വെയില്‍ തിന്ന പക്ഷീ, നിനക്ക് വിട

ഇന്നലെ കോളേജ് കാന്റീനില്‍ ഇരിക്കുമ്പോഴായിരുന്നു സുഹൃത്തിന്റെ ഒരു ഫോണ്‍കോള്‍. "എടാ, അയ്യപ്പന്‍ മരിച്ചു." ഏതയ്യപ്പനാണെന്ന് എനിക്ക് ചോദിക്കേണ്ടതില്ലായിരുന്നു. കാരണം വിളിച്ചയാള്‍ക്ക് പറയാനുള്ളതും എനിക്കറിയാനുള്ളതും ആ അയ്യപ്പനെക്കുറിച്ച് മാത്രമായിരുന്നു. ആ വാര്‍ത്ത എനിക്കത്ര നടുക്കമൊന്നുമുണ്ടാക്കിയില്ല, മറ്റെല്ലാവരെയും പോലെത്തന്നെ. ജീവിതത്തെ അരാജകത്വത്തിലൂടെ കൊണ്ട് നടന്ന കവിയുടെ ആരാലും അറിയപ്പെടാത്ത ഒരു മരണം. അജ്ഞാതനായി കിടക്കേണ്ടി വന്ന ആ ഒരു ദുര്യോഗം മാത്രം എന്നെ ഒന്ന് വേദനിപ്പിച്ചതൊഴിച്ചാല്‍ അത് വെറുമൊരു സ്വാഭാവിക മരണം. അനാഥത്വത്തിന്റെ കയ്പ്പുനീരിലലിയിച്ച സ്വന്തം രക്തം മഷിയാക്കിയ അയ്യപ്പേട്ടന്, ആ അവസാന നിമിഷത്തിലും കൂട്ടായി പതിവ് പോലെ വന്നത് സ്വന്തം കവിത മാത്രമായിരുന്നു. ആ മരണത്തിന് പോലും ഉണ്ടായിരുന്നു ഒരു
അനിശ്ചിതത്വത്തിന്റെ രാജവാഴ്ച.

തിരിച്ച് വീട്ടിലെത്തിയപ്പോള്‍, ചാനലുകളില്‍ അയ്യപ്പേട്ടന്റെ മരണാഘോഷങ്ങള്‍. ഞാനോര്‍ത്തു, ആഘോഷിക്കാന്‍ അയ്യപ്പേട്ടനാര്? ജീവിതം തന്നെ ആഘോഷമാക്കി മാറ്റിയ ആ മനുഷ്യനെ ഓര്‍ത്ത് വിലപിക്കാന്‍ ഇനിയും ആരൊക്കെ? ജീവിച്ചിരുന്ന കാലത്ത് ഒറ്റപ്പെടുത്തലിന്റെയും ഒഴിവാക്കലിന്റെയും അങ്ങേയറ്റം കണ്ട ആ മനുഷ്യനെക്കുറിച്ച് പ്രാകിയ നാക്കുകള്‍ കൊണ്ട് അന്ത്യകൂദാശ പാടുന്നു. പലരും തങ്ങളുടെ ഊഴകാത്ത് ചാനലുകളുടെ പടിക്ക് മുന്നില്‍ കാത്ത് നില്‍ക്കുന്നു. ദൃശ്യങ്ങളിലൂടെ ഓര്‍മ്മകളിലേക്ക് മനസ്സ് കടക്കുമ്പോള്‍ എവിടെയോ ഒരു നഷ്ടബോധം. അതെനിക്ക് തോന്നേണ്ട ആവശ്യമേ ഇല്ല, എന്തെന്നറിയില്ല എനിക്കങ്ങിനെ തോന്നുന്നു.

