നിലയ്ക്കാത്ത തുടിപ്പുകള്‍

നെഞ്ചേറ്റിയ കവിതകളോടൊപ്പമുള്ള ഒരു യാത്രയായിരുന്നു അത്, കേരളവര്‍മ്മയുടെ മണ്ണിലൂടെ. കവിതയുടെ ചൂടും ചൂരുമറിഞ്ഞ്, ആടിത്തിമിര്‍ക്കുന്ന വിപ്ലവത്തിന്റെ ശീല്‍ക്കാരം മുഴങ്ങുന്ന ആ കലയുടെ കൊട്ടാരത്തില്‍ കാത്തിരുന്നത് മലയാള സാഹിത്യത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളായിരുന്നു. എഴുത്തിന്റെയും വായനയുടെയും കാലാതിര്‍ത്തികളെ മായ്ച്ച് മലയാള സാഹിത്യത്തിലേക്കുള്ള ഒരു സ്വപ്നസഞ്ചാരം. അതായിരുന്നു ആ യാത്ര. മറ്റ് കാമ്പസുകളില്‍ നിന്ന് വ്യത്യസ്തമായി കവിതയുടെ കുളിരനുഭവപ്പെടുന്ന, എപ്പോഴും ഉറഞ്ഞു തുള്ളാന്‍ കൊതിക്കുന്ന തൃശ്ശൂരിന്റെ മാത്രം കേരളവര്‍മ്മ, ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപിടി നിമിഷങ്ങള്‍ സമ്മാനിച്ച ആ മണ്ണിലൂടെ ഒരു സഞ്ചാരം. വരിക്കാളുടെ മറപെറ്റാത്ത വാക്കിന്റെ കരയിലൂടെ.

കീഴ്മേല്‍ മറിഞ്ഞ ആരാധനാ ക്രമങ്ങളും, സ്തംഭിക്കപ്പെട്ട സാമൂഹിക ബോധവും ഒരുപാട് സ്വാധീനിക്കപ്പെട്ട സമകാലിക യുവത്വത്തില്‍ നിന്നും വിഭിന്നമായ ഒരു കമ്പസാണ് കേരളവര്‍മ്മ. പൊട്ടിത്തെറിക്കുന്ന കവിതകളും, ചുട്ടു പൊള്ളുന്ന വിപ്ലവവും, വിരഹിണിയുടെ ഏകാന്ത ദുഃഖവുമെല്ലാം ഇന്നും കേരളവര്‍മ്മയ്ക്ക് സ്വന്തമാണ്. അടിസ്ഥാന പ്രശ്നങ്ങളെ സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയാതാവുമ്പോഴാണ് ഒരു കാമ്പസ് 'തല്ലേറ്റ തകരപ്പാത്രം' പോലാവുന്നത്. സാംസ്കാരിക ജീര്‍ണ്ണതയില്‍ നിന്നും കുതിച്ചുയര്‍ന്നില്ലെങ്കില്‍ കൂടി അതിന്റെ അസ്ഥിത്വത്തിലെത്തിച്ചേരാനോ, അല്ലെങ്കില്‍ ചിന്തകളിലൂടെ തീരുമാനങ്ങളിലെത്തിപ്പെടാനോ കഴിയാതാവുമ്പോഴായിരിക്കണം ഒരു കാമ്പസിന് അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നത്. അത്തരം കാമ്പസുകളുടെ അതിജീവനത്തിനുള്ള ഒരു ഊര്‍ജ്ജം കൂടിയാണ് കേരളവര്‍മ്മ. സാമൂഹിക-സാംസ്കാരിക വിഷയങ്ങളില്‍ കേരള വിദ്യാര്‍ത്ഥി സമൂഹം ഇടപെടുന്നതില്‍ കാണിക്കുന്ന താത്പര്യം പാടെ കുറവാണെന്നിരിക്കിലും, അതിലാഴത്തിലിറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ ശ്രമങ്ങളില്‍ സത്യത്തെ സമീപിക്കാനുള്ള ധീരതയുണ്ട്. അതുവഴി മനഃസാക്ഷിയെ സംതൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയുണ്ട്. തങ്ങളോട് വിയോജിപ്പുള്ളവരെ അനേകം തലയുള്ള മന്ദബുദ്ധികളായി കണക്കാക്കാതെ പ്രസ്തുത വിമര്‍ശകനിലെ സത്യത്തെ ചൂഴ്ന്നെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം ചുരുക്കം ചില കാമ്പസുകളിലെ കാഴ്ചയാണ്. അവരില്‍ നിന്നും നമുക്ക് തുടങ്ങാം.

