ലാസ്യം, ലാവണ്യം

നാല്പ്പത്തെട്ട് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചറോട് ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോടും കുടുംബത്തോടും എന്നാണ് പറയുക. 1948 ജൂണ്‍ 10ന് സുകുമാരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നര്‍ത്തകി കൂടിയാണ്. നൃത്തരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ ഇത്തവണ ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. നൃത്തത്തിന്റെ തിരക്കുകള്‍ക്കിടയിലെ ഒരു ഇടവേളയില്‍ ടീച്ചര്‍ തന്റെ നൃത്തജീവിതത്തെയും സപര്യയെയും കുറിച്ച് ഒരല്പനേരം സംസാരിക്കുന്നു.

█ പൊന്‍കുന്നം വര്‍ക്കിയുടെ ക്ഷണപ്രകാരമാണല്ലോ 1970ല്‍ ടീച്ചര്‍ എറണാംകുളത്ത് ഒരു പരിപാടി അവതരിപ്പിച്ചത്. ആ പരിപാടിയാണ് ടീച്ചറുടെ നൃത്തജീവിതത്തെ മാറ്റിമറിച്ച പരിപാടിയും. അതിന്റെ ഓര്‍മ്മ ഒന്ന് പങ്ക് വയ്ക്കാമോ?

എനിക്ക് വേദികള്‍ ഒരുക്കിത്തരാമെന്നും, പണം നല്‍കാന്‍ കഴിയില്ലെന്നും പൊന്‍കുന്നം വര്‍ക്കി സാര്‍ എന്നോട് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എറണാംകുളത്ത് വച്ച് നടന്ന ഒന്‍പതാം കോണ്‍ഗ്രസില്‍ പരിപാടി അവതരിപ്പിക്കാന്‍ എന്നെ വിളിക്കുന്നത്. ടി.വി ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളിലൂടെയുള്ള ഒരു പ്രശസ്തി ഞാന്‍ അനുഭവിച്ചത് ആ പരിപാടിയിലൂടെയായിരുന്നു. വിവിധ പത്രങ്ങളില്‍ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളോട് കൂടി ഒരേ സമയം വാര്‍ത്ത വന്നത് ന്നെ കൂടുതല്‍ ശ്രദ്ധേയയാക്കി. സത്യത്തില്‍ ആ ഒരു പരിപാടിയാണ് കലാമണ്ഡലം ക്ഷേമാവതി എന്ന നര്‍ത്തകിയെ കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. അതെന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതും.

█ നൃത്തം ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് നൃത്തം മാത്രമാണ്. അമ്മയ്ക്ക് നൃത്തം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അതിനു മാത്രമേ എന്റെ ജീവിതത്തില്‍ ഞാന്‍ എന്നും മുന്‍തൂക്കം കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരു വിവാഹജീവിതം പോലും വൈകിയാണ് എനിക്ക് ലഭിച്ചത്.

█ എല്ലാ സീനിയര്‍ കലാകാരന്മാര്‍ക്കും ഇന്ന് പല സര്‍വ്വകലാശാലകളും ഡി-ലിറ്റ് നല്‍കുന്നുണ്ടല്ലോ. എന്നാല്‍ മോഹിനിയാട്ടം എന്ന നൃത്തകലയില്‍ ഏറ്റവും കൂടുതല്‍ കാലം ഇടപഴകിയിട്ടുള്ള ടീച്ചര്‍ക്ക് ഒരു സര്‍വ്വകലാശാലയും ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച്?

ഞാന്‍ ഒരു അംഗീകാരത്തെയും പറ്റി ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ എനിക്കത് ലഭിച്ചില്ലല്ലോ, മറ്റുള്ളവര്‍ക്ക് അത് ലഭിച്ചല്ലോ എന്നിങ്ങനെയുള്ള വേവലാതികള്‍ ഒന്നും തന്നെ എന്നെ അലട്ടാറുമില്ല. ഞാന്‍ ഭരതനാട്യവും, മോഹിനിയാട്ടവും,കുച്ചിപ്പുടിയും എല്ലാം പഠിച്ചിട്ടുണ്ട്. 79-80കളിലാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനാണ് എനിക്ക് അവാര്‍ഡ് നല്‍കിയത്. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് നല്‍കി.99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയും എനിക്ക് അവാര്‍ഡ് സമ്മാനിച്ചു. 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം ലഭിച്ചു. ഇവയെല്ലാം ലഭിക്കുമ്പോഴും എന്തുകൊണ്ട് മറ്റുള്ള അവാര്‍ഡുകള്‍ എനിക്ക് ലഭിച്ചില്ല എന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. അതുപോലെത്തന്നെ ഇവയെല്ലാം ലഭിക്കുമ്പോള്‍ ഞാന്‍ മതിമറന്ന് സന്തോഷിച്ചിട്ടുമില്ല. അതുകൊണ്ടൊക്കെത്തന്നെ എനിക്ക് ഒന്നിനും ഒരു പരാതിയുമില്ലതാനും. ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ അവയെക്കുറിച്ചൊന്നും ഞാന്‍ വേവലാതിപ്പെടുന്നില്ല എന്നുമാത്രമല്ല ആലോചിക്കാറുപോലുമില്ല.

█ സിനിമകളെയും മറ്റ് നൃത്തരൂപങ്ങളെയും വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മോഹിനിയാട്ടവും, പവിത്രന്റെ സിനിമകളും മൊത്തത്തില്‍ ഒരു സ്ലോ മൂവ്മെന്റ്സ് ആണല്ലോ. ഈ ഒരു ഘടകമായിരുന്നോ നിങ്ങളെ തമ്മില്‍ അടുപ്പിച്ചത്?

