താമ്രപര്‍ണി ഒഴുകുന്നതെങ്ങോട്ട്..??



ഇന്നേവരെ ആരും കവിതയിലുപയോഗിച്ച് അശുദ്ധമാക്കിയിട്ടില്ലാത്ത ശൈലികളുടെയും പ്രയോഗങ്ങളുടെയും പുത്തന്‍ അമരക്കാരനായ കവി..ഡപ്പാംകുത്തും,കാമവും,സാങ്കേതികതയും പുത്തന്‍ വിഷയങ്ങളായ് താളുകളിലെത്തുമ്പോള്‍ ഈ കവിയെ ഓര്‍ക്കുക.ഗുണ്ടാത്മക കവിതയുമായി മലയാള കവിതയെ വെല്ലുവിളിക്കാന്‍ ചങ്കൂറ്റം കാട്ടി താമ്രപര്‍ണിയിലൂടൊഴുകുന്ന ശൈലനെന്ന ആ കവിയുടെ വാക്കുകളിലൂടെ നമുക്കല്പം സഞ്ചരിക്കാം.


? ശൈലന്‍ എന്ന പേരില്‍ തന്നെ ഒരു വ്യത്യസ്തതയുണ്ടല്ലോ...അതിനെപ്പറ്റി..??
'70- കളില്‍ അച്ഛന്‍ നാഗലാന്റിലും ആസ്സാമിലും ആയി ചെയ്ത സൈനിക സേവനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.. ശൈലേന്ദ്ര എന്നപേര് അവിടെ നിന്നോ, ആ യാത്രക്കിടയിലോ കണ്ടെത്തിയതാവണം. കൂട്ടുകാരാണ് ( നാട്ടുകാരും) അതിനെ 'ശൈലന്‍' എന്നും 'ഇന്ദ്രന്‍' എന്നും വിഗ്രഹിച്ചു വിളിക്കാന്‍ തുടങ്ങിയത്.. ശൈലനെന്ന പേരില്‍ ഒരു നല്ല സാധ്യത ഉണ്ടെന്നു പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു. എന്നിട്ടെന്തു കാര്യം? എന്റെ പല കവിത കളും അച്ചടിച്ച്‌ വരുമ്പോള്‍ , തിരുവനന്തപുരത്തുള്ള ശാന്തന്‍ എന്ന കവിക്ക്‌ മെസ്സേജുകളും മെയിലുകളും ചെല്ലാറുണ്ടെന്നു അയാള്‍ സാകഷ്യപ്പെടുത്തുന്നു. മറ്റേതൊരു മേഖല യിലുമെന്ന പോലെ കവിത വായനക്കാരിലും ഭേദപ്പെട്ടയിനം വിഡ്ഢികള്‍ കുറവല്ല.

? താങ്കളുടെ ബാല്യം ഒന്ന് വിശദീകരിക്കാമോ..?
മലപ്പുറത്തെ ഏതൊരു മിഡ്ഡില്‍ ക്ലാസ് ബാല്യത്തെയും പോലെ തീര്‍ത്തും സാധാരണവും സ്നേഹം നിറഞ്ഞു തുളുമ്പുന്നതും അക്ഷര സ്ഫുടത കുറഞ്ഞതും ആത്മാര്‍ത്മവുമായ ഒരു സ്കൂള്‍ കാലമായിരുന്നു എന്റെതും.. കണ്‍ മുന്നില്‍ ഒരു പ്രൈമറി സ്കൂള്‍ ഉണ്ടായിരിക്കെ ഒന്നര കിലോമീറ്റര്‍ നടന്നു ചെല്ലേണ്ട മറ്റൊരു സ്കൂളില്‍ ഒന്നാം ക്ലാസ്സ്‌ മുതലേ പോവേണ്ടി വന്നത് , അവിടെ ടീച്ചര്‍ ആയി അതേ വര്‍ഷം ചേര്‍ന്ന ചേച്ചിക്ക് ഒരു കൂട്ട് എന്ന നിലയിലായിരുന്നു. വീട്ടില്‍ മക്കള്‍ ഓരോരുത്തരും തമ്മില്‍ ആറും ഏഴും വയസിന്റെയൊക്കെ വിത്യാസം ഉണ്ടായിരുന്നു. "നാലാമന്‍ നാട്ടുരാജാവ്" എന്ന ഗെറ്റപ്പലുള്ള ഞാനും ചേച്ചിയും തമ്മില്‍ മാതൃ- പുത്ര ബന്ധമാണ് എന്ന് കുട്ടികള്‍ എല്ലാം തെറ്റിദ്ധരിച്ചിരുന്നു.. കുറച്ചു കാലം ചെന്നപ്പോള്‍ അവര്‍ ആ സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിയതോടെ ഞാന്‍ കുറെ കൂടി ക്രിയാത്മകനും സ്വതന്ത്രനും ആയി മാറി.
പലവട്ടം നാടുവിടലുകളും തിരിച്ചു വരവുകളും മറ്റു ബഹുവിധ സംഘര്‍ഷങ്ങളും കൊണ്ടു സംഭവ ബഹുലമായിരുന്നു ഹൈസ്കൂള്‍ കാലഘട്ടം! ടീനേജിലും കോളേജിലും എത്തിയതോടെ അത് കുറെക്കൂടി അനിശ്ചിതത്വവും, ഉന്മാദവും നിറഞ്ഞതായി മാറി.
ഒരു ക്ലാസില്‍ നൂറു മാര്‍ക്ക്‌ വാങ്ങി ഒന്നാമനവുന്നതിന്റെ വിഡ്ഢിത്തവും പൂജ്യം മാര്‍ക്ക്‌ മനഃപൂര്‍വ്വം എഴുതി വാങ്ങി സംപൂജ്യ നാവുന്നതിന്റെ കൃതാര്‍ത്ഥതയും അനുഭവിക്കുന്നതിനോളം രസകരമായത് എന്തുണ്ട്..!

