നഷ്ടപ്രണയവും ആന്റിക്രൈസ്റ്റും

രണ്ട് വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ എന്റെ മനസ് യാത്രയാവുകയായിരുന്നു, തികച്ചും വിഭിന്നമായ ചില ചിന്തകളേയും പേറിക്കൊണ്ട്. കാരണമുണ്ട്, ഈ കഴിഞ്ഞ ദിവസമാണ് തികച്ചും യാദ്റ്ശ്ചികമായി ഞാന്‍ 'ഷെറിന്‍' എന്ന ഇറാനിയന്‍ ചലച്ചിത്രം കാണാന്‍ ഇടവന്നത്. തുടക്കത്തിലെ വ്യത്യസ്തതയായിരുന്നു എന്നെ ആകര്‍ഷിച്ചത്. എന്നാല്‍ ആ വ്യത്യസ്തത ചിത്രത്തിലുടനീളമുണ്ടായിരുന്നു എന്ന വസ്തുത സമ്മതിക്കാനിരിക്കാനാവാത്ത ഒന്നാണ്.

'ഷെറിന്‍' കണ്ടിറങ്ങുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറിയത് 'ആന്റിക്രൈസ്റ്റ്' എന്ന ചിത്രമായിരുന്നു. വ്യത്യസ്ത പ്രമേയവും അവതരണ ശൈലിയും കൊണ്ട് വിവാദമാക്കപ്പെട്ട ചിത്രം. ഇവ രണ്ടുമൊന്ന് കൂട്ടിച്ചേര്‍ത്തു വായിച്ചപ്പോള്‍ ഉള്ളിലെവിടെയോ ചില സ്ത്രീ കഥാപാത്രങ്ങളുടെ നീറുന്ന രോദനങ്ങള്‍. അതായിരുന്നു എന്നെ ഈ കുറിപ്പിലേക്ക് വഴി തെളിച്ചതും.

രണ്ടു ചിത്രങ്ങള്‍ക്കും ചില സാമ്യങ്ങളുണ്ടായിരുന്നു,അവയുടെ പ്രമേയങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കില്‍ കൂടി. സ്ത്രീ മനസുകളുടെ വിവിധ ഘട്ടങ്ങള്‍ അതിന്റെ പൂര്‍ണ്ണ വൈകാരികതയോടെ ഇതില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പ്രേക്ഷക മനസില്‍ വികാരത്തിന്റെ തള്ളിച്ചകള്‍ സ്റിഷ്ടിക്കാന്‍ തക്ക കെട്ടുറപ്പുള്ള പ്രമേയവും രീതികളുമാണ് ഇവയില്‍ അവലംബിച്ചിരിക്കുന്നത്. വിവാദമാക്കപ്പെട്ട സിനിമ എന്നതായിരുന്നു ആന്റിക്രൈസ്റ്റിലേക്ക് എന്നെ നയിച്ചതെങ്കില്‍, തികച്ചും യാദ്റ്ശ്ചികമായിരുന്നു ഷെറിനില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്.

അന്തിക്രിസ്തുവല്ലാത്ത 'ആന്റിക്രൈസ്റ്റ്'‍

ലാര്‍സ് വോണ്‍ ട്രെയറുടെ പുതിയ വിവാദം കാന്‍ ഫെസ്റ്റിവല്‍ മുതല്‍ തുടങ്ങിയതായിരുന്നു. പേരിലും പ്രമേയത്തിലും വിവാദമാക്കപ്പെട്ടതു കൂടാതെ അയാളുടെ സ്വാഭിപ്രായങ്ങള്‍ വരെ ഈ ചിത്രത്തെ കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിതെളിച്ചു. വിവാദങ്ങളുടെ കളിത്തോഴനായ ട്രെയറര്‍ക്ക് ഇതൊന്നും ഒരു പുത്തരിയേ ആയിരുന്നില്ല. കൂടുതല്‍ കരുത്തോടെ അയാളും സിനിമയും മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.

