ചാരത്തിന്റെ വര്‍ണ്ണഭേദങ്ങള്‍കവിത എന്നത് ഭാവനാജീവിതമാണ്. കവി ആവിഷ്കരിക്കുന്ന സൌന്ദര്യാത്മകമായ അനുഭവത്തെ തന്നിലേക്ക് ഒരനുവാചകന്‍ സ്വീകരിക്കുമ്പോഴാണ് കവിത അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത്. കവിയുടെ അനുഭവത്തെ ഒരുപക്ഷേ വായനക്കാരന് അതെ വൈകാരികതയോടെ ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കിൽ പോലും കവിതയുടെ കെട്ടുറപ്പും ഭാവാത്മകതയും ആ കുറവ് വായനക്കാരനെ അറിയിക്കാതെ നിലനിര്‍ത്തുകയും ചെയ്യും. എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന അതേ ഭാഷ തന്നെയാണ് ഒരു കവിയുടെയും ഉപകരണം. ആ ഭാഷ താന്‍ വ്യവഹാരത്തിനു പയോഗിക്കുന്ന അതേ രീതിയില്‍ കവിതയിലുപയോഗിക്കുന്നത് ഹൃദയപ്രകാശനത്തിന് അനുകൂലമല്ലതാനും. അതുകൊണ്ട് കവി തന്റെ ഭാഷയ്ക്ക് ഒരല്പം വൈചിത്ര്യവും, വ്യത്യാസവും നല്‍കി കവിതയിലുപയോഗിക്കുന്നു.

അതായത് ഋജുവായ ഒരു ഭാഷയല്ല കവിയുടേതെന്ന് ചുരുക്കം. ഭാഷയിലെ ഈ വൈചിത്ര്യമാണ് ഓരോ കവിയുടെയും കാവ്യഭാഷയുടെ കാതല്‍. അന്തര്‍ഭാവത്തിന്റെ സമഗ്രവും സുശക്തവുമായ ആവേദനം നടക്കുന്നത് തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്ത കാവ്യഭാഷയിലായിരിക്കണമെന്ന് ഓരോ കവിയും ശാഠ്യം പിടിക്കുന്നുണ്ട്. അല്ലാതെ കാടുകയറുന്ന ഭാവനയുടെ അതിശയോക്ത്യാംശമേറിയ ഭാഷയിലൂടെ വായനക്കാരനെ വിസ്മയിപ്പിക്കാനും ശ്വാസം മുട്ടിക്കാനുമൊന്നും ഒരു കവി മുതിരുന്നില്ല എന്നല്ല ബോധപൂര്‍വ്വം ശ്രമിക്കുന്നില്ല എന്ന് വേണം കരുതാന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാകവി എന്നും, ചുള്ളിക്കാടിന് ശേഷം കവികളില്ലെന്നുമുള്ള പ്രസ്താവനകള്‍ പുതുകവിതാചര്‍ച്ചകളില്‍ സജിവമായി സംവദിക്കപ്പെട്ടിരുന്ന ഒരു വാദമാണ്.
'ചുള്ളിക്കാട് സ്കൂള്‍ ഓഫ് പോയെട്രി'യില്‍ നിന്ന് പുറത്ത് കടക്കാത്ത ഒരുപാട് വായനക്കാര്‍ ഇന്നും ഇവിടെയുണ്ട്. അവര്‍ക്കെല്ലാം സന്തോഷം പകരുന്ന മേല്‍ത്തരം പ്രസ്താവനകള്‍ എഴുതിവരുന്ന അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന പല എഴുത്തുകാരേയും പരോക്ഷത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

സ്ഥൂലമായ അര്‍ത്ഥത്തില്‍ ഓരോ കവിയും ഓരോ അവതാരജന്മങ്ങളാണ്. പ്രതിഭ ഒരു നൈസര്‍ഗികസിദ്ധിയാണെന്നേ മേല്‍പ്പറഞ്ഞതിനര്‍ത്ഥമുള്ളൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരവതാരപുരുഷന്‍ ഒരു പ്രത്യേകസമൂഹത്തിന് ആരാധനാപാത്രമായിരിക്കും. എന്നാല്‍ ഈ ആരാധന കവിചേതനയിലെ ചില പ്രത്യേകസ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണെന്ന് ഈ വിഷയത്തെ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
ഒരുപക്ഷേ അത് കാവ്യബാഹ്യമായ ഘടകങ്ങളെ പോലും ആശ്രയിക്കുന്നുണ്ടന്ന യാഥാര്‍ത്ഥ്യവും.

