നെല്ലിന്‍ തണ്ട് മണക്കും വഴികള്‍

“ഇടുക്കിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ആദിവാസികളുമായി അടുത്തു പരിചയമില്ലായിരുന്നു. ഒരു മലയ്ക്കപ്പുറം മുതുവാന്‍ കുടിയുണ്ടായിരുന്നു. അതു തന്നെ മുതിര്‍ന്ന ശേഷമാണ് കാണാനായത്. പറമ്പിന്റെ അതിരു വഴി പാറ കേറിപ്പോകുന്ന മുതുവാന്മാരെയും മുതുവാത്തികളെയും കണ്ടിട്ടുണ്ട്. പുറത്ത് തുണിസഞ്ചി കെട്ടി കുഞ്ഞുങ്ങളെ അതിലിരുത്തിയായിരുന്നു അവര്‍ തേനെടുക്കാന്‍ കാടുകയറിയത്. കങ്കാരുക്കള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കും പോലെ. ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അവരുടെ യാത്ര നോക്കി നില്ക്കുമായിരുന്നു. പിന്നെയും കുറേ ദൂരെയായിരുന്നു മന്നാക്കുടികള്‍...മുതുവാന്മാരെ ക്കാള്‍ പരിഷ്‌കൃത സമൂഹവുമായി കൂടുതല്‍ അടുത്തിരുന്നു മന്നാന്മാര്‍. വേഷത്തിലൊക്കെ കാര്യമായി മാറ്റം വന്നതുകൊണ്ട് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ആദിവാസി വിഭാഗത്തില്‍ പെടുന്ന മലയരയരെയോ ഉള്ളാടന്മാരെയോ ഞങ്ങള്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അവര്‍ അത്രയേറെ സാംസ്‌ക്കാരികമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു". ബാല്യത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും എഴുത്തിലൂടെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയാണ് മൈന ഉമൈബാന്‍. സമൂഹത്തിന്റെ ഇതുവരെയുള്ള ചില ദഹനക്കേടുകളെ ചികിത്സിച്ചു ഭേദമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒരു വ്യക്തിയുടെ വാസസ്ഥലം അവരുടെ സംസ്കാരത്തിന്റെ നിദര്‍ശനങ്ങളാണെങ്കില്‍, മൈനയുടെ രചനകള്‍ അതിലൂടെ ഒരു പുത്തന്‍ മോടി ഉളവാക്കുന്നുണ്ട്. തന്റേതു മാത്രമായ അനുഭവങ്ങളെ അസാഹയമായ നിഷ്കളങ്കതകൊണ്ട് നേരിടുന്ന നിശബ്ദപ്രതിരോധത്തിന്റെ രീതിയല്ല അവര്‍ കൈക്കൊള്ളുന്നത്. മറിച്ച് ശബ്ദോന്മുഖമായ വാക്കുകളാല്‍ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും തുറന്നെഴുതുകയാണ് ചെയ്യുന്നത്.


വിനു : അനുനിമിഷങ്ങളില്‍ രൂപഭാവങ്ങള്‍ മാറുന്ന മായികത ചില പ്രകൃതി പ്രതിഭാസങ്ങളില്‍ കാണുന്നത് പോലെയാണല്ലോ മൈനയുടെ രചനകളെല്ലാം. വ്യക്തമായി പറയുകയാണെങ്കില്‍ ഒരു ടോട്ടല്‍ ചെയ്ഞ്ച്. അതിനെക്കുറിച്ച്?

മൈന : ഒരുപാടുകാലമായില്ല എഴുതാന്‍ തുടങ്ങിയിട്ട്‌.അടുത്തകാലത്താണ് ‌ കൂടുതല്‍ എഴുത്തിലേക്ക്‌ തിരിഞ്ഞത്‌. അതും പ്രത്യേകിച്ചൊരു ശാഖയും പറയാന്‍ പറ്റില്ല. കഥയുണ്ട്‌, ലേഖനമുണ്ട്‌, അനുഭവമുണ്ട്‌, പരിസ്ഥിതിയുണ്ട്‌. അങ്ങനെ തോന്നുന്നതൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ ഭാഷ പ്രശ്‌നമായിരുന്നു. പല വിഷയങ്ങളും പിടിയിലൊതുങ്ങില്ല. പറ്റുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളൊക്കെ എഴുതിത്തുടങ്ങി.അതാവാം ഒരു ചെയിഞ്ച്‌. പിന്നെ, ഇടുക്കിയിലെ ഒരു കുഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതും. അച്ഛനുമമ്മയും മിശ്രവിവാഹിതര്‍, കൃഷിയുടേയും ചികിത്സയുടേയും പാരമ്പര്യമുള്ള കുടുംബം, പഠിച്ചത്‌ കൊമേഴ്‌സും സാമൂഹീക ശാസ്‌ത്രവും..പിന്നീട്‌ ജേണലിസം. എന്നാല്‍ ജോലി ചെയ്യുന്നത്‌ ബാങ്കില്‍. ആകെ അവിയലു പരുവം. എല്ലാംകൂടി കൂട്ടി വായിച്ചാല്‍ അസ്‌തിത്വമൊന്നുമില്ല. ഏതെങ്കിലും ഒന്നിലല്ല നില്‌പ്‌. ഇത്‌ എഴുത്തിലും നിഴലിക്കും. അഞ്ചിലോ ആറിലോ പഠിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായി രുന്ന എന്നില്‍ നിന്ന്‌ വളരെ മാറി കഴിഞ്ഞു. പത്തുശതമാനം പോലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ്‌. ഓരോ നിമിഷത്തിലും നമ്മള്‍ മാറികൊണ്ടിരിക്കുന്നു.

• ജേര്‍ണലിസവും കഴിഞ്ഞ് ബാങ്കിലേക്ക് എങ്ങിനെ എത്തിപ്പെട്ടു?

ജേര്‍ണലിസം പഠിക്കാന്‍ ചേരുന്നതിനു മുമ്പേ ബാങ്കിലേക്കുള്ള പരീക്ഷ എഴുതിയിരുന്നു. കോഴ്‌സു പകുതുയാവുമ്പോഴേക്കും ജോലി കിട്ടി. അവധിയെടുത്ത്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ അങ്ങോട്ട്‌ തന്നെ തിരിച്ചു പോയി. വേറെ ജോലികള്‍ കിട്ടിയിരുന്നു. പക്ഷേ, വ്യക്തിപരമായ ചില താത്‌പര്യങ്ങള്‍കൊണ്ട്‌ ബാങ്കില്‍ തന്നെ തുടരുകയായിരുന്നു.

• മണ്ണിനോടും പ്രകൃതിയോടും അടക്കാനാവാത്ത ഒരു വികാരം താങ്കളുടെ പല ലേഖനങ്ങളിലും അനുഭവപ്പെടുന്നു. ജനിച്ചു വളര്‍ന്ന സാഹചര്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണോ ഈ വികാരത്തിന്റെ അടിസ്ഥാനം?

-തീര്‍ച്ചയായും. മണ്ണിനേയും പ്രകൃതിയേയും ഞാന്‍ ഒരുപാടിഷ്ടപ്പെടുന്നു. ജനിച്ചു വളര്‍ന്ന സാഹചര്യത്തേക്കാള്‍ വിട്ടു നില്‌ക്കുന്ന അവസ്ഥയാവാം കൂടുതല്‍ തീവ്രതയോടെ എഴുതിക്കുന്നത്‌. ഒരുപക്ഷേ, ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെയായിരുന്നെങ്കില്‍ പ്രകൃതിയോടുള്ള അടക്കാനാവാത്ത വികാരം എന്റെ എഴുത്തില്‍ കണ്ടെത്താനാവുമായിരുന്നോ എന്ന്‌ സംശയമാണ്‌. നാട്ടിലായിരിക്കുമ്പോള്‍ ചുറ്റുപാടിനെ കാര്യമായി ഗൗനിച്ചിരുന്നില്ലെന്നാണ്‌ തോന്നുന്നത്‌. എന്നാല്‍, നഗരജീവിതത്തില്‍ ഒരു പുല്‍ക്കൊടിയെ കാണുമ്പോള്‍ പോലും കൗതുകത്തോടെ നോക്കി നില്‌ക്കാറുണ്ട്‌. പുറമ്പോക്കിലും റോഡരികത്തും കാടുപിടിച്ചു കിടക്കുന്ന പലയിടത്തും എനിക്കറിയുന്ന ഔഷധ സസ്യങ്ങളെയും മറ്റും പെട്ടെന്ന്‌ തിരിച്ചറിയുന്നു. ഈ കൗതുകമാവണം നഗരം ദരിദ്രമാണെന്നു പലരും പറയുമ്പോള്‍ എനിക്കങ്ങനെ തോന്നാത്താത്‌.

