ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റിപ്പോയവന്റെ ഓര്‍മ്മ


വേര്‍പാടിന്റെയും നഷ്ടസ്വപ്നങ്ങളുടെയും കഥ പറയുന്ന ഇറാനിയന്‍ ചിത്രമാണ് 'എ സെപരേഷന്‍'. നാടകീയമായ പര്യവസാനവും, മനുഷ്യപ്രേരകത്തിനും സ്വഭാവത്തിനും തീവ്രമായ അന്തര്‍ദര്‍ശനവുമുള്ള ഈ ചിത്രം ഒരു പ്രത്യേകമറയ്ക്ക് പുറകില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ പ്രേക്ഷകനിലേക്ക് അതിന്റെ വികാരങ്ങളോട് കൂടിത്തന്നെ എത്തിക്കുന്നു.

വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡും ബെര്‍ലിന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നോളം അവാര്‍ഡുകളും നേറ്റുകയും ചെയ്ത ഈ ചിത്രം നമ്മളാരും മുന്‍പ് പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ഇറാനിയന്‍ ചിത്രമാണെന്ന് പറയാതിരിക്കാനാവില്ല. ജാഫര്‍ പനാഹിക്ക് ആവിഷ്കാരസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നതിന് തൊട്ട് മുന്‍പിറങ്ങിയ ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

അസ്ഹര്‍ ഫര്‍ഹാദി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം തീക്ഷ്ണമായ ചില ബന്ധങ്ങളുടെയും, അവയുടെ വേര്‍പാടുകളുടെയും കഥയാണ് പറയുന്നത്. ആഖ്യാനരൂപത്തിലുള്ള അവതരണത്തിന്റെ മിടുക്കുകൊണ്ട് കരുത്താര്‍ജ്ജിച്ചതാണ് ഈ ചിത്രം എന്നു പറയാം. ആല്‍ഫ്രഡ് ഹിച്കോക്കിന്റെ സങ്കീര്‍ണ്ണമായ ശ്രദ്ധ, ഇങ്മര്‍ ബര്‍ഗ്മാന്റെ വികാരധീനമായ ആഘാതത്തെ തകര്‍ത്തെറിയുന്നതുമായി യോജിപ്പിച്ചാല്‍ ലഭിക്കുന്ന ഒരുത്പന്നമെന്നപോലെയാണ് എനിക്ക് ഈ ചിത്രത്തെ കാണാന്‍ കഴിഞ്ഞത്.

പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തില്‍ നിന്ന് ചില വാക്കുകളെ വിട്ടുകളഞ്ഞുകൊണ്ടുള്ള ഒരു ശൈലിയില്‍, ഒരു ശരാശരി പ്രേക്ഷകന് പെട്ടെന്ന് പിടികൊടുക്കാനനുവദിക്കാതെ അവനെ ഭ്രാന്ത് പിടിപ്പിക്കുന്നവയായിരുന്നു ഒട്ടുമിക്ക ഇറാനിയന്‍ ചിത്രങ്ങളും. എന്നാല്‍ 'എ സെപ്പരേഷന്‍' അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ശരാശരി പ്രേക്ഷകനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ടെഹ്റാനിലെ വിദ്യാസമ്പന്നരായ ഒരു മധ്യവര്‍ഗ്ഗകുടുംബത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവര്‍ക്ക് ധാരാളം പ്രശ്നങ്ങളുണ്ട്. വ്യക്തിപരമായ പരിതസ്ഥിതികളുടെ പ്രശ്നങ്ങള്‍. നമുക്കെല്ലാം ഉള്ളതുപോലെയുള്ള അത്തരം പ്രശ്നങ്ങള്‍ പതിയെപ്പതിയെ മഴത്തുള്ളികള്‍ വെള്ളപ്പൊക്കമായി പരിണമിക്കുന്നതുപോലെ അവരുടെ കൈപ്പിടിയില്‍ നിന്ന് അകന്നുപോവുന്നു. ചെറിയ തെറ്റിദ്ധാരണകള്‍, ആശയക്കുഴപ്പങ്ങള്‍, ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ എന്നിവ പതുക്കെ അവരുടെ പേടിസ്വപ്നങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. അത് അവരെയും അവര്‍ക്കിടയിലൂറ്റെ കടന്നുപോകുന്നവരെയും ക്രൂരമായി വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2009ലെ ശ്രദ്ധേയമായ 'എബൗട്ട് എല്ലി' എന്ന സിനിമയ്ക്ക് ശേഷം ഫര്‍ഹാദി സംവിധാനം ചെയ്ത ഈ ചിത്രം ഇറാനിയന്‍ സമൂഹത്തില്‍ മുറിവേല്‍പ്പിക്കപ്പെടുന്ന ചില കാഴ്ചകളെ തീര്‍ത്തും ലളിതമായ രീതിയില്‍ വെളിപ്പെടുത്തിത്തരുന്നു. ഇതിലൂറ്റെ സമൂഹത്തിന്റെ വര്‍ഗ്ഗത്തിനടിസ്ഥാനപ്പെടുത്തിയ വേര്‍തിരിവും, രാഷ്ട്രീയതത്വശാസ്ത്രത്തിനടിസ്ഥാനപ്പെടുത്തിയ ഓരം ചേര്‍ക്കലുമെല്ലാം തെളിഞ്ഞു കാണുന്നുണ്ട്. ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയിലുണ്ടാവുന്ന വ്യക്തിപരമായ അകല്‍ച്ചയുടെ കൂട്ടുപിടിച്ചാണ് ഫര്‍ഹാദി എന്ന സംവിധായകന്‍ ഈ സാഹസങ്ങള്‍ക്കെല്ലാം മുതിരുന്നത്.

