ടോണി എന്നാ പേരില്‍ ഒരു കവിയില്ല

ലളിതം, എന്നാല്‍ വാക്കുകളുടെ മുഖങ്ങളില്‍ കഠിനമായ സംഘര്‍ഷം. ഒരു ദ്രുതസ്ഫോടകവസ്തുവിന്റെ സാന്നിദ്ധ്യം അറിയിക്കും പോലെ വിഷയാവതരണം. അതാണ് ടോണിയുടെ കവിതകള്‍. പ്രതിഭയുടെ ഏകരൂപമായ പ്രവര്‍ത്തനത്തിന്റെ അടരുകളിലൂടെ അയാള്‍ കാലത്തെ അറിയുകയാണ്. പിന്നിട്ട വഴികളെ, തളര്‍ന്നിരുന്ന പാതയോരങ്ങളെ ഒന്നൊന്നായി ഓര്‍ത്തുകൊണ്ട് ടോണി സംസാരിക്കുന്നു.

ആധുനികാനന്തര കവിതകളുടെ പ്രധാനപ്പെട്ട സവിശേഷത അവ പ്രത്യേകിച്ച് യാതൊരു ദര്‍ശനവും മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണല്ലോ. ആധുനിക കവിതകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ കവിതകള്‍ ഒരു പരാജയമാണെന്ന് കരുതുന്നുണ്ടോ? ഈ രീതിയിലൂടെ സഞ്ചരിച്ച് വന്നപ്പോള്‍ താങ്കളുടെ കവിതകള്‍ക്ക് എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളത്?

യാതൊരു ദര്‍ശനവും മുന്നോട്ട് വയ്ക്കുന്നില്ല എന്നതല്ല ആധുനികാനന്തര കവിതകളുടെ സവിശേഷത. ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞുപരത്തിയ ഒരു തെറ്റിദ്ധാരണയാണത്. ആധുനികകവിതകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആധുനികാനന്തരകവിതകള്‍ ഒരിക്കലും പരാജയമല്ല. ആധുനികതയുടെ പ്രത്യയശാസ്ത്രപരമായ ഉട്ടോപ്യന്‍ ഡിസയറില്‍ നിന്നും ഡിസ്ടോപ്യന്‍ റിയാലിറ്റിയിലേക്ക് ചുവടുമാറിയിട്ടുണ്ട് ആധുനികാനന്തരകവിത. വലിയ ആദര്‍ശവത്കരണങ്ങളെ ഒഴിവാക്കി യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേരെ കാണാന്‍ അവ ശ്രമിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ആധുനികാനന്തര കവിതയില്‍ തേടേണ്ട. അവ ബ്രിഹദാഖ്യാനങ്ങളെ തിരസ്കരിക്കുന്നു എന്ന് പറയുന്നതിന്റെ ഒരര്‍ത്ഥം ഇതാണ്. ആധുനികതയുടെ ആലംബഭാവം മുതലാളിത്തമൂല്യ തിരസ്കാരമാണ്. എന്നാല്‍ മുതലാളിത്തത്തിന്റെ അജയ്യതയാണ് ഇന്നത്തെ ലോകാവസ്ഥ. ഇതിനെ പില്‍ക്കാല മുതലാളിത്തം (Late capitalism) എന്ന് ഫ്രെഡറിക് ജയിംസണും മറ്റും പറയുന്നു. ഏതെങ്കിലും ഒരു ബ്രിഹദാഖ്യാനത്തില്‍ അന്ധമായി വിശ്വസിച്ചുകൊണ്ട് ഇതിനെ മറികടക്കാം എന്ന് കരുതുന്ന കാല്പനിക വിഡ്ഢികളല്ല പുതുകവികള്‍. അതിന്റെ അര്‍ത്ഥം ഇവര്‍ ഈ ലോകാവസ്ഥയെ അംഗീകരിക്കുന്നു, അതില്‍ അഭിരമിക്കുന്നു എന്നല്ല. അഭിമുഖീകരിക്കുന്നു എന്നതാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക, സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശികമായ, സമീപസ്ഥമായ വസ്തുതകളാണ് കൂടുതല്‍ ഉതകുക എങ്കില്‍ അത്തരം ഒരു സമീപനരീതി സ്വീകരിക്കുക, പ്രതിഷേധിക്കുക, യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുക, വിയോജിക്കുക, നിഷേധിക്കുക, പരിഹസിക്കുക- ഇങ്ങനെയൊക്കെ ആധുനികാനന്തര കവികള്‍ ചെയ്യുന്നു. ഇതിനാകട്ടെ ഒരു വികേന്ദ്രീകൃതസ്വഭാവം ഉണ്ട് താനും. അതില്‍ക്കവിഞ്ഞ് കേന്ദ്രീകൃതമായ ഒരു ’സംഘടിതപ്രത്യാശാവിതരണം’ ആധുനികാനന്തരകവിതകളുടെ പരിപാടിയല്ല. ഇത്തരത്തിലുള്ള പല മാറ്റങ്ങളും ആധുനികാനന്തര കവിതകളില്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് എന്റെ തോന്നല്‍. അതെന്റെ കവിതയിലും സംഭവിച്ചിട്ടുണ്ടാകാം. ഒരു സ്കെയില്‍ വച്ച് വരച്ച് കൃത്യമായി ആധുനികകവിതയെയും ആധുനികാനന്തരകവിതയെയും വേര്‍തിരിക്കാനാവില്ല. അതിന്റെ ആവശ്യവുമില്ല. കാരണം കവിത ജീവിതമാണ്. ജീവിതം തുടര്‍ച്ചയാണ്. സമീപനരീതികളാകട്ടെ മാറുന്ന ജീവിതത്തിനനുസരിച്ച് താനേ പരിണമിക്കുന്ന പ്രക്രിയയും.
സാധരണത്വത്തിലൂന്നിയ ചുരുങ്ങിയതും, ശക്തമേറിയതുമായ ക്രാഫ്റ്റിലുള്ളതാണ്
താങ്കളുടെ ഭൂരിഭാഗം കവിതകളും. അതില്‍ ശ്രദ്ധേയമായ ഒന്നാണ് ‘ആട്ടം,നോട്ടം’ എന്ന കവിത. അതിശയിപ്പിക്കാനൊന്നുമില്ലാത്ത ജീവിതത്തെയും, ചുറ്റുപാടുകളെയും കുറിച്ച് അതില്‍ പറയുന്നുണ്ട്. ആ കവിതയെ വര്‍ത്തമാനകാലത്തിലേക്ക് ഒന്ന് തിരിച്ചുകൊണ്ട് വരാന്‍ സാധിക്കുമോ?