• വിദ്യാഭ്യാസം, പ്രണയം, ജീവിതം ഈ മൂന്ന് ഘട്ടങ്ങളിലെ തിരിച്ചടികളെ ഒന്ന് ഓര്‍ത്തെടുക്കാമോ?

- വലിയ തിരിച്ചടികളുണ്ടായിട്ടുണ്ടോ എനിക്ക്‌? ഉണ്ടെങ്കില്‍ തന്നെ അത്ര കാര്യമാക്കാറുമില്ല, പരാജയങ്ങളെ മറ്റൊരിടംകൊണ്ട്‌ നികത്താന്‍ ശ്രമിക്കുന്നതുകൊണ്ടാവാം. ജീവിതത്തിലിതൊക്കെ സ്വാഭാവികമല്ലേ.ഓരോ തിരച്ചടിയേയും പോസീറ്റീവായേ കണ്ടിട്ടുളളു. വിദ്യാഭ്യാസം ഇടയ്‌ക്കൊക്കെ മുടങ്ങിപ്പോയിട്ടുണ്ട്‌. ആ തടസ്സത്തെ മറികടക്കുന്നത്‌ ഇപ്പോഴും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നുകൊണ്ടാണ്‌. എപ്പോഴും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നൊരാള്‍ക്ക്‌ എന്തു തിരിച്ചടിയുണ്ടാവാനാണ്‌? പൂര്‍വ്വാധികം ശക്തിയോടെ പ്രണയിയിക്കുക എന്നല്ലാതെ. തിരിച്ചടികളില്ലെങ്കില്‍ ജീവിതത്തിന്‌ എന്ത്‌ രസമാണുളളതെന്ന്‌ ചിന്തിച്ചു പോകുന്നു. നല്ലതുമാത്രമേ ജീവിതത്തിലുണ്ടാകാവൂ എന്നുണ്ടെങ്കില്‍ ബുദ്ധിമാന്ദ്യമുള്ളവരായി ജനിച്ചാല്‍ മതിയായിരുന്നു. ഒന്നിനേക്കുറിച്ചും ചിന്തിക്കേണ്ടല്ലോ.

• ജീവിതത്തിന്റെ പുറംമോടിയെ പൊളിച്ചെഴുതാന്‍ കോവിലന്‍ വിശപ്പിനെ ആയുധമാക്കിയതു പോലെ മൈനയുടെ എഴുത്തില്‍ എന്തോ ഒന്ന് പിടിതരാതെ മറഞ്ഞിരിക്കുന്നു. അനുഭവങ്ങളുടെ പ്രസരത്തില്‍ അത് ഒരുപക്ഷേ മുങ്ങിപ്പോകുന്നതായിരിക്കാം കാരണം. ഒരു വായനക്കാരി എന്ന നിലയില്‍ അതിനോട് എങ്ങിനെ പ്രതികരിക്കുന്നു?

- എന്തെങ്കിലും ആയുധമുണ്ടെങ്കിലെ പല പുറംമോടികളെയും പൊളിച്ചെഴുതാനാവൂ. ചിലര്‍ക്ക്‌ ആ ആയുധം വിശപ്പാവാം, നിഷ്‌ക്കളങ്കതയാവാം, കരുണയാവാം, സ്‌നേഹമാവാം. മാധവിക്കുട്ടി സ്‌നേഹത്തെയാണ്‌ ആയുധമാക്കിയത്‌. ജീവിച്ചു വളരുന്ന സാഹചര്യമാണ്‌, അനുഭവമാണ്‌ ഏതു തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്നത്‌. പൊളിച്ചെഴുത്തൊക്കെ പ്രതീക്ഷിച്ചു കൊണ്ടാവില്ല എല്ലാവരും എഴുതുന്നത്‌ എന്നു തോന്നുന്നു. ഇങ്ങനെയും ജീവിതമുണ്ട്‌ എന്ന കാണിച്ചു കൊടുക്കലാവും. അതു കണ്ട്‌ ആരെങ്കിലും ചിന്തിച്ചാല്‍ വലിയ കാര്യം എന്നേയുള്ളു.

• 'ചന്ദനഗ്രാമം' എന്ന് നോവല്‍ മറയൂരിലെ മണ്ണിന്റെയും കണ്ണീരിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു. പക്ഷേ, അതിനു ശേഷം ആ രംഗത്ത് എന്താണ് ഒരു മൗനം?

-ചന്ദനഗ്രാമം എന്നെ സംബന്ധിച്ച്‌ സംതൃപ്‌തി നല്‌കിയ ഒന്നല്ല. കുറച്ച്‌ തിരക്കുകൂടിപ്പോയി. അടുത്ത നോവല്‍ തിരക്കു പിടിച്ച്‌ തീര്‍ക്കേണ്ടന്ന തോന്നലിലാണ്‌ വൈകുന്നത്‌. അനുഭവങ്ങളും മറ്റും എഴുതിക്കൊണ്ടിരിക്കാതെ ഒരു Creative work ആണ്‌ വേണ്ടതെന്ന്‌ പലരും പറയാറുണ്ട്‌. അപ്പോഴൊക്കെ നോവലെഴുതിയേക്കാം എന്നൊക്കെ തോന്നാറുമുണ്ട്‌. അടുത്ത നിമിഷം ചന്ദനഗ്രാമത്തെക്കുറിച്ചോര്‍ക് കും. ധൃതി പാടില്ല, പതുക്കെ മതി എന്നു ചിന്തിക്കും. പിന്നെ, ഒരു നോവലെഴുതാനുള്ള സമയം ഇപ്പോഴുണ്ടോ എന്ന്‌ സംശയമാണ്‌.

• മൈന ഒരു ചികിത്സക കൂടിയാണല്ലോ. എങ്ങിനെ ഈ വൈദ്യരംഗത്ത് എത്തിപ്പെട്ടു?

-അത്തയുടെ (അച്ഛന്‍) പാരമ്പര്യം വൈദ്യത്തിന്റേതായിരുന്നു. എല്ലാത്തരം ചികിത്സകളും അവര്‍ ചെയ്‌തിരുന്നെന്നാണ്‌ കേട്ടിട്ടുള്ളത്‌. മൃഗചികിത്സ, ബാലചികിത്സ, വിഷ ചികിത്സ, മാനസിക വിഭ്രാന്തിക്ക്‌ എല്ലാം. എന്റെ അത്തയുടെ അത്ത വിഷ ചികിത്സ ചെയ്യുന്നതുമാത്രമാണ്‌ ഞാന്‍ കണ്ടത്‌. എനിക്കതില്‍ താത്‌പര്യമുണ്ടായിരുന്നു. അങ്ങനെ പഠിച്ചു. പഠിച്ചു എന്നതിനേക്കാള്‍ അദ്ദേഹത്തിന്‌ വയ്യാത്തപ്പോള്‍ ഞാന്‍ ചെയ്‌തു തുടങ്ങുകയായിരുന്നു.

• സാഹിത്യമാണോ, വൈദ്യമാണോ കൂടുതല്‍ ഇഷ്ടപ്പെടുന്നത്?

-രണ്ടും രണ്ടാണ്‌. എങ്കിലും എഴുത്തിനേക്കാള്‍ ചികിത്സയാണിഷ്ടം. ചികിത്സ ചെയ്‌തു തുടങ്ങിയപ്പോഴാണ്‌ എഴുത്ത്‌ എന്നിലേക്ക്‌ കടന്നു വന്നത്‌. അപ്പോള്‍ ചികിത്സയില്‍ എഴുത്തുമുണ്ടെന്നു പറയാം. എന്നാല്‍ തിരിച്ചു പറയാനാവില്ല.രോഗികളുള്ള രാത്രികളില്‍ ഉറങ്ങാതിരിക്കുമ്പോള്‍ എഴുതി തുടങ്ങിയതാണ്‌. ആ രാത്രികളില്‍ വെറുതെ കുറിച്ചു വെച്ചതാണ്‌ പിന്നീട്‌ നോവല്‍ രൂപത്തിലേക്കു മാറിയ ചന്ദനഗ്രാമം. ചികിത്സിച്ചു മാറുമ്പോള്‍ കിട്ടുന്ന സന്തോഷം, സംതൃപ്‌തി എഴുത്തില്‍ എനിക്കൊരിക്കലും കിട്ടിയിട്ടില്ല. കൂടുതല്‍ നന്നാക്കാമായിരുന്നെന്ന്‌‌ പിന്നീട്‌ വായിക്കുമ്പോഴൊക്കെ തോന്നാറുണ്ട്‌. പക്ഷേ, ചികിത്സയക്ക്‌ അങ്ങനെയൊരു തോന്നലിന്റെ കാര്യമില്ല. പ്രത്യേകിച്ച്‌ വിഷ ചികിത്സയായതുകൊണ്ടുകൂടി. പൂര്‍ണ്ണാരോഗ്യത്തോടുകൂടി ഒരാള്‍ ജീവിതത്തിലേക്ക്‌ മടങ്ങുകയാണ്‌. അതില്‍പ്പരം സന്തോഷം എവിടെ നിന്ന്‌ കിട്ടാന്‍. സുഖപ്പെടുന്നയാളും ഏതാണ്ട്‌ ഇതേ അവസ്ഥയിലാണ്‌. എന്നാല്‍ എഴുത്തില്‍ അങ്ങനെയൊരു സന്തോഷമുണ്ടോ? വായനക്കാരാണ്‌ അഭിപ്രായം പറയേണ്ടത്‌. ചിലര്‍ക്കിഷ്ടപ്പെട്ടേക്കാം. ഇഷ്ടപ്പെടാതിരിക്കാം. ചിലത്‌ എഴുതിക്കഴിയുമ്പോള്‍ നമുക്ക്‌ സംതൃപ്‌തി തോന്നും പക്ഷേ, വായിക്കുന്നൊരാള്‍ മോശമഭിപ്രായം പറഞ്ഞാല്‍ തീര്‍ന്നു ആത്മവിശ്വാസവും സംതൃപ്‌തിയും. എഴുത്തില്‍ നിന്നു കിട്ടുന്ന സംതൃപ്‌തി ആസ്വാദനത്തില്‍ നിന്നാണ്‌. ചികിത്സയില്‍ അനുഭവത്തില്‍ നിന്നും.