ഈ ഘടകം ഞങ്ങളുടെ ജീവിതത്തിനിടയില്‍ അറിഞ്ഞുകൊണ്ട് ഉണ്ടായിട്ടുള്ളതല്ല. സിനിമയില്‍ അദ്ദേഹം ആര്‍ട് ഫിലിം എടുത്തിരുന്നതും ഞാന്‍ നൃത്തത്തില്‍ സ്ലോ ഐറ്റമായ മോഹിനിയാട്ടം എടുത്തിരുന്നതും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സത്യത്തില്‍ ഈ ഒരു ഘടകം കൂടി ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്നത് വിനീത് ഇത് ചോദിച്ചപ്പോഴാണ് ഞാന്‍ ചിഞിക്കുന്നത് തന്നെ. എന്റെ ചെറുപ്പത്തില്‍ ആര്‍ട് സിനിമകളൊന്നും കാണാത്ത ഒരാളായിരുന്നു ഞാന്‍. അവയുടെ മൂല്യങ്ങളെക്കുറിച്ചൊന്നും എനിക്കന്ന് അറിവുണ്ടായിരുന്നില്ല. എന്റെ പ്രൊഫഷന്റെ തിരക്കുകളിലൂടെ കടന്നുപോകുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്ത് ഒരു വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു ഞാന്‍. ആ വിവാഹത്തിന് ശേഷമാണ് ഞാന്‍ അല്പമെങ്കിലും ആര്‍ട് സിനിമകളോട് അടുക്കുന്നത് തന്നെ.

█ മോഹിനിയാട്ടത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെപ്പറ്റി? അവ ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം സ്വീകരിക്കപ്പെടുന്നുണ്ട്?

പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് ഇന്ന് മോഹിനിയാട്ടത്തില്‍ നടന്നുവരുന്നത്. അല്ലാതെ പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും ഇവിടെ പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. പണ്ട് സംഭാഷണങ്ങള്‍ ഇല്ലാത്ത സിനിമകളും, നാടകീയ പര്യവസായിയായ സിനിമകളും ഉണ്ടായിരുന്നില്ലേ? ഇവയില്‍ നിന്നെല്ലാം മാറി ഇന്ന് മലയാളസിനിമ എവിടെ എത്തി നില്‍ക്കുന്നു. അതിനെ പ്രേക്ഷകസമൂഹം ആസ്വദിക്കുന്നു, സ്വീകരിക്കുന്നു. എന്നാല്‍ ഇപ്പോഴും ആ പഴയ ശൈലിയില്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത് എങ്കില്‍ ഇന്നത്തെ സമൂഹം ആ സിനിമകളെ സ്വീകരിക്കുമോ? അതുപോലെത്തന്നെയാണ് മോഹിനിയാട്ടത്തിലും. തിരക്കേറിയ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആളുകളിലുണ്ടായ ചിന്താഗതികള്‍ എല്ലാ മേഖലകളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ചലനം എന്തുകൊണ്ട് മോഹിനിയാട്ടത്തിലും വന്നുകൂടാ? മോഹിനിയാട്ടം പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ഒരു ചെറിയ സമൂഹം മാത്രമാണ് ഇന്ന് ഇത്തരം കലകളെ ആസ്വദിക്കുന്നത്. ആ ആസ്വാദകസമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മോഹിനിയാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടിയിരിക്കുന്നു. ആ ശ്രമങ്ങളാണ് ഇന്ന് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ, അതെല്ലാം ഒരു പരിധി വരെ മാത്രമേ സാധ്യമാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ മറ്റെല്ലാ കലകളിലും ഇന്ന് നടന്നുവരുന്നുണ്ട്. ഒരുപക്ഷേ, മോഹിനിയാട്ടം മാത്രമായിരിക്കാം അഹ്ര വേഗത്തില്‍ മുന്നോട്ട് പോകാത്തത് എന്ന് വേണമെങ്കില്‍ പറയാം.

█ ടീച്ചര്‍ ആദ്യകാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെപ്പാറ്റി?

