'നിങ്ങളുടെ രാഷ്ട്രീയം എന്തായിരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക'



"Freedom only for the members of the government, only for the members of the party- though they are quite numerous- is no freedom at all."

-Rosa Luxemburg



1969ല്‍ പാര്‍ലിമെന്റ് പാസാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെ സ്ഥാപിക്കപ്പെട്ട യൂണിവേഴ്സിറ്റിയാണ് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (JNU). അരാവലി മലനിരകള്‍ക്കിടയില്‍ നിലകൊള്ളുന്ന ഈ യൂണിവേഴ്സിറ്റിക്ക് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിവാക്കാനാവാത്ത ഇടമാണുള്ളത്. ദേശീയ അന്തര്‍ദേശീയ നയരൂപീകരണത്തിലും ഉന്നതതല അക്കാദമിക് പ്രവര്‍ത്തികളിലും ജെ.എന്‍.യുവും അവിടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും എക്കാലത്തും തങ്ങളുടേതായ ഇടപെടലുകള്‍ നടത്തിവരാറുണ്ട്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, തോമസ് ഐസക്ക്, ദിഗ് വിജയ് സിങ്, ഡി.പി.ത്രിപാഥി, നിര്‍മല സീതാരാമന്‍, അശോക് തന്‍വാര്‍ തുടങ്ങി അനേകം നേതാക്കള്‍ ഈ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പഠിച്ചിറങ്ങിയിട്ടുള്ളത്.
കഴിഞ്ഞ കാല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് പറയാനുണ്ട് ജെ.എന്‍.യുവിന്. എക്കാലത്തും ചുവപ്പിനോട് മാത്രമേ ഈ കലാശാല ആഭിമുഖ്യം കാണിച്ചിട്ടുള്ളൂ. 2007ലെ സ്റ്റുഡന്റ്സ് യൂണിയന്‍ തെരെഞ്ഞെടുപ്പിന് ശേഷം ലിങ്ദോ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയതനുസരിച്ച് നിശബ്ദമാക്കപ്പെട്ട ജെ.എന്‍.യുവിലെ രാഷ്ട്രീയശബ്ദം പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉയരുന്നത്. ആ ഇടവേളക്ക് ശേഷം ക്യാമ്പസ് രാഷ്ട്രീയം ചര്‍ച്ച് ചെയ്തപ്പോള്‍ സി.പി.ഐ(എം.എല്‍) ലിബറേഷന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഐസ (AISA- All India Students Association)യാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ഭരണം പിടിച്ചെടുത്തത്. 1990കളില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 'നോ മണ്ഡല്‍, നോ കമണ്ഡല്‍, ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യമുയര്‍ത്തി കടന്നുവന്ന ഐസയുടെ എക്കാലത്തേയും മികച്ച വിജയം കൂടിയായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് നടന്ന തെരെഞ്ഞെടുപ്പില്‍ അവര്‍ നേടിയത്. എന്നാല്‍ ഐസയുടെ വിജയത്തേക്കാള്‍, വര്‍ഷങ്ങളായി ജെ.എന്‍.യു യൂണിയന്റെ ഭരണസാരഥ്യത്തിലിരുന്നിരുന്ന ഇന്ത്യയിലെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ പരാജയവും, പരാജയകാരണങ്ങളുമാണ് ഈ ഘട്ടത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ സമൂഹം ചര്‍ച്ച ചെയ്തത്.
ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാവുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികളാല്‍ രൂപവത്കരിക്കപ്പെട്ട ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭരണഘടനയുടെ നിര്‍മ്മിതി പോലും ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നടത്തിയിരിക്കുന്നത് എന്നതിനാല്‍ തന്നെ ജെ.എന്‍.യുവിലെ രാഷ്ട്രീയം കേവലമൊരു ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നുമില്ല. പല കാലങ്ങളിലും ഈ ക്യാമ്പസിലെ തെരെഞ്ഞെടുപ്പുകള്‍ക്ക് ഒരു സാര്‍വ്വദേശീയമാനം കൈവരാറുണ്ട്. എന്നാല്‍ ഇത്തവണ നടന്ന തെരെഞ്ഞെടുപ്പില്‍ ലിങ്ദോ സമിതി ശുപാര്‍ശയുണ്ടായിരുന്നതിനാല്‍ പ്രചരണം വിദ്യാര്‍ത്ഥി സംഘടനകളില്‍ മാത്രം ഒതുങ്ങിയതായി കാണാനാവും. മുന്‍ വര്‍ഷങ്ങളില്‍ ഇടത്-വലത് പാര്‍ട്ടികളിലെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ പ്രചരണത്തിനായി ഈ ക്യാമ്പസിലേക്ക് വരാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മൊത്തത്തില്‍ മാറിയതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി നേതാക്കളുടെ നേരിട്ടുള്ള ഇടപെടലുകളുടെയും, വാക്കുകളുടെ മൂര്‍ച്ചയിലുമായിരുന്നു ആശയസംവാദങ്ങള്‍ നടന്നുവന്നതും.
ശക്തമായ മത്സരങ്ങളും, രാഷ്ട്രീയസംവാദങ്ങളുമാണ് ജെ.എന്‍.യുവിനെ ദേശീയരാഷ്ട്രീയത്തില്‍ പലപ്പോഴും ശ്രദ്ധാകേന്ദ്രമാക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പിന് പഴയ വീര്യം ഇല്ലായിരുന്നുവെന്ന് അവിടെയുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഇടത് ക്യാമ്പസ് എന്ന് പേരെടുത്തിട്ടുള്ള ജെ.എന്‍.യുവില്‍ തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള ഐസയും, എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കാറുള്ളത്. എന്‍.എസ്.യു(ഐ), എ.ബി.വി.പി, സംവരണ വിരുദ്ധ സമരത്തില്‍ ശ്രദ്ധേയമായ യൂത്ത് ഫോര്‍ ഇക്വാലിറ്റി തുടങ്ങിയ സംഘടനകളും, ബി.എസ്.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ബഹുജന്‍ സ്റ്റുഡന്റ്സ് ഫെഡറേഷനുമെല്ലാം ഇവിടെ മത്സരരംഗത്തുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ബി.എസ്.എഫിനോടൊപ്പം സഖ്യകക്ഷിയായിട്ടാണ് ജെ.എന്‍.യുവില്‍ മത്സരിക്കുന്നത്. അതുപോലെ ഇത്തവണ എന്‍.എസ്.യു(ഐ) പിന്തുണയോടെ ഒരു എം.എസ്.എഫ് സ്ഥാനാര്‍ത്ഥിയും ഇവിടെ മത്സരിച്ചിരുന്നു. ഭാവിയില്‍ ഇടതുകുത്തകയെ തകര്‍ക്കാനുള്ള ഒരു വലതു സഖ്യത്തിന്റെ ചിത്രമായിരുന്നു ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ കണ്ടത് എന്നുള്ളത് സൂക്ഷ്മമായി ഇതിനെ സമീപിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

എന്നാല്‍ ഇത്തരം സഖ്യങ്ങളൊന്നും തന്നെ ഇടത് കോട്ട തകര്‍ക്കാന്‍ പര്യാപ്തമായവയല്ല എന്ന് തന്നെയാണ് തെരെഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. 1993,94,95 വര്‍ഷങ്ങളില്‍ ഐസയുടെ സാരഥികള്‍ യൂണിയന്‍ ഭരിച്ചപ്പോള്‍ 1996ലെ തെരെഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ അതിന് ശേഷം 1997 മുതല്‍ 2002 വരെയുള്ള നീണ്ട ഏഴ് വര്‍ഷം എസ്.എഫ്.ഐ, ജെ.എന്‍.യുവില്‍ അവരുടെ സമ്പൂര്‍ണ്ണാധിപത്യം ഊട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത്. ജെ.എന്‍.യുവിന്റെ ചരിത്രത്തിലെ രണ്ട് ദളിത് പ്രസിഡന്റുകളെ ഈ കാലയളവിനിടയ്ക്ക് എസ്.എഫ്.ഐയ്ക്ക് വിജയിപ്പിക്കാനായി എന്നതും സംഘടനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരുന്നു.
ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അതിന്റെ തോല്‍വിക്കിടയാവുന്ന കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ നിലപാടുകള്‍ എടുക്കാനാവില്ല എങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ ഇടപെടാന്‍ ആ പാര്‍ട്ടിക്ക് എന്ത് അവകാശമാണുള്ളത്? കേവലം ഒരു പോഷക സംഘടനയുടെ നിലയിലേക്ക് മാറുകയാണോ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍. സ്വതന്ത്രമായ ഒരു നിലപാട് പോലും അവയ്ക്ക് എടുക്കാനാവുന്നില്ല എങ്കില്‍ അവയുടെ സാധുതകള്‍ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇടപെടേണ്ട മേഖലകളിലും, സ്വീകരിക്കേണ്ട നിലപാടിലും വെള്ളം ചേര്‍ക്കരുത് എന്ന് പറയുമ്പോള്‍ അത് പാര്‍ട്ടി വിരുദ്ധതയും, മുന്‍പ് എതിര്‍ത്ത് നിലപാടുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചാനയിക്കുമ്പോള്‍ അത് പാര്‍ട്ടി സ്വീകാര്യവും ആയി മാറുന്നതിലെ 'വൈരുദ്ധ്യാത്മകത' എസ്.എഫ്.ഐക്ക് ജെ.എന്‍.യുവിലെ ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു കൊടുക്കുക അത്ര എളുപ്പമായിരിക്കുകയില്ല.

എസ്.എഫ്.ഐയുടെ സുവര്‍ണ്ണകാലഘട്ടത്തിന്റെ ആരംഭത്തിലാണ് ജെ.എന്‍.യുവിന്റെ മുന്‍ പ്രസിഡന്റും, ഐസയുടെ നേതാവുമായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് ബീഹാറില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചത്. ജെ.എന്‍.യുവിനെയും, പുരോഗമന പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് ആ കൊലപാതകം ഒരു വലിയ നഷ്ടം തന്നെയായിരുന്നു. എന്നാല്‍ പലരും പറയുന്ന പോലെ ആ രക്തസാക്ഷിത്വം വിപുലമായ ഒരു വിദ്യാര്‍ത്ഥി പിന്‍ബലമൊന്നും ഐസയ്ക്ക് നേടിക്കൊടുത്തിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം, 1997ല്‍ ചന്ദ്രശേഖര്‍ കൊല്ലപ്പെട്ട ശേഷം 2002 വരെ ഐസ ജെ.എന്‍.യു തെരെഞ്ഞെടുപ്പില്‍ ദയനീയ പരാജയമായിരുന്നു. രക്തസാക്ഷികളും, രക്തസാക്ഷിത്വവുമൊന്നും ജെ.എന്‍.യു എന്ന ബൗദ്ധികഭൂമിയെ ഒരുകാലത്തും അങ്ങനെ സ്വാധീനിച്ചിട്ടില്ല എന്ന് ചരിത്രം വെളിവാക്കുന്നുണ്ട്. ഇവിടെ ആശയസംവാദങ്ങളില്‍ വിജയിക്കുന്നവനൊപ്പമേ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നുള്ളൂ. രാഷ്ട്രീയമായ് പൊള്ളത്തരങ്ങളേയും, വികലമായ പൊളിച്ചെഴുത്തലുകളേയും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. കൃത്യമായ ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളുമാണ് അവരാവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും.

എസ്.എഫ്.ഐക്ക് പിഴച്ചതെവിടെ?

ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ആദ്യമായി ദളിത് പ്രസിഡന്റായത് എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച ടി.കെ.അരുണ്‍ ആയിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടമായിരുന്നു എങ്കില്‍ കൂടി പിന്നീടങ്ങോട്ട് നടന്ന് ദളിത് ഇടപെടലുകളിലെല്ലാം എസ്.എഫ്.ഐ നടത്തിയത് കുറ്റകരമായ അനാസ്ഥകളായിരുന്നുവെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ഇത്തരം പ്രശ്നങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലും, അതിനെതിരായ നിലപാടുകള്‍ രൂപീകരിക്കുന്നതിലുമെല്ലാം എസ്.എഫ്.ഐ പരാജയമായിരുന്നു എന്ന് അവരില്‍ ചിലര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.