കവിത മാറാന്‍ തുടങ്ങുന്നു:

അനിയന്ത്രിതമായ വൈകാരികത കൊണ്ടും, അലംഭാവമില്ലാത്ത ആലങ്കാരികതകൊണ്ടുമെല്ലാം കാവ്യഭാഷയെ ചിതറിപ്പിച്ചിരുന്ന കവികളോടായിരുന്നു പലര്‍ക്കും പ്രിയം. പിന്നീടത് പ്രത്യയശാസ്ത്രത്തിന്റെ ബൃഹദാഖ്യാനങ്ങളിലേക്ക് മാറുകയും അതിലൂടെ കവിതയുടെ ചിട്ടയോടെ ഒരുക്കിയിരുന്ന ചുറ്റുമതിലുകളെ പ്രതിരോധഭാഷയാല്‍ തകര്‍ത്തെറിഞ്ഞ് ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വിരിഞ്ഞിറങ്ങുകയും ചെയ്തു. എന്നാല്‍ ഇവയ്ക്ക് മുന്‍കാലങ്ങളിലേതു പോലെ ജനകീയമാവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യാഥാസ്ഥിതികരായ കാവ്യാനുവാചകരില്‍ നിന്നും അവ അകന്ന് നില്‍ക്കുകയും ചെയ്തു.ഈ ഒരു ഘട്ടത്തിലാണ് നവമാധ്യമങ്ങളിലൂടെ കവിത പുതിയ ഭാവുകത്വത്തെ അന്വേഷിക്കാന്‍ ആരംഭിച്ചത്. ബ്ളോഗുകളിലും മറ്റുമായി വളര്‍ന്ന പുതിയ ഭാവുകത്വത്തെ അംഗീകരിക്കാന്‍ 'മുഖ്യധാര' കവികളും, നിരൂപകരും ഒരല്പം വിമുഖത കാണിച്ചെങ്കിലും പതിയെ അവരും അതിനോടൊത്ത് സഞ്ചരിക്കാനാരംഭിച്ചു. അച്ചടിമാധ്യമങ്ങള്‍ പുണ്യവാളപ്പെടുത്തിയവരേക്കാള്‍, അച്ചടിമാധ്യമങ്ങള്‍ തെമ്മാടിക്കുഴിയിലേക്കയച്ചവരിലൂടെയായിരുന്നു കവിത അതിന്റെ പുതുലോകങ്ങള്‍ താണ്ടിയത്. കവിതയിലെ പുതിയ പരീക്ഷണങ്ങള്‍, പൊട്ടിത്തെറികള്‍, വിശാലമായ സംവാദങ്ങള്‍ എന്നിവയ്ക്കെല്ലാം സൈബര്‍ ലോകം സാക്ഷിയായി.

'ഞങ്ങളല്പന്മാര്‍, കാലമഴയേറ്റൊരേ കാക്കിമ
ങ്ങലായ് ഞങ്ങള്‍ക്കുള്ള ജീവിതക്കുപ്പായങ്ങള്‍' എന്ന എന്‍.വി.കൃഷ്ണവാര്യരുടെ വരികള്‍പോലെയായി അച്ചടിക്കവിതകള്‍. അച്ചടിമാധ്യമങ്ങളേക്കാള്‍, സൈബര്‍ മാധ്യമങ്ങള്‍ഒരധികാരകേന്ദ്രമായി വര്‍ത്തിക്കാനാരംഭിച്ചിരിക്കുന്നുവെന്ന തിരിച്ചറിവില്‍ ചില കവികള്‍ ആ സാങ്കേതിക സംസ്കാരത്തെ ആര്‍ജ്ജിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. അവിടെ നിന്നാണ് മലയാളകവിത അടിമുടി മാറാന്‍ തുടങ്ങിയത്.

