ഏകാന്തതയിലേക്ക് പൊഴിഞ്ഞു വീഴുന്ന എന്റെ പ്രണയപുഷ്പങ്ങള്‍






പുറമേ വസന്തവും അകത്ത് കൊടിയവേനലില്‍ ഉരുകിയൊലിക്കുന്നതുമായ ചില സമയങ്ങളുണ്ട് ജീവിതത്തില്‍.പ്രണയത്തിന്റെ ഉഷ്നവും, അതിന്റെ ചൂടില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പുകണങ്ങളുമായി എനിക്കും പാകപ്പെടേണ്ടി വന്ന ചില ദിവസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൂടെ ആ പ്രണയത്തിന്റെയും, പ്രണയനഷ്ടത്തിന്റെയും വഴിത്താരകളില്‍ ഞാന്‍ ഞാനല്ലാതായി അലഞ്ഞിട്ടുണ്ട്. ഇന്നും ആ പ്രണയത്തിന്റെ ചിരിയും, ചിണുക്കവും, ചുവന്ന പനിനീര്‍പ്പൂവും ആര്‍ക്കും നല്‍കാതെ ഞാനെന്റെ ഡയറിത്താളുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു. തട്ടിപ്പറിക്കാന്‍ വന്നവനും, ചീന്തിയെറിയാന്‍ വന്നവനും പിടികൊടുക്കാതെ ഒരു പ്രൂഫ് റീഡര്‍ ആദ്യത്തെ കോപ്പി വായിക്കുന്നതുപോലെ ഞാനിതിപ്പൊഴും വായിച്ചുകൊണ്ടേയിരിക്കുന്നു, ഒട്ടും മടുപ്പ് തോന്നുന്നതേയില്ല.

വെളിച്ചം കൊണ്ട് വഴിതീര്‍ത്ത ചില ഇരുട്ടുകള്‍, ഏകാന്തതയുടെ കനമുള്ള ചില വിജനസ്ഥലികള്‍, സന്ധ്യമറിഞ്ഞുവീഴാറായ ചില മൈതാനമധ്യങ്ങള്‍... ഇവിടെയൊക്കെയായിരുന്നു ഞാനവനുമായി കൂടുതലടുത്തത്. അവന്റെ നിര്‍ബന്ധങ്ങളിലൂടെയും പിടിവാശികളിലൂടെയുമായിരുന്നു ഞാനെന്റെ പ്രണയത്തെ ആദ്യമായി കോളേജ് മാഗസിനിലേക്ക് പകര്‍ത്തിയത്. പ്രണയത്തെ ഇപ്പോഴും കാമ്പസുകള്‍ നെഞ്ചേറ്റുന്നതുകൊണ്ടാണോ എന്നറിയില്ല, ഒരുപാട് അഭിനന്ദനങ്ങളും കുത്തുവാക്കുകളും എനിക്കേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നീടങ്ങോട്ട് പലര്‍ക്കും ഞാന്‍ പ്രണയക്കുറിപ്പുകള്‍ എഴുതിക്കൊടുത്തിട്ടുമുണ്ട്.

ഓര്‍മ്മകളും പ്രതീക്ഷകളുമാണ് എല്ലാവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ നെടുവീര്‍പ്പും ഓരോ ഓര്‍മ്മകളെയാണ് പുറംതള്ളുന്നത്. ആ കാറ്റിലാണ് മറ്റുള്ളവര്‍ക്ക് കുളിര് തോന്നുന്നത്. അങ്ങനെ നമ്മുടെ കാലടികളാണ് നമ്മുടെ സഹയാത്രികര്‍ക്ക് പുല്‍ത്തകിടികളാവുന്നത്...

ആരും താമസിക്കാനില്ലാത്ത, നിശബ്ദതകള്‍ പുരമേഞ്ഞിട്ട, കിനാവുകളിടിഞ്ഞു വീണ എന്റെ പ്രണയവീട്ടിലെ ചില ശബ്ദങ്ങള്‍, ശബ്ദങ്ങളല്ല, ചില ചുണ്ടനക്കങ്ങള്‍... ഒരുപാട് സ്വപ്നനഷ്ടത്തിന്റെയും, കാണാന്‍ കൊതിച്ച, ജീവിക്കാനാശിച്ച നിമിഷങ്ങളുടെയും, കിട്ടാക്കടങ്ങളുടെയും നൊമ്പരങ്ങള്‍ ഒരു പൈങ്കിളിക്കഥപോലെ എന്റെ ഡയറിത്താളുകളില്‍ നിന്ന് പകര്‍ത്തുകയാണിവിടെ..