ചിത്രത്തിന്റെ പല ഫ്രെയിമുകളും പ്രേക്ഷകരില്‍ നവ്യാനുഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സാഡിസവും,സെക്സും,സ്വയംഭോഗവുമെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ അവലംബിക്കപ്പെട്ടു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വെറും രണ്ട് കഥാപാത്രങ്ങളില്‍ കൂടി മാത്രം മുന്നോട്ട് പോകുന്ന സിനിമ നാല് അധ്യായങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നായകന്റേയും(??) നായികയുടെയും സംഭോഗദ്രിശ്യത്തില്‍ നിന്നാണ് കാഥ ആരംഭിക്കുന്നത്. ഈ സമയം മാതാപിതാക്കളുടെ ശ്രദ്ധയില്‍ നിന്നും കൈവിട്ടുപോയ കുഞ്ഞ് പുറംകാഴ്ചയി മയങ്ങി ജനലിലൂടെ താഴോട്ട് വീഴുന്നു. ഒരിടത്ത് അച്ചനമ്മമാര്‍ ലൈംഗിക സുഖത്തില്‍ നിര്‍ വ്രിതിയടയുമ്പോള്‍ പുറത്ത് അവരുടെ കുഞ്ഞ് മരണത്തിന്റെ കൈകളില്‍ സുഖനിദ്രയിലാഴുകയായിരുന്നു. ഈ രംഗത്തോടെ കഥയ്ക്ക് ശക്തമായ ഒരു തുടക്കമാണ് ലഭിച്ചത്.

കുഞ്ഞിന്റെ മരണത്തെപ്പറ്റി അറിയുന്നതോടെ കുറ്റബോധം അവളെ വേട്ടയാടാന്‍ ആരംഭിച്ചു. അവള്‍ പതുക്കെ ഡിപ്രസ് ആയിത്തുടങ്ങി. അവളുടെ കുറ്റബോധവും, ഡിപ്രഷനും, ചിന്തകളും, മാത്രിത്വബോധവുമെല്ലാം കാലം കഴിയുന്തോറും താന്‍ പ്രസവിച്ച കുഞ്ഞിനോടുള്ള വെറുപ്പായി മാറ്റപ്പെടുകയായിരുന്നു. അവളുടെ മനസിന്റെ വ്യവഹാരത്തില്‍ സംഭവിച്ച കാതലായൊരു പരിണാമമായിരുന്നു അത്. ഈ രോഗാവസ്ഥ അവളെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് വ്യതിചലിപ്പിച്ചുകൊണ്ടിരുന്നു.

തുടര്‍ന്നു വന്നുകൊണ്ടിരുന്ന ചികിത്സ അവസാനിപ്പിക്കുകയും അത് സ്വയം ഏറ്റെടുക്കുകയുമാണ് തെറാപ്പിസ്റ്റായ നായകന്‍ ചെയ്യുന്നത്. അതിനായി കോഗ്നിറ്റീവ് തെറാപ്പി എന്ന ചികിത്സാരീതി അയാള്‍ പിന്തുടരുന്നു. അവളുടെ ഭയങ്ങളേയും അതിലെ കഥാപാത്രങ്ങളേയും ഓര്‍ത്തെടുക്കാന്‍ അയാള്‍ അവളോട് ആവശ്യപ്പെടുന്നു. അതിനെ വിശകലനം ചെയ്ത് അവളുടെ ഭയത്തെ അതിജീവിക്കുക എന്നതായിരുന്നു അയാളുടെ ശ്രമം. ഈ ശ്രമത്തിലൂടെ കഥയുടെ രണ്ടാം ഘട്ടം കടന്നുപോകുന്നു.

