ഞാന്‍ ഒറ്റയായ് പോകുന്നതെങ്ങിനെ?




വ്യക്തിരാഷ്ട്രീയത്തിന്റെയും,ഗ്രാമീണതയുടെയും അതിനേക്കാളേറെ സ്വാനുഭവങ്ങളുടെയും ഒരു കാവ്യാന്തരീക്ഷത്തെയാണ് 'മരിച്ചവര്‍ കൊണ്ടുപോകുന്നത്' എന്ന ഈ കവിതാസമാഹാരത്തിലൂടെ മനോജ് മേനോന്‍ പ്രതിനിധാനം ചെയ്യുന്നത്. കവിതയുടെ ക്രാഫ്റ്റിനെക്കുറിച്ചും പ്ലോട്ടിനെക്കുറിച്ചുമെല്ലാം കവി വേവലാതിപ്പെടുന്നുണ്ട് എന്ന് ചില കവിതകള്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അവയ്ക്ക് നടുവില്‍ ഒട്ടും പതറാതെ അനന്യമായ ആത്മസ്ഥൈര്യത്തോടെയാണ് ഈ സമാഹാരത്തിലെ മഴ കാണുന്ന പെണ്‍കുട്ടികള്‍,തെവിടിസ്സി പൂവ്, മാവേ പൂക്കില്ലേ?, റിസേര്‍വ് എന്നീ കവിതകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ബഹുവിഷയസമൃദ്ധവും അതിനാല്‍ ബൃഹത്തുമായ അദ്ദേഹത്തിന്റെ വിചാരലോകം പൗരുഷത്തിന്റേയും പ്രതിരോധത്തിന്റെയും ഭാഷയായി നാടല്‍ ശീലുകളും നാടന്‍ സത്യങ്ങളുമായി സ്വതന്ത്രമായി ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.

ഒരു കാടും ഏകാന്തതയും മൊട്ടക്കുന്നുമൊന്നും ഈ കവി തേടിപ്പോവുന്നില്ല. ഒരു ശബ്ദത്തിനും പ്രതിശബ്ദമുയര്‍ത്തുന്നില്ല. തന്റെ ആശകളെയും നിരാശകളെയും പ്രത്യാശകളെയും കുറിച്ച് തന്നെ വിഹ്വലമാക്കുന്ന ആകുലതകളെയും നൈരാശ്യങ്ങളെയും കുറിച്ച് താന്‍ നടന്നുപോവാറുള്ള വെളിച്ചത്തെ കുറിച്ച്, തന്നെ ഉറക്കാറുള്ള/ഭയപ്പെടുത്താറുള്ള ഇരുട്ടിനെപ്പറ്റി അതിനൊപ്പം തന്നെച്ചൂഴുന്ന ബാഹ്യപ്രകൃതിയെയും, ബാഹ്യരൂപങ്ങളെയും കുറിച്ച് ഇവിടെ മനോജ് എഴുതുന്നു. ഇവയൊക്കെയാണ് ഇദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചം. ഇവയ്ക്കെല്ലാം ഇവയുടേതായ സ്വത്വം നല്‍കിക്കൊണ്ട്, ആ സ്വത്വത്തില്‍ നിന്നുയിര്‍കൊള്ളുന്ന ഉണ്മയിലൂടെ കവി തന്റെ പാത വെട്ടിത്തെളിച്ചുകൊണ്ട് സഞ്ചരിക്കുകയാണ്.


ജീവിതത്തെ അതിന്റെ അനന്തവൈചിത്ര്യങ്ങളില്‍ കാണുവാനും ആവിഷ്കാരത്തില്‍ അവയുടെ രൂപരസങ്ങളും ആഴങ്ങളും അറിയാനും വഴിതെറ്റിക്കുന്ന ചൂണ്ടുവിരലുകളെ തിരസ്കരിച്ച് നേരായ വഴി തേടാനും ശ്രമിക്കുന്ന കവിതകളാണ് മനോജ് മേനോന്റെ കവിതകള്‍. തന്റെ കണ്ണുകളില്‍ തുളഞ്ഞു കയറുന്ന മുഖങ്ങളിലൂടെ കവിതയുടെ പുതിയ ധാതുരൂപങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് കവി ഈ പുസ്തകത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വപ്നങ്ങള്‍ കൊണ്ട് സൃഷ്ടിച്ച് ചിന്തകളില്‍ കോലാഹലം നടത്തിയ മനോജിന്റെ ചില കവിതകളുടെ ഒച്ച പലപ്പോഴും വിരുദ്ധതയുടെ ടോണുകളാണ് വായനക്കാരനെ കേള്‍പ്പിക്കുന്നത് എന്ന് പറയാതെ വയ്യ.


