ജ്യോനവന്‍- ഇരുട്ട് മുറിയില്‍ സൂക്ഷിച്ച കാവ്യശില്പി


"പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിനൊപ്പം
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്."

ഈ വരികള്‍ ഓര്‍മ്മയുണ്ടോ. ഒരു കവിയുടെ ജീവിതത്തിലെ അവസാന വരികളാണിത്. 'ജ്യോനവന്‍'- ഓര്‍മ്മകളില്‍ ഒരുപിടി കവിതകള്‍ ബാക്കി നിര്‍ത്തി ഈ ലോകത്തോട് വിട പറഞ്ഞിട്ട് മാസങ്ങളായി. എങ്കിലും നെഞ്ചിലെവിടെയോ അയാളുടെ ഓര്‍മ്മകള്‍ ഒരു ചില്ലക്ഷരമായി എന്നെ കുത്തി നോവിച്ചുകൊണ്ടേയിരിക്കുന്നു.

കാസര്‍ഗോഡുകാരന്‍ നവീന്‍ ജോര്‍ജ്ജ് ജ്യോനവനായതിനു പിന്നില്‍ ഒരുപാട് കവിതകളുടെ, അക്ഷരങ്ങളുടെ, വാക്കുകളുടെ ശക്തിയുണ്ട്. ഒരുപറ്റം ആരാധകരുടെ പ്രാര്‍ത്ഥനയുണ്ട്. അതിലുപരി സ്നേഹിച്ചു കൊതി തീരാത്ത ചിലരുടെ വേദനയുടെ നനുത്ത സ്പര്‍ശമുണ്ട്. എല്ലാം ഇരുകൈകളും നീട്ടി ഏറ്റുവാങ്ങിയുള്ള ഒരു മടക്കയാത്രയായിരുന്നു ജ്യോനവന്റേത്. കവിതയില്‍ സാധ്യമായ അനേകം വഴികളിലൂടെ സഞ്ചരിച്ച ജ്യോനവനെ, തന്റെ സഞ്ചാരം ഒരുപക്ഷേ സ്നേഹിച്ച് ചതിച്ചതായിരിക്കാം.

ചിലര്‍ പറയാറുണ്ട്, പൂര്‍ണ്ണത കൈവന്ന കവി ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരിക്കും എന്ന്. ചിലതു വായിച്ചെടുക്കുമ്പോള്‍ എനിക്കും അതുപോലൊരു തോന്നല്‍, ജ്യോനവന്‍ പൂര്‍ണ്ണത കൈവന്ന കവിയായിരുന്നില്ലെ. അയാള്‍ എല്ലാം മനസ്സിലാക്കിയിരുന്നോ, തന്റെ അവസാന നാളുകള്‍ അടുത്തതായി അയാളുടെ മനസ് അയാളോട് മന്ത്രിച്ചിരുന്നോ? അറിയില്ല. പക്ഷേ, അതെല്ലാം വിശ്വസിച്ചേ മതിയാവൂ. കാരണം 2009 സെപ്തംബര്‍ 8-ആം തിയ്യതി പോസ്റ്റ് ചെയ്ത 'മാന്‍ ഹോള്‍' എന്ന കവിതയുടെ പ്രമേയം റോഡപകടമായിരുന്നു. അതേ മാസം 20-ആം തിയ്യതിയാണ് ജ്യോനവന്‍ അപകടത്തില്‍ പെടുന്നത്. അതുപോലെ തന്റെ കവിതയുടെ കമന്റില്‍ സെറീനയുടെ ഒരു ചോദ്യത്തിന് ജ്യോനവന്‍ മറുപടി നല്‍കിയിരുന്നത് ഇങ്ങിനെയായിരുന്നു. "ഇനിമുതല്‍ മിണ്ടാതിരുന്നു കൊള്ളാമേ, വെറുതെ കണ്‍ഫ്യൂഷനാകാന്‍ വയ്യ". അറം പറ്റിയ വാക്കു പോലെ, അയാള്‍ പിന്നീടൊരിക്കലും മിണ്ടിയില്ല, ആര്‍ക്കും ഒരു പുഞ്ചിരി പോലും നല്‍കിയില്ല.