• എഴുത്തില്‍ ചികിത്സയില്ല എന്ന് പറഞ്ഞുവല്ലൊ. അപ്പോള്‍ വിഷ ചികിത്സ എന്ന പുസ്തകം?

-അങ്ങനെയൊന്നുണ്ടല്ലോ അല്ലേ.അതല്ല ഉദ്ദേശിച്ചത്‌. ചികിത്സക്കെത്തിയ രോഗികള്‍ക്ക്‌ മരുന്നുകൊടുക്കുന്നതിനും മറ്റും ഉറക്കമിളച്ചിരുന്നപ്പോഴാണ്‌ എഴുത്ത്‌ കടന്നു വരുന്നതും വായന കൂടുന്നതും. അതാണ്‌ ചികിത്സയില്‍ എഴുത്തുണ്ടെന്നു പറഞ്ഞത്‌. വേറൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ മരുന്നിന്റെ കുറിപ്പടിയെഴുതുന്നതും എഴുത്താണ്‌. പക്ഷേ, അത്‌ സാഹിത്യമാവില്ല. ക്രയേറ്റിവിറ്റി അല്ല. ചികിത്സക്കു വേണ്ടിയുള്ള ആ രാത്രികളില്‍ എഴുത്തോ വായനയോ അല്ലതെ അന്നേരത്ത്‌ വേറൊന്നും ചെയ്യാനില്ല. വിഷചികിത്സയെ കുറിച്ച്‌ പുസ്‌തകമെഴുതിയിട്ടുണ്ട്‌. പക്ഷേ, അത്‌ എഴുത്തിലെ ചികിത്സയാണോ? എങ്ങനെയാണ്‌ ഈ ചോദ്യം പൂരിപ്പിക്കുക എന്നറിയില്ല.എന്നും എഴുത്തിനുവേണ്ടി ചികിത്സയുണ്ടാവട്ടെ എന്നു വിചാരിക്കാന്‍ പറ്റില്ല. എഴുതുന്നതിനുവേണ്ടി ദിവസവും ആരെങ്കിലുമൊക്കെ വിഷം തീണ്ടി എത്തട്ടേ എന്നു വിചാരിക്കാന്‍ പററുമോ? ഇതു പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌..ചിലരെന്നോട്‌ ചോദിച്ചിട്ടുണ്ട്‌ ഒരു വൈദ്യന്‌ എപ്പോഴും രോഗിയുണ്ടാവട്ടെ എന്നല്ലേ പ്രാര്‍ത്ഥന എന്ന്‌. ഉപജീവനമാര്‍ഗ്ഗം എന്ന നിലയിലല്ല ചികിത്സ പഠിച്ചതും ചെയ്‌തതും. ഈ മാര്‍ഗ്ഗത്തിലൂടെ കാര്‍ന്നോമ്മാരുതന്നെ ഉപജീവനം ചെയതിരുന്നില്ലെന്നാണ്‌ അറിവ്‌.

• തന്റെ എഴുത്തുകളോട് എപ്പോഴെങ്കിലും നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ?

-ആത്മാര്‍ത്ഥതയോടെ മാത്രമേ ഞാനെഴുതിയിട്ടുളളു. എഴുത്തില്‍ കളളത്തരം കാണിച്ചിട്ടില്ല. പക്ഷേ, എഴുത്തിന്റെ പൂര്‍ണ്ണതയിലൊക്കെ പിന്നീട്‌ അതൃപ്‌തി തോന്നിയിട്ടുണ്ട്‌. ആദ്യം പറഞ്ഞില്ലേ, കുറച്ചുകൂടി നന്നാക്കാമായിരുന്നു ...അങ്ങനെ എഴുതണ്ടായിരുന്നു എന്നൊക്കെ...


• പല സ്ത്രീ വിഷയങ്ങളിലും സജീവമായി എഴുത്തിലൂടെ പ്രതികരിക്കുന്ന മൈന ഒരു ഫെമിനിസ്റ്റാണോ?

- ഒരു ഫെമിനിസ്‌റ്റ്‌‌ സംഘടനയിലും ഞാന്‍ അംഗമല്ല. അറിയപ്പെടുന്ന ഫെമിനിസ്റ്റുകളുമായി കാര്യമായി ബന്ധവുമില്ല. എന്നാലും ഞാനൊരു ഫെമിനിസ്റ്റാണെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു. അനീതിക്കെതിരെ, അവശതയനുഭവിക്കുന്ന ഒരു പക്ഷത്തോടൊത്തം എഴുത്തുകൊണ്ടെങ്കിലും കൂടെ നില്‌ക്കുന്നുണ്ട്‌. എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി.സ്‌‌ത്രീ കളെക്കുറിച്ചു ചിന്തിക്കുന്നത്‌ തന്നെ ഫെമിനിസമാണെന്നാണ്‌ എന്റെ നിലപാട്‌. ഒരുപക്ഷേ, ഞാനൊരു റാഡിക്കല്‍ ഫെമിനിസ്‌‌റ്റായിരിക്കില്ല. സമത്വത്തിനു വേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, സ്‌ത്രീ ശാക്തീകരണത്തിനു വേണ്ടി ചിന്തിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? വേണ്ടിടത്തും വേണ്ടാത്തിടത്തും ഫെമിനിസം എന്ന വാക്കുപയോഗിച്ച്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു എന്നു തോന്നുന്നു. പല ഫെമിനിസ്റ്റുകളും (അവകാശമുന്നയിക്കാത്ത) ഈ വാക്കിനെ വെറുക്കുന്നു. വുമണിസത്തിലാണ്‌ വിശ്വാസമെന്നും ഞാനൊരു ഫെമിനിസ്റ്റല്ലെന്നുമൊക്ക പറയുന്നവരുണ്ട്‌. കറുത്തവര്‍ഗ്ഗക്കാരായ സ്‌ത്രീകള്‍ക്കുവേണ്ടി പോരാടുന്ന ആലീസ്‌ വാക്കര്‍ മുതല്‍ നമ്മുടെ ഗ്രേസി ടീച്ചറും സുഗതകുമാരിടീച്ചറുമൊക്കെ...ഫെമി നിസ്റ്റാവാന്‍ പറഞ്ഞു നടക്കണമെന്നു തോന്നുന്നില്ല.

• ഏറെ ആകര്‍ഷിക്കപ്പെട്ട വ്യക്തി, അനുഭവം, സമൂഹം?