നാദര്‍(പെന്മന്‍ മൗദി) എന്ന ഭര്‍ത്താവും, ഭാര്യയായ സിമിനും(ലൈല ഹതാമി) സ്ക്രീനില്‍ കാണാത്ത ന്യായാധിപനോട് (ക്യാമറയ്ക്ക് നേരെ/പ്രേക്ഷകന് നേരെ) സംസാരിക്കുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. സിമിന് ഇറാനില്‍ നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പോവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ഭര്‍ത്താവിന് അതിനോട് തീരെ താത്പര്യമില്ല. ആ ഒരൊറ്റ കാരണം കൊണ്ട് സിമിന്‍ മനസ്സില്ലാമനസ്സോടെ വിവാഹമോചനത്തിന് അപേക്ഷിക്കുകയാണ്.

തന്റെ പത്ത് വയസ്സുകാരിയായ മകള്‍ ടെര്‍മെ(സറീന ഫര്‍ഹാദി)യുടെ മികച്ച ജീവിതസാഹചര്യത്തിന് വേണ്ടിയാണ് സിമിന്‍ ഇറാന്‍ വിട്ടുപോവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നാദര്‍ എണ്‍പത് വയസ്സായ, അള്‍ഷിമേഴ്സ് ബാധിച്ച തന്റെ അച്ഛനെ വിട്ടുപോവാന്‍ സാധിക്കാത്തതിനാലാണ് സിമിനോടൊപ്പം പോവാന്‍ വിസമ്മതിക്കുന്നത്. "അദ്ദേഹത്തിന് നിങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ മകന്‍ എന്നുപോലും അറിയില്ല" എന്ന് സിമിന്‍ ദേഷ്യത്തോടെ നാദിറിനോട് പറയുന്ന രംഗമുണ്ട്. അതിന് മറുപടിയായി "എന്നാല്‍ എനിക്കറിയാം അദ്ദേഹം എന്റെ അച്ഛനാണെന്ന്" എന്ന് പറയുമ്പോള്‍ നാം മറക്കുന്ന, മനഃപ്പൂര്‍വ്വം ഇടപെടാന്‍ മടിക്കുന്ന വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്.

തന്റെ ആഗ്രഹങ്ങക്കെല്ലാം എതിരായി കാര്യങ്ങള്‍ വന്നപ്പോള്‍ സിമിന്‍ തന്റെ കുടുംബത്തില്‍ നിന്ന് മാറി അവളുടെ രക്ഷിതാക്കളുടെ അടുത്തേയ്ക്ക് പോവുന്നു. അവരുടെ മകളാണെങ്കില്‍ നാദിറുമായി നല്ല അടുപ്പത്തിലാണ് അതുകൊണ്ട് തന്നെ സിമിന്‍ വിളിച്ചപ്പോള്‍ അവള്‍ സിമിനോടൊപ്പം പോവാന്‍ വിസമ്മതിക്കുകയും നാദിറിനൊപ്പം കഴിയാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു. ഇതിനിടയിലും പിണങ്ങിപ്പോയ തന്റെ ഭാര്യ മടങ്ങിവരും എന്ന ആശയോടെ നാദിര്‍ മകളോടൊത്ത് തന്റെ അച്ഛനെ ശുശ്രൂഷിച്ച് കഴിയുകയാണ്.

