും അവസാനം പതിവുപോലെ അദ്ദേഹം ബാഴ്സയോടൊപ്പം നില്‍ക്കുമെന്ന് ഈ ലോകം മുഴുവന്‍ വിശ്വസിച്ചു. എന്നാല്‍ പതിവിന് വിപരീതമായി സീസണിന്റെ അവസാനകാലത്ത് പ്രധാനമത്സരങ്ങളില്‍ പിണഞ്ഞ തോല്‍വികള്‍ ഗാര്‍ഡിയോള എന്ന പരിശീലകനെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. കളിച്ചിട്ടും ജയിക്കാനാവാത്ത സന്ദര്‍ഭം ഒന്നല്ല, മൂന്ന് തവണയാണ് ഒരാഴ്ചക്കിടയില്‍ ഗാര്‍ഡിയോളയ്ക്കും കൂട്ടര്‍ക്കും കാണേണ്ടിവന്നത്. അതുകൊണ്ട് തന്നെ തന്റെ തീരുമാനം ഇത്തവണ നേരത്തെത്തന്നെ ഗാര്‍ഡിയോള പ്രഖ്യാപിക്കുകയും ചെയ്തു.

വിജയങ്ങളുടെയും നേട്ടങ്ങളുടെയും കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ഗാര്‍ഡിയോളയുടെ പടിയിറക്കമെന്നത് അദ്ദേഹത്തോടുള്ള ആദരവിന് ആക്കം കൂട്ടുന്നു. എന്നാല്‍ ഈ തീരുമാനത്തിന് ഒരു കൃത്യതയുണ്ട്. കാരണം, ആ തീരുമാനം ഗാര്‍ഡിയോള എന്ന ബുദ്ധിമാനായ, തന്ത്രശാലിയായ ഒരു മനുഷ്യന്റേതാണ് എന്നതുകൊണ്ട് തന്നെ. ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് വേണ്ടി ഉടമ അബ്രഹാമോവിച്ച് മുന്നെത്തന്നെ ഗാര്‍ഡിയോളയുടെ ഏജന്റുമായി സംസാരിച്ചിരുന്നു. ഈ ഇറങ്ങിപ്പോരലും മറ്റും ഒരുപക്ഷേ ചെല്‍സിക്കുവേണ്ടിയും ആകാം, അതൊരിക്കലും തള്ളിക്കളയാനാവില്ല. ഗാര്‍ഡിയോളയുടെ രാജിക്ക് ശേഷം വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരല്പമെങ്കിലും ഇതിനെ ശരിവയ്ക്കുന്നുമുണ്ട്.

ബാഴ്സലോണയുടെ നാല് വര്‍ഷത്തെ 'അനശ്വരത'യ്ക്ക് ചുക്കാന്‍ പിടിച്ച ഗാര്‍ഡിയോളയുടെ വിടവാങ്ങലിനെ എങ്ങനെയാണ് നിങ്ങള്‍ വിലയിരുത്തുന്നത്? ഫെര്‍ഗൂസന്‍ കാല്‍ നൂറ്റാണ്ട് മാഞ്ചസറ്ററിനൊപ്പം നിന്നപോലെ, വെങ്ങര്‍ തന്റെ പതിനാറാം സീസണിലും ആഴ്സണലിനോടൊപ്പം നിന്നപോലെ ഇനിയും കുറേക്കാലം ബാഴ്സയ്ക്കൊപ്പം നില്‍ക്കണമെന്നോ? അതോ ഇപ്പോള്‍ ചെയ്തതു തന്നെയാണ് ശരിയെന്നോ?


എന്താണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് ഗാര്‍ഡിയോളയെ പ്രേരിപ്പിച്ചത്? ജീവിതത്തിനും തന്റെ ജോലിക്കും ഇടയിലുള്ള ദൂരം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം തികച്ചും യാദൃശ്ചികമായിരുന്നുല്ല താനും. ഗാര്‍ഡിയോള തന്റെ തീരുമാനം പ്രഖ്യാപിച്ചത് ചാമ്പ്യന്‍സ് ലീഗിലെയും സ്പാനിഷ് ലീഗിലെയും കിരീടപ്പോരാട്ടങ്ങളില്‍ നിന്ന് ബാഴ്സലോണ പുറത്തായ ആഴ്ച തന്നെയാണ്. ഒരുപക്ഷേ ബാഴ്സലോണ ഈ രണ്ട് കിരീടവും നേടിയിരുന്നെങ്കില്‍ കൂടി ഗാര്‍ഡിയോള എന്ന കുലപതിയുടെ അനിവാര്യമായ ഈ വിടപറച്ചില്‍ ഒരുമാസത്തിന് ശേഷമേ സംഭവിക്കുമായിരുന്നുള്ളൂ എന്നു മാത്രം.