പിന്നീട് വയലന്‍സിലൂടെയാണ് കഥ മുന്നേറുന്നത്. ഒട്ടുംതന്നെ റിയലിസ്റ്റിക് അല്ലാത്ത രംഗങ്ങളാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. എങ്കില്‍ പോലും വ്യക്തമായ ആശങ്കകളും ഭയാനതകളും പ്രേക്ഷകമനസിലെത്തിക്കാന്‍ തക്ക ശക്തി അവയ്ക്കുണ്ടായിരുന്നു. അവള്‍ പിന്നീട് അക്രമാസക്തയാവുകയും നായകനെ ആക്രമിക്കുകയും പരിക്കേല്പിക്കുകയും ചെയ്യുന്നു. ഇതിന് പുറകെ സ്വയം വേദനകളനുഭവിച്ച് സാഡിസ്റ്റ് ആയി മാറുവാനും അവള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. തന്റെ കുഞ്ഞ് മരിക്കുമ്പോള്‍ ഏത് സുഖമാണോ താന്‍ അനുഭവിച്ചത് എങ്കില്‍ അതിനെതിരെയുള്ള വേദനകളായിരുന്നു അവള്‍ സ്വയം തിരഞ്ഞെടുത്തത്. ചികിത്സ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്താത്തതു കൊണ്ടും സ്വജീവരക്ഷ പരിഗണിച്ചും നായകന്‍ നായികയെ കൊലപ്പെടുത്തുന്നതോടെ ചിത്രത്തിന് തിരശ്ശീല വീഴുകയാണ്.

ക്രിസ്ത്യന്‍ സമൂഹത്തിനോ മതത്തിനോ എതിരായ ഒന്നും തന്നെ പ്രത്യക്ഷത്തില്‍ ഇതില്‍ കാണാനാവില്ല. എന്നാല്‍ കഥയുടെ സഞ്ചാരവും കഥാപാത്രങ്ങളും,സന്ദര്‍ഭവും എവിടെയെല്ലാമോ ബൈബിള്‍ കഥകളെ തലോടിക്കൊണ്ട് കടന്നുപോകുന്നുണ്ട്. എങ്കിലും അവള്‍ എന്ന ആശയം ഇവിടെ വലിയ രീതിയില്‍ പ്രകമ്പനം ചെയ്യപ്പെടുന്നുണ്ട്. അവളാണ് ഈ ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നതും അതിന് വിരാമമിടുന്നതും.

നഷ്ടപ്രണയത്തിന്റെ 'ഷെറിന്‍'

അബ്ബാസ് കിരാസ്ടമി എന്ന വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ചലച്ചിത്രലോകത്തെ എപ്പോഴും ഒരു പരീക്ഷണശാലയായിട്ടായിരുന്നു കണ്ടുകൊണ്ടിരുന്നത്. അയാളുടെ എല്ലാ ചിത്രങ്ങളും ഒരോ പരീക്ഷണങ്ങളായിരുന്നു. അതിലെല്ലാം അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു വിജയം തന്നെയായിരുന്നു ഷെറിനിലും അദ്ദേഹം കൈവരിച്ചത്.

ഒരു ഡിജിറ്റല്‍ ക്യാമറ പാന്‍ ചെയ്താല്‍ ഒരു നല്ല ചിത്രം നിര്‍മ്മിക്കാം എന്ന് നമുക്ക് ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാക്കാം. സാങ്കേതികതയുടേയോ നായികാ നായക സങ്കല്പങ്ങളേയോ ഒന്നും തന്നെ ഈ ചിത്രം പിന്തുടരുന്നില്ല. ചലച്ചിത്ര ലോകത്തിന് ഇനിയൊരിക്കലും പരീക്ഷിക്കാനാവാത്ത ഒരു പരീക്ഷണമാണ് കിരാസ്ടമി ഇവിടെ ചെയ്തു തീര്‍ത്തത്. സിനിമക്കുള്ളിലെ സിനിമയിലൂടെ ചിത്രം കടന്നുപോകുന്നെങ്കില്‍ കൂടി എന്താണ് സിനിമയെന്നത് പ്രേക്ഷകന്‍ ഒരിക്കല്‍ പോലും കാണുന്നില്ല. രംഗം കാണാതെ ഒരു സിനിമ നമുക്കെങ്ങിനെ അതിന്റെ പൂര്‍ണ്ണവൈകാരികതയില്‍ ആസ്വദിക്കാനാവും എന്ന് പലരും സംശയിച്ചേക്കാം. അവര്‍ക്കുള്ള മറുപടിയാണ് ഈ ചിത്രത്തിലൂടെ കിരാസ്ടമി നല്‍കിയിരിക്കുന്നത്.

