ഈറന്‍ മഴയുടെ പഴമൊഴികള്‍

ജീവിതത്തിലെ പ്രവാസത്തെ നേരിടുന്ന വാക്കുകളാണ് ടി.പി.വിനോദിന്റെ കവിതകള്‍. തന്റെ പ്രവാസജീവിതത്തിലെ ഓര്‍മ്മകളെ ഒരു കലാസൃഷ്ടിയെപ്പോലെ ദൃഢമാക്കാന്‍ അല്ലെങ്കില്‍ ഒരു ശില്പമാക്കാന്‍ വിനോദ് യത്നിക്കുന്നുണ്ട്. ഓര്‍മ്മകളെ അപഗ്രഥിച്ചു കൊണ്ടുള്ള കടന്നുപോക്കുകള്‍ ഈ യത്നത്തെ പരാജയപ്പെടുത്തുന്നതായി കവിക്ക് തോന്നിയിട്ടുണ്ടായിരിക്കണം, പലപ്പോഴും.

'നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.'

ഇവിടെ സ്വന്തം കവിതയ്ക്ക് കവി നാമകരണം ചെയ്യുകയാണ്. ദേശകാലങ്ങളുടെ അതിരുകള്‍ക്കകലെ ഓര്‍മ്മകളുടെ പത്തായം കവിതയാല്‍ നിറയ്ക്കുകയാണ് വിനോദ് ചെയ്യുന്നത്. തനിക്ക് ജീവിതം ഒരു സ്വപ്നാടനം മാത്രമാണ്, അതിനപ്പുറം മറ്റൊന്നുമില്ല എന്ന് പല കവിതകളിലും കവി വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ട് ഈ ലോകവുമായി അയാള്‍ സംവദിക്കുന്നത് തന്നെ കവിതകളിലൂടെയാണ്. ആ സംവേദനത്തിന്റെ മൂര്‍ത്തതയ്ക്കായി നാവിന്‍ തുമ്പില്‍ നിന്നും മാഞ്ഞു പോയ വാക്കുകള്‍ക്ക് വേണ്ടി വിനോദ് പരതുകയാണ്. കൈവിട്ട് പോരേണ്ടി വന്ന നാടീന്റെ ചൂടും, ചൂരും കവിതകളിലൂടെ അനുഭവിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. നഷ്ടബോധത്തിന്റെ ഗൗരവത്താല്‍ കവിയുടെ നാടും, ഭാവവും ഭാഷയിലേക്ക് ഊര്‍ന്നിറങ്ങി അതിന്റെ ശക്തി കവിതയിലേക്ക് പകരുന്നുമുണ്ട്.

അതിഭാവുകത്വത്തിന്റെ അതിമധുരത്തില്‍ ചില കവിതകള്‍ മുങ്ങിപ്പോകുന്നുണ്ടെങ്കിലും, കാവ്യബിംബങ്ങളുടെ ആന്തരഘടനയും, സത്തയും മുറുകെപ്പിടിക്കുന്ന കവിതകള്‍ അവയെ വായനക്കാര്‍ക്കിടയില്‍ നിന്നും മറച്ചു പിടിക്കുന്നുണ്ട്. പ്രവാസചിന്തകള്‍ വിനോദിലൂടെ കവിതയുടെ വ്യത്യസ്തമായ സ്വരമായി മാറുകയാണ് ഇവിടെ ചെയ്യുന്നത്.

സ്വന്തം ചരിത്രം ഉള്ളിലൊതുക്കുന്ന തേങ്ങല്‍ കവിയിലൂടെ പുറത്തേക്കൊഴുകുന്ന സന്ദര്‍ഭമാണ് 'അന്തര്‍വാഹിനി' എന്ന കവിതയില്‍. ഇവിടെ നിങ്ങള്‍ക്ക് ബുദ്ധിയുടെ വ്യായാമം കാണാന്‍ കഴിയില്ല. കല്ലായിപ്പോയ വാക്കുകളുടെ എഴുന്നള്ളിപ്പുകളും, നോക്കുകുത്തികളായി മാറിയ പദപ്രയോഗങ്ങളെയും കാണാന്‍ കഴിയില്ല. ഭൂതകാലത്തില്‍ നിന്ന് ഓടിയൊളിക്കാനാവാത്ത ഒരു തുരുത്തിലേക്കുള്ള സഞ്ചാരമാണ് ഈ കവിത. സ്വന്തം നിമിഷങ്ങളെ വീണ്ടും കണ്ടുമുട്ടാത്തതിനാല്‍ പഴയ ഓര്‍മ്മകളെയും ചുറ്റിപ്പിടിച്ച് കവിതയിലേക്ക് വഴുതി വീഴുകയാണ് കവി.