ജീവിതത്തിന്റെ അവസാന നാളുകളിലെഴുതിയ കവിതകള്‍ക്കെല്ലാം മരണത്തിന്റെ ഗന്ധമായിരുന്നോ? തൊട്ട് മുന്‍പത്തെ കവിത ശ്രദ്ധിക്കുക, അതിന്റെ ശീര്‍ഷകം 'എല്ലാം വെറും ആശ്ചര്യ ചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു'. പറഞ്ഞതുപോലെത്തന്നെ അയാള്‍ ചെയ്തു, എല്ലാം വെറും ആശ്ചര്യ ചിഹ്നത്തില്‍. കവിതയില്‍ നിന്നും കവിതയിലേക്കെന്ന പോലെ ഹ്രിദയങ്ങളില്‍ നിന്നും ഹ്രിദയങ്ങളിലേക്കായിരുന്നു ജ്യോനവന്റെ യാത്ര. എന്തെല്ലാമോ മുന്‍ കൂട്ടി കണ്ടുകൊണ്ട്, വരികളില്‍ ജീവിതത്തിന്റെ ചേലും മരണത്തിന്റെ ഗന്ധവും ഒളിച്ചു വച്ച് ഒരു കളിക്കൂട്ടുകാരനെപ്പോലെ കൂടെക്കൂട്ടിയുള്ള യാത്ര.

ആറാമിന്ദ്രിയത്തിനായി ദൈവത്തോട് കേഴുന്ന കുമാരനാശാന്റെ വാക്കുകള്‍ ഇവിടെ സത്യമായി തീരുകയാണോ, അറിയില്ല. മരണത്തിലൂടെ എല്ലാവരേയും പിണക്കിയെങ്കിലും ആ പിണക്കം മാറ്റാന്‍ പിന്നീടൊരിക്കലും അയാള്‍ കടന്നു വന്നതേയില്ല, ഒരു സ്വപ്നത്തില്‍ പോലും. അതില്‍ മാത്രം എനിക്ക് ജ്യോനവനോട് യോജിക്കാനാവുന്നില്ല. മരണത്തിന്റെ കൈകളില്‍ എത്രമാത്രം സുരക്ഷിതനാണെങ്കിലും നീയില്ലാത്ത ഈ ലോകം എത്രമാത്രം നഷ്ടബോധം എന്നില്‍ തോന്നിപ്പിക്കുന്നുണ്ടെന്ന് പറയാനാവുന്നതേയില്ല. കാരണം, അത്രമാത്രം ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടിരുന്നു. ഒരു വാക്കു പോലും നീയെന്നോടിതുവരെ മിണ്ടിയിട്ടില്ലെങ്കില്‍ കൂടി.

വീണ്ടും 'എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു' എന്ന കവിതയിലേക്ക് വരാം. അതിന്റെയും അവസാന വരികളില്‍ മരണം ഒരു പ്രമേയമായി കടന്നു വരുന്നു.

"'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും,
'രമി'ക്കുമെന്നു മാത്രം
ഒരുറപ്പുമില്ല. - മരണത്തെ തേടിയലഞ്ഞ കവിയാണോ ജ്യോനവന്‍, അതോ മരണം ജ്യോനവനെ തേടിയലഞ്ഞതോ. എന്തായാലും ഓര്‍മ്മകളിലൊരു നീറ്റലായി അയാളുടെ കവിതകള്‍ എന്നും എന്റെയീ മനസില്‍ ഉണ്ടായിരിക്കും.

കവിതയെഴുത്തിന്റെ പുത്തന്‍ വഴികള്‍

ധൂരത്തമായ ഒരു കാവ്യസംസ്കാരം അനാശാസ്യമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞ ഈ കാവ്യലോകത്ത് വരികളുടെ ശുദ്ധിയും മിതത്വവും കൊണ്ട് ഒരു പ്രതിരോധം തീര്‍ക്കുകയായിരുന്നു ജ്യോനവന്‍. കവിതയെ പ്രതിരോധിക്കേണ്ടി വരിക യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായ ഒരു ദുരന്തമാണ്. കാരണം കവിതകള്‍ എന്നും സാധാരണക്കാരന്റേതായിരുന്നില്ല. ബുദ്ധിജീവികളുടെ കൈപ്പിടിയിലായിരുന്നു. അതിനെതിരെ, സമകാലിക ലോകത്തെ കവിതാ വിപണിക്കെതിരെ അര്‍ത്ഥത്തിന്റെ സന്നിധിയില്‍ കോര്‍ത്തിണക്കിയ വരികള്‍ കൊണ്ട് ചെറുത്തു നില്‍ക്കാന്‍ ജ്യോനവന്‍ ഒരുപാട് ശ്രമിച്ചിരുന്നു.