-ആകര്‍ഷിക്കപ്പെട്ട പലരുമുണ്ട്‌. ഗാന്ധിജിയെന്നോ മദര്‍ തെരേസയെന്നോ ഒക്കെ പറയാം. പക്ഷേ, അതിനേക്കാളേറെ വായനയിലൂടെയും അനുഭവങ്ങളിലും കണ്ടുമുട്ടിയവരാണ്‌ കൂടുതലെന്നു തോന്നുന്നു. ഹൈറേഞ്ചിലെ സ്‌ത്രീകളാണ്‌ എന്നെ ഏറെ ആകര്‍ഷിച്ചത്‌. ഇത്രയേറെ ചുറുചുറുക്കുള്ള, ഒട്ടും സമയം പാഴാക്കാത്ത, എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുന്ന, സ്വന്തം കാര്യം നോക്കാന്‍ പ്രാപ്‌തയായ സ്‌ത്രീകളെ, സമൂഹത്തെ വേറെ കണ്ടിട്ടില്ല. കൂലിപ്പണിക്കാരും കൃഷിക്കാരുമായവര്‍. അവരുടെ പ്രകൃതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. ക്ഷമ ഏതറ്റം വരെ പോകാമെന്ന്‌‌ കണ്ടത്‌ സാധാരണ വീട്ടമ്മയായ ഉഷച്ചേച്ചിയിലാണ്‌. പ്രായമായിട്ടും രാവിലെ ഏഴുമണി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇംഗ്ലീഷ്‌ പഠിപ്പിക്കുകയും IELTS പരിശീലനം നല്‌കുകയും ഒപ്പം സാമൂഹ്യസേവനം നടത്തുകയും ചെയ്യുന്ന രാധ അയ്യര്‍ അത്ഭുതമാണ്‌. അവര്‍ക്കൊരു ബ്ലോഗുണ്ട്‌. അതില്‍ അവരെ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌ Simple, but not conservative; Ageing,but not weak. .ഇങ്ങനെ പലരുമുണ്ട്‌. പുരുഷന്‍ എന്നില്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. ഒന്നോ രണ്ടോ പേരൊഴിച്ച്‌.

• അതാരാണ് ആ ഒന്നോ രണ്ടോ പേര്‍?

-സ്വന്തക്കാരോ അടുത്തുളളവരോ ആയിരിക്കും. ആരാണെന്നു പറയുമ്പോള്‍ പലര്‍ക്കും രുചിച്ചെന്നു വരില്ല. പുരുഷന്മാര്‍ സ്വാധീനിക്കാനുണ്ടായിരുന്നെങ്കി ല്‍ സ്‌ത്രീ സമൂഹം ഇത്ര പിന്നിലാവുമായിരുന്നില്ല. അതുകൊണ്ട്‌ തന്നെ സ്‌ത്രീയേ നോക്കി മാത്രമേ എനിക്കു പഠിക്കാനുളളു. ഞാനൊരു പുരുഷനാണ്‌ എന്ന ധാര്‍ഷ്ട്യമാണ്‌ പലര്‍ക്കും. അതു കാണുമ്പോള്‍ പെണ്ണ്‌ ഒതുങ്ങിപ്പോകണം. ഈ ധാര്‍ഷ്ട്യം കുറവുള്ള കുറച്ചു പേരെയേ കണ്ടിട്ടുള്ളു. അവരിലെ ചില പ്രത്യേകതകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം. തീര്‍ച്ചയായും എന്റെ വളര്‍ച്ചയില്‍ പുരുഷന്റെ പരോക്ഷമായ പങ്കുണ്ട്‌. എന്നെ പ്രോത്സാഹിപ്പിച്ച, കഴിവുകളെ തിരിച്ചറിഞ്ഞ, പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച, തുണയായി നിന്ന അവരെ നന്ദിയോടെ ഓര്‍ക്കുന്നു. പേരെടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.

• ഉള്‍ക്കരുത്തിന്റെ ചിത്രങ്ങളാണ് ബ്ലോഗിലെ മൈനയുടെ പല രചനകളും. അതിന്റെ പ്രകാശവലയത്തില്‍ കത്തിനില്‍ക്കുന്ന ഒട്ടേറെ മുഖങ്ങളുണ്ട്. ആ മുഖങ്ങളില്‍ നിന്നുതിര്‍ന്ന കണ്ണുനീറ്ത്തുള്ളികള്‍ താങ്കളുടെ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

-പറഞ്ഞല്ലോ.. ഒരുപാടു പേരെന്നെ സ്വാധീനിച്ചിട്ടുണ്ട്‌. അതെന്റെ എഴുത്തിലും വന്നിട്ടുണ്ട്‌.

• മൈനയുടെ പല ലേഖനങ്ങളും വായിക്കുമ്പോള്‍ 'ഇതാണ് ജീവിതം' എന്ന ഒരാശയം അതില്‍ അന്തര്‍ലീനമായിരിക്കുന്നതു പോലെ തോന്നാറുണ്ട്. ജീവിതത്തിന്റെ ഒരു പൊളിച്ചെഴുത്ത് തന്നെയാണോ താങ്കളും ഉദ്ദേശിക്കുന്നത്?

-പ്രത്യേകിച്ച്‌ കണക്കുകൂട്ടലൊന്നും വെച്ചിട്ടല്ല എഴുതുന്നത്‌. ഇതാണ്‌ ജീവിതം എന്ന്‌ പറയാനാവില്ല. പക്ഷേ, ഇങ്ങനെയും ജീവിതമുണ്ട്‌ എന്ന്‌ അടയാളപ്പെടുത്തുന്നുണ്ട്‌. ഒരുതരത്തില്‍ ബോധപൂര്‍വ്വമായിത്തന്നെ ആ ആശയം മുന്നിലുണ്ട്‌. അത്‌ ഏതു തരത്തിലേക്കെത്തുന്നു എന്ന്‌ വായനക്കാരാണ്‌ തീരുമാനിക്കേണ്ടത്‌.

• വായനക്കിടയില്‍ എവിടെയോ മൈനയെ ഒരു പരിസ്ഥിതി ലേഖികയായി ചിത്രീകരിച്ചിരുന്നത് കണ്ടു. സത്യത്തില്‍ മൈനയുടെ വഴി ഏതാണ്? കഥയോ, നോവലോ, ലേഖനമോ?

-അവിയലു പോലെയാണ്‌ എന്റെ എഴുത്ത്‌. തോന്നുന്നത്‌ തോന്നിയപോലെ എഴുതുന്നു. ഏതെങ്കിലും ഒരു മേഖലയില്‍ ഉറച്ചു നില്‌ക്കാനൊന്നും കഴിഞ്ഞിട്ടില്ല. പരിസ്ഥിതി ലേഖനങ്ങള്‍ മാത്രം വായിച്ചിട്ടുളളവര്‍ക്ക്‌ പരിസ്ഥിതി ലേഖികയാണ്‌. അനുഭവം എഴുതുമ്പോള്‍ അങ്ങനെ. ബ്ലോഗു വായനക്കാര്‍ക്ക്‌ ബ്ലോഗറാണ്‌. നോവല്‍ വായിച്ചവര്‍ക്ക്‌ നോവലിസ്‌റ്റ്‌. എല്ലാം എല്ലാവരിലുമെത്തുന്നില്ല. അപ്പോള്‍ ഓരോരുത്തവര്‍ അവര്‍ക്കു പരിചയമുള്ള മേഖലയില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ പരാതിയൊന്നുമില്ല. സത്യത്തില്‍ എന്റെ വഴിയേതാണെന്ന്‌ എനിക്കു തന്നെ നിശ്ചയമില്ല. എല്ലാം എഴുത്താണ്‌. മനസ്സില്‍ തോന്നുന്നത്‌ എഴുതുന്നു. അത്രമാത്രം.

• ഉദ്യോഗം എഴുത്തില്‍ എന്തുമാത്രം സ്വാധീനം ചെലുത്തുന്നുണ്ട്?

-പ്രത്യേകിച്ച്‌ ഒരു സ്വാധീനവും ഉദ്യോഗത്തില്‍ നിന്ന്‌ കിട്ടിയിട്ടില്ല. ബാങ്കിലാണ്‌ ജോലി ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ പലപ്പോഴും എഴുതാന്‍ തോന്നുന്നത്‌ തന്നെ എഴുതാന്‍ കഴിയുന്നില്ലെന്നാണ്‌ തോന്നത്‌. പകല്‍ മുഴുവന്‍ അക്കങ്ങളുടെ ലോകത്താണ്‌. അക്ഷരത്തിന്‌ അവിടെ ഒരു സ്ഥാനവുമില്ല. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും അവിടെ തീരുന്നുണ്ട്‌.

• മൈന എന്ന പേര് തികച്ചും വ്യത്യസ്തമാണല്ലോ?

-എന്റെ ചെച്ചാ (ഇളയച്ഛന്‍ ) ഇട്ട പേരാ. അദ്ദേഹം ഒരു പക്ഷി പ്രേമിയായിരുന്നു. കുഞ്ഞിലെ കൗതുകത്തിന്‌ വിളിച്ചു തുടങ്ങിയതാണ്. പേരാണ്‌ പ്ലസ്‌ പോയിന്റുകളില്‍ ഒന്ന്‌ എന്നു പറയാം. ഒരിക്കല്‍ കേട്ടവര്‍ മറക്കില്ല. അത്‌‌ എഴുത്തിലും മറ്റും നന്നായി ഗുണം ചെയ്യുന്നുണ്ട്‌. പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌.