ആ കവിത വര്‍ത്തമാനകാലത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. പൊള്ളയായ കാല്പനിക
ആദര്‍ശവത്കര
ണത്തെയും അതിഭാവുകത്വപാരമ്പര്യത്തെയുമാണ് ആ കവിത പരിഹസിക്കുന്നത്. നേരത്തെ പറഞ്ഞ Dystopian Reality കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള കവിതയാണത്. വ്യവസ്ഥാപിത കാവ്യസൗന്ദര്യമൂല്യത്തെ അനുസരിക്കാത്തതാണ് ആ കവിത. അതുകൊണ്ടാണ് ‘ഇത് കവിതയാണോ?’ എന്ന് പലരും സംശയിക്കുന്നതും. ഒരുതരം De-aestheticized ആയ രചനയാണത്. ഇത് വായിച്ചാല്‍, ഇതില്‍ ഒരു വിഷയവുമില്ലല്ലോ എന്ന് തോന്നും. ശരിയാണ്, നിങ്ങള്‍ക്ക് കുഴിച്ചെടുക്കാന്‍ പാകത്തില്‍ അതില്‍ ഒന്നും നിഗൂഹനം ചെയ്തുവച്ചിട്ടില്ല. പുതുകാലത്തിന്റെ ഒരു മനോഭാവപ്രദര്‍ശനമാണ് ആ കവിത. അകവും പുറവും ഇല്ല അതിന്. ആഴവും ഉപരിതലവുമില്ല. പക്ഷേ, അതിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളെ കാണാം, കണ്ണാടിയിലെന്ന പോലെ. കണ്ണാടിയില്‍ നിങ്ങള്‍ക്ക് വളരെ ദൂരെയുള്ളതും അടുത്തുള്ളതും കാണാം. എന്നാല്‍, അകലത്തിന്റെ ആഴം കണ്ണാടിയ്ക്കില്ല. അത് ഒരു പ്രതലം മാത്രമാണ്. ഒരു വലിയ കഥ/പ്രമേയം ഉണ്ടായിരിക്കുക, അതില്‍ വലിയ ഉപദേശങ്ങളും തത്ത്വങ്ങളും ആഹ്വാനങ്ങളും അടങ്ങിയിരിക്കുക, ഒരു സാമൂഹ്യപ്രശ്നം അവതരിപ്പിക്കുക, ആ സാമൂഹ്യപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ വായനക്കാരന് വിപ്ലവബോധം പകരുക, ആത്മീയപ്രത്യാശ പകരുക ഇങ്ങനെയൊക്കെയുള്ള എന്തോ ഒന്നാണ് കവിത എന്നാണ് പൊതുവെ കവിതയെ സംബന്ധിച്ചുള്ള അംഗീകൃത സങ്കല്പം. ‘ആട്ടം,നോട്ട’ത്തില്‍ അതൊന്നുമില്ല. ഒരു തെങ്ങിന്‍പട്ട ആടുന്ന തികച്ചും സാധാരണമായ കാര്യം മാത്രമേ അതിലുള്ളൂ. ഇതുവരെയുള്ള നമ്മുടെ കാ
വ്യഭാവുകത്വത്തെയും പ്രസ്ഥാനബോധങ്ങളെയും ആഖ്യാനസ്വഭാവങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു രീതിയാണ് ഇത്. ഇത് ഒരു പ്രതിഷേധമാണ്, പ്രതികാരമാണ്, അവിശ്വാസമാണ്, പൊളിച്ചുകളയല്‍ ആണ്, പരിഹാസമാണ്, തോന്നിയതൊക്കെയാണ്. ഒരു മുന്മാത്രികയുമില്ലാത്ത രചനയാണത്. അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ മനസ്സിലാവും, നിങ്ങളുടെ ലാഘവത്വത്തെ, നിങ്ങളുടെ അശ്രദ്ധയെ, സ്വാര്‍ത്ഥതയെ, അല്പത്തത്തെ, ഇത്രയും കാലം നിങ്ങള്‍ പൊക്കിക്കൊണ്ട് നടന്ന വലുപ്പങ്ങളുടെ പൊള്ളത്തരങ്ങളെ. ഇത്രയൊക്കെ ഞാന്‍ ആ കവിതയെപ്പറ്റി പറഞ്ഞു. അതൊന്നും നിങ്ങള്‍ കണക്കാക്കേണ്ട. നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടുവോ ഇല്ലയോ? ഇല്ലെങ്കില്‍ ഇല്ല. അതാണ് കാര്യം. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി പറഞ്ഞാല്‍ പോരാ.

റിയലിസത്തിന്റെ പരിമിതികളെ ലംഘിച്ച് പോകുന്ന ഗ്രാമീണദൃശ്യങ്ങള്‍ കവിതകളില്‍ പൊതുവേ കാണുന്നുണ്ട്. പുതിയ കാലത്തെ അറിയുവാനോ പകര്‍ത്തുവാനോ ഉള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാം ഈ പ്രവണത. ഇത്തരത്തിലുള്ള കവികളുടെ സ്വകാര്യ നിരീക്ഷണങ്ങളെ എങ്ങിനെ കാണുന്നു?