94 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സിനിമയില്‍ ഒരിക്കല്‍പോലും നായകനെയും നായികയെയും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയില്ല. ഒരേയൊരു രംഗപശ്ചാത്തലം മാത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വരുന്നത്. പല മുഖങ്ങള്‍ കാണാമെങ്കിലും 94 മിനിറ്റും ഒരേ പശ്ചാത്തലത്തിലാണ് ആ മുഖങ്ങള്‍ കാണുന്നത് എന്ന് പറയുമ്പോള്‍ കിരാസ്ടമിയുടെ പരീക്ഷണം എത്രത്തോളം റിസ്ക് ആയിരുന്ന ഒന്നാണെന്ന് മനസിലാക്കാമല്ലോ.

12-ആം നൂറ്റാണ്ടില്‍ നിസാമി ഗഞ്ജാമി രചിച്ച പേര്‍ഷ്യന്‍ ത്രികോണ പ്രണയകാവ്യമാണ് സിനിമക്കുള്ളിലെ സിനിമയായ ഷെറിന്റെ ഇതിവ്റിത്തം. അര്‍മേനിയന്‍ രാജകുമാരിയായ ഷിറിന്റെ പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന ഫര്‍ദാദ് എന്ന ശില്പിയും ഖുസ്രോ എന്ന പേര്‍ഷ്യന്‍ രാജകുമാരനും തമ്മിലുള്ള പ്രണയമത്സരമാണ് ചിത്രത്തിലൂടെ പറയുന്നത്. ഒരു സെമി മിത്തിക് പ്രേമകഥയലുള്‍പ്പെട്ട ഷെറിനെ ഒരുക്കുന്നതില്‍ അബ്ബാസ് കിരാസ്ടമി കാണിച്ച തന്റെ സംവിധാന പാടവം അത്യധികം അനുമോദനീയമാണ്.

ഷിറിന്‍ പ്രണയിച്ചിരുന്നത് പേര്‍ഷ്യയിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഖുസ്രോ രാജകുമാരനെയായിരുന്നു. തന്റെ പിതാവിന്റെ അനുചരന്മാരിലൊരാളുടെ ഗൂഢതന്ത്രങ്ങളുടെ ഫലമായിട്ടായിരുന്നു അയാള്‍ക്ക് തന്റെ രാജ്യം നഷ്ടപ്പെട്ടത്. എന്നാല്‍ റോമക്കാരുമായുണ്ടാക്കിയ നീക്കപോക്കിന്റെ ഫലമായി അവസാനം 5000 വര്‍ഷം പ്രായമുള്ള പേര്‍ഷ്യയെ അദ്ദേഹം സ്വന്തമാക്കി. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ ഷിറിന്റെ പ്രണയത്തെ ഉപേക്ഷിച്ച് അദ്ദേഹത്തിന് റോമന്‍ രാജകുമാരി മിറിയത്തിനെ വിവാഹം കഴിക്കേണ്ടി വന്നു. ഷിറിനെ ജീവനുതുല്യം സ്നേഹിച്ച മറ്റൊരാളുണ്ടായിരുന്നു ആ രാജ്യത്ത്. ചൈനയില്‍ പോയി ശില്പവിദ്യ അഭ്യസിച്ചു വന്ന ഫര്‍ദാദ് എന്ന കരുത്തനായ ശില്പി. എന്നാല്‍ ഷിറിന്‍ ഒരിക്കലും ഫര്‍ദാദിന്റെ പ്രണയത്തിന് കാതോര്‍ത്തില്ല. അവളുടെ മനസ് ഖുസ്രോവിന് വേണ്ടിയേ അവസാന ശ്വാസം വരെയും വെമ്പിയുള്ളൂ. സഫലമാകാത്ത അവളുടെ പ്രണയത്തോട് കൂടി ചിത്രം അവസാനിക്കുകയാണ്.