മോഹിനിയാട്ടത്തില്‍ ആദ്യമായി പരീക്ഷണങ്ങള്‍ നടത്തി മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടുള്ളത് എനിക്കാണെന്ന് ഞാന്‍ അവകാശപ്പെടും. കാരണം, കവിതകള്‍ക്കൊന്നും ആരും നൃത്താവിഷ്കാരം നടത്താന്‍ പോവാത്ത കാലഘട്ടത്തില്‍ ഞാന്‍ ചെറുശ്ശേരിയുടെ വേണുഗാനത്തിന് നൃത്തഭാഷ്യം നല്‍കിയിട്ടുണ്ട്. അതില്‍ ഒരു രംഗത്തിന്റെ അവതരണത്തില്‍ ഞാനേറെ വിമര്‍ശനം കേട്ടിട്ടുമുണ്ട്. ആ കവിതയില്‍ ഒരു ആന പട്ട തിന്നു കൊണ്ടിരിക്കുമ്പോള്‍, ഒരു സിംഹം ആ ആനയെ മസ്തകത്തിലടിച്ച് കൊല്ലാന്‍ വരുന്ന ഒരു രംഗമുണ്ട്. ആ ഭാഗത്ത് ഒരല്പം രൗദ്രഭാവമാണ് അവതരിപ്പിക്കേണ്ടത്. അതുവരെ മോഹിനിയാട്ടത്തില്‍ പ്രയോഗിക്കാതിരുന്ന രൗദ്രഭാവം ഞാന്‍ അന്ന് വേദിയില്‍ അവതരിപ്പിച്ചു. ശൃംഗാരവും കരുണവും മാത്രമെ അന്ന് മോഹിനിയാട്ടത്തില്‍ പ്രയോഗിച്ചിരുന്നുള്ളൂ എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ട് തന്നെ ആ ഭാഗം അംഗീകരിക്കാന്‍ വിമര്‍ശകര്‍ ആരും തന്നെ തയ്യാറായില്ല. പിറ്റേ ദിവസം പ്രബന്ധാവതരണ സമയത്ത് പലരും അത് ചൂണ്ടിക്കാണിച്ചു. അതിനു മറുപടിയായി ഞാന്‍ ചോദിച്ചത് മോഹിനിയാട്ടത്തില്‍ ശൃംഗാരമാണ് രാജാവ്, എങ്കിലും മറ്റുള്ള രസങ്ങള്‍ എന്തുകൊണ്ട് ചിലയിടങ്ങളില്‍ സഞ്ചരിച്ചുകൂടാ എന്നാണ്. ഇന്ന് മോഹിനിയാട്ടം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പഴയതില്‍ നിന്നും എത്ര മാറ്റങ്ങള്‍ക്ക് അത് വിധേയമായിട്ടുണ്ട്. എഴുപതുകളുടെ അവസാനത്തിലാണ് ഞാന്‍ ഈ പരീക്ഷണം നടത്തിയത്. ആ മാറ്റങ്ങളെയും അഹിന്റെ തുടര്‍ച്ചകളെയും തന്നെയല്ലേ ഇന്നത്തെ ആസ്വാദകരും സ്വീകരിക്കുന്നത്.

█ ഒരുപാട് കവിതകളുടെ നൃത്താവിഷ്കാരങ്ങള്‍ ടീച്ചര്‍ നടത്തിയിട്ടുണ്ടല്ലോ. കവിതകള്‍ക്ക് നൃത്തഭാഷ്യം നല്‍കുമ്പോള്‍ കവിതയുടെ അതേ ഭാവുകത്വത്തെ പകര്‍ത്താനാണോ ശ്രമിക്കാറുള്ളത്?

കവി, കവിതയിലൂടെ പറയാന്‍ ഉദ്ദേശിച്ച കാര്യത്തെ കവിതയിലെ ഒരു ഭാഗവും ഒഴിവാക്കാതെ അതേപടി ആവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അല്ലാതെ വരികളുടെ അര്‍ത്ഥത്തിലൂടെയുള്ള സഞ്ചാരത്തിനല്ല ഞാന്‍ പ്രാധാന്യം നല്‍കാറുള്ളത്. കവിതയുടെ ആന്തരാര്‍ത്ഥത്തിന്റെ കൊറിയോഗ്രാഫിയിലാണ് ഞാന്‍ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നത്. എങ്കില്‍ മാത്രമേ ആ കവിതയ്ക്ക് പൂര്‍ണ്ണത ലഭിയ്ക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിതയേക്കാള്‍ അതിന്റെ ആന്തരാര്‍ത്ഥത്തിനും, ഭാവത്തിനുമാണ് നൃത്തത്തില്‍ പ്രാധാന്യമുള്ളത്. അതുപോലെത്തന്നെ കൊറിയോഗ്രാഫിക്കും. ഇതില്‍ കൊറിയോഗ്രാഫി ചെയ്യാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.
സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല, രാത്രിമഴ തുടങ്ങിയവയെല്ലാം ഞാന്‍ നൃത്താവിഷ്കാരം നടത്തിയിട്ടുണ്ട്. രാത്രിമഴ എന്ന കവിതയില്‍ രോഹിണി എന്ന സ്ത്രീ മഴ കാണുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് അവരുടെ ഭൂതകാലത്തെപ്പറ്റി ചിന്തിക്കുകയാണ്. ആ രംഗങ്ങളിലെല്ലാം കൊറിയോഗാഫിക്ക് വളേയേറെ പ്രാധാന്യം ഉണ്ട് എന്ന് അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും. അവിടെ രോഹിണി എന്ന കഥാപാത്രം നേരിട്ട് തന്റെ ഭൂതകാലത്തെപ്പറ്റി ആലോചിക്കുന്ന ഒരു രംഗം വന്നാല്‍ കാണികള്‍ക്ക് ആ കവിതയെ പിന്തുടരാനാവാതെ വരും. അതൊഴിവാക്കാനായി ഞാന്‍ ചെയ്തത്, ദുഃഖിതയായ രോഹിണി കതകു തുറന്നു നോക്കുമ്പോള്‍ ഒരു മഴത്തുള്ളി അവരുടെ മുഖത്തേക്ക് വീഴുന്നു. ആ സമയം അവരൊന്ന് ഞെട്ടുകയാണ്. ആ ഞെട്ടലിലാണ് രോഹിണി അവളുടെ ഓര്‍മ്മകളിലേക്ക് കടക്കുന്നത്. ഈ സമയം നര്‍ത്തകി കവയിത്രിയായി മാറുകയാണ്. ആ കവയിത്രിയിലൂടെയാണ് ഞാന്‍ രാത്രിമഴയെ അവതരിപ്പിക്കുന്നത്. അങ്ങനെ ഔ കഥാപാത്രത്തെ മറ്റൊന്നിലേക്ക് മാറ്റുമ്പോള്‍, ആ മാറ്റം സാധ്യമാവുന്നത് കൊറിയോഗ്രാഫിയിലൂടെ മാത്രമാണ്.

