തിരോധാനത്തിന്റെ പദപ്രശ്നം

ജീവിതത്തെ നിയന്ത്രിക്കുന്ന സാമൂഹികവും മാനുഷികവുമായ ഘടകങ്ങള്‍ എത്രമേല്‍ നമ്മുടെ ആലോചനാമണ്ഡലത്തിലേക്ക് കടന്ന് വരും എന്ന് നമുക്ക് പ്രവചിക്കുവാനേ കഴിയില്ല. അപ്രാപ്യമായ അതിന്റെ കടന്നുവരവുകള്‍ ഒരു മനുഷ്യജീവിതത്തിലുണ്ടാക്കുന്ന നിമ്നോന്നതികള്‍ നിറഞ്ഞ ഉത്കണ്ഠകളും ആശങ്കകളും വിവരിക്കുകയാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പുസ്തകമായ ‘നായകനും നായികയും’. അവിശുദ്ധദിനരാത്രങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു ഹസ്തദാനം എന്ന അദ്ധ്യായത്തില്‍ തുടങ്ങി കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന ഏഴാം അദ്ധ്യായത്തില്‍ അവസാനിക്കുമ്പോള്‍ കഥ കടന്നുവന്ന വഴികള്‍ ഒരുപക്ഷേ വായനക്കാരനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരാം. അപ്പോള്‍ തന്നെ വായനക്കാരന് ആ പുഞ്ചിരിക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ കല്പിച്ചുകൊടുക്കുകയുമാവാം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ പുനര്‍വിന്യാസങ്ങളെ (അത് കഥാപാത്രങ്ങളായ ഗാര്‍ഗ്ഗിയുടെയോ, ഗാഥയുടെയോ, തോമയുടെയോ ആരുടെയും ആയിക്കൊള്ളട്ടെ) ആണ് ഈ നോവലിലൂടെ കഥാകൃത്ത് ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. അതിലൂടെ വായനക്കാരന് ഒരനുഭൂതി പകരാന്‍ ശ്രമിച്ചതില്‍ എവിടെയോ കഥാകൃത്ത് പരാജിതനായിട്ടുണ്ട്. ശക്തമായൊരാശയത്തെ കൈകാര്യം ചെയ്യുമ്പോള്‍ ചെയ്ത അശ്രദ്ധമായ ചില പരീക്ഷണങ്ങള്‍, അതിലൂടെയുണ്ടായ വൈചിത്ര്യങ്ങള്‍ ഇവയായിരിക്കാം ഒരുപക്ഷേ സുസ്മേഷിന് പാളിപ്പോയ ഇടങ്ങള്‍.

തോമ എന്ന് കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ തോമയെ ഒരു ‘ഭീകര’ കഥാപാത്രമായിത്തന്നെ കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. ആ ഗ്രാമത്തിലേക്കാണ് തോമയുടെ സുഹൃത്തുക്കളായി ഗാര്‍ഗ്ഗിയും രാമകൃഷ്ണനും കടന്നുവരുന്നത്. ഇരുവരും ആര്‍ടിസ്റ്റുകളാണ്. കുറച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് അവര്‍ അവിടെ എത്തിച്ചേരുന്നത്. അവര്‍ വരുന്ന സമയത്ത് തോമ എന്ന കഥാപാത്രത്തിന്റെ ഭീകരത കാണിക്കാന്‍ കഥാകൃത്ത് സ്വീകരിച്ച ഒരു തന്ത്രം നോക്കൂ.