• ഉണര്‍ന്നിരിക്കുന്ന ലോകത്തെ ഉറക്കുകയും, ഉറങ്ങുന്ന ലോകത്തെ ഉറക്കുകയും ചെയ്യുന്നവനാണ് കലാകാരന്‍. ലോകത്തോട് തീയ്യാലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ലോകം ഉണരുന്നു. ഈ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ മൈനയ്ക്ക് ഈ ലോകത്തോട് ഇത്തരത്തിലുള്ള ഏന്തെങ്കിലും ചോദ്യം ഉന്നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

-അറിയില്ല. അങ്ങനെ ചിന്തിച്ചു നോക്കിയിട്ടില്ല. കുറച്ചു നാളല്ലേ ആയുള്ളു എഴുതാന്‍ തുടങ്ങിയിട്ട്‌. എന്റെ ചില സംശയങ്ങള്‍, ചില ചോദ്യങ്ങള്‍ എഴുത്തിലൂടെ ചോദിക്കുന്നുണ്ട്‌. കുറച്ചു പേര്‍ക്കെങ്കിലും ചിന്തയ്‌ക്കു കാരണമാകുന്നുണ്ട്‌. പെണ്‍നോട്ടങ്ങള്‍, ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം, മുഖാവരണേ നീയും ബാങ്കും തമ്മിലെന്ത്‌ തുടങ്ങി കുറേ ചെറു കുറിപ്പുകള്‍ പലരേയും പ്രകോപിപ്പിച്ചിട്ടുണ്ട്‌. അതേ, പോലെ ചിന്തിപ്പിച്ചിട്ടുമുണ്ട്‌. അടുത്തിടെ ആഗോളതാപനത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ പ്ലാവിനെക്കുറിച്ച്‌ പത്തോ ഇരുപതോ വാക്കുകള്‍ എഴുതിയിട്ടുണ്ട്‌. മുററത്തു നില്‌ക്കുന്ന പ്ലാവുമുറിക്കണമെന്ന്‌ വിചാരിച്ചിരുന്ന രണ്ടു മൂന്നു പേര്‍ ഈ ലേഖനം വായിച്ച്‌ അഭിപ്രായം മാറ്റിയെന്നു പറഞ്ഞു. അതൊക്കെ ഉണര്‍വ്വു തന്നെയല്ലേ ?

• കുടുംബത്തെ വിട്ടു നിന്നുള്ള ക്യാമ്പുകളും മറ്റ് സാഹിത്യപ്രവര്‍ത്തനങ്ങളും?

-വളരെ കുറവാണ്‌. കുടുംബം വിട്ടു നിന്നുകൊണ്ട്‌ എന്നതിനേക്കാള്‍ ജോലിയില്‍ നിന്ന്‌ വിട്ടു നിന്നുകൊണ്ട്‌ എന്നു പറയുന്നതാവും ശരി. രാവിലെ ജോലിക്കു പോയാല്‍ വൈകിട്ടേ വീട്ടിലെത്തുന്നുള്ളു. പകല്‍ മറ്റൊന്നിനും മാറ്റിവെയ്‌ക്കാനില്ല.ഒരു പക്ഷേ, സാഹിത്യ ക്യാമ്പില്‍ നിന്നുണ്ടായ എഴുത്തുകാരിയാണ്‌ ഞാനെന്നു പറയാം. കാഞ്ഞങ്ങാട്‌ നെഹൃകോളേജ്‌ സാഹിത്യവേദി 1996 ല്‍ നടത്തിയ ബഷീര്‍ അനുസ്‌മരണ ചെറുകഥാശില്‌പശാലയിലേക്കാണ്‌ ആദ്യമായിട്ട്‌ ഒരു അയച്ചു കൊടുക്കുന്നത്‌. ആ ക്യാമ്പ്‌ എല്ലാ അര്‍ത്ഥത്തിലും വഴിത്തിരിവാകുകയായിരുന്നു. എഴുത്തിന്റെ വഴിയിലേക്ക്‌ ആത്മവിശ്വാസം നല്‌കി. അന്ന്‌ പരിചയപ്പെട്ട സുഹൃത്താണ്‌ മറുപാതി.

• പരിസ്ഥിതി-സാമൂഹ്യ വിഷയങ്ങളില്‍ മൈന നന്നായി ഇടപെടുന്നുണ്ടല്ലോ. പിന്നെന്താ രാഷ്ട്രീയത്തോട് ഒരു അവഗണന?

-ഇതു തന്നെയല്ലേ എന്റെ രാഷ്ട്രീയം. കക്ഷി രാഷ്ട്രീയത്തിലിറങ്ങിയിട്ടേ ഇടപെടാവൂ എന്നില്ലല്ലോ...

• ബ്ലോഗ് എന്ന മാധ്യമം മൈനയെ എങ്ങിനെയെല്ലാം സഹായിച്ചിട്ടുണ്ട്?

-2003 ന്‌ ശേഷം ഒരക്ഷരം പോലും എഴുതാത്ത രണ്ടുമൂന്നു വര്‍ഷങ്ങളുണ്ടായിരുന്നു. ജോലികിട്ടിയശേഷം എന്നു തന്നെ പറയാം. എഴുതാനൊന്നുമില്ലാഞ്ഞിട്ടല്ല. അതിനു മുമ്പ്‌ കഥകള്‍ മാത്രമേ എഴുതിയിരുന്നുള്ളു. 2006 അവസാനത്തോടെയാണ്‌ ബ്ലോഗ്‌ എന്ന മാധ്യമത്തെ മനസ്സിലാക്കുന്നത്‌. ജേണലിസം ക്ലാസ്സിലെ അധ്യാപകന്‍ ജോസഫ്‌ ആന്റണി സാറാണ്‌ പരിചയപ്പെടുത്തിയത്‌. എനിക്ക്‌ വലിയ അത്ഭുതമായി തോന്നി. കമ്പ്യൂട്ടറും നെറ്റുമുണ്ട്‌ എങ്കിലൊന്ന്‌ പരീക്ഷിച്ചേക്കാം എന്നുവെച്ചു. ആ പരീക്ഷണം എന്റെ എഴുത്തുജീവിതത്തെ ആകെ മാറ്റി മറിച്ചു. വളരെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു. കഥമാത്രമല്ല. എന്തും എഴുതാമെന്നും അതിനൊക്കെ വായനക്കാരുണ്ടെന്നും മനസ്സിലാക്കുകയായിരുന്നു. എഴുത്തില്‍ ആത്മവിശ്വാസം വന്നു ചേരുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ ഭാഷയെ നന്നാക്കാനും ചിന്തയെ ഉണര്‍ത്താനുമുള്ള കളരിയാണ്‌ ബ്ലോഗ്‌. ബ്ലോഗെഴുത്താണ്‌ വീണ്ടും എന്നെ മുഖ്യധാരയിലെത്തിക്കാന്‍ പ്രാപ്‌തയാക്കിയത്‌. ബ്ലോഗെഴുത്തിലൂടെ നല്ല കുറച്ച്‌ സുഹൃത്തുക്കളെ കിട്ടി. അവരുടെ നല്ല മനസ്സുകൊണ്ട്‌, മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ എഴുതിയ പോസ്‌റ്റില്‍ നിന്ന്‌ മുസ്‌തഫയക്കൊരു വീടെന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഞങ്ങള്‍ക്കായി...ഇപ്പോഴും ചില കൂട്ടായ പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ട്‌.

• മൈനയുടെ കാഴ്ചപ്പാടില്‍ പരിസ്ഥിതി വിഷയങ്ങളിലെ ഇടപെടലുകള്‍ സമൂഹത്തെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് എത്രമാത്രം വ്യതിചലിപ്പിച്ചിട്ടുണ്ട്?

-പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌ അടുത്തകാലത്താണെന്ന്‌ തോന്നുന്നു. സമൂഹത്തില്‍ അതിന്റെ പ്രതികരണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. യു എന്‍ ഈ വര്‍ഷം ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്നു. ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ പല രാഷ്ട്രീയസംഘടനകളും മരം വെച്ചു പിടിപ്പിക്കാനും മറ്റും രംഗത്തിറങ്ങി. മുമ്പ്‌ വളരെ കുറച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നിരുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക്‌ നിലനില്‌പില്ലെന്ന ബോധം വൈകിയാണെങ്കിലും ഉണ്ടാവുന്നുണ്ട്‌. ഭാവിയെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ പ്രതീക്ഷ നല്‌കുന്നുണ്ട്‌.

• കലാസൃഷ്ടിയ്ക്ക് പിന്നിലെ നിശബ്ദവേദനയെ വായനക്കാരന്‍ ഒരിക്കലും മനസ്സിലാക്കാന്‍ ഇടയില്ല. എഴുത്തുകാരി എന്ന നിലയില്‍ അതിനെ എങ്ങിനെ വീക്ഷിക്കുന്നു?