സംഭരണ സമ്പ്രദായമായി എഴുത്തിനെ കാണുന്നവരാണ് ഭൂരിഭാഗം എഴുത്തുകാരും. എന്നാല്‍ കവിതയിലെ മിതത്വവും മറ്റും ജ്യോനവന്റെ കവിതകളുടെ സംഭരണ കേന്ദ്രം ആരാധക മനസുകളായി മാറ്റപ്പെടുകയായിരുന്നു. രഹസ്യ ജീവിതത്തിന്റെ കുത്തഴിഞ്ഞ കാണാക്കാഴ്ചകളല്ല, മറിച്ച് പരസ്യ ജീവിതത്തിന്റെ ജീവനപ്പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ജ്യോനവ കവിതകളുടെ പ്രധാന പ്രമേയങ്ങള്‍. കാലിക വിഷയങ്ങളില്‍ കൂടി കടന്നു പോകുന്ന വരികള്‍ എല്ലായ്പ്പോഴും സാധാരണക്കാരന്റെ വരികളായി മാറ്റപ്പെടുന്നുണ്ടായിരുന്നു.

"മുനയും കുഴയും പങ്കിടുന്ന
മൗനത്തിന്റെ ഒറ്റസൂചി
കുരുങ്ങിപ്പോയ ഒച്ചിന്റെ പശിമ!" - ഈ വരികളില്‍ ഒതുങ്ങിയിരിക്കുന്ന കവിയുടെ ആത്മസംഘര്‍ഷം വായനക്കിടയില്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നുണ്ട്. ഒച്ചിന്റെ പശിമയ്ക്കും മൗനത്തിനും വിവിധ അര്‍ത്ഥ തലങ്ങള്‍ കല്‍പിച്ച് നല്‍കിയ കവിക്ക് അത് വായനക്കാരില്‍ ഇത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് കരുതിയിട്ടുണ്ടാവില്ല.

സമകാലിക ലോകമായിരുന്നു ജ്യോനവന്റെ ആയുധം. മരണവും ജീവിതവും പുറം മോടികളായി എപ്പോഴും കടന്നു വന്നുകൊണ്ടേയിരുന്നു. ഇവയുടെ പൊതു വേദിയില്‍ നിന്നുകൊണ്ടാണ് ജ്യോനവന്റെ ആശയ സമ്പുഷ്ടീകരണങ്ങള്‍ നടന്നു വന്നിരുന്നത്. വെറും കേവല പ്രബോധനം മാത്രമായിരുന്നില്ല അയാളുടെ കവിതകള്‍. അവയ്ക്ക് ഒഴിഞ്ഞു മാറിക്കിടന്നിരുന്ന എന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടായിരുന്നു. 'വിശപ്പ് എപ്പോഴും ഒരു കോമ' എന്ന കവിതയില്‍ ചിഹ്നങ്ങള്‍ കൊണ്ട് ഒരു കവിത രചിച്ചതു കാണാം.

"ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞു പോയ
ഒരു മനുഷ്യനു മേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ത്ഥവിരാമം." - ഈ വരികളില്‍ കവി ഒരുക്കിയിരിക്കുന്ന വിഷയങ്ങള്‍ എന്തെല്ലാമെന്ന് ശ്രദ്ധിക്കുക. അതിന്റെ കാവ്യഭംഗിയില്‍ കവിത അവസാനിപ്പിച്ച് അടിയിലൊരു കുറിപ്പും കൊടുത്തിട്ടുണ്ട്. 'വിഷയ ദാരിദ്ര്യം കൊണ്ടാണ്, മാപ്പ്' എന്നായിരുന്നു കുറിപ്പ്. ഈ കവിതയ്ക്ക് ജ്യോനവന്‍ മാപ്പ് ചോദിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ചില കവികള്‍ക്ക് മാപ്പ് മാത്രമല്ല മറ്റ് പലതും ചോദിക്കേണ്ടിയും ചെയ്യേണ്ടിയും വരും.