“ഞങ്ങള് നത്തുപാറേ പോകാന്‍ വന്നതാ”
നത്തുപാറ എന്ന് കേട്ടതോടെ മുന്നില്‍ ഇരുളിന്റെ ഒരു വളര്‍ച്ച നിന്നിരുന്ന ഗ്രാമീണപുരുഷന്മാര്‍ ഒന്നിളകി. ഒരു കടന്നല്‍ കൂടിന്റെ സാമീപ്യം പോലെ അവരുടെ തലകള്‍ വിറയ്ക്കുകയും ചുണ്ടുകള്‍ ഞരക്കങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യം ചോദ്യം ചോദിച്ചയാള്‍ വിക്കി വിക്കിത്തന്നെ രണ്ടാമത്തെയും ചോദ്യം ചോദിച്ചു.
“നത്തുപാറേല് എവിടെ?”
– - – - – - – - – -
“നത്തുപാറേല്, തോമേടെ പൊരയിടത്തില്.”
“തോമാച്ചന്‍ ഇപ്പോ ഇവിടില്ല, നാളെയോ മറ്റന്നാളോ ആയിട്ട് വരും. ഞങ്ങള് തോമാച്ചായന്റെ സിറ്റീലെ കൂട്ടുകാരാ…!”
റോഡില്‍ കിടന്നിരുന്ന രണ്ട് നായ്ക്കള്‍ എണീറ്റ് ദീനമായ ഒരു മുരള്‍ച്ചയോടെ പൊന്തപ്പടര്‍പ്പിലേക്ക് കയറിപ്പോയത് ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.

ഈ വിവരണത്തിലൂടെ ആദ്യം തന്നെ കഥാകൃത്ത് തോമയെക്കുറിച്ചുള്ള ഒരു ചിത്രം തരുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു തോമയെയാണ് കഥാന്ത്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അനാവശ്യമായ വിവരണങ്ങളിലൂടെ കടന്നുപോയ കഥാകൃത്ത് കഥയുടെ ഭീകരത കൂട്ടാന്‍ വേണ്ടിയാണോ ഈ രീതി സ്വീകരിച്ചത് എന്ന് അവസാനം ഏതൊരു വായനക്കാരനും സംശയിക്കാം.

തോമയുടെ കുടുംബചരിത്രവും പശ്ചാത്തലവും വ്യക്തമാക്കുന്ന ഒന്നാം അദ്ധ്യായത്തിന് ശേഷം രണ്ടിലേക്ക് കടക്കുമ്പോള്‍ അവിടെയും തോമ മഹാചരിതം കഥാകൃത്ത് തുടരുകയാണ്. ഒരുപക്ഷേ മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ സീരിയലൈസ് ചെയ്യുമ്പോള്‍ ദൈര്‍ഘ്യം കൂട്ടാന്‍ കാണിച്ച തന്ത്രപ്പാടായിരിക്കാം ഈ രണ്ടാം അദ്ധ്യായമായ തണ്ട് അടര്‍ത്തുമ്പോള്‍ ചോര പൊടിയുന്ന പൂക്കള്‍. ഈ അദ്ധ്യായത്തിലെ ഓരോ ഏട് അടര്‍ത്തുമ്പോഴും ചോര പൊടിയുന്നത് വായനക്കാരന്റെ നെഞ്ചിലാണെന്ന് കഥാകൃത്ത് മനസിലാക്കിയാല്‍ നന്ന്. ചോര പൊടിയുന്ന ചെടിയും വഴികാട്ടിയായ ചെന്നായയുമെല്ലാമായി ഒരു എണ്‍പതുകളുടെ അവസാനത്തിലെ ഇംഗ്ലീഷ് സിനിമകളുടെ പശ്ചാത്തലമാണ് ഇവിടെ സുസ്മേഷ് കല്പിച്ച് കൂട്ടി കൊടുത്തിരിക്കുന്നത്.

സര്‍വ്വസൈന്യാധിപന്‍ ചെന്നായക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന മൂന്നാം അദ്ധ്യായത്തില്‍ സ്ഥിതി മറിച്ചൊന്നുമല്ല. എങ്കിലും കഥയുടെ ഗതിമാറ്റത്തിനു വേണ്ട ഒരു സംഭവം ഇവിടെ ഉള്‍ക്കൊള്ളിച്ചത് വായനക്കാരന് ആശ്വാസത്തിന് ഒരല്പം വക നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍ വച്ചാണ് ഗാര്‍ഗ്ഗിക്ക് ഒരു സഹോദരിയുണ്ടെന്നും, അവള്‍ ലോകമറിയുന്ന ഒരു ചിത്രകാരിയായിരുന്നു എന്നും, ഉന്മാദത്തിനടിമപ്പെട്ടവളാണെന്നും, എവിടെയോ പോയി മടങ്ങിയെത്തിയിട്ടില്ലെന്നും കഥാകൃത്ത് പറയുന്നത്. ഈ ഒരു ത്രെഡ് തന്നെയാണ് നോവലൈറ്റിന്റെ ഒരു ട്വിസ്റ്റ് എന്ന് വേണമെങ്കില്‍‍ പറയാം.