? ശൈലന്‍ എന്ന കവിയുടെ വളര്‍ച്ചയുടെ തുടക്കം എവിടെ നിന്നായിരുന്നു?
കവിതയില്‍ എത്തിപ്പെടേണ്ട യാതൊരു കാരണവും ന്യായീകരണവുമുള്ള ഒരു ആവാസവ്യവസ്ഥയായിരുന്നില്ല ജനിക്കുമ്പോള്‍ എന്റേത് ...;. യാതൊരു പ്രകോപനവും കൂടാതെ മുന്പെന്നോ അച്ഛന്‍ വീടിനിട്ട "കവിത" എന്ന പേരില്‍ ഉള്ള ഒരേയൊരു നിമിത്തമൊഴികെ!! പെട്ട കുടുംബത്തിലോ വാര്‍ഡിലോ പഞ്ചായത്തിലോ കവിതയുമായി പുല ബന്ധവുമുള്ള ഒരു മനുഷ്യ ജീവിയും അന്നും ഇന്നും കിട്ടില്ല. (മൃഗങ്ങളും പക്ഷികളും പിന്നെയും ഭേദമാണ്)
പഠന കാലത്തേ തെണ്ണിതെറിച്ചിലുകളും ഒരുപ്പോക്കുകളും ഹോട്ടല്‍ പണി ചെയ്ത അടുക്കളകളും വേനല്‍കാലവെടിക്കെട്ടുകളും തമിഴ് നാട് - ആന്ധ്ര തുടങ്ങിയിടത്തെ റിസോര്‍ട്ടിലെ താറാവിന്റെ പൂട പറിക്കലുകളും സ്വവര്‍ഗാനുരാഗികളുടെ ചൂണ്ടകൊളുത്തുകളും നദീതീരസംസ്കാരങ്ങളിലെ "ദര്‍ശനം പാതി ഭോഗ സുഖങ്ങളും " ആള്‍ക്കൂട്ടത്തിന്റെ ഉന്മാദങ്ങളും ചുമട്ടു തൊഴിലാളികളുടെ കയ്യാളായി ബ്രാണ്ടി കടകളിലേക്കുള്ള പോക്കുവരവുകളും മറ്റും കൂടി ചേര്‍ന്നപ്പോള്‍ ജീവിതം പതിയെ പതിയെ കവിതയോട് അടുക്കുകയായിരുന്നു. കടലാസിലേക്ക് എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമൊക്കെ പിന്നെയും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ്. ((അതൊരു വല്യ കാര്യമാണെന്ന് തോന്നുന്നില്ല ഇപ്പോഴും!!))

? കുടുംബം,കൂട്ടുകാര്‍,പ്രണയം
എല്ലാവരും ഉണ്ടായിരുന്ന ഒരു നിറഞ്ഞ കുടുംബ വ്യവസ്ഥ യില്‍ നിന്നും , പലപ്പോഴായി പലവിധത്തില്‍ , ഓരോരുത്തരായി കൊഴിഞ്ഞു പോയി ഒടുവില്‍ ഞാന്‍ മാത്രമായി മാറിയ ഒരു വീടാണ് എന്റേത് /ഞാന്‍!! ഒന്നരക്കൊല്ലത്തോളമായി ഏകാന്തതയുടെ അത്തിമരത്തില്‍ ഹൃദയവും തൂക്കിയിട്ടിരിക്കുന്നു അത്, ഓ. ഹെന്‍ട്രിയുടെ കഥയിലെ വരച്ചു വെക്കപ്പെട്ട അവസാനത്തെ ഇലയായി.. 2008 ഇല്‍ അമ്മ പോവും വരെ അത്തരം സെന്റിമെന്റ്സിനോടൊക്കെ എനിക്ക് പുച്ഛമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇടയ്ക്കിടെ രാത്രികളില്‍ അമ്മ അമൂര്‍ത്തമായി വിരുന്നു വരും.. വിചിത്രമായ ഏതോ ഇടത്ത് അമ്മ പാര്‍ക്കുന്ന പുല്‍കുടിലിന്റെ ഒറ്റ മുറി കാണിച്ചു തന്നു കൊതിപ്പിക്കും..!