ഇതേസമയം പകല്‍ സമയത്ത് തനിച്ചാവുന്ന അച്ഛനെ നോക്കാന്‍ നാദിര്‍ ഒരു ജോലിക്കാരിയെ അന്വേഷിക്കുന്നു. റസിയ (സാറ ബായത്) എന്ന സ്ത്രീയാണ് ജോലിക്കാരിയായി വരുന്നത്. അങ്ങേയറ്റം ഈശ്വരവിശ്വാസിയും ഏറ്റെടുക്കപ്പെട്ട ആ ജോലി ചെയ്യാന്‍ അശക്തയുമായിരുന്നു അവര്‍. നാദിറിന്റെ അച്ഛന്‍ ആത്മനിയന്ത്രണമില്ലാത്ത തീര്‍ത്തും നിസ്സഹയനായ ഒരാളാണെന്ന് മനസ്സിലാവുമ്പോള്‍ ചില കാര്യങ്ങളില്‍ അയാളെ സഹായിക്കാന്‍ തനിക്കനുവാദമുണ്ടോ എന്ന് റസിയ ഒരു ഇമാമിനെ വിളിച്ച് ചോദിക്കുന്നതിലൂടെ മതപരമായ ചിട്ടയോടെ ജീവിക്കുന്ന യാഥാസ്ഥിതികയായ ഒരു സ്ത്രീയാണ് അവരെന്ന് തെളിയുന്നുണ്ട്.
ഒരു തിയ്യറ്ററിന്റെ വിശാലമായ പശ്ചാത്തലം ഈ സിനിമയ്ക്കുണ്ട് എന്നും അത് ഞാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും സംവിധായകന്‍ തന്നെ മുന്‍പ് ഒരു വേദിയില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഈ സിനിമയുടെ വിജയവും പ്രേക്ഷകസ്വീകാര്യതയും വെറുമൊരു ആകസ്മികസംഭവവുമല്ലതാനും.

ആദ്യദിവസത്തെത്തന്നെ ചില സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട റസിയ അവരുടെ തൊഴില്‍രഹിതനായ ഭര്‍ത്താവായ ഹൊദ്ജത്തിന് (ഷഹാബ് ഹുസൈനി) വേണ്ടി ആ ജോലി ആവശ്യപ്പെട്ടു. എന്നാല്‍ ഹൊദ്ജത്ത് ജോലി ഏറ്റെടുക്കുമെന്നറിയിച്ച ദിവസം അയാള്‍ക്കവിടെ എത്താനാവാതെ വരികയും റസിയ തന്നെ വീണ്ടും അവിടേക്ക് വരികയും ചെയ്യുന്നു. അവിടെ വച്ചാണ് സിനിമയുടെ ഗതിയില്‍ മാറ്റം സംഭവിക്കുന്നത്.

അന്നേദിവസം നേരത്തെ വീട്ടിലെത്തുന്ന നാദിറും ടെര്‍മെയും റസിയയെ അവിടെ കാണുന്നില്ല. തന്റെ അച്ഛന്‍ കട്ടിലില്‍ നിന്നും താഴെ വീണുകിടക്കുന്നതും അയാളുടെ കൈ കെട്ടിയിട്ടതായും കണ്ട നാദിര്‍, റസിയ കളവ് നടത്തി അവിടെനിന്നും രക്ഷപ്പെട്ടതാണെന്ന് കരുതുന്നു. എന്നാല്‍ അല്പസമയത്തിനകം റസിയ മടങ്ങിവരികയും റസിയയും നാദറും തമ്മില്‍ വാകുതര്‍ക്കമുണ്ടാവുകയും ചെയ്യുന്നു. അവസാനം വീട്ടില്‍ നിന്ന് റസിയയെ നാദര്‍ തള്ളിപ്പുറത്താക്കി വാതിലടയ്ക്കുന്നു. പുറത്ത് ചെന്ന് വീഴുന്ന റസിയ അന്നത്തെ കൂലിക്ക് വേണ്ടി അപേക്ഷിക്കുമെങ്കിലും നാദര്‍ അവളോട് ക്രൂരമായി പെരുമാറുന്നു.

