രണ്ടിടങ്ങഴി, ചോമനദുഡി - ഒരു പുനര്‍വായന




മലയാളത്തിലും കന്നഡയിലും നോവലിന്റെ ആവിര്‍ഭാവം പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണെന്ന് പറയാം. മലയാളത്തിലെ ആദ്യ നോവലായി കണക്കാക്കുന്ന അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' 1887ലും കന്നടയിലെ ആദ്യ നോവലായ ഗുളവാഡി വെങ്കിടറാവുവിന്റെ 'ഇന്ദിരാഭായി' 1899ലുമാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ആദ്യ നോവലുകളില്‍ പ്രകടമാകുന്ന ഇംഗ്ലീഷ് നോവലുകളുടെ സ്വാധീനത കന്നടയിലെ പ്രാരംഭ നോവലുകളിലും പ്രകടമാണ്. ലക്ഷണയുക്തമായ നോവല്‍ എന്ന നിലക്ക് ഇവ ഒരിക്കലും പൂര്‍ണ്ണതയുള്ളവയായിരുന്നില്ല. ചരിത്രനോവല്‍, സാമൂഹ്യ നോവല്‍ എന്നീ വിഭാഗങ്ങളിലൂടെ ഈ പ്രസ്ഥാനം പലയിടത്തും വളര്‍ന്നുവരുന്നത് നമുക്ക് കണ്ടെത്താന്‍ സാധിക്കും.

വ്യത്യസ്ത ഭാഷകളിലെ രണ്ടെഴുത്തുകാരെ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് പല തരത്തിലാവാം. ഇരുവരുടെയും നോവല്‍ ശില്പത്തെ അടിസ്ഥാനമാക്കിയോ കാലഘട്ടത്തിന്റെ സ്വാധീനം രണ്ട് കൃതികളിലും പ്രതിഫലിക്കുന്നതെങ്ങിനെ എന്ന നിരീക്ഷണത്തിലൂടെയോ ഇരുവരുടെയും ദര്‍ശനങ്ങളെ അധികരിച്ചോ താരതമ്യ പഠനം നടത്താം. എല്ലാ ഘടകങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സാമാന്യനിരീക്ഷണമാണ് നടത്താനുദ്ദേശിക്കുന്നത്.

1912ല്‍ അമ്പലപ്പുഴയിലെ തകഴിയില്‍ ജനിച്ച ശിവശങ്കരപ്പിള്ളയുടെ സാഹിത്യജീവിതം വിദ്യാര്‍ത്ഥിജീവിതകാലം മുതലാണ് ആരംഭിക്കുന്നത്. 1936ല്‍ ആദ്യനോവലായ 'ത്യാഗത്തിന്റെ പ്രതിഫലം' പ്രസിദ്ധീകരിച്ചതോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായ തകഴിയില്‍ നിന്നും ധാരാളം നോവലുകളും ചെറുകഥകളും ഭാഷയ്ക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകളായ 'രണ്ടിടങ്ങഴി', 'ചെമ്മീന്‍', 'തോട്ടിയുടെ മകന്‍' എന്നിവ ഭാരതീയ ഭാഷകളിലേക്ക് മാത്രമല്ല നിരവധി ലോകഭാഷകളിലേക്ക് കൂടി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1928ല്‍ 'ദേവദൂതരു' എന്ന കൃതിയുമായി രംഗപ്രവേശം ചെയ്ത ശിവരാമകാറന്ത് 1933ല്‍ രചിച്ചതാണ് 'ചോമനദുഡി'. കന്നടയുടെ നവോത്ഥാനകാലം എന്ന് പൊതുവെ പറയുന്ന പുനരുത്ഥാന കാലഘട്ടമാണ് കാറന്തിന്റെ കാലം. ഈ കാലഘട്ടത്തിലെ കന്നട സാഹിത്യം മാനവികവും ജനാധിപത്യപരവും മതേതരവുമായിരുന്നു. ജീവിതത്തിന്റെ സാര്‍ത്ഥകതയിലുള്ള വിശ്വാസം, മതേതരമായ കാഴ്ചപ്പാട്, സാധാരണ മനുഷ്യന്റെയും സമൂഹത്തിലെ അവശവിഭാഗത്തിന്റെയും ജീവിതത്തിലുള്ള താത്പര്യം എന്നിവ ആ നവോദയത്തിന്റെ മുദ്രകളാണ്.
ഒരേ തരം മനുഷ്യാനുഭവങ്ങള്‍ ഒരേ തരം സാഹിത്യ കൃതികളുടെ ആവിര്‍ഭാവത്തിന് കാരണമാകും. വ്യത്യസ്ത ഭാഷകളിലെ എഴുത്തുകാര്‍ സമാനപ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പല പരിണാമങ്ങളും സംഭവിക്കാം. പ്രമേയനിഷ്ഠമായ കാരണങ്ങളോ സാംസ്കാരിക സാഹചര്യങ്ങളുടെ പ്രേരണയോ എഴുത്തുകാരന്റെ സവിശേഷവ്യക്തിത്വമോ ഈ പരിണാമത്തിന് കാരണമാവാം. ദാരിദ്ര്യം, ചൂഷണം, സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നീ ആശയങ്ങളും അടിമ, തൊഴിലാളി, മുതലാളി എന്നീ കഥാപാത്രങ്ങളും ഈ രണ്ട് നോവലുകളിലും നമുക്ക് ദര്‍ശിക്കാം.