ബാഴ്സലോണയുടെ നാല് വര്‍ഷത്തെ 'അനശ്വരത'യ്ക്ക് ചുക്കാന്‍ പിടിച്ച ഗാര്‍ഡിയോളയുടെ വിടവാങ്ങലിനെ എങ്ങനെയാണ് നിങ്ങള്‍ വിലയിരുത്തുന്നത്? ഫെര്‍ഗൂസന്‍ കാല്‍ നൂറ്റാണ്ട് മാഞ്ചസറ്ററിനൊപ്പം നിന്നപോലെ, വെങ്ങര്‍ തന്റെ പതിനാറാം സീസണിലും ആഴ്സണലിനോടൊപ്പം നിന്നപോലെ ഇനിയും കുറേക്കാലം ബാഴ്സയ്ക്കൊപ്പം നില്‍ക്കണമെന്നോ? അതോ ഇപ്പോള്‍ ചെയ്തതു തന്നെയാണ് ശരിയെന്നോ? എന്തായാലും മേല്‍പ്പറഞ്ഞ രണ്ട് പേരേക്കാളും പേരും പെരുമയും വെറും നാലേ നാലു വര്‍ഷം കൊണ്ടാണ് ഗാര്‍ഡിയോള സ്വന്തമാക്കിയത്. ബാഴ്സലോണയുടെ ബി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് 2008ല്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റപ്പോള്‍ ഇത്രയൊന്നും ചെയ്യാനാവുമെന്ന് ഒരുപക്ഷേ അദ്ദേഹം പോലും കരുതിയിട്ടുണ്ടാവില്ല.

ബാഴ്സലോണയുടെ കഴിഞ്ഞകാലം പരിശോധിക്കുമ്പോള്‍ ഇക്കഴിഞ്ഞ നാല് വര്‍ഷം ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാലഘട്ടം തന്നെയാണ്. ഫ്രാങ്ക് റൈക്കാഡും, ജോണ്‍ ക്രൈഫുമാണ് ഇതുപോലെ മുന്‍പ് ആരാധകരുടെ പ്രിയപ്പെട്ട ഗുരുക്കന്മാരായി മാരിയവര്‍. അവരും ഇതേപോലെ ഉയരങ്ങളിലിരിക്കുമ്പോഴായിരുന്നു ക്ലബ്ബിന്റെ കടിഞ്ഞാണ്‍ വച്ചൊഴിഞ്ഞതും. റൈക്കാഡില്‍ നിന്നായിരുന്നു ഗാര്‍ഡിയോള ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുത്തത്. റൈക്കാഡ് എവിടെ അവസാനിപ്പിച്ചുവോ അവിടെ നിന്ന് തുടങ്ങിയ ഗാര്‍ഡിയോള അഞ്ച് ടൈറ്റിലുകള്‍ നേടിയ റൈക്കാഡിന്റെ കോളത്തിനേക്കാള്‍ പതിമൂന്ന് ടൈറ്റിലുകള്‍ നേടി ക്ലബ്ബിന്റെ റെക്കോഡ് പുസ്തകത്തിലെ തന്റെ കോളം വികസിപ്പിച്ചു.

ഈ സീസണ്‍ കഴിഞ്ഞാല്‍ സ്വതന്ത്രനാവുന്ന ഗാര്‍ഡിയോളയെ ചുറ്റിപ്പറ്റി കിംവദന്തികള്‍ പരന്നു തുടങ്ങി. ഇപ്പോള്‍ തന്നെ ആറോളം ക്ലബ്ബുകള്‍ ജോലി വാഗ്ദാനവുമായി ഗാര്‍ഡിയോളയെ സമീപിച്ചു കഴിഞ്ഞത്രെ. നൗകാമ്പില്‍ ഉണ്ടാക്കിയ അത്ഭുതത്തിന്റെ പകര്‍പ്പ് മറ്റൊരു സോക്കര്‍ സ്പോട്ടിലും സൃഷ്ടിക്കാന്‍ ഗാര്‍ഡിയോളയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാല്‍ ഒരു നീണ്ട വിശ്രമം അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ സംഗതി യൂറോപ്പിലായതുകൊണ്ടും, അബ്രഹാമോവിച്ച് ചെല്‍സിക്ക് വേണ്ടി ഇറങ്ങിയിട്ടുള്ളതുകൊണ്ടും ഗാര്‍ഡിയോള എത്രകാലം വിശ്രമിക്കും എന്നൊന്നും പറയാനാവില്ല. ഇതുപോലെ പറഞ്ഞ് പോയ അദ്ദേഹത്തിന്റെ മുന്‍ഗാമി റൈക്കാഡ് പിന്നെ പൊങ്ങിയത് സൗദി അറേബ്യയുടെ പരിശീലകനായാണ്.

