വംശീയതയുടെ പടനിലം

തകഴിയും എം.ടിയും പൊന്‍കുന്നം വര്‍ക്കിയുമെല്ലാം വഴിനടന്നു വന്ന മലയാളകഥാ ലോകത്തിന്റെ ഇന്നുകളിലേക്ക് ഒന്ന് എത്തി നോക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മുകളില്‍ പറഞ്ഞവരില്‍ എം.ടി മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തി. എഴുതപ്പെട്ട കൃതികളാല്‍ മലയാളകഥാ ലോകത്ത് അദ്ദേഹത്തിന്റേതായ ഒരു സ്ഥാനം നിലനിര്‍ത്തിപ്പോരാന്‍ എം.ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത ഒരു വസ്തുതയാണ്. ഇനി എം.ടിക്ക് ശേഷം ആര് എന്നൊരു ചോദ്യമുയര്‍ന്നാല്‍ അതിന് ഉത്തരം കണ്ടെത്തുക പ്രയാസമുള്ളൊരു കാര്യം തന്നെയാണ്.

തന്റെ കര്‍മ്മജീവിത മണ്ഡലങ്ങളില്‍ ഊന്നിക്കൊണ്ട് തന്നെ മാനവികതയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടവയാണ് എം.ടിയുടെ കഥകള്‍. പാരമ്പര്യത്തിലൂന്നിയ ദാര്‍ശനികതയുടെയും അടച്ചുവയ്ക്കപ്പെട്ട സ്മൃതികളുടെയും കേവലപ്രകാശനം കൂടിയായി മാറുന്നുണ്ട് അദ്ദേഹത്തിന്റെ രചനകള്‍. എന്നാല്‍ പുതുതലമുറയിലെ കഥാകൃത്തുക്കളെ പരിഗണിക്കുമ്പോള്‍ നമുക്ക് മനസിലാക്കാവുന്ന കാര്യങ്ങള്‍ അവയൊന്നും തന്നെ പിറക്കുന്നതോ, സഞ്ചരിക്കുന്നതോ മേല്‍പ്പറഞ്ഞ രീതികളിലല്ല. വൈയക്തീകമായ മാറ്റങ്ങളുടെ സൂചനകളെ ഉള്‍ക്കൊണ്ടുകൊണ്ടും, കഥകളില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങളുടെ ഒഴുക്കുകളെ സ്വാംശീകരിച്ചുകൊണ്ടുമാണ് പുതുതലമുറകഥകളുടെ പിറവി.

ഈ അടുത്ത കാലങ്ങളില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുവകഥാകൃത്തുക്കളെ നമുക്ക് കാണാം. വിഷയവൈവിദ്ധ്യം കൊണ്ട് സമൃദ്ധമായ അവരുടെ രചനകള്‍ ഉത്തരാധുനികതയുടെ ചുവടുകളെ ഏറ്റുപിടിക്കുന്നുണ്ടെങ്കിലും മറ്റേതോ വന്‍കര താണ്ടാന്‍ വെമ്പുന്നവയാണ്. നിയതരൂപമുള്ള പല കഥകളും ഈ അടുത്ത കാലത്ത് പിറന്നിട്ടുണ്ടെങ്കിലും വായനക്കാരന് പരിചിതമല്ലാത്ത രൂപങ്ങളായതിനാല്‍ പലതും അമ്പേ പരാജയപ്പെട്ടു പോയി എന്നുള്ളത് സങ്കടകരമായ ഒരു വസ്തുത തന്നെയാണ്.