പുതുകവിതയും കാമ്പസും

പുതുകവിതയെ ഒരു കാമ്പസിന് അംഗീകരിക്കാതിരിക്കാനാവില്ല. കാരണം, അതാണ് കാമ്പസുകളുടെ പ്രണയത്തിന് വളമായി മാറുന്നത്. പ്രണയമൊഴിഞ്ഞ കാമ്പസുകള്‍ ഇലകള്‍ കൊഴിഞ്ഞ ചെടി പോലെ വികൃതമാണ്. ഈ വൈകൃതം മാറ്റപ്പെടുന്നത് കവിതയുടെ കാമ്പസിലുള്ള സഞ്ചാരമാണ്. കടമ്മനിട്ട രാമകൃഷ്ണനും മധുസൂദനന്‍ നായരുമൊഴുക്കിയ കവിതകളില്‍ നിന്നും വ്യത്യസ്തമായി കവിതകളെ സമീപിച്ച് അവയെ ചൊല്‍ക്കവിതാ രൂപത്തില്‍ ജനങ്ങളിലെത്തിച്ച കവികളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടും, മുരുകന്‍ കാട്ടാക്കടയും. പരുക്കന്‍ ശബ്ദവും വാക്കുകളുടെ ഇണ മുറിയാത്ത സൗന്ദര്യവും കൊണ്ട് കാമ്പസുകള്‍ ആ കവിതകളേറ്റു പാടി, ഒരുപാട് കാലം. എങ്കിലും മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. ആ കാലചക്രത്തിന്റെ മറുവശത്തെത്തിയപ്പോള്‍ കുരീപ്പുഴ ശ്രീകുമാറിനായി ആ സ്ഥാനം. എങ്കിലും കവിതയെ കൈവെടിയാതെ കാമ്പസുകള്‍ അവരെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.

ഇന്നേറ്റവും കൂടുതല്‍ ആരാധകരുള്ളത് പുതുകവിതയ്ക്കാണെന്ന വസ്തുത ആര്‍ക്കും തള്ളിക്കളയാനാവാത്തതാണല്ലോ. ഈ പുതുകവിക്കൂട്ടത്തില്‍ ഒരുപാറ്റ് പേര്‍ കേരളവര്‍മ്മയുടെ മണ്ണില്‍ നിന്നും മുളച്ചുപൊന്തിയിട്ടുണ്ട്. കവിതയാല്‍ മുറിഞ്ഞ്, കവിതയില്‍ ജീവിക്കുന്ന ഒരുപാട് പേര്‍. അവരുടെ ദുഃഖങ്ങളും ജീവിതവും ഇവിടെ വരികളാവുമ്പോള്‍ മറഞ്ഞു നിന്നാസ്വദിക്കുന്ന ഒരു കൂട്ടം കവിതാപ്രേമികളും ഇവിടെയുണ്ട്. അതിന്റെ ഉത്തമമായ ഉദാഹരണമാണ് വൈഖരി, കേരള സംസ്കൃതി എന്നീ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍. സമകാലിക ജീവിതബോധത്തിന്റെ ആഴങ്ങള്‍ തിരിച്ചറിഞ്ഞ ഒരുകൂട്ടം പൂര്വ്വ വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. പുസ്തക പ്രസാധന രംഗത്ത് ഇന്നൊരു കോളേജിനും അവകാശപ്പെടാനാവാത്ത നേട്ടങ്ങളാണ് കേരളസംസ്കൃതിയിലൂടെ കേരളവര്‍മ്മ കൈവരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടേതായ ഒരുപിടി പുസ്തകങ്ങള്‍ അവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുറത്തിറക്കിക്കഴിഞ്ഞിട്ടുണ്ട്. എന്‍.രാജന്റെ സഹയാത്രികന്‍, ശ്രീദേവിയുടെ വ്രണിതസ്വപ്നങ്ങള്‍, അനൂപിന്റെ ഉഭയജീവിതം, ശ്യാമിന്റെ ഫ്രൂട് സലാഡ്, അലിയാരുടെ കാമ്പസില്‍ കുടയില്ലാതെ എന്നിവയാണ് ഈ അടുത്ത കാലത്തായി പുറത്തിറക്കിയ പുസ്തകങ്ങള്‍. എണ്‍പതുകളുടെ ആദ്യങ്ങളില്‍ പൂര്വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന ഇവര്‍ക്ക് അവരുടെ വഴികള്‍ തന്നെയാണ് ഇന്നും പ്രിയങ്കരം. ഈ എണ്‍പതുകളില്‍ തന്നെയായിരുന്നു വൈഖരിയുടെ പേരിലെ ആദ്യ പുസ്തക പ്രസാധനം. രാവുണ്ണിയുടെ ആദ്യ കവിതാസമാഹാരമായ പതിനഞ്ചു മുറിവുകള്‍ പുറത്തിറങ്ങിയത് കേരളവര്‍മ്മയുടെ മണ്ണിലായിരുന്നു- വൈഖരിയുടെ ആദ്യ സംരംഭം. പിന്നീട് കേരളവര്‍മ്മയുടെ കഥകള്‍, കവിതകള്‍ തുടങ്ങിയ പുസ്തകങ്ങളും അവര്‍ പുറത്തിറക്കിയിട്ടുണ്ട്.