ഉദ്ഗ്രഥിതമായ തന്റെ വീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും തെളിഞ്ഞു കാണുന്ന ചിത്രശകലങ്ങളുടെ സങ്കലനങ്ങളാണ് ഇയാള്‍ക്ക് ഓരോ കവിതകളും. തളര്‍ന്നോടുന്ന മത്തവള്ളിയും, ശ്വാസം നിലച്ചു തുടങ്ങുന്ന പാഴ്മരവും, പ്രാണന്റെ ചെറുമിടിപ്പു പോലും നഷ്ടപ്പെട്ട കുന്നും, ആധുനികനാവാത്ത കീരിയും, മുത്തശ്ശിയുടെ ഗൃഹാതുരതകള്‍ പേറുന്ന ഓര്‍മ്മകളുമെല്ലാം കവിയുടെ ചില വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ്. ഇത്തരത്തിലുള്ള വാക്ചിത്രങ്ങളാല്‍ മെനഞ്ഞ ഓരോ കവിതയും ഓരോ അനുഭൂതികളാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്. പല പല അനുഭൂതികളാല്‍ ആകര്‍ഷിക്കപ്പെടുന്ന വായനക്കാരന്‍ അതോടൊപ്പം കവി അനിച്ഛാപൂര്‍വ്വം സംവിധാനം ചെയ്യുന്ന ഒരു സാകല്യസത്തയുടെ ഘടകമായി ഇവിടെ മാറുന്നത് കവിതയുടെ ഗതിമാറ്റം കൊണ്ടോ വായനക്കാരന്റെ ഓരം വെട്ടിക്കേറിയ വായനാതലം കൊണ്ടോ അല്ല, മറിച്ച് കവിയുടെ നിഷ്കളങ്കമായ അനുഭാവാവിഷ്കാരത്തിന്റെ ഫലമായാണെന്ന് നാം മനസ്സിലാക്കുക ഓരോ വായനയുടെയും ആവര്‍ത്തനങ്ങളിലാണ്. അനുഭൂതിയിലെ വൈരുദ്ധ്യം കൊണ്ടും, വികടാവിഷ്കാരങ്ങളിലെ കരവിരുതുകൊണ്ടും അനുവാചകരെ വിഭ്രമിപ്പിക്കുന്ന ചുരുക്കം ചില കവികളില്‍ നിന്ന് മനോജ് വ്യത്യസ്തനാവുന്നത് ഇങ്ങിനെയൊക്കെയാണ്.

'ഓര്‍മ്മത്തെറ്റ്' എന്ന കവിത നോക്കുക. അതില്‍ മുത്തശ്ശി പേരക്കുട്ടിക്ക് നല്‍കുന്ന ഉപദേശങ്ങളാണ്. അവയെല്ലാം വിശ്വാസങ്ങളുമായി ബന്ധിപ്പിച്ചാണ് മുത്തശ്ശി അവതരിപ്പിക്കുന്നത്. എന്നാല്‍ പുതുകാലത്തിന്റെ പുതുതലമുറ അതിനെയെല്ലാം ഭ്രാന്തായി ചിത്രീകരിക്കുന്നത് എത്ര ലളിതമായാണ് കവി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. കവിയും,വായനക്കാരനും വിശ്വാസത്തിന്റെയും, വിശ്വാസരാഹിത്യത്തിന്റെയും പങ്കുകാരനാവുകയാണിവിടെ. നിഷേധത്തിന്റെയൊ നിരാകരണത്തിന്റെയോ പ്രശ്നം ഇവിടെ വരുന്നില്ല. കാഴ്ചപ്പാടിന്റെയോ നിലപാടിന്റെയോ പങ്കിടലാണ് അഥവാ ഏകീകരണമാണ് ഇവിടെ സംഭവിക്കുന്നത്.