-വായനക്കാരെ സംബന്ധിച്ച്‌ അവരെ തൃപ്‌തിപ്പെടുത്തണം. അതില്‍ കലാസൃഷ്ടിക്കു പിന്നിലെ വേദനയൊന്നും മനസ്സിലാക്കിയെന്നു വരില്ല. എല്ലാ വായനക്കാരെയും നമുക്കു തൃപ്‌തരാക്കാന്‍ കഴിയില്ല. ആസ്വാദനം പല തരത്തിലാണ്‌. നമ്മുടെ എഴുത്ത്‌ ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോള്‍ മനസ്സിലാക്കിയേക്കാം എന്നല്ലാതെ...നമ്മുടെ വേദന മറ്റുള്ളവര്‍ മനസ്സിലാക്കണം എന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നാണ്‌ തോന്നുന്നത്‌.

• മുഖ്യധാരയിലേക്ക് കടന്നുവന്ന കാലഘട്ടത്തെ ഒന്ന് ചുരുക്കിപ്പറയാമോ?

- ആദ്യമായി അച്ചടിമഷി പുരണ്ടത്‌ മാതൃഭൂമി ബാലപംക്തിയിലെഴുതിയിട്ടാണ്‌. വലിയ കഥകളൊക്കെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ചില പ്രസിദ്ധീകരണങ്ങള്‍ക്കൊക്കെ അയച്ചു കൊടുത്തിരുന്നു. അതേ വേഗത്തില്‍ തിരിച്ചു വന്നിട്ടുമുണ്ട്‌. അതില്‍ ചിലത്‌ ആകാശവാണിയില്‍ വായിച്ചു. അക്കാലത്ത്‌ ഒരുപാടെഴുതിയിട്ടില്ല. അന്നൊക്കെ കഥ മാത്രമേ എഴുതാന്‍ പറ്റൂ എന്ന തോന്നലുമുണ്ടായിരുന്നു. 2001 മുതല്‍ എഴുതിയ ചിലതൊക്കെ അച്ചടിച്ചു വരാന്‍ തുടങ്ങി. പിന്നെ ഒരിടവേള. ബ്ലോഗില്‍ സജീവമായതോടെ ഭാഷ വഴങ്ങി തുടങ്ങി. എന്തുമെഴുതാം എന്ന ആത്മവിശ്വാസവും. ബ്ലോഗിനു വേണ്ടിയായിരുന്നു ബര്‍സ നോവലിറങ്ങിയ സമയത്ത്‌ ഡോ. ഖദീജ മുംതാസിനെ ഇന്റര്‍വ്യൂ ചെയ്‌തത്‌‌. എഴുതിക്കഴിഞ്ഞപ്പോള്‍ കുഴപ്പിമില്ലല്ലോ എന്നു തോന്നി. മാതൃഭൂമിയില്‍ കൊടുത്തുനോക്കാം എന്നു വിചാരിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഭാഷ വഴങ്ങി കിട്ടിയാല്‍ ഏതു വിഷയവും എന്തും എഴുതാം എന്നാണ്‌ അനുഭവം. തേച്ചു മിനുക്കി മൂര്‍ച്ചകൂട്ടിയെടുക്കാന്‍ കുറച്ചു സമയമെടുക്കുമെന്നു മാത്രം.

• സാഹിത്യജീവിതത്തിലുണ്ടായിട്ടുള് ള കുറ്റപ്പെടുത്തലുകളും എതിര്‍പ്പുകളൂം?

-വലിയ എതിര്‍പ്പുകളൊന്നുമുണ്ടായിട്ടി ല്ല. അനുഭവമെഴുത്തുകാരിയെന്നും അനുഭവത്തില്‍ കാമ്പുള്ളതൊന്നുമില്ലെന്നുമൊക് കെ പറയുന്നവരുണ്ട്‌‌. എന്തെങ്കിലുമൊക്കെ പറയട്ടെ...അതൊക്കെ എനിക്ക്‌ ഊര്‍ജ്ജം തരുന്നേയുള്ളു. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധവരുത്താന്‍ വിമര്‍ശനങ്ങള്‍ നല്ലതാണ്‌. പെണ്ണ്‌ ഇങ്ങനെയൊക്കെയേ എഴുതാവൂ എന്നു നിബന്ധന വെക്കുന്നുണ്ട്‌ ചിലര്‍. ബ്ലോഗിലും ഓണ്‍ലൈനിലുമൊക്കെ വരുന്ന ചെറിയ കുറിപ്പുകള്‍ ചിലരെ വല്ലാതെ പ്രകോപിപ്പിക്കാറുണ്ട്‌. ഭീഷണി രൂപത്തിലൊക്കെ മെയിലു വരാറുണ്ട്‌. എഴുതുന്നെങ്കില്‍ ദൈവവചനം മാത്രമെഴുതി സ്വര്‍ഗ്ഗത്തിലെത്താനുള്ള വഴി കാണാനൊക്കെ. കാര്‍ന്നോമ്മാരും കൂട്ടുകാരും പരിചയക്കാരുമൊക്കെ അറിഞ്ഞോ അറിയാതെയോ ചെറിയ ചെറിയ തെറ്റും കുറ്റവുമൊക്കെ ചെയതവരാ. കണക്കു നോക്കിയാല്‍ മിക്കവരും നരകത്തില്‍ പോകേണ്ടവര്‍. എല്ലാരും നരകത്തിലാണെങ്കില്‍ എനിക്കു സ്വര്‍ഗ്ഗമെന്തിനാണ്‌?

• സ്ത്രീകളെ രണ്ടാം ലിംഗ വിഭാഗമായി തരംതാഴ്ത്തുന്ന പുരുഷന്മാരുടെനിലപാടുകളെ എങ്ങിനെ വീക്ഷിക്കുന്നു?

-സ്വയം തരംതാഴ്‌ത്തലാണത്‌. അത്തരം വീക്ഷണവുമായി യോജിക്കാന്‍ കഴിയില്ല. പുരുഷന്‍ സ്‌ത്രീയുടെ യഥാര്‍ത്ഥശക്തി തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്ന കാലം അധികം ദൂരത്തല്ലെന്നാണ്‌ എന്റെ വിശ്വാസം.

• സ്‌ത്രീയുടെ യഥാര്‍ത്ഥശക്തി എന്നത്കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

- ഉപഭോഗവസ്‌തു, കാഴ്‌ച വസ്‌തു എന്നതില്‍ നിന്നൊക്കെ മാറി ബുദ്ധിപരമായി എല്ലാമേഖലയിലും ഇടപെടാനും പുരുഷനെപോലെ ഏതു തൊഴില്‍ നേടാനും പ്രവര്‍ത്തിക്കാനുമൊക്കെയുളള കഴിവവള്‍ക്കുണ്ട്‌. വരും കാലങ്ങളില്‍ അതു കൂടുതല്‍ തെളിയിക്കും

• ഖുര്‍ ആന്‍ മതമനുസരിച്ച് പുരുഷന്റെ വാരിയെല്ലില്‍ നിന്ന് അവനു വേണ്ടി സ്രിഷ്ടിക്കപ്പെട്ടവളായ സ്ത്രീ ഒരു രണ്ടാം കിടക്കാരിയാണ്. ആ വാദത്തെ ഒരുമുസ്ലിം സ്ത്രീ എന്ന നിലയില്‍ ന്യായീകരിക്കാന്‍ കഴിയുമോ?