പിറ്റേദിവസം റസിയ ഹോസ്പിറ്റലിലാണെന്നറിയുന്ന നാദര്‍, ഭാര്യയായ സിമിനോടൊത്ത് ഹോസ്പിറ്റലിലേക്ക് ചെല്ലുന്നു. അവിടെ വച്ച് റസിയയ്ക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചതാണെന്ന് വസ്തുത അവരറിയുകയും,ഹൊദ്ജത്തിനെ ആശ്വസിപ്പിക്കാനായി ചെളുകയും ചെയ്യുന്നു. എന്നാല്‍ വസ്തുതകളറിയുന്ന ഹൊദ്ജത്ത് നാദറിനെ മര്‍ദ്ദിക്കുകയാണ് ചെയ്യുന്നത്.

ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കൊന്ന കേസ് കോടതിയിലെത്തുകയും കോടതിയില്‍ വച്ച് ഇരുകൂട്ടരും തങ്ങളുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കുകയും അവരവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇതിനിടെ നാദര്‍ മോഷണശ്രമമാരോപിച്ച് റസിയയ്ക്കെതിരെ കേസ് കൊടുക്കുന്നു. അവസാനം നാദിറിനെ ജയിലിലടയ്ക്കാന്‍ വിധി വരുമ്പോള്‍ നാദര്‍ തന്നെ ജയിലിലടയ്ക്കരുതെന്നും സമൂഹത്തില്‍ താന്‍ ഒറ്റപ്പെട്ടുപോവുമെന്നും പറഞ്ഞ് വിതുമ്പുന്നുണ്ടെങ്കിലും ജഡ്ജി തന്റെ വിധിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്.

ഈ സംഭവം കോടതിക്ക് പുറത്തും അനുദിനം വഷളായിക്കൊണ്ടിരുന്നു. കോടതിയില്‍ റസിയയ്ക്കെതിരെ സാക്ഷി പറഞ്ഞ ടെര്‍മെയുടെ ടീച്ചറെ ഹൊദ്ജത്ത് സ്കൂളില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാമിടയില്‍ തളര്‍ന്നുപോവുന്ന ടെര്‍മെയ്ക്ക് ആരും ആശ്വാസമേകുന്നില്ല. അവള്‍ക്ക് എല്ലാ കാര്യങ്ങളിലും സംശയം തോന്നിത്തുടങ്ങുന്നു. ഇതേസമയം സിമിന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഹൊദ്ജത്തിന് പണം വാഗ്ദാനം ചെയ്യുന്നു. അതിന് ശേഷം റസിയയെക്കണ്ട് ഇക്കാര്യം സംസാരിക്കുമ്പോള്‍ തന്റെ ഗര്‍ഭച്ഛിദ്രത്തിന് കാരണം നാദിര്‍ തന്നെയാണെന്ന് തനിക്കുറപ്പില്ലെന്നും ആ പണം ഹൊദ്ജത്തിന് നല്‍കരുതെന്നും റസിയ ആവശ്യപ്പെടുന്നു. ഇതോടെ ആ പ്രശ്നം പതിയെപ്പതിയെ അവസാനിക്കുന്നു.

അവസാനരംഗത്തില്‍ വീണ്ടും നാം ആദ്യം കണ്ട കോടതിമുറിയാണ് കാണുന്നത്. അവിടെ നാദറും സിമിനും വിവാഹമൊചനത്തിന്റെ അപേക്ഷയില്‍ വിധികാത്തിരിക്കുകയാണ്. വിധി സിമിന് അനുകൂലമായി വിധിക്കുന്നു. ടെര്‍മെ ആരുടെ കൂടെ പോവണമെന്ന് അവള്‍ തീരുമാനിക്കുമെന്ന് കോടതി പറയുന്നു. അവളുറ്റെ തീരുമാനത്തിനായി നാദിറും സിമിനും പുറത്ത് കാത്തുനില്‍ക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