കവിതയില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ അംഗീകാരവും ബഹുമതിയും എന്റെ സൌഹൃദങ്ങള്‍ തന്നെയാണ്. അവയുടെ വിശാലമായ ചക്രവാളങ്ങളിലൂടെയുള്ള നെറ്റ് വര്‍ക്കിംഗ്‌ കാരണമാണ് "താമ്രപര്‍ണി" യുടെ മൂന്നു എഡിഷനുകള്‍ അനായാസം തീര്‍ന്നു പോയത്.. അല്ലാതെ എന്റെ പുസ്തകം അത്ര മാത്രം ജനപ്രിയമായത്കൊണ്ടല്ല എന്നെനിക്ക് നന്നായറിയാം..!

പന്ത്രണ്ട് വയസ്സു മുതല്‍ പ്രണയം എന്നെ ഇടയ്ക്കിടെ കുത്തഴിക്കുകയും വീണ്ടും വീണ്ടും തുന്നി ചേര്‍ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.. മനഃ പൂര്‍വമല്ലാത്ത ദുരന്തങ്ങള്‍.. പലപ്പോഴും അസഹ്യമാണത് . പ്രണയമെന്നെ പലപ്പോഴും രക്തസാക്ഷിയാക്കി. ഉണങ്ങാത്ത വ്രണങ്ങള്‍ തന്നു. പിന്നെ പിന്നെ ഞാനും പ്രണയത്തെ രക്തസാക്ഷിയാക്കാനും വെട്ടി മുറിച്ചു മുളക് പുരട്ടാനും തുടങ്ങി.. (കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ..!!) ഇപ്പോഴും ഈ പാമ്പും കോണിയും കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.. ""ഒരിക്കലും ഒരു പെണ്ണിനെ പ്രണയിക്കരുത്.. , പ്രണയിക്കുന്ന പോലെ അഭിനയിക്കാനെ പാടുള്ളൂ"" എന്ന് മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ കൊള്ളാം. പക്ഷെ ജീവിതത്തില്‍ എനിക്കത് പ്രയോഗികമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

? 'താമ്രപര്‍ണി'- ഈ പേര് ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ച്ചിട്ടുന്ടെന്നു തോന്നുന്നു..

നാലാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില്‍ , തമിഴ്നാടിനെ കുറിച്ച് പഠിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരാണത്.. പിന്നീട് യാത്രകളുടെ സമ്പന്നകാലം തുടങ്ങിയപ്പോള്‍ ആ നദി കാണാനായി തിരുനെല്‍വേലിയില്‍ പോയിട്ടുണ്ട്. രണ്ടാമത്തെ പുസ്തകം ഇറക്കാനായി ഞാനും പബ്ലിഷറും ആലോചിക്കുന്ന വേളയില്‍ ഒരു പേരിലും തൃപ്തി വരാതെ വന്നപ്പോള്‍ അവസാനം "താമ്രപര്‍ണി" എന്ന പേരും 'ഫിംഗര്‍ പ്രിന്റ്സ് ഓഫ് ദി റിവെര്‍' എന്ന സബ് ടൈറ്റിലും കൊടുക്കുകയായിരുന്നു.. അതിനു ശേഷമാണ് , ആ പേരില്‍ മനസ്സില്‍ എന്നോ എഴുതിയ നദിയനുഭവം കവിതയായി അയച്ചുകൊടുത്തത്. മാതൃഭൂമിയില്‍ തന്നെ അത് അച്ചടിച്ച്‌ വരികയും ചെയ്തു. (കവിതയുടെ വഴികള്‍ എത്ര വിചിത്രം!!) നദിയുടെ സ്നേഹം പതിന്മടങ്ങായി തിരിച്ചു കിട്ടുന്നത് ആ പുസ്തകത്തിന്റെ മൂന്നാം എഡിഷന്‍ പ്രകാശന വേളയില്‍ ഞാന്‍ അറിഞ്ഞു. ഇവിടുള്ള ഒരു നദിയുടെ കരയില്‍ നിലാവുള്ള ഒരു രാത്രി മുഴുവനുമായിരുന്നു പ്രകാശനം.. (നിമിത്തങ്ങളില്‍ ഞാന്‍ അത്രയേറെ വിശ്വസിക്കുന്നു).

? ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി?
ജീവിതത്തില്‍ സ്വാധീനം ചെലുത്തിയതും ജീവിതത്തെ ഉഴുതു മറിച്ചതും ചില സ്ത്രീകളാണ് . അവരെ കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്ക് കാലം ഇനിയും ഒരുപാട് ബാക്കി കിടക്കുന്നു. സ്വാധീനങ്ങള്‍ പോസിറ്റീവ് ആയിട്ടല്ല, നെഗറ്റീവ് ആയിട്ടാണ് എന്നെ വളര്‍ത്തിയത്‌ എന്നും പറയേണ്ടിയിരിക്കുന്നു..
സാഹിത്യത്തില്‍ പോസിറ്റീവ് ആയി എനര്‍ജി തന്നിട്ടുള്ളത് ഓ.വി. വിജയനാണ് . ഖസാക്കിന്റെ ഇതിഹാസത്തെ മറികടക്കുന്ന ഒരു കാവ്യാനുഭവം മലയാളത്തില്‍ വേറെ എനിക്കു കിട്ടിയിട്ടില്ല. വി.കെ.എന്‍ ., മേതില്‍, മാര്‍കേസ് എന്നിവരും വല്ലാതെ ധൈര്യം തന്നിട്ടുണ്ട്..