എവിടെപോയാലും ഗാര്‍ഡിയോള ആത്മപരിശോധന നടത്തിയേ എന്തും ചെയ്യുകയുള്ളൂ. അദ്ദേഹത്തെ വിലയ്ക്കെടുക്കുന്ന ആര്‍ക്കും ആ മുഴുവന്‍ പാക്കെജും എടുക്കാം. അദ്ദേഹം ചെയ്തതിനെയെല്ലാം ചോദ്യം ചെയ്യാം. എന്നാല്‍ ആര്‍ക്കും നീണ്ട കാലത്തേക്ക് അദ്ദേഹത്തെ ഏറ്റെടുക്കാനാവില്ല. കാരണം, തന്റെ ത്രെഷോള്‍ഡ് എവിടെ തീരുമെന്നും താന്‍ സ്വയം ആസ്വദിക്കുന്നത് എപ്പോള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന് മനസിലാവുമ്പോള്‍ അദ്ദേഹം തന്നെ ഇപ്പോള്‍ ചെയ്തതുപോലെ സ്വയം നടന്നകന്നു പോവുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് "ബാഴ്സലോണ ഒരു കൊടുങ്കാറ്റായിരുന്നു, അതില്‍ ഞാന്‍ അതിന്റെ ഒരു ഭാഗം മാത്രമാണ്" എന്നാണ്. അദ്ദേഹം അങ്ങനെ പറയുമ്പോള്‍ പോലും അദ്ദേഹത്തിന്റെ ആ ഇടപെടലുകള്‍ എത്രമാത്രം വലുതായിരുന്നു എന്ന് ഫുട്ബോള്‍ ലോകം തിരിച്ചറിയുന്നുണ്ട്.


റൈക്കാഡ് തന്റെ ആയുധമായി ഉപയോഗിച്ചിരുന്നത് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോവിനെയായിരുന്നുവെങ്കില്‍ ഗാര്‍ഡിയോള ഉപയോഗിച്ചത് റൊണാള്‍ഡീഞ്ഞോയിലൂടെ തിരിതെളിഞ്ഞ മെസ്സി എന്ന പുലിക്കുട്ടിയെ ആയിരുന്നു. അതുപോലെ ഇപ്പോഴുള്ള ബാഴ്സലോണ ടീമിലെ ഏഴോളം കളിക്കാരെയാണ് ഗാര്‍ഡിയോള വാങ്ങിയത്. ഒരു മികച്ച കച്ചവടക്കാരന്‍ കൂടിയാണ് ഗാര്‍ഡിയോള എന്ന് ഓരോ ട്രാന്‍സ്ഫറുകളും തെളിയിച്ചുകൊണ്ടേയിരുന്നു. എന്തിനധികം, ഗാര്‍ഡിയോളയുടെ ശൈലിയും മനോഭാവവും ഏറ്റവുമധികം യോജിക്കുന്നതും ബാഴ്സലോനയില്‍ തന്നെയായിരുന്നു.

തന്റെ ജീവിതത്തിലെ ഇരുപത്തിരണ്ട് വര്‍ഷമാണ് നൗകാമ്പിലെ ഒരു നിഴലുപോലെ ഗാര്‍ഡിയോള ക്ലബ്ബിനു വേണ്ടി ചെലവിട്ടത്. കളിക്കാരനായും പരിശീലകനായും ബാഴ്സലോണയിലെ ഓരോ മുക്കും മൂലയും അടുത്തറിഞ്ഞ ഗാര്‍ഡിയോള പടിയിറങ്ങുമ്പോള്‍ തിരശ്ശീല വീഴുന്നത് ആരും മറക്കാന്‍ കൊതിക്കാത്ത ഒരു കാലഘട്ടത്തിനു തന്നെയാണ്. ടിക്കി-ടാക്ക കൊണ്ട് ലോകഫുട്ബോളിനെ ത്രസിപ്പിച്ച ഗാര്‍ഡിയോള ഇനി ഏത് ക്ലബ്ബിനെയും, രാജ്യത്തേയും പരിശീലിപ്പിച്ചാലും ഇതുപോലെ എല്ലാം തികഞ്ഞ ഒരു ടീമിന് കിട്ടുമോ എന്നത് സംശയം തന്നെയാണ്. എന്തായാലും കാലം കാത്തുവച്ച ഒരു യുഗം ഗാര്‍ഡിയോളയെയും കാത്തിരിക്കുന്നുണ്ടാവണം. അതിന്റെ മുന്നൊരുക്കങ്ങള്‍ മാത്രമായിരിക്കും ഈ കണ്ടതെല്ലാം. ആ യുഗത്തിന്റെ മുന്നോട്ടുള്ള പാച്ചിലില്‍ ഇനിയും വെട്ടിപ്പിടിക്കാന്‍ ഫുട്ബോളില്‍ ലോകങ്ങളുണ്ടാവട്ടെ....അതിനുതക്ക സൈന്യങ്ങളും..!

0 വായന:

Post a Comment

© moonnaamidam.blogspot.com