ചില കവികള്‍ ഈ പ്രവണത നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. അതിനെ ഞാന്‍
പോസിറ്റീവായിത്തന്നെയാണ് കാണുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പല കവിതകളിലും ഈ കാലത്തിന്റേതായ ഒരു പുതിയ സൗന്ദര്യാത്മകതയുടെ അഭാവമുണ്ട്. പലപ്പോഴും ഇവയുടെ വാഹനം കാല്പനികത തന്നെയായിരിക്കുന്നു.
‘ഗ്രാമീണദൃശ്യങ്ങ
ള്‍’ പലതും നമ്മുടെ നാടന്‍ പാട്ടുകളില്‍ കാണുന്ന ഫ്ലോറയും
ഫോണയും തന്നെയാണ് അതുകൊണ്ട് ഇത് തികച്ചും പുതുതാണ് എന്നവകാശപ്പെടാന്‍ വയ്യ. പലപ്പോഴും ഇവ വേര്‍ഡ്സ് വര്‍ത്തോളം എത്തുന്നുണ്ടു താനും. അവയെ രസവിചാരം
ചെയ്യുകയാണെങ്കില്‍ നവരസങ്ങള്‍ക്കുമപ്പുറത്ത് പത്താമത്തേതൊ പതിനൊന്നാമത്തേതോ ആയി ഈ കാലത്തിന്റേതായ ഒരു ‘പുളിപ്പുരസം’ അവതരിപ്പിക്കുന്നതില്‍ അവ വൈമുഖ്യം കാണിക്കുന്നുവെന്ന് പറയേണ്ടിവരും, ഭാഷയിലും പരിചരണത്തിലുമൊക്കെ ചില വ്യത്യസ്തതകള്‍ കണ്ടേക്കാമെങ്കിലും. കെ.സി.കാട്ടാക്കടയുടെ കവിതയിലുണ്ട് ഇത്തരം ഗ്രാമീണദൃശ്യങ്ങള്‍.(കിഴക്കിന്റെ കറുത്ത സൂര്യന്‍ എന്ന സമാഹാരം നോക്കുക). പക്ഷേ, അവ വളരെ അസംസ്കൃതം (Crude) ആയി തോന്നി. അവയെ കൂടുതല്‍ refined ആയി അവതരിപ്പിക്കുന്നതില്‍ ഇപ്പോള്‍ പലര്‍ക്കും വൈദഗ്ധ്യം ഉണ്ട്. അത് നല്ലത് തന്നെ. കവിതയുടെ കാര്യത്തില്‍, കവിത നന്നായാല്‍ എനിക്ക് എതിരഭിപ്രായമൊന്നുമില്ല. കവിതയെപ്പറ്റിയുള്ള പറച്ചിലുകളൊക്കെ ആരുടെയെങ്കിലും പുതിയ ഒരുഗ്രന്‍ കവിത വായിക്കാനിടയാകുമ്പോള്‍ ഞാന്‍ മറന്നു പോകുകയും ചെയ്യും. എന്റെയോ നിങ്ങളുടെയോ വിശകലനങ്ങള്‍ക്കനുസരിച്ചൊന്നുമല്ല ലോകം പോകുക. ലോകം അതിന്റെ വഴിക്ക് പോകും. ഞാന്‍ എന്റെ വഴിക്കും. അതിനിടയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ചര്‍ച്ചയെങ്കില്‍ ചര്‍ച്ച. നമുക്ക് തുടരാം.

പുതുകവിതയിലെ രാഷ്ട്രീയത്തെ അല്ലെങ്കില്‍ രാഷ്ട്രീയജീര്‍ണ്ണതയെ ഒന്ന് വിലയിരുത്താമോ?

രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല. രാഷ്ട്രീയം നരസിംഹമാണ്. അത് തൂണിലും
തുരുമ്പിലും ഉണ്ട്. അടുക്കളയില്‍ ഉണ്ട് രാഷ്ട്രീയം. വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്നൊക്കെ കേള്‍ക്കുന്നു. കവിതയില്‍ കാവ്യബാഹ്യമായ ഒരു രാഷ്ട്രീയം എന്തിനാണ്? കവിത സ്വയം ഒരു രാഷ്ട്രീയമല്ലേ? കവിതയില്‍ നിന്ന് രാഷ്ട്രീയത്തെ വേര്‍തിരിച്ചെടുക്കാന്‍
പറ്റുമോ? ഒരു സംഗതി കവിതയാവുമ്പോള്‍ അതില്‍ മറ്റെല്ലാം ഉണ്ടാകും. മറ്റെല്ലാം
ഉണ്ടായാലും ഒരു സംഗതി കവിതയായിത്തീരണമെന്നില്ല. ആധുനികകവിതയില്‍ കാണാനാവുന്നത് മിക്കവാറും സ്ഥൂലരാഷ്ട്രീയമാണ്. അതിന്റെ അടിസ്ഥാനം മാര്‍ക്സിയന്‍ ബ്രിഹദാഖ്യാനമാണ്. ‘അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉണരുന്ന ആത്മചോദന’ എന്ന മാതിരിയുള്ള പ്രയോഗങ്ങളില്ലാത്ത ഒറ്റ കവ്യവിമര്‍ശനവും അക്കാലത്ത് വായിക്കാന്‍ കിട്ടുമായിരുന്നില്ല. മാര്‍ക്സിയന്‍ കാഴ്ചപ്പാട് പാടേ അപ്രസക്തമായി എന്നൊന്നും ഞാന്‍ കരുതുന്നില്ല. വളരെ ശരിയും ശക്തവുമായ ഒരു സമീപനം തന്നെയാണത്. പക്ഷേ, പൊതുസമൂഹത്തില്‍ അത്തരത്തിലുള്ള ഒരു അടിയന്തിരസാഹചര്യം പലകാരണങ്ങള്‍ കൊണ്ട് ഇന്ന് നിലനില്‍ക്കുന്നതായി തോന്നുന്നില്ല. സ്വന്തം കാര്യം നടക്കാനാണ് ഇന്ന് ജനങ്ങള്‍ക്ക് ഏത് പാര്‍ട്ടിയെക്കൊണ്ടും ആവശ്യം.
അതുകൊണ്ട് പുതുകവിതയില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നത് തന്നെ തെറ്റാണ്. മേല്‍പ്പറഞ്ഞ വിധത്തിലുള്ള സ്ഥൂലരാഷ്ട്രീയം ഇല്ല എന്നേയുള്ളൂ. പോകട്ടെ, സ്ഥൂലരാഷ്ട്രീയ കവിതകള്‍ പോലും ഇന്നുണ്ടാവുന്നുണ്ടല്ലോ? ധാരാളമായി ഉണ്ടാവുന്നുണ്ട്. എന്നിട്ടും രാഷ്ട്രീയകവിതകള്‍ ഉണ്ടാവുന്നില്ല എന്ന് നമുക്ക് തോന്നുന്നതിന്റെ അര്‍ത്ഥം അത്തരം കവിതകള്‍ വ്യാജകവിതകളാണ്, അവ മനുഷ്യനെ സ്പര്‍ശിക്കുന്നില്ല എന്നതാണ്.
ഇന്ന് ഒരു മനുഷ്യന് നഗരവത്കരണത്തിനും കമ്പോളവത്കരണത്തിനും ആഗോളവത്കരണത്തിനും അനുരോധമായിട്ടല്ലാതെ ജീവിക്കാന്‍ പറ്റുകയില്ല എന്ന അവസ്ഥ വന്നിട്ടുണ്ട്. അങ്ങനെയിരിക്കെ കവിതയില്‍ മാത്രം ഇവയ്ക്ക് എതിരായി ‘പ്രബുദ്ധത’ ആവിഷ്കരിച്ചാല്‍ അത് സത്യസന്ധത ഇല്ലായ്മയാണ്. ജീവിതം പോകുന്ന വഴിക്കേ ഭാഷയും കവിതയും പോകൂ. താനും ഭാര്യയും ലക്ഷങ്ങള്‍ കോഴ കൊടുത്തും കാലുനക്കിയും തൊഴിലും സ്ഥാനമാനങ്ങളും നേടുകയും മക്കളെ മലയാളം പറഞ്ഞാല്‍ ശിക്ഷിക്കുന്ന സ്കൂളില്‍ പഠിപ്പിക്കുകയും ചെയ്ത ശേഷം മൂലധനസംസ്കാരത്തിനെതിരെയും മലയാളത്തനിമയ്ക്കനുകൂലമായും പേനയുന്തുന്നതാണ് കള്ളത്തരം. നമുക്ക് ‘പ്രബുദ്ധത’ എഴുത്തില്‍ മാത്രം മതിയോ? ജീവിതത്തില്‍ വേണ്ടേ? നമുക്ക് ദളിതന്റെ ഭാഷ കവിതയില്‍ മാത്രം മതിയോ? നഷ്ടപ്പെട്ട, പാര്‍ശ്വവത്കൃതമായ സാംസ്കാരിക പരിസരത്തെ പ്രായോഗിക ജീവിതത്തില്‍ വീണ്ടെടുത്തുകൊണ്ടാവണം കവിതയില്‍
ഭാഷ കൊണ്ട് അത് വീണ്ടെടുക്കാന്‍. ഇമ്മാതിരിയൊക്കെയുള്ള വ്യാജം ഇന്നത്തെ കവിതയില്‍ കാണില്ലായിരിക്കും. അത് അരാഷ്ട്രീയതയല്ല. അതാണ് രാഷ്ട്രീയം. കൂടുതല്‍ കൂടുതല്‍ സത്യസന്ധനാവുന്നതിന്റെ രാഷ്ട്രീയം. ആധുനികാനന്തര കവിത സത്യസന്ധമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