കുട്ടനാട്ടിലെ സാമൂഹിക വര്‍ഗ്ഗങ്ങളെ നോവലുകളിലവതരിപ്പിച്ച തകഴിയുടെ ശ്രദ്ധേയമായ ഒരു നോവലാണ് 1948ല്‍ പ്രസിദ്ധീകരിച്ച 'രണ്ടിടങ്ങഴി'. ലളിതമായ ഒരു കഥയാണ് ഇതിന്റെ ഇതിവൃത്തം. വരണാര്‍ത്ഥികളായി വന്ന കോരന്‍, ചാത്തന്‍ എന്നിവരില്‍ കോരന്‍ ചിരുതയുടെ ഭര്‍ത്താവായിരുന്നു. ചാത്തന് അതില്‍ പരിഭവമില്ല. ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജന്മിയുടെ മകനെ കൊന്ന കുറ്റത്തിന് കോരന് ജയിലില്‍ പോകേണ്ടി വരുന്നു. ആ സന്ദര്‍ഭത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ വിശ്വാസപൂര്‍വ്വം ഏല്‍പ്പിക്കുന്നത് ചാത്തനെയാണ്. ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവരുന്ന കോരന് ചിരുതയെയും മകനെയും ചാത്തന്‍ തിരിച്ചേല്‍പ്പിക്കുന്നു. ഈ കഥയ്ക്ക് വ്യതിരിക്തത കൈവരുന്നത് അതിനെ പ്രതിഷ്ഠിച്ചിരിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാണ്. സാമൂഹ്യവും സാംസ്കാരികവുമായ ഒരു പശ്ചാത്തലത്തിലാണ് കഥാവതരണം നടത്തിയിട്ടുള്ളത്. ആ പശ്ചാത്തലത്തിന്റെ ചലനാത്മകതയും, വര്‍ഗ്ഗസമരം ആ ചലനാത്മകതയ്ക്ക് പകരുന്ന ആവേശവുമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കി മാറ്റിയത്.

സ്വന്തം മണ്ണില്‍ കൃഷിയിറക്കുക എന്നത് ജന്മസാഫല്യമായി കാണുന്ന ഒരു അയിത്ത ജാതിക്കാരന്റെ കഥയാണ് 'ചോമനദുഡി'. എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്ന ചോമന്റെയും കുട്ടികളുടെയും കഥ. പതിനെട്ട് അധ്യായങ്ങളിലായി വിവരിക്കപ്പെട്ട ചോമന്റെ കുടുംബകഥയില്‍ ചോമനും കുടുംബത്തിനും പുറമെ മാന്വേലന്‍ എന്ന കങ്കാണിയും ജന്മിയായ സങ്കപ്പയ്യരും ഇടക്കിടെ പരാമര്‍ശിക്കപ്പെടുന്ന ബിറുമപ്പൂജാരിയും കള്ളുഷാപ്പുകാരനുമാണ് കഥാപാത്രങ്ങളാകുന്നത്. പുലയന്‍ കൃഷി ചെയ്താല്‍ നാട് മുടിയുമെന്ന ധാരണ ശക്തമായി നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ നാലടി മണ്ണില്‍ സ്വന്തമായി കൃഷി ചെയ്യാന്‍ ആഗ്രഹിച്ച് ആഗ്രഹം സഫലമാകാതെ മരിക്കേണ്ടി വന്ന ഒരുവനാണ് ഇതിലെ നായകന്‍.