സര്‍ഗാത്മകതയുടെ ഒഴുക്കുകള്‍ വറ്റുന്ന കാമ്പസുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ കാമ്പസ്. അക്രഡിറ്റേഷന്‍ നിശ്ചയിക്കാന്‍ നാക് സംഘം കേരളവര്‍മ്മയിലെത്തിയപ്പോള്‍ ഒറ്റയാള്‍ പോരാളിയായി അലിയാര്‍ എന്ന വിദ്യാര്‍ത്ഥി തന്റെ സൈക്കിളില്‍ കറുത്ത കൊടി കെട്ടി സ്വന്തം കവിത പാറ്റി കാമ്പസിനെ ശബ്ദമുഖരിതമാക്കി. വിപ്ലവത്തിന്റെ ഒറ്റപ്പെട്ട ശബ്ദമായിരുന്നിരിക്കണം അത്. ആര്‍ക്കും അറുത്തു മാറ്റാനാവാത്ത ഒരു കാറ്റ് ആ കാമ്പസില്‍ വീശിയടിക്കുന്നുവെന്ന തിരിച്ചറിവിലായിരിക്കണം അയാല്‍ ഇങ്ങനെ പാടിയത്.

'നാക്കു പിളര്‍ക്കും ചോദ്യം വേണം
നാക്കു പിളര്‍ക്കും രോധം വേണം
നാക്കു കടിച്ചിനി ചോദ്യം ചെയ്യാം.'

അയാളുടെ ഒറ്റപ്പെട്ട ഈ പ്രതിഷേധാഗ്നിയെ നെഞ്ചേറ്റുന്ന ഒരുപാട് ഹൃദയങ്ങള്‍ ഈ കാമ്പസിലുണ്ട്. തളരാത്ത നാക്കും വളയാത്ത നട്ടെല്ലുമായി കവിതയിലൂടെ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ച ആ കാഴ്ച മറ്റേതു കാമ്പസില്‍ കാണാനാവും?

ആധുനിക കവിതാ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വഴികളിലായിരുന്നു പുതുകവിതയുടെ സഞ്ചാരം. അവ വായനക്കാരെ മുറിവേല്പ്പിച്ചിരുന്നു. സമകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചകളായിരുന്നു ഇത്തരം കവിതകള്‍. ഒറ്റപ്പെടുന്നവരെ തോള്‍ താങ്ങി, തേങ്ങുന്നവരുടെ കണ്ണീര്‍ തുടച്ച്, പ്രണയത്തിന്റെ തീരത്തിലൂടെ, കാവ്യലോകത്തിന്റെ ഓരം പറ്റി അവ നടന്ന് നീങ്ങി. വികാരം വാക്കിലൊതുക്കി, ആ വാക്കു കൊണ്ട് മനസിനെ മുറിയിപ്പിച്ച പുതുകവിതകള്‍ ഒരുപാടുണ്ട്. ഈ പുതുകവിതകളിലൂടെ കേരളവര്‍മ്മ സഞ്ചരിക്കുന്നു. ആ മണ്ണില്‍ കിളിര്‍ത്ത ചില വരികള്‍ ഞാനിവിടെ കുറിക്കുന്നു.