വേണ്ടത്ര ശ്രദ്ധ താങ്കളുടെ കവിതകള്‍ക്ക് ലഭിക്കാതെ പോയിട്ടുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

തോന്നിയിട്ടുണ്ട്. ഞാന്‍ ദളിതനല്ല, സവര്‍ണ്ണനല്ല, പാട്ടുകവിയല്ല, പണ്ഡിതനല്ല, മതവിശ്വാസിയല്ല, യുക്തിവാദിയല്ല. എനിക്ക് സംവരണമില്ല,സ്ഥിരജോലിയില്ല, സ്ഥിരവരുമാനമില്ല, സാമ്പത്തികഭദ്രതയില്ല, സ്വന്തം വീടില്ല, കാവ്യപാരമ്പര്യമില്ല, സര്‍വ്വോപരി ഒരു പാര്‍ട്ടിയുടെയും സംഘടനയുടെയും അംഗത്വകാര്‍ഡില്ല. ഒരു താഴ്ന്ന മധ്യവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഇങ്ങനെയുള്ള എനിക്ക് കാവ്യരംഗത്ത് എന്ത് കാര്യം എന്നാണ് പലരുടെയും ചോദ്യം. കോട്ടയത്ത് ഒരു മീറ്റിംഗില്‍ വച്ച് നരേന്ദ്രപ്രസാദ് പറഞ്ഞു, ‘ടോണിയോ, ആ പേരില്‍ ഒരു കവിയുണ്ടാവാന്‍ വഴിയില്ല’ എന്ന്. തൃശ്ശൂരില്‍ ബിനി ടൂറിസ്റ്റ് ഹോമിന്റെ ബാറില്‍ വച്ച് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു, ‘നിന്റെ മുഖം ശരിയല്ല, ഒരു കവിക്ക് യോജിച്ച
തല്ല’ എന്ന്.
മലയാളകവിതാ സാഹിത്യചരിത്രത്തില്‍ എനിക്ക് ശേഷം വന്ന കവികള്‍ക്ക് പോലും എം.ലീലാവതി സ്ഥാനം കൊടുത്തിട്ടുണ്ടെങ്കിലും എനിക്ക് രണ്ട് വരിപോലും നല്‍കിയിട്ടില്ല. കെ.സച്ചിദാനന്ദന്‍ തിരുവനന്തപുരത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ അഖിലേന്ത്യാ യുവകാവ്യോത്സവം സംഘടിപ്പിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. തങ്ങളെ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് കുരീപ്പുഴ ശ്രീകുമാറും ശാന്തനും മറ്റും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലേക്ക് അവരും എന്നെ ക്ഷണിച്ചില്ല. എനിക്ക് വേണ്ടത്ര മതവിശ്വാസമില്ലാത്തതുകൊണ്ട് ക്രിസ്ത്യന്‍ സാഹിത്യവേദികള്‍ക്കും എന്നെ വേണ്ട. എം.വി.ബെന്നി മലയാളം വാരികയില്‍ ചെയ്ത വര്‍ഷങ്ങളോളം നീണ്ടുനിന്ന, ‘അടയാളങ്ങള്‍’ എന്ന കവിപരിചയപംക്തിയില്‍ എന്നെ മാത്രം ഉള്‍പ്പെടുത്തിയില്ല. (മുട്ടിലിഴയുന്ന കവിക്കുഞ്ഞുങ്ങളെ വരെ അയാള്‍ ഉള്‍പ്പെടുത്തിയിരുന്നു.) ഭാഷാപോഷിണി പുതുകവികളെ അവതരിപ്പിച്ചപ്പോഴും എന്നെ ഉള്‍പ്പെടുത്തിയീല്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിപാടികളില്‍ പാര്‍ശ്വവത്കൃതര്‍ എന്ന് പറയപ്പെടുന്ന പല കവികളും പലതവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഞാന്‍ ഒരു തവണ മാത്രമേ പങ്കെടുത്തിട്ടുള്ളൂ; അതും സൗത്ത് സോണില്‍. കേന്ദ്രഗവര്‍മെന്റ് നടത്തുന്ന റിപ്പബ്ലിക്ദിന കാവ്യോത്സവത്തില്‍ ധാരാളം യുവകവികള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ ക്ഷണിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം ദൂരദര്‍ശന്‍ പോലും എന്നെ വിളിച്ചിട്ടില്ല. എന്റെ ഒരു അഭിമുഖം മാത്രമേ വന്നിട്ടുള്ളൂ, മാ
ധ്യമം ആഴ്ചപ്പതിപ്പില്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ എന്റെ കവിത മാത്രമേ വരാത്തതായിട്ടുള്ളൂ. സൗത്തിന്ത്യന്‍ ഭാഷകളില്‍ പോലും എന്റെ കവിത തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടില്ല. എന്റെ മൂന്ന് കാവ്യമാഹാരങ്ങള്‍ക്കും ഇതുവരെയും ഒരു പഠനം പോലും എവിടെയും വന്നിട്ടില്ല. സാറാജോസഫ് ഭാഷാപോഷിണിയില്‍ എഴുതിയ പഠനം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാനായി എഴുതിയതാണ്. എനിക്ക് ആകെ രണ്ട് അവാര്‍ഡുകളേ ലഭിച്ചിട്ടുള്ളൂ. പത്തോളം അവാര്‍ഡുകളെങ്കിലും ലഭിക്കാത്ത ഒരു യുവകവിയും ഇന്നുണ്ടാവാനിടയില്ല. ഒരു റിപ്പോര്‍ട്ടോ, ഒരു സ്റ്റോറിയോ എന്നെപ്പറ്റിയോ എന്റെ പുസ്തകങ്ങളെപ്പറ്റിയോ വന്നിട്ടില്ല. വര്‍ഷത്തെ ഏറ്റവും നല്ല പുസ്തകമായി എന്റെ പുസ്തകം
ആരും തെരെഞ്ഞെടുത്തിട്ടില്ല. തമിഴെഴുത്തുകാരനായ ജയമോഹന്റെ ‘മലയാളകവിതാകമ്പനി’യില്‍ എനിക്ക് സ്ഥാനമില്ല. നിരൂപണങ്ങളില്‍ ചില സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ എന്നെപ്പറ്റി വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. അത്രയേയുള്ളൂ. പറഞ്ഞുവരുന്നത് പാര്‍ശ്വവത്കൃതകവി എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് കിട്ടി
യിട്ടുള്ള അംഗീകാരത്തിന്റേയും മാധ്യമപിന്തുണയുടേയും ഇരുപത്തഞ്ചിലൊന്നു പോലും എനിക്ക് കിട്ടിയിട്ടില്ല എന്നാണ്. അപ്പോള്‍ ആരാണ് പാര്‍ശ്വവത്കൃതന്‍? കാവ്യരംഗത്ത് ആര് ആരെയാണ് പാര്‍ശ്വവത്കരിക്കുന്നത്? എന്നെ സവര്‍ണ്ണര്‍ അവരുടെ കൂടെ കൂട്ടുമോ? അവര്‍ണ്ണര്‍ അവരുടെ കൂട് കൂട്ടുമോ? വസ്തുതകള്‍ ഇങ്ങനെയിരിക്കെ എനിക്ക് തോന്നിയിട്ടുള്ളത്- ഞാന്‍ ആദ്യം പറഞ്ഞത് തിരുത്തുന്നു- എന്റെ കവിതകള്‍ക്ക് ശ്രദ്ധ കിട്ടിയിട്ടില്ലെന്നല്ല, എനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ലെന്നാണ്. രണ്ടും തമ്മില്‍ ബന്ധമുണ്ട്.
നിങ്ങള്‍ ചോദിച്ചത് കൊണ്ട് പറഞ്ഞുവെന്നേയുള്ളൂ. എനിക്ക് അഭിമാന
ക്കുറവൊന്നുമില്ല. എന്നെ കാവ്യരംഗത്ത് നിന്ന് ഓടിക്കാമെന്ന് ആരും കരുതണ്ട. കാരണം, കവിത എന്റെ ജീവിതമാണ്. എളുപ്പത്തില്‍ ലേബല്‍ ചെയ്യാന്‍ കഴിയുന്ന തരം കവിതകളെടുത്ത് നിരൂപകര്‍ കൊണ്ടാടുന്നു. അതവരുടെ രീതി. അതിന് ഞാന്‍ കരഞ്ഞിട്ട് വല്ലകാര്യവുമുണ്ടോ?