സൂര്യഗ്രഹണം എന്ന നാലാം അദ്ധ്യായത്തില്‍ നിന്നാണ് ശരിയായ കഥ ആരംഭിക്കുന്നത്. മറ്റ് രണ്ടെണ്ണവും തോമമഹാചരിതമാണല്ലോ. ഗാര്‍ഗ്ഗിയിലേക്ക് കടന്നുവന്ന ഗാഥയുടെ ഓര്‍മ്മകളില്‍ തുടങ്ങുന്ന ഈ അദ്ധ്യായം ഗോപാലന്‍ ഗുരിക്കള്‍ എന്ന കഥാപാത്രത്തിന്റെ വരവോടെ സങ്കീര്‍ണ്ണമാവുകയാണ്. ഈ ഗോപാലന്‍ ഗുരിക്കള്‍ കഥയില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കഥാകൃത്ത് കൈകാര്യം ചെയ്യുന്ന ഗോപാലന്‍ ഗുരിക്കളുടെ സാന്നിദ്ധ്യങ്ങളെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. ഈ കഥയില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളെയും ഒറ്റയ്ക്ക് നില്‍ക്കാന്‍ തന്നെ പ്രാപ്തിയുള്ളവരായാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ കഥയുടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇടപെടുന്ന ഒരു കഥാപാത്രമാണ് ‘ചെന്നായ’. ഈ ചെന്നായ കടന്ന് വരുന്ന മേഖലകളിലെല്ലാം എന്തിന്റെയെങ്കിലും ഒരു സൂചന നല്‍കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതിന്റെ ശക്തമായ തെളിവാണ് ഗാര്‍ഗ്ഗിയും രാമകൃഷ്ണനും തോമയുടെ വീട്ടിലെത്തുമ്പൊള്‍ കടന്നുവരുന്ന ചെന്നായ. ആ ചെന്നായ ഗാര്‍ഗ്ഗിയുടെ അടുത്തെത്തി അവളുടെ കാല്‍പ്പാദങ്ങളില്‍ മണത്തശേഷം വിദൂരതയിലേക്ക് നോക്കി ഒരു പരിചയഭാവത്തില്‍ അവിടെ നിന്ന് പോകുന്നു. അതിലൂടെ ഗാഥ അവിടെ മുന്‍പ് വന്നിരുന്നു എന്നും, അവളുടെ രക്തഗന്ധം ഗാര്‍ഗ്ഗിയിലൂടെ ആ ചെന്നായ മനസ്സിലാക്കുകയാണെന്നുമാണ് സുസ്മേഷ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അഞ്ചാം അദ്ധ്യായമായ ഭഗവതി c/o വാറ്റുപുര മുതല്‍ സ്വയംപൂര്‍ണ്ണവും പരസ്പര ബന്ധിതവുമായ ആഖ്യാനങ്ങളുടെ രൂപീകരണവും ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ ജീവിതവും കഥാകൃത്ത് വരച്ചു കാട്ടുന്നു. സങ്കീര്‍ണ്ണ രൂപങ്ങളെ ആഖ്യാനത്തിനുള്ളില്‍ പരീക്ഷിക്കുന്ന കഥാകൃത്ത് പാശ്ചാത്യരീതിയിലുള്ള കഥയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗുരിക്കളുമായി കൂട്ടു കൂടുന്ന രാമകൃഷ്ണന്‍ പതിയെ ആ നാടിനെ അറിയാനാരംഭിച്ചു. അങ്ങിനെയാണ് അവര്‍ ഗോദാവരിയുടെ വാറ്റുപുരയില്‍ എത്തുന്നത്. അവിടെ വച്ചാണ് ഗാഥയുടെ ഭര്‍ത്താവ് ചന്ദ്രജിത് സിംഗ് ആ നാട്ടില്‍ താമസിച്ചിരുന്നു എന്നും അയാള്‍ക്ക് ഗോദാവരിയുമായി പുറത്ത് പറയാന്‍ പറ്റാത്ത വിധം ഒരു ബന്ധമുണ്ടായിരുന്നു എന്നും രാമകൃഷ്ണന്‍ അറിയുന്നത്. അങ്ങിനെ അയാള്‍ ഗുരിക്കളോട് ചന്ദ്രജിത് സിംഗിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നു.