സമകാലിക ലോകത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ കാണുന്ന ദാരുണ ദ്രിശ്യങ്ങളും ജ്യോനവന്റെ കവിതകള്‍ക്ക് വിഷയങ്ങളായിരുന്നു. വരികള്‍ക്കിടയിലെപ്പോഴും കണ്ണുനീര്‍ തുള്ളികളൊളിപ്പിച്ച് വച്ച് ഈ ലോകത്തോട് പുഞ്ചിരിച്ചു കാട്ടുകയായിരുന്നു അയാള്‍.

ചിന്തകളുടെ വേലിയേറ്റങ്ങള്‍

ജ്യോനവന്റെ വരികള്‍, അവയിലെ ആശയങ്ങള്‍ അവ വായനക്കാരെ എത്തിപ്പിക്കുന്ന അല്ലെങ്കില്‍ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം റിയലിസ്റ്റിക് ആയിരുന്നു. അല്ലെങ്കില്‍ പിന്നെ ജ്യോനവന് ഒരിക്കലും ഈ വരികള്‍ എഴുതാന്‍ കഴിയില്ലായിരുന്നു.

"ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
തന്റെയുള്ളില്‍ നിറച്ചും
പച്ചവെള്ളമാണെങ്കിലും"

ഇത്തരം ചകിതബോധം അയാളുടെ ഏറെക്കുറേ കവിതകളില്‍ നമുക്ക് കാണാം. കാലമൊരിക്കലും ദാര്‍ശനികമായ ഉത്കണ്ഠകളായല്ല ജീവിതത്തിന്റെ വേവലാതികളായാണ് ജ്യോനവന്റെ കവിതകളില്‍ ഇടം തേടിയിരുന്നത്. മരണം ഇവിടെ ദാര്‍ശനിക ജീവിതത്തെയല്ല ദുരിത ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പ്രണയം ഒരിക്കലും അയാളുടെ കവിതകള്‍ക്ക് വിഷയമേ ആയിരുന്നില്ല. വ്യഥിത പ്രണയത്തെ പുകഴ്ത്തിപ്പാടിയിട്ടെന്തു നേടാന്‍ എന്ന് കരുതിയതു കൊണ്ടായിരിക്കാം ആ ഒഴിവാക്കല്‍. എങ്കിലും ചിലയിടങ്ങളില്‍ പ്രണയത്തിന്റെ കോറിയിടലുകള്‍ എന്തെല്ലാമോ സ്രിഷ്ടിച്ചിട്ടുണ്ട്.
"അവള്‍,ഞാന്‍;
അതിരു കവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായ്ച്ചു കളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തിരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയ കവിതയുടെ
പുസ്തകമായിരുന്നു." - ഇതില്‍ പ്രണയം എന്ന വാക്കിനെ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ നമുക്കിടയില്‍ ഈ വരികള്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് മനസിലാക്കാം. നിത്യജീവിതത്തോടുള്ള പച്ചയായ ബന്ധം അങ്ങിനെ അയാളുടെ കവിതകളില്‍ പ്രണയം കൊണ്ടു വരുന്നു. വിലാപസ്വരങ്ങളായിരുന്നു ജ്യോനവന്റെ കവിതകളുടെ മുഖപടങ്ങള്‍. എല്ലാ രചനകളിലും വിലാപത്തിന്റെ മുഴക്കങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.

ചില വരികള്‍ കവിയുടെ ഗാഢചിന്തയിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഈ വരികള്‍ ശ്രദ്ധിക്കുക.

