ഒരു കൃതി കവിയെ അട്ടിമറിക്കുന്നു

'

ചിലരുടെ ഭാഷയ്ക്ക് അതിന്റേതായ നിയമങ്ങളായിരിക്കും' എന്ന് പറഞ്ഞിട്ടുള്ളത് റഷ്യന്‍ ഫോര്‍മലിസ്റ്റായ റോമന്‍ യാക്കോബ്സണാണ്. ആ പ്രസ്താവനയെ ഞാനിവിടെ കടമെടുക്കുന്നു. നൊസ്റ്റാള്‍ജിയകളും, പുഴകളും, പൂക്കളും, പൂന്തേനരുവിയും വിരുന്നൊരുക്കുന്ന ഒരു പുസ്തകത്തെ കുറിച്ച് പറയാനല്ല ഞാന്‍ യാക്കോബ്സണെ ഉദ്ധരിച്ചത്. ഭാഷയുടെ സ്വേച്ഛാപരത കൊണ്ട് യാഥാര്‍ത്ഥ്യത്തെ പിടിച്ചെടുത്ത് പ്രാതിഭാസികലോകത്തിലെ വ്യത്യസ്തഭാവങ്ങളെ വ്യത്യസ്ത തരത്തില്‍ ഫ്രെയിം ചെയ്തുവച്ച ചില കവിതകളോട് ചേര്‍ത്ത് വായിക്കാനാണ്.

സമകാലിക മലയാളകവിതയെ നിരീക്ഷിച്ചാല്‍ നമുക്ക് ഒരുപാട് കൊള്ളിയാനുകളെ കാണാനാവും. ആളിക്കത്തി, കാറ്റില്‍ പടര്‍ന്ന്, ഒടുക്കം കെട്ടടങ്ങിപ്പോയ കുറെ കാവ്യജന്മങ്ങള്‍. അടയാളപ്പെടുത്തലുകളോ, മുഴക്കങ്ങളോ ഇല്ലാതെ, ഭാഷണചിഹ്നങ്ങളെ കവിതയിലേക്കിറക്കിക്കൊണ്ട് വന്ന് അവര്‍ ചില പുതുമകള്‍ ആവിഷ്കരിച്ചു. എന്നാല്‍, വരേണ്യേതയുടെ ചൂലുകെട്ടുകള്‍ക്കിടയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചിതലുകളെ, അവരുയര്‍ത്തിപ്പിടിച്ച കപടമായ കാവ്യഭാഷാവ്യവസ്ഥിതികളെ വെല്ലുവിളിക്കാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിനിടയിലും ജീവിതത്തെ വര്‍ത്തമാനകാലത്തില്‍ നിന്ന് വേര്‍പെടുത്തി അവയെ സൗന്ദര്യസംജ്ഞയാക്കുന്ന ഒരു രീതി ചില കവികളെങ്കിലും പിന്തുടര്‍ന്നു. അവര്‍ മാറ്റത്തിന്റെ മറ്റൊരൊഴുക്ക് ഇവിടെ സാധ്യമാണെന്ന് അവരുടെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.

ഇതൊരു ഗ്രഹപ്പകര്‍ച്ചയുടെ കാലമാണ്. ചങ്ങലകളാല്‍ കൊരുത്തിടാനോ, ചിറകിനടിയി സുരക്ഷിതനായി നിലകൊള്ളാനോ ഇഷ്ടപ്പെടാത്ത പുതിയകാലം. ജീവിക്കുന്നെങ്കില്‍ ആണായി, അന്തസ്സോടെ, സ്വന്തം കാലില്‍ ജീവിക്കും എന്ന് പറയുന്നവന്റെ കാലം. ആ നിലപാടുകള്‍ അവന്റെ രചനകളിലേക്ക് കടന്നുവരുക എന്നത് സ്വാഭാവികം മാത്രം. അതുകൊണ്ട് തന്നെ വേരുണങ്ങിയ വന്മരങ്ങളെ വെട്ടിയരിഞ്ഞ്, സ്വന്തം വയലില്‍ അവന്‍ ഉത്പാദിപ്പിച്ച വിത്തുകള്‍ വിളയിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ആത്മസമര്‍പ്പണത്തിന്റേതാണെന്ന് തിരിച്ചറിയാന്‍ ചോംസ്കിയന്‍ ഭാഷാശാസ്ത്രം പഠിച്ചിറങ്ങിയ ഗവേഷണവിദ്യാര്‍ത്ഥിയൊന്നും ആവേണ്ട കാര്യമില്ല.

നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാവ്യഭാഷയെ അപനിര്‍മ്മിക്കുക വഴി ശൈലന്‍ എഴുതിയ ദെജാവൂ എന്ന കവിതാസമാഹാരം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അസ്തിത്വത്തെയും യാഥാര്‍ത്ഥ്യങ്ങളെയും തന്റെ കവിതകലിലൂടെ ശൈലന്‍ ചോദ്യം ചെയ്യുന്നു. രൂപഭംഗിയേക്കാളേറെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ശ്രദ്ധിക്കുകയും, ആ വിഷയങ്ങളെല്ലാം തന്നെ വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളുടെ സാമൂഹികമായ മൂല്യനിര്‍ണ്ണയങ്ങളായി മാറുകയുമാണ് ഇവിടെ. സുതാര്യം, രാമേശ്വരം, റ്റ്ഃആപനിലയം തുടങ്ങിയ കവിതകള്‍ ഈ നിരീക്ഷണങ്ങളെ അടിവരയിടുന്നവയാണ്.

ക്രാങ്ക്വെയ്റ്റ് കൂടിയ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ സൈലന്‍സറുകള്‍ പുറന്തള്ളുന്ന ശബ്ദം പോലെയാണ് ശൈലന്റെ കവിതകള്‍. ആവേഗങ്ങളുടെ നിമ്ന്നോന്നതികള്‍ക്ക് അങ്ങനെ ഏറ്റക്കുറച്ചിലുകളുണ്ടാവില്ല. സ്വസ്ഥം, ശാന്തം. പക്ഷേ, കവിതയുടെ ടോട്ടാലിറ്റിയില്‍ ഒരു പരുക്കന്‍ സ്വഭാവം. എളുപ്പം പിടികൊടുക്കാനിഷ്ടപ്പെടാത്ത പഴയ സിനിമകളിലെ കൊമ്പന്‍ മീശക്കാരനായ ടി.ജി.രവിയുടെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍.

മുതലാളിത്ത ഉത്പാദനക്രമത്തിലെ സംസ്കാരം,പരസ്യം,വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ മാനവികതയുടെ ബന്ധങ്ങള്‍ക്ക് പകരം അപമാനവീകരിക്കപ്പെട്ട ഉപഭോഗബന്ധങ്ങളുടെ തരംഗങ്ങളായി മാറുന്നതിനെ പറ്റി കവി ബോധവാനാണ്. ബ്ലൂടൂത്ത്, ലൂസുപ്പെണ്ണേ എന്നീ കവിതകള്‍ പുതുകാലത്തെ സന്ദേഹങ്ങളെ ശരിവച്ചു കൊടുക്കുന്നതോടൊപ്പം ചില യാഥാര്‍ത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്.

പൊതുശീലത്തില്‍ നടത്തുന്ന വിപരീതക്രമങ്ങള്‍ കൊണ്ട് ശൈലന്റെ കവിതകള്‍ വായനക്കാരനെ ആകര്‍ഷിക്കുമെങ്കിലും, സ്വയം സൃഷ്ടിച്ചെടുത്ത ഭാഷാരീതിയും, വാക്കും അര്‍ത്ഥവും തമ്മിലുള്ള നേര്‍ബന്ധങ്ങളെ ഭേദിക്കുന്ന ക്രമീകരണരീതിയും കാലം മാറി വന്ന വായനക്കാരെ പരിഭ്രമിപ്പിക്കുമെന്നത് തീര്‍ച്ച. അതുകൊണ്ട് തന്നെയാണ് ഒരേസമയം 'ബലേ ഭേഷ്' കേട്ട കവിതകള്‍ക്ക് പരിഹാസ്യരാവേണ്ടി വരികയും ചെയ്യുന്നത്.

