പറയാന്‍ ബാക്കിവച്ചതില്‍ ചിലത്മലയാളകവിതയിലെ സമീപകാലസാന്നിദ്ധ്യങ്ങളില്‍ ശ്രദ്ധേയനായ കവിയാണ് നിരഞ്ജന്‍. പൊതുസമ്മതമായ ഭാഷാവ്യവഹാരങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ നൈരന്തര്യത്തിന്റെ പരപ്പും അര്‍ത്ഥത്തിന്റെ ആഴങ്ങളും കവിതകളില്‍ പ്രകാശിപ്പിക്കുന്ന ഈ കവി, പരമ്പരാഗതവിശ്വാസങ്ങള്‍ മുതല്‍ പരോക്ഷരാഷ്ട്രീയദര്‍ശനങ്ങള്‍ വരെ തന്റെ കവിതയിലേക്കാവാഹിക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ഭാഷാശൈലികൊണ്ട് പുതുകവിതയിലൊരിടം നിരഞ്ജന്‍ തീര്‍ക്കുന്നു. യഥാര്‍ത്ഥമായ ആശയമിനിമയത്തിനപ്പുറം വരെ സാധ്യമാക്കാന്‍ തന്റെ കവിതയില്‍ കവി മനപ്പൂര്‍വ്വം കൊണ്ടുവരുന്ന ബൗദ്ധികവും വൈകാരികവുമ്മായ ഗൃഹാതുരതയുണര്‍ത്തുന്ന അനുഭവസത്യങ്ങളുടെ പ്രകാശനങ്ങള്‍ പലപ്പോഴും കവിയുടെ ഭാഷയ്ക്ക് തടസ്സമാകുന്നുണ്ടെന്നത് പറയാതെ വയ്യ.

ആവിഷ്കാരത്തിന്റെ പുതുരീതികള്‍ ഉപയോഗിച്ച് കവിതയില്‍ നിരഞ്ജന്‍ നടത്തുന്ന ആള്‍മാറാട്ടങ്ങള്‍ വായനക്കാരനെ കബളിപ്പിക്കുകയല്ല, മറിച്ച് കവിക്ക് തന്നില്‍ തന്നെ വിശ്വാസം വരുത്തുന്ന ആന്തരികലോകങ്ങളെയും എല്ലാത്തരം അനുഭവങ്ങളെയും സര്‍ഗ്ഗാത്മകമായ തന്റെ അന്വേഷണങ്ങളെയും കവിതയുടെ പുതിയ ഇടങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം സ്വീകരിച്ചാനയിക്കുകയാണ്. അതികൊണ്ട് തന്നെയാണ് ചപ്പാത്തിനിലാവ് എന്ന കവിതയില്‍ നിരഞ്ജന്‍ ഇങ്ങനെ എഴുതുന്നതും.

"പെണ്ണുങ്ങള്‍
കുഴച്ചുരുട്ടിപ്പരത്തുന്ന
ഈ വെളിച്ചമില്ലായിരുന്നെകില്‍
ചന്ദ്രേട്ടന്മാരോക്കെ
അമ്പിളിക്കല വയറുമായി
അങ്ങനെ കിടക്കുകയെ ഉള്ളു ....!"