"ഉരലിനു കിട്ടേണ്ട
രതിസുഖത്തിനിടയില്‍ കയറി
പൊടിഞ്ഞ് തീരുന്ന അരിമണികളെ
എന്തു വിളിക്കും". - ചോദ്യശരങ്ങള്‍ പലതുണ്ട് ഈ വരികളില്‍. പക്ഷേ വ്യംഗ്യമാണെന്ന് മാത്രം. 'അശ്ലീല കവിതകള്‍' എന്ന് ഈ കവിതയ്ക്ക് പേര് നല്‍കിയിട്ടുണ്ടെങ്കിലും ഇതിനിടയില്‍ എനിക്ക് യാതൊരു അശ്ലീലവും കാണാന്‍ കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാനുള്ള ഒരായുധമായിട്ടായിരിക്കണം ജ്യോനവന്‍ കവിതയെ കരുതിയിട്ടുണ്ടാവുക. മുന്നില്‍ നടന്നു പോയവര്‍ തെളിച്ചിട്ട പല വഴികളില്‍ നിന്നും വ്യത്യസ്തമായി തന്റേതായ ഒരൊറ്റയടിപ്പാത അയാള്‍ ഈ കാവ്യലോകത്ത് സ്രിഷ്ടിച്ചിരിക്കുന്നു. നിതാന്തമായ തന്റെ യാത്രകളില്‍ ഒപ്പം കൂട്ടിയ അക്ഷരങ്ങളെ എങ്ങിനെ കൈവെടിയുവാന്‍ കഴിയും ആ കവിക്ക്. അവിടെ അയാള്‍ ഇങ്ങിനെ എഴുതി.

"കെട്ടുപ്രായത്തിലെ
ഈ ഉള്ളുപുകച്ചില്‍
പൊട്ടു പ്രായത്തിലേ
കിളി കൊത്തിടാത്തതിനാലല്ലേ?
ഇനി പഴുപ്പിച്ചിട്ടെന്തിന്,
ചുവപ്പിച്ചിട്ടെന്തിന്,
പൊടിഞ്ഞിരുന്നിട്ടെന്തിന്?"

കാതോര്‍ത്ത കാവ്യാസ്വാധകര്‍ക്ക്

അനവധി ആരാധകരുടെ നെഞ്ചില്‍ തട്ടിയുള്ള പ്രര്‍ത്ഥനകളും, മോഹങ്ങളും വിധിക്കു മുന്നില്‍ വഴി മാറുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ആശുപത്രിയിലെ മരുന്നുമണമുള്ള കിടക്കയിലെ കുഴല്‍ വഴിയുള്ള ജീവോച്ച്വോസം, അത് നിലയ്ക്കുകയായിരുന്നു. മരണമെന്ന ആ മഹാമാരി അന്നവിടെ പെയ്തലച്ചു. അയാള്‍ പറഞ്ഞതു പോലെ.

"അടഞ്ഞടഞ്ഞ് ഉള്‍ വലിഞ്ഞ്
കവചം മുറുക്കി
രഹസ്യ സുഷിരത്തിലൂടെ
എയര്‍ കണ്ടീഷനില്‍ മണ്ടന്മാര്‍
കവിക്ക് നേരെ
തുരു തുരാ വെടിയുതിര്‍ത്തു."

ഓര്‍മ്മകളിലൊരു രൂപവും, പെയ്തു തീരാത്ത ഇളകി മറിയുന്ന പതപ്പെന്ന് ചൊല്ലിയ കവിതകളും മാത്രം ബാക്കി വച്ച് അറം പറ്റിയ വാക്കുകളുടെ കൂടെ അയാളും യാത്രയായി.

"നീ മേളിച്ചിരിക്കുന്നത്
വായിച്ചറിയുമ്പോള്‍
ചുറ്റിനും
എന്തേ കണ്ണീര്‍ പൊഴിയുന്നു!" - ഇതേ ഒരവസ്ഥയായിരുന്നു ഞാനും അനുഭവിച്ചത്. ജ്യോനവന്റെ അവസാന പോസ്റ്റിലെ കമന്റുകളില്‍ നിന്നും ഞാന്‍ വിവരങ്ങള്‍ വായിച്ചറിയുമ്പോള്‍ എന്നിലും കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. പക്ഷേ നീ മേളിച്ചിരിക്കുന്നതായിരുന്നില്ല ഞാന്‍ വായിച്ചറിഞ്ഞിരുന്നത്. നീ മരിച്ചുകൊണ്ടിരിക്കുന്നതായിരുന്നു.