? ആദ്യ കാലങ്ങളില്‍ 'ശിവകാമി' എന്ന പേരില്‍ കവിതകളെഴുതാന്‍ കാരണം?
ഒരുപാട് വിചിത്രവ്യക്തിത്വങ്ങളുടെ സങ്കലനമാണ് ഓരോ മനുഷ്യനുമെന്നു തോന്നിയിട്ടുണ്ട് എല്ലാകാലത്തും.. എന്റെ ഉള്ളിലുള്ള ചില അപര വ്യക്തികള്‍ക്ക് ഒരുകാലത്ത് ഞാന്‍ പേരുകളും വിശദാംശങ്ങളും നല്‍കി അവരുടേതായ ജീവിതവ്യവസ്ഥകള്‍ നിര്‍ണയിച്ചു നല്‍കിയിരുന്നു.. അതില്‍ ഒന്നാണ് ശിവകാമി. കവിതയില്‍ പേര് വെളിപ്പെടുത്താന്‍ ഒട്ടുമേ താല്പര്യമില്ലാതിരുന്ന ഒരു കാലത്താണ് ആ പേരിനെ ഞാന്‍ കവിതയിലേക്ക് കൊണ്ടു വന്നത്. കേവലമൊരു തൂലികാ നാമം എന്നതില്‍ ഉപരിയായി അവ ശിവകാമി എഴുതിയ കവിതകള്‍ ആയി തന്നെയാണ് പത്തു വര്‍ഷത്തിനു ശേഷം ഇപ്പോഴെനിക്ക്‌ തോന്നുന്നത്,, ""ഒട്ടക പക്ഷി"" എന്ന ശീര്‍ഷകത്തില്‍ ആ കവിതകള്‍ പുസ്തകമായും ശിവകാമിയുടെ ക്രെഡിറ്റില്‍ ഇറക്കിയിട്ടുണ്ട്.
അക്കാലത്തെ ഒരു കാസറഗോഡന്‍ കാമുകി , അപഹസിക്കാനും ബ്ലാക്ക്‌ മെയില്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങിയപ്പോഴാണ് '99 മുതല്‍ ശൈലനായി തന്നെ കവിതയെഴുത്ത് തുടങ്ങിയത് . പെണ്ണിന്റെപേരില്‍ എഴുതുന്നതുകൊണ്ടു മാത്രം, ഞെരമ്പുരോഗികളായ എഡിറ്റര്‍മാര്‍ എന്റെ കവിതകള്‍ അച്ചടിക്കുന്നു വെന്നായിരുന്നു അവളുടെ വാദഗതി.

? ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നിരാശ തോന്നിയ നിമിഷം ?
ഉന്മാദം, അപകര്‍ഷതാ ബോധം, അന്യതാബോധം അങ്ങനെ ബഹുവിധമായ കാരണങ്ങളാല്‍ 20-21 വയസില്‍ പലതവണ ഞാന്‍ പലവിധത്തില്‍ ആത്മാര്‍ത്ഥമായി ആത്മഹത്യ ചെയ്തുനോക്കിയിട്ടുണ്ട്.. മരണത്തെ അത്രമേല്‍ കൊതിച്ചിട്ട് തന്നെയായിരുന്നു ആ ചെയ്ത്തുകളെങ്കിലും ഇപ്പോഴും ഞാന്‍ പാഴായി ജീവിച്ചിരിക്കുന്നല്ലോ എന്നോര്‍ക്കുമ്പോഴാണ് നിരാശ തോന്നാറുള്ളത്..

? യുവകവികള്‍‍ക്കിടയിലെ സ്വന്തം സ്ഥാനം ഒന്ന് വ്ശദേകരിക്കാമൊ? അതായത് ഒരു സ്വയം വിലയിരുത്തല്‍

കവിത എഴുതുന്ന കൂട്ടുകാരോടൊക്കെ സംസാരിക്കുമ്പോള്‍ , അവര്‍ ഓരോരുത്തരും, തങ്ങളുടെ കവിതയോളം മഹത്തരമായത് ലോകത്തില്‍ മറ്റൊരിടത്തും ഇല്ലെന്നു ബോധത്തിലും ഉപബോധതിലും അബോധത്തിലും വിശ്വസിക്കുന്നതായി മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഞാനും അങ്ങനെയൊക്കെയായാല്‍ പിന്നെ ആ തിരിച്ചറിവില്‍ കാര്യമില്ലാതാവും . സ്ഥാനം അടയാളപ്പെടുത്താനുള്ള അവകാശം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതല്ലേ നല്ലത്..
മഹാത്തരമെന്നു വാഴ്ത്തുകയൊന്നും വേണ്ടിയിരുന്നില്ല, എന്തെങ്കിലുമൊക്കെ വ്യത്യസ്തതയുണ്ടെന്നു ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞാല്‍ മാത്രം മതി. പേര് വെക്കാതെ അച്ചടിച്ച്‌ വന്നാലും ശൈലന്റെ കവിതയെന്നു മനസിലാക്കാന്‍ കഴിഞ്ഞാല്‍ മതി. എന്നാല്‍ രക്ഷ പ്പെട്ടു.

