വിഷ്ണുപ്രസാദിനെ വായിക്കുമ്പോള്‍കവിതയുടെ മതില്‍ക്കെട്ടിനുള്ളില്‍ പുതുമയുടെ മിന്നല്‍പ്പിണരുകളിലൂടെ വായനക്കാരന്റെ സംസ്കാരത്തിന് ശ്ലീലമായ ഒരു ഭാഷ്യം നല്‍കിയ കവിയാണ് വിഷ്ണുപ്രസാദ്. ഏതു കവിതയിലായാലും തോല്‍ക്കുന്നവന്റെയും, ഓരം ചേര്‍ക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കുന്ന കവി അവന്റെ ആത്മവിലാപങ്ങളെയാണ് കവിതയിലാവിഷ്കരിക്കുന്നത്. സ്നേഹത്തിന് പകരം സ്നേഹശൂന്യതയും, വിശ്വാസത്തിന് പകരം വിശ്വാസരാഹിത്യവും, സത്യത്തിന് പകരം അസത്യവും വിളമ്പിക്കൊണ്ടിരിക്കുന്ന നമ്മൂടെ വര്‍ത്തമാനകാല ചുറ്റുപാടില്‍ തന്റേതായ ഒരു ഭൂമിക മലയാളകവിതയില്‍ സൃഷ്ടിക്കാന്‍ ഈ കവിക്ക് കഴിഞ്ഞിട്ടുണ്ട്.

തന്റെ കവിതകളില്‍ എവിടെയെങ്കിലുമായി സ്വയംഭൂവായി മാറുന്ന കവിയെ എനിക്ക് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുണ്ട്. അത് കവിയുടെ ബോധപൂര്‍വ്വമായ ഒരിടപെടലാണെന്ന് പലരുമെന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും അതിനെയെല്ലാം എനിക്കവിശ്വസിച്ചേ മതിയാവൂ. കാരണം, ഭാവുകത്വനിര്‍മ്മിതിയില്‍ തന്റേതായ ഒരു സ്ഥാനത്തിന്, പുതുമയ്ക്ക് വളരെയധികം പരിശ്രമിക്കുന്ന കവിക്ക് പദാനുക്രമത്തിലൂടെ കവിതയുടെ ഗതാനുഗതികത്വം വായനക്കാരനെ അനുഭവവേദ്യമാക്കുക എന്ന ദൗത്യത്തിനിടയ്ക്ക് അവിചാരിതമായി പ്രത്യക്ഷപ്പെടുന്നതാണ് സ്വന്തം കവിതയിലെ വിഷ്ണുപ്രസാദ് എന്ന കവിയുടെ സ്വയംചിത്രീകരണം. അതൊരു തെറ്റായോ കുറ്റമായോ എനിക്ക് പറയാനുമാവില്ല.

തളം കെട്ടി നില്‍ക്കുന്ന തന്റെ പഴയ ഓര്‍മ്മകളെ വിഷ്നുപ്രസാദ് പുതിയ സ്വപ്നങ്ങളാക്കി അവതരിപ്പിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ തിരമാലകളോടൊപ്പം പൊങ്ങിത്താണ്, വെയിലില്‍ വാടി, മഞ്ഞില്‍ കുളിരണിഞ്ഞ്, ഒഴുക്കിനെതിരെ നീന്തി, ഒരു വിശ്രമസ്ഥാനങ്ങളിലും അടയിരിക്കാത മാനസികമായി ഒരു നഗ്നനായി അലയുകയാണയാള്‍.

വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന കാവ്യമാണ് ഉത്തമമെന്ന് പണ്ടുമുതലേ കേട്ടുതഴമ്പിച്ച ഒരു വാദമാണ്. കേസരി ബാലകൃഷ്ണപ്പിള്ളയില്‍ തുടങ്ങിയ ആ വാദത്തെ ഇന്നും തോളിലേറ്റി സഞ്ചരിക്കുന്ന ഒരുപാട് കാവ്യാസ്വാദകര്‍ ഇവിടെയുണ്ട് താനും. എന്നാല്‍ സ്വാനുഭവങ്ങളേക്കാള്‍ മാനസിക സംവാദങ്ങലില്‍ നിന്നുയര്‍ന്നു വന്ന കവിതകളാണ് വിഷ്ണുപ്രസാദ് എന്ന കവിയെ വേറിട്ട് കാണിക്കുന്നത് എന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ മേല്‍പ്പറഞ്ഞ വാദഗതിയെ എന്റെ നിരീക്ഷണത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ തള്ളിക്കളഞ്ഞേ മതിയാവൂ.