കവിതയിലൂടെ പ്രതിരോധം തീര്‍ത്ത നിനക്കെന്തേ മരണത്തെ പ്രതിരോധിക്കാനാവാഞ്ഞതെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. അയാളെഴുതിയിരുന്നു.
"വഴിയാത്രയില്‍
വിത്തുകളെ
ഊതി വിളയിക്കാനൊരു
കുഴല്‍ കിട്ടി" - എന്ന്. പക്ഷേ, ആ വാഴിയാത്രയില്‍ അയാള്‍ക്ക് കിട്ടിയത് അയാളുടെ ജീവനെ ഊതിക്കെടുത്തിയ ഒരു കാറ്റായിരുന്നു. മരണത്തിന്റെ മാറാത്ത മണം ഇപ്പോഴും ഈ 'ബൂലോക'ത്ത് അലയടിക്കുന്നുണ്ട്.

മരണത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ച്ചപ്പാട് എന്തായിരുന്നുവെന്നും അയാള്‍ വ്യക്തമാക്കിയിരുന്നു.
"ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം." - എന്നതായിരുന്നു അത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. തന്റെ ആറാമിന്ദ്രിയത്തിലൂടെ കണ്ട മരണത്തെ തൂലികയിലേക്കാവാഹിച്ച് അതിനെ താലോലിച്ച് ആ വഴി ഒരു യാത്ര. പിണക്കമായിരുന്നു എനിക്കയാളോട്. ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ. അവസാന നാളുകള്‍ വായിച്ചറിയുമ്പോള്‍ നെഞ്ചിലൊരു എരിച്ചിലായിരുന്നു. അതൊരു ഏങ്ങലിലേക്ക് വഴിമാറിക്കൊണ്ട് ഞാനൊന്ന് കണ്ണു തുടച്ചപ്പോള്‍ നിന്റെ വരികളോര്‍ത്തു.

"പോകും വഴിയെങ്ങാന്‍ കണ്ടാല്‍
വിശ്വസിച്ചു പോകരുത്....
ആരാധിച്ചു പോകരുത്...!!"




24 വായന:

Kuzhur Wilson said...

വിനൂ, ഈ ചെറുപ്രായത്തില്‍ നിന്റെ വിശാലത എന്നെ കൊതിപ്പിക്കുന്നു. മരണത്തോളം. ജ്യോനവനെ / അവന്റെ വരികളെ നീ ഈ രീതിയില്‍ വായിച്ചത് എന്ത് കൊണ്ടും നന്നായി

ഗോപി said...

വിനൂ, നിന്റെ നിരൂപണശൈലി നന്നായി വരുന്നു. ജ്യോനവനെ എഴിയത് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

വിചാരം said...