'പാളവണ്ടിയും ട്രൗസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനേയും പുകച്ചിലിനേയും
മറന്നേ പോയിരുന്നു.'


വിനോദിന്റെ സ്വാതന്ത്ര്യം എന്ന കവിതയില്‍ വളരെ ലളിതമായി സ്വാതന്ത്ര്യബോധത്തെക്കുറിച്ച് പറയുന്നുണ്ട്. പത്രത്തില്‍ സ്വാതന്ത്ര്യം എന്ന പദം കണ്ടപ്പോള്‍ കവി ഓര്‍ക്കുന്നത് തുരുമ്പിച്ച ഒരു എലിക്കെണിയാണ്. ആ എലിക്കെണിയില്‍ ചിതലുകള്‍ സുഖലോലുപരായി അകത്തേക്കും പുറത്തേക്കും സ്വൈരവിഹാരം നടത്തുന്നുണ്ട്. അവര്‍ക്ക് അതൊരു സ്വാതന്ത്ര്യമുള്ള സഥലമാണ്. എന്നാല്‍ അതിലകപ്പെടുന്ന എലിക്കോ? ഇവിടെ വരുന്ന ഈ മാറ്റം ശ്രദ്ധേയമാണ്. പല വാക്കുകളും നമ്മെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പല വാക്പ്രയോഗത്തിലും, വികാരവിനിമയത്തിലും കവി ഇവിടെ മാറ്റമുണ്ടാക്കുന്നുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ രൂക്ഷചിത്രങ്ങളിലൂടെ അനായാസമായി ചലിക്കുന്ന ഈ കവിത, കവിതയില്‍ നിന്നുയര്‍ന്ന ഒരു സമൂഹത്തെ ഉള്‍ക്കൊണ്ടു കൊണ്ട് തന്നിലേക്ക് തന്നെ തിരിച്ചുവരുന്ന ഒരു ബൂമറാങ്ങാണ്.

വെളിച്ചത്തിന്റെ അക്വേറിയം, അനുശീലനം എന്നീ കവിതകള്‍ ഒരു ഇടത്തരം കുടുംബത്തില്‍ അല്പകാലം മുന്‍പ് വരെ കണ്ടിരുന്ന കാഴ്ചകളുടെ വാങ്മയ ചിത്രങ്ങളാണ്. ചില്ലോടിലൂടെ കടന്നു വരുന്ന പ്രകാശധാരയെ അക്വേറിയമായി ചിത്രീകരിച്ചും തന്റെ സ്വപ്നങ്ങളെ ഒരു വിത്ത് നടുന്ന രീതിയില്‍ നട്ട് വളര്‍ത്തിയതും അക്ഷരങ്ങളായി, വാക്കുകളായി ഇവിടെ ഉണരുന്നു. പല കവിതകള്‍ക്കും സംഭവിക്കുന്ന രൂപരാഹിത്യം ഇവിടെ സംഭവിക്കുന്നില്ല. മനുഷ്യസ്മൃതി ഇവിടെ രൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ 'ട്രൂ കോപ്പി' എന്ന കവിതയില്‍ തന്റെ സ്ഥിരം കാഴ്ചകളാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ട്രാഫിക് ലൈറ്റുകളുടെ ദൃശ്യവിസ്മയങ്ങളെ ആലങ്കാരികതയിലൊരുക്കി വച്ചിട്ടുണ്ട് കവി ഈ കവിതയില്‍. നാട്ടിന്‍പുറത്തെ പഴമകള്‍ക്കിടയില്‍ ഒരു നഗരജീവിതക്കാഴ്ച. കാലത്തിലൂടെ ഒഴുകുന്ന മനുഷ്യജീവിതത്തിന്റെ ലംബമായ കാഴ്ചപ്പാടുകളായി മാറുന്നുണ്ട് വിനോദിന്റെ പല കവിതകളും.