ഉപരിപ്ലമായ മാന്യതാസങ്കല്പങ്ങളെ വലിച്ചുകീറി കലര്‍പ്പില്ലാത്ത സാമൂഹ്യജീവിയായി എഴുതുന്ന ഈ കവി ചിലപ്പോള്‍ കുറ്റവാളിയെപ്പോലെ പരുങ്ങിയും, ചിലപ്പോള്‍ വായനക്കാരെ മുഴുവന്‍ പുച്ഛിച്ച് കൊണ്ട് തന്റെ സൂക്ഷ്മമായ സാങ്കല്പികസംവേദനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പുതിയൊരാദര്‍ശലോകത്തെ ലക്ഷ്യമാക്കി പറന്നുയരാന്‍ ശ്രമിച്ച് മാനുഷികമൂല്യങ്ങള്‍ക്കും, അവന്റെ കപടമുഖങ്ങള്‍ക്കും കവിതയിലൂടെ വൈയക്തികതലത്തില്‍ നിന്നുകൊണ്ട് പുതിയൊരു മാനം നല്‍കാന്‍ ശ്രമിക്കുകയാണ്.

"ഒരു പാമ്പ്
എന്റെ തോളിന് സമാന്തരമായി
എപ്പോഴും ചലിക്കുന്നുണ്ട്.
നോക്കിയാല്‍ കാണുന്നില്ല
നോക്കാത്തപ്പോള്‍ കാണുന്നു.
ഇല്ലാത്ത ഒരു പാമ്പ്."

വിഷ്ണുപ്രസാദിന്റെ കവിതകളെ എങ്ങനെ തരംതിരിക്കണം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല. ഏത് കവിതയിലും പുത്തന്‍ രീതിയും, അവതരണ ശൈലിയും, അതിനേക്കാളേറെ പരീക്ഷണശ്രമങ്ങളുമായി സ്ഥാപനവത്കരിക്കപ്പെടാതെ അത് ചലിച്ചുകൊണ്ടേയിരിക്കുന്നു. അയാള്‍ക്കൊരിക്കലും ഒരു ലോകത്തെ കാണാനാവില്ല എന്ന് ഞാന്‍ കരുതുന്നു. അയാള്‍ക്ക് ഈ ലോകത്തെ നിരീക്ഷിക്കാന്‍ മാത്രമേ കഴിയൂ.!

തളം കെട്ടി നില്‍ക്കുന്ന തന്റെ പഴയ ഓര്‍മ്മകളെ വിഷ്നുപ്രസാദ് പുതിയ സ്വപ്നങ്ങളാക്കി അവതരിപ്പിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ തിരമാലകളോടൊപ്പം പൊങ്ങിത്താണ്, വെയിലില്‍ വാടി, മഞ്ഞില്‍ കുളിരണിഞ്ഞ്, ഒഴുക്കിനെതിരെ നീന്തി, ഒരു വിശ്രമസ്ഥാനങ്ങളിലും അടയിരിക്കാത മാനസികമായി ഒരു നഗ്നനായി അലയുകയാണയാള്‍.

"എല്ലാ പുഴകള്‍ക്കും
ഇതൊരു മാതൃകയാക്കാവുന്നതാണ്.
കുന്നുമ്പുറങ്ങള്‍ക്കും ആകാശങ്ങള്‍ക്കും
എന്തുകൊണ്ട് ഒരു കടലായിക്കൂടാ?
അല്ലാ, എന്തുകൊണ്ട് പറ്റില്ല?
ഒന്ന് മറിച്ച് ചിന്തിക്കാന്‍ എന്താണിത്ര പണി?"