ഒരേ തരം മനുഷ്യാനുഭവങ്ങള്‍ ഒരേ തരം സാഹിത്യ കൃതികളുടെ ആവിര്‍ഭാവത്തിന് കാരണമാകും. വ്യത്യസ്ത ഭാഷകളിലെ എഴുത്തുകാര്‍ സമാനപ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പല പരിണാമങ്ങളും സംഭവിക്കാം. പ്രമേയനിഷ്ഠമായ കാരണങ്ങളോ സാംസ്കാരിക സാഹചര്യങ്ങളുടെ പ്രേരണയോ എഴുത്തുകാരന്റെ സവിശേഷവ്യക്തിത്വമോ ഈ പരിണാമത്തിന് കാരണമാവാം. ദാരിദ്ര്യം, ചൂഷണം, സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നീ ആശയങ്ങളും അടിമ, തൊഴിലാളി, മുതലാളി എന്നീ കഥാപാത്രങ്ങളും ഈ രണ്ട് നോവലുകളിലും നമുക്ക് ദര്‍ശിക്കാം.

ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയവും കര്‍ഷകപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളും കൂടിച്ചേര്‍ന്ന് 1930കളില്‍ പുതിയൊരുണര്‍വ്വ സൃഷ്ടിച്ചു. സാമൂഹ്യസംഘടനയില്‍ സംഭവിച്ച മാറ്റം പുതിയൊരു തരം സാഹിത്യസ്രിഷ്ടിക്കും ഭാവുകത്വ സൃഷ്ടിക്കും കാരണമായി. ഈ പ്രവണത അന്ന് നമുക്ക് ഭാരതത്തില്‍ മുഴുവന്‍ ദര്‍ശിക്കാനാകുമായിരുന്നു. മലയാള നോവലിന്റെ നവോത്ഥാന കാലഘട്ടം ആരംഭിക്കുന്ന നാല്പതുകളിലെ സര്‍ഗ്ഗസൃഷ്ടികളിലെല്ലാം ഈ പ്രവണത പ്രകടമാണ്. 1933ല്‍ രചിക്കപ്പെട്ട 'ചോമനദുഡി'യില്‍ ഇതിന്റെ അടിയൊഴുക്കുണ്ട്. തകഴിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നവോത്ഥന നായകന്‍ തന്നെയാണ്.

തകഴിയും കാറന്തും അവതരിപ്പിക്കുന്ന പ്രമേയം അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ കഥയാണെങ്കിലും രണ്ട് പേരുടെയും അവതരണ രീതി വ്യത്യസ്തമാണ്. വിവരണാത്മകമായ, യഥാതഥമായ ചിത്രണമാണ് തകഴി കൈക്കൊള്ളുന്നത്. കാരന്തിന്റേതാകട്ടെ സംക്ഷേപരീതിയിലുള്ളതും ധ്വന്യാത്മകവുമാണ്. ലാസ്യതാളമായും രൗദ്രതാളമായും മാറിമാറി വരുന്ന ചോമന്റെ തുടികൊട്ടല്‍ അയാളുടെ മാനസിക വിക്ഷോഭങ്ങളുടെ കയറ്റിറക്കങ്ങളാണ്. കൂട്ടായ്മയുടെ ശക്തിയറിയാത്ത ഏകനായ ഒരടിമ മാത്രമാണ് കാറന്തിന്റെ നായകന്‍. അനീതിക്കെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത-പ്രതിഷേധിക്കാനുള്ള വെമ്പല്‍ ഉള്ളിലുയരാന്‍ തുടങ്ങുന്നുണ്ടെങ്കിലും നട്ടെല്ല് നിവര്‍ത്താന്‍ തന്റേടമാകാത്ത്-ഒരടിമ മാത്രമാണയാള്‍. അതുകൊണ്ട് തന്നെ നായകനെ കൊണ്ട് അവകാശസമരം നടത്താന്‍ കാറന്തിന് കഴിഞ്ഞില്ല. തൊഴിലാളിയെ വിപ്ലവകാരിയാക്കുന്നതിന് പകരം വായനക്കാരന്റെ മനസില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കാറന്ത് ശ്രമിച്ചത്. ചോമന്റെ ഹൃദയമിടിപ്പിന്റെ താളമാണ് തുടിയുടെ നാദത്തില്‍ കൂടി താനുദ്ദേശിക്കുന്നതെന്ന് കാറന്ത് തന്നെ വ്യക്ത്മാക്കിയിട്ടുണ്ട്. ആ തുടിയുടെ താളം വിപ്ലവകാഹളമായി വായനക്കാരനില്‍ മുഴക്കുക എന്നതായിരിക്കണം കാറന്ത് ലക്ഷ്യമിട്ടത്. സാര്‍വ്വലൗകീകമായ ഒരു പ്രശ്നം പ്രമേയമാക്കി കര്‍ണ്ണാടകത്തിലെ പുലയരുടെ ജീവിതം ചിത്രീകരിക്കുക മാത്രമാണ് കാറന്ത് ചെയ്തിട്ടുള്ളത്.