സമകാലികതയില്‍ കവി രോഗബാധിതനായി മാറുകയും, കവിതയിലൂടെ അയാള്‍ സ്വയം ചികിത്സ തേടുകയുമാണ്. ആ ചികിത്സയില്‍ അയാള്‍ ഉപയോഗിക്കുന്ന ശരീരഭാഷ തീര്‍ത്തും നഗ്നമാണ്. അവിടെ യാഥാസ്ഥിതികനായ ഒരാളുടെ ശരീരത്തിന്റെ ഭാഷയെയല്ല ഞാന്‍ കാണുന്നത്. യുക്തിയിലേക്ക് വിവര്‍ത്തനം ചെയ്തുവച്ച ഏകരൂപങ്ങളായ അനുഭവങ്ങളാണവ. ഓടുമ്പോള്‍ കാലിടറി വീണ് മുട്ട് ചിന്തേരിടുമോ എന്ന ഭീതിയോടെ ഒഴിഞ്ഞുമാറുന്നവരിലേക്ക് ഒരിക്കലും ഈ ഭാഷ കടന്നുചെല്ലുകയില്ല.

'ദേജാവൂ' അട്ടിമറിയുടെ കവിതാസമാഹാരമാണ്. വിചിത്രമായ ചില വിരുദ്ധോക്തികള്‍ ഇതില്‍ ഉടലെടുത്തിരിക്കുന്നു. വായനക്കാരന്റെ പല കാഴ്ചകളും ഇവിടെ കീഴ്മേല്‍ മറിയുന്നു. സങ്കല്പങ്ങളെ/സ്വപ്നങ്ങളെ അട്ടിമറിക്കുന്ന എന്തിനേയും മലയാളി ഭയന്നിട്ടുണ്ട്. ആ ഭയം ഈ പുസ്തകത്തിലൂടെയും നമുക്ക് അനുഭവിക്കാം. മലയാളിയുടേത് സദാചാരചിന്തകളുള്ള ഒരു സങ്കുചിത മനസ്സാണ്. ആ മനസ്സിനെ അട്ടിമറിക്കാന്‍ ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ല. എന്നാല്‍ ആ വിപ്ലവത്തിനുള്ള ശേഷി ഈ കവിതകള്‍ക്കില്ലെന്നത് സത്യമാണെങ്കിലും, മലയാളിയുടെ സ്ഥിരഭാവനകളുടെ ചില ഖണ്ഡങ്ങളെയെങ്കിലും തകിടം മറിച്ചിടാന്‍ ഈ സമാഹാരത്തിലെ ഒറ്റപ്പെട്ട ചില കവിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എഴുതപ്പെട്ട സാക്ഷ്യങ്ങളുടെ അപനിര്‍മ്മാണവും പുനര്‍നിര്‍മ്മാണവും കവി നടത്തുമ്പോള്‍ അയാളുടെ ജനുസ്സിനെ ആ പ്രക്രിയ കവിതയില്‍ അടയാളപ്പെടുത്തി വയ്ക്കുന്നുണ്ട്. വാക്കുകളുടെ പ്രയോഗം ധാരണകളുടെ സ്ഥിരതയെ ഇല്ലാതാക്കി മാറ്റുകയും, മൂര്‍ത്തമായ സാമൂഹ്യഭാഷകളുടെ കഠിനവൈവിധ്യങ്ങളിലൂടെ വിനയം നിഷേധിക്കുകയാണെന്ന് തോന്നിക്കും വിധം താന്തോന്നിയുടെ ഒരു ഭാഷ കവിതകളില്‍ പിറവിയെടുക്കുകയും ചെയ്യുമ്പോള്‍ ശൈലന്റെ കവിതകള്‍ വായനക്കാരനെ നിരോധിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ഭാഷാശീലത്തെ മയപ്പെടുത്താനോ, ലഘൂകരിക്കാനോ തുനിയാതെ കവിതയിലെ മാനുഷികാനുഭവത്തിന്റെ പദ്ധതികളാവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ് വീണ്ടും ചെയ്യുന്നതെങ്കില്‍, ഉറപ്പ് പറയാം, ഒരു ഘട്ടത്തിന് ശേഷം ഈ കവിയുടെ പേര് ചിലപ്പോള്‍ വെട്ടിമാറ്റപ്പെട്ടേക്കാം. വ്യവസ്ഥാപിതമായ ഒന്നിന്റെയും സാധ്യതകളെ ആരായാതെ തന്നിഷ്ടം കാണിക്കുന്ന രീതികളെ അവലംബിക്കാന്‍ അല്ലെങ്കിലും ഏത് ഭാഷാസ്നേഹിയാണ് ശ്രമിക്കുക?