സാങ്കേതികമുതലാളിത്തം സൃഷ്ടിച്ചെടുത്തിട്ടുള്ള ദൃശ്യമാധ്യമപരത പുതുകവിതയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ ഈ കവിതകള്‍ ജീവിതത്തെ തൊട്ടുനില്‍ക്കുന്ന അനുഭവങ്ങളുടെ പ്രത്യക്ഷങ്ങളായി മാറുകയാണുണ്ടായത്. ഈ അവസരത്തില്‍ എല്ലാ കവികളും ജീവിതത്തിലെ സകല വ്യവഹാരമണ്ഡലങ്ങളിലെയും സൂക്ഷ്മതലങ്ങളെ ശ്രദ്ധിക്കുകയും ധൈഷണികതലങ്ങളെയും അതിവാചാലതയെയും പടിക്ക് പുറത്താക്കുകയും ചെയ്തു. ഈയൊരു അവസ്ഥയിലാണ് അനുകരണവും, സംഭാഷണരീതിയും, മിശ്രരചനയുമെല്ലാം കവിതയില്‍ സംഭവിക്കുന്നത്.

കവി എന്ന ലേബല്‍ പതിച്ചുകിട്ടുക എന്നത് ഇന്ന് കവിതയെഴുതുന്ന ഏതൊരാളുടെയും
ആഗ്രഹമാണ്. അത് പതിച്ചുകിട്ടണമെന്നുണ്ടങ്കില്‍ സൈബര്‍ ഇടങ്ങളില്‍ എഴുതിയതുകൊണ്ടോ, സമാന്തരധാരയില്‍ എഴുതിയതുകൊണ്ടോ സാധ്യമല്ല. മറിച്ച് മുഖ്യധാരമാധ്യമകേന്ദ്രങ്ങളുടെ പ്രീതിപാത്രമായെങ്കില്‍ മാത്രമേ സാധ്യമാവൂ. അതുകൊണ്ട് തന്നെയാണ് സൈബര്‍ ഇടങ്ങളില്‍ എഴുതുന്ന ഏതൊരാളും താന്‍ അച്ചടിയിലൂടെ പുണ്യവാളപ്പെടണം എന്നാഗ്രഹിക്കുന്നതും.
വിപണിയുടെ സാധ്യത അറിഞ്ഞുകൊണ്ട് എഴുതേണ്ട ഒരു സാഹചര്യമാണ് ഇന്ന്
സംജാതമായിട്ടുള്ളത്. ആയതിനാല്‍ ഏറിയ പങ്ക് കവികളും ഇന്ന് തിരിഞ്ഞു നടക്കാനാരംഭിച്ചിരിക്കുന്നു. കാരണം ബ്ളോഗുകളിലാരംഭിച്ച ഭാവുകത്വരൂപീകരണത്തിന് ഒരു സമാന്തരാശക്തി മാത്രമേ പ്രാപ്യമാവൂ എന്ന ബോധ്യം അവരിലുടലെടുത്തിരിക്കുന്നു. മുഖ്യധാരാവാരികകളിലെ സബ് എഡിറ്റര്‍മാര്‍ മലയാളസാഹിത്യത്തിന്റെ ഭാവുകത്വവും സ്വഭാവവും നിര്‍ണ്ണയിക്കുന്ന വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ അവരുടെ പാതയില്‍ സഞ്ചരിച്ചാലെ തങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ എന്ന് ഒട്ടുമിക്ക കവികളും മനസ്സിലാക്കുന്നു.

കവിത അടിച്ചമര്‍ത്തപ്പെടുന്നു:

ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാകവി എന്നും, ചുള്ളിക്കാടിന് ശേഷം കവികളില്ലെന്നുമുള്ള പ്രസ്താവനകള്‍ പുതുകവിതാചര്‍ച്ചകളില്‍ സജിവമായി സംവദിക്കപ്പെട്ടിരുന്ന ഒരു വാദമാണ്.
'ചുള്ളിക്കാട് സ്കൂള്‍ ഓഫ് പോയെട്രി'യില്‍ നിന്ന് പുറത്ത് കടക്കാത്ത ഒരുപാട് വായനക്കാര്‍ ഇന്നും ഇവിടെയുണ്ട്. അവര്‍ക്കെല്ലാം സന്തോഷം പകരുന്ന മേല്‍ത്തരം പ്രസ്താവനകള്‍ എഴുതിവരുന്ന അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന പല എഴുത്തുകാരേയും പരോക്ഷത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചുള്ളിക്കാട് ഒരു നല്ല കവിയല്ല എന്നല്ല പറയുന്നത്. മികച്ച കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടങ്കിലും ഈ അടുത്ത കാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയേക്കാള്‍ എത്രയോ മികച്ച കവിതകള്‍ ഇന്ന് പുതുകവിതയില്‍ പിറന്ന് വീഴുന്നുണ്ട്. അവയ്ക്കെതിരെ കണ്ണടച്ച്, അവരുടെ കവിതകളെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തിലുള്ള മേല്‍ത്തരം പ്രസ്താവനകള്‍ കവികളേക്കാള്‍ കവിതയ്ക്കെത്രമാത്രം ദോഷമായി ഭവിക്കുമെന്ന് ഒന്നാലോചിക്കേണ്ടതാണ്. ഭാഷയെയും, സംസ്കാരത്തേയും, കവിതയെയും ശുദ്ധീകരിക്കേണ്ടുന്ന ഒരു വ്യക്തി വ്യവസ്ഥപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ നേര്‍വിപരീതഫലമാണിവിടെ ചെയ്യുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ബ്ളോഗുകളിലുമെല്ലാം ചില കവികളെ അടിച്ചമര്‍ത്തുന്ന ഒരു രീതി ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. പക്ഷേ, അതെല്ലാം എഴുതിത്തുടങ്ങുന്ന ചിലരോടുള്ള അസഹിഷ്ണുത മാത്രമായി മാത്രമെ കാണാനാവുകയും ചെയ്യൂ. നിലവാരമില്ലാതെ എഴുതുന്ന ഒരാള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ എഴുതിവരുന്ന ഒരാളോട് തോന്നുന്ന അസഹിഷ്ണുത, തന്റെ രചനകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ നല്ല പ്രതികരണം തനിക്ക് ശേഷം വരുന്നവന് ലഭിക്കുന്നത് കാണുമ്പോള്‍ പെട്ടെന്നുണ്ടാവുന്ന വികാരക്ഷോഭം, അത്രയേ ഉണ്ടാവാറുള്ളൂ. അതും ഒരു പരിധിവരെ മാത്രം. അവരില്‍ ചിലര്‍ക്ക് വിവാദങ്ങളെഴുതി ശ്രദ്ധേയരാവുക എന്ന ലക്ഷ്യവും മുഖ്യധാരയിലേത് പോലെത്തന്നെ കാണാറുമുണ്ട്. ഇത് ഒരു സംഘശക്തിയായി വളരുമ്പോഴാണ് നാം ഭയക്കേണ്ടി വരുന്നത്. കാരണം, ഈ സംഘബലം കൊണ്ട് എഴുതിവരുന്ന ഒരാളെ കടന്നാക്രമിക്കുകയും,അയാളെ മോശപ്പെട്ടവനായി ചിത്രീകരിക്കുകയും ചെയ്യുക സൈബര്‍ ഇടങ്ങളില്‍ യാതൊരു വിഷമകരമായ സംഗതിയുമല്ല. ഈ അടുത്ത കാലത്ത് ഫേസ് ബുക്കില്‍ ഈ ലേഖകന്‍ ഒരു ചര്‍ച്ച കാണുവാനിടയായി. കെ.ആര്‍.ടോണിയുടെ കവിതകളെപ്പറ്റിയായിരുന്നു ചര്‍ച്ച. എന്നാല്‍ ആ ചര്‍ച്ചയില്‍ ടോണി ഒരു കവിയേ അല്ലെന്നും, അദ്ദേഹമെഴുതുന്നത് കവിതയേ അല്ലെന്നുമുള്ള പ്രതികരണങ്ങള്‍ കണ്ടു.

