മാറാന്‍ കൊതിക്കുന്ന ഇന്ത്യ, മാറ്റാന്‍ ഹസാരെന്ത്യന്‍ ഗവണ്മെന്റിന്റെ അഴിമതിയില്‍ കുതിര്‍ന്ന ഭരണത്തിനെതിരെ അവസാനം ഒരു വെള്ളത്തൊപ്പിക്കാരന്‍ പ്രതികരിച്ചിരിക്കുന്നു. അന്നാ ഹസാരെ എന്ന ഗാന്ധിയന്‍, തന്റെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് അഴിമതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച മരണം വരെയുള്ള അദ്ദേഹത്തിന്റെ നിരാഹാരം ഇന്ന് മൂന്ന് ദിവസം പിന്നിട്ട് കഴിഞ്ഞു. സന്ധിസംഭാഷണങ്ങള്‍ക്ക് സമീപിച്ച എല്ലാവരെയും മടക്കിയയച്ചുകൊണ്ട് 'ലോക്പാല്‍ ബില്‍' എന്ന തന്റെ/ജനതയുടെ ആവശ്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഹസാരെ ഇന്ന് ഒരു ജനതയ്ക്ക് വേണ്ടി പൊരുതുകയാണ്.

പാര്‍ലമെന്റില്‍ നിന്ന് അധികം ദൂരെയല്ലാതെ വെറുമൊരു വെള്ളപ്പായയില്‍ കിടന്നുകൊണ്ട് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവജനതയെ മുഴുവന്‍ അഴിമതിക്കെതിരെ രംഗത്ത് വരാന്‍ പ്രേരിപ്പിക്കുകയാണ് അദ്ദേഹം. ഹസാരയെ പിന്തുണച്ചുകൊണ്ട് അസംഖ്യം എസ്.എം.എസുകളാണ് ഇന്ന് ഇന്ത്യയിലൊട്ടാകെ പ്രവഹിക്കുന്നത്. ഉറങ്ങിക്കിടക്കാതെ, അഴിമതിക്കെതിരെ ഉണര്‍ന്ന് പോരാടാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളിലെല്ലാം തന്നെ ഒരു മാറ്റത്തിന് വേണ്ടി കൊതിക്കുന്ന ഭാരതീയന്റെ നെഞ്ചിടിപ്പുകളുണ്ട്.
2008ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റിലെ അഞ്ഞൂറ്റിനാല്പത് പേരില്‍ ഏകദേശം നാലില്‍ ഒരു ഭാഗം ആളുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവരില്‍ തട്ടിക്കൊണ്ട് പോകല്‍, കൈക്കൂലി,ബലാത്സംഗം എന്തിന് കൊലപാതകക്കുറ്റത്തില്‍ വരെ അകപ്പെട്ട ആളുകളുണ്ട്. 2010ല്‍ വന്ന ട്രാന്‍സ്പാരന്റ് ഇന്റര്‍നാഷണല്‍ എന്ന ഒരു സ്വകാര്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്. ഇന്ത്യയിലെ അമ്പത്തിനാല് ശതമാനം ആളുകളും ഇന്ന് കാര്യങ്ങള്‍ നടത്താന്‍ കൈക്കൂലി കൊടുക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


ഇന്ന് ഹസാരെ നിരാഹാരം കിടക്കുന്നത് ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കുന്നതിനുവേണ്ടിയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ അന്വേഷണം നടത്താനും ഒരു ഒംബുഡ്സ്മാന് അധികാരം നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1972ലാണ് ഈ ബില്ലിനെപ്പറ്റി ആദ്യം ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ നാല്പത് വര്‍ഷത്തോളമായിട്ടും മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ ഒന്നും തന്നെ ഈ ബില്‍ പാസാക്കാന്‍ ശ്രമിച്ചിട്ടേ ഇല്ല.


ഹസാരെയുടെ ഈ പ്രതിരോധം ശരത്പവാറിനെപ്പോലുള്ള ഒരു ശക്തനായ മന്ത്രിയെ രാജിയിലേക്ക് നയിക്കാന്‍ പര്യാപ്തമായെങ്കില്‍ ഈ ബില്‍ പാസാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ഇവിടെ സംഭവിക്കും എന്നതിനെക്കുറിച്ച് പറയുക അസാധ്യമായിരിക്കും.