11/08/2011

കഴിഞ്ഞുപോയ കുറച്ച് ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകതീരുമാനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നീക്കി വച്ചവയായിരുന്നു. ഞാന്‍ നേരിടേണ്ട ജീവിതം, അതിന്റെ രാഷ്ട്രീയം, നിലപാട് അവയെന്തായിരിക്കണമെന്ന ഒരുത്തരത്തിന് വേണ്ടിയുള്ള അനിവാര്യത! വഴുക്കുന്ന ഒരു പ്രതലത്തില്‍ ചവിട്ടി നില്‍ക്കുന്നതാണ് ജീവിതം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരടി മുന്നോട്ടാണോ, ഒരടി പിന്നോട്ടാണോ ചലനം എന്ന് നിര്‍ണ്ണയിക്കാനാവാത്ത നിശ്ചലമല്ലാത്ത നിശ്ചലത! ആ വഴുക്കുന്ന പ്രതലത്തില്‍ ചവിട്ടി മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം അശ്ലീലമാവുന്നു.. ഞാന്‍ ആ ആള്‍ക്കൂട്ടത്തിനുള്ളില്‍ ഒരു നുരയ്ക്കുന്ന പുഴുവായിത്തീരുന്നു!

ചത്താലും ഞാന്‍ എങ്ങനെ എന്നെ ആവിഷ്കരിക്കും എന്നാലോചിച്ച് നില്‍ക്കുന്ന ഒരുവള്‍.... അവളെ എങ്ങനെ എന്നിലേക്കാവിഷ്കരിക്കും എന്നാലോചിക്കുന്ന ഞാന്‍..... ഇതിനിടയില്‍ എത്ര പിടഞ്ഞിട്ടും വേര്‍പെടുത്താനാവാത്ത ഒരു വേദന! അവള്‍ ചിണുങ്ങും.... മയക്കം പിടിച്ചാല്‍ ചുമലിലേക്ക് ചാരും.... വിശന്നാല്‍ ബര്‍ഗറിന്റെ പകുതി ചോദിച്ച് വാങ്ങും!! അവള്‍ കാറ്റ് വീശും തോറും പാറിപ്പാറി കളിക്കുന്ന ഒരു വെറും ചപ്പില....

തുറന്നുവച്ചിട്ടാണോ എന്നറിയില്ല, അവളുടെ ഓര്‍മ്മകളുടെ ഗന്ധം പോയിരിക്കുന്നു. വളപ്പൊട്ടുകള്‍ക്കും, അവള്‍ പെറുക്കിത്തന്ന കുന്നിക്കുരുവിനും പകരം ഇന്നെന്റെ കയ്യിലുള്ളത് ഇതള്‍ കൊഴിഞ്ഞുപോയ ഒരു ചുവന്ന റോസാപുഷ്പമാണ്.. കൂടെ ഒരൊടിഞ്ഞു വീണ മഴവില്ലും! എത്ര എറിഞ്ഞാട്ടിപ്പായിച്ചാലും തിരിച്ചുവരുന്ന നാണമില്ലാത്ത കുറേ ഓര്‍മ്മകള്‍.....

ഒരുപാട് ആത്മഗതങ്ങള്‍...അവയ്ക്ക് മുകളിലൂടെ കണ്ണീര്‍നനവുള്ള ഒരു കാറ്റ് വീശുന്നു. അതെഴുതിപ്പോവുന്നത് അവളുടെ പേരാണ്... എത്ര തൊട്ടിട്ടും വാടിപ്പോവാത്ത ഒരു തൊട്ടാവാടി!