വിനു..
കവിത എനിക്ക് വശമില്ലാത്തൊരു സമസ്യയാണ് ,
എന്റെ മനസ്സിലും ചിലപ്പോള്‍ കവിത പെയ്യാറുണ്ട്-
അതിലൊത്തിരി നോവിന്റെ നീര്‍തുള്ളികള്‍ കണ്ണുനീരായി
കവിള്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങാറുമുണ്ട്.
അങ്ങനെയൊരുനാള്‍ എന്റെ മനസ്സില്‍ പെയ്ത കവിതയാണ്,
ജ്യോനവനുമായുള്ള എന്റെ കൂടികാഴ്ച്ച.
അസഹ്യമായ ശ്വാസം മുട്ടല്‍, പലനാള്‍ ക്ലിനിക്കില്‍ കാണിച്ചു,
മാറ്റം കാണാത്തതിനാല്‍ ചെറിയ ക്ലിനിക്കില്‍ നിന്ന് വലിയ -ആശുപത്രിയിലേക്ക് .
കുവൈറ്റിലെ അദാന്‍ എന്ന ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് സെക്ഷനില്‍ ഇരുന്ന് ആന്റണി ബോബനുമായി ടെലിഫോണ്‍ ഭാഷണം, അതേ ആശുപത്രിയിലെ ഐ.സി.യൂവില്‍ കിടന്ന് മരണത്തെ പുല്‍കാനൊരുങ്ങുകയായിരിന്നു ജ്യോനവന്‍.
ഞാന്‍ പതുക്കെ ഐ.സി.യൂവിലേക്ക് ....
ഓരോ ബെഡ്ഡിലും ജീവച്ഛവങ്ങളായ മനുഷ്യകോലങ്ങള്‍,
കോമയിലാണ്ട് ഭൌതീക ലോകത്തോട് മുക്കാല്‍ ഭാഗവും വിട പറഞ്ഞവര്‍, ചിലര്‍ പാതി തുറന്ന കണ്ണുകളുമായീ ജീവിച്ച് കൊതി തീരാത്ത ജീവിതത്തിലേക്ക് വരാനാശപ്പെട്ട് കിടയ്ക്കുന്നു.
കണ്ണുകള്‍ ക്ലിയര്‍ പ്ലാസ്റ്റര്‍ കൊണ്ട് അടച്ച് , മൂക്കിലൂടെ കയറ്റിയ ചെറിയ കുഴലിലൂടെ അതിശക്തമായി ശ്വാസോച്ഛാസമെടുക്കുന്ന ജ്യോനവന്‍.
ഞാന്‍ അവന്റെ മുന്‍പില്‍ ഒരല്പനേരം നിന്നു..
യാദൃശ്ചികമായി വീണ്ടും ഞാന്‍ അല്‍‌-സബാ ആശുപത്രിയിലെത്തി, മോര്‍ച്ചറിയിലെ വലിയ റൂമില്‍ തൂവെള്ള വസ്ത്രത്താല്‍ അണിയിച്ചൊരുക്കി, പെട്ടിയില്‍ ഒതുങ്ങി കിടക്കുന്ന ജ്യോനവന്‍.
ജീവിച്ചിരിക്കുമ്പോഴും, മരിച്ചപ്പോഴും ഞാന്‍ ജ്യോനവനെ കണ്ടു പക്ഷെ ജീവിതത്തിലൊരിക്കല്‍ പോലും ജ്യോനവന്‍ എന്നെ കണ്ടില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജ്യോനവനെ വീണ്ടും വായിച്ചു.

വിനീത് നായര്‍ said...

#കുഴൂര്‍ വില്‍‌സണ്‍, ഗോപി, വിചാരം, രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

പ്രതികരണങ്ങള്‍ക്ക് നന്ദി..!

പകല്‍കിനാവന്‍ | daYdreaMer said...

"അടഞ്ഞടഞ്ഞ് ഉള്‍ വലിഞ്ഞ്
കവചം മുറുക്കി
രഹസ്യ സുഷിരത്തിലൂടെ
എയര്‍ കണ്ടീഷനില്‍ മണ്ടന്മാര്‍
കവിക്ക് നേരെ
തുരു തുരാ വെടിയുതിര്‍ത്തു."

ഓര്‍മ്മകളിലൊരു രൂപവും, പെയ്തു തീരാത്ത ഇളകി മറിയുന്ന പതപ്പെന്ന് ചൊല്ലിയ കവിതകളും മാത്രം ബാക്കി വച്ച് അറം പറ്റിയ വാക്കുകളുടെ കൂടെ അയാളും യാത്രയായി.

ഓരോരുത്തരുടെയും മരണം വരെ കാത്തിരിക്കേണ്ടി വരുന്നു നമുക്ക് ഇവരെയൊക്കെ സ്നേഹിച്ചു തുടങ്ങാന്‍ .. നന്ദി വിനു .നന്മകള്‍ നേരുന്നു ..

ദേവസേന said...

"ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞു പോയ
ഒരു മനുഷ്യനു മേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ത്ഥവിരാമം."

"'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും,

ഈ ആസ്വാദനക്കുറിപ്പിനും,
മരണമെടുത്തുകൊണ്ടു പോയവന്റെ
ഓര്‍മ്മകള്‍ക്കും, അക്ഷരങ്ങള്‍ക്കും മുന്‍പില്‍
ഒന്നു നില്‍ക്കാതെ
ഒരു വരിയെഴുതാതെ പോവുന്നതെങ്ങനെ?

Athira Krishnamoorthy said...

He is still living within ur words!!!And that words still introduce him to those who never come to knw about him....

ഉറുമ്പ്‌ /ANT said...

ആ മരണക്കിടക്കയിലേക്ക് നീയെന്നെ വീണ്ടും...:((

തണല്‍ said...

നനഞ്ഞ നോട്ടം..,
മൌനം
:(

അനില്‍ കുരിയാത്തി said...