അപ്പോള്‍ താങ്കള്‍ കവിതയെഴുതുന്നത് അംഗീകാരത്തിനും, പ്രശസ്തിക്കും, പദവിക്കും വേണ്ടിയാണോ?

വ്യത്യസ്ത ചാര്‍ജ്ജുള്ള മഴമേഘങ്ങള്‍ തമ്മിലുള്ള Potential difference ആണ്
മിന്നലുണ്ടാവുന്നതിന് കാരണം. മിന്നല്‍ കൊണ്ട് വെളിച്ചമുണ്ടാകുന്നുണ്ട്. വെളിച്ചമുണ്ടാക്കാനാണോ മിന്നുന്നത്? സമൂഹവും ഞാനും തമ്മിലുള്ള Potential difference ആണ് കവിത എന്ന Spark ഉണ്ടാക്കുന്നത്. അതുകൊണ്ട് പ്രശസ്തി എന്ന വെളിച്ചമുണ്ടാകുന്നുണ്ട്. പക്ഷേ, അത് രണ്ടാമത്തെ കാര്യമാണ്.
പ്രശസ്തി എളുപ്പം കിട്ടുക സിനിമാരംഗത്താണ്. പ്രശസ്തിക്ക് വേണ്ടി കവി
തയെഴുതാന്‍ തുടങ്ങുന്നത് വിഡ്ഢിത്തമാണ്. കാരണം, വളരെ ഞെരുക്കമാണ് കവിതാരംഗത്ത് ഒരിഞ്ചു സ്ഥലം സ്വന്തമായി പതിഞ്ഞുകിട്ടാന്‍. കവിയാണെന്ന് പറഞ്ഞാല്‍ നിങ്ങളെ ഒരു ജോലിക്കും ആരും എടുക്കില്ല. ഉള്ള ജോലി കൂടി പോകും. തനികവി ആണെങ്കില്‍ തെരുവ് ആധാരം! – ഇതാണ് പദവിയുടെ കാര്യം.
ഏതെങ്കിലും ഒരു പീറസിനിമയില്‍ മൂടോ മാറോ കാണിച്ച ഒരു മൂന്നാം
കിട നടിക്കോ നടനോ ഒരു ഓട്ടക്കാരിക്കോ ആട്ടക്കാരിക്കോ ഒരു രാഷ്ട്രീയവിടുവായനോ ക്രിമിനലിനു പോലുമോ ലഭിക്കുന്ന സാര്‍വ്വത്രീകമായ സ്ഥാനത്തിന്റെയും മാധ്യമപരിഗണനയുടെയും ആദരവിന്റെയും അംഗീകാരത്തിന്റെയും ആയിരത്തിലൊരംശം പോലും ഒരു കവിക്ക് സ്വപ്നം കാണാന്‍ കൂടി കഴിയില്ല.

അമ്മയുമായി ദിവസവും ഒരു മണിക്കൂറെങ്കിലും സംസാരിക്കല്‍ അത് നല്ലൊരു ഭാഷാശിക്ഷണമാണെന്ന് വള്ളത്തോള്‍ പറഞ്ഞിട്ടുണ്ട്. താങ്കളുടെ ഭാഷാശില്പത്തിന് താങ്കള്‍ കടപ്പെട്ടിരിക്കുന്നത് അമ്മയോടാണോ?