ഈ ചിത്രത്തിനെ ഒരൊറ്റ രംഗത്തുപോലും നിങ്ങള്‍ ഷെറിനെയോ, ഖുസ്രോവിനെയോ, ഫര്‍ദാദിനെയോ കാണില്ല. എങ്കിലും അവരുടെ രൂപവും പ്രണയവും പ്രേക്ഷകമനസിലേക്ക് ആവാഹിക്കപ്പെടും. അവിടെയാണ് ആ സം വിധായകന്റെ വിജയം പൂര്‍ണമാകുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഈ കഥ ഒരു ചലച്ചിത്രമായി തിയ്യറ്ററില്‍ വരുമ്പോള്‍ അത് കാണാനെത്തുന്ന ഇറാനിയന്‍ യാഥാസ്ഥിതിക പ്രേക്ഷക സ്ത്രീകളുടെ വികാരപ്രകടനങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പൊകുന്നത്. തിയ്യറ്ററില്‍ വന്ന് തലയിലെ സ്കാര്‍ഫ് നേരെയിടുന്നത് മുതല്‍ ചിത്രം ആരംഭിക്കുന്നു. ഈ പ്രേക്ഷക സ്ത്രീകളുടെ ഓരോ സൂക്ഷ്മ ഭാവവും തൊട്ട് മുന്നിലുള്ള ക്യാമറ ഒപ്പിയെടുക്കുന്നു. അവര്‍ എന്താണ് കാണുന്നതെന്ന് പ്രേക്ഷകര്‍ക്കറിയില്ല. അവരുടെ മുഖഭാവങ്ങളിലൂടെ അവര്‍ സ്ക്രീനില്‍ കാണുന്ന സിനിമ എന്താണെന്ന് യഥാര്‍ത്ഥ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ് സം വിധായകന്‍. പശ്ചാത്തലവും സൗണ്ട് ട്രാക്കും തിയ്യറ്ററില്‍ അവര്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ്. സബ് ടൈറ്റിലും ശബ്ദവും ശ്രദ്ധിച്ചെങ്കില്‍ മാത്രമേ നമുക്കും അവരോടൊപ്പം സിനിമ ആസ്വദിക്കാനാവൂ. ഇതിലെ പ്രേക്ഷക സ്ത്രീകളായി 113 പ്രശസ്ത നടികളാണ് അഭിനയിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഫെമിനിസ്റ്റ് സിനിമകള്‍
ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ട് ചിത്രങ്ങള്‍ ഒരുതരം ഫെമിനിസ്റ്റ് സിനിമകളായി മാറുന്നുണ്ടോ. സ്ത്രീകളനുഭവിക്കുന്ന രൂക്ഷമായ ചില പ്രശ്നങ്ങളാണ് ഇവിടെ പ്രമേയമാക്കിയിരിക്കുന്നത്. അതുപോലെ സ്ത്രീകള്‍ തെന്നെയാണിതിന്റെ കേന്ദ്ര കഥാപാത്രങ്ങളും. അങ്ങിനെയാണെങ്കില്‍ ഇതിനെ ഫെമിനിസ്റ്റ് സിനിമകളുടെ ഗണത്തില്‍ കൂട്ടാമോ? സ്ത്രീയുടെ സ്വത്വാവിഷ്കാരം സാധ്യമാകുന്ന വിധത്തിലെല്ലാം ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഫെമിനിസ്റ്റ് തിയ്യറ്റര്‍ നിരൂപകയായ ജാനറ്റ് ബ്രൗണിന്റെ അഭിപ്രായത്തില്‍ സ്ത്രീത്വത്തിന്റെ ആന്തരിക പ്രേരണ അവതരിക്കപ്പെടുന്ന ഏതൊരു തിയ്യറ്ററിനെയും ഫെമിനിസ്റ്റ് തിയ്യറ്റര്‍ എന്നു പറയാം എന്നാണ്. എങ്കില്‍ ഈ രണ്ട് സിനിമകളെയും ഫെമിനിസ്റ്റ് സിനിമ എന്ന് കണക്കാക്കുന്നതില്‍ യാതൊരു തെറ്റുമില്ലല്ലോ. പക്ഷേ അവസാന വിജയം ഒരിക്കലും സ്ത്രീക്ക് ലഭിക്കുന്നില്ലെങ്കിലും സ്ത്രീകളുടെ ചില പ്രധാന പ്രശ്നങ്ങള്‍ ഇതില്‍ ദ്രിശ്യവത്കരിച്ചു കാട്ടാന്‍ കഴിഞ്ഞിട്ടുണ്ട്.