എന്റെ ക്യാമറകള്‍ ഒപ്പിയെടുത്ത ചില ഛായാചിത്രങ്ങള്‍.... പലരും നേരെചൊവ്വേ കാണട്ടെ അവയെല്ലാം.... എവിടെയായാലും ഞാനുണ്ടല്ലോ കണ്ണീര്‍ വാര്‍ക്കാന്‍! ആര്‍ക്കും വേണ്ടാത്ത എന്നെയെന്തിനാ നീ ഉമ്മവയ്ക്കുന്നത്? മഷിത്തണ്ടുകൊണ്ട് എന്റെ സ്ലേറ്റില്‍ വരച്ച നിന്റെ ചിത്രം ഞാനിപ്പോള്‍ മായ്ച്ചുകൊണ്ടിരിക്കുകയാണ്....!

ഈ കര്‍ക്കടകമഴയിലും മിന്നലിലും എനിക്ക് കുളിരുന്നില്ല. മിന്നല്‍ ഇടക്കിടെ വീഴ്ത്തുന്ന ചതുരനിഴലുകളില്‍ എന്റെ ഓര്‍മ്മകളെ ഞാന്‍ കിളച്ചുമറിക്കുകയാണ്..... എന്നിട്ട് വേണം കുറച്ച കണ്ണീര്‍ നനവില്‍ മുളപ്പിച്ചെടുത്ത ചില വിത്തുകള്‍ പാകാന്‍.... അവളുടെ ഒടുവിലത്തെ വിളി എന്റെ കാതില്‍ നിന്ന് ഇപ്പൊഴും വറ്റിപ്പോയിട്ടില്ല.... ഇനി എനിക്ക് കാത്തിരിക്കാമല്ലൊ....ഞാന്‍ നട്ട വിത്തുകള്‍ മുള പൊട്ടുന്നതും കാത്ത്!!!!

16/08/2011


പ്രണയത്തിന്റെ ഏത് ഭാവുകത്വത്തെയാണ് ഈ ലോകം ഇന്ന് നേരിടുന്നത്? പ്രണയം അനുഭവിച്ച എല്ലാ കമിതാക്കളും അവരവരുടെ കാലഘട്ടങ്ങളില്‍ ആത്മസംഘര്‍ഷം അനുഭവിച്ചവരാണ്. അവര്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന് സമാനമായ ചില അനുഭവങ്ങള്‍ ഇന്ന് ഞാനും പങ്ക് പറ്റുന്നുണ്ട്... ഇല്ലെന്ന് പറഞ്ഞാല്‍ അത് ശുദ്ധനുണ.

ഭൂതകാലചിത്രപടം നിവര്‍ത്തി വയ്ക്കുമ്പോള്‍ അതില്‍ നിറയെ നിന്റെ ചിത്രങ്ങളും, നിന്നിലേക്കുള്ള വഴികളുമാണ്... കുപ്പായത്തില്‍ പരന്ന മാങ്ങാച്ചാറിന്റെയും ചെളിയുടേയും കറകണ്ട് നീ എന്നെ ചിത്രകാരനാക്കി.... കൈത്തണ്ട കൊണ്ട് മൂക്കീര് തുടച്ചപ്പോഴും ഞാനൊരു ചിത്രകാരന്‍... എന്നാല്‍ ഒരു മഴത്തുള്ളി കൊണ്ട് നിന്നെ ഞാനൊന്ന് വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നിനക്കൊരു അഹങ്കാരി..!!

മഞ്ഞയായിരുന്നു നിന്റെ ഇഷ്ടനിറം... വെളിച്ചത്തിന്റെ മാറാല കെട്ടിയ ചെണ്ടുമല്ലിപ്പൂവിന്റെ ചിതറിയ ഇലകള്‍ അന്നെഴുതിയിരുന്നത് നിന്റെ പേരായിരുന്നു... മൂക്കുത്തിയിടാന്‍ കൊതിച്ചിരുന്ന പെണ്ണിന്റെ മൂക്കില്‍ വെയിലിന്റെ ഒരു കഷ്ണം മറുകുപോലെ തെളിഞ്ഞുകിടന്നിരുന്നു!

എത്രയെത്ര ചെമ്പകപ്പൂക്കളായിരുന്നു ഞാന്‍ നിനക്ക് സമ്മാനിച്ചിരുന്നത്? ഇന്ന് പ്രണയത്തിന് ചെമ്പകപ്പൂവിന് സ്ഥാനമില്ലാതായിപ്പോയെങ്കിലും നിശബ്ദമായി ഇന്നും അവ ഒരുപാട് പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പൂവില്‍ നിന്ന് തീപ്പിടിപ്പീക്കാമായിരുന്നെന്ന് എനിക്ക് ഇത്രനാളും അറിയുമായിരുന്നില്ല.... വീടിനെയും വീട്ടുകാരെയും ചാമ്പലാക്കാമെന്നും.....