കര്‍ഷകത്തൊഴിലാളിയും കര്‍ഷക മുതലാളിയും തമ്മിലുള്ള അനിവാര്യമായ സംഘട്ടനത്തിന്റെ ചിത്രമാണ് 'രണ്ടിടങ്ങഴി'യില്‍. തകഴിയുടെ ഉള്ളിലുള്ള സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയവും അതിന്റെ സന്ദേശമായ 'കൃഷിഭൂമി കര്‍ഷകര്‍ക്ക്' എന്ന വിപ്ലവകരമായ ഉദ്ബോധനവുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരം ഇതിന്റെ പിന്നിലെ പ്രബലവികാരമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതിന് നോവലിലെ ചില സൂചനകള്‍ തന്നെ തെളിവ് തരുന്നുണ്ട്. വയലാര്‍ വിപ്ലവത്തിന്റെ ക്ഷോഭമാകെ ഉള്‍ക്കൊള്ളുന്ന നായകകഥാപാത്രമാണ് ഇതിലെ കോരന്‍. സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് തകഴിയില്‍ വളര്‍ന്നു വന്ന മാര്‍ക്സിസത്തോടുള്ള അനുഭാവം അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ കാണാം. 'രണ്ടിടങ്ങഴി'യിലും ഇതിന്റെ സ്വാധീനത ദൃശ്യമാണ്. സമൂഹത്തില്‍ സമത്വം സ്ഥാപിക്കുന്നതിന് വിപ്ലവം അനിവാര്യമാണെന്ന ചിന്ത തകഴിക്കുണ്ട്. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവനാണ് കോരന്‍. യഥാതഥമായ ശൈലിയില്‍ നവോത്ഥാന സന്ദേശങ്ങളാവിഷ്കരിക്കുന്ന രീതിയാണ് തകഴി പിന്തുടര്‍ന്നിട്ടുള്ളത്. അധഃസ്ഥിതനായ പറയന്റെ യഥാതഥമായ ജീവിതചിത്രണമാണ് 'രണ്ടിടങ്ങഴി'.

കാടിന്റെ പശ്ചാത്തലത്തില്‍ ബാഹ്യലോകത്തെക്കുറിച്ച് യാതൊന്നുമറിയാത്ത നിഷ്കളങ്കരായ ഒരു വിഭാഗത്തിന്റെ കഥയാണ് കാറന്ത് അവതരിപ്പിക്കുന്നത്. മാനസികോല്ലാസമാണ് സാഹിത്യത്തിന്റെ പ്രയോജനമെന്ന സിദ്ധാന്തത്തിന് ഈ കൃതിയില്‍ സ്ഥാനമില്ല. ചുറ്റുപാടുകളാല്‍ പരാജയപ്പെടുന്ന നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവചരിത്രമാണ് 'ചോമനദുഡി'. ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം രൂക്ഷമായിരുന്ന ഒരു ദുരാചാരമാണ് തീണ്ടലും തൊടീലും. 'ചോമനദുഡി'യിലെ ചോമന്റെ മകന്‍ മുങ്ങിമരിക്കുന്നത് കാഴ്ച്ചക്കാരായി നില്‍ക്കുന്ന ഒരു കൂട്ടം മേല്‍ജാതിക്കാരുടെ സാന്നിധ്യത്തിലാണ്. അവനെ രക്ഷിക്കാന്‍ തുനിഞ്ഞ ബ്രാഹ്മണയുവാവിനെ അതില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയത് ജാതിരാക്ഷസനാണ്.