? ആസ്വാദന തലത്തില്‍ നിന്ന് നോക്കുമ്പോള്‍ വ്യക്തിപരമായി നല്ലതെന്ന് തോന്നിയ കവിത
നൂറു ശതമാനം സം തൃപ്തി തന്ന ഒരു കവിതയും ഇതുവരെ എഴുതാന്‍ കഴിഞ്ഞിട്ടില്ല. (അങ്ങനെ എഴുതാന്‍ കഴിയുന്നവര്‍ ഉണ്ടാകുമോ ആവോ!!) എന്തെങ്കിലുമൊക്കെ സംതൃപ്തി തരാത്ത ഒരു കവിതയും ഇതുവരെ എഴുതിയിട്ടുമില്ല. മുഖ്യധാരയിലൊക്കെ വരുന്നതിനു മുന്‍പേ എഴുതിയതാണെങ്കിലും ''നിഷ്കാസിതന്റെ ഈസ്റ്റര്‍ " എന്ന ആദ്യ സമാഹാരത്തിലെ കവിതകളോട് ഇഷ്ടം കൂടുതലുണ്ട്. 200 ശതമാനം ഒറിജിനല്‍ ആയി ജീവിതത്തെ നേരിട്ടിരുന്ന ഒരു കാലത്തിന്റെ കവിതകളായിരുന്നു അവ എന്നത് കൊണ്ടു മാത്രം..

? വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടോ..? ഉണ്ടെങ്കില്‍ അതിനോട് എങ്ങിനെ പ്രതികരിക്കുന്നു..??
വിമര്‍ശനങ്ങള്‍, കവിതയുടെ പേരിലായാലും ആശയത്തിന്റെ പേരിലായാലും എത്ര വിഷം പുരട്ടിയതായാലും , വളരെ പോസിറ്റീവ് ആയി മനസ്സില്‍ ഏറ്റുവാങ്ങി സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് അവ. അജ്ഞാത (മാതൃഭൂമി), മദ്ധ്യേ വൃശ്ചിക ദംശനം.. (മാധ്യമം) എന്നീ കവിതകള്‍ അച്ചടിച്ച്‌ വന്ന സമയത്ത് വിമര്‍ശനമെന്നത് പച്ചത്തെറികളായും ഭീഷണികളായും ഒക്കെ വന്നിട്ടുണ്ട്. ആദ്യത്തെതില്‍ പര്‍ദ്ദയുടെയും രണ്ടാമത്തെതില്‍ തീര്‍താടനത്തിന്റെയും മറ്റു ചില സാദ്ധ്യതകള്‍ ഒളിഞ്ഞു നോക്കുന്നു എന്നതായിരുന്നു ആരോപണം. ഓരോരുത്തര്‍ക്ക് ഓരോരോ സന്തോഷങ്ങള്‍..""പ്രത്യക്ഷമായ സ്ത്രീ വിരുദ്ധത കൊണ്ടു സമ്പന്നം" എന്ന് പല കവിതകള്‍ വരുമ്പോഴും ഫെമിനിസ്റ്റ് കൂട്ടുകാര്‍ മെസ്സേജും സ്ക്രാപ്പും ഒക്കെ അയക്കാറുണ്ട്.
കവിതയെ വിശുദ്ധ പശുവായി കാണുന്ന ആസ്വാദകര്‍ ഒരു കാലത്തും എന്നെ അന്ഗീകരിച്ചിട്ടില്ല . വിശുദ്ധ പശുവിനെ കൊന്നു തുകലും മാംസവും വേര്‍ തിരിച്ചു അറവു ശാലയില്‍ കെട്ടി തൂക്കിയവനോടെന്ന വണ്ണം ജുഗുപ്സമായി എന്നെ നോക്കുന്നവര്‍ ഇപ്പോഴുമുണ്ട്. നൂറു പേര്‍ എന്റെ കവിത വായിക്കുകയാണെങ്കില്‍, ഇരുപതു പേരില്‍ താഴെയൊക്കെ അത് ഇഷ്ടപ്പെട്ടാല്‍ മതി എന്നാണ് എന്റെ നിലപാട്. ((എല്ലാവരും എന്നെപ്പോല്‍ ചിന്തിക്കുകയും ആസ്വദിക്കുകയും ചെയ്‌താല്‍ പിന്നെ എനിക്കെന്തു പ്രസക്തി..!!?)) എഴുത്ത് ജനപ്രിയമായി പോവുന്നോ എന്ന ഭയം കൊണ്ടു കൂടിയാണ് ഒരു വര്‍ഷത്തിലേറെയായി കാര്യമായൊന്നും എഴുതാത്തതും..