മഴയുടെ മരത്തില്‍ നിന്ന് മിന്നലുകള്‍ താഴെ വീണുടയുന്നുണ്ട്.... കമിഴ്ന്ന് കിടന്ന് മണ്ണിനെ ചുംബിക്കുകയാവാം എന്നില്‍ നിന്നുതിര്‍ന്നുവീണ കണ്ണീര്‍ത്തുള്ളികള്‍... അറബിക്കഥയിലെ സുല്‍ത്താനായും ബീവിയായും കണ്ട സ്വപ്നങ്ങളെല്ലാം ഇന്ന് ചിതലരിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളായിരിക്കുന്നു. സഹിക്കാനാവുന്നില്ല, അതിനടിയില്‍ കിടക്കുന്ന എന്റെ എട്ട് സെന്റ് ഭൂമിയില്‍ ഞാന്‍ പണിത എന്റെ സ്വപ്നവീടിന്...!

മറ്റുള്ളവരുടെ കതകുകള്‍ ഞാന്‍ വലിച്ചടയ്ക്കുന്നു.. ഇനി അവ തള്ളിത്തുറക്കാനേ പോവുന്നില്ല. എന്തെന്നാല്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അടിമയാക്കുന്നതാണ് പ്രണയം (അത് നേരെ തിരിച്ചുമാവാം). ഈ വാദം എന്റേത് മാത്രമാണ്. കാഴ്ചയെ, കേള്വിയെ, ഓടുന്ന ജലത്തെ, സ്വന്തം കൈവശമുള്ള ഓര്‍മ്മയെ, ഡിസ്കൗണ്ടും കമ്മീഷനും പലിശയും ചോദിക്കാത്ത എന്റെ കൈകളെ, അവളുടെ കയ്യില്‍ പക്ഷിയെപ്പോലെ ഒതുങ്ങി മിണ്ടാതിരിക്കാന്‍ തയ്യാറല്ലാത്ത എന്നെ....എല്ലാം അവള്‍ക്ക് ഭയമാണ്...!
മുക്കുറ്റികള്‍ പൂത്തുതുടങ്ങി...... അവയ്ക്കും മഞ്ഞ നിറം... അവയ്ക്കു മുകളില്‍ പാകമായി വീഴാറായ ജലപ്പഴങ്ങള്‍... മഞ്ഞിന്റെ അലുക്ക് തൂക്കിയ മാറാലകളുടെ മണിയറയില്‍ അവളുടെ വരവും കാത്തിരിക്കുന്ന എട്ടുകാലി....!!

ഇനി ഒന്ന് പുനര്‍ജ്ജനി നൂഴണം.... പഴയ വേഷം അഴിച്ചുവച്ച് ജീവിച്ച് തീര്‍ത്ത കുറുകിയ അനുഭവങ്ങളിലൂടെ ഓര്‍മ്മകളെ മുഴുവന്‍ മുറിച്ച് കടക്കണം എനിക്ക്.....!!


17/08/2011


പറഞ്ഞാലും പറഞ്ഞാലും പറഞ്ഞുതീരാത്ത വിശേഷങ്ങള്‍....കേട്ടാലും കേട്ടാലും മതിവരാത്ത വിശേഷങ്ങള്‍..... വാക്കുകളൊരു കുമ്പിള്‍ ജലമായി പരിണമിക്കും തോറും, ഒരോ തുള്ളിയും താഴെ വീഴാതെ വിരലുകള്‍ ചേര്‍ത്തുപിടിക്കേണ്ടി വരുന്ന ഒരു കാലമുണ്ട്..! ആ കാലങ്ങളിലെല്ലാം ആവിഷ്കാരത്തിന്റെ പുതുരീതികള്‍ സ്വീകരിച്ച് എനിക്ക് ചില ആള്‍മാറാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുമുണ്ട്. അതോടൊപ്പം തന്നെ ഒരു കാറ്റോ, ശലഭമോ, പുതുപൂവിന്‍ ഗന്ധമോ വരും വരെ കാത്തിരിക്കണേ എന്ന് ഞാനവളോട് പലവട്ടം പറഞ്ഞിട്ടുമുണ്ട്..!