ചര്‍ച്ച ശ്രദ്ധിച്ചപ്പോള്‍ ചുള്ളിക്കാടിന്റെ കവിതാസ്കൂളില്‍ നിന്നുമിറങ്ങാത്ത ചിലരാണ് ചര്‍ച്ച നയിക്കുന്നത് എന്ന് കാണാന്‍ കഴിഞ്ഞു. ഒരു കവിതയെ വിമര്‍ശിക്കാം, കവിയെ വിമര്‍ശിക്കാം. എന്നാല്‍ കവിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയുമോ? ഇതേ ഇടത്തില്‍ തന്നെ നടക്കുന്ന മറ്റൊരു ചര്‍ച്ച ചുള്ളിക്കാടിന്റെകവിതയെ കുറിച്ചാണ്. അതില്‍ ആ കവിതകളെ മഹത്വവത്കരിക്കുന്നതും, ടോണിയുടെകവിതകളെയും ടോണിയെയും തരം താഴ്ത്തുന്നതും ഒരേ ആളുകളാണ്. നവസാങ്കേതികമാധ്യമസംസ്കാരത്തിലൂടെ പിറവിയെടുത്തിട്ടുള്ള ഒരുതരം സാംസ്കാരിക ഫാസിസം ഇന്ന്സൈബര്‍ ഇടങ്ങളില്‍ പിടിമുറുക്കിയിരിക്കുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യപരമായി നടക്കേണ്ടുന്ന ചര്‍ച്ചകളില്‍ സംഘം ചേര്‍ന്ന് നിക്ഷിപ്ത നിലപാടുകളിലേക്കെത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് (ഒരു മറച്ചുവയ്ക്കപ്പെട്ട അജണ്ടയോടെ ചര്‍ച്ചകള്‍ നയിക്കുകയും, ആ അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ അതിലിടപെടുന്ന സാധാരണക്കാരനായ ഒരു വായനക്കാരന്‍ സ്തബ്ധനാവുകയാണ് ചെയ്യുന്നത്). ഈ ചര്‍ച്ചയില്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട ടോണിയുടെ ഭാഗം ചേര്‍ന്ന് പ്രതികരിച്ച ലേഖകനെ ടോണി ഫാന്‍സ് അസോസിയേഷന്‍ എന്ന് വിളിച്ചപ്പോള്‍ തോന്നിയത് മലയാള സിനിമയിലെന്നതുപോലെ മലയാളകവിതയിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്.

ഈ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് കവി മനോജ് കുറൂര്‍ ടോണിയുടെ തന്നെ ഒരു കവിത അവിടെ ചേര്‍ത്തിരുന്നു.

'ചുള്ളിക്കാടിന് ശേഷം
കവിതയുണ്ടോ ഇല്ലയോ
എന്നതിനെപ്പറ്റിയായിരുന്നു തര്‍ക്കം
ഇല്ലെന്ന് ഞാന്‍
ഉണ്ടന്ന് അവന്‍
ഒടുവിലൊരു നിരൂപകന്‍ ഇടപെട്ട്
ഇല്ലെന്ന് പറഞ്ഞ്
ഞങ്ങളുടെ തര്‍ക്കം ഒത്തുതീര്‍പ്പാക്കി.'

കവിതയും ആസ്വാദകരും മാറിമാറി വരുന്നു എന്ന് തന്നെയാണ് മനസ്സിലാവുന്നത്. താന്‍ കണ്ടും കൊണ്ടും ജിവിക്കുന്ന ജീവിതത്തിന്റെ പ്രത്യക്ഷങ്ങള്‍ കൃത്യമായി കവിതകളില്‍ പുതുകവി അടയാളപ്പെടുത്തുന്നുണ്ട്. കാലദേശസൂചകമായി പുതുകവിതകള്‍ മാറുന്നുമുണ്ട്. എങ്കിലും നവീനത നേടിയതുപോലെ ഒരാഢ്യത്വം പുതുകവിതയ്ക്ക് ലഭിക്കുന്നില്ല. വിപ്ളവത്തെയും, ദാര്‍ശനികതയെയും പോലുള്ള സമസ്യകളെ പൂരിപ്പിച്ചിരുന്ന നവീനകവിതകളുടേതുപോലുള്ള ഒരു സമാനത ഇന്ന് പുതുകവിതകളില്‍ കാണാനാവില്ല. വിശക്കുന്നവന്റെയും, വയറ് നിറഞ്ഞവന്റെയും, ചിരിക്കുന്നവന്റെയും, കരയുന്നവന്റെയും, തോറ്റവന്റെയും ജയിച്ചവന്റെയുമെല്ലാം ചിത്രങ്ങള്‍ ഒരുമിച്ച് അവന്‍ വരച്ചെടുക്കുന്നു. എന്നാല്‍ ഇതൊന്നും കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ താന്‍ പിടിച്ച മുയലിന് മാത്രമേ കൊമ്പുള്ളൂ എന്ന് പറയുന്ന അല്പന്റെ ലോകത്ത് നിന്ന് ഇനിയും ഒരുപാട് വായനക്കാര്‍ ഇറങ്ങിപ്പോരേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്വന്തമായ അനുഭവത്തിന്റെ മൗലികശരീരത്തിലുള്ള പുതിയ കവിതകളെ സ്വീകരിക്കാനാവാതെ ഇവര്‍ക്ക് കവിതയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന ഒരവസ്ഥ വന്നു ചേരുമെന്നതില്‍ സംശയമില്ല.

3 വായന:

Post a Comment

© moonnaamidam.blogspot.com