█ ഒരു വലിയ ശിഷ്യഗണത്തെത്തന്നെ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരില്‍ അധികം പേരും പ്രശസ്തരും. തന്റെ ശിഷ്യകളെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ ശിഷ്യകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറുള്ളത്. എന്റെ കാലശേഷം എന്റെ പേര് നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ അതെന്റെ ശിഷ്യകളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. എനിക്ക് കഴിയും വിധമെല്ലാം ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ പലരും ഇന്ന് ശ്രദ്ധേയരാര നര്‍ത്തകിമാരാണ്. അവരെല്ലാം കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തണം എന്നതാണ് എന്റെ പ്രാര്‍ത്ഥന. എന്റെ ഒരു പരിപാടി കഴിയുമ്പോള്‍ ആളുകള്‍ എന്നെ അഭിനന്ദിക്കാറുള്ളതുപോലെ എന്റെ ശിഷ്യകളെയും ഇതുപോലെ ആളുകള്‍ അഭിനന്ദിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെ നൃത്തം പ്രൊഫഷനാക്കാന്‍ താത്പര്യമുള്ളവരെ പഠിപ്പിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം അവരുടെ കൈകളിലാണ് നമ്മുടെ കലകള്‍ സുരക്ഷിതമാവുകയുള്ളൂ. അല്ലാതെ കേവലം മത്സരാര്‍ത്ഥികളുടെ കൈകളില്‍ കലകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല.

█ മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ക്ഷേമാവതി എന്നൊരു ശൈലി തന്നെയുണ്ട് എന്ന് കേട്ടിട്ടുണ്ടല്ലോ?

അങ്ങനെ പലരും പറയാറുണ്ട്. പക്ഷേ, എന്റേതായ ശൈലിക്ക് വേണ്ടി ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതാണ് സത്യം. കലാമണ്ഡലത്തില്‍ നിന്ന് പഠിച്ച ശൈലി തന്നെയാണ് ഞാന്‍ സ്വീകരിച്ചു പോരുന്നത്. എന്നാല്‍ പുതിയ നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്യുന്ന സമയത്ത് എന്റെ ഉള്ളില്‍ നിന്ന് വരുന്ന ചില ചലനങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമ്പോള്‍ അതിനെ ഇവര്‍ ശൈലി എന്ന് വിളിക്കുന്നതായിരിക്കാം. അല്ലാതെ ഞാന്‍ മനഃപ്പൂര്‍വ്വം അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചില അംഗചലനങ്ങള്‍ സ്വയം ഉണ്ടാക്കുമ്പോള്‍ അത് ഇന്നിന്ന ഭാഗത്ത് നിന്ന് എടുത്താലാവും അതിന് ഭംഗി എന്ന് എനിക്ക് തോന്നുകയാണെങ്കില്‍, അതില്‍ ഒരുപക്ഷേ വ്യത്യാസം തോന്നിയേക്കാം. അതും ഈ പറയുന്നതിന് ഒരു കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്.

█ നൃത്തരംഗത്തേക്ക് വരാനുണ്ടായ കാരണം?

എനിക്ക് ചെറുപ്പം മുതലേ നൃത്തത്തോടായിരുന്നു താത്പര്യം. വീട്ടുകാരാല്‍ പഠിക്കാന്‍ നിര്‍ബന്ധിതയായ ഞാന്‍ നൃത്തം മതി എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോഴാണ് അച്ഛന്‍ എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തത്. എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഞാന്‍ അവിടെ ചേരുന്നത്. അവിടെ അഞ്ച് വര്‍ഷം മോഹിനിയാട്ടവും, ഭരതനാട്യവും അഭ്യസിച്ചു. തുടര്‍ന്ന് മദ്രാസിലായിരുന്നു ഭരതനാട്യത്തിലെ എന്റെ ഉപരിപഠനം. ഗുരു മുത്തുസ്വാമി പിള്ളൈ, ചിത്ര വിശ്വേശരന്‍, അഡയാര്‍ ലക്ഷ്മണ്‍ എന്നിവരുടെ കീഴിലായിരുന്നു മദ്രാസില്‍ ഞാന്‍ നൃത്തം അഭ്യസിച്ചത്. എല്ലാ വര്‍ഷവും നാട്ടില്‍ പ്രോഗ്രാമുകളില്ലാത്ത സമയത്ത് ഞാന്‍ മദ്രാസില്‍ പോവാറുണ്ടയിരുന്നു. അങ്ങനെ എന്റെ ജീവിതത്തിന്റെ പകുതിയിലേറെയെടുത്ത മദ്രാസ് എന്ന കലാസാംസ്കാരിക നഗരമാണ് എന്നെ നാലാളറിയുന്ന ക്ഷേമാവതിയാക്കി മാറ്റിയത്. കാരണം, അവിടെ വച്ചാണ് നല്ല കലകള്‍ കാണാനും, അവയെപ്പറ്റി കേള്‍ക്കാനുമൊക്കെ എനിക്ക് സാഹചര്യമുണ്ടായത്. ഡിസംബര്‍ മുതല്‍ ജനുവരി വരെ അവിടെ സീസണ്‍ ഫെസ്റ്റിവല്‍ നടന്നിരുന്നു. അവിടെ പതിവായി പങ്കെടുക്കുകയും മറ്റും ചെയ്താണ് ഞാന്‍ പലരുമായും സൗഹൃദം സ്ഥാപിക്കുന്നത്. അതേ സമയം ഞാന്‍ ഇവിടെയായിരുന്നു എങ്കില്‍ ഇന്ന് നിങ്ങളറിയുന്ന ഒരു ക്ഷേമാവതിയാവാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ വലിയ വലിയ നര്‍ത്തകരും, മറ്റ് കലാകാരന്മാരുമൊന്നും അന്ന് കേരളത്തിലേക്ക് വന്നിരുന്നില്ല. എന്നാല്‍ സീസണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരെല്ലാം പങ്കെടുത്തിരുന്നു. ആ പരിചയങ്ങളെല്ലാം തന്നെ എന്നിലെ നര്‍ത്തകിയെ പാകപ്പെടുത്തിയെടുക്കാന്‍ എനിക്ക് സഹായകമായി. വിവാഹം കഴിഞ്ഞ് രണ്ട് മക്കളായ ശേഷവും ഞാന്‍ മദ്രാസിലേക്ക് പോകാറുണ്ടായിരുന്നു. ഒരിക്കല്‍ പവിത്രന്‍ എന്നോട് ചോദിച്ചത് നീ എത്ര കാലമായി പഠിക്കുന്നു, ഇതുവരെ നിന്റെ നൃത്തപഠനം കഴിഞ്ഞില്ലേ എന്നാണ്.

█ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലേക്ക് ഒരു സ്ത്രീ നൃത്തവുമായി മുന്‍ കാലങ്ങളില്‍ കടന്നുവരുമ്പോള്‍ ഒരുപക്ഷേ ഒരുപാട് എതിര്‍പ്പുകളെ നേരിട്ടിട്ടുണ്ടായിരിക്കാം. അത്തരത്തിലുള്ള എതിര്‍പ്പുകള്‍?

ഒരുപാടുണ്ടായിട്ടുണ്ട്. അന്നൊക്കെ ആളുകള്‍ എന്നെ പരിഹസിക്കുമായിരുന്നു. പുറത്തേക്കിറങ്ങുമ്പോഴും ആള്‍ക്കൂട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴുമൊക്കെ ഞാന്‍ എന്നും ഒരു പരിഹാസപാത്രമായി മാറിയിട്ടുണ്ട്. ഈ ഒരു രംഗത്ത് ഞാന്‍ പേരെടുക്കാന്‍ തുടങ്ങിയതോട് കൂടിയാണ് ഇത് അല്പമെങ്കിലും കുറഞ്ഞുതുടങ്ങിയത്. ആ സമയത്തൊക്കെ ഈ ഒരു ലോകത്തില്‍, ഈ രംഗത്ത് നിന്നുകൊണ്ട് രക്ഷപ്പെടാനാവുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഒരു നൃത്താദ്ധ്യാപിക ആയതിനു ശേഷമാണ് എനിക്ക് അല്പമെങ്കിലും ധൈര്യം വന്നത്. അവിടുന്നങ്ങോട്ട് ഓരോ വര്‍ഷം ചെല്ലുന്തോറും എനിക്ക് ഈ രംഗത്ത് മുന്നേറാന്‍ കഴിഞ്ഞു. പുറത്ത് പരിപാടികള്‍ക്ക് പോകാന്‍ തുടങ്ങിയപ്പോഴും, പത്രങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴുമാണ് ആളുകളുടെ പരിഹാഅത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്. അതുവരെ ഞാന്‍ എന്നും ആളുകള്‍ക്കിടയിലെ ഒരു പരിഹാസ കഥാപാത്രം തന്നെയായിരുന്നു.

█ "ഞാന്‍ ഒരു കൊമേഴ്സ്യന്‍ പടമെടുക്കാം, നിനക്ക് നാടോടിനൃത്തത്തിനിറങ്ങാമോ?" എന്ന ടീച്ചറോട് പവിത്രന്‍ ചോദിച്ചിട്ടുള്ള ഈ ചോദ്യം അദ്ദേഹത്തിന് കൊമേഴ്സ്യല്‍ സിനിമകളോടുണ്ടായിരുന്ന എതിര്‍പ്പായി കണക്കാക്കാനാവുമോ?

തീര്‍ച്ചയായും. കാരണം, പവിത്രന്‍ സിനിമയൊന്നും ചെയ്യാതെ ഇരിക്കുന്ന സമയത്താണ് ഞാന്‍ ഒരു സീരിയലോ, കൊമേഴ്സ്യല്‍ സിനിമയോ ചെയ്തുകൂടെ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അദ്ദേഹം ഈ ചോദ്യം എന്നോട് തിരിച്ച് ചോദിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമകള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. അത്തരത്തിലുള്ള സംഭാഷണങ്ങളിലെല്ലാം അദ്ദേഹമത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

█ ടീച്ചറുടെ കുടുംബപശ്ചാത്തലം കലകളുമായി എങ്ങനെ അടുത്തുനില്‍ക്കുന്നു?

എന്റെ അച്ഛന്‍ ഒരു നെയ്ത്തുകാരനായിരുന്നു.. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനുമൊത്ത് തൃപ്പൂണിത്തുറയില്‍ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിഉന്നു എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ന്റെ ചേച്ചിയും ഒരു നാടകനടിയായിരുന്നു. വിവാഹശേഷമാണ് അവര്‍ അഭിനയരംഗത്ത് നിന്ന് മാറിനിന്നത്. കൂടാതെ എന്റെ താവഴിയിലുള്ള ചിലര്‍ നാദസ്വരവിദ്വാന്മാരായിരുന്നു എന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം രൂപാന്തരപ്പെട്ട ഒരാള്‍ തന്നെയാണ് ഞാനും.