കെടാതെ പോവുന്ന പകലിനേക്കാള്‍ തെളിഞ്ഞ നാളമായി നില്‍ക്കുന്ന ചില സന്ധ്യകളില്‍ അവളുടെ വാക്കുകളെ എനിക്കെങ്ങനെ അവഗണിക്കാനാവും? കടന്നുവന്ന വഴികളെ അവിശ്വസിച്ചവനും, പ്രണയിനിയുടെ വാക്കുകള്‍ നഷ്ടപ്പെട്ടവനും അവന്റെ പാതകളുടെ ഓരത്ത് ഒറ്റമഴ കൊണ്ട് നില്‍ക്കുന്ന എന്നെ കണ്ടെത്താനാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

"പറയൂ നാട്ടിന്‍പുറ-
ത്തുള്ള പ്രണയങ്ങളുടെയെല്ലാം
രുചി ഈ ഓണ്‍ലൈന്‍
ഡേറ്റിങ്ങിലേത് പോലെയാണോ?" (രാമചന്ദ്രന്‍ മാഷിന്റെ വരികളെ ഒന്ന് വളച്ചതാണ്. ക്ഷമിക്കുമല്ലോ!)

സ്വന്തമുടല്‍ കൊണ്ട് പൊളിച്ചെടുക്കുന്ന പ്രണയസ്ഥലികളെല്ലാം എനിക്ക് ദേവാലയങ്ങളാണ്.. അതിന്റെ നടയിലെ തിരിനാളം പ്രകാശിക്കുന്ന ഒരു ശലഭത്തെപ്പോലെ പാറിക്കളിക്കുന്നു. എത്ര ശ്രമിച്ചിട്ടും എനിക്കതിനെ പിടിക്കാനേ കഴിയുന്നില്ല..!!

ഇഷ്ടമുള്ളത് പറയാനും ചെയ്യാനും സുഹൃത്തിനോടൊത്ത് ഒരു ചായ കുടിക്കാനും സിനിമ കാണാനും അലഞ്ഞ് അലഞ്ഞ് ഒരു കാറ്റില്‍ ഓടിയൊളിക്കാനും നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ... അത് ഞാന്‍ നിനക്ക് നല്‍കാം. പക്ഷേ, എനിക്കതില്‍ നിന്ന് കിട്ടുന്നത് പരോളില്ലാത്ത ഒരു തടവാണെന്ന യാഥാര്‍ത്ഥ്യം നീ മനസ്സിലാക്കുമെങ്കില്‍ മാത്രം..!!

പാടത്തിന്‍ വക്കത്തെ കാവില്‍ ഇനിയും വേലകള്‍ വരും... അന്ന് കരിവളയും ചാന്തും കണ്മഷിയുമായി വാണിഭക്കാരുമെത്തും...അന്ന് നിന്റെ വാക്കുകള്‍ക്കൊന്നും ഈ പകിട്ടുണ്ടാവില്ല... നിന്നെ കാത്ത് അക്ഷരങ്ങലിലൂടെ ആരും ഈ ആല്‍മരത്തണലില്‍ കാത്തുനില്‍ക്കില്ല..... വിക്കിയും വിറച്ചും മുടന്തിയും പോവുന്ന വാക്കുകളെ കണ്ട് അന്ന് നീ സ്റ്റാമ്പൊട്ടിക്കാത്ത എന്റെ പേരും വിലാസവുമെഴുതിയ ഇതേ ചാരക്കവറിന്റെ പുറത്ത് മായാതെ കിടക്കുന്ന ഈ വരികള്‍ നീ കാണും.... "ഇനി എനിക്കാവില്ല, ഇതിന്മേല്‍ സ്വയം എരിയാന്‍"...!!