കുട്ടനാട്ടില്‍ നിലവിലിരുന്ന അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിപ്ലവകാരിയായ കോരനെയാണ് 'രണ്ടിടങ്ങഴി'യില്‍ തകഴി അവതരിപ്പിക്കുന്നതെങ്കില്‍ വടക്കേ ഇന്ത്യയിലെ പരിതസ്ഥിതികള്‍ക്കനുസരിച്ച് ജന്മിത്തത്തിന്റെ കാല്‍ക്കീഴിലമര്‍ന്ന് അടിമകളായി ജീവിക്കുന്ന പറയനെയാണ് കാറന്ത് അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലായാലും ദക്ഷിണേന്ത്യയിലായാലും മേലാളര്‍ സമാനസ്വഭാവക്കാരാണ്. താഴെക്കിടയിലുള്ളവരെ ചൂഷണം ചെയ്യുന്നതില്‍ ജന്മിയും കങ്കാണിയും കച്ചവടക്കാരനും ഷാപ്പുകാരനുമെല്ലാം ഒരേ നിരയിലാണ്. കുറേക്കൂടി പരിഷ്കൃമായ ഒരു സമൂഹമാണ് 'രണ്ടിടങ്ങഴി'യില്‍. അതുകൊണ്ട് തന്നെ ചൂഷണം ചെയ്യുന്ന ശക്തികളെ കുറിച്ച് അതിലെ നായകന്‍ ബോധവാനാകുന്നു.

പണ്ടത്തെ ജന്മി-തൊഴിലാളി ബന്ധവും, പില്‍ക്കാലത്ത് അതില്‍ വന്ന പരിവര്‍ത്തനവും ഈ രണ്ട് കൃതികളെയും താരതമ്യപ്പെടുത്തുമ്പോള്‍ അറിയാന്‍ സാധിക്കും. സങ്കപ്പയ്യരും ചോമനും തമ്മിലുള്ള ബന്ധം ഉപരിപ്ലമായ മുതലാളി-തൊഴിലാളി (ജന്മി-കുടിയാന്‍) ബന്ധമല്ല. കുടിയാന്റെ തെറ്റ് പൊറുക്കാനും ക്ഷമിക്കാനും സന്നദ്ധനാവുന്ന ഒരു ജന്മിയാണ് 'ചോമനദുഡി'യില്‍. 'രണ്ടിടങ്ങഴി'യിലാവട്ടെ നിസാരമായ ഒരു പ്രതിഷേധത്തിനു പോലും ക്രൂരമായ മര്‍ദ്ദനം തിരിച്ചു നല്‍കിയ ജന്മിയെയാണ് നാം കാണുന്നത്. മുതലാളിത്ത വ്യക്തിവാദത്തിലെ ഉപഭോഗവസ്തുക്കളുടെ മൂല്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പമാണ് 'രണ്ടിടങ്ങഴി'യില്‍ നാം കാണുന്നത്. പച്ചയായ മനുഷ്യനെയും അവന്റെ വൈകാരിക ബന്ധങ്ങളെയും ഒരു കച്ചവടച്ചരക്കായി കണ്ടിട്ടാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേക്കൊല്ലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് 'രണ്ടിടങ്ങഴി'. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റേതായ ഏതെങ്കിലുമൊരു പരാമര്‍ശം ഇതില്‍ കാണാന്‍ സാധ്യമല്ല. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയോടെ അധഃസ്ഥിതരില്‍ ഉണര്‍ന്നുവന്ന ആത്മബോധം ഇതിലെ കഥാപാത്രങ്ങളിലൂടെ തകഴി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗ്ഗബോധത്തെക്കുറിച്ചും വര്‍ഗ്ഗസമരത്തെക്കുറിച്ചും അവര്‍ക്ക് കാഴ്ചപ്പാടുകളുണ്ടായി. വര്‍ഗ്ഗബോധം നേടിയ പുലയനും പറയനും തങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിത്തത്തെയും അടിച്ചമര്‍ത്തപ്പെടുന്ന അവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് ബോധവാന്മാരായി. ഈ വര്‍ഗ്ഗസമര സിദ്ധാന്തം ഗാന്ധിയന്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിരക്കാത്തതുകൊണ്ടാവണം ഈ നോവലില്‍ അവയെ പേരിന് പോലും പരാമര്‍ശിക്കാതിരുന്നത്. തകഴി മാത്രമല്ല, സമകാലികരായ മറ്റ് നവോത്ഥാന കാഥികരെല്ലാം ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതര ഭാരതീയ ഭാഷകളിലും ഇതില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് കണ്ടെത്താന്‍ സാദ്ധ്യമല്ല.