█ നൃത്തരഗത്ത് വീട്ടുകാരുടെ പിന്തുണ?

അച്ഛനും അമ്മയുമൊക്കെ നൃത്തരംഗത്ത് എനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. പക്ഷേ, അച്ഛനെന്നും ഞാനൊരു പെണ്‍കുട്ടിയാണ്, കലാരംഗത്തേക്കിറങ്ങിയാല്‍ വഴിതെറ്റിപ്പോകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും എന്നെ ഉപദേശിക്കാറുമുണ്ടായിരുന്നു. പരിപാടികള്‍ക്കെല്ലാം എന്റെ കൂടെ വന്നിരുന്നത് അമ്മയായിരുന്നു. വല്ലപ്പോഴും അച്ഛനും കൂടെ വരും. സത്യത്തില്‍ അമ്മയായിരുന്നു എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നത്. നൃത്തത്തിനുവേണ്ട വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു തരികയും, കളി കഴിയുമ്പോഴേക്കും ഓടിയെത്തി വിയര്‍പ്പ് തുടച്ചു തരികയുമൊക്കെ ചെയ്യാറുണ്ടായിരുന്നത് അമ്മയായിരുന്നു. വയ്യാതാവുന്നതുവരെ എന്നോടൊത്ത് എല്ലാ പരിപാടികള്‍ക്കും അമ്മ വന്നിരുന്നു.

█ നൃത്തമില്ലായിരുന്നുവെങ്കില്‍ ഇന്നത്ത് ക്ഷേമാവതി ആരാകുമായിരുന്നു?

ഇത് ഞാന്‍ പലപ്പോഴും ആലോചിക്കാറുള്ള ഒരു ചോദ്യമാണ്. കല്യാണം കഴിഞ്ഞ് ഒരു സാധാരണ വീട്ടമ്മയായി, കുഞ്ഞുങ്ങളെ നോക്കി ഏതെങ്കിലും ഒരു അടുക്കളയില്‍ കഴിയുന്ന ക്ഷേമാവതിയെ എനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയില്ല. ഒരുപക്ഷേ, ഈ കലയില്ലായിരുന്നെങ്കില്‍ ഞാന്‍ പവിത്രനെ കണ്ടുമുട്ടുക പോലും ഇല്ലായിരുന്നു.

█ മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി?

ആദ്യമേ പറയട്ടെ, കല്യാണിക്കുട്ടിയമ്മ ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. ഞാന്‍ കലാമണ്ഡലത്തില്‍ നൃത്തം അഭ്യസിച്ചത് തോട്ടശ്ശേരി ചിന്നമ്മു അമ്മ ടീച്ചറുടെയും കലാമണ്ഡലം സത്യഭാമ ടീച്ചറുടെയും കീഴിലായിരുന്നു. അതുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങളെയൊ താത്പര്യങ്ങളെയോ കുറിച്ച് എനിക്കൊന്നും കൂടുതല്‍ അറിയില്ല. അവര്‍ സ്വന്തമായി പാട്ടുകളെഴുതി, ആ പാട്ടുകള്‍ കമ്പോസ് ചെയ്യാറുള്ള ഒരാളായിരുന്നു. കൂടാതെ ഒരുപാട് നല്ല ശിഷ്യകളെ
വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ കുറേയേറെ അടവുകളും, വായ്ത്താരികളുമെല്ലാം മോഹിനിയാട്ടത്തിന് സംഭാവന ചെയ്തത് കല്യാണിക്കുട്ടിയമ്മയാണ്. മോഹിനിയാട്ടത്തിന് വേണ്ടി മാത്രം ജീവിച്ച ഒരു കലാകാരിയാണവര്‍. കലാമണ്ഡലം ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു ശൈലിയാണ് കല്യാണിക്കുട്ടിയമ്മയുടേത്. ഭരതനാട്യത്തിലെ തഞ്ചാവൂര്‍,പന്തനെല്ലൂര്‍,വഴൂര്‍,കലാക്ഷേത്ര ശൈലികളെ കാണുന്നതുപോലെത്തന്നെ വേണം മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മ ശൈലിയേയും കാണാന്‍. ആ ശൈലി നിലനിര്‍ത്തിവരാന്‍ അവരുടെ മക്കള്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

█ മോഹിനിയാട്ടത്തില്‍ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ പലതും അതിന്റെ തനിമ നശിപ്പിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?

മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പഴയ കാലം പോലെയല്ല ഇന്ന്‍. ഇന്ന് ഒരു 'ഹായ്' ബന്ധം മാത്രം വച്ചു പുലര്‍ത്തുന്ന ഒരു തലമുറയാണ് നിലനില്‍ക്കുന്നത്. പഴയ ആളുകള്‍ക്ക് ഒരിക്കലും ആ ഒരു തലത്തിലേക്ക് മാറാന്‍ കഴിയില്ല. അവര്‍ക്ക് എന്നും പഴയ രീതികളോടായിരിക്കും താത്പര്യം. ഞാനടക്കം അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ പാരമ്പര്യത്തിലൂന്നി നൃത്താഭ്യാസം നടത്തിവന്നിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണമോ, പരിഷ്കാരമോ നടത്താന്‍ സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുവരെയുള്ള പരിഷ്കരണങ്ങളിലൊന്നും തനിമ നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല. ഇനി നടക്കാനിരിക്കുന്ന പരീക്ഷണങ്ങളെപ്പറ്റി ഒന്നും പറയാനുമാവില്ല.