നിശബ്ദതയെ പ്രശ്നവത്കരിച്ചെഴുതുന്നതായി നിരഞ്ജന്റെ പല കവിതകളും അനുഭവപ്പെടുത്തുന്നുണ്ട്. മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് ഓളം വെട്ടിപരക്കുന്ന് പോലൊരനുഭവം ഭാഷാപരമായ ദാരിദ്ര്യം മനഃപ്പൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഈ കവിതകള്‍ വായനക്കാരനില്‍ തോന്നിപ്പിക്കുന്നു. കവിതയില്‍ നിന്ന് കൈക്കൊണ്ട ഒരനുഭവം അത് മുന്‍കൂട്ടി നിശ്ചയിക്കാവുന്ന ഒന്നാണെങ്കില്‍ കവിത ഒരനാവശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാന് ഞാന്‍. ഓരോ പുതിയ കവിതയും പുതിയ കാലവും ജീവിതവും സൃഷ്ടിക്കുന്ന നിലനില്പിന്റെ ഉള്ളടരുകളിലേക്ക് സംക്രമിപ്പിക്കാനുള്ള സര്‍ഗ്ഗാത്മകശ്രമത്തിന്റെ രൂപങ്ങളാണ്. അത്തരം രൂപങ്ങളില്‍ ഒരുപാട് 'റിഫൈന്‍' ചെയ്യേണ്ടവയും, ചെയ്യെണ്ടാത്തവയുമെല്ലാം ഉണ്ടാവാം. അക്കൂട്ടത്തില്‍ കൃത്യമായ രൂപവും ഭാവവും, തീക്ഷ്ണമായ ആകര്‍ഷണവും കൊണ്ട് അനുവാചകന്റെ അനുഭവാവിഷ്കാരത്തിലേക്ക് കുടിയേറാന്‍ വെമ്പല്‍കൊള്ളുന്നവയാണ് നിരഞ്ജന്റെ കവിതകള്‍ എന്ന് പറയാന്‍ കഴിയും.

അനായാസമായ ആസ്വാദനസുഖം അനുവദിക്കാത്ത ഏതൊരു സര്‍ഗാത്മകപ്രവൃത്തിയുടെയും നേരെ ഉദാസീനമായി പ്രതികരിക്കുന്നതാണ് മലയാളിയുടെ മനസ്. അത്തരം സൃഷ്ടികള്‍ രുചിച്ചുനോക്കാനോ, മണത്തുനോക്കാനോ വരെ നമ്മള്‍ തയ്യാറല്ല. എന്നാല്‍ ഈ കവി എഴുതുന്നത് അനായാസമായ വാക്ചാതുര്യത്തോടെയും, ലളിതവുമായാണ് എന്നത് വായനക്കാരെ ഇതിനോട് കൂടുതല്‍ അടുപ്പിക്കുന്നു.

ആവിഷ്കാരത്തിന്റെ പുതുരീതികള്‍ ഉപയോഗിച്ച് കവിതയില്‍ നിരഞ്ജന്‍ നടത്തുന്ന ആള്‍മാറാട്ടങ്ങള്‍ വായനക്കാരനെ കബളിപ്പിക്കുകയല്ല, മറിച്ച് കവിക്ക് തന്നില്‍ തന്നെ വിശ്വാസം വരുത്തുന്ന ആന്തരികലോകങ്ങളെയും എല്ലാത്തരം അനുഭവങ്ങളെയും സര്‍ഗ്ഗാത്മകമായ തന്റെ അന്വേഷണങ്ങളെയും കവിതയുടെ പുതിയ ഇടങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം സ്വീകരിച്ചാനയിക്കുകയാണ്.


കവിതയിലെ വരികളുടെയും വാക്കുകളുടെയും വിന്യാസം അപൂര്‍വ്വമായ ചില ആന്തരികാനുഭവങ്ങളിലേക്ക് നമ്മെ നയിക്കുന്നുവെന്ന തിരിച്ചറിവാണ് അതിനെ പുതുതെന്നു വ്യത്യസ്തമെന്നും വിശേഷിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ആ തിരിച്ചറിവ് വായനക്കാരന്‍ ശീലിച്ചുപോന്ന സംസ്കാരം, രാഷ്ട്രീയം, സാഹിത്യം എന്നിവയെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. എന്നാലും കാലം പൊതുജീവിതത്തിന്റെ വിവിധതലങ്ങളില്‍ നടത്തുന്ന ചില ഇടപെടലുകള്‍ പല കവിതാസങ്കല്പങ്ങള്‍ക്കും ആസ്വാദനശീലത്തിനും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നത് നാം മറന്നുകൂടാ.