രാഷ്ട്രീയമായ ശരിതെറ്റുകളെ വിലയിരുത്തുന്നതില്‍ നിന്ന് പിന്നോട്ട് പോയ 70%ല്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളെയാണ് ഇക്കാലയളവില്‍ എസ്.എഫ്.ഐ അടക്കം വരുന്ന സംഘടനകള്‍ക്ക് സമീപിക്കേണ്ടി വന്നിട്ടുള്ളത്. വ്യക്തിപ്രഭാവത്തിന്റെയും, കേവലമായ മാധ്യമ പ്രചരണത്തിന്റെയും ഭാഗമായി മാത്രം രാഷ്ട്രീയത്തെ സമീപിക്കുന്ന ഇത്തരക്കാരില്‍ നിന്ന് എങ്ങനെയാണ് പ്രത്യയശാസ്ത്രപരമായ സംവാദങ്ങള്‍ തുടങ്ങേണ്ടത് എന്ന വലിയൊരു പ്രശ്നത്തിന്റെ നടുവില്‍ തന്നെയായിരുന്നു ജെ.എന്‍.യുവിലെ ഇടത് സംഘടനകള്‍ എല്ലാംതന്നെ. ആ ഒരു ഭീഷണിയെ എങ്ങനെ തരണം ചെയ്യാം എന്നതിനെ അടിസ്ഥാനമാക്കിത്തന്നെയാണ് വിജയം എന്നതും ഇരുകൂട്ടര്‍ക്കും വ്യക്തമാണ് താനും. ഇതിനെയെല്ലാം ചുറ്റിപ്പറ്റിക്കൊണ്ടാണ് ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് നടന്നത് എന്നുള്ളത് അവരുടെ പ്രചരണരീതികളും, മറ്റും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
രാഷ്ട്രീയം എന്നത് പ്രവര്‍ത്തനം മാത്രമല്ല, ഒരു പ്രകടനം കൂടിയാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് 2012ലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് ഫലം. ധൈഷണികമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരേണ്ട ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് അതിന് സാധിക്കാതെ വരികയും, ഉയര്‍ത്തിക്കൊണ്ട് വന്ന പ്രശ്നങ്ങളെ വിദ്യാര്‍ത്ഥികളിലെത്തിക്കാനാവാതെ വരികയും ചെയ്തപ്പോള്‍ ഇന്ത്യയിലെ മുഖ്യധാരാ പുരോഗമന പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന് അടിപതറി. സംഘടിതമായ ഒരു ഇടതുപക്ഷത്തിന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും, അധികാര വര്‍ഗ്ഗത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പാടില്ലാത്തതുമായ പിഴവുകള്‍ പലപ്പോഴും എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യം വരുത്തിക്കൊണ്ടിരുന്നു.
എസ്.എഫ്.ഐയുടെ പിഴവുകളെല്ലാം വളരെ സൂക്ഷ്മതയോടെ തേടിപ്പിടിച്ച്, അവയില്‍ ശക്തമായി ഇടപെട്ടു എന്നതാണ് ഐസയുടെ രാഷ്ട്രീയമായ വിജയം. ജെ.എന്‍.യുവിലെ ധാബാ സംസ്കാരമെന്ന പ്രത്യേകതയെ മുതലാളിത്തത്തിന്റെ കൈപ്പിടിയിലേക്ക് വച്ചുകൊടുത്തത് 2004ലെ എസ്.എഫ്.ഐ ഭൂരിപക്ഷ യൂണിയന്‍ ഒപ്പുവച്ച നെസ്ലെ ഔട്ട് ലെറ്റിലൂടെയായിരുന്നു. നെസ്ലെയുടെ ഔട്ട് ലെറ്റുകള്‍ തുടങ്ങാനുള്ള ഈ അനുമതിക്കെതിരെ, നെസ്ലെ വിരുദ്ധ സമരം എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ ഏറ്റെടുത്തപ്പോള്‍ പ്രതിരോധത്തിലായ എസ്.എഫ്.ഐക്ക് ഇന്നും അതില്‍ നിന്ന് മുക്തി നേടാനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആണവകരാറില്‍ യു.പി.എക്ക് പിന്തുണ പിന്‍വലിച്ചതിനെ ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിക്കുന്ന പോലെത്തന്നെയാണ് ഈ നിലപാടിനെ ഇപ്പോള്‍ എസ്.എഫ്.ഐ കാണുന്നതും. ഈ ഒരൊറ്റ സംഭവത്തെ തന്നെയായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ ഐസ നിരന്തരം ചോദ്യങ്ങളുയര്‍ത്തിക്കൊണ്ട് ഇടത് സഖ്യത്തെ വേട്ടയാടിക്കൊണ്ടിരുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം കണ്ടെത്താനോ, അല്ലെങ്കില്‍ ഒരു മറുചോദ്യം ഉന്നയിക്കാനോ കഴിഞ്ഞില്ല എന്നതില്‍ നിന്ന് എസ്.എഫ്.ഐക്ക് സംഭവിച്ച രാഷ്ട്രീയമായ പരാജയം എന്ന നിലയില്‍ ഇതിനെ കാണേണ്ടി വരും.
