ഡല്‍ഹി ഒരു ഓര്‍മ്മപ്പെടുത്തലാണ്... വ്യവസ്ഥകളല്ല, വിപ്ലവങ്ങളാണ് ഭാവി എന്ന ഓര്‍മ്മപ്പെടുത്തല്‍




ഡിസംബര്‍ 16ന് രാത്രിയിലാണ് ഇന്ത്യുടെ തലസ്ഥാനനഗരിയില്‍ ആ പെണ്‍കുട്ടി ക്രൂരമായ പീഢനത്തിന് വിധേയയായത്. അതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഭരണകൂടം നിശിതമായി വിമര്‍ശിക്കപ്പെട്ടതും,ഡല്‍ഹിയുടെ തെരുവോരങ്ങള്‍ ഇന്ത്യന്‍ ജനതയുടെ രോഷാഗ്നിയാല്‍ പ്രക്ഷുബ്ധമായതും നാം കണ്ടു. ഇത്തരം ബലാത്സംഗക്കേസുകള്‍ മുന്‍പും ഇന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഡല്‍ഹി പീഡനം വ്യത്യസ്തമാവുന്നു എന്ന് എല്ലാവരും ചിന്തിക്കുന്നു. അതോടൊപ്പം തന്നെ നിലനില്‍ക്കുന്ന ഒരുപാട് വ്യവസ്ഥകളില്‍ ഈ സംഭവം പുനര്‍വിചിന്തനം ആവശ്യപ്പെടുകയും ചില വിഷയങ്ങളില്‍ ആശങ്കകളും ഒരുപോലെ പങ്കുവയ്ക്കുന്നുണ്ടെന്ന വസ്തുതയും നമുക്ക് കാണാതിരിക്കാനാവില്ല. കൂട്ടബലാത്സംഗങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു പുതിയ സംഭവമൊന്നുമല്ല. മണിപ്പൂരിലും ആസാമിലും ഇന്ത്യന്‍ സൈന്യം പോലും തദ്ദേശവാസികളായ സ്ത്രീകളെ കൂട്ടമാനഭമഗത്തിനിരയാക്കിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും സമൂഹത്തിന്റെ മുഖ്യധാരാഭാഗങ്ങളില്‍ നിന്ന് യാതൊരുവിധ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഉയര്‍ന്നിരുന്നില്ല. സോണി സൂറിയെന്ന അധ്യാപിക തനിക്ക് സംഭവിച്ച ദുരന്തത്തെപ്പറ്റി വെളിപ്പെടുത്തിയപ്പോഴും ഈ ഒരു പ്രതിഷേധത്തിന്റെ നൂറിലൊരംശം പോലും ആരും പ്രകടിപ്പിച്ചില്ല, അതുകൊണ്ട് തന്നെയാണ് അരുന്ധതിറോയിയെപ്പോലുള്ള ഒരു പ്രമുഖവ്യക്തി സ്തീപീഡനങ്ങളെപ്പോലും വര്‍ഗ്ഗവത്കരിക്കാന്‍ തുനിഞ്ഞതും. ഒരിക്കലും പറയരുതാത്ത ഒരു കാര്യമാണ് അവര്‍ പറഞ്ഞത് എങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലായിരുന്നു. ഡെല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിന്റെ ഓരോ കോണിലും പീഢനങ്ങള്‍ നടക്കുന്നുണ്ടെന്ന ഒരോര്‍മ്മപ്പെടുത്തല്‍. പക്ഷേ പറഞ്ഞ രീതിയും സാഹചര്യവുമെല്ലാം അവര്‍ക്ക് എതിരായി. മയങ്ങിക്കിടന്നിരുന്ന ഒരു ജനത ഉണര്‍ന്നപ്പോള്‍ അവര്‍ക്കുള്ള താരാട്ട് പോലെയാണ് അവരുടെ പ്രസ്താവന പുറത്ത് വന്നത്. അതുകൊണ്ട് തന്നെ അതിനെ മുഖവിലയ്ക്കെടുക്കാതെ ഇന്ത്യയിലെ യുവജനത മുന്നേറിയപ്പോള്‍ അവരുടെ വിശ്വാസസംഹിതയിലുണ്ടായിരുന്ന ഒരു സ്ഥാനമാണ് അരുന്ധതിക്ക് നഷ്ടമായത്.
പീഢനങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ അതിന് പ്രതിവിധികളെന്ത് എന്ന അന്വേഷണത്തിലാണ് എല്ലാവരും. മുസ്ലിം സംഘടനകള്‍ വസ്ത്രധാരണത്തെക്കുറിച്ച് വാചാലരാവുമ്പോള്‍ ഹിന്ദു സംഘടനകള്‍ സ്ത്രീയുടെ സ്വാതന്ത്രത്തെ ഹനിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പര്‍ദ്ദ ധരിച്ചാല്‍ പീഢനമുണ്ടാവില്ലെന്നും, ആണും പെണ്ണും തമ്മില്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കണമെന്നും പറയുമ്പോള്‍ നാം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒരു നവോത്ഥാനകാലത്തെയാണത് പുറകോട്ടടിക്കുന്നത്.
അരുന്ധതിയുടെ പ്രസ്താവന പോലെ ഒരു മധ്യവര്‍ഗ്ഗജനതയ്ക്ക് നേരെയുള്ള ആക്രമണമെന്ന നിലയില്ല ഡെല്‍ഹി ഇതിനോട് പ്രതികരിച്ചത്. ഏതൊരു മെട്രോ നഗരത്തെയും പോലെ അവരും നിസ്സംഗതയോടെയേ എന്തിനെയും നോക്കിയിരുന്നൂള്ളൂ. അവര്‍ക്ക് ഉയത്തിക്കാട്ടാന്‍ അത്രമേല്‍ സാമൂഹികപ്രതിബദ്ധതകളും ഉണ്ടായിരുന്നില്ല. തിരക്കില്‍ നിന്ന് തിരക്കിലേക്ക് നീങ്ങുന്നതിനിടയില്‍ പൊതുമണ്ഡലത്തില്‍, രാഷ്ട്രീയത്തില്‍ തുടങ്ങി എവിടെ എന്ത് സംഭവിച്ചാലും അതവരെ ബാധിക്കുമായിരുന്നില്ല. കേവലം ഒരു സ്വത്വബോധത്തില്‍ അഭിരമിച്ചുള്ള ഒരു ജീവിതം മാതമായിരുന്നു അവരുടേത്. എന്നാല്‍ തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീപീഢന പരമ്പഅകള്‍ അവരെ ഭയപ്പെടുത്തി എന്ന് വേണം പറയാന്‍. ഒരുപക്ഷേ നാളെ ഇത് തനിക്കും, തന്റെ പെങ്ങള്‍ക്കും, അമ്മയ്ക്കും ഭാര്യയ്ക്കും നേരെ ഉണ്ടായേക്കാം എന്ന ചിന്ത അവരില്‍ ഉണരുകയും, ആ ചിന്ത പകര്‍ന്ന പ്രതിഷേധസ്വരം അവര്‍ ഉയര്‍ത്തുകയുമാണ് ചെയ്തത്. ടുണീഷ്യയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ വാഹനം പിടിച്ചെടുത്തതില്‍ നിന്നാണ് അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ആ വിപ്ലവത്തെ പിന്നീട് ഓരോ രാജ്യങ്ങളിലേക്കും ഏറ്റു പിടിച്ചത് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളായിരുന്നു. അവരുടെ ഇടപെടലുകള്‍, പദ്ധതികള്‍ ആവിഷ്കരിക്കല്‍ തുടങ്ങിയവയെല്ലാം ഫേസ്ബുക്ക് വഴിയായിരുന്നു നടന്നിരുന്നത്. എഡിറ്റിങ്ങിന്റെയോ മറ്റോ ബുദ്ധിമുട്ടുകളില്ലാതെ തന്നെ വലിയ പ്രതികരണസാധ്യത തുറന്നുതരുന്ന ഇത്തരം മാധ്യമങ്ങളെ ഇന്ത്യയിലെ യുവാക്കള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെനും അവര്‍ക്ക് അതൊരു ചാറ്റ് റൂം പോലെയോ സൗഹൃദക്കൂട്ടായ്മ പോലെയോ മാത്രമേ ഉള്ളൂവെന്നുമുള്ള ഒരു സ്വകാര്യഏജന്‍സിയുടെ പഠനം വന്നതിന് പിന്നാലെയാണ് ഡല്‍ഹിയിലെ പ്രതിഷേധം ഫേസ്ബുക്ക് വഴിയാണ് ശക്തമായതെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതൊരു പ്രതീക്ഷയാണ്, അആഷ്ട്രീയമായി പോവുന്ന പുതിയതലമുറയെ കുറിച്ചുള്ള പ്രതീക്ഷ. ഓരോ സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കാന്‍, ധീരമായി ഇടപെടാന്‍ ഇതുപ്പൊലെ ഓരോരുത്തരും തയ്യാറായി മുന്നോട്ട് വന്നാല്‍ തന്നെ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുമെന്നതില്‍ തര്‍ക്കമില്ല. അതല്ലാതെ തന്നെ ബാധിക്കുന്നതല്ലെന്ന വിഷയത്താല്‍ ഇടപെടാതെ പോകുന്ന പോസ്റ്റ് മോഡേണ്‍ സംസ്കാരം