വിഷ്ണുപ്രസാദിന്റെ ചില കവിതകളില്‍ ഒരു അപരകഥാപാത്രം പലപ്പോഴും കടന്നുവരുന്നുണ്ട്. തന്റെ വികാരഘടനയെ അവതരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമായി കവി നടത്തുന്ന ഒരു പ്രക്രിയയായി വേണം ഈ കഥാപാത്രനിര്‍മ്മിതിയെ കരുതാന്‍. സ്വന്തം നാട്ടില്‍ നിന്നകന്ന് ഭിന്നമായ ഒരു പരിസ്ഥിതിയില്‍, നഗരപാര്‍ശ്വങ്ങളില്‍ ജീവിച്ചിരുന്നപ്പോള്‍, തന്നില്‍ നിന്നകന്ന ഉറ്റവരുടെ ജീവിതം തന്നിലേക്ക് കടന്നുകയറിയാലുള്ള അവസ്ഥയെപ്പറ്റി ആ കാലത്ത് കവി ചിന്തിച്ചിരുന്നിരിക്കണം. അതിന്റെ പ്രതിഫലനമായിരിക്കാം സ്വന്തം കവിതയിലെ ഈ അപരകഥാപാത്രങ്ങളുടെ കടന്നുവരവ്.

മലയാള പുതുകവിതാപഠനത്തില്‍ ഇടം നേടേണ്ട കവിതകളാണ് വിഷ്ണുപ്രസാദിന്റേത്. അക്കാദമിക് പ്രലപനങ്ങള്‍ നടത്തുന്ന അഭിനവനിരൂപകരൊന്നും തന്നെ ഒരുപക്ഷേ ഈ കവിയേയും കവിതകളേയും കാണാന്‍ തരമില്ല. പൊങ്ങച്ചത്തില്‍ നിന്നും, ഉപജീവനത്തില്‍ നിന്നും ബന്ധം വിടര്‍ത്താതെ സാഹിത്യനിരൂപണം അതിന്റെ ലക്ഷ്യം പ്രാപിക്കുകയില്ല എന്ന നരേന്ദ്രപ്രസാദിന്റെ വാക്കുകളെ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

തന്നെ തൊട്ടുരുമ്മി നിന്നിരുന്ന കവിതയുടെ ഭൗതികസാഹചര്യങ്ങളെ അതിവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് വിഷ്ണുപ്രസാദിന്റെ നേട്ടം. സ്ഥൂലമായ പശ്ചാത്തലങ്ങള്‍ വരച്ചുകാട്ടുന്നതിനപ്പുറം വിവരണങ്ങളും വര്‍ണ്ണനകളും ശുഷ്കിച്ച വികാരഭാവങ്ങളെ അഭിവ്യഞ്ജിപ്പിക്കാനാണ് കവി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത് സ്ഥൂലയാഥാര്‍ത്ഥ്യത്തേക്കാള്‍ സൂക്ഷ്മഭാവങ്ങളെ മാത്രം കവി തെരെഞ്ഞെടുത്തുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.

പരസ്പരം ഇണങ്ങിയും ഇടഞ്ഞും ജിവിക്കുന്ന കവിതകള്‍ക്കിടയില്‍ ക്രമത്തില്‍ അടുക്കി ആഖ്യാനം ചെയ്യപ്പെടാവുന്നവയാണ് വിഷ്ണുപ്രസാദിന്റെ ഒട്ടുമിക്ക കവിതകളും. ഒച്ചകളുടെ ഭാണ്ഡം, പോത്ത്, കാപ്പിപ്പൂക്കളുടെ ഗന്ധം, നട്ടുച്ചകളുടെ പാട്ട് എന്നീ കവിതകള്‍ അന്യര്‍ തീണ്ടി അശുദ്ധമാക്കാത്ത, സ്വന്തം വ്യക്തിത്വം പുലര്‍ത്തുന്ന പുതുമോടിക്കവിതകളാണ്. ജീവിതത്തില്‍ നിന്ന് എല്ലാം അന്യമായി ഒറ്റയ്ക്കായിപ്പോവുന്ന ഒരു നിസ്സഹായത, അതിന്റെ നൊമ്പരപ്പെടുത്തുന്ന സാന്നിദ്ധ്യമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ കാതല്‍.