26/08/2011

പ്രണയത്തെ ഇരുട്ടിലും കണ്ണീരിലും നിര്‍വ്വചിക്കുന്നവരാണധികവും.... ഹൃദയത്തിന്റെ താക്കോല്‍പ്പഴുതിലൂടൊളിച്ചു പോയവള്‍ക്കും, നിഴലുകളുടെ പ്രണയങ്ങളില്‍ പടവെട്ടി മുന്നേറിവന്നവര്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ടായിരിക്കും. നിനക്ക് ഞാനാരായിരുന്നു, എനിക്ക് നീയെന്തായിരുന്നു എന്നെല്ലാം അന്വേഷിച്ചലഞ്ഞ നാളുകള്‍.... പ്രണയത്തിന്റെ ഉന്മാദരാവുകള്‍... അലച്ചില്‍.. കാമുകിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം...!

ഓര്‍മ്മകളുടെ ആ ഒറ്റമരക്കൊമ്പില്‍ ഇന്ന് ഞാന്‍ ഏകനാണ്. മറവികള്‍ കൂടുകൂട്ടിയ ആ മരക്കൊമ്പില്‍ പ്രണയത്തിന്റെ മുള്‍മുനയില്‍ നിന്ന് വീണ് വാര്‍ന്നൊലിക്കുന്നവര്‍ക്കൊപ്പം ഞാനും സ്വയം കുരിശിലേറുകയാണ്. പ്രണയത്തിന്റെ.... കാമുകരുടെ പക്ഷിക്കൂട്ടത്തില്‍ നിന്ന് ഞാനിതാ ഒരു ചിറകെടുത്ത് പറന്നുപോവുന്നു. ജിവിതത്തില്‍ ഇനിയുമേറെ നടന്നുതീര്‍ക്കാനുണ്ടെനിക്ക്... കുടപിടിക്കാതെ ഓരം ചേര്‍ന്ന് പോവേണ്ട മഴച്ചാറ്റലുകളെന്നെ കാത്തുനില്‍ക്കുന്നുണ്ട്... നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടക്കേണ്ടിയിരുന്ന മഞ്ഞിന്റെ കുളിര് എന്നെ വിട്ടകന്നു പോയിരിക്കുന്നു. എന്റെ ഓര്‍മ്മയുടെ നിലവറയില്‍ ബാക്കിയായതത്രയും മറവികലുടെ വിത്തായി മാറിക്കൊണ്ടേയിരിക്കുകയാണ്. എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട്, മറവിയുടെ കൊടും വേനലില്‍ വിയര്‍ത്ത്, ഭൂമിയില്‍ നിന്ന് തിരിച്ചുകയറുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ മറ്റൊരു ജന്മത്തിലേക്ക് മടങ്ങിപ്പോവുമ്പോള്‍ ആ ഇടവഴിയില്‍ പുതച്ചുറങ്ങാന്‍ ഇനി ഒരുഭയജീവിയുടെ കുപ്പായം മാത്രമേ എനിക്കുള്ളൂ. നിന്റെ ചാന്തും കണ്മഷിയും പകരാത്ത മുറിഞ്ഞ ഹൃദയത്തിന്റെ വേദനകളോട് ചേര്‍ത്ത് തുന്നിയ ആ പ്രണയനഷ്ടത്തിന്റെ കുപ്പായം....!!

30/08/2011

"ഓര്‍മ്മയില്‍ നോവുന്നത്
മറക്കാന്‍ കഴിഞ്ഞെങ്കില്‍
ഓര്‍മ്മകളിനിമേല്‍
പിറക്കാതിരുന്നെങ്കില്‍"

എന്റെ ജീവിതമെന്നത് കീറിപ്പോയ കടലാസിന്റെ ഇരുപത്തിനാല് കഷ്നങ്ങളാണ്. നാടുകടത്തപ്പെട്ട എന്റെ ഓര്‍മ്മകള്‍ക്കിനി ചൂണ്ടിക്കാണിക്കാന്‍ ഒരു സ്വത്വം പോലുമവശേഷിക്കാതെ എല്ലാം കീറിപ്പോയിരിക്കുന്നു. ചരിത്രങ്ങളിലെ ചതുപ്പുനിലത്തോടൊപ്പം എന്റെ ഓര്‍മ്മകളും വറ്റിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു മനുഷ്യനല്ലേ...?? ജനാധിപത്യമല്ലല്ലോ...?? എന്റെ നിയമങ്ങളെ നിര്‍മ്മിക്കാനും, അത് നടപ്പാക്കാനും, എനിക്ക് സ്നേഹിക്കാനും, വെറുക്കാനുമുള്ള അധികാരം എന്റെ ഉടലിന് മാത്രമുള്ളതല്ലേ??