█ കാവാലം, കനക് റെലെ, ഭാരതി ശിവാജി തുടങ്ങിയവരുടെ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു?

കാവാലം കലാരംഗത്തെക്കുറിച്ച് നല്ല അവഗാഹമുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം സോപാനസംഗീതത്തില്‍ ഒരുപാട് വായ്ത്താരികളും, പാട്ടുകളുമൊക്കെ എഴുതി പലര്‍ക്കും നല്‍കുന്നുണ്ട്. ഞാന്‍ തന്നെ അദ്ദേഹത്തെക്കൊണ്ട് പാട്ട് ട്യൂണ്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. സോപാനസംഗീതത്തെ നൃത്തവുമായി കൂടുതല്‍ അടുപ്പിച്ചത് കാവാലം തന്നെയാണ്. നൃത്തം കര്‍ണ്ണാടക സംഗീതാലാപനശൈലിയിലാണ് പഠിപ്പിക്കപ്പെടുന്നത് എന്നതുകൊണ്ട് സോപാനസംഗീതത്തിന് വ്യക്തമായ ഒരു മുന്‍തൂക്കം ഈ രംഗത്ത് ലഭിക്കുന്നില്ല. എങ്കില്‍ പോലും ഒരു പ്രത്യേകശ്രദ്ധ നേടാന്‍ കാവാലത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് തള്ളിക്കളയാനാവില്ല.
കേരളത്തില്‍ വന്ന് മോഹിനിയാട്ടം അഭ്യസിച്ച ഭാരതിയും കനക് റെലെയുമൊക്കെ അന്യനാട്ടുകാരാണ്. മോഹിനിയാട്ടം പഠിക്കാനായി ഒരുപാട് കഷ്ടപ്പെടുകയും, അതിനുശേഷം മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമൊക്കെ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുള്ളവരുമാണ് ഇവര്‍. അതൊന്നും നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ, മോഹിനിയാട്ടം ആരംഭിച്ചതും, മോഹിനിയാട്ട നര്‍ത്തകര്‍ ആദ്യം ഉണ്ടായതും കേരളത്തിലാണ് എന്ന വസ്തത ആരും മറക്കരുത്.

█ ഭരതനാട്യം പോലെ ഒരു പ്രൊഫഷന്‍ ആയി മോഹിനിയാട്ടത്തെ കാണാവുന്ന ഒരവസ്ഥ ഇന്ന് കേരളത്തില്‍ ഉണ്ടോ?

നൃത്തം പഠിച്ചു എന്നതുകൊണ്ട് മാത്രം സാധിക്കില്ല. ആ നര്‍ത്തകി ഒരു നല്ല പെര്‍ഫോമര്‍ കൂടി ആണെങ്കില്‍ തീര്‍ച്ചയായും കഴിയും. ഞാന്‍ തന്നെ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിച്ച് ഇതുവരെ എത്തിയ ഒരാളാണ്.

█ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിക്കാനുണ്ടായ കാരണം?

എന്റെ ചെറുപ്പത്തില്‍ ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം. 75ന് ശേഷമാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തത് എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിന് കാരണം, ഞാന്‍ മദ്രാസില്‍ ഒരുപാട് നൃത്തപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അന്ന് മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുടി,കഥകളി തുടങ്ങിയ എല്ലാ ശൈലികളും ഉള്‍പ്പെടുത്തിയായിരുന്നു ഞാന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ ഡെല്‍ഹിയില്‍ വള്ളത്തോള്‍ സെന്റിനറി വന്നപ്പോള്‍ എനിക്ക് മോഹിനിയാട്ടത്തിന് ക്ഷണം ലഭിച്ചു. അന്ന് ഞാന്‍ കരുതിയത്, എന്തിനാണ് എന്നെ മോഹിനിയാട്ടത്തിന് വിളിച്ചത്, ഞാന്‍ മോഹിനിയാട്ടത്തില്‍ അത്ര മികച്ച ഒരാളല്ലല്ലോ എന്നായിരുന്നു. അന്നത്തെ ആ ക്ഷണം എനിക്കത്ര താത്പര്യം തോന്നിയുമില്ല. കാരണം ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നല്ലോ എനിക്കന്ന് പ്രിയം. അങ്ങനെ ഞാന്‍ ഡെല്‍ഹിയില്‍ ചെന്ന് മോഹിനിയാട്ടം അവതരിപ്പിച്ചു. അന്ന് എനിക്ക് നല്ല അഭിപ്രായമാണ് എനിക്കവിടെ നിന്ന് ലഭിച്ചത്. അതിനുശേഷം 81ല്‍ പാരീസിലെ ഓട്ടം ഫെസ്റ്റിവലിന് മോഹിനിയാട്ടത്തിന് എനിക്ക് ക്ഷണം ലഭിച്ചു. അപ്പോഴാണ് ഞാന്‍ മോഹിനിയാട്ടം ഒരു പ്രൊഫഷനായി എടുക്കാം എന്ന് ചിന്തിച്ചു തുടങ്ങിയത്. കാരണം, എല്ലാ ഫെസ്റ്റിവലുകള്‍ക്കും അതാത് സംസ്ഥാനത്തെ കലകളില്‍ നിന്ന് ഒരാളെ മാത്രമെ തെരെഞ്ഞെടുക്കുകയുള്ളൂ. തമിഴ്നാട്ടില്‍ നിന്നാണെങ്കില്‍ ഭരതനാട്യത്തിന് ഒരുപാട് നല്ല നര്‍ത്തകരുണ്ട്. അതുപോലെത്തന്നെ ആന്ധ്രയില്‍ കുച്ചുപ്പുടിക്ക് പേരുകേട്ട എത്രയോ പേരുണ്ട്. അതുകൊണ്ടാണ് ഞാന്‍ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. അതുവഴി ഒട്ടുമിക്ക ഫെസ്റ്റിവലുകളിലും മോഹിനിയാട്ടം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയും ചെയ്തു.
മോഹിനിയാട്ടത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന കലാകാരികള്‍ ഇന്ന് കൂടുതലായി വരുന്നുണ്ടോ?
ഒരുപാട് പേര്‍ ഇന്ന് മോഹിനിയാട്ടത്തില്‍ മാത്രം പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്. ഡോ: നീന പ്രസാദ്, വിനിത നെടുങ്ങാടി, പല്ലവി കൃഷ്ണ, ഗോപികാ വര്‍മ്മ, ഉഷാ സുരേഷ് ബാലാജി, സുജാതാ രാമചന്ദ്രന്‍, ഗായകന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ ഉണ്ണിക്ലൃഷ്ണന്‍, നടന്‍ ജയറാമിന്റെ ഭാര്യ പാര്‍വ്വതി തുടങ്ങിയവരൊക്കെ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇവരില്‍ പലരും ഇന്ന് മോഹിനിയാട്ടം ഒരു പ്രൊഫഷനായി കൊണ്ടുനടക്കുന്നുണ്ട്. പൊതുധാരയില്‍ തന്നെ മോഹിനിയാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്.