ഒരു ദംശനം പോലും
പേറാന്‍
കഴവില്ലാത്ത നിനക്ക്
എങ്ങിനെ ഞാനീ
വിഷം പകര്‍ന്ന് നല്‍കും ( രൂപ )


എത്ര പെയ്താലും
ബാക്കി നില്‍ക്കും
നികത്താവിടവായി
നീ കുറിച്ചിട്ട
കാക്കാപ്പുള്ളി മറുക് ( മുരളീകൃഷ്ണന്‍ )


കാത്തിരിപ്പിന്റെ
ദൈവം പറഞ്ഞു
തിരിച്ചൊഴുക്കിന്റെ
പുഴ വരുന്നു...
ഇനി നിനക്കു വേണ്ടെങ്കില്‍
തിരിച്ചെടുക്കട്ടെ ഞാന്‍
ആ നനഞ്ഞ
കടലാസു തോണികള്‍. ( അലിയാര്‍ )


മെഴുകിന് നാം കൊടുക്കുന്ന
വേദനയാണ് തീ
വേനലാണ് മരത്തെ
നഗ്നമാക്കിയത്
ചുംബനങ്ങളേകുന്ന ചുണ്ടും നാവുമാണ്
മനസ്സിനേയും വേദനിപ്പിക്കുന്നത്

അതെ, വേദനകളെല്ലാം
നാളെയുടെ ഗര്‍ഭപാത്രങ്ങളാണ്. ( ശ്യാം.പി.എസ് )

വൈഖരിയുടെ ക്ലാസിക് പഠനങ്ങള്‍

കേരളവര്‍മ്മയുടെ മലയാള വിഭാഗം നവംബറിന്റെ മൂന്ന് രാപ്പകലുകളിലാണ് ക്ലാസിക്കുകളും നവഭാവുകത്വവും എന്ന ശീര്‍ഷകത്തില്‍ ഒരു സാഹിത്യശില്പശാല സംഘടിപ്പിച്ചത്. വായനയുടെയും എഴുത്തിന്റെയും മിന്നുന്ന ഓര്‍മ്മകളും, സം വാദങ്ങളും അവിടെ പെയ്തിറങ്ങി. കെ.പി.നാരായണ പിഷാരടിയും, എന്‍.വി. കൃഷ്ണവാര്യരുമടക്കമുള്ള ഭാഷാധ്യാപകരുടെ പഴയ കാലത്തേക്കുള്ള മടങ്ങിവരവായിരുന്നു ആ ശില്പശാല. ക്യാമ്പിനു നേതൃത്വം നല്‍കിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. കേരളത്തിലെ എല്ലായിടത്തു നിന്നും വന്ന ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളേയും, സാഹിത്യാസ്വാദകരേയും, എഴുത്തുകാരേയും ക്ലാസിക്കുകളിലൂടെ മറ്റൊരു ലോകത്തേക്ക് കേരളവര്‍മ്മ ആനയിച്ചു.

ലോകക്ലാസിക്കുകളായി രാമായണം, മഹാഭാരതം, ഇലിയഡ്, ഒഡിസി, ഈഡിപ്പസ്, അഭിജ്ഞാന ശാകുന്തളം, നളചരിതം, മാക്ബത്, റിപ്പോര്‍ട് ടു ഗ്രീക്കോ, സെന്റ് ഫ്രാന്‍സിസ്, കുറ്റവും ശിക്ഷയും, കാന്റോ ജനറല്‍ തുടങ്ങിയ പന്ത്രണ്ട് പുസ്തകങ്ങളാണ് തിരഞ്ഞെടുത്തത്. ഈ കൃതികളെയെല്ലാം പരിചയപ്പെടുത്തി ക്ലാസുകളെടുത്തത് എം.ലീലാവതി, തുറവൂര്‍ വിശ്വംഭരന്‍, എം.വി.നാരായണന്‍, എം.തോമസ് മാത്യു, കെ.ജി.പൗലോസ്, കെ.സി.നാരായണന്‍, എം.ആര്‍.ജലജ, ബോബി ജോസ് കപ്പുച്ചിന്‍, എസ്.കെ. വസന്തന്‍, കെ.ജി.ശങ്കരപ്പിള്ള തുടങ്ങിയവരായിരുന്നു. ഗഹനവും, സമഗ്രവും, ധൈഷണികവുമായിരുന്നു ഒരോ പരിചയപ്പെടുത്തലുകളും.

മലയാളം പൂര്വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും, സഹകരണവുമായിരുന്നു ഇതിന്റെ പ്രത്യേകത. ഈ ശില്പശാലയുടെ അതിര്‍ത്തി ദീര്‍ഘിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് ഒരുപാട് വലുതായിരുന്നു. കലാലയങ്ങളില്‍ നിന്നും പടിയിറങ്ങിപ്പോയവരുടെ ഗ്രിഹാതുരമായ ഓര്‍മ്മകളില്‍ കുടുങ്ങിക്കിടക്കുന്നതിലുമപ്പുറം പൂര്വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങിനെയും അര്‍ത്ഥവത്തായ സാംസ്കാരിക സംഭവങ്ങള്‍ സ്വന്തം കലാലയങ്ങള്‍ക്ക് സമ്മാനിക്കാനാവുമെന്ന് തെളിയിക്കുകയായിരുന്നു അവര്‍.