തങ്ങളുടെ ഒരാശയത്തെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനും, രൂപീകരിക്കപ്പെട്ട നിലപാടുകളെ പ്രചരിപ്പിക്കുന്നതിനും കഴിയുന്ന നേതൃദാരിദ്ര്യമാണ് എസ്.എഫ്.ഐയുടെ പരാജയകാരണങ്ങളില്‍ പ്രധാനം എന്ന് കരുതുന്നവരും കുറവല്ല. രാഷ്ട്രീയമായ ഏത് വിഷയങ്ങളിലും സ്വന്തം നിലപാടുകള്‍ വച്ചുപുലര്‍ത്താറുള്ള എസ്.എഫ്.ഐ, സിങ്കൂരിലെയും, നന്ദിഗ്രാമിലെയും സാഹചര്യങ്ങളെപ്പറ്റി പാലിച്ച കുറ്റകരമായ മൗനം ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് മനസ്സിലാക്കാന്‍ ജെ.എന്‍.യുവിലെ ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുണ്ടായിരിക്കുകയില്ല. ഇപ്പോള്‍ എസ്.എഫ്.ഐ പാസാക്കീയ പ്രമേയത്തിലും ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുമുണ്ട്. ഇന്ത്യയുടെ ഏത് ഭാഗത്തും ഒരു ലാത്തിച്ചാര്‍ജ്ജോ, പോലീസ് ഭീകരതയോ നടന്നാല്‍ പ്രതിഷേധ സ്വരമുയര്‍ത്താറുള്ള എസ്.എഫ്.ഐ സിങ്കൂരിലെയും നന്ദിഗ്രാമിലെയും നരഭോജികള്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍ അവര്‍ അവരുടെ കുഴി സ്വയം തോണ്ടുക തന്നെയായിരുന്നു.
ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരെ ഐസ ഉയര്‍ത്തിയ ചര്‍ച്ച ഇടതുമുന്നണി 2004ല്‍ യു.പി.എ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചതിനെ കുറിച്ചായിരുന്നു. നിയോ ലിബറല്‍ യു.പി.എ സര്‍ക്കാരിനെ താങ്ങിനിന്ന ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത് നിയോ ലിബറല്‍ കോര്‍പ്പറേറ്റ് തന്നെയാണ് എന്നായിരുന്നു ഐസയുടെ വാദം. ഇതിനെ രാഷ്ട്രീയമായി മറികടക്കാന്‍ എസ്.എഫ്.ഐക്ക് കഴിയാതെ വരികയും, ഐസ ഈ ചര്‍ച്ചയെ ക്രമാനുഗതമായി വളര്‍ത്തുകയും ചെയ്തതോടെ 2012ലെ സ്റ്റുഡന്റ്സ് യൂണിയന്‍ തെരെഞ്ഞെടുപ്പ് ജെ.എന്‍.യുവിലെ എസ്.എഫ്.ഐയുടെ ശവപ്പറമ്പായി മാറി.

സ്വയം വിമര്‍ശിക്കപ്പെടുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെ.എന്‍.യു- എസ്.എഫ്.ഐ ആത്മവിമര്‍ശനത്തിന്റെ പാതയിലായിരുന്നു. തങ്ങളുടെ പരാജയകാരണങ്ങള്‍ കുറ്റകരമായ മൗനങ്ങളായിരുന്നു എന്ന് അവര്‍ കണ്ടെത്തി. നിശിതമായ വിമര്‍ശനങ്ങള്‍ നടത്തി. കേവലം ഉപരിപ്ലവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും, ഇടപെടലുകളും കൊണ്ട് ഇനി മുന്നോട്ട് പോവാനാവില്ല എന്ന സത്യം അവര്‍ മനസ്സിലാക്കി.