? എഴുതണമെന്നാഗ്രഹിച് എഴുതാന്‍ കഴിയാതെ പോയ വരികള്‍ അതായത് അക്ഷരം പിന്‍വാങ്ങിയ നിമിഷങ്ങള്‍

അങ്ങനെയൊരു അനുഭവം, സത്യം പറഞ്ഞാല്‍ എനിക്കില്ല. കവിതയെന്നാല്‍ എഴുതപ്പെടെണ്ടതാണെന്നോ , അക്ഷരത്തിലോ, ലിപിയിലോ, അധിഷ്ടിതമാണെന്നോ ഉള്ള വിശ്വാസം എനിക്കില്ല. ജീവിതം കവിതയോട് അടുത്ത് വരികയോ , ജീവിതം തന്നെ കവിതയായി മാറുകയോ ചെയ്യുമ്പോള്‍ തെര്‍മോ ഡൈനാമിക്സിലെ ലോ പോലെ വല്ലപ്പോഴും ഉണ്ടാകുന്ന ഓവര്‍ ഫ്ലോ മാത്രമാണ് എഴുത്തായി പുറത്തു വരുന്നത്. സാറ്റുറേറ്റഡ് ആയ ഒരു അവസ്ഥയില്‍ ഉള്ളില്‍ നിറയേ കവിത ഉണ്ടായാലും പുറത്തേക്കു ഒരു വരി പോലും വന്നുകൊള്ളണമെന്നില്ല. അതില്‍ നിരാശപ്പെടേണ്ട ഒരു കാര്യവുമില്ല.

? തമിഴ് കവിതകളോട് ഒരു പ്രത്യേക താല്പര്യം ഉണ്ടെന്നു താങ്കളുടെ കവിതകള്‍ സൂചിപ്പിക്കുന്നു..അതിനെപ്പറ്റി..?
തമിഴ് കവിതയോടല്ല തമിഴ് എന്ന മഹത്തായ സംസ്കാരത്തോടാണ് എക്കാലത്തും എന്റെ ഒബ്സെഷന്‍. സ്കൂള്‍ കാലത്ത് പ്രത്യേകിച്ച് പഠനമൊന്നും കൂടാതെ തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനും തുടങ്ങിയവനാണ്‌ ഞാന്‍.. എന്നോ എന്റെ ഉള്ളില്‍ ബാക്കിയായത്തിന്റെ തുടര്‍ച്ചകളായിരുന്നു അതെല്ലാം . ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളിലൂടെ അലഞ്ഞു നടക്കുമ്പോള്‍ കിട്ടുന്ന സ്വാസ്ഥ്യം അപാരമാണ്. അത് വച്ച് നോക്കുമ്പോള്‍ തമിഴിലെ കവിതകള്‍ അത്രക്കൊന്നും മികച്ചവ യാണെന്ന് തോന്നിയിട്ടില്ല.

? 'തകര' എന്ന മാഗസിന്‍ പ്രസിധീകരിച്ച്ചിരുന്നല്ലോ..എന്തുകൊണ്ടാന്‍ അത് പാതിവഴിയില്‍ നിന്നത്..??
''വേനല്‍ത്തീയില്‍ കരിയാനുള്ളത്"" എന്നായിരുന്നു 'തകര' എന്നതിന് താഴെ എഴുതിയിരുന്ന ഉപശീര്‍ഷകം. അപ്പോള്‍ പിന്നെ അത് കരിഞ്ഞല്ലേ മതിയാവൂ.. എനിക്ക് തോന്നുമ്പോള്‍ മാത്രം ഇറക്കിയിരുന്നത് കൊണ്ടു "തോന്നിക" എന്നായിരുന്നു വിശേഷണം, പ്രത്യേകിച്ചൊരു തൊഴിലും കൂലിയും ഇല്ലാതിരുന്ന കാലത്ത് അത് ഇറക്കാന്‍ പ്രത്യേകിച്ചൊരു പ്രതിസന്ധിയും തോന്നിയിരുന്നില്ല. എന്നാല്‍ ഭേദപ്പെട്ട ശമ്പളമുള്ള ഇക്കാലത്ത് എനിക്കത് പുന: പ്രസിദ്ധീകരിച്ചു തുടങ്ങാനാവുമെന്നു തോന്നുന്നില്ല. കവിതയെന്നും മറ്റും പേരില്‍ അയച്ചു കിട്ടുന്ന മാരണങ്ങള്‍ വായിച്ചുള്ള ഡിപ്രെഷന്‍ താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ് എന്നത് തന്നെ കാരണം.