മാത്രിത്വവും പ്രണയവും
മേല്പ്പറഞ്ഞ രണ്ട് ചിത്രങ്ങളും കേന്ദ്രീകരിക്കുന്നത് സ്ത്രീകഥാപാത്രങ്ങളെയാണ്. അതില്‍ ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിലെ സ്ത്രീ കഥാപാത്രം ഒരമ്മയാണ്, ഭാര്യയാണ്. അവളുടെ വികാരങ്ങളിലൂടെ കടന്നു വരുന്ന ചിത്രം മരണത്തില്‍ അവസാനിക്കുന്നു. ഇതേപോലെ ഷെറിനിലും മരണത്തിലാണ് കഥയുടെ പര്യവസാനം. അമ്മ എന്ന നിലയില്‍ തനിക്കുണ്ടായ പൂര്‍ണ്ണ പരാജയത്തിന്റെ കുറ്റബോധം ആന്റിക്രൈസ്റ്റില്‍ അവളെ ഒരു രോഗിണിയാക്കി മാറ്റുകയാണ്. താനനുഭവിച്ച സുഖങ്ങള്‍ അവളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. സ്വയം വേദനിപ്പിച്ചും, പങ്കാളിയെ വേദനിപ്പിച്ചും അവള്‍ തനെ ദുഃഖം തീര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിശുദ്ധ പ്രണയത്തെ തട്ടിയെറിഞ്ഞ് കടപ്പാടുകള്‍ക്ക് പുറകെ പോയ ഒരുവനാല്‍ ചതിക്കപ്പെട്ടവളായാണ് ഷെറിനിലൂടെ അവള്‍ കടന്നുപോകുന്നത്. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ഷെറിന്‍ ഒരു സെമി മിത്തിക് പ്രേമകഥയാവുമ്പോള്‍ റിയലിസ്റ്റിക് അല്ലാത്ത വയലന്‍സിലൂടെ ആന്റിക്രൈസ്റ്റ് ഹൊറര്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.

ആന്റിക്രൈസ്റ്റില്‍ അവനും അവളും മാത്രമാണ് കഥാപാത്രങ്ങള്‍. അവരുടെ ജീവിതം, ചിന്ത, എന്നിവയെല്ലാം അതില്‍ പറഞ്ഞു പോകുന്നു. ഷെറിനിലാണെങ്കില്‍ 113 നടികളാണ് കഥാപാത്രങ്ങള്‍. അവര്‍ ഒരു ശബ്ദം പോലും പുറപ്പെടുവിക്കുന്നില്ല. അവരുടെ മുഖഭാവങ്ങളാണ് അഭിനേതാക്കള്‍. അതിലൂടെ അവര്‍ മറ്റൊരു കഥ നമ്മളിലേക്കെത്തിക്കുന്നു, തികച്ചും വ്യത്യസ്തമായി.

ഒരാള്‍ നഷ്ടപ്രണയത്തിന്റെ പ്രതീകമാവുമ്പോള്‍ അടുത്തയാള്‍ നഷ്ടമാത്ര്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. മരണമാണ് എല്ലാറ്റിനും അവസാനമെന്ന തത്വം ഇവിടെയും ആവര്‍ത്തിക്കുന്നു. സംഭോഗ വേളയില്‍ അവളനുഭവിച്ച മാനസിക പീഢനങ്ങള്‍ക്ക് അവള്‍ എത്രമാത്രം ദുഃഖിതയായിരുന്നു എന്നതിന്റെ തെളിവാണ് അവസാന രംഗങ്ങളിലെ ശാരീരിക പീഢനത്തിലൂടെ ആന്റിക്രൈസ്റ്റ് കാണിച്ചു തരുന്നത്. എന്നാല്‍ പരിശുദ്ധ പ്രണയത്തിലധിഷ്ഠിതമായ ഒരു ജീവിതത്തെ കടപ്പാടിന്റെ കഥ പറഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു സ്ത്രീയുടെ ചിത്രമാണ് ഷെറിന്‍ കാട്ടിത്തരുന്നത്.

രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെയും മുഖത്തിന് ഏതാണ്ട് ഒരേ രൂപമാണ്, അവരുടെ ജീവിതത്തിലെ വഴികള്‍ക്കും. കാഴ്ചയെ തിരിഞ്ഞു നോക്കേണ്ട അവസ്ഥയാണ് ഇവിടെ രണ്ട് കഥാപാത്രങ്ങള്‍ക്കും വന്നിരിക്കുന്നത്. അതിന്റെ മാനസിക വ്യഥകളും ചിന്തകളും അവളില്‍ എത്രമാത്രം ആഘാതങ്ങള്‍ സ്രിഷ്ടിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകരിലെത്തിച്ചേരുന്നത്. എന്നാല്‍ ആന്റിക്രൈസ്റ്റിനോളം ശ്രദ്ധിക്കപ്പെടാതെ പോകപ്പെട്ടു എന്നൊരു കുറവ് ഷെറിന് ഉണ്ടെങ്കിലും വ്യത്യസ്ത പ്രമേയവും കിരാസ്ടമി ആരാധകരും ഈ ചിത്രത്തെ ഒട്ടനവധി സിനിമാ പ്രേമികള്‍ക്കിടയിലെത്തിച്ചു. വിജയം നാള്വഴികളിലൂടെ കടന്നെത്തില്ലായെങ്കിലും ഈ രണ്ട് കഥാപാത്രങ്ങളൂം പ്രേക്ഷക മന്‍സിനുള്ളില്‍ ഒരു പെണ്ണിന്റെ വിങ്ങലായി ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു. അതില്‍ ഈ ചിത്രങ്ങള്‍ ചരിത്ര വിജയങ്ങളായി മാറ്റപ്പെടുകയായിരുന്നു. ശരിയായ സിനിമാപ്രേമികള്‍ക്കിടയിലാണെന്നു മാത്രം.

6 വായന:

K.P.SUKUMARAN said...

നന്നായിട്ടുണ്ട് വിനൂ, കുറച്ചു കൂടി വിസ്തരിക്കാമായിരുന്നില്ലേ എന്ന് തോന്നി. സിനിമയുമായി കുറെക്കാലമായി അകലം പാലിക്കുന്നത്കൊണ്ടും അതിന്റെ സാങ്കേതികതയെ പറ്റി അജ്ഞനായത്കൊണ്ടും അഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ്. നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്നേ എനിക്ക് പറയാന്‍ കഴിയൂ....
ആശംസകളോടെ,

Ajay said...

superb man.... continue ur work...

ഗോപി said...

നന്നായിരിക്കുന്നു വിനൂ....ഷിറിനെപ്പറ്റി കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു...അതിനുള്ള ഒരുപാട് സാദ്ധ്യതകള്‍ ആ സിനിമക്കുണ്ടല്ലോ.

Anonymous said...

Ur narration is good....
but Vinu, if u are trying to analyse a film or book, look from both sides.......ok??..u have presented the goodness of those movies....I hav seen both movies......and felt almost the same u have said...but not at all the same feeling.....ok u have watch between the frames and read between the lines......jst a suggestion.....dont feel bad..gud work..u r so patient I see.....!!!!!!

mrk said...

Ur narration is good....
but Vinu, if u are trying to analyse a film or book, look from both sides.......ok??..u have presented the goodness of those movies....I hav seen both movies......and felt almost the same u have said...but not at all the same feeling.....ok u have watch between the frames and read between the lines......jst a suggestion.....dont feel bad..gud work..u r so patient I see.....!!!!!!

KS Binu said...

It was a good read! ആന്റിക്രൈസ്റ്റിനെയും ഷിറിനെയും താരതമ്യം ചെയ്യുകയും പാരസ്പര്യങ്ങളെ നന്നായി വിശകലനം ചെയ്യുകയും അതിനെ ഒരു സ്ത്രൈണകാഴ്ചയില്‍ കാണാന്‍ ശ്രമിക്കുകയും ചെയ്തത് നന്നായിട്ടുണ്ട്. ആന്റി ക്രൈസ്റ്റേ കണ്ടിട്ടുള്ളു. ഷിറിനെക്കുറിച്ചുള്ള വിശകലനവും അഭിപ്രായവും അത് കാണണമെന്ന് ആഗ്രഹമുളവാക്കുന്നു.

നന്ദി.

Post a Comment

© moonnaamidam.blogspot.com