ഇതോടൊപ്പം തന്നെ ഈ പന്ത്രണ്ട് ക്ലാസിക്കുകളുടെ പഠനങ്ങള്‍ ഒരു പ്രബന്ധ രൂപത്തില്‍ അവതരിപ്പിക്കാന്‍ കേരള സംസ്കൃതി തീരുമാനിച്ചിട്ടുണ്ട്. അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് പ്രണത ബുക്സ് 'ക്ലാസിക്കുകളും നവഭാവുകത്വവും' എന്ന പേരില്‍ പുസ്തകം തയ്യാറാക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്തരം വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികളും, ചര്‍ച്ചകളും കേരളവര്‍മ്മയില്‍ നിന്നും ഇനിയും പറന്നുയരട്ടെ എന്ന് വിശ്വസിക്കാം.

കഥ പറച്ചിലും സിനിമയും

വ്യത്യസ്തമായ മറ്റൊരു കേരളവര്‍മ്മക്കാഴ്ചയായിരുന്നു ഈ കഥ പറച്ചില്‍. മലയാള സാഹിത്യത്തിലെ പുസ്തകങ്ങളെ പറ്റി ഒരു ചര്‍ച്ച. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ഈ ചര്‍ച്ചയില്‍ ആര്‍ക്കും പങ്കു ചേരാം. അനുഭവങ്ങള്‍ പങ്കു വയ്ക്കാം. ഇത്തരം എത്രയെത്ര ദിനങ്ങള്‍. ബെന്ന്യാമിന്റെ ആടുജീവിതം, ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇത്തിക്കോര, കെ.പി.രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ തുടങ്ങിയ പുസ്തകങ്ങള്‍ ഈ വേദിയില്‍ ശ്രോതാക്കളോട് സം വദിച്ചുകൊണ്ട് കടന്നു പോയി.

മലയാള സാഹിത്യത്തിലെ വിവിധ പുസ്തകങ്ങള്‍ ഇനിയും ഈ വേദിയെ ധന്യമാക്കി കടന്നു വരുമായിരിക്കും. മലയാള വിഭാഗം തന്നെ മുന്‍ കൈയ്യെടുത്ത് നടത്തുന്ന ഈ പരിപാടികളുടെ അമരക്കാരന്‍ വകുപ്പദ്യക്ഷനും കവിയുമായ ശ്രീ. വി.ജി.തമ്പിയാണ്.

മലയാള കാമ്പസ് ചിത്ര രംഗത്ത് കേരളവര്‍മ്മക്ക് ഒരു സ്ഥാനമുണ്ട്. വി.ജി.തമ്പി സം വിധാനം ചെയ്ത നാല്പത്തിയഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള 'തരിശുനിലം' എന്ന സിനിമ കേരളത്തിലെ ആദ്യ കാമ്പസ് ചിത്രമാണ്. ഒരുപാട് അംഗീകാരങ്ങള്‍ നേടിയെടുത്ത ആ ചിത്രം 1998 ലാണ് പുറത്തിറങ്ങിയത്.

'തിരക്കാഴ്ച' എന്ന പേരില്‍ ഒരു ഫിലിം ക്ലബ്ബ് ഈ കാമ്പസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും സായാഹ്നങ്ങള്‍ അവിടെ ലോകസിനിമയുടെ വിസ്മയ ദ്രിശ്യങ്ങളാല്‍ വിജ്രിംഭിതമായിക്കൊണ്ടേയിരിക്കും. അതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകളും ക്ലാസുകളും.... അങ്ങിനെ നീണ്ടുപോകും അവരുടെ സിനിമാ വിശേഷങ്ങള്‍.