? തികച്ചും വ്യത്യസ്തമായ ശൈലിയാണല്ലോ കവിതകളില്‍ ഉപയോഗിക്കുന്നത്...ഇത് മനപ്പൂര്‍വമാണോ അതോ സ്വാഭാവികമായി വരുന്നതാണോ..?
മറ്റൊരാളെ പോലെ ഞാനോ , എന്നെപ്പോല്‍ മറ്റൊരാളോ എഴുതുകയോ (ജീവിക്കുകയോ) ചെയ്തു കഴിഞ്ഞാല്‍ എനിക്ക് പിന്നെ റോളില്ല എന്ന് നേരത്തെ തന്നെ സൂചിപ്പിച്ചല്ലോ.. ഉപയോഗിച്ച് തേഞ്ഞു പഴകിയിട്ടില്ലാത്ത ആശയമോ,രാഷ്ട്രീയമോ, വരികളോ, വാക്കുകളെങ്കിലുമോ എന്റെ കവിതയില്‍ ഉണ്ടാവണമെന്നു നിര്‍ബന്ധമുണ്ടെനിക്ക്.. അത് മന: പൂര്‍വമോന്നുമല്ല. അനുനിമിഷം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍ കവികള്‍ക്ക് മാത്രമെങ്ങനെ നിയാണ്ടര്‍താല്‍ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ ഉണ്ടാവുമെന്ന് മനസിലാവുന്നില്ല. വൈലോപ്പിള്ളിയിലേക്കും ഇടശ്ശേരിയിലേക്കും നേരിട്ട് ലിങ്ക് കൊടുത്താല്‍ കയ്യടി ധാരാളം കിട്ടും.. കാരണം പ്രൈമറി പഠ പുസ്തകങ്ങളില്‍ വച്ച് കവിത വായന നിര്‍ത്തിയവരാണ് കവിത ആസ്വാദകരെന്നു മേനി നടിക്കുന്നവരില്‍ 85 ശതമാനവും.. അവരുടെ കയ്യടി കിട്ടി എനിക്ക് മഹാരഥനാവണ്ട.. കാലഹരണപ്പെട്ടവനെന്നു സ്വയം തോന്നിത്തുടങ്ങുന്ന നിമിഷം മറ്റാരുടെയും സഹായം കൂടാതെ തന്നെ ഞാന്‍ മടി കൂടാതെ മനോരോഗ വിദഗ്ദ്ധന്റെ അടുക്കലേക്കു പോകും.. ജീവിതത്തിന്റെ മറ്റേതൊരു ഏരിയയിലും കാലം തെറ്റിയോടുന്നവനെ അങ്ങോട്ട്‌ കൊണ്ടു പോവുകയാണല്ലോ പതിവ്... !


കാലം മാറ്റിമറിച്ച ചിന്താസങ്കല്പങ്ങളുമായി യാത്ര തുടങ്ങിയ ശൈലനെ ഏകാന്തതയുടെ വിലക്കപ്പെട്ട തടവിലാക്കി മാറ്റാന്‍ ആരെങ്കിലും ബോധപൂര്‍ വമായി ശ്രമിക്കുന്നുണ്ടോ... സംസാരിക്കുമ്പോള്‍ വാക്കുകളിലെങ്ങോ ആ ഏകാന്തതയുടെ ചീളുകള്‍ കുത്തിത്തറയ്ക്കുന്നുണ്ടോ എന്നു തോന്നി. വെറും തോന്നലായേക്കാം. പ്രത്യാശയുടെ പുതുനാമ്പുകള്‍ പുതുവര്‍ഷത്തിലേകിക്കൊണ്ട് ഗുണ്ടാത്മകനായ ആ കവിയുടെ അരികില്‍ നിന്ന് വരുമ്പോള്‍ മനസ്സിലെവിടെയോ താമ്രപര്‍ണിയുടെ കുത്തൊഴുക്കിന്റെ ശബ്ദങ്ങള്‍. ജീവിച്ച് കൊതിതീര്‍ന്ന ഒരാത്മാവിന്റെ തീരാത്ത അടക്കം പറച്ചിലുകള്‍. ഒരു നിമിഷത്തേക്ക് ഞാനോര്‍ത്തു. താമ്രപര്‍ണിയുടെ സാഗര സംഗമം തടയാനെനിക്കാവില്ലല്ലോ...!!

23 വായന:

എസ്‌.കലേഷ്‌ said...

styaln
interview
salam syalan

സജി said...

ഇത്രയും മനോഹരമായ ഒരു അഭിമുഖം ഞാന്‍ ഇതിനു മുന്‍പ് വായിച്ചിട്ടില്ല

kichu / കിച്ചു said...

വളരെ മനോഹരം. ചോദ്യങ്ങളും ഉത്തരങ്ങളും. ഇങ്ങോട്ട് ആനയിച്ച അച്ചായനും നന്ദി.

ശ്രീകുമാര്‍ കരിയാട്‌ said...

ACTUALLY THIS IS A FANTASTIC INTERCOURSE , EVENTHOUGH NOT A SEXUAL ACT.
SHYLAN,
I LOVE YOU BRAVE POSTURE.
BHARANAKOOODAM THUNI AZHIKKUNNATH VARE VIPPLAVAM THUDARATTE .
NINTE KARANATHUM MUTHUKATHUM NJAAANITHA UMMA VEKKUNNU , PATHUKKANE PODUNNANE....

ശ്രീകുമാര്‍ കരിയാട്‌ said...

I LOVE YOUR ENNAAANU GRAMMER SHERIYAAAYA PRAYOGAM, SORRY FOR THE MISTAKE.

നിരക്ഷരൻ said...

അഭിമുഖം വളരെ നന്ന്. പക്ഷെ ഫോണ്ട് സൈസ് വായനാസുഖം കുറയ്ക്കുന്നു.

വിനീത് നായര്‍ said...

#നിരക്ഷരന്‍:

മീര ഫോണ്ടാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ബ്ലോഗിന്റെ ഇടതു വശത്തുള്ള ലിങ്കില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്യാമല്ലോ..!!

നിരക്ഷരൻ said...