ഈ സിനിമയുടെ ഒരാകര്‍ഷണം ഓരോ ദിവസങ്ങളുറ്റെയും ചിത്രീകരണം ഒരു സമൂഹത്തിലെ വിവിധ സാഹചര്യങ്ങളേയും സ്വഭാവങ്ങളേയും ചുറ്റിപ്പറ്റിയാണ് എന്നതാണ്. ഒരു രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ സങ്കീര്‍ണ്ണത നിയതാമയ മതാചാരത്തില്‍/മതവിശ്വാസത്തില്‍ നിലനില്‍ക്കുന്നതിനെ ഈ ചിത്രത്തിലൂടെ ഫര്‍ഹാദി തുരന്നു കാണിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് സംവിധായകന്‍ ഇടപെട്ടിട്ടുള്ളത് എന്ന് വ്യക്തമാണ്. ഓരോരുത്തര്‍ക്കും ഇതില്‍ ചെയ്യാവുന്നത്ര നല്ല അവതരണം ഇതിനുണ്ടായത് വികാരക്ഷോഭജന്യമായ റിഹേഴ്സലിലൂടെയായിരിക്കണം. കാരണം ഒരു തിയ്യറ്ററിന്റെ വിശാലമായ പശ്ചാത്തലം ഈ സിനിമയ്ക്കുണ്ട് എന്നും അത് ഞാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും സംവിധായകന്‍ തന്നെ മുന്‍പ് ഒരു വേദിയില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഈ സിനിമയുടെ വിജയവും പ്രേക്ഷകസ്വീകാര്യതയും വെറുമൊരു ആകസ്മികസംഭവവുമല്ലതാനും.

വൈശിഷ്ട്യമാര്‍ന്ന മാനസികസാഹചര്യങ്ങള്‍ തുറന്നുകാണിക്കാന്‍ അവതരണം അനുവദിക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ ഏറ്റവും പ്രധാനഘടകം. വിവിധ കാഴ്ചപ്പാടുകളില്‍ മേല്‍പ്പറഞ്ഞ രീതിയെ പ്രേക്ഷകര്‍ക്ക് നോക്കിക്കാണാം. ഓരോ സീനുകളെയും ചികഞ്ഞുനോക്കി പരിശോധിക്കാം. എങ്ങിനെ നോക്കിയാലും അതിനെല്ലാമുള്ള സാധ്യതകള്‍ ഓരോ സീനിലും സംവിധായകന്റെ അറിവോടുകൂടിയോ അല്ലാതെയോ കടന്നുവന്നിട്ടുണ്ട്.

തെറ്റുപറ്റാവുന്നവരാണ്‍എല്ലാവരും. എന്നാല്‍ അവരെല്ലാം അവരവരുടെ ആവലാതികളും സങ്കടങ്ങളും പറഞ്ഞ് സ്വയം ന്യായീകരിക്കുന്നവരുമാണ് എന്ന് ഇതിലൂടെ ഫര്‍ഹാദി പറയുന്നു. പ്രശസ്തനായ ഫ്രഞ്ച് സംവിധായകന്‍ ജീന്‍ റിനോയര്‍ ഈ സിനിമ കണ്ട ശേഷം ഇതിനെ ഒരൊറ്റ വാക്കിലാണ് സംക്ഷേപിച്ചത്, "The real hell of life in that everyone has this reasons".

3 വായന:

shahjahan said...

ഈ സിനിമ കണ്ട ഒരു അനുഭൂതി..കാണാന്‍ ശ്രമിക്കാം..നന്ദി സുഹൃത്തേ.

Unknown said...

ഖത്തറിൽ കഴിഞ്ഞ ദിവസം ഈ സിനിമ പ്രദർശിപ്പിച്ചു. എത്ര ആവേശകരമായ ആസ്വാദനമാണ് ഈ സിനിമ നൽകിയത്. എല്ലിയും നല്ല സിനിമയാണ് വളരെ ലളിതമായ കഥ എത്ര രസകരമായാണ് അവതരിപ്പിച്ചത്0
ദൈവവിശ്വാസവും പ്രായോഗികജീവിതവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊടുതൽ ദുരുതമനുഭവിക്കുന്നത് സ്ത്രീകളാണ്. വൃദ്ധനായ ഒരാളെ ശുശ്രൂഷിക്കാൻ പോലും ഇമാമിനെ വിളിച്ച് മതവിധി ചോദിക്കുന്ന ഭാര്യ, സ്വന്തം ആവശ്യത്തിന് ഖുറാനുമായി ചെന്ന് സത്യം ചെയ്യിക്കുന്ന ഭർത്താവ് മറ്റൊരവസരത്തിൽ അസത്യം ചെയ്യാൻ നിർബന്ധിക്കുന്നുണ്ട്.
നല്ല ആസ്വാദനം. നന്ദി

Anonymous said...

theerchayaayum ee cinima kaananam,kaanum

Post a Comment

© moonnaamidam.blogspot.com