ഇന്ത്യന്‍ ഗവണ്മെന്റിന് അഴിമതി എന്നത് ദീര്‍ഘകാലമായി ഒരു വലിയ തലവേദന തന്നെയാണ്. 2008ല്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റിലെ അഞ്ഞൂറ്റിനാല്പത് പേരില്‍ ഏകദേശം നാലില്‍ ഒരു ഭാഗം ആളുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവരില്‍ തട്ടിക്കൊണ്ട് പോകല്‍, കൈക്കൂലി,ബലാത്സംഗം എന്തിന് കൊലപാതകക്കുറ്റത്തില്‍ വരെ അകപ്പെട്ട ആളുകളുണ്ട്. 2010ല്‍ വന്ന ട്രാന്‍സ്പാരന്റ് ഇന്റര്‍നാഷണല്‍ എന്ന ഒരു സ്വകാര്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്. ഇന്ത്യയിലെ അമ്പത്തിനാല് ശതമാനം ആളുകളും ഇന്ന് കാര്യങ്ങള്‍ നടത്താന്‍ കൈക്കൂലി കൊടുക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


മൂന്ന് വലിയ അഴിമതികളാണ് ഈ അടുത്തകാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. അവയെല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ പിടിച്ചുലച്ചിട്ടുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഇവിടെ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയിലെ പരമോന്നത ന്യായപീഠത്തിന് പോലും ഈ രാജ്യത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കേണ്ടി വരുന്നു. ഈ ഒരവസ്ഥയിലാണ് അന്നാ ഹസാരെ എന്ന ഗാന്ധിയന്റെ രംഗപ്രവേശം. ഈ എഴുപത്തിമൂന്നുകാരന്റെ നിരാഹാരം ഇന്ത്യന്‍ സര്‍ക്കാരിന് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഹസാരെയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. നിരന്തരം ജനപക്ഷത്തുനിന്നും സ്വന്തം മനസ്സാക്ഷിക്കുമൊപ്പം ചേര്‍ന്നും പ്രതികരിക്കുന്ന ഹസാരെ മഹാരാഷ്ട്രയില്‍ ഒരു മാതൃകാഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുള്ളതുമാണ്. കൂടാതെ 1998ല്‍ മഹാരാഷ്ട്ര സോഷ്യല്‍ വെല്‍ഫെയര്‍ മിനിസ്റ്റര്‍ ബാബന്‍ റാവു ഗോലപ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ അറസ്റ്റിലായ ഹസാരെ പുറത്തിറങ്ങിയത് ശക്തമായ ജനപ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് എന്നതും നാം മറന്നുകൂടാ.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചവരില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നുണ്ട് ഹസാരെ. കാരണം, ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നി, ഗാന്ധിയന്‍ സമരരീതികളിലൂടെ അഴിമതിക്കെതിരെ അദ്ദേഹം പോരാടുമ്പോള്‍ സ്മരിക്കപ്പെടുന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധികൂടിയാണ്. "പാക്കിസ്ഥാനല്ല, അഴിമതിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന ഭീഷണി" എന്ന് ഹസാരെ പറയുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും കഴിയില്ല.

നിലവിലെ സാഹചര്യങ്ങളില്‍, ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഒരാള്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുമ്പോള്‍ ലോക്പാല്‍ ബില്‍ പൊതുസമൂഹത്തിന് വലിയൊരു ആശ്വാസം തന്നെയായിരിക്കും.

ഒരുപക്ഷേ, അഴിമതിക്കെതിരെയുള്ള ഈ പോരാട്ടം ഒരു രാഷ്ട്രീയ മുതലെടുപ്പിന് ഇടംകൊടുത്തേക്കാം. ഹസാരെ ചിലപ്പോള്‍ കുറ്റക്കാരനായും വന്നേക്കാം. ബിനായക് സെന്നിനെപ്പോലും കാരാഗൃഹത്തിലേക്കയച്ചവരാണല്ലോ നമ്മള്‍. എന്തുവന്നാലും 121 കോടി വരുന്ന ഇന്ത്യന്‍ ജനത ഹസാരെയ്ക്കൊപ്പമാണ് എന്നുതന്നെ നമുക്ക് വിശ്വസിക്കാം. അഴിമതിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ എല്ലാവരും ഹസാരെയ്ക്കൊപ്പം അണിചേരുക.. ജയ് ഹിന്ദ്..!

14 വായന:

പ്രവാസം..ഷാജി രഘുവരന്‍ said...

"പാക്കിസ്ഥാനല്ല, അഴിമതിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന ഭീഷണി" എന്ന് ഹസാരെ പറയുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും കഴിയില്ല.

ഉമേഷ്‌ പിലിക്കൊട് said...

.. ജയ് ഹിന്ദ്..!

ഒരില വെറുതെ said...

അണ്ണാ ഹസാരേ മൂത്താല്‍ ഗാന്ധിജി ആവുമോ


http://verutheorila.blogspot.com/2011/04/blog-post_07.html

തൂവലാൻ said...