വിനൂ - ഞാന്‍ പറഞ്ഞത് ഫോണ്ടിന്റെ സൈസിനെപ്പറ്റിയാണ് . വല്ലാത്ത വലിപ്പക്കൂടുതല്‍ കാരണം അടുത്തടുത്ത വരികളിലുള്ള അക്ഷരങ്ങള്‍ ഓവര്‍ലാപ്പ് ചെയ്യുന്നതുപോലെയും മുട്ടിമുട്ടി നില്‍ക്കുന്നതുപോലെയും കാരണം വായനാ സുഖം കുറയുന്നു എന്നാണ് ഉദ്ദേശിച്ചത്. ഫോണ്ട് സൈസ് ഒന്ന് കുറച്ചാല്‍ മതി.

വിനീത് നായര്‍ said...

#നിരക്ഷരന്‍:
നിര്‍ദ്ദേശത്തിനു നന്ദി..!!
ഉടനെത്തന്നെ മാറ്റാം..!

naakila said...

ശൈലന്‍ വായിക്കപ്പെടുന്നു
അഭിമുഖീകരിക്കപ്പെടുന്നു

വാക്കുകളില്‍ സത്യസന്ധതയും
മനസ്സില്‍ നിഷ്കളങ്കതയും
പെരുമാറ്റത്തില്‍ സ്നേഹവുമുളളവന്‍

ശൈലന്‍ വ്യത്യസ്തനാവുന്നത് ഇങ്ങനെയാവാം
കപടതകളില്ലാതെ

നാട്ടുകാരന്‍ said...

ഒരു നിഷ്കളങ്കതയും അല്പം ആത്മാര്‍ഥതയും ഇവിടെ ഫീല്‍ ചെയ്യുന്നു. അതുകൊണ്ടുത്ന്നെ ഇത് മറ്റുള്ളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. അഭിനന്ന്ദനങ്ങള്‍ :)

ഏറുമാടം മാസിക said...

orumma tharate

Vineeth Rajan said...

#പി എ അനിഷ്,നാട്ടുകാരന്‍,പുതു കവിത

പ്രതികരണങ്ങള്‍ക്ക് നന്ദി...!

manoj said...

ഇതാണു........... അത്.

കവിതയിലേക്ക് ശൈലന്‍ നമ്മളെ വലിച്ചെറിയുന്നു.

അഭിനന്ദനം എന്നു പറഞ്ഞാല്‍ ആ ഗുണ്ടസഖാവിനു അത് ഇഷ്ടാവില്ല..
അതിനാല്‍ മോന്തക്കൊരു മുട്ടന്‍ ഇടി തരുന്നു....:)

ഷിനോജേക്കബ് കൂറ്റനാട് said...

നന്നായിട്ടുണ്ട്, കൂറ്റനാട് വരുംപോള്‍ കാണാം... എളവാതില്‍ക്കല്‍ പരിസരത്ത് അന്വേഷിച്ചാല്‍ മതി

Kuzhur Wilson said...

ശബരിമലയ്ക്ക് ഒരുമിച്ച് പോകാമെന്ന് ഞാന്‍ പറഞ്ഞു.
ഇല്ലെടാ എപ്പോഴാ നോമ്പ് മുറിയുന്നേ എന്ന് പറയാന്‍ കഴിയില്ല എന്നവന്‍
അത് കൂടിയാണ് ശൈലന്‍.

അമ്മ പോയ ശൈലനാണ് എന്റെ ഓര്‍മ്മയില്‍
സലാം

രഗില സജി said...

stylan

ഷാജി അമ്പലത്ത് said...

ഇത് താന്‍ടാ കവി
വിനു ചോദ്യങ്ങളും മറുപടിയും വളച്ചു കെട്ടില്ലാതെ
നന്നായി അല്ല ഗംഭീരമായി
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്

Anonymous said...

kalakkan!!!!!!!!!!!!!!!

നൗഷാദ് കിളിമാനൂര്‍ said...

valare nalla abhimukham... shylante ekanthathayum, vedanayum ennilekkum pakarnno ennoru samshayam...

sumi said...

so different..and thats what u are..!!!

jayan said...

ശൈലാ... നിന്റെ കവിതയേക്കാളും വലിയ കവിതയാണ്‌ നിന്റെ ഉള്ളിലുള്ള ലോകമെന്ന്‌(ധൈര്യം, തന്റേടം-ഉറച്ച നിലപാട്‌) ഈ അഭിമുഖം കാട്ടിത്തന്നു....കവിതയെഴുത്ത്‌ നിര്‍ത്തി ആ ലോകം ഇപ്പോഴും ഉള്ളില്‍ കൊണ്ടുനടക്കുന്ന എനിക്ക്‌ നീയുമായി വേണ്ടത്ര ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ വല്ലാത്ത ഖേദം...

വെള്ളരി പ്രാവ് said...

"അതിരുകള്‍ ഭേദിക്കുന്ന
ആണത്തത്തിന്റെ ആത്മവിശ്വാസം.
കാലഘട്ടത്തിനു ഒരു കാതം മുന്‍പേ നടക്കുന്ന
കവിക്ക്" ആശംസകള്‍....

Post a Comment

© moonnaamidam.blogspot.com