"വോട്ടു ചോദിക്കാന്‍ പോയപ്പോ ശ്രീധരമാഷ്
കുട്ടിഷ്നേട്ടാ നമ്മള് ചരിത്രത്തെ മറക്കാന്ബാട്വോ?
എന്നൊന്ന് ചോദിച്ചതിനു
"നെന്റെ ചരിത്രത്തെ
പണ്ട് കേട്ടിച്ചയച്ചതല്ലെടാ
മറക്കാന്ബറ്റനില്യെങ്കില്‍
പോയി അവള്‍ടെ അടിപ്പാവാട കഴുകടാ" ന്നൊരു
ആട്ടു കിട്ടിയപ്പോഴാണ്
ചരിത്രം കല്യാണം കഴിച്ചിട്ടുണ്ടോ
എന്നൊന്ന് അന്തം വിട്ടന്വേഷിച്ചത് "

വനങ്ങളില്‍, മലയോരങ്ങളില്‍, ദരിദ്രമായ നാട്ടിന്‍പുറങ്ങളില്‍,തെരുവോരങ്ങളില്‍ ജീവിച്ചതിന്റെ മാത്രമായിരുന്നു മുന്‍കാലങ്ങളിലെ കവിതകളുടെ കാതല്‍ എങ്കില്‍, ഇന്നത് മാറി നഗരങ്ങളിലേക്കും സാങ്കേതികവിദ്യയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കും വരെ എത്തി നില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലായിടങ്ങളിലും മറവിയിലേക്കും അവഗണനയിലേക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങളെ ഭാവുകത്വപുനര്‍നിര്‍മ്മിതിയിലൂടെ കവിതയുടെ പുതിയ ഇടനാഴിയിലേക്ക് കൊണ്ടുവരാന്‍ നിരഞ്ജന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാതിരിക്കാന് ഏത് കാവ്യാസ്വാദകനാണ് കഴിയുക?

ദാമ്പത്യജീവിതത്തിന്റെ കാഴ്ചകള്‍ രൂപതലത്തിലും പ്രമേയതലത്തിലും മാറ്റങ്ങള്‍ വരുത്തി കവി ഇവിടെ അവതരിപ്പിക്കുമ്പോള്‍ പാരമ്പര്യത്തിന്റെ ഭാരം കൊണ്ട് ഞെരുങ്ങുന്ന പല ആസ്വാദകരും ഇവിടെ അസ്വസ്ഥരാവുന്നു. വര്‍ത്തമാനജീവിതത്തില്‍ നേരിട്ടിടപെടും വിധത്തില്‍ ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ കവിതകളെ ഭാഷാപരമായ ആധികാരികതകൊണ്ട് നിശബ്ദമാക്കാന്‍ കഴിയുകയില്ല. നിരീക്ഷണങ്ങളും നിലപാടുകളും അവ അവതരിക്കപ്പെടുന്ന കവിതയ്ക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നത് നിരഞ്ജന്റെ കവിതകളുടെ ഒരു പ്രത്യേകതയായി വേണം കരുതാന്‍. അതുകൊണ്ട് തന്നെ ആ കവിതകളെ ആസ്വദിക്കണമെന്നുണ്ടെങ്കില്‍ നാം ശീലിച്ച കാവ്യഭാഷയെയും ബിംബങ്ങളെയും കുറിച്ചുള്ള പഴയ സങ്കല്പങ്ങളെ പൊളിച്ചുമാറ്റുക തന്നെ വേണം!

"കുറയ്ക്കാന്‍ മറന്ന ചൂടിനെ
ഓര്‍മപ്പെടുത്താന്‍
നിലവിളിയോളമില്ലാത്ത
ചെറിയൊരൊച്ച ...
പരിഭ്രമത്തിനിടയില്‍
തിളച്ചുപൊന്തിപ്പോയ
നോമ്പുബിരിയാണിയുടെ
കണ്ണീരോളമില്ലാത്ത ലീക്ക്

അപ്പോഴേക്കും
കേടായ വസിയെന്ന മട്ടില്‍
മൊഴി ചൊല്ലി മൂലയ്ക്കിടാന്‍
ഏതു ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്
ലാഭത്തിനു വാങ്ങിച്ചതാണെന്നെയിക്കാ ?"