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സി.പി.ഐ(എം) തീരുമാനത്തില്‍ നിന്നാണ് ജെ.എന്‍.യു-എസ്.എഫ്.ഐ ചിന്തിക്കാനാരംഭിച്ചത്. തങ്ങളുടെ മൗനം എസ്.എഫ്.ഐ എന്ന സംഘടനയെ ജെ.എന്‍.യുവിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടും എന്നവര്‍ ഭയന്നു. നിയോ ലിബറല്‍ കോര്‍പ്പറേറ്റ് തന്നെയാണ് നിങ്ങളും മുന്നോട്ട് വയ്ക്കുന്നതെന്ന ഐസയുടെ ആരോപണം കേട്ട്, ഉത്തരം മുട്ടി നിന്ന അവര്‍ക്ക് നിയോ ലിബറല്‍ നയങ്ങളുടെ അമരക്കാരനായ പ്രണബിനെ പാര്‍ട്ടി പിന്തുണച്ചതില്‍ എതിര്‍പ്പല്ലാതെ മറ്റെന്താണുണ്ടാവുക? അതിനെതിരെയാണ് എസ്.എ.ഐയുടെ ജെ.എന്‍.യു ഘടകം പ്രമേയം പാസാക്കി തങ്ങളുടെ നിലപാട് അറിയിച്ചത്. ഇതിന് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് ജെ.എന്‍.യുവില്‍ എത്തിയെങ്കിലും ആ വിശദീകരണങ്ങളിലൊന്നിലും തന്നെ എസ്.എഫ്.ഐ തൃപ്തരായില്ല.
സിങ്കൂരിലും, നന്ദിഗ്രാമിലും പാര്‍ട്ടിക്ക് സംഭവിച്ച പിഴവുകളുടെ തുടര്‍ച്ചയാണ് ഇപ്പൊഴും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. നവ ഉദാരീകരണ നയങ്ങളുടെ വക്താവായ ഒരാളെ പിന്തുണയ്ക്കാന്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് എങ്ങനെ കഴിയും എന്ന ഇവരുടെ ചോദ്യം വളരെ പ്രസക്തമാണ്. സി.പി.ഐ(എം) റിസര്‍ച്ച് വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന പ്രസണ്‍ജിത്ത് ബോസാണ് ഇതിന്റെ പേരില്‍ പ്രതിഷേധിച്ച് ആദ്യം പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്. ഇതിന് പുറകെയായിരുന്നു എസ്.എഫ്.ഐയുടെ ജെ.എന്‍.യു ഘടകത്തിന്റെ എതിര്‍പ്പ്.
മേല്‍പ്പറഞ്ഞ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് ജൂലൈ 5ന് എസ്.എഫ്.ഐയുടെ ജെ.എന്‍.യു ഘടകം ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടിയത്. 2007 മുതല്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ വിള്ളല്‍ വീണു തുടങ്ങി എന്ന് അവര്‍ ആ ജനറല്‍ ബോഡിയില്‍ തുറന്ന് സമ്മതിച്ചു. പശ്ചിമ ബംഗാളിലെ സിങ്കൂരിലും നന്ദിഗ്രാമിലും നടന്ന രാഷ്ട്രീയ സംഭവങ്ങളിലെ തെറ്റായ ഇടപെടല്‍ എസ്.എഫ്.ഐയെ പ്രതികൂലമായി ബാധിച്ചു എന്നും അതിനെ മറികടക്കാന്‍ 2012ലെത്തിയിട്ടും കഴിഞ്ഞിട്ടില്ല എന്ന്‍ അവലോകനത്തിലൂടെ പാര്‍ട്ടി മനസ്സിലാക്കുന്നുവെന്നും അന്നേ ദിവസം പാസ്സാക്കിയ പ്രമേയത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയപരമായ പ്രശ്നങ്ങളിലേക്ക് കടക്കാതെ സംഘടനാപരമായ വിഷയങ്ങളില്‍ മാത്രമായി പാര്‍ട്ടി ചുരുങ്ങുന്നത് ശാസ്ത്രീയമായ ഒരു രീതിയല്ലെന്നും അതുകൊണ്ട് തന്നെ ടി.പി ചന്ദ്രശേഖരന്‍ വധത്തിലും മണിയുടെ വിവാദപ്രസംഗത്തിലും മിണ്ടാതിരിക്കാന്‍ എസ്.എഫ്.ഐ ജെ.എന്‍.യുവിന് കഴിയില്ല എന്നും അവര്‍ തുറന്നടിച്ചു.