പ്രവേശിക്കാന്‍ പല വാതിലുകളുള്ളതും ഉള്ളില്‍ വഴിതെറ്റിക്കാന്‍ തക്ക പിരിയന്‍ വഴികളുള്ള കണ്ണാടിക്കോട്ടകളായി മാറുന്നുണ്ട് പല കഥകളും. അത്തരത്തിലുള്ള കഥകളില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ പിടിവാശി വായനക്കാരനെ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് പ്രിയ.എ.എസ് എഴുതിയ 'മഴ നമ്മോടൊപ്പം തന്നെയുണ്ട്' എന്ന കഥ. സ്ത്രീവിഷയങ്ങളോടുള്ള വിധ്യാത്മക സമീപനം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നവയാണ് പ്രിയയുടെ ഏതാണ്ട് എല്ലാ കഥകളും. പല വിഷയങ്ങളിലും രൂപക്രമത്തിന്റേയോ പ്രമേയഘടനയുടേയോ കേന്ദ്രീകരണം ഒരു ഹോം വര്‍ക്കും ചെയ്യാതെയാണ് കഥാകൃത്ത് തീരുമാനിക്കുന്നത് എന്ന് തോന്നിപ്പോകും അവരുടെ ചില കഥകള്‍ വായിക്കുമ്പോള്‍. 'വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍' എന്ന കഥ വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സമകാലികവിഷയങ്ങളില്‍ ഇടക്കിടെ ഇടപെടുന്ന കഥാകൃത്താണ് സുസ്മേഷ് ചന്ദ്രോത്ത്. മരണവിദ്യാലയം, ചുടലയില്‍ നിന്നുള്ള വെട്ടം, ഹരിതമോഹനം, മറൂണ്‍ തുടങ്ങിയ കഥകള്‍ സുസ്മേഷിനെ പുതുകഥാ ലോകത്തില്‍ അടയാളപ്പെടുത്താന്‍ പോന്നവയാണ്. ജീവിതഗന്ധിയായ കഥകളിലൂടെ വായനക്കാരിലേക്കെത്തുന്നു എന്നതാണ് ഇവിടെ സുസ്മേഷ് നേടുന്ന വിജയം. രൂപവൈവിധ്യം കൊണ്ടും, വ്യത്യസ്തമായ ആഖ്യാനശ്രമങ്ങള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന രചനകള്‍ സുസ്മേഷിന്റെ കഥകളെ ഒരേ സങ്കേതത്തിന്റെ ഉടുപ്പ് മാത്രമായി മാറ്റുന്നില്ല.

തീവ്രഇടതുപക്ഷ വിമര്‍ശകനായ പി.സുരേന്ദ്രന്റെ കഥകള്‍ പുതിയ തലമുറയ്ക്ക് ഗ്രാഹ്യമായ രീതിയിലേക്ക് മാറ്റപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മികച്ച രചനയായ 'ഹരിതവിദ്യാലയ'ത്തില്‍ നിന്നും ഈ അടുത്ത കാലത്തെ രചനയായ 'എലിക്കെണി'യിലേക്കുള്ള ദൂരം വായനയില്‍ സ്പഷ്ടമാകുന്നുണ്ട്. അതുപോലെ ധന്യാരാജ് എന്ന എഴുത്തുകാരിയുടെ പല കഥകളും ഒരു കാമ്പസ് തലത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടില്ല എന്നത് നിരാശാജനകമായ ഒരു കാര്യമാണ്. ധന്യയുടെ 'പോരാട്ടങ്ങളെപ്പറ്റി' എന്ന കഥ മാത്രമായിരിക്കാം ഒരുപക്ഷേ ഇതിന് അപവാദം.