മറവി സാവധാനം പഴുക്കുന്ന ഒരു പഴമാണെന്നാണ് തോന്നുന്നത്. പഴുത്താന്‍ പിന്നീടത് തിന്നാനുമാവില്ല. കാരണം അതുണ്ടാവില്ലെന്ന് മാത്രമല്ല, അതോര്‍മ്മിക്കപ്പെടുക കൂടി ചെയ്യില്ല. അതിന്റെ മറക്കലാണതിന്റെ പഴുക്കല്‍...

മറ്റുള്ളവരുടെ കതകുകള്‍ ഞാന്‍ വലിച്ചടയ്ക്കുന്നു.. ഇനി അവ തള്ളിത്തുറക്കാനേ പോവുന്നില്ല. എന്തെന്നാല്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അടിമയാക്കുന്നതാണ് പ്രണയം (അത് നേരെ തിരിച്ചുമാവാം). ഈ വാദം എന്റേത് മാത്രമാണ്. കാഴ്ചയെ, കേള്വിയെ, ഓടുന്ന ജലത്തെ, സ്വന്തം കൈവശമുള്ള ഓര്‍മ്മയെ, ഡിസ്കൗണ്ടും കമ്മീഷനും പലിശയും ചോദിക്കാത്ത എന്റെ കൈകളെ, അവളുടെ കയ്യില്‍ പക്ഷിയെപ്പോലെ ഒതുങ്ങി മിണ്ടാതിരിക്കാന്‍ തയ്യാറല്ലാത്ത എന്നെ....എല്ലാം അവള്‍ക്ക് ഭയമാണ്...!

ഞാന്‍ ഓടിപ്പോവുകയല്ല. നിന്റെ പ്രണയത്തില്‍ നിന്ന് വഴിമാറി നടക്കുകയാണ്. അതിന് എന്നെ അറിഞ്ഞുകൂടാ....എന്റെ സ്നേഹത്തെ, എന്റെ ആത്മാവിനെ എന്തിന് എന്റെ പ്രണയനഷ്ടത്തെ വരെ അതിന്നറിഞ്ഞുകൂടാ... ഇല്ല..... ഇനി കുറേക്കാലത്തേക്ക്...എന്തിന്...ഒരുപക്ഷേ ഇനിയൊരിക്കലും നിന്റെ ഓര്‍മ്മയുടെ വഴിയരികിലെ യാത്രികനായി ഇനി ഞാനുണ്ടാവില്ല. പ്രണയരക്തത്തില്‍ ചാലിച്ച വാക്കുകളിലും, അത്മാവെരിയുന്ന കവിതകളുകളിലുമായി ഞാന്‍ നിന്നെ തിരിച്ചുവിളിക്കില്ല. എന്റെ സുഹൃത്തേ, ഭീകരമായാലും, ഗംഭീരമായാലും ഇപ്പോള്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ നിലവിളി എന്റേതല്ല. അതെവിടെ നിന്നോ ഒരു പ്രണയം അലറുന്നതാണ്...!!

------------------

ദിവസങ്ങള്‍ ഒരുപാട് നീണ്ടു പോയിരിക്കുന്നു. എന്നെ നോവിപ്പിച്ച ഈ വര്‍ഷത്തോടൊപ്പം അവളും എന്നില്‍ നിന്ന് എന്നെന്നേക്കുമായി അകലുകയാണ്. ഇനി ഒരു അധികാരമോ അവകാശമോ ബാക്കിവയ്ക്കാതെ ഒരൊറ്റ ഫോണ്‍കോളിലൂടെ ഏതൊരു കോളേജ് പ്രണയത്തിന്റെയും അന്ത്യം പോലെത്തന്നെ ഇതും ഇവിടെ എരിഞ്ഞുതീരുന്നു. കൊലുസിന്റെ ഒച്ചയും, വള കിലുക്കവും, കാറ്റില്‍ പാറുന്ന ദുപ്പട്ടയും, ലാക്ക് മി യുടെ ഗന്ധവും എന്നോടിപ്പോള്‍ ഒന്നും പറയാറില്ല. അവയ്ക്ക് പറയാനൊന്നുമില്ലാഞ്ഞിട്ടാവാം. എങ്കിലും ഓരോ അനക്കത്തിലും ഒരായിരം വാക്കുകള്‍ അവ എന്നോട് പറഞ്ഞിരുന്നുവെന്ന് നിഷേധിക്കാനുമാവില്ല.