തൃശ്ശൂരിലെ ഡി.സി.ബുക്സില്‍ വച്ചാണ് ഞാന്‍ ആദ്യമായി അയ്യപ്പേട്ടനെ കാണുന്നത്. പതിവ് പോലെ മദ്യത്തിന്റെ
ലഹരിയില്‍ തന്നെ. അന്ന് സുഹൃത്തായ കഥാകൃത്ത് പ്രദീപേട്ടനും ഞാനും അവിടെ ഇരിക്കുമ്പോഴാണ് അദ്ദേഹം കയറി വരുന്നത്. വന്നപാടെ തന്റെ റോയല്‍റ്റി ചോദിച്ച് വഴക്കുകൂടുകയാണ്. മാനേജറാണെങ്കില്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നുമുണ്ട്. അവസാനം നൂറ് രൂപ കൊടുത്ത് പ്രദീപേട്ടനോടായി മാനേജര്‍ പറഞ്ഞു. "റോയല്‍റ്റിയാണ്, കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാലും ഇങ്ങിനെ ശല്യം ചെയ്താല്‍ പിന്നെ എന്താ ചെയ്യുക." അത് തന്നെയായിരുന്നു അയ്യപ്പേട്ടന്‍. എല്ലാവര്‍ക്കും ഒരു ശല്യം. പക്ഷേ, ഇന്നലെ മുതല്‍ ചാനലുകള്‍ നോക്കുമ്പോള്‍ ആര്‍ക്കും അയ്യപ്പനൊരു ശല്യമേ ആയിരുന്നില്ല. എല്ലാവര്‍ക്കും അയാളൊരു വഴിപിഴച്ചു പോയ സുഹൃത്ത്. അന്ന് ഡി.സി.ബുക്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ അയ്യപ്പേട്ടനെ മാനേജര്‍ ഞങ്ങളോടൊപ്പം പറഞ്ഞുവിട്ടു. "വി.ജി.തമ്പിയുടെ വീട്ടിലേക്കാണ്, ഈ അവസ്ഥയില്‍ ഒറ്റക്ക് വിടാന്‍ പറ്റില്ല. ഒരു ഓട്ടോ പിടിച്ച് അങ്ങോട്ടേക്കൊന്ന് ആക്കിക്കൊടുക്കാമോ?" പൂര്‍ണ്ണമനസ്സോടെയല്ല എന്നുറപ്പ്; എങ്കിലും ആ മാനേജരോടുള്ള അടുപ്പത്തിന്റെ പേരില്‍ അയ്യപ്പേട്ടനെ അന്ന് കൂടെക്കൂട്ടി. താഴെ എത്തിയപ്പോള്‍ അയ്യപ്പേട്ടന്‍ ഞങ്ങളോട് ചോദിച്ചു. "അല്ല, ഇത്ര പെട്ടെന്ന് പോയിട്ടെന്തിനാ, വാടോ നമുക്ക് രണ്ടെണ്ണം വീശിയിട്ട് പതുക്കെ പോവാം." ഞങ്ങളില്ല എന്ന് പറഞ്ഞതും പിന്നൊന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബാറിലേക്ക് കയറിപ്പോയ അയ്യപ്പേട്ടന്‍ ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പുണ്ട്.

അതിന് ശേഷം അയ്യപ്പേട്ടനെ പിന്നെ കാണുന്നത് അറുപതാം പിറന്നാളാഘോഷത്തിന് കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു. മദ്യലഹരിയിലല്ലാതെ വെളുത്ത ഷര്‍ടും മുണ്ടുമണിഞ്ഞ് പതിവിന് വിപരീതമായ വേഷത്തില്‍, ഒരു കൊച്ച് കുഞ്ഞിനെപ്പോലെ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘാടകരായ സെബാസ്റ്റ്യന്‍ ചേട്ടന്റെയും കൂട്ടരുടെയും തടവറയിലായിരുന്നു അന്ന് അയ്യപ്പന്‍. അന്ന് ഒരു പകലും രാത്രിയും അയ്യപ്പകവിതയുടെ ആഴിയില്‍ മുങ്ങി നിവരുകയായിരുന്നു ഞാന്‍. അന്ന് എന്നോടൊപ്പം വിഷ്ണുപ്രസാദ്, നാസിമുദ്ദീന്‍, സുധീഷ് കൊട്ടേമ്പ്രം, പി.ആര്‍.രതീഷ് തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. പിന്നെയും പലയിടങ്ങളില്‍ പല വേഷത്തില്‍ അയ്യപ്പേട്ടന്‍ കടന്നു വന്നിട്ടുണ്ട്. പലരും അദ്ദേഹത്തെ കണ്ട് വഴിമാറി നടന്ന് പോകുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്.

ഇന്നു മുതല്‍ വാരികകളും പത്രമാസികകളും ഒരാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരിക്കാം. ഇനി കാണാം കുറെ ബുദ്ധിജീവി ജാഢക്കാരുടെ ഉഗ്രന്‍ ഓര്‍മ്മകുറിപ്പുകള്‍. അനുസ്മരണപ്രഭാഷണങ്ങള്‍ കൊണ്ട് സമ്മേളനവേദികള്‍ മുഖരിതമാകും. എല്ലാ ബഹുമതികളും നല്‍കി തിങ്കളാഴ്ച മലയാളം അദ്ദേഹത്തെ യാത്രയാക്കും. സമൂഹത്തിന്റെ തെമ്മാടിക്കുഴിയിലേക്ക് തള്ളിയിട്ട അണ്ണനെ മരണശേഷം സെമിത്തേരിയിലേക്ക് ആനയിക്കുന്ന കാഴ്ച എത്ര വിചിത്രം അല്ലേ?