അതിന്റെ രണ്ടാം ചാക്രികചലനത്തില്‍ തങ്ങളെക്കൂടി ബാധിക്കുമെന്ന തിരിച്ചറിവ് വരുമ്പോഴേക്കും നമുക്ക് പലതും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും. പീഢനങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ അതിന് പ്രതിവിധികളെന്ത് എന്ന അന്വേഷണത്തിലാണ് എല്ലാവരും. മുസ്ലിം സംഘടനകള്‍ വസ്ത്രധാരണത്തെക്കുറിച്ച് വാചാലരാവുമ്പോള്‍ ഹിന്ദു സംഘടനകള്‍ സ്ത്രീയുടെ സ്വാതന്ത്രത്തെ ഹനിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പര്‍ദ്ദ ധരിച്ചാല്‍ പീഢനമുണ്ടാവില്ലെന്നും, ആണും പെണ്ണും തമ്മില്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കണമെന്നും പറയുമ്പോള്‍ നാം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒരു നവോത്ഥാനകാലത്തെയാണത് പുറകോട്ടടിക്കുന്നത്. ക്രിസ്ത്യന്‍ മാനേജ്മേന്റിന്റെ ചില സ്ഥാപനങ്ങളില്‍ ഇനി പെണ്‍കുട്ടികള്‍ ടീഷര്‍ട്ട് ധരിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടത്രേ! അതുപോലെത്തന്നെയാണ് സ്ത്രീക്ക് ലക്ഷ്മണരേഖ കല്പിച്ചുകൊടുക്കണമെന്ന് വാദിക്കുന്നതും. മനുസ്മൃതിപകാരം "പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർധ്ക്യേ, ന സ്ത്രീ സ്വാതന്ത്രമർഹതി" എന്ന രീതിയില്‍ ചിന്തിച്ചാണോ ചില സംഘടനകള്‍ പ്രസ്താവനയിറക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നിപ്പോകുമ്പോള്‍ ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ഇതേ മനുസ്മൃതിയില്‍ തന്നെയുള്ള മറ്റൊരു ശ്ലോമാണിത് "യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ". അതായത് എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതമാര്‍ രമിക്കുന്നു. സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന ബഹുമാനം കൊടുത്താല്‍ മാത്രമേ പീഢനം അവസാനിക്കൂവെന്ന് ഇതില്‍ നിന്ന് വ്യക്തം. അത് മാത്രമേ സാധ്യമാവുകയുമുള്ളൂ. എങ്കില്‍ പിന്നെ പുരോഗമനത്തെ റദ്ദ് ചെയ്യുന്നതരത്തിലുള്ള പ്രസ്താവനകള്‍ എന്തിനാണിവര്‍ പുറത്തിറക്കുന്നത് എന്ന് ചോദിച്ചാല്‍ ആ കാര്യങ്ങളും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. എല്ലാ മത സങ്കുചിത വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെയും പുരോഗമന ചിന്ത ഇത്രയൊക്കെയേ ഉള്ളൂ. മതത്തിന്റെ പേരില്‍ സ്ത്രീകളെ തളച്ചിട്ട് അവരെ കൂടുതല്‍ മതത്തോട് അടുപ്പിക്കുക എന്ന പരോക്ഷമായ ലക്ഷ്യങ്ങള്‍ മാത്രമാണ് ഇതിന് പുറകില്‍. രാഷ്ട്രീയമായ ഇത്തരം ശൂന്യതകളില്‍ ഇരുന്നല്ല നാം ഈ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകേണ്ടത്. പുരോഗമനപരമായ ചിന്തയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തലമുറയെക്കൂടി ഉള്‍പെടുത്തിവേണം ഇത്തരം സംവാദങ്ങള്‍ ശക്തിപ്പെടുത്താന്‍. തന്നെ ഒന്ന് തൊട്ടാലോ, തോണ്ടിയാലോ പ്രതികരിക്കാതെ നടന്നുനീങ്ങുന്ന എത്രയോ പെണ്‍കുട്ടികള്‍ നമുക്ക് മുന്നിലുണ്ട്. ആ പ്രതികരണമില്ലായ്മയെ ആണ് ഓരോ പെണ്‍കുട്ടിയും ചോദ്യം ചെയ്യേണ്ടത്. ഡല്‍ഹി സംഭവത്തിന് ശേഷം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസിനെ കളിയാക്കി ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റ് നിങ്ങളെല്ലാവരും ശ്രദ്ധിച്ചുകാണും. സ്ത്രീകളെ കുറിച്ചുള്ള പ്രശ്നത്തില്‍ സംസാരിക്കാന്‍ വരുമ്പോഴെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടെ എന്നും മറ്റും ചോദിച്ച് അവരെ അധിക്ഷേപിക്കുന്നതായിരുന്നു ആ പോസ്റ്റുകള്‍. എന്തൊക്കെ നിങ്ങള്‍ പറഞ്ഞാലും അവരോടെനിക്ക് ബഹുമാനമാന്. കാരണം തന്റെ സമ്മതം കൂടാതെ തന്റെ ശരീരത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളുകളെ പരസ്യമായി പിടികൂടി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച രഞ്ജിനിയെപ്പോലെ ഇവിടെയുള്ള പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ പിന്നെ ആരും അത്ര പെട്ടെന്നൊന്നും ഒരു പെണ്ണിനെ കയറിപ്പിടീക്കാന്‍ ധൈര്യപ്പെടില്ല. സ്ത്രീപീഢനത്തിന്റെ കാരണങ്ങളെ ചികയുമ്പോള്‍ ആദ്യം തുടങ്ങേണ്ടത് കുടുംബവ്യവസ്ഥയുടെ അധികാരകേന്ദ്രങ്ങളില്‍ നിന്നാണ്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ അക്രമമുണ്ടാവുമെന്ന സാമാന്യവത്കരണത്തെ നാം ആട്ടിപ്പായിക്കേണ്ടത് നമ്മുടെ കുടുംബഘടനയില്‍ നിന്നായിരിക്കണം. നമ്മുടെ വീട്ടിലെ സഹോദരീ സഹോദരന്മാരായ കുട്ടികള്‍ക്കിടയില്‍ നാം തന്നെ നിര്‍മ്മിച്ചെടുക്കുന്ന ഒരു വലിയ വേര്‍തിരിവുണ്ട്; ആണ്‍കുട്ടിക്ക് ഒരു കളിപ്പാട്ടമോ അല്ലെങ്കില്‍ അവന്‍ വാശി പിടിക്കുന്ന മറ്റെന്തെങ്കിലുമോ ലഭിക്കുന്നത് വിട്ടിലെ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്താണ്. അവന് വീട്ടില്‍ ലഭ്യമാകുന്നതിന്റെ 50% പോലും സ്വന്തം വീട്ടില്‍ അവള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ തന്റേതാണ് ഈ സമൂഹമെന്നും സ്തീകള്‍ തനിക്ക് താഴെ നില്‍ക്കേണ്ടവരാണ് എന്നുമുള്ള ഒരു ബോധം ആണ്‍കുട്ടികളില്‍ ഇതുമൂലം ഉടലെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ തിരുത്തലുകള്‍ ആരംഭിക്കേണ്ടത് ഇവിടെ നിന്നാണ്. അതിന് നാം തയ്യാറാവാത്തിടത്തോളം കാലം നിലനിന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടാതിരിക്കുകയും പീഢനപരമ്പരകള്‍ തുടരുകയും ചെയ്യും. എന്തായാലും ഡല്‍ഹി നമ്മളെ ചിലതൊക്കെ ഓര്‍മ്മപ്പെറ്റുത്തുന്നുണ്ട്. വ്യവസ്ഥകളല്ല, വിപ്ലവങ്ങളാണ് ഭാവി എന്നൊരു സൂചനയും അത് നല്‍കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ ഇന്ത്യന്‍ യുവത ഡല്‍ഹിയുടെ തെരുവോരങ്ങളിലൂടെ റൈസിന കുന്നിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ഭയപ്പെട്ട ഭരണകൂടം നിശബ്ദരാവുകയാണ് ചെയ്തത്. ആ ഭയം കൊണ്ടാണല്ലോ പ്രതിഷേധക്കാര്‍ അവര്‍ക്ക് 'ചായം തേച്ച പെണ്‍കുട്ടികളാ'യതും. എന്തായാലും ഈ ഇരയില്‍ പിടിച്ച് തൂങ്ങി ജനങ്ങളെ പിന്നോട്ടടിക്കാന്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കണ്ണും കാതും തുറന്ന് ഉണര്‍ന്നിരിക്കട്ടെ. അതിനവരെ കിട്ടില്ലെന്ന് ഡല്‍ഹിയിലുയര്‍ന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും പറയുന്നുണ്ടെങ്കിലും ഇനിയുള്ള ലോകം അവരിലാണെന്ന് അവര്‍ പ്രതീക്ഷിക്കട്ടെ.

മുംബൈ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ചത്

0 വായന:

Post a Comment

© moonnaamidam.blogspot.com