ഭാഷാശിക്ഷണത്തില്‍ അമ്മയോടും അച്ഛനോടുമൊന്നും എനിക്ക് യാതൊരു കടപ്പാടുമില്ല. എനിക്ക് എന്നോട് മാത്രമേ കടപ്പാടുള്ളൂ.

ഭാഷയുടെ സൗന്ദര്യശാസ്ത്രത്തില്‍ താങ്കള്‍ ഉത്കണ്ഠപ്പെടുന്നുണ്ടോ? ഭാഷയെ സമകാലികമാക്കാന്‍ താങ്കള്‍ മനഃപ്പൂര്‍വ്വം യത്നിക്കുന്നതായി ചില കവിതകളില്‍ കാണുന്നുണ്ട്. മനസ്സിന്റെ ഭാഷയ്ക്ക് കാലികമായ മാറ്റം വരുന്നില്ല അഥവാ വരില്ല എന്ന് തോന്നുന്നുണ്ടോ?

എനിക്കറിഞ്ഞുകൂടാ, ഞാനെന്തിലൊക്കെയാണ് ഉത്കണ്ഠപ്പെടുന്നതെന്ന്. ഭാഷയെ സമകാലികമാക്കലൊക്കെ തനിയെ സംഭവിക്കുന്നതാണ് എന്നാണ് തോന്നുന്നത്. ചുറ്റുപാടുകളുടെ മാറ്റത്തിനനുസരിച്ച് നമ്മുടെ ‘മനസ്സിന്റെ ഭാഷ’(അതെന്താണാവോ!) മാറുമായിരിക്കും. എന്നാല്‍ മാറാത്ത ചില സാര്‍വ്വലൗകിക/കാലിക മൂലകങ്ങളുമില്ലേ മനസ്സിന്റെ ഭാഷയ്ക്ക്?

പുനര്‍വായന എന്നത് ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണല്ലോ. എങ്കില്‍ പഴയകാലത്തില്‍ ദൃഷ്ടിയുറപ്പിച്ച് പുതുകവികളെ ഒന്ന് വായിക്കാമോ?

ഇന്നത്തെ കാലത്തില്‍ നിന്ന് പഴയകവിത വായിക്കുമ്പോള്‍ നാം കാലത്തില്‍ പഴയതിലേക്ക് പോകുന്നൊന്നുമില്ല എന്നാണ് തോന്നുന്നത്. മറിച്ച് പഴയകാലത്ത് എഴുതപ്പെട്ടവയുടെ ചിരസ്ഥായിയായ അംശങ്ങളോട് പുതുകാലത്തിന്റെ ഭൂമികയില്‍ വെച്ച് സംവദിക്കുകയാണ്. ഒരു മനുഷ്യനും നൂറ് ശതമാനം പഴയ കാലത്തില്‍ Fixate ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മനുഷ്യായുസ്സ് കൂടിവന്നാല്‍ നൂറ് വര്‍ഷം. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു വലിയ കാലഘട്ടമല്ല.

പഴയ കാവ്യാസ്വാദകര്‍ പുതുകവിതയെ വിമര്ശിക്കുന്നതും അതില്‍ കവിതയില്ലെന്ന് പറയുന്നതും, ഇത്തരം കവിതകള്‍ വൃത്തതാളബദ്ധമല്ലെന്ന കാരണം കൊണ്ടാണെന്ന് നമുക്ക് കണക്കാക്കാമോ?

ആശാരിയുടെ കുറ്റവുമാകാം, മരത്തിന്റെ വളവുമാകാം. ഭാവുകത്വ-കവിത്വ പ്രശ്നമാണിത്.
ഓ.എന്‍.വി.കുറുപ്പ് കോട്ടയത്ത്-അതോ എറണാംകുളത്തോ ഡി.സി.ബുക്സിന്റെ ഒരു കവിയരങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു, പുതുകാലത്തെ കവിതകള്‍ കരിമ്പിന്റെ മുട്ടു പോലെയാണെന്ന്! അതിന് മധുരം കുറവായിരിക്കും. കുറേക്കാലം കൂടി കഴിയുമ്പോള്‍ മധുരമുള്ള തണ്ടിന്റെ ഭാഗം വരുമെന്നും പറഞ്ഞു. വേദിയില്‍ നാല്പതുകളിലെത്തിയ ഞാനടക്കമുള്ള ‘യുവകവികള്‍’ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ആദരവാണ് എനിക്കപ്പോള്‍ തോന്നിയത്. അദ്ദേഹം ഏതെങ്കിലും കാലത്തെ കാവ്യരീതിയില്‍ Fixate ചെയ്തു പോയി എന്ന് പറയാന്‍ എനിക്ക് അവകാശമില്ല. അദ്ദേഹം തനിക്ക് തോന്നാത്തത് പറഞ്ഞ് പുതുതലമുറയുടെ കൈയ്യടി വാങ്ങാന്‍ ശ്രമിച്ചില്ലല്ലോ. അത്രയും നന്ന്.

ഭാഷ വാക്കുകളുടെ വെറുമൊരു കൂട്ടമല്ല. നമ്മളെങ്ങനെ ലോകത്തെ കാണുന്നുവെന്ന് തീരുമാനിക്കുന്നത് നമ്മുടെ ഭാഷയാണ്. താങ്കള്‍ക്ക് എന്താണ് ഭാഷ?

മനുഷ്യര്‍ക്ക് എന്താണോ ഭാഷ അത് തന്നെയാണ് എനിക്കും. പക്ഷേ, കവിതയെഴുതുമ്പോള്‍ ഞാന്‍ ഭാഷ ഉപയോഗിക്കാനാഗ്രഹിക്കുന്നത് മറ്റൊരു രീതിയിലാണ്. ഒരു മൈതാനത്ത് ഒരു റോഡുണ്ട് എന്ന് പറയും. റോഡ് കാണണമെങ്കില്‍ റോഡല്ലാത്ത ഭാഗത്തൊക്കെ കല്ലും കട്ടയും കൊണ്ടിട്ടാല്‍ മതി. ഇവിടെ കല്ലും കട്ടയും കൊണ്ട് റോഡിനെ വേര്‍തിരിച്ച് കാണിക്കുകയാണ്. ഈ കല്ലിന്റെയും കട്ടയുടേയും സ്ഥാനമേ വാക്കുകള്‍ക്ക് കവിതയിലുള്ളൂ. കവിത നമുക്ക് എഴുതാന്‍ പറ്റില്ല. അത് അവിടെ ഉണ്ട്. വാക്കുകള്‍ കൊണ്ട് കവിതയെ വേര്‍തിരിച്ച് കാണിക്കാനെ പറ്റൂ. എഴുതുന്ന വാക്കുകളിലല്ല കവിത, വാക്കുകള്‍ക്കിടയിലാണ് എന്ന് പറയുന്നതിന്റെ പൊരുള്‍ ഇതാണ്. മറ്റൊരു രീതിയില്‍ സുഗമമായി പറയാവുന്ന ഒരാശയം അവതരിപ്പിക്കാന്‍ കവിതയെഴുതേണ്ട കാര്യമില്ല.

