ബിംബിസാരന്റെ ഇടയന്‍

കേരളചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സന്ധിയില്‍ ജനിച്ച ഇടശ്ശേരി പുരോഗമന സാഹിത്യ കാലഘട്ടത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് സാഹിത്യരചന നടത്തിയ ആളാണ്. താന്‍ പിറന്ന് വീണ കാലഘട്ടത്തിന്റെ വൈരുദ്ധ്യങ്ങളെ മുഴുവന്‍ അന്തഃസംഘര്‍ഷങ്ങളായി അനുഭവിച്ച ഈ കവി മലയാളിയുടെ ആത്മബോധത്തെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കാന്‍ ശ്രമിച്ചു. ഇടത്തരക്കാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയും കവിതകളില്‍ ഒരു പുതിയ രൂപത്തില്‍ വാര്‍ന്നുവീണു. ജന്മി, പാട്ടക്കുടിയാന്‍, കര്‍ഷകത്തൊഴിലാളി എന്നീ ത്രിത്ത്വത്തിലധിഷ്ഠിതമായിരുന്നു അന്നത്തെ സമൂഹം. ഒരു കര്ഷകസമൂഹ മദ്ധ്യത്തില്‍ പിറന്ന കവി, ഗ്രാമീണകര്‍ഷക വര്‍ഗ്ഗത്തിന്റെ അന്നത്തെ അവസ്ഥ അറിയുന്നവനായിരുന്നു. തൊഴിലാളി, വര്‍ഗ്ഗബോധം നേടി വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിയാനാരംഭിച്ച കാലമായിരുന്നു അത്. ഒരു വശത്ത് ഗാന്ധിയന്‍ ആദര്ശങ്ങളും മൂല്യങ്ങളും; മറുവശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന് ലഭിച്ചു വരുന്ന പ്രാധാന്യം. ഇവ ഒരേ സമയം ഉള്‍ക്കൊണ്ട കവി രണ്ടിനേയും തന്റെ കവിതയില്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. ഈ ശ്രമം ഫലവത്തായില്ലെങ്കിലും തന്റെ കവിഭാവനയിലൂടെ അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയുമൊക്കെ അവസ്ഥകളെ അവതരിപ്പിച്ചുകൊണ്ട് ഇടശ്ശേരിക്കവിത കേരളീയവും ജനകീയവുമായി മാറുകയാണ് ചെയ്തത്.

ഇടശ്ശേരിക്കവിതകളുടെ സാഹിത്യമൂല്യത്തെക്കുറിച്ച് പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യഭാഷയെക്കുറിച്ചും പഠനങ്ങള്‍ വന്നിട്ടുണ്ട്. നിയോക്ലാസിക്ക് കവിതയുടെ സവിശേഷതകളായ പ്രഭാഷണപരത, ആഖ്യാനപരത, ഭാവദാരിദ്ര്യം എന്നിവ ഈ കവിതകളില്‍ കാണുന്നു എന്ന് അഭിപ്രായമുണ്ട്. കൂടാതെ, നാടന്‍ മൊഴികളുടെ സ്വാധീനത്തിന് ഈ കവിതകള്‍ വഴങ്ങിയിട്ടുണ്ടെന്നും അത്തരം ഘടകങ്ങളെ മുന്‍നിര്‍ത്തി ഇടശ്ശേരിക്കവിതക്ക് ഉള്ളതില്‍ക്കവിഞ്ഞ പ്രാധാന്യം നല്‍കുകയാണെന്നും ചിലര്‍ ആക്ഷേപിക്കുന്നു.