നനവു തിരയുന്ന വേരുകള്‍

കേരളവര്മ്മയിലെ മണ്‍തരികള്‍, ഊട്ടിയിലെ വൃക്ഷലതാദികള്‍, കാന്റീനിലെ സൗഹൃദ സംഭാഷണങ്ങള്‍, സമരമുഖത്തെ മുദ്രാവാക്യങ്ങള്‍, എവിടെയെല്ലാമോ നീറിപ്പുകയുന്ന ഒറ്റപ്പെടലിന്റെ വിഷാദങ്ങള്‍..... അവയിലൂടെയുള്ള യാത്ര ഇവിടെ പൂര്‍ണ്ണമാവുകയാണ്. കാത്തിരിപ്പിന്റെ വശ്യമായ ഉത്കണഠയ്ക്കറുതി നല്‍കി ഞാന്‍ ആ മണ്ണിലേക്ക് കുതിര്‍ന്നു വീഴുകയായിരുന്നു. അവിടെ വാക്കുകളില്‍ തീര്‍ത്ത ഗോപുരങ്ങളില്‍ വര്‍ണ്ണത്തില്‍ ചാലിച്ച കാവ്യശില്പങ്ങളുണ്ട്. അതിനിടയിലെങ്ങോ എന്തിനോ തേങ്ങുന്ന മുറിഞ്ഞ ഹൃദയങ്ങളുണ്ട്. അവയെ ആശ്വസിപ്പിച്ചും സ്വയമാശ്വസിച്ചും ഞാന്‍ നടന്നു നീങ്ങി, ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്. മറ്റ് കാമ്പസുകളില്‍ നിന്നും വേറിട്ട കേരളവര്‍മ്മയ്ക്ക് പാരമ്പര്യത്തിന്റെ കൂട്ടുണ്ടെങ്കില്‍, അതിനു താങ്ങായി ഒരിക്കലും മരിക്കാത്ത സര്‍ഗാത്മകതയുടെ കീഴില്‍ അണിനിരക്കുന്ന ഒരായിരം യുവഹൃദയങ്ങളുണ്ട്. വാക്കുകളെ ഊതിയൂതി പഴുപ്പിച്ച്, അതിലാഴ്ന്നിറങ്ങി സ്വയം വേദനിക്കപ്പെടുന്ന മറ്റുള്ളവരുടെ വേദനകളെ ഏറ്റുവാങ്ങുന്ന ഇന്നു കാണാനാവാത്ത ഒരു ഗോത്രസംസ്കാരം. അവരോടൊത്ത് കേരളവര്‍മ്മയുടെ നാളത്തെ യാത്രകള്‍.....ശിഖരങ്ങള്‍ സൂര്യനെ തേടിയും, വേരുകള്‍ ഭൂമിയിലെ നനവു തേടിയും....!!






6 വായന:

mukthaRionism said...

എത്ര പെയ്താലും
ബാക്കി നില്‍ക്കും
നികത്താവിടവായി
നീ കുറിച്ചിട്ട
കാക്കാപ്പുള്ളി മറുക്

കേരള വര്‍മയിലെ സര്‍ഗാത്മക കാഴ്ചകള്‍...

കവിതയാല്‍ മുറിഞ്ഞ്,
കവിതയില്‍ ജീവിക്കുന്ന ഒരുപാട് പേര്‍.

എം.ആര്‍.വിബിന്‍ said...

private collegil gedhikedukondu padikkendi vanna ente regular campus aakunnu kerala varma...!!!

anoopmr said...

പ്രിയ വിനീത്,

ഗദ്യം നന്നാകുന്നുണ്ട്. വീണ്ടുമെഴുതുക.

സസ്നേഹം,
അനൂപ്.എം.ആര്‍

Vineeth Rajan said...

#മുഖ്തദിര്‍, വിബിന്‍,അനൂപ്,സോണ

എല്ലാവര്‍ക്കും നന്ദി..!

ചിത്രഭാനു Chithrabhanu said...

മുഖ്യധാരയിൽ വരാതെ കാംപസിൽ മൗനികളായി നടന്ന കവികളുമുണ്ട്.
എനിക്കായി

നീ എഴുതിത്തന്ന
വാക്കുകളേക്കാള്‍
വെട്ടിക്കളഞ്ഞ വാക്കുകളാണ്
എനിക്കേറെയിഷ്ടം.
കാരണം
ഒന്നുകില്‍ കൂടിപ്പോയി,
ചിലപ്പോഴെങ്കിലും
കുറഞ്ഞുപോയി എന്ന്
നീ വലിച്ചെറിയുന്ന ആ
വാക്കുകള്‍,
മാത്രമാണ് ഞാന്‍..
------------മനു വി എസ്
http://manuvsyakshnu.blogspot.com/

barsa ali said...

kavithayil alayanum anweashikanum shapam kitiyavarudea campusinea kurichezhuthiya vinuvinu nandi. barsa ali

Post a Comment

© moonnaamidam.blogspot.com