എത്ര എഴുതിയിട്ടുള്ള ഒരു കവിക്കും പുതിയൊരു അനുഭവത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പതര്‍ച്ച വരും എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഉണ്ടായ പതര്‍ച്ചയില്‍ എഴുതാന്‍ കരുതിയ വരികള്‍ പിന്‍വാങ്ങിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ടോ?

അത്തരം സന്ദര്‍ഭങ്ങള്‍ എല്ലാ കവികള്‍ക്കുമുണ്ടായിട്ടുണ്ടാവും. എനിക്കും ഉണ്ടായിട്ടുണ്ട്. ചിലത് പിന്നീട് മുഴുമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരനുഭവം എഴുതാനാകാതെ വരുന്നത്, ആ അനുഭവം അയാളില്‍ വേണ്ടത്ര ഒരു കാവ്യാനുഭവമായി പക്വതപ്പെടാത്തതുകൊണ്ടാണ്. അതിന്റെ അര്‍ത്ഥം അത് അയാള്‍ക്ക് ഒരു കാവ്യാനുഭവമായിത്തീര്‍ന്നിട്ടില്ലെന്നാണ്. എഴുതാന്‍ പറ്റിയെങ്കിലേ കാവ്യാനുഭവമുണ്ടായി എന്ന് പറയാവൂ. എനിക്ക് പിക്കാസോവിനെപ്പോലെയും വാന്‍ഗോഗിനെപ്പോലെയുമൊക്കെ വരയ്ക്കാനുള്ള പ്രചോദനം അഥവാ അനുഭൂതി ഉണ്ടായിട്ടുണ്ട്, പക്ഷേ ഞാന്‍ വരച്ചില്ല എന്നേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ?

പല വിഷയങ്ങളെയും പരിഹാസത്തോടെയാണ് താങ്കള്‍ കവിതയില്‍ അവതരിപ്പിക്കുന്നത്. (അതൊരു ചെമ്മനം ചാക്കോ മോഡല്‍ ആണെന്ന് ആരോ പറഞ്ഞിട്ടുണ്ട്, പേര് ഞാനോര്‍ക്കുന്നില്ല) ഈ ഒരു രീതിയില്‍ പരാജയപ്പെട്ടവന്റെ രോഷം കാണുന്നുണ്ടല്ലോ. സത്യത്തില്‍ കെ.ആര്‍.ടോണി ഒരു പരാജിതനാണോ?

എന്റെ കവിതയില്‍ ആക്ഷേപഹാസ്യമോ പരപരിഹാസമോ ഒന്നുമല്ല ഉള്ളത്. മുന്‍പൊരു ഉത്തരത്തില്‍ സൂചിപ്പിച്ച ‘പുളിപ്പുരസ’മാണുള്ളത്. അത് എന്റെ രക്തത്തിലുള്ളതാണ്. ഞാന്‍ ആരെയും പരിഹസിക്കാനായി ഒന്നും എഴുതിയിട്ടില്ല. ചിലപ്പോള്‍ സ്വയം പരിഹസിക്കുന്നുണ്ടാവും. ഹാസ്യം പലതലങ്ങളില്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. എല്ലാ ഹാസ്യവും ഒന്നല്ല. ചെമ്മനം ചാക്കോയുടെ ഏതെങ്കിലും കവിതയില്‍ സ്വയം പരിഹാസമുണ്ടോ? അദ്ദേഹം കവിതയിലൂടെ ഒരു കഥ പറയുകയാണ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും കവിതയില്‍ രേഖീയമായ ഒരു കഥാഖ്യാനം ഉണ്ടോ? കഥാഖ്യാനം നിര്‍വ്വഹിച്ച് അതിലൂടെ ഒരു സാമൂഹ്യപ്രശ്നത്തെ അവതരിപ്പിച്ച് വിമര്‍ശനവിധേയമാക്കുന്ന സ്ഥൂലമായ സറ്റയര്‍ രീതി എന്റെ ഏതെങ്കിലും കവിതയിലുണ്ടോ? ഉണ്ടെന്ന് ഉപരിപ്ലവബുദ്ധികള്‍ക്ക് മാത്രമേ തോന്നൂ. ചെമ്മനം ചാക്കോ മോശം കവിയും ഞാന്‍ നല്ല കവിയുമാണെന്നല്ല പറയുന്നത്. അദ്ദേഹത്തിന്റെ രീതിയല്ല എന്റേത് എന്ന് മാത്രമേ പറയുന്നുള്ളൂ. എന്റെ കവിതയെ ചെമ്മനം ചാക്കോയുടെ കവിതകളോട് ഉപമിച്ചവര്‍ക്ക് എന്റെ കവിതയും മനസ്സിലായിട്ടില്ല,ചെമ്മനത്തിന്റെ കവിതയും മനസ്സിലായിട്ടില്ല.
ആധുനികകവികള്‍ക്ക് പൊതുവെ ഹാസ്യം വഴങ്ങിയിട്ടില്ല. ചുള്ളിക്കാടിന്റെ, സച്ചിദാനന്ദന്റെ, ആറ്റൂരിന്റെ, കെ.ജി.എസിന്റെ, കക്കാടിന്റെ, കടമ്മനിട്ടയുടെ കവിതകളില്‍ ഹാസ്യം മഷിയിട്ട് നോക്കിയാല്‍കൂടി കാണില്ല. അയ്യപ്പപ്പണിക്കര്‍ക്ക് ഹാസ്യമുണ്ട്. ചുള്ളിക്കാടിന് ചിരിക്കാന്‍ കൂടി കഴിയില്ല-ഇക്കിളിയാക്കിയാല്‍ കൂടി!
ജീവിതത്തില്‍ ആരാണ് വിജയിക്കുന്നത്? യഥാര്‍ത്ഥത്തില്‍ പരാജയം തന്നെയല്ലേ വിജയം? മറിച്ചും? ജീവിതം ഒരു ശ്രമം മാത്രമാണ്. തോല്‍വിയും ജയവുമെല്ലാം ആപേക്ഷികമാണ്. ചിലര്‍ കൂട്ടിയത് ശരിയാണ്, പക്ഷേ സംഖ്യകള്‍ തെറ്റി. ചിലരുടെ സംഖ്യകള്‍ ശരിയാണ്, കൂട്ടിയത് തെറ്റി. രണ്ടായാലും ഫലം ഒന്നല്ലേ?