ഒരിടയ്ക്ക് വച്ച് നിശബ്ദനായ കെ.പി.നിര്‍മല്‍കുമാര്‍ മൗനം ഭേദിച്ച് എഴുതിത്തുടങ്ങി എന്നത് ആശ്വാസത്തിന് വകയുണ്ട്. വ്യത്യസ്ത്മായ ഒരു നോവലുമായിട്ടാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അല്പകാലം മുന്‍പ് സമയം മാസികയില്‍ എഴുതിയതും വ്യത്യസ്തമായ വിഷയമായിരുന്നെങ്കിലും ഇവ രണ്ടും ഒരേ പേജിന്റെ ഇരുപുറങ്ങളായി മാറിയോ എന്നൊരു സംശയമുണ്ട്. കഴിവുകളുണ്ടായിട്ടും കഥ കൊണ്ടുണ്ടാക്കിയ പേര് ഒരു വലിയ കാന്‍വാസിലേക്ക് കടക്കുമ്പോള്‍ തകര്‍ന്ന് പോകുമോ എന്ന് ഭയമുള്ള എഴുത്തുകാര്‍ക്ക് മാതൃകയാണ് ശ്രീ കെ.പി.നിര്‍മല്‍കുമാര്‍. രാഷ്ട്രീയ കഥകളുമായി കടന്നു വരാറുള്ള ഉണ്ണി.ആര്‍ പലപ്പോഴും നിരാശനാക്കുകയാണ് ചെയ്യുന്നത്. ‍ ഈ അടുത്ത കാലത്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ലീല' എന്ന കഥ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 'കോട്ടയം 17' എന കഥ നേരെ മറിച്ചാണ് താനും.

വളരെ വ്യത്യസ്മായ ആഖ്യാനശൈലികളോടെ എന്നും കടന്നുവരാറുള്ള ഒരാളാണ് സന്തോഷ് എച്ചിക്കാനം. ഇപ്പോള്‍ നിശബ്ദനാണെങ്കില്‍ കൂടി ഒരിടവേളക്ക് മുന്‍പ് പ്രസിദ്ധീക്കരിച്ച 'മീനത്തിലെ ചന്ദ്രന്‍' സന്തോഷിന്റെ രചനയിലെ മാനവികതയെയും, നൈതീകതയെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എന്നാല്‍ വി.ആര്‍.സുധീഷിന് ഈ അടുത്തകാലത്തൊന്നും തന്നെ ഒരു മികച്ച കഥ എഴുതാന്‍ സാധിച്ചിട്ടില്ല. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച സുധീഷിന്റെ 'അനുമാനചക്രം' എന്ന കഥ 'ബാര്‍' കഥാകാരന്‍ എന്ന പേര് ഊട്ടിയുറപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. അതിഭൗതീകമായ ഫിക്ഷണല്‍ നുണകളിലൂടെ കഥ പറഞ്ഞുവന്ന് എം.മുകുന്ദനും തന്റെ പേര് കളയാന്‍ മെനക്കെടുകയാണ്. മലയാളിക്കുഞ്ഞ് (മാധ്യമം), തണ്ണീര്‍ക്കുടിയന്റെ തണ്ട്(മാതൃഭൂമി) എന്നീ കഥകളിലൂടെ പൈങ്കിളി കഥകളെ കടത്തിവെട്ടുകയാണ് മുകുന്ദന്‍ ചെയ്തിരിക്കുന്നത്.

പരിസ്ഥിതിവിഷയങ്ങളില്‍ ഇടപെടുന്ന കഥകളിലൂടെ അശോകന്‍ ചരുവില്‍ ഇപ്പോഴും ശബ്ദമുയര്‍ത്തുന്നുണ്ട്. 'ആമസോണ്‍' എന്ന കഥയിലൂടെ ഏകാകിയുടെ ഭാവസ്ഥായികളെ സഫലമായി ആവിഷ്കരിക്കുകയാണ് അശോകന്‍ ചരുവില്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും മറ്റുമായി മൊയ്തു വാണിമേല്‍ കഥകള്‍ എഴുതിക്കൂട്ടുകയാണ്. കെ.പി.രാമനുണ്ണി, ജോസ് പനച്ചിപ്പുറം, ഇ.സന്തോഷ് കുമാര്‍ തുടങ്ങിയവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ജോസിന്റെ 'ആമസോണ്‍ ചുറ്റിക', സന്തോഷ്കുമാറിന്റെ 'നീചവേദം' എന്നിവ വളരെ രസകരമായി തോന്നി ഈ ലേഖകന്.