ഉന്മാദത്തിന്റെ ഉയരത്തിലേക്ക് സര്‍ഗാത്മകത കല്ലുരുട്ടിക്കയറ്റുന്നു എന്ന ആറാം അദ്ധ്യായം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. എഴുത്ത് ഒരര്‍ത്ഥത്തില്‍ കാരാഗൃഹവാസമാണ്. അത് ഭേദിച്ച് പുറത്ത് വരാന്‍ എഴുത്തുകാരന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ കാരാഗൃഹവാസത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നാണ് അയാള്‍ ഭാവനയുടെ വന്‍കരകള്‍ താണ്ടുന്നത്. ഇവിടെ ഈ ആറാം അദ്ധ്യായവും വരാന്‍ പോകുന്ന ഏഴാം അദ്ധ്യായവും ഞാന്‍ മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആറാമദ്ധ്യായത്തില്‍ വച്ചാണ് ചന്ദ്രജിത് സിംഗ് ഉന്മാദത്തിന് വശംവദനാണെന്ന് വായനക്കാരന്‍ അറിയുന്നത്. ഗാഥയും ഇതേ ഒരവസ്ഥയിലാണെന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നുമുണ്ട്. മൂന്നാം അദ്ധ്യായമാണ് കഥയ്ക്ക് ഗതിമാറ്റം നല്‍കുന്നതെന്ന് ഞാന്‍ മുന്‍പേ പറഞ്ഞല്ലോ. ഇവിടെ വച്ച് ഗോദാവരിയും ഗുരിക്കളും മന്‍സ്സിലാക്കുന്ന ചന്ദ്രജിതിന്റെ ഉന്മാദാവസ്ഥ കഥയുടെ സങ്കീര്‍ണ്ണതയിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. ആ ബോധതീവ്രതയായിരിക്കണം ഈ എഴുത്തിനെ ഉത്തരാധുനിക നോവലിന്റെ പ്രമേയത്തിലേക്ക് വഴിമാറ്റി വിട്ടത്. കഥകള്‍, അതികഥകളായി മാറുക എന്നതാണല്ലോ ഉത്തരാധുനിക നോവല്‍ എന്നത്. ഏതാണ്ട് ഇതേ ഒരവസ്ഥ തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. ആ നാട്ടിലെ താമസം മതിയാക്കി ഡെല്‍ഹിയിലേക്ക് പോകുന്ന ചന്ദ്രജിത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നു. എന്നാല്‍ ഗുരിക്കളോ, ഗോദാവരിയോ അയാളുമായി സമ്പര്‍ക്കത്തില്‍ വരുന്നില്ല. അവിടെ വച്ചാണ് കഥാകൃത്ത് ആദ്യം വിവരിച്ച് നിര്‍ത്തിയ തോമയുടെ വരവ്.

ഗുരിക്കളില്‍ നിന്ന് കഥകളെല്ലാമറിയുന്ന രാമകൃഷ്ണന്‍ സ്തബ്ധനാകുന്നു. ചന്ദ്രജിത്തിന്റെ ഉന്മാദപ്രകടനങ്ങള്‍ക്ക് വശംവദയാകേണ്ടി വന്ന ഗാഥ സഹിച്ച് സഹിച്ച് മടുത്തപ്പോള്‍ നടത്തേണ്ടി വന്ന ഒരാത്മഹത്യ, അല്ലെങ്കില്‍ ചെറുത്ത് നിന്നപ്പോള്‍ സംഭവിച്ച കൊലപാതകം എന്നീ രണ്ട് വശങ്ങളിലേക്കും അയാള്‍ ചിന്തിച്ച് തുടങ്ങുന്നു. ചിത്രരചനയില്‍ ഏര്‍പ്പെട്ട ഗാര്‍ഗ്ഗിയില്‍ നിന്ന് എല്ലാ വിവരങ്ങളും ഒളിപ്പിച്ച് വച്ച് കൂടുതലറിയാന്‍ തോമയുടെ വരവിന് വേണ്ടി അയാള്‍ കാത്തിരിക്കുന്നു.