ഇന്നലെ രാത്രി ഏകദേശം പന്ത്രണ്ട് മണിയായിക്കാണും, എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തറ്റും അയ്യപ്പന്റെ വരികളാണ്. നിര്‍ത്തുന്നില്ല. 'ഗ്രീഷ്മമേ സഖീ' മുഴുവന്‍ പാടി. എനിക്കാളെ മനസിലായില്ല. തൃശ്ശൂരുകാരന്‍ ജോഷിയാണെന്ന് അവസാനം പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നാണത്രേ. ഒരല്പം മദ്യപിച്ചിട്ടുണ്ട്.അയ്യപ്പേട്ടന്റെ അറുപതാം പിറന്നാളിന് പരിചയപ്പെട്ട ആളാണ്. അയാളുടെ വാക്കുകളില്‍, വരികളില്‍ വിഷാദത്തിന്റെ നേര്‍ത്ത പകര്‍ന്നാട്ടം എനിക്കനുഭവിക്കാന്‍ കഴിഞ്ഞു. "ഇന്നുറക്കമില്ലാത്ത രാവ്, കവിതയിലെ തെണ്ടി അയ്യപ്പന് വേണ്ടി." ഇതും പറഞ്ഞ് ജോഷി ഫോണ്‍ വച്ചു. ആ വിളിക്ക് ശേഷം എന്തെന്നില്ലാത്ത ഒരു ഭാവമാറ്റം എന്റെ മനസ്സിനെ ബാധിച്ചു. നേരത്തെ പറഞ്ഞ നഷ്ടബോധവും ജോഷിയുടെ വാക്കുകളും എന്നെ അയ്യപ്പേട്ടന്റെ മൃതശരീരത്തിനടുത്തേക്ക് എന്നെ എത്തിക്കുന്നു.

"ആട്ടിന്‍ കുട്ടിയാണ് എന്നാണ് കരുതിയത്
വഴിയോരത്ത്
ക്ഷീണിച്ച്
ചോര ഒലിച്ച്...

ബുദ്ധനായിരുന്നു...!"

അതെ, അയ്യപ്പേട്ടന്‍ ഒരു ബുദ്ധന്‍ തന്നെയായിരുന്നു. കടന്നു വന്ന നല്ല വഴികളൊന്നും സ്വീകരിക്കാതെ, ഈ നശിച്ച കാലത്തിന്റെ വ്യവസ്ഥാപിതമായ ഒരു ഘടനയിലും സഞ്ചരിക്കാതെ തന്റേതു മാത്രമായ ജീവിതയാഥാര്‍ത്ഥ്യങ്ങളേയും സത്യങ്ങളേയും മുറുകെപ്പിടിച്ച് നടന്നകന്ന ബുദ്ധന്‍. ഒരു പിടി ചോറിന് ആരുടെ മുന്നിലും കൈ നീട്ടാന്‍ ഒരു മടിയുമില്ലാതെ, അക്ഷരങ്ങളെ മാത്രം കൂട്ടാക്കി, ഉള്ളിലൊളിപ്പിച്ച ഒരു പിടി സൗഹൃദങ്ങളുമായി അറിയാവഴികളിലേക്ക് പതിവ് പോലെ തന്റെ സുഹൃത്തുക്കളോടൊത്ത് അയ്യപ്പണ്ണനും യാത്രയായി. അരാജകത്വം എന്ന് പറഞ്ഞ് മറ്റുള്ളവര്‍ പുച്ഛിച്ച് തള്ളിയ തന്റെ ജീവിതത്തില്‍ വ്യക്തമായ ഒരു രാഷ്ട്രീയം അയ്യപ്പന്‍ എന്നും കാത്തു സൂക്ഷിച്ചിരുന്നു. വിട പറയും മുന്‍പേ ഉള്ളില്‍ കണ്ട മരണത്തെ കുറിച്ചെടുത്ത് കൈമടക്കിലൊളിപ്പിച്ച് ആ വഴിയില്‍, വെയിലിനെ തിന്ന് ആരോടും ഒന്നും മിണ്ടാതെ അജ്ഞാതനായി....