തൃക്കോട്ടൂര്‍ പെരുമയുടെ ആലസ്യത്തില്‍ കടന്നു പോകുന്ന ഭാഷാശൈലിയുള്ള യു.എ.ഖാദറിന്റെ പുതിയ കഥ 'ഇരുളിന്റെ ആഴം' അത്ര മികച്ചതൊന്നുമല്ലെങ്കിലും പരാജയപ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്. വര്‍ണ്ണനയിലൂടെ കഥയുടെ അലിപ്പം കൂട്ടുക എന്നതാണ് ഖാദറിന്റെ രീതി. ആ രീതിയില്‍ നിന്ന് അദ്ദേഹം അല്പം മാറി സഞ്ചരിച്ചിരുന്നുവെങ്കില്‍ ആ കഥയ്ക്ക് മറ്റൊരു തലം കൈവരുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. നാട്യങ്ങളില്ലാതെ ഇപ്പോഴും കഥയെഴുതുന്ന കരുണാകരന്റെ 'കഫേ ദുഫ്ലോര്‍' (മാധ്യമം) തീവ്രവാദികളായ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. പ്രമേയവ്യത്യസ്തത കൊണ്ട് ശദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മുന്‍കാല രചനകളുടെ അടുത്തെത്താന്‍ ഇതിന് കഴിഞ്ഞിട്ടില്ല.

കെ.ആര്‍.മീര, സിതാര.എസ്, ഇന്ദുമേനോന്‍, ശ്രീബാല കെ മേനോന്‍ തുടങ്ങിയ കഥാകാരികള്‍ അവരുടേതായ പ്രശ്നങ്ങളെ മികവുറ്റ രീതിയില്‍ ആവിഷ്കരിക്കുന്നതില്‍ വിജയിച്ചവരാണ്. സിതാരയുടെ 'ഇടം', മീരയുടെ 'ആവേ മരിയ', ശ്രീബാലയുടെ 'ഗുല്‍മോഹറിന് കീഴെ' തുടങ്ങിയ രചനകളില്‍ അത് വ്യക്തമാണ്.

അര്‍ഷാദ് ബത്തേരി, യു.കെ.കുമാരന്‍, ബി.മുരളി, പി.വി.ഷാജികുമാര്‍ തുടങ്ങിയവര്‍ കൂടുതല്‍ അഗാധവും സൂക്ഷ്മവുമായ വിഷയങ്ങളെ തെരെഞ്ഞുകൊണ്ട് നടക്കുകയാണ്. ആന്തരികസത്തയുടെയും ബാഹ്യജീവിതത്തിന്റെയും ബഹ്മുഖങ്ങളെ ക്രോഡീകരിക്കാന്‍ വിവിധ രീതികളില്‍ ഇവര്‍ ശ്രമിച്ച് വരുന്നുണ്ടെങ്കിലും അത് പലപ്പോഴും വാച്യവും പ്രത്യക്ഷവും ആകാതെ പോകുകയാണ് ചെയ്യുന്നത്.

ഇനി വരാന്‍ പോകുന്ന കാലം കഥയില്‍ വന്മരങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുക തന്നെയാണ് ചെയ്യുക. 'സൂര്യവംശം' കൊണ്ട് മേതില്‍ നേടിയത് പോലുള്ള ഇരിപ്പിടം ഇനി ആരും പ്രതീക്ഷിക്കരുത്. ഒറ്റപ്പെട്ട രചനകളിലൂടെ കൂട്ടായി വരുന്ന വിഷയങ്ങളുടെ വൈവിധ്യഭംഗിയിലാണ് മലയാള കഥാലോകം ഇനി പുഷ്പിക്കാന്‍ പോകുന്നത്.

8 വായന:

Jayesh/ജയേഷ് said...

ചുരുക്കത്തിൽ എന്താണ്?

Unknown said...