സാദ്ധ്യമായ അര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള ഗഹനതയെ ഇല്ലാതാക്കുന്ന വ്യാഖ്യാനങ്ങള്‍ ഇപ്പോള്‍ പല കവിതകളിലും കണ്ടുവരുന്നുണ്ട്. കവിതയുടെ സൗന്ദര്യശാസ്ത്രത്തില്‍ മതിഭ്രമിച്ച് എഴുതിവരുന്ന ആ രീതിക്ക് ഒരു രഹസ്യസ്വഭാവവുമില്ല. ഒരു ഭാഷണത്തിന്റെ ലിഖിതരൂപം മാത്രമായി അത് ഒതുങ്ങിപ്പോവുന്നു. മേല്‍ത്തരം കവിതകള്‍ രണ്ട് തരത്തില്‍ എഴുതുക സാധ്യമാണ്. ഒന്ന്, എഴുത്തുകാരന് തന്റെ നിലപാടുകളെ വ്യക്തമായി എഴുതാം. മറ്റൊന്ന് ആശയങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും വേണ്ടി തന്റെ കവിതകളെ നിര്‍മ്മിക്കാം. ഇതില്‍ രണ്ടാമത്തെ രീതി എഴുത്തുകാരന്‍ അന്വേഷിച്ചു കണ്ടെത്തുന്ന ഒരു പ്രവണതയാണ്. ബുദ്ധിപരമായ സാഹസമാണത്. എന്നാല്‍ ഇതില്‍ ഒരു ചെറിയ പിഴവ് സംഭവിച്ചാല്‍ ആസ്വാദനം ഭാഗികമായിപ്പോവുകയും അതൊരു എഴുത്തുകാരന്റെ സിംബലാവാതെ ആന്റിസിംബലായി മാറുകയും ചെയ്യുന്നു. ശൈലന്‍ എന്ന കവി ശ്രദ്ധിക്കേണ്ടത് ഈയിടങ്ങളിലാണ്. പുതുകാലത്തിന്റെ പുതുവേരോട്ടങ്ങള്‍ക്കിടയില്‍ താന്‍ ഉപയോഗിക്കുന്ന പദാനുവിന്യാസങ്ങളും, ക്രമീകരണങ്ങളും വായനക്കാരനെക്കൂടി എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ശൈലന്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

പൊതുശീലത്തില്‍ നടത്തുന്ന വിപരീതക്രമങ്ങള്‍ കൊണ്ട് ശൈലന്റെ കവിതകള്‍ വായനക്കാരനെ ആകര്‍ഷിക്കുമെങ്കിലും, സ്വയം സൃഷ്ടിച്ചെടുത്ത ഭാഷാരീതിയും, വാക്കും അര്‍ത്ഥവും തമ്മിലുള്ള നേര്‍ബന്ധങ്ങളെ ഭേദിക്കുന്ന ക്രമീകരണരീതിയും കാലം മാറി വന്ന വായനക്കാരെ പരിഭ്രമിപ്പിക്കുമെന്നത് തീര്‍ച്ച. അതുകൊണ്ട് തന്നെയാണ് ഒരേസമയം 'ബലേ ഭേഷ്' കേട്ട കവിതകള്‍ക്ക് പരിഹാസ്യരാവേണ്ടി വരികയും ചെയ്യുന്നത്.