ഓരം ചേര്‍ന്നവന്റെ അനുഭവങ്ങളുടെ ആവിഷ്കാരത്തില്‍ നിന്ന് നിരഞ്ജന്റെ കവിത ചില വ്യത്യസ്തമായ മുന്നേറ്റങ്ങള്‍ സാധിച്ചിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയൊന്നും ഈ കവിയുടെ കവിതയ്ക്ക് വിഷയങ്ങളല്ല. എന്നാല്‍ അവയൊന്നും അപരിചിതവുമല്ലതാനും. ക്രൂരമായ അവഗനനയുടെയും നിന്ദയുടെയും ദൈന്യം ഉള്‍ച്ചേര്‍ന്ന ചില കവിതകള്‍ നിരഞ്ജന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയുന്നതിന് ഒരല്പം വിഷമവുമുണ്ട്. ഭാഷയ്ക്കുള്ളിലെ വസ്തുചിത്രണത്തിലൂടെ കവിതയ്ക്ക് കൈവരുന്ന പുതിയഊര്‍ജ്ജം നമ്മുറ്റെ വായനാലോകത്തിന് അപരിചിതമായ പുതിയ ഉയരങ്ങലിലേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാല്‍ ഈ വ്യത്യസ്തത ചുരുക്കം ചില കവിതകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. സ്വാനുഭവങ്ങളെ ആകാവുന്നിടത്തോളം മൂര്‍ത്തത നല്‍കി അവതരിപ്പിക്കുക വഴി വലിയകോലാഹലങ്ങള്‍ക്കിടയില്‍ മൗനത്തോടടുത്തുനില്‍ക്കുന്ന മിതത്വം പാലിക്കാന്‍ കവിക്ക് കഴിയുന്നുണ്ട്.

വാക്കുകളും വരികളും വെറും അക്ഷരങ്ങളായി മാറി വായനക്കാരന്റെ മന്‍സ്സില്‍ നിലനില്‍ക്കുകയില്ലെന്നത് വാസ്തവം. പ്രയോജനരഹിതമായ വാക്ക് ഒരു അസാധ്യത തന്നെയാണ്. പരസ്പരമിണങ്ങുന്ന ബിംബങ്ങളോ ആശയങ്ങളോ ഇല്ലായെങ്കില്‍ക്കൂടിയും അനുഭവങ്ങളെ അന്വയിക്കാനുള്ള ശ്രമങ്ങള്‍ കവിതകള്‍ക്കുള്ളീല്‍ ഇപ്പൊഴും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കവിത അതിന്റെ പരമാര്‍ത്ഥത കാണിക്കാന്‍ ശ്രമിക്കുമ്പൊഴും അതിന്റെ ചലനാത്മകത് ചിലപ്പോഴൊക്കെ നഷ്ടപ്പെട്ട് വെറും വസ്തുവായി മാത്രം വായനക്കാരനിലേക്കെത്തുന്ന ഒരവസ്ഥയില്ലേ........തികച്ചും അസ്വസ്ഥമായ ഇരുട്ടിന്റെ ചതുപ്പുനിലങ്ങളില്‍ പുതഞ്ഞു കിടക്കുന്ന.... യാതൊന്നും സാധ്യമാക്കാനാവാത്ത ചില നേരങ്ങളില്‍....

"രണ്ടു ബോറന്‍ വരകളുടെ
വെറും തിരച്ചിലായിപ്പോയേനെ ..
നിന്‍റെ വിയര്‍പ്പിന്‍റെ
കറപിടിച്ച കൈവളക്കീഴില്‍
മിടിച്ചു കൊണ്ടിരിക്കുന്ന എന്‍റെ സമയത്തിന്
ആ ഛില്‍..ഛില്‍..ഛില്‍..ഛില്‍.. ഒച്ചയുടെ
താളമില്ലായിരുന്നെങ്കില്‍ .."

4 വായന:

faisu madeena said...

താങ്ക്സ്

Manoraj said...

പുസ്തകം ഇന്ദുലേഖ വഴി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. വായനക്ക് ശേഷം അഭിപ്രായിക്കാം.

സങ്കൽ‌പ്പങ്ങൾ said...

ഒകെ

SREEJITH MOOTHEDATH said...

thanks............

Post a Comment

© moonnaamidam.blogspot.com