നവീന കഥാ ലോകത്തെ ഇത്ര സൂക്ഷ്മമായി അപഗ്രഥിക്കുന്നതിനുള്ള ശ്രമത്തെ ആദ്യമേ അഭിനന്ദിക്കട്ടെ ..
എന്നാലും പൂര്‍വ്വ കാലങ്ങളെ പര്‍വ്വതീകരിക്കുന്ന പതിവ് വഴക്കങ്ങള്‍ കൊണ്ട് നവ കാലങ്ങളെ നിരാകരിക്കുന്നതിനെ ഉള് കൊള്ളാന്‍ കഴിയുന്നില്ല.
എംടി സ്വത സിദ്ദമായ ശൈലി കൊണ്ടും ജീവിത ഗന്ധിയായ പ്രമേയങ്ങള്‍ കൊണ്ടും സാഹിത്യ ലോകത്ത് നോവല്‍ ഭൂപടം മാറ്റി വരച്ച ആളാണ്‌ എന്നതില്‍ തര്‍ക്കമില്ല.
എന്നാലും അതിര് വിട്ട സ്തുതി വാക്യങ്ങളുടെ ഭാരമേറിയ കിരീടങ്ങള്‍ കൊണ്ടായിരിക്കരുത് അദ്ദേഹത്തിന്റെ കാലത്തെ അടയാളപ്പെടുത്തെണ്ടത്.
വിശ്വ സാഹിത്യകാരന്‍ ബഷീറിനു തന്നെ അദ്ദേഹത്തിന്റെ പ്രഭാവത്തിന് മുകളില്‍ നമ്മള്‍ വെച്ച് കെട്ടുന്ന ഒരു ചില്ല് കൊടീരം പോലെ...(അതില്ലാതെയും അദ്ദേഹത്തിനുള്ള സ്ഥാനങ്ങളെ കാണാതെ!)
അവരുടെ സ്ഥാനങ്ങളെ അവമതിക്കുകയല്ല ഇവിടെ ഞാന്‍.
അവരുടെ മഹത്വങ്ങളെ പര്‍വ്വതീകരിക്കുന്ന അമാനുഷീകതകള്‍ കൊണ്ടാണ് പലരും അവരെ ഉയര്‍ത്തിക്കാട്ടുന്നത് അത് കൊണ്ട് മാത്രം പറയുകയാണ്.
എംടിയുടെ നാലുകെട്ടിനെ സ്മാരകശിലകളോടോ, ഖസാകിന്റെ ഇതിഹാസതോടോ, ഗോവര്‍ദ്ദന്റെ യാത്രകളോടോ നാം ചേര്‍ത്ത് വായിക്കുമോ?
നാലുകെട്ട് ആഘോഷിക്കുന്നതിലെ ഗുണങ്ങള്‍ നമുക്ക് ഇതില്‍ തിരയാന്‍ അനുവാദം ലഭിക്കുമോ?
അവ വ്യത്യസ്ത തലങ്ങളില്‍ വ്യത്യസ്ത ആസ്വാദന തലങ്ങളിലാണ് അനുവാചകരെ സ്വാധീനിക്കുന്നതെന്ന് പൊതുവേ പറയാം എന്ന് മാത്രം!
എഴുത്തിന്റെ സൌന്ദര്യ ശാസ്ത്രം കൊണ്ടല്ലാതെ ഭേദിക്കാനാകാത്ത വരേണ്യതകള്‍ നമ്മള്‍ സൃഷ്ട്ടിക്കരുത്.
അതിരുകള്‍ ഭേദിക്കപ്പെടാനുള്ളതാണ്

എംടിയുടെയും ബഷീറിന്റെയും സാഹിത്യ ലോകത്തെ സംഭാവനകളോ അവര്‍ ചെലുത്തിയ സ്വാധീനമോ ഒന്നും കുറച്ചു കാണിക്കാനല്ല ഇതൊന്നും കുറിച്ചത്..
എംടിക്ക് ശേഷവും കഥാ ലോകത്തിനു തുടര്‍ച്ചകള്‍ ഉണ്ട് ,അല്ലെങ്കില്‍ ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസമാണ് നാം പുലര്തെണ്ടാത് എന്ന എന്റെ വ്യക്തി പരമായ അഭി പ്രായം പരാമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്..