1906 മുതല്‍ 1974 വരെയാണ് ഇടശ്ശേരിയുടെ ജീവിതകാലം. 1929 മുതല്‍ 1974 വരെയുള്ള നാല്പത്തിയഞ്ച് വര്‍ഷങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹത്തിന്റെ കാവ്യജീവിതം. വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, ബാലാമണിയ
മ്മ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഓ.എന്‍.വി, കക്കാട്, വയലാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി മുതലായ കവികള്‍ കവിതാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1906 ഡിസംബര്‍ 23ആം തിയ്യതി പൊന്നാനിക്കാരനായി ജനിച്ച ഇടശ്ശേരിയുടെ ബാല്യം ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നതായതിനാല്‍ 1921ല്‍ അച്ഛന്‍ മരിച്ചതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴിലന്വേഷിക്കേണ്ടതായി വന്നു. അങ്ങനെ പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കവി പില്‍ക്കാലത്ത് ഒരു വക്കീല്‍ ഗുമസ്തനായി, അതോടൊപ്പം തന്റെ കവിതക്കമ്പത്തേയും അദ്ദേഹം ഊട്ടിവളര്‍ത്തി.

വള്ളുവനാടന്‍ കവിയായ ഇടശ്ശേരിയുടെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനസ്രോതസ്സുകള്‍ കാവ്യരചനക്കാലത്ത് രണ്ട് രീതിയില്‍ നിലനിന്നിരുന്നു. സംസ്ക്രിതപ്രഭാവത്തെ വെല്ലുവിളിച്ച ചങ്ങമ്പുഴയുടെ രചനാരീതിയും എഴുത്തച്ഛനും ആശാനും വള്ളത്തോളുമൊക്കെ പിന്തുടര്‍ന്നു വന്ന മറ്റൊരു രചനാരീതി

യും. ഈ രണ്ട് രീതികളെയും സമന്വയിപ്പിക്കാനുള്ള ഒരു ശ്രമം ഇടശ്ശേരിക്കവിതകളില്‍ തെളിഞ്ഞു കാണാം. മണിക്കിണറും, നാവായും, പേരാറും, കുറ്റിപ്പുറം പാലവും, പൊന്നാനിപ്പുഴയും, ചമ്രവട്ടത്തപ്പനുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഒരു സ്ഥലപുരാണവും, പാനേങ്കളിയും, തുമ്പിതുള്ളലും, പൂതംകളിയും പോലുള്ള അനുഷ്ഠാന കലാസൂചനകളും, നാടന്‍ വിശ്വാസങ്ങളും പ്രാദേശികപ്രയോഗങ്ങളും ഇടകലര്‍ന്ന ഒരു നാടോടിസാഹിത്യ സഞ്ചയം ഇടശ്ശേരിക്കവിതകളില്‍ അധീശത്വം പുലര്‍ത്തുന്നുവെന്ന് സച്ചിദാനദന്‍ സംസാരത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.


സ്വന്തമായ ഒരു സംസ്കാരവും രംഗകലാപാരമ്പര്യമുള്ള വള്ളുവനാടിന്റെ കവിയാണ് ഇടശ്ശേരി. അതുകൊണ്ട് തന്നെ ആ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സ്വാധീനം ഇടശ്ശേരിയിലും അദ്ദേഹത്തിന്റെ കാവ്യരചനകളിലും കണ്ടെത്താം. കാര്‍ഷികവ്രിത്തിയും ഗ്രാമീണജീവിതവുമായും ബന്ധപ്പെട്ട ഉപമകളും വാങ്മയ ചിത്രങ്ങളും ഇടശ്ശേരിക്കവിതകളില്‍ ധാരാളമായി കാണാം. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയെ ഘടനാപരമായ വിശകലനരീതി ഉപയോഗിച്ചുകൊണ്ട് രാഘവന്‍ പയ്യനാട് നിര്‍ദ്ധാരണം ചെയ്തിട്ടുണ്ട്. പുത്തന്‍ കലവും അരിവാളും, പൂതപ്പാട്ട് എന്നീ രണ്ട് കവിതകളുടെയും ഘടനയെ തുലനാത്മകമായി സമീപിച്ചുകൊണ്ടാണ് അദ്ദേഹം ഈ പഠനം നടത്തിയിട്ടുള്ളത്.

1948ല്‍ ഇടശ്ശേരി രചിച്ച 'പുത്തന്‍ കലവും അരിവാളും' ജന്മി കുടിയാന്‍ ബന്ധത്തിന്റെ വേവലാതി മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ക്രിതിയാണ്. വിളയുടെ അവകാശി വിത്തിറക്കുന്നവനോ അതോ ഭൂവുടമയോ എന്നതാണ് ഇതിലെ കാതലായ പ്രശ്നം. ഈ പ്രശ്നം നേരിട്ട് പ്രതിപാദിക്കുന്നതാണ് ഈ കവിത.