വാക്യസംവിധാനത്തിന്റെയോ പദങ്ങളുടെയോ കെട്ടുറപ്പില്‍ ബിംബങ്ങള്‍ കെട്ടിയുയര്‍ത്തുന്ന സ്വഭാവവും, ശില്പകലയുടെ സ്വഭാവത്തിലൂന്നിയുള്ള വരികളുടെ വിന്യാസവും വിനോദിന്റെ കവിതകളുടെ സൗന്ദര്യാത്മക ഘടകങ്ങളായി മാറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കഥനത്തിന്റെ അംശങ്ങളായി ബിംബങ്ങള്‍ മാറുന്നുമുണ്ട്. ആശയങ്ങളുടെ പങ്ക് കുറേക്കൂടി സ്വതന്ത്രവും ശക്തവുമായി മാറുന്നതിന് പൈറസി എന്ന കവിത ഒരു ഉദാഹരണാമാണ്.

'വെളിച്ചത്താലുണ്ടായി വരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോകുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.'

അനുഭവത്തിലൂടെ സത്യത്തെ സാക്ഷാത്കരിക്കുന്ന രീതിയാണ് 'വാക്കുപോക്കുകള്‍' എന്ന കവിതയില്‍ വിനോദ് സ്വീകരിച്ചിരിക്കുന്നത്. തന്റെ വിഹ്വലതകളും ആശങ്കകളും അയാള്‍ക്ക് എന്നുമൊരു കൂട്ടായി മാറിയിരുന്നു. ഏകാന്തതയില്‍ അഭയം കൊണ്ട ജീവിതം പലകുറി എഴുതിയെടുത്ത് ആത്മഹര്‍ഷം പൂണ്ടിരിക്കണം കവി.

'വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുക മാത്രം ചെയ്യുന്നു.'

അകലെയിരുന്നു നോക്കുമ്പോള്‍ സങ്കല്പിച്ചെടുക്കാവുന്ന ഒന്നായിരിക്കില്ല വിനോദിന്റെ കവിതയിലെ സൗന്ദര്യം. അനുഭവാഖ്യാനത്തില്‍ അന്തര്‍മുഖമായി മാറുന്ന സ്വഭാവമായിരിക്കും അത്. അതുകൊണ്ട് തന്നൊരു കരിയിലയെപ്പോലെ സ്നേഹത്തിന്റെയും, ഗൃഹാതുരതയുടെയും കാറ്റില്‍ വിനോദിന്റെ മനസ് പറന്നലഞ്ഞിട്ടുണ്ടായിരിക്കണം. ആ പറന്നകന്ന ഇലകള്‍ സങ്കല്പങ്ങള്‍ ശിഥിലമായീരിക്കുന്ന മലയാള കവിതയിലേക്ക് വിരിച്ച കവിത്വം കാലത്തിന്റെ എല്ലാ ശീതോഷ്ണങ്ങളേയും സ്വീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കവിയില്‍ നിന്ന് ഒരിക്കലും ഓര്‍മ്മകള്‍ ഓടിപ്പോകുന്നില്ല. സ്വന്തം നാടിനോടുള്ള ഗാഢാഭിമുഖ്യത്തിന്റെ സാന്ദ്രമായ ഭാഷയാണ് ഈ കവിയുടെ ഭാഷ. ഇവിടെ ഈ കനത്ത നിശബ്ദതകള്‍ക്കിടയില്‍ തന്റെ കപ്പലിന് പാമരമന്വേഷിച്ചലയുന്ന ഈ മരംകൊത്തിയുടെ താളം വായനക്കാരുടെ സംവേദനത്തില്‍ പുതിയൊരു തുയിലുണര്‍ത്തലായി മാറട്ടെ.

'ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചു നില്‍ക്കുന്ന
മുഴച്ചു നില്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്...!!'

1 വായന:

Anonymous said...

ഇത്രയൊന്നും എഴുതാനില്ല വിനോദിനെപ്പറ്റി.വിനു വെറുതെ ഒരാളെ വലുതാക്കുന്നു.

Post a Comment

© moonnaamidam.blogspot.com