യുക്തിയ്ക്കും അയുക്തിയ്ക്കുമിടയിലെ ചിന്താപരമായ സന്ദിഗ്ദത തന്റെ കവിതയിലൂടെ പകര്‍ത്തുന്ന കവി, എഴുതാത്ത കവിത കൊടുത്തെന്ന കുറ്റത്തിന്/ ഏതോ നിരക്ഷരനായ കച്ചവടക്കാരന്‍/ കൊങ്ങയ്ക്ക് പിടിച്ച് തള്ളുമ്പോഴാണുണര്‍ന്നത് എന്ന് ഒരു കവിതയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആ സൂചന കവി സ്വയം കൊടുക്കേണ്ട ഒരു സൂചനയാണ്. സ്ഥാനശ്രേണികളുടെ മേലാളിത്തങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ മനുഷ്യന്റെ ശീലങ്ങളും പ്രതികരണങ്ങളുമെല്ലാം ക്രമീകരിക്കപ്പെടുന്ന ഒരവസ്ഥയുണ്ടല്ലോ, അതിനെപ്പറ്റി ചിലപ്പോഴെങ്കിലും കവി ജാഗരൂകനാവുന്നുണ്ട് എന്നാണ് ഈ വരികള്‍ നമ്മോട് പറയാതെ പറയുന്നത്.

(നിഷ്പക്ഷ)ബുദ്ധിജീവി, വയലന്‍സ്, മോട്ടോര്‍ സൈക്കിള്‍ ഡയറി എന്നീ കവിതകള്‍ ബാഹ്യമായ ഒരു സൗന്ദര്യത്തിനുമപ്പുറം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കൊളാഷ്-കമ്പ്രഷന്‍ ഇഫക്റ്റുകളിലൂടെ കടന്നുപോകുന്ന ഈ കവിതകള്‍ ഭൂരിപക്ഷജനതയുടെ കാലബോധത്തെ അടയാളപ്പെടുത്തുന്നു. പുരുഷനീതിയുടെ ബലിപീഠങ്ങളില്‍ ആത്മപീഢകളേറ്റു വാങ്ങുന്ന പ്രതീകങ്ങളും സ്വയം ത്യാഗമേറ്റുവാങ്ങേണ്ടി വന്നവരും ഒരാത്മോന്നതിയായി ഈ കവിതകളിലൂടെ കടന്നുവരുന്നു. ഇതിലും സംഭവിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. മേല്‍ത്തരം കവിതകളുടെ അകവും പുറവും തമ്മില്‍ ഒരു സംഘര്‍ഷം കവിതയ്ക്കുള്ളില്‍ സംഭവിക്കുന്നു. സ്വത്വവും അസ്തിത്വവും രണ്ടും രണ്ടായി നിലനില്‍ക്കുകയും ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രത്തിന്റെ അപഗ്രഥനങ്ങളായി അത് മാറുകയും ചെയ്യുന്നു.

വിരുദ്ധസ്വരങ്ങള്‍ പരസ്പരം മല്ലടിക്കുന്ന രചനകള്‍ കൊണ്ട് പുതിയ വായനാനുഭവങ്ങള്‍ ദേജാവൂ നല്‍കുന്നുണ്ട്. എന്നാല്‍ ഭാഷാപരമായ അതിക്രമങ്ങളോ പരീക്ഷണങ്ങളോ കൊണ്ട് പലതിനെയും പുറകോട്ടടിക്കുന്നുമുണ്ട്. അതുകൊണ്ടാണ് 'പാന്‍സ് ലാബ്റിന്ത്' എന്ന സിനിമ/ കണ്ടിട്ടുണ്ടല്ലോ നീ എന്ന്‍ കവിക്ക് ചോദിക്കേണ്ടി വരുന്നതും.