█ കെ.പി.എ.സി.ലളിതയുടെ ആത്മകഥയില്‍ പവിത്രനും, നിങ്ങളുടെ കുടുംബജീവിതവും നിറസാന്നിദ്ധ്യമാണ്. നിങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം ഒന്ന് വിശദീകരിക്കാമോ?

അക്കാദമിയുടെ ഒമ്പതാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി ലളിതച്ചേച്ചിയെ കാണുന്നതും പരിചയപ്പെടുന്നതും. അതിനുശേഷം മദ്രാസില്‍ ഞാന്‍ നൃത്തപഠനത്തിന് പോയിരുന്നപ്പോള്‍ താമസിച്ചിരുന്നത് ലളിതച്ചേച്ചിയുടെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് അവരുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. കൂടാതെ പവിത്രന്‍ ഭരതേട്ടനുമായി നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇടക്കിടെ അവരുടെ വീട്ടിലേക്കും അവര്‍ ഞങ്ങളുടെ വീട്ടിലേക്കും വരാറുണ്ടായിരുന്നു. ഭരതേട്ടനും ലളിതച്ചേച്ചിയും വടക്കാഞ്ചേരിയിലെ വീട്ടിലെത്തുമ്പോഴൊക്കെ ഞങ്ങള്‍ മുടങ്ങാതെ അങ്ങോട്ട് പോകുമായിരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്.

█ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ ടീച്ചര്‍ ജഡ്ജായിരുന്നല്ലോ. ആ ഒരനുഭവം ഒന്ന് പങ്കു വയ്ക്കാമോ?

വളരെ കുറച്ച് പരിപാടികള്‍ക്കേ ഞാന്‍ ജഡ്ജ് ആയി പോയിട്ടുള്ളൂ. കാരണം, വിധികര്‍ത്താവായിരിക്കുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഏറെ നിബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ അന്ന് സംസ്ഥാന കലോത്സവത്തിന് മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ജഡ്ജായത്. അന്നെനിക്ക് തോന്നിയത് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും കഴിവുള്ളവരാണ്. ആ കഴിവുകളെല്ലാം തന്നെ വെറുമൊരു മത്സരത്തോട് കൂടി അവ അവസാനിപ്പിക്കുന്നു. അക്കാര്യത്തില്‍ ഞാനേറെ ദുഃഖിതയാണ്. മത്സരരംഗത്തെ വീറും വാശിയുമൊന്നും അവര്‍ക്ക് തുടര്‍ന്നും കാണിക്കാനാവുന്നില്ല. അവരെല്ലാം ഒരു സംസ്ഥാനകലോത്സവംഓ, കോളേജ് പഠനമോ കഴിയുന്നതോട് കൂടി എ രംഗത്ത് നിന്ന് മാറിപ്പോവുന്നു. അതൊരു വല്ലാത്ത പ്രവണതയാണ്. അതിലാണ് എനിക്ക് ഏറെ വിഷമം തോന്നിയിട്ടുള്ളത്.

2 വായന:

Kavya said...

വളരെ നല്ല ഒരു വായന തന്നു വിനൂ..നല്ല ഹോം വര്‍ക്കിന്റെ ഫലം കാണുന്നുണ്ട്.അഭിനന്ദനങ്ങള്‍

Kavya said...

ഓഫ് ടോപ്പിക് കമ്മന്റ് : "മരിച്ചിട്ടും നമ്മളെന്തിനാണിവരെ മഴയത്ത് നിര്‍ത്തുന്നത് ?",ഈ ലേബലിന്റെ സാംഗത്യം മനസ്സിലാവണില്ല്യ.. കഴിഞ്ഞ പോസ്റ്റിന് അത് യോജിച്ചിരുന്നു.അതോ ഇനി വായനക്കരെ പ്രത്യേകിച്ചെന്തെങ്കിലും ഓര്‍മ്മിപ്പിക്കാന്‍ ഇട്ടതാണോ?

Post a Comment

© moonnaamidam.blogspot.com