ഇത്ര സമഗ്രമായി കഥാലോകത്തെ പഠിച്ച, പരാമര്‍ശിച്ച നിരൂപക മനസ്സിനെ അഭിനന്ദിക്കട്ടെ
ഭാവുകങ്ങള്‍!
അലിഫ് കുമ്പിടി

സന്തോഷ്‌ പല്ലശ്ശന said...

ഇങ്ങിനെ ഓടിത്തോട്ടോടുന്നതിലും നല്ലത് ഏതിലെങ്കിലും ഒന്നില്‍ ഫോക്കസ്സുചെയ്ത് പഠിക്കുന്നതായിരുന്നു. മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം മൂന്നു തലമുറകളുടെ രചനാ ജീവിതമാണ് വ്യക്തമായി നമ്മുക്ക് പഠിക്കാനാവുന്നത്. ചെറുകഥയുടെ ഭാവുകത്വപരിണാമങ്ങളിലൂടെ കുറച്ചുകൂടി ഫോക്കസ്സ്ടായി ചെയ്യാന്‍ വിനീതിനാവും.

എനിക്ക് തോന്നുന്നത് പുതു കഥയില്‍ സുഷ്‌മേഷിനേപോലുള്ളവര്‍ കൂടുതലും ശ്രദ്ധിക്കുന്നത് പുതുമയുള്ള ചില സങ്കേതങ്ങളെ വികസിപ്പിച്ചു കൊണ്ടുവരാനാണ്. ചെറുകഥ പുതു സങ്കേതങ്ങളുടെ ഷോറൂമായി മാറാതെ നോക്കേണ്ട ഒരു ബാധ്യതകൂടി നമ്മുക്കുണ്ട്. സംശയമില്ല കാലത്തെ അതിജീവിക്കുന്നത് അതിന്റെ ശില്പമികവുകൊണ്ടുതന്നെയാണ് പക്ഷെ ഒരു ചെറുകഥകൊണ്ട് പരമമായ ചില ലക്ഷ്യങ്ങളുണ്ട് അതുകൂടി സാക്ഷാത്കരിക്കപ്പെടുന്നുണ്ടൊ എന്നുകൂടി നാം നോക്കണം. കാരൂരിന്റെ മരപ്പാവകള്‍ എന്ന കഥ ശില്പഭംഗികൊണ്ടു മാത്രല്ല... അത് വിനിമയം ചെയ്യുന്ന മാനവ സത്തകൊണ്ടുകൂടിയാണ് കാലത്തെ അതിജീവിക്കുന്നത്. പേജറിന്റെ സ്ഥാനത്ത് മൊബൈലുവരുന്ന ജീവിത വ്യതിയാനങ്ങളെ ആവിഷ്‌ക്കരിക്കുക മാത്രമാവരുത് എഴുത്തുകാരന്റെ ലക്ഷ്യം. സമകാലിക ജീവിതത്തിന്റെ വാഗ്മയ സ്‌നാപ്പുകളെ േ്രപക്ഷണം ചെയ്യലല്ല. സാഹിത്യത്തില്‍ നീന്ന് ജീവിതത്തിലേക്ക് പ്രതിലോമകരമായി ഇടപെടാന്‍ കെല്പ്പുള്ള കഥകളാണ് നമ്മുക്ക് വേണ്ടത്. നാദാപുരത്തെ ഭീതി ആവിഷ്‌ക്കരിക്കുന്നതിനുമപ്പുറം ''മതമില്ലാത്ത ജീവനെ'' സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ആജ്ഞാശക്തി കഥയ്ക്കുവേണം അതിന് എന്തുതരം സങ്കേതമാണോ ആവശ്യം അത് നമ്മള്‍ വികസിപ്പിക്കണം. അത് സമകാലിക ജീവിതവുമായുള്ള സഹജീവിതത്തില്‍ നിന്ന് കിട്ടുന്നതല്ല. അത് സമകലികതയേയും കവച്ചുവയ്ക്കുന്ന ഒരതീത ചിന്തയാണ്.....