വായനയില്‍ ഭാഷയ്ക്ക് പുതിയൊരു റിഥം പ്രദാനം ചെയ്യാന്‍ കഴിഞ്ഞ ശൈലന് അത് ഓരോ ഭാവത്തെയും പ്രത്യേകം പ്രത്യേകം വായനക്കാരനെ അനുഭവിപ്പിക്കാന്‍ കഴിയുന്നുണ്ട്. ആ വൈകാരികതയുടെ വ്യഗ്രതയെ ഭാഷ കൈകാര്യം ചെയ്യുന്നതിന്റെ താളാത്മകതയാല്‍ എഴുത്തുകാരന്‍ സൂക്ഷിച്ചി വച്ചിരിക്കുന്നു. ഇതു തന്നെയാണ് ദെജാവൂ എന്ന കവിതാസമാഹാരത്തിന്റെ അമൂത്തമായ സൗന്ദര്യവും.

6 വായന:

ശ്രീകുമാര്‍ കരിയാട്‌ said...

ചങ്ങാടത്തില്‍ വന്നിറങ്ങി തിരിഞ്ഞുനിന്ന് കടലിനെ നോക്കി സമുദ്രമേ... എന്ന് അഭിസംബോധന ചെയ്യുന്ന ഒരു ജിപ്സി ഘടകം അവന്റെ കവിതകളില്‍ ഉണ്ട്. അതിന്റെ ഗ്രാമര്‍ മലയാളിയുടെ പതിവ് കാലാനുക്രമണിക ഭാഷണങ്ങളെ തോട്ടിലേക്ക് വലിച്ചെറിയുന്നു... എന്നിട്ട് അവ വളരെ തോട്ട്ഫുള്‍ ആയി പുഞ്ചിരിക്കുകയും ചെയ്യുന്നു

ശിവശങ്കരന്‍ എം said...

ശയിലന്റെ ദെജാവു കിട്ടിയില്ല.ആരാണാവോ പ്രസാധനം?അതുകൂടി സൂചിപ്പിച്ചാൽ നന്ന്.ആധുനികകവികളിൽ കാവ്യഭാഷയെ മനസ്സിരുത്തി പരിചരിച്ചിട്ടുള്ളത് ആറ്റൂർ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.ഏതായാലും ദെജാവു വായിക്കാൻ പ്രേരിപ്പിക്കുന്ന പരിചായകകുറിപ്പ്.

NIVIN THYKKANDI said...

ശൈലന്റെ ദേജാവു അന്വേഷിക്കുകയാണ്..
ഇവിടെ വ്യക്തിപരമായി എന്നെ സന്തോഷിപ്പിക്കുന്നത് വിനീതില്‍ നിന്നും ഇതുപോലൊരു ലേഖനം ഒരിടവേളയ്ക്കു ശേഷം വായിക്കാന്‍ കഴിഞ്ഞതാണ്..
കനപ്പെട്ട എഴുത്ത്.. ആശംസകള്‍..
:)

ശ്രീജിത്ത്‌വിടിനന്ദകുമാര്‍ said...

കുറച്ചു നീട്ടി എഴുതണമെന്നുണ്ട്. നല്ലൊരു തിരനോട്ടമായി, വിനീത്:) സെന്‍ ആന്‍ഡ്‌ ദി ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മേയിന്റ്റനന്‍സ് ആയി കണക്റ്റ് ചെയ്തു ഒന്നെഴുതാന്‍ തോന്നുന്നു.

commissar said...

ഇതിലെവിടെയാണെടോ വിമര്‍ശനം ?.കൊടും വിമര്‍ശനങ്ങള്‍ പോരട്ടേ...ശൈലനെ നമുക്ക് വളഞ്ഞിട്ട് കുത്താം.

T.U.ASOKAN said...

കൊല്ലുന്ന രാജാവിനു
തിന്നുന്ന മന്ത്രി.......!
പാവം കാവ്യാംഗന...
ഇവളും പീഡനം കൊണ്ട്‌
പൊറുതി മുട്ടുന്നവള്‍.....

Post a Comment

© moonnaamidam.blogspot.com