പ്രണയവും ജീവിതവുമെല്ലാം ഇങ്ങനെയാണ് ചങ്ങാതീ... ഒരുപാട് കൊതിപ്പിക്കും, ഒരുപാട് ചിരിപ്പിക്കും, ചിലപ്പോഴൊക്കെ പിണങ്ങും അവസാനം ഒന്നും മിണ്ടാന്‍ നില്‍ക്കാതെ പറയാനുള്ളത് കേള്‍ക്കാന്‍ നില്‍ക്കാതെ പരിഭവിച്ച് മുഖം തിരിച്ച് ഓടിപ്പോവും. അതില്‍ എനിക്ക് നഷ്ടമായതും അവള്‍ക്ക് നഷ്ടമായതുമെല്ലാം ഓര്‍മ്മകളിലേക്ക് കുടിയേറിപ്പാര്‍ക്കും. അവിടെ ഒരു സ്കെച്ച് പുസ്തകത്തില്‍ ഓരോന്നിനും ഓരോ നിറങ്ങള്‍ നല്‍കിക്കൊണ്ട് ഞാനിതുപോലെ ഇങ്ങനെ ഇങ്ങനെ.....

8 വായന:

കാവ്യജാതകം said...

ഇണപിരിയും പക്ഷിയ്ക്കറിയാ-
മൊരു തൂവൽച്ചൂടിൻ നഷ്ടം
വിട പറയും നേരത്തറിയാ-
മൊരു പാട്ടിൻ ഗദ്ഗദകണ്ഠം
(http://kavyajathakam.blogspot.com/2011/12/blog-post_04.html)

Umesh Pilicode said...

തുറന്നുവച്ചിട്ടാണോ എന്നറിയില്ല, അവളുടെ ഓര്‍മ്മകളുടെ ഗന്ധം പോയിരിക്കുന്നു. വളപ്പൊട്ടുകള്‍ക്കും, അവള്‍ പെറുക്കിത്തന്ന കുന്നിക്കുരുവിനും പകരം ഇന്നെന്റെ കയ്യിലുള്ളത് ഇതള്‍ കൊഴിഞ്ഞുപോയ ഒരു ചുവന്ന റോസാപുഷ്പമാണ്.. കൂടെ ഒരൊടിഞ്ഞു വീണ മഴവില്ലും! എത്ര എറിഞ്ഞാട്ടിപ്പായിച്ചാലും തിരിച്ചുവരുന്ന നാണമില്ലാത്ത കുറേ ഓര്‍മ്മകള്‍.....


nice... like...!!

പൊട്ടന്‍ said...

വളരെ വളരെ വ്യതസ്തമായ വായന അനുഭവം. നവരസങ്ങളും മഴവില്ലിന്റെ ചാരുതയോടെ പ്രണയമെന്ന ആകാശത്തില്‍ കോറിയിട്ടിരിക്കുന്നു.
ഇതിനു ഹൃദയങ്ങമായ നന്ദി.

JayanEdakkat said...

Nannaayirikkunnu

Jayesh/ജയേഷ് said...

ഫിക്ഷനില്‍ ഭാവിയുണ്ട് ട്ടോ

Unknown said...

like

Myna said...

നന്നായി എഴുതിയിരിക്കുന്നു

ഗീത രാജന്‍ said...

പ്രണയവും ജീവിതവുമെല്ലാം ഇങ്ങനെയാണ് ചങ്ങാതീ... ഒരുപാട് കൊതിപ്പിക്കും, ഒരുപാട് ചിരിപ്പിക്കും, ചിലപ്പോഴൊക്കെ പിണങ്ങും അവസാനം ഒന്നും മിണ്ടാന്‍ നില്‍ക്കാതെ പറയാനുള്ളത് കേള്‍ക്കാന്‍ നില്‍ക്കാതെ പരിഭവിച്ച് മുഖം തിരിച്ച് ഓടിപ്പോവും... nannayirikkunnu kurippu....

Post a Comment

© moonnaamidam.blogspot.com