താങ്കളുടെ കവിതകളിലെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു?

എന്റെ കവിതകള്‍ക്ക് അതിന്റെ വായനക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്, ചെറിയ അളവിലാണെങ്കിലും.

ഒരു ആശയത്തിന് മേല്‍ ഭാഷ അധീശത്വം സ്ഥാപിച്ചിട്ടുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? പ്രമേയത്തേക്കാളേറെ താങ്കള്‍ ഭാഷയില്‍ ശ്രദ്ധിക്കുന്നുണ്ടോ?

പ്രമേയത്തേയും ഭാഷയേയും രണ്ടായി കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആശയം പറയാനല്ല കവിതയെഴുതുന്നത്.എഴുതല്‍ മാത്രമല്ല വെട്ടലും രചനയാണ്.

ജീവിതത്തില്‍ ഏറ്റവും നിരാശ തോന്നിയിട്ടുള്ളത് എപ്പോഴാണ്?

നിരാശ മാത്രമേ ഉള്ളൂ. ആ നിരാശയാണെന്റെ ആശ. അതാണെന്റെ ഇന്ധനം. അത് തീര്‍ന്നാല്‍ ഞാന്‍ തീര്‍ന്നു.

കവിതകളില്‍ പലയിടത്തും ഒരു ഗ്രൂപ്പിസം നിലനില്‍ക്കുന്നുണ്ടോ? അത്തരം ഗ്രൂപ്പുകാര്‍ താങ്കളെ തഴഞ്ഞിട്ടുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

കവിതാരംഗത്ത് മാത്രമല്ല ഏത് രംഗത്തും സമാനചിന്താഗതിയും സൗഹൃദവുമുള്ളവര്‍ ഒത്തുചേര്‍ന്നുവെന്നുവരും. അത് തെറ്റല്ല, തികച്ചും സ്വാഭാവികമാണ്. കവിതാരംഗത്ത് ഗ്രൂപ്പുണ്ടാക്കിയതുകൊണ്ട് പ്രതിഭയുണ്ടാകുമോ ആര്‍ക്കെങ്കിലും? കള്ളം കാണിക്കാന്‍ പറ്റാത്ത രംഗമാണ് കവിത. കവിതയില്‍ കള്ളം കാണിച്ചാല്‍ ഉടനെ പിടിക്കപ്പെടും. രാഷ്ട്രീയരംഗത്തും സിനിമാരംഗത്തുമൊക്കെ ഗ്രൂപ്പുണ്ട്. അവിടെ അവര്‍ക്ക് അതുകൊണ്ട് ഗുണമുണ്ട്. കവിതയില്‍ ഇല്ല. കാരണം, കവിത തത്കാലനേട്ടത്തിന്റെ ഇടമല്ല. കാലത്തിലൂടെയുള്ള ജീവിതമാണ് കവിതയുടേത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഉള്ളില്‍ മാത്രമല്ല, വരാന്‍ പോകുന്ന മനുഷ്യപരമ്പരകളിലെവിടെയൊക്കെയോ ഒളിച്ചിരുന്നേക്കാവുന്ന സമാനഹൃദയരുടെ ഉള്ളിലൂടെ കൂടിയാണ് കവിതയുടെ ശാശ്വതമായ നിലനില്പ്. സുഗതകുമാരി പറയുന്നു,

“ഞാനറിയുന്നൂ ഞാനറിയാത്തോ
രിടത്തിലെങ്ങാമോ
നീ വാഴുന്നൂ സമാനഹൃദയാ
നിനക്കായ് പാടുന്നേന്‍”

അതുകൊണ്ട് കവിതാരംഗത്ത് സമാനചിന്താഗതിക്കാര്‍ ഒത്തുചേരുന്നതിനെ ഗ്രൂപ്പായി തെറ്റിദ്ധരിക്കുന്നവരുണ്ടെങ്കില്‍ അവരുടെ മനസ്സിലാണ് ഗ്രൂപ്പുചിന്തയുള്ളത് എന്നേ പറയാനുള്ളൂ. വിയോജിപ്പുകളും എതിര്‍പ്പുകളും തുറന്ന് പറയാന്‍ തന്റേടമുള്ള കവികളുടെ ഒത്തുചേരല്‍ നല്ലതാണ്. കാവ്യരംഗത്ത് അത് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിവെക്കും. ആര്‍ക്കും എവിടെയും ഒത്തുചേരാം. ആരു വിളിച്ചാലും എന്റെ കയ്യില്‍ പണവും എനിക്ക് ഒഴിവുമുണ്ടെങ്കില്‍ ഞാന്‍ പോകും. ആരെങ്കിലുമൊക്കെ തഴയട്ടെ. ആരു തഴഞ്ഞാലും ഞാന്‍ തുഴയും.


മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്

3 വായന:

അശോക് കർത്താ said...

അപ്പോൾ കവിത ആത്മാവിഷ്കാരമാണെന്നൊക്കെ പറയുന്നതു ഉഡായിപ്പാണല്ലെ? അതു അച്ചടിക്കാനുള്ളതും അംഗീകരിക്കപ്പെടാനുമുള്ളതാണെന്നതാണു സത്യം???

luttaappi said...

ഇതൊക്കെയായിട്ടും കെ.ആര്‍..ടോണിയുടെ കവിതകള്‍ നില നില്‍ക്കുന്നു. അപ്പോള്‍ പിന്നെ നിരൂപകര്‍ ഇല്ലാതായാല്‍ മരിച്ചു പോകുന്ന കവിയല്ല താന്‍ എന്ന് അവ തെളിയിക്കുകയല്ലേ? നിരൂപണം എഴുതിക്കിട്ടാന്‍ നെട്ടോട്ടം ഓടുന്ന കവികള്‍ക്ക് ആരെങ്കിലും ഔദാര്യമായി ഇട്ടു കൊടുക്കുന്ന നാലുവരി ആമുഖത്തെ അത്ര കാര്യമാക്കെണ്ടാതുണ്ടോ?

rskurup said...

കെ ആർ ടോണി പുതു കവികളിൽ ഒരു പ്രമുഖനാനെന്നാണ് എന്നെ പ്പോലെയുള്ള കവിതാസ്വാദകർ കരുതുന്നത് .

Post a Comment

© moonnaamidam.blogspot.com