"അമ്പ് ഏത് നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്..!"

10 വായന:

ജ്യോതീബായ് പരിയാടത്ത് said...

അതെ .കൊടുങ്ങല്ലൂരിൽ ആദ്യമായും അവസാനമായും കണ്ടത്. പരിചയപ്പെട്ടത്.പാവം മനുഷ്യൻ എന്നു തോന്നിപ്പിച്ച ഇരുപ്പ്. പുഞ്ചിരി. മറക്കാതിരിക്കാൻ അതുതന്നെ ധാരാളം .

SHYLAN said...

പറയാന്‍ ഒന്നുമില്ലാതെ.. ഓര്‍മ്മകളില്‍...

സോണ ജി said...

അനുകരിക്കനാവാത്ത ബിംബകല്‍പ്പനക്കുമുന്നില്‍ കണ്ണീരാല്‍ അടിയന്‍ ശിരസ്സ് നമിക്കുന്നു.

വിനൂ , അദ്ദേഹത്തിനുവേണ്ടി താളുകള്‍ നീക്കിവെച്ചതിനു.നന്ദി!!! :(

K.S said...

നെയ്യപ്പം ചുടാത്ത ഒരമ്മയ്ക്ക് ജെനിച്ച അയ്യപ്പനെ നമുക്ക് വേണ്ടാതതുകൊണ്ട് കാക്ക കൊത്തിക്കൊണ്ടു പോയി..

Anonymous said...

.....:)

പി എ അനിഷ്, എളനാട് said...

സാബു ഷണ്‍മുഖത്തിന്റെ വാക്കുകള്‍ കടമെടുക്കുന്നു:


'ഒരു നക്ഷത്രം
കൊത്തിക്കൊണ്ടുവരാന്‍
എന്റെ കൈകളില്‍നിന്നും
പറന്ന പ്രാവ്
നെഞ്ചിലൂട െതുളച്ചുകയറിയ
ഒരമ്പുമായി എന്റെ കൈകളില്‍
തന്നെ മരിച്ചുവീണു.'
-എ.അയ്യപ്പന്‍

ജീവിച്ചിരുന്നപ്പോള്‍ അയിത്തംകല്പ്പിച്ചവര്‍ ,കണ്ടിട്ടുംകാണാതെപോയവര്‍,ശല്യമൊഴിഞ്ഞെന്നു
ആശ്വസിക്കുന്നവര്‍ ,അങ്ങനെ സര്‍വ അലവലാതികളുംഇനി എഴുതിത്തുടങ്ങും കിടിലന്‍വിലാപകാവ്യങ്ങള്‍ ,
അടിപൊളി സ്തുതികള്‍ ,ഇടിവെട്ട്അനുഭവങ്ങള്‍.

അവനെന്നുംകൂട്ടായിരുന്നവര്‍്‍ -അവര്‍ക്ക് കിട്ടില്ല എഴുതാന്‍പേജുകള്‍ ,പറയാന്‍ മൈക്കുകള്‍ ,തെളിയാന്‍ ചാനലുകള്‍ .


എല്ലാം കാണാന്‍ തയ്യാറാവുക

പി എ അനിഷ്, എളനാട് said...

vinu

ആട്ടിങ്കുട്ടിയാണ് എന്നാണു ആദ്യം കരുതിയത്
വഴിയോരത്ത്,
ക്ഷീണിച്ചു
ചോര ഒലിച്ച്...

ബുദ്ധനായിരുന്നു.

thu mahendar nte kavithayile varikal alle

http://mahendarmahi.blogspot.com/2010/10/blog-post_22.html

varikal edukkumbol kaviyude peru koodi soochipikkan marakkalle

sneham

Mahendar said...

വൈകിയാണ് കണ്ടത്..

എന്‍റെ വരികള്‍ ഇത്ര ശക്തമായിരുന്നു എന്ന അംഗീകാരം ആയി ഞാന്‍ ഇത് എടുത്തോട്ടെ?

സുജിത് കയ്യൂര്‍ said...

ayyappane ormmikunnu ennu kavithaye snehikunnavarku parayaanaakilla.kaaranam enteyullil chorayundennum,athaanenne jeevippikkunnathennum nammal parayaarillallo.

»¦മുഖ്‌താര്‍¦udarampoyil¦« said...

ഓര്‍മകളില്‍..

Post a Comment

© moonnaamidam.blogspot.com