അതുപോലെത്തന്നെ 'തനിനിറം' എന്ന കവിതയില്‍ കവി വിളിച്ചുപറയുന്നത്, നഷ്ടപ്പെട്ട കുറെ പ്രത്യാശകളെക്കുറിച്ചാണ്. കവി ജീവിക്കുന്ന മഹാനഗരവും കവിയും ഒരു നാടകത്തിന്റെ പശ്ചാത്തലവും അഭിനേതാവുമാണ്. ആ നഗരത്തിലെ പെണ്ണുങ്ങളെല്ലാം കവിയുടെ സഹാഭിനേതാക്കളാണ്. സഹനത്തിന്റെയും പ്രത്യാശയുടെയും രണ്ടറ്റങ്ങള്‍ തമ്മിലുള്ള ലയനമാണ് ഈ നാടകത്തിലൂടെ നമുക്ക് ദൃശ്യമാവുന്നത്. ഇതില്‍ അസംഖ്യം നടന്മാരെ വായനക്കാരന് കണ്ടെത്താനാവും. ഒരുപക്ഷേ, കവി കരുതിയതിനേക്കാളേറെ. പല വേഷങ്ങള്‍ അണിഞ്ഞവര്‍, പല ഈണത്തില്‍ പാടുന്നവര്‍, പല സ്വപ്നങ്ങളില്‍ ലയിച്ചവര്‍ അങ്ങനെയങ്ങനെ. എങ്കിലും അവരെല്ലാം ദുരൂഹമായ അവ്യാഖ്യേയമായ ഈ ഭാവശബളമായ നാടകത്തില്‍ പങ്കാളികളാവുന്നത് കവിയുടെ ചില 'മാജിക്കല്‍' സമീപനങ്ങള്‍ കൊണ്ട് മാത്രമാണ്. ആ മാജിക്കല്‍ സമീപനമാണ് ഈ കവിതയില്‍ വായനക്കാരന്റെ ഹൃദയസ്പന്ദനമായി മാറുന്നതും.

ഉള്ളിന്റെ പിടച്ചിലുകളാണ് മനോജിന് കവിതകളാവുന്നത് എന്നാണ് 'കസേരകള്‍' എന്ന കവിത നമ്മോട് പറയുന്നത്. ഉഷ്ണകാലത്തിന്റെ ചുടുമണ്ണില്‍ കിടന്ന് പിടയുന്ന വേദനകളെ മനോജിന്റെ പല കവിതകളും അനാവരണം ചെയ്യുന്നുണ്ടെങ്കിലും ഈ കവിതയിലൂടെ കാലത്തിന്റെ പാണനാരായി ആ വേദനകളെ ഉള്ളൊതുക്കി, എതിരൊലികളെ പിന്തള്ളി പലരും പലതും പൊയ്മുഖങ്ങളാണ് എന്ന് തെളിയിക്കുകയാണ് കവി. നെഞ്ചിടിപ്പിന്റെ പുതിയ തീവെട്ടത്തിലൂടെ, കാലമുണരുന്ന പുതിയ വാക്കുകളുടെ കല്ലുളികൊണ്ട് പഴയ കോട്ടകളെയാണ് കവി തച്ചുടയ്കുന്നത്. കാരണം ഒറ്റക്കാലോടിഞ്ഞ കസേരകള്‍ കരുത്തിന്റെ കതിര്‍ച്ചിരികളെയല്ല മറിച്ച് കരയുന്ന ഇരുണ്ട ദുഃഖത്തെയാണല്ലോ ഇവിടെ ഉയര്‍ത്തിപ്പിടിക്കുന്നത്.

കവിയുടെ ചിന്തകളില്‍ ചോര തെറിച്ചു വീണിരിക്കുന്നു; കവിതന്നെ മറ്റുള്ളവരുടെ ഇരയായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ ഭാവനകള്‍ക്ക് അനുഭവപ്രേക്ഷ്യത്തിന്റെ കരുത്ത് കൈവന്നിരിക്കുന്നു. ഇതെല്ലാം തെളിയിക്കുന്നതാണ് 'ട്രാക്കില്‍ കണ്ടത് എന്ന കവിത. വലിയതെന്തോ ചിന്തിച്ച് അതിനേക്കാള്‍ വലിയത് പറയുന്നതിന്റെ സാമാന്യതയെ വെടിഞ്ഞ് തീവ്രാനുഭവത്തിന്റെ നവ്യമായ പ്രതിമാനത്തോളം ഉയരുന്ന വാഗ്മയ ചിത്രമാണ് ഈ കവിത നല്‍കുന്നത്. ഭാര്യയും മക്കളും അലറിക്കരയുമ്പോള്‍ 'പറ്റിച്ചേ'എന്ന് പൊട്ടിച്ചിരിക്കുന്ന ഒരു നിഷ്കളങ്കനിലൂടെ അസ്തമയത്തിന്റെ ഒരു രൂപകം ചമയ്ക്കാന്‍ കവി ഇവിടെ ശ്രമിച്ചിരിക്കുന്നു. കവി ആവിഷ്കരിക്കുന്ന സാഫല്യ നിഷ്ഫലതകളുടെ ആശയങ്ങളിലൂടെ ഒരു മരണത്തെ ബിംബവത്കരിക്കുമ്പോള്‍ നാം കാണുന്നതെല്ലാം ആടിത്തീര്‍ത്ത ജീവിതത്തിന്റെ ആദേശചിത്രങ്ങള്‍ മാത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്.

ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും വിട പറഞ്ഞ് കമ്പോള നാഗരിക സംസ്കാരത്തിലേക്ക് ഉപജീവനാര്‍ത്ഥം കൂടുമാറേണ്ടി വന്ന ഈ കവിക്ക് നഗരകോലാഹലത്തിന്റെ ഭാഷയില്‍ നിന്നും, ശ്വാസത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവാതെ വരുന്നുണ്ട്. വരളുന്ന തൊണ്ടയുമായി ഓരോ തെരുവിലും കവി തന്നെത്തന്നെ തേടിയലഞ്ഞ് നടക്കുകയാണ്. കാണുന്നിടമെല്ലാം അയാള്‍ക്ക് ശൂന്യതയുടെ നിറമാണ്. നാഗരികതയുടെ എല്ലാ പ്രക്ഷുബ്ധതകളെയും കവി ഇവിടെ സ്വീകരിക്കുന്നു. ഗ്രാമീണതയുടെ ഉള്ളലിവ് തിരിച്ചറിഞ്ഞും നാഗരികതയുടെ കള്ളങ്ങള്‍ മനസ്സിലാക്കിയും താന്‍ നില്‍ക്കുന്നിടം സമരത്ഥമായി 'തിരച്ചില്‍' എന്ന കവിതയിലൂടെ അടയാളപ്പെടുത്തുന്നു. കാല്പനികമായ ഗൃഹാതുരതകളോ, ഓര്‍മ്മപ്പെടുത്തലുകളോ ഈ കവിതയിലില്ല. യാഥാര്‍ത്ഥ്യത്തിന്റെ അമിതഭാരങ്ങള്‍ കൊണ്ട് തളരുന്ന ഒരു ചെറുപ്പക്കാരന്റെ തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കവിതയിലുള്ളത്. ആ തിരിഞ്ഞുനോട്ടം കഴിഞ്ഞ കാലത്തിലേക്കല്ല. യാഥാര്‍ത്ഥ്യത്തിന്റെ ഇടവഴിയില്‍ നിന്നും നാഗരികപ്പൊലിമയുടെ വെളിച്ചവിതാനത്തിലേക്കുള്ള തിര്‍ഞ്ഞുനോട്ടമാണത്.

ജീവിതത്തെ അതിന്റെ അനന്തവൈചിത്ര്യങ്ങളില്‍ കാണുവാനും ആവിഷ്കാരത്തില്‍ അവയുടെ രൂപരസങ്ങളും ആഴങ്ങളും അറിയാനും വഴിതെറ്റിക്കുന്ന ചൂണ്ടുവിരലുകളെ തിരസ്കരിച്ച് നേരായ വഴി തേടാനും ശ്രമിക്കുന്ന കവിതകളാണ് മനോജ് മേനോന്റെ കവിതകള്‍. തന്റെ കണ്ണുകളില്‍ തുളഞ്ഞു കയറുന്ന മുഖങ്ങളിലൂടെ കവിതയുടെ പുതിയ ധാതുരൂപങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് കവി ഈ പുസ്തകത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വപ്നങ്ങള്‍ കൊണ്ട് സൃഷ്ടിച്ച് ചിന്തകളില്‍ കോലാഹലം നടത്തിയ മനോജിന്റെ ചില കവിതകളുടെ ഒച്ച പലപ്പോഴും വിരുദ്ധതയുടെ ടോണുകളാണ് വായനക്കാരനെ കേള്‍പ്പിക്കുന്നത് എന്ന് പറയാതെ വയ്യ. എങ്കിലും ധാര്‍മ്മികതയുടെയും സാമൂഹികതയുടെയും നീതി തേടിയാണ് ഈ കവി സഞ്ചരിച്ചത് എന്നതുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞതിവിടെ അപ്രസക്തമാവുകയും ചെയ്യുന്നു. മറ്റൊരു വായനയില്‍ എന്നിലേക്കെപ്പൊഴോ കയറിക്കൂടിയ്യ സച്ചി മാഷിന്റെ ചില വരികള്‍ ഈ സമാഹാരത്തിന്റെ വായനയ്ക്കിടയില്‍ പലപ്പോഴും വന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

"എനിക്കറിയില്ല ഹേ വേതാളമേ,
എനിക്കിതുമതി, ഈ മണ്ണിലെ
നിലയ്ക്കാത്ത മരതകപ്രവാഹം.
ശബ്ദങ്ങളുടെ ഈ അനശ്വര സമുദ്രം.
ധ്വനികളുടെ അക്ഷയമായ ആകാശം."

0 വായന:

Post a Comment

© moonnaamidam.blogspot.com