കവിതകളില്‍ അനാസ്ഥ വന്ന ഒരു കാലമാണിത്. എല്ലാവരും കവിതകളെഴുതുന്നു. പക്ഷേ, ആരും കവിത വായിക്കുന്നില്ല. എഴുതുന്നവരെല്ലാം ആഞ്ഞാഞ്ഞെഴുതുന്നു. സത്യത്തില്‍ കവിത എളുപ്പത്തില്‍ വശപ്പെടുന്ന ഒന്നാണോ? ചുരുക്കം വാക്കുകള്‍ കൊണ്ട് ഒരു വികാരലോകം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും കഴിയുമോ? അനുഭവപ്പരപ്പിനെ ആറ്റിക്കുറുക്കി ധാന്യമണിയോളമാക്കി അതിനെ മനുഷ്യാത്മാവിലേക്ക് കുടിയേറ്റാന്‍ ഇന്ന് സകലമാനകവികള്‍ക്കുമാവുന്നുണ്ടോ? ഇല്ലെന്ന് ഞാന്‍ ഉറക്കെ പറയുന്നു. ആര്‍ക്കും വിയോജിക്കാം, തര്‍ക്കിക്കാം. എങ്കിലും ഞാനതില്‍ ഉറച്ചുതന്നെ നില്‍ക്കും. മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് കവിതയ്ക്ക് സംക്ഷേപണത്തിന്റെയും, ആസ്വാദനത്തിന്റെയും, പ്രതികരണത്തിന്റെയും മാത്ര കൂടുതല്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍, ഒരു കവി തന്റെ 'മീഡിയ'ത്തെ സംബന്ധിച്ച് സൂക്ഷ്മമായ ഗ്രാഹ്യം വേണമെന്ന് ശഠിക്കുന്ന ഒരാളും.

ഈ വെല്ലുവിളികളെയൊക്കെ സ്വീകരിക്കാന്‍ പ്രാപ്തനായ ഒരു കവിയാണ് വിഷ്ണുപ്രസാദ്. കവിതയില്‍ മാത്രം അടയിരിക്കുന്ന ഒരു കലാകാരന്‍.അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെ പ്രകാശനങ്ങള്‍ കവിതകളാവുമ്പോള്‍, ആ ആത്മസംഘര്‍ഷങ്ങളെപ്പറ്റി നാം അറിയേണ്ടതുണ്ട്. അതൊരിക്കലും ജന്മവാസനയില്‍ നിന്നുടലെടുത്തവയല്ല, പരപ്രേരണകൊണ്ടുണ്ടായതുമല്ല. എല്ലാ നോവുകളും, നോവുകള്‍ അനുഭവിക്കുന്ന സംവേദനക്ഷമമായ ഹൃദയവും സാമൂഹ്യസമസ്യയില്‍ നിന്ന് അദ്ദേഹം ആര്‍ജ്ജിച്ചെടുത്തവയാണ്. അദ്ദേഹത്തിന്റെ കവിതകളൊന്നും കലാപകാരികളല്ല. സങ്കടം പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നവരാണ്. എന്നാല്‍ ആ കണ്ണീരില്‍ ചവിട്ടി അവര്‍ പ്രതിഷേധിക്കുന്നുണ്ട്, നീതിബോധമില്ലാതെ സാമൂഹ്യദുഃഖങ്ങളെ മനസ്സിലിട്ടൊതുക്കി നീറിനീറിപ്പുകയുന്ന നെരിപ്പോടുകളായ നമ്മെപ്പോലുള്ള മനുഷ്യരോട്.

"മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റുനോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോവുമോ?"

2 വായന:

Kalavallabhan said...

പുതിയ കവികളെ പഠിക്കുവാൻ കാണിച്ച ഈ സന്മനസ്സിനു നന്ദി.

കൊട്ടിഘോഷിക്കപ്പെടാതെ കുറച്ചു നല്ല കവിതകളെങ്കിലും പിറക്കുന്നുണ്ടാവുന്നുണ്ട് എന്നാണ്‌ എന്റെ വിശ്വാസം., പക്ഷേ താങ്കൾ പറഞ്ഞപോലെ അതിനെ കാണുന്നവരുണ്ടോ എന്നു തന്നെയാണ്‌ എന്റെ സംശയവും.

ലേഖകനോട് എന്റെ ബ്ലോഗിലൂടെ ഒന്നു കയറിയിറങ്ങുവാനപേക്ഷ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വിഷ്ണുവിന്റെ പല കവിതകളും വായിച്ചിട്ടുണ്ട് .ഫെസ്ബുക്കിലൂടെ .കവിതയെക്കുറിച്ചുള്ള വിനീതിന്റെ നിരീക്ഷണങ്ങള്‍ അപ്പിടി ശരിയാണ് .പലപ്പോഴും കുറെ വാക്കുകള്‍ എങ്ങനെയെങ്കിലും നിരത്തി വെച്ചാല്‍ കവിതയായി എന്നാ തോന്നല്‍ ആകണം കവികള്‍ ഈച്ചകളെപ്പോലെ പെരുകാന്‍ കാരണം ...

Post a Comment

© moonnaamidam.blogspot.com