- തുടക്കത്തില്‍ തന്നെ പറഞ്ഞല്ലോ മിശ്രവിവാഹിതരുടെ മകളാണെന്ന്‌. മുസ്ലീം സ്‌ത്രീ എന്ന ഐഡന്റിറ്റിയില്‍ അറിയപ്പെടാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ഇക്കാര്യം എഴുത്തിലൂടെ പലവട്ടം പറഞ്ഞിട്ടുളളതാണ്‌. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തെ ചൊല്ലിയുണ്ടായ വിവാദ സമയത്ത്‌ ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം എന്ന പേരില്‍ ലേഖനമെഴുതിയിരുന്നു. അത്തയുടെ വീട്ടുകാരായിരുന്നു ഞങ്ങള്‍ക്ക്‌ മതമറിയുന്ന പേരിട്ടത്‌. എന്നാല്‍ മുതിര്‍ന്നപ്പോള്‍ എന്തിന്‌ ഞങ്ങള്‍ക്കിത്തരം പേരുകളിട്ടു എന്ന്‌ അമ്മയോട്‌ ചോദിച്ചിട്ടുണ്ട്‌. അപ്പോള്‍ അമ്മ പറഞ്ഞത്‌ അത്തയുടെ വീട്ടുകാരുടെ സ്‌നേഹത്തിനു മുന്നില്‍ വിട്ടുകൊടുത്തതാണെന്നാണ്‌. അമ്മയുടെ ആ തീരുമാനമാണ്‌ വിനുവിനെ കൊണ്ട്‌ വരെ ഈ ചോദ്യം ചോദിപ്പിച്ചത്‌. ഹിന്ദു മുസ്ലീം ഐക്യത്തിനുള്ളിലാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. ഏതെങ്കിലും മതത്തെ ചോദ്യം ചെയ്യുന്നതോ താഴ്‌ത്തുന്നതോ കണ്ടിട്ടില്ല. അതിനേക്കാളേറെ മതേതരത്വം എല്ലാ അര്‍ത്ഥത്തിലും പുലര്‍ത്തുന്നവരായിരുന്നു നാട്ടുകാര്‍. ഞാനെന്നും മതനിരപേക്ഷതയ്‌ക്കൊപ്പമാണ്‌. വിശ്വാസം അവനവനില്ലാതെ തെരുവിലല്ല കാണിക്കേണ്ടതെന്ന്‌ വിശ്വസിക്കുന്നു. പിന്നെ, എല്ലാമതത്തെക്കുറിച്ചും സാമാന്യ അറിവുണ്ടെന്നാണ്‌ എന്റെ വിശ്വാസം. അതു വെച്ചു പറയുകയാണെങ്കില്‍ പുരുഷന്റെ വാരിയെല്ലില്‍ നിന്ന്‌ സൃഷ്ടിച്ചവളാണെന്നത്‌ സുന്ദരമായൊരു മിത്താണ്‌. പ്രകൃതിയിലെ ഏതാണ്ടെല്ലാജീവികളിലും ആണും പെണ്ണുമുണ്ട്‌. അപ്പോള്‍ എന്തുകൊണ്ട്‌ ജീവജാലങ്ങളുടെ കാര്യത്തില്‍ സൃഷ്ടിയുടെ സങ്കല്‌പം വ്യത്യസ്‌തമാവുന്നു? ആണ്‍ പക്ഷി, ആണാന, ആണ്‍ സിംഹം...അവരുടേയും വാരിയെല്ലില്‍ നിന്നാണോ ഇണയെ സൃഷ്ടിച്ചിരിക്കുന്നത്‌? സ്‌ത്രീ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഞാന്‍ സയന്‍സില്‍ വിശ്വസിക്കുന്നു. ഓരോ സമൂഹത്തിലും സങ്കല്‌പവും മിത്തുമുണ്ടാവും. അക്കാരണം പറഞ്ഞ്‌ സ്‌ത്രീയെ രണ്ടാംതരമാക്കുന്നതിനോട്‌ യോജിപ്പില്ല.

• പുരുഷന് തലാഖിനുള്ള അവകാശം പോലെത്തന്നെ സ്ത്രീക്ക് ഫസ്ഖിന് ഇസ്ലാം മതംഅനുവാദം നല്‍കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് എന്ത് പറയുന്നു?

-ഭര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ വിവാഹമോചനം നേടാന്‍ സ്‌ത്രീക്ക്‌ അവകാശമുണ്ട്‌. 'ഖുല്‍അ‌', 'ഫസ്‌ഖ്‌' എന്നീ രണ്ട്‌ സാങ്കേതിക ശബ്ദങ്ങ ളിലാണ്‌ സ്‌ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്‌. വിവാഹ മൂല്യം തിരിച്ചുനല്‍കിക്കൊണ്ടുള്ള മോചനമാണ്‌ ഒന്നാമത്തേത്‌. തിരിച്ചു നല്‍കാതെയുള്ളതാണ്‌ രണ്ടാമത്തേത്‌. ഏതായിരുന്നാലും താനിഷ്ടപ്പെ ടാത്ത ഒരു ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ ഇസ്ലാം സ്‌ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അവള്‍ക്ക്‌ അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം നേടാവുന്നതാണ്‌. ഒരു സ്‌ത്രീ സ്വയം തീരുമാനിച്ചാലും വിവാഹബന്ധം റദ്ദാക്കണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഖാദ്വിക്കും കോടതിക്കും മാത്രമാണ്‌ അതിനുളള അധികാരമുള്ളത്‌. തലാഖെന്ന്‌ മൂന്നുവട്ടം ചൊല്ലിയാലോ എഴുതിയതോ അല്ല ഞാന്‍ മനസ്സിലാക്കിയ തലാഖ്‌..അതിന്‌ ഒരുപാട്‌ കടമ്പകളുണ്ട്‌. കൃത്യമായ കാരണങ്ങളുമുണ്ടാവണം. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ പൗരോഹിത്യം എന്നും പുരുഷനൊപ്പമായതിനാല്‍ സ്‌ത്രീ നിസ്സഹായയാവുന്നു.

• ഇന്ന് നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു?

-എളുപ്പത്തില്‍ ഉത്തരം പറയാവുന്ന ഒന്നല്ല. സ്‌ത്രീയെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരാതിരിക്കുന്നതിന്‌ പുരുഷന്‌ പല ന്യായീകരണങ്ങളുമുണ്ട്‌. മതത്തെ, സ്‌ത്രീയുടെ ജൈവികതയെ, അവളുടെ കര്‍ത്തവ്യങ്ങളെ എല്ലാം കൂട്ടുപിടിക്കും. പുരുഷന്‌ അധികാരവും ആധിപത്യവുമാണ്‌ വേണ്ടത്‌. അതിന്‌ ഒളിഞ്ഞും തെളിഞ്ഞും ആയുധങ്ങള്‍ പുറത്തെടുക്കും. ആ ആയുധങ്ങള്‍ക്കു മുന്നില്‍ പൊരുതാനുള്ള ആത്മധൈര്യം പലര്‍ക്കുമുണ്ടാവില്ല. കീഴടങ്ങും.

• ജീവിക്കുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു ള്ളില്‍ നിന്നുകൊണ്ട് സമൂഹത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ സ്വന്തമായ അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാന്‍ ഇന്ന് ഒരു സ്ത്രീക്ക് കഴിയുമോ?

-സ്വന്തമായി, നിര്‍ഭയമായി അഭിപ്രായം പറയാന്‍ ഇന്ന്‌ പുരുഷനു തന്നെ കഴിയുന്നുണ്ടോ? എന്നിട്ടല്ലേ സ്‌ത്രീയുടെ കാര്യം. വ്യക്തി എന്ന നിലയില്‍ നിന്ന്‌ സംഘടന എന്ന നിലയിലേക്ക്‌ ഓരോത്തരും മാറി. സ്വതന്ത്രാഭിപ്രായം പറയാന്‍ പലര്‍ക്കും പേടിയാണ്‌. എന്തുകാര്യത്തിലും അഡജസ്റ്റ്‌മെന്റ്‌ കാണുന്നവര്‍ക്ക്‌ അഭിപ്രായം തുറന്നു പറയാന്‍ കഴിയില്ല. സ്‌ത്രീയോ പുരുഷനോ ആകട്ടെ അഭിപ്രായം തുറന്നു പറയാന്‍ കഴിയുന്ന അവസ്ഥയിലേക്ക്‌ മാറേണ്ടിയിരിക്കുന്നു. പലര്‍ക്കും അപ്രിയമായേക്കാം. പുറം തളളപ്പെട്ടേക്കാം. ഒറ്റക്ക്‌ നില്‌ക്കേണ്ടി വരും. അതിനുളള ധൈര്യം ആദ്യമുണ്ടാവട്ടെ.

• 'പെണ്ണെഴുത്ത്' എന്ന പ്രത്യേക വര്‍ഗ്ഗീകരണം താങ്കളടക്കമുള്ള എഴുത്തുകാരികള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുന്നത്?

-അങ്ങനൊരു വര്‍ഗ്ഗീകരണത്തിലൂടെയാണ്‌ ഞാനെഴുതുന്നത്‌ വായിക്കപ്പെടുന്നത്‌ എന്ന്‌ ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. പെണ്ണെഴുത്ത്‌ എന്ന വര്‍ഗ്ഗീകരണം വെച്ചല്ല എന്റെ വായനയും. പക്ഷേ, ആര്‍ക്കെങ്കിലും എഴുത്തില്‍ വിവേചമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍, വര്‍ഗ്ഗീകരണം ആവശ്യമെന്നു തോന്നുന്നുണ്ടെങ്കില്‍ അതിനോട്‌ എതിര്‍പ്പില്ല.

• സ്ത്രീ വിഷയങ്ങളില്‍ സൂക്ഷ്മമായി ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ കേരളത്തിലെ ഇപ്പോഴത്തെ സ്ത്രീകളുടെ പശ്ചാത്തലം ഒന്ന് വിലയിരുത്താമോ?

-കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സ്‌ത്രീകള്‍ ഒരുപാട്‌ മുന്നോട്ടു പോയിട്ടുണ്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെയും ദേശീയ തൊഴിലുറപ്പിന്റെ ഭാഗമായും കേരളത്തില്‍ താഴെ തട്ടിലുള്ള സത്രീകളാണ്‌ ഏറെ മുന്നോട്ട്‌ പോയത്‌. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്ന അവര്‍ ധൈര്യമായി സംസാരിക്കുന്നു. പുറത്തിറങ്ങുന്നു. സ്വയം പര്യാപ്‌തതയ്‌ക്കുവേണ്ടി ശ്രമിക്കുന്നു. സ്‌ത്രീയുടെ സാന്നിധ്യം പേരിനെങ്കിലും എവിടെയും കാണുന്നുണ്ട്‌. ജീവിതാനുഭവം കുറവായ എന്നേക്കാള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാവുന്നത്‌ മുതിര്‍ന്നവര്‍ക്കാണ്‌.

• സാമൂഹികമായി ഒരു സ്ത്രീ എത്രമാത്രം നിരക്ഷരയാണ്?

-സാമൂഹികമായി സ്‌ത്രീ എത്രത്തോളം തടവറയിലാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുത്തരം. നാലു ചുവരുകള്‍ക്കുള്ളില്‍, സ്വന്തം വേലിക്കുള്ളിലാണ്‌ ഇന്നും ബഹുഭൂരിപക്ഷം സ്‌ത്രീകളുടേയും ദൂരം. ജോലിക്കും മറ്റുമായി പുറത്തിറങ്ങുന്നുണ്ടെങ്കിലും കൃത്യസമയം പാലിക്കുന്നവരാണവര്‍. ഒരു സൗഹൃദകൂട്ടായ്‌മയിലോ, സാമൂഹ്യമായുണ്ടാകുന്ന എന്തിനെയെങ്കിലും നോക്കി നില്‍ക്കാന്‍പോലും അവര്‍ക്കാവുന്നില്ല. വീട്‌, അടുക്കള, കുട്ടികള്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഇന്നും സ്‌ത്രീക്കു തന്നെയാണ്‌. എവിടെയൊക്കെയോ ആശ്വാസകരമായ ചെറു ചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്.‌ പുറംലോകം കാണാതെ, അതിനുള്ള അവസരം ലഭിക്കാതെ സ്‌ത്രീയെങ്ങനെ സാക്ഷരയാവും?

• 'ഇസ്ലാമിക് ഫെമിനിസം'- ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

-ഇസ്ലാമില്‍ നവോത്ഥാനം നടക്കുന്നത്‌ ഫെമിനിസത്തില്‍ മാത്രമാണ്‌. ഫാത്തിമാ മെര്‍നിസി, ആമിനാ വൂദൂദ്‌, അസ്‌‌റ നൊമാനി, അസ്‌മ ബര്‍ലാസ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ ഈ രംഗത്തുണ്ട്‌. ആറാം നൂറ്റാണ്ടിലെ ചരിത്രം പഠിച്ചും അറബിയിലെ ഭാഷാന്തരങ്ങളെ മനസ്സിലാക്കിയാണ്‌ ഫാത്തിമാമെര്‍നിസിയും ആമിന വുദൂദുമൊക്കെ സ്‌ത്രീയുടെ അവകാശങ്ങള്‍ക്കും ഖുര്‍ ആനും സ്‌ത്രീയുടേതായ വ്യാഖ്യാനം നല്‍കിയത്‌. ഇന്നു വരെ പുരുഷന്‍ മാത്രമാണ്‌ ഖുര്‍ ആനെ വ്യാഖ്യാനിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ പല ഭാഷാപ്രയോഗങ്ങളും വളച്ചൊടിച്ച്‌‌ സ്‌ത്രീ വിരുദ്ധമാക്കി എന്നാണ്‌ അവര്‍ പറയുന്നത്‌. പള്ളികളില്‍ ഇടിച്ചു കയറി ഇമാം നിന്നവളാണ്‌ ആമിനാ വുദൂദ്‌. ഇവരൊക്കെ അമേരിക്കയുടെ വക്താക്കളാണെന്നും ഭീകരമായി അകറ്റി നിര്‍ത്തേണ്ടവരുമാണെന്നാണ്‌ പു രുഷ ഇസ്ലാമിന്റെ വാദം. തമിഴ്‌നാട്ടില്‍ മുസ്ലീം സ്‌ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഷെരീഫാഖാനവും ഇക്കൂട്ടത്തില്‍പ്പെടും. മലയാളത്തില്‍ എഴുത്തിലൂടെയെങ്കിലും ഖുര്‍ആന്റെ സ്‌ത്രീപക്ഷ വായന നടത്തിയതും ഇസ്ലാമിക ചരിത്രത്തിന്‌ പെണ്‍ കാഴ്‌ച നല്‍കിയതും ഡോ. ഖദീജ മുംതാസ്‌ മാത്രമാണ്‌. പക്ഷേ, ഇവിടെ ചില സംഘടനകളുടെ വനിതാ വിഭാഗം പറയുന്നത്‌ അവര്‍ നടത്തുന്നതാണ്‌ ഇസ്ലാമിക ഫെമിനിസമെന്ന്‌. പുരുഷന്റെ വെറും ഏറാന്‍ മൂളികളാകാനല്ലാതെ...സ്വതന്ത്രമായി എന്തു ചെയ്‌തു ഇവര്‍?
സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത്‌, ഒരവകാശങ്ങളുമില്ലാതിരുന്ന കാലത്ത്‌ പ്രവാചകന്‍ ചെയ്‌തത്‌ എത്രയോ വലിയോ കാര്യം. പക്ഷേ, പിന്‍മുറക്കാര്‍ അന്നു നടന്നതിനെ മാത്രം കൂട്ടുപിടിച്ചും, വളച്ചൊടിച്ചും സ്‌ത്രീയെ രണ്ടാംതരമാക്കി വെച്ചു. യഥാര്‍ത്ഥത്തില്‍ പ്രവാചകന്‌ നല്‍കാന്‍ കഴിയുന്നതിലുമേറെ നല്‍കുകയായിരുന്നു വേണ്ടത്‌.
ഇസ്ലാമില്‍ എന്നല്ല ഏതു മതത്തിലും സംഘടനകളിലും.

ഒരു നൂറ്റാണ്ടുപോലുമാകാത്ത ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിലും, ഗാന്ധിസത്തിലും എത്രത്തോളം മാറ്റം വന്നു. പിന്നെ 1600 വര്‍ഷത്തെ കാര്യം പറയാനുണ്ടോ?

• കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന മുസ്ലീം രാഷ്ട്രീയ പ്രതികരണങ്ങളെ എങ്ങിനെ കാണുന്നു?

-ഒരുപാട്‌ വിഷമമുണ്ട്‌. എന്തുകൊണ്ട്‌ യുവാക്കള്‍ മുമ്പത്തേക്കാളേറെ തീവ്രവാദത്തിലേക്കും മറ്റും തിരിയുന്നു എന്ന്‌ അന്വേഷിച്ച്‌ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്‌. കേവലം വോട്ടുബാങ്കിനു വേണ്ടി പലരും നിശബ്ദരായിരുന്നു. പ്രതികരിക്കേണ്ടവര്‍ വേണ്ട സമയത്ത്‌ ശബ്ദിച്ചില്ല. അത്‌ തീവ്രവാദ സംഘടനകള്‍ക്ക്‌ വളമായെന്നു വേണം കരുതാന്‍. നമ്മള്‍ പ്രതീക്ഷയര്‍പ്പിച്ച പലരും അധികാരത്തിന്‌ വേണ്ടി, വോട്ടിനുവേണ്ടി ആശയങ്ങളെ ബലികഴിക്കുമ്പോള്‍ ഭൂരിപക്ഷം വേദനിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞില്ല. ഇപ്പോഴും. ഭരണ ഘടന ഉറപ്പുതരുന്ന മതേതരത്വം , ജനാധിപത്യം, സോഷ്യലിസം എന്നിവ സങ്കല്‌പം മാത്രമാവരുത്‌ എന്ന്‌ ആശിച്ചു പോകുന്നു.


സൈകതത്തില്‍ പ്രസിദ്ധീകരിച്ചത്

1 വായന:

jwaala said...

മൈനയുടെ എഴുത്തിന്റെ വഴികളെ അടുത്തറിയാന്‍ സാധിച്ചു. അഭിനന്ദനങ്ങള്‍

Post a Comment

© moonnaamidam.blogspot.com