6 വായന:

SREEJIGAWEN said...

നന്നായിരിക്കുന്നു വിനു ....ഇനിയും ഇതുപോലുള്ള നല്ല കാര്യംഗല്‍ പങ്കുവേമല്ലോ അല്ലെ ....

Unknown said...

മര്‍ദ്ദിതന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ക്കും നിശബ്ദമാക്കപ്പെട്ട നിലവിളികള്‍ക്കും എവിടെയും ഒരേ താളവും ഒരേ മുഴക്കവുമാണു ള്ളത് .
വ്യതസ്ത ഇടങ്ങളില്‍ വ്യത്യസ്ത ഭാഷകളില്‍ എവിടെയൊക്കെ ആരൊക്കെ പറഞ്ഞു വെക്കുമ്പോഴും അവര്‍ പോലും അറിയാതെ കാലത്തിലേക്ക് നീട്ടിയെറിയുന്ന ചില മുദ്രാവാക്യങ്ങളുടെ പന്തങ്ങളുണ്ട്.
പ്രിയ വിനു......
നമ്മളെയൊക്കെ ഒരേ വെളിച്ചത്തിന്നു കീഴില്‍ ഒരുമിച്ചു ചേര്‍ക്കുന്നത് ആ അദൃശ്യമായ വെളിച്ചത്തിന്റെ പന്തങ്ങളാണ് ..!
ചരിത്രത്തിന്റെ ചൂട്ടു കറ്റകളുമായി മുമ്പേ നടക്കുക ...
നമ്മള്‍ വഴിയിടങ്ങളില്‍ സന്ധിക്കും
അഭിവാദ്യങ്ങള്‍
അലിഫ്

സുസ്മേഷ് ചന്ത്രോത്ത് said...

നല്ല താരതമ്യ പഠനമാണ്‌ നടത്തിയിരിക്കുന്നത്‌.ആഴത്തിലെത്താനുള്ള പരിശ്രമത്തിന്‌ ഫലമുണ്ട്‌.

M.K Pandikasala said...

പഠനാര്‍ഹമായ ലേഖനം. പുത്തന്‍ തലമുറയ്ക്ക്
ഉള്‍കൊള്ളാന്‍ കഴിയാത്ത,ഒരുപക്ഷെ അവര്‍ക്ക്
അത്ഭുതം തോന്നാവുന്ന വിധം, കഴിഞ്ഞകാല
മനുഷ്യ ജീവിതവും,ഇന്നത്തെ തലമുറ അനുഭവിക്കുന്ന
എല്ലാ സൌകര്യങ്ങളും കഴിഞ്ഞ തലമുറകളിലെ
മനുഷ്യരുടെ പോരാട്ടത്തിന്‍റെ ആനുകൂല്യമാണെന്നു
ഓര്മ്മിപ്പിക്കാന്‍ , മണ്ണിന്റെയും,മനുഷ്യരുടെയും
ഗന്ധമുള്ള ഇത്തരം നോവലുകളുടെ പുനര്‍
വായനാവതരണത്തിലൂടെ കഴിയുമ്പോള്‍ തീര്‍ച്ചയായും
ലേഖകന്നു അതില്‍ അഭിമാനിക്കാം
അഭിനന്ദനങ്ങള്‍

Anonymous said...

othiri ithiri nandi.ithupole onnu vayikuvan labhikkunna avasarangal puthiya thalamurakku prachodhanamakum.

Anonymous said...

nannayirikkunnu.

Post a Comment

© moonnaamidam.blogspot.com