സോറി ഇത്രയൊന്നും പറയാന്‍ ഉദ്ദേശിച്ചതല്ല...
വിനിത്... നന്നായി നല്ല പോസ്റ്റ് നല്ല ശ്രമം... :)

vk ramachandran said...

സന്തോഷിനോട് യോജിക്കുന്നു. മറ്റു സൃഷ്ടികളെ സത്യസന്ധമായി ആഴത്തില്‍ വിലയിരുത്താന്‍ നല്ല കഴിവുണ്ട് വിനീതിന്. ഇങ്ങനെ ഓടിച്ചു നോട്ടത്തിനു പകരം ഒരാളെ വളരെ വിശദമായി പഠിച്ചു "പൊരിച്ചു" വെക്കൂ. ആശംസകള്‍ !

Vineeth Rajan said...

വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി.
@Alif: സാഹിത്യകാരന്മാരെ പര്‍വ്വതീകരിക്കുക എന്നത് അന്നുമാത്രമല്ല, ഇന്നും നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്. അന്നുണ്ടായിരുന്ന നിരൂപകപണ്ഡിതന്മാര് ആണ് അതിന്റെ ഏക ഉത്തരവാദികള്‍. എന്തിരുന്നാലും അവര്‍ എഴുതിയ മികച്ച രചനകളെ നമുക്ക് ഒരിക്കലും മറക്കാനും കഴിയില്ല. ഇന്ന് അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ആ നിരൂപകശ്രേണി ഇല്ലാത്തത് കൊണ്ട് മാത്രമായിരിക്കാം ഇന്ന് ഒരുപക്ഷേ ആരും പര്‍വ്വതീകരിക്കപ്പെടാത്തത്...ഇല്ലായിരുന്നെങ്കില്‍ ടി.ഡി.രാമക്രിഷ്ണനും,ബെന്യമിനുമൊക്കെ ചിലപ്പോള്‍ ഇന്ന് മലയാളസാഹിത്യരംഗത്തെ മുടിചൂടാമന്നന്മാരായിരുന്നേനെ.. :)

@ Santhosh: സന്തോഷേട്ടാ, വളരെ പെട്ടെന്ന് ചെയ്തുകൊടുക്കേണ്ടി വന്ന ഒരു വര്‍ക്ക് ആണ് ഇത്. അതിന്റെ എല്ലാ പോരായ്മകളും ഇതില്‍ ഉണ്ട്. ക്ഷമിക്കുമല്ലോ..

K.P.Sukumaran said...

വിനീത് , നന്നായി വിശകലനം ചെയ്തിട്ടുണ്ട്. ഭാവുകങ്ങള്‍ നേരുന്നു. രണ്ടിടത്ത് അക്ഷരത്തെറ്റ് ശ്രദ്ധയില്‍ പെട്ടു. അത് നിസ്സാരമാണെങ്കിലും ഇങ്ങനെയൊരു ഗൌരവമുള്ള പോസ്റ്റില്‍ അങ്ങനെ പാടില്ല. തിരുത്തുക. താഴെ പറയുന്ന വരികളിലാണ് തെറ്റ് :

1)സ്ത്രീവിഷയങ്ങളോടുള്ള വിധ്യാത്മക സമീപനം

2)വര്‍ണ്ണനയിലൂടെ കഥയുടെ അലിപ്പം കൂട്ടുക എന്നതാണ് ഖാദറിന്റെ രീതി.

സസ്നേഹം,

Anonymous said...

deepasthambham mahascharyam

Umesh Pilicode said...

ആശംസകള്‍

Post a Comment

© moonnaamidam.blogspot.com