ജെ.എന്‍.യുവിലെ എസ്.എഫ്.ഐ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ആ യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടാണ് സംസ്ഥാനകമ്മിറ്റി ഇതിനെതിരെ പ്രതികരിച്ചത്. ദേശീയ വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിക്ക് മാത്രമാണ് അധികാരമെന്നും, ഇത്തരം പ്രശ്നങ്ങളില്‍ പ്രാദേശികഘടകത്തിന് ഇടപെടാനോ നിലപാടെടുക്കാനോ അവകാശമില്ലെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത് വഴി എസ്.എഫ്.ഐ-ജെ.എന്‍.യു ഘടകത്തിന് മേല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനമെന്ന കുറ്റമാണ് കേന്ദ്രനേതൃത്വം ചുമത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് മറുപടി പറയാതെ അച്ചടക്കത്തിന്റെ വാളോങ്ങി തങ്ങളെ പുറത്താക്കുകയായിരുന്നു എന്നാണ് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ നേതാക്കള്‍ ആരോപിക്കുന്നത്.

അനുകൂലിക്കാതിരിക്കാം, പക്ഷേ, വിയോജിക്കരുത്

എസ്.എഫ്.ഐ- ജെ.എന്‍.യു ഘടകം പിരിച്ചുവിട്ടത് വഴി സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍ ആവുകയാണ് ചെയ്തിരിക്കുന്നത്. കേന്ദ്രനേതൃത്വം നേരിട്ടിടപഴകുന്ന ഘടകം എന്ന നിലയില്‍ ദേശീയതലത്തില്‍ തന്നെ എസ്.എഫ്.ഐ-ജെ.എന്‍.യുവിന് പ്രസക്തി ഏറെയാണ്. അവിടെയാണ് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നതും.
ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അതിന്റെ തോല്‍വിക്കിടയാവുന്ന കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ നിലപാടുകള്‍ എടുക്കാനാവില്ല എങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ ഇടപെടാന്‍ ആ പാര്‍ട്ടിക്ക് എന്ത് അവകാശമാണുള്ളത്? കേവലം ഒരു പോഷക സംഘടനയുടെ നിലയിലേക്ക് മാറുകയാണോ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍. സ്വതന്ത്രമായ ഒരു നിലപാട് പോലും അവയ്ക്ക് എടുക്കാനാവുന്നില്ല എങ്കില്‍ അവയുടെ സാധുതകള്‍ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇടപെടേണ്ട മേഖലകളിലും, സ്വീകരിക്കേണ്ട നിലപാടിലും വെള്ളം ചേര്‍ക്കരുത് എന്ന് പറയുമ്പോള്‍ അത് പാര്‍ട്ടി വിരുദ്ധതയും, മുന്‍പ് എതിര്‍ത്ത് നിലപാടുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചാനയിക്കുമ്പോള്‍ അത് പാര്‍ട്ടി സ്വീകാര്യവും ആയി മാറുന്നതിലെ 'വൈരുദ്ധ്യാത്മകത' എസ്.എഫ്.ഐക്ക് ജെ.എന്‍.യുവിലെ ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു കൊടുക്കുക അത്ര എളുപ്പമായിരിക്കുകയില്ല.
"ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള്‍ ഒരു പറ്റം ഭീരുക്കള്‍ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്‍ട്ടി മാറും. ഭീരുക്കള്‍ക്ക് എത്രകാലം അവിടെ ഒരു രക്ഷാമാര്‍ഗ്ഗമായി കണ്ട് ഒളിച്ചിരിക്കുവാന്‍ കഴിയും?" എന്ന് വിജയന്‍ മാഷ് ചോദിച്ചതിനെ ഇവിടെ നാം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഒരു വിമര്‍ശനത്തേയും സ്വീകരിക്കാതെ അവയോടെല്ലാം നിഷേധാത്മക നിലപാടുകളെടുത്ത് അതിനുനേരെ അച്ചടക്കത്തിന്റെ വാളോങ്ങുന്ന സി.പി.ഐ(എം) എന്ത് ജനാധിപത്യമാണ് അവകാശപ്പെടുന്നത്? ഉള്‍പ്പാര്‍ട്ടി ജനാധിപത്യ എന്തെന്ന് അറിയാത്തവരാവാനിടയില്ല ജെ.എന്‍.യുവിലെ സഖാക്കളൊന്നും തന്നെ. അതുപോലെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യാന്‍ മാത്രം 'സംഘടനാവിരുദ്ധരു'മാവാന്‍ സാധ്യതയില്ല. പിന്നെ എവിടെയാണ്, ആര്‍ക്കാണ് പിഴയ്ക്കുന്നത്?
പാര്‍ട്ടി ചിന്തിക്കുന്നിടത്തേ എസ്.എഫ്.ഐയും ഡിഫിയും ചിന്തിക്കാവൂ എന്ന് വരുമ്പോള്‍ എന്താണ് ഇത്തരം സംഘടനകളുടെ പ്രസക്തി? ഇടപെടുന്ന ജനവിഭാഗം മാത്രം മാറുകയും കയ്യാളുന്ന രാഷ്ട്രീയം മാതൃസംഘടനയുടേത് തന്നെയാവുകയും ചെയ്യുമ്പോള്‍ ഇവയെല്ലാം ഒരു പോഷക സംഘടന മാത്രമായി അധ:പ്പതിക്കുകയും ചെയ്യുന്ന വിഷമകരമായ ഒരവസ്ഥയല്ലേ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതിനുള്ള മറുപടികളാണ് നമുക്കിവിടെ ലഭിക്കാത്തതും. അതുകൊണ്ട് തന്നെ ഇത്തരം ചിതറലുകള്‍ ഇനിയും എവിടെയും ഉണ്ടായേക്കാം. അതൊരു പൊട്ടിത്തെറിയിലേക്ക് വഴിമാറുന്നതിന് മുന്‍പെങ്കിലും പാര്‍ട്ടി ശരിയായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുമെന്ന് കരുതാം.
എന്തൊക്കെയായാലും പുറത്താക്കപ്പെട്ടവരൊന്നും വലതുപാളയത്തിലേക്കും, തീവ്ര ഇടതുപക്ഷത്തേയ്ക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. എസ്.എഫ്.ഐയുടെ തിരുത്തല്‍ ശക്തിയായി അവര്‍ ഇനിയും ജെ.എന്‍.യുവില്‍ തന്നെ എസ്.എഫ്.ഐ- ജെ.എന്‍.യു എന്ന പേരില്‍ പ്രവര്‍ത്തിക്കും എന്ന് തീരുമാനിച്ചിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ആശയസമരം അങ്ങനെ പുതിയ തലങ്ങളിലേക്കെത്തിയിരിക്കുന്നു. ഒഞ്ചിയം മോഡല്‍ കലഹത്തിന് ഒരുപക്ഷേ ജെ.എന്‍.യുവും സാക്ഷ്യം വഹിച്ചേക്കാം.
ചോദ്യങ്ങളുയരുമ്പോള്‍ അതിന് ഉത്തരം നല്‍കാതെ ആ നാവിനെ നിശബ്ദമാക്കുന്ന നടപടികള്‍ ഇനിയും തുടരട്ടെ, വിമര്‍ശനമുയരുമ്പോള്‍ മുഖം തിരിച്ച് അവരിനിയും വിമര്‍ശനങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് പോവട്ടെ, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗ്ഗവഞ്ചകരും,കുലംകുത്തികളുമാക്കട്ടെ. എന്തുതന്നെയായാലും എവിടെയൊക്കെയോ പോരാട്ടം തുടരുക തന്നെയാണ്.



മലയാളനാടില്‍ പ്രസിദ്ധീകരിച്ചത്

0 വായന:

Post a Comment

© moonnaamidam.blogspot.com