ഹസാരയ്ക്ക് ഈ എളിയവന്റെയും പിന്തുണകൾ!

ആചാര്യന്‍ said...

ഈ രാഷ്ട്രീയ കോമാളിവേഷം കെട്ടുന്ന ആള്‍ക്കാരുടെ അഴിമതി,സ്വജന പക്ഷപാതം,ഇവയെ തൂത്തെറിയാന്‍ ഒരു നവ വിപ്ലവത്തിന് തിരി കൊളുത്തിയ അണ്ണാ ഹസാരെയ്ക്ക് വിപ്ലവാഭിവാദ്യങ്ങള്‍.....

Abduljaleel (A J Farooqi) said...

good one

all my wishes.

ചാർ‌വാകൻ‌ said...

ഹസാരേക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

വിനീത് നായര്‍ said...

ഈജിപ്തില്‍ നടന്ന ജനകീയ വിപ്ലവത്തിന് ഊര്‍ജ്ജമേകിയത് ഇന്റെര്‍നെറ്റ് പോലുള്ള നവമാധ്യമങ്ങളായിരുന്നു. അതുതന്നെയല്ലേ ഇന്ത്യയിലെ ഈ അഴിമതി വിരുദ്ധ സമരത്തിനും കരുത്തേകുന്നത്?

chithrakaran:ചിത്രകാരന്‍ said...

ഹസാരെയുടെ സത്യാഗ്രഹം ലോകശ്രദ്ധയാകര്‍ഷിച്ചത് ഒരു ശുഭപ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. നവ മാധ്യമങ്ങളുടെ സാധ്യതകളിലൂടെ സംജാതമായിരിക്കുന്ന അഴിമതിക്കെതിരെയുള്ള ഈ യുദ്ധം ജയിക്കേണ്ടത് ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും ആവശ്യമാണ്. ബ്ലോഗിലും, ബസ്സിലും,ഫേസ്ബുക്കിലും... എല്ലാം തന്നെ ഈ വിഷയത്തില്‍ പോസ്റ്റുകളെഴുതിയും, ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ഹസാരെയുടെ അഴിമതിക്കെതിരെയുള്ള യുദ്ധത്തെ ജനകീയമാക്കെണ്ട കടമ നമുക്കുണ്ട്.
ചിത്രകാരന്റെ പോസ്റ്റുകളുടെ ലിങ്ക്:
ഇന്ത്യയിലും നെറ്റ് വിപ്ലവം !
അഴിമതിക്കെതിരായുള്ള രണ്ടാം സ്വാതന്ത്ര്യ സമരം !

കലാം said...

ഹസാരേക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.
ജയ്‌ ഹിന്ദ്‌!

shaji said...

ഈ ഇന്റർനെറ്റ് പിന്തുണകൾക്കപ്പുറം തെരുവിലിറങ്ങാൻ കഴിയുന്നവർ നമ്മിലെത്ര പേരുണ്ട്?

Anoop said...

ഒരില വെറുതെയാണ് !!!!!!!!!!
വളിപ്പന്‍

ഫെനില്‍ said...

മാറാന്‍ മടിക്കുന്ന ഇന്ത്യ അതല്ലേ കുറച്ചുകൂടി ശരി

Faizal Kondotty said...

ആര് ഭരിച്ചാലും എപ്പോഴും കണ്‍ തുറന്നിരിക്കാനും മൊട കണ്ടാല്‍ ഇടപെടാനും സാധാരണ (സിവില്‍ )സമൂഹത്തിനും കഴിയണം .. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നത് നിര്‍ത്തി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം ... അഴിമതി ഏതായാലും വസ്തു നിഷ്ടമായി റിപ്പോര്‍ട്ട്‌ ചെയ്യണം..

ജനങ്ങളും മാധ്യമങ്ങളും വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുമെന്ന തോന്നലുണ്ടാകുകയും പിള്ളയെപ്പോലെ, രാജപ്പോലെ ജയിലില്‍ പോകുമെന്ന ഭയംഉണ്ടാകുകയും ചെയ്യുമ്പോള്‍ അഴിമതി പ്രവണത ഒരു പരിധി വരെ കുറയും ..പകരം രാജ്യ താല്പര്യങ്ങള്‍ ഉയര്‍ന്നു വരും ..അങ്ങിനെ ജനരോക്ഷം ഓര്‍ത്തു ഓരോ പാര്‍ട്ടിയിലെയും താരതമ്യേന നല്ലവര്‍ പാര്‍ട്ടി നയിക്കേണ്ടി വരികയും ചെയ്യും .. ഇതൊക്കെയാണ് ഹസരയുടെ സമരം സമകാലീന സാഹചര്യത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് .

Post a Comment

© moonnaamidam.blogspot.com