'പൂതപ്പാട്ട്' എന്ന കവിതയെ ഘടനാപാമായ വിശകലനത്തിന് വിധേയമാക്കിയാല്‍ 'പുത്തന്‍ കലവും അരിവാളും' എന്ന കവിതയിലെ ആശയം തന്നെയാണ് ലഭിക്കുക. ഭൂപരിഷ്കരണ നിയമം വന്നതോടെ കേരളത്തിലെ ജന്മി കുടിയാന്‍ മനസ്സുകളില്‍ വന്ന ശക്തമായ സംഘര്‍ഷത്തെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ജന്മായത്തമായ ജന്മിയുടെ അധികാരവും നിയമായത്തമായ കര്‍ഷകന്റെ അധികാരവും തമ്മിലുള്ള അവകാശത്തര്‍ക്കമാണ് ഈ കവിതയുടെ കാതല്‍. ഇതേ പോലുള്ള ഒരു അവകാശത്തര്‍ക്കമാണ് 'പൂതപ്പാട്ടി'ലുമുള്ളത്.

ജന്മിക്ക് ഭൂമിയിന്മേലും നങ്ങേലിക്ക് കുട്ടിയുടെ മേലുമുള്ള അവകാശം ഒരേ പോലെയുള്ളതാണ്. പാട്ടത്തിനെടുത്ത ക്രിഷി താല്‍ക്കാലികം മാത്രമായതു പോലെ പൂതം തട്ടിയെടുത്ത നങ്ങേലിയുടെ കുട്ടിയുടെ അവകാശവും താല്‍ക്കാലികം മാത്രമാണ്. കൊയ്യാന്‍ അധികാരമുള്ള ജന്മിയും കുട്ടിയെ തീരിച്ചു കിട്ടുന്ന നങ്ങേലിയും ലാഭം ഒരേ പോലെ കിട്ടിയവരാണ്. ജന്മിക്ക് വിളവ് കിട്ടുന്നതും നങ്ങേലിക്ക് കുട്ടിയെ കിട്ടുന്നതും സമാനമാണ്. ഇടക്കാലത്ത് ഇരുവര്‍ക്കും അത് നഷ്ടപ്പെട്ടിരുന്നതാണല്ലോ. നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടുമ്പോഴുള്ള സംത്രിപ്തി ഇരുവരിലും കാണാനുണ്ട്. കോമനും പൂതവും ഒരേ പോലെ നഷ്ടം സംഭവിക്കുന്നവരാണ്. പൂതത്തിന് കുട്ടിയും കോമന് താന്‍ കൈവശം വച്ചിരുന്ന ഭൂമിയും അതിലെ വിളവുമാണ് നഷ്ടമാവുന്നത്. നിയമാനുസ്രിതമായ അവകാശമാണോ ആര്‍ജ്ജിതാവകാശമാണോ ശരി എന്നതിനെ സംബന്ധിച്ച് ഒരു കവിക്കുണ്ടായ അന്തഃസംഘര്‍ഷത്തിന്റെ ഫലമാണ് ഈ കവിതകള്‍. 'പുത്തന്‍ കലവും അരിവാളും' എന്ന കവിത എഴുതി ത്രിപ്തിയാവാതെ നാടോടിപാരമ്പര്യത്തിന്റെ പിന്‍ബലത്തോടെ വീണ്ടും അതേ ആശയം അവതരിപ്പിക്കുന്നതാണ് 'പൂതപ്പാട്ട്'.

1 വായന:

സുനിൽ പണിക്കർ said...

ഇടശ്ശേരിക്കവിതകളിലേയ്ക്കുള്ള വിശാലജാലകം തുറന്ന ഈ കുറിപ്പിന് ആശംസകൾ.. അക്ഷരത്തെറ്റുകൾ ഇപ്പോഴും കാണുന്നത്‌ അക്ഷന്തവ്യമാണ്.

Post a Comment

© moonnaamidam.blogspot.com