വായനക്കാരന്റെ ആകാംക്ഷ നിറഞ്ഞ വായന കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന അവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത് തോമയുടെ വരവോട് കൂടയാണ്. ക്രുദ്ധനായി കയറി വരുന്ന തോമ ഗാര്‍ഗ്ഗിയേയും രാമകൃഷ്ണനേയും അവിടെയെല്ലാം തിരയുന്നു. അവസാനം അയാള്‍ ചന്ദ്രജിത് സിംഗ് മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ അവരെത്തേടി എത്തുന്നു. കൂടെ അയാളുടെ ചെന്നായയും, ഒരു തോക്കുമുണ്ട്. അതിനകത്ത് നിന്ന് ഒരു ശബ്ദം കേട്ടതായി തോമയ്ക്ക് തോന്നുന്നു. ഉറച്ചൊരു തെറിക്ക് ശേഷം തോമ രാമകൃഷ്ണനെ വിളിക്കുന്നു. താന്‍ കേട്ടത് ഗാര്‍ഗ്ഗിയുടെ ഞരക്കമാണെന്നും രാമകൃഷ്ണന്‍ അവിടെ വച്ച് ഗാര്‍ഗ്ഗിയെ കൊന്നുകൊണ്ടിരിക്കുകയുമാണെന്നാണ് അയാള്‍ കരുതിയത്. “ഈ രാജ്യത്ത് പടം വരയ്ക്കുന്ന പന്നികളെന്നും തോമായ്ക്ക് സമാധാനം തരുകേല അല്ലേ? ഇറങ്ങി വാടാ എമ്പോക്കി” എന്ന് ഉറക്കെ ചോദിച്ച് അയാള്‍ തോക്കെടുത്ത് അയാള്‍ അകത്തേക്ക് കയറാന്‍ ഭാവിക്കുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തേക്ക് വന്നത് ചന്ദ്രജിത് സിംഗ് ആയിരുന്നു. അവിടെ വച്ച് എല്ലാ സത്യങ്ങളുടെയും ചുരുളഴിയുകയാണ്. ചന്ദ്രജിത് സിംഗ് എവിടെയായിരുന്നു എന്നും ഗാഥയ്ക്ക് എന്ത് സംഭവിച്ചു എന്നുമെല്ലാം തോമ അറീയുന്നു. തോമ എന്ന കഥാപാത്രം ഒന്നുമല്ല എന്ന് കഥാകൃത്ത് ഒരൊറ്റ നിമിഷം കൊണ്ട് വായനക്കാരനോട് വിളിച്ചു പറയുന്നു. എല്ലാ സത്യങ്ങളുമറിഞ്ഞ ശേഷം തോമ നിശബ്ദം മല കയറുന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ തിണ്ണയില്‍ രാമകൃഷ്ണന്‍ ഇരിക്കുന്നുണ്ട്. അവിടെ വച്ച് രാമകൃഷ്ണന്‍ ഗാര്‍ഗ്ഗിക്ക് സ്ട്രോക്കായതായും അവളുടെ ഒരുവശം തളര്‍ന്നു പോയതായും വികാരാധീനനായി തോമായെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് പറയുന്നു. തോമ അയാളെ ദേഹത്തില്‍ നിന്നടര്‍ത്തി ഒരാശ്വാസത്തോടെ ചന്ദ്രജിത് സിംഗിന്റെ വീടിരിക്കുന്ന ദിക്കിലേക്ക് നോക്കി. ഇതിനിടെ രാമകൃഷ്ണന്‍ പറയുന്നു. “ഞാന്‍ ഗാര്‍ഗ്ഗിയുടെ അടുത്തേക്ക് പോകുകയാണ്. സഞ്ചിയും സാധനങ്ങളും എടുക്കാന്‍ വന്നതാ. പിന്നെ തോമാച്ചേട്ടനോട് പറയാനുള്ള വഴിയുണ്ടാക്കാനും. എന്തായാലും ഇവിടെ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു രഹസ്യകഥ മനസ്സിലാക്കാന്‍ പറ്റി. അത്ര നിസ്സാരവും അപ്രധാനവുമല്ലാത്ത കഥ.” ഇത് പറഞ്ഞു കഴിഞ്ഞ സമയം താഴ്വാരത്തില്‍ ചന്ദ്രജിത് സിംഗിന്റെ വീടിന്റെ ഭാഗത്ത് നിന്ന് ഒരു വെടിശബ്ദം ഉയരുന്നു. “ആ കഥ പൂര്‍ത്തിയായി രാമകൃഷ്ണാ, ഇനി നിനക്ക് നിന്റെ പെങ്കൊച്ചിന്റെ അടുത്തേക്ക് മനസ്സമാധാനത്തോടെ പോകാം” എന്ന് തോമ പറയുന്നതോടെ‍ കഥയ്ക്ക് പര്യവസാനമാകുന്നു.

ഇവിടെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ കാര്യവുമായി ഈ അദ്ധ്യായത്തെ ബന്ധിപ്പിക്കേണ്ടത്. എഴുത്ത് എന്ന കാരാഗൃഹത്തില്‍ നിന്ന് ഈ അദ്ധ്യായത്തിലൂടെ കഥാകൃത്ത് രക്ഷപ്പെടുകയാണ്. അല്ലെങ്കില്‍ അയാള്‍ കാരാഗൃഹം ഭേദിക്കുകയാണ്. എഴുത്തിനെ കാരാഗൃഹമായി കാണുമ്പോള്‍ അതിനെ ഒരിക്കലും ഭേദിക്കരുത്. എഴുത്ത് എഴുത്തുകാരനെയാണ് മോചിപ്പിക്കേണ്ടത്. ഈ കഥയുടെ അവസാനമായപ്പോഴേക്കും കഥാകൃത്തിന് ഇത് എങ്ങിനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്. അക്കാര്യം ഏഴാം അദ്ധ്യായത്തില്‍ മാത്രം സ്പഷ്ടമാണ്. കഥയെപ്പറ്റിയുള്ള വായനക്കാരന്റെ പല ധാരണകളെയും ഇവിടെ കഥാകൃത്ത് നിര്‍ദാക്ഷിണ്യം അട്ടിമറിക്കുകയാണ് ചെയ്തത്. അനാവശ്യസ്ഥലങ്ങളില്‍ കഥയെ വലിച്ചു നീട്ടി, അവശ്യഘട്ടത്തില്‍ അതിനെ മുറിച്ചൊതുക്കി വായനക്കാരന്റെ മാനസികനിലയെ പരിശോധിക്കുക എന്നൊരു കാര്യം കൂടി പ്രസ്തുത കൃതി കൊണ്ട് കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. ഭ്രമാത്മതകളും, സ്വപ്നങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച ഈ രചന ഭാവനയുടെ ചുംബിതങ്ങളില്‍ മാത്രം വിഹരിക്കുകയാണ്. നോവലിനീ ഭാവനയുടെ ആപത്കരമായ എഴുത്തുവഴികളിലേക്ക് വിക്ഷേപിച്ച കഥാകൃത്ത് അതിന്റെ വരും വരായ്കയെ പറ്റി ആലോചിച്ചിരിക്കുമോ ആവോ? എന്തായാലും ഉത്തരാധുനിക നോവലിന്റെ മെറ്റാഫിക്ഷന്‍ വഴി ഒരു വായനാസുഖം ലഭിക്കുന്നുണ്ട് എങ്കിലും ആഴത്തിലുള്ള വായനയില്‍ ഈ പുസ്തകം ഒരു പരാജയമാണെന്ന് പറയാതെ വയ്യ.



മലയാളനാടില്‍ പ്രസിദ്ധീകരിച്ചത്

0 വായന:

Post a Comment

© moonnaamidam.blogspot.com