ബിനു,.......
വിസ്മൃതിയുടെ ഇരുളിലാണ്
നമ്മള്‍ ഓര്‍മയുടെ
ചിരാതു തെളിക്കേണ്ടത്
അക്ഷരാര്‍ഥത്തില്‍
ബിനു ചെയ്തത് അത് തന്നെയാണ് ,...
ഈ സ്നേഹതുരമായ
ഓര്‍മയുടെ മുന്‍പില്‍
നിന്‍റെ വാക്കുകള്‍
ഒരു ഉണര്‍ത്തു പാട്ടാകുന്നു
അക്ഷരങ്ങളില്‍ നീ കോറിയിട്ട
ജോനവന്റെ ദീപ്ത സ്മരണക്കും,..
പിന്നെ നിന്റെ
ബ്രഹത്തായ ഈ വീക്ഷണത്തിനും ,..
നിരൂപണത്തിനും,..........
എന്‍റെ സ്നേഹം നിറഞ്ഞ നന്ദി
................അനില്‍ കുരിയാത്തി

ഞാന്‍ ആചാര്യന്‍ said...

മരണത്തിന്‍റെ ശിലാഫലകം പൊട്ടിച്ച് ഉയരുന്ന ദിനം കാത്ത് ഒപ്പം കിടക്കും

സന്ധ്യ said...

മനസ്സില്‍ തൊട്ടു,ഹ്രുദയത്തില്‍ തൊട്ടു വിനൂ വരികള്‍.

maneesarang said...

ജ്യോനവനെ....അറിയുന്നു....!വിനുവിനെ...അറിയുന്നില്ല....!!ഒരു നിരൂപകന്‍ കൂടി...മലയാള സാഹിത്യലോകത്തേക്ക്.....?

Anonymous said...

VERY GOOD CONGRATS.....

വിനീത് നായര്‍ said...

വായനക്കും പ്രതികരണങ്ങള്‍ക്കും ഏവര്‍ക്കും നന്ദി.

വായനക്കു ശേഷം പലരും എന്നൊട് ആവശ്യപ്പെട്ടത് ജ്യോനവന്റെ ബ്ലോഗ് അഡ്രസ് ആയിരുന്നു.അത് ഞാന്‍ ഉള്‍പ്പെടുത്തണമെന്ന് കരുതിയതായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ മറന്നുപോയതാണ്. അതുകൊണ്ട് അഡ്രസ് ഞാന്‍ ഇവിടെ കൊടുക്കുന്നു.

www.pottakkalam.blogspot.com

SUNIL V S സുനിൽ വി എസ്‌ said...

എഴുതുന്തോറും നിന്റെ എഴുത്ത്‌ കൂടുതൽ കൂടുതൽ നന്നായി വരുന്നു..
എല്ലാ ആശംസകളും...!

നന്ദന said...

ഈ വിലയിരുത്തലിൽ കണ്ട ജ്യോനവനേ നമ്മൾ ജീവിച്ചിരിക്കുമ്പോൾ കാണാതിരുന്നത് എന്ത്കൊണ്ടായിരുന്നു കൂട്ടുകാരേ!!!

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാളും ഇവിടെ വന്നിരുന്നു!

മാതൃഭൂമി ബ്ലോഗനയിൽ ഈ എഴുത്ത് വായിച്ച വിവരം അറിയിച്ചിട്ട് പോകാമെന്നു കരുതി. അഭിനന്ദനങ്ങൾ!

സജി കറ്റുവട്ടിപ്പണ said...

നിരൂപണസാഹിത്യം താങ്കൾക്ക് നന്നായി വഴങ്ങും. തുടരുക. ആശംസകൾ!

മനനം മനോമനന്‍ said...

ബ്ലോഗനവഴി ഇവിടെ വന്ന് എത്തി നോക്കിയിട്ടു പോകുന്നു. നന്നായിട്ടുണ്ട്. ഇനിയും വരും. ആശംസകൾ!

ആഗ്നേയന്‍ said...

vaayichu.congrats!

കൊച്ചുസാറണ്ണൻ said...
This comment has been removed by the author.
കൊച്ചുസാറണ്ണൻ said...

its a good post i have read it in blogana

Post a Comment

© moonnaamidam.blogspot.com