പാലക്കാടന്‍ കവിതയുടെ ഭൂമിക

കവിതയുടെ ആലാപന മികവു കൊണ്ടും, വ്യത്യസ്ത പ്രമേയ സ്വീകരണങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ കവയിത്രിയാണ് ശ്രീമതി. ജ്യോതിഭായ് പരിയാടത്ത്. അവികലമായ പല അന്തര്‍ദ്ദര്‍ശനങ്ങളുടെയും പ്രകാശനങ്ങളാണ് അവരുടെ പല കവിതകളും. ജ്യോതിഭായിയുടെ ജീവിതത്തിനും കാവ്യസപര്യയ്ക്കും ഊര്‍ജ്ജം നല്‍കിയത് പാലക്കാടന്‍ കാറ്റിലലിഞ്ഞു ചേര്‍ന്ന ഒരു സംസ്കാരത്തിന്റെ ഗന്ധമായിരിക്കണം. അതല്ലെന്ന് സമര്‍ത്ഥിക്കാന്‍ ആരു ശ്രമിച്ചാലും കവയിത്രിയുടെ ആദ്യകവിത മുതല്‍ അവസാന കവിത വരെ അതിനെ എതിര്‍ത്തു കൊണ്ടേയിരിക്കും. ജ്യോതിബായിയുടെ കൂടെ ഒരല്പസമയം...


വിനു : പഴമയിലേക്കുള്ള തിരിച്ചുപോക്കിന്റെ ശ്രമമായി താങ്കളുടെ കവിതകള്‍ എനിക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. ആ നിലയ്ക്ക്‌ പഴയ സംസ്കാരങ്ങളുടെ വൈശിഷ്ട്യങ്ങളെ ആദരിച്ചു കൊണ്ടുള്ള സ്വത്വപ്രഖ്യാപനമാണ്‌ താങ്കള്‍ കവിതയിലൂടെ നടത്തുന്നത്‌ എന്ന്‌ പറയുകയാണെങ്കില്‍ അതിനെ അംഗീകരിക്കാനാവുമോ?

ജ്യോതിഭായ് : എന്താണ്‌ പഴമയും പുതുമയും? ഇപ്പോൾ പറഞ്ഞ വാക്കും, ഈ നിമിഷവും അടുത്ത നിമിഷത്തേക്ക്‌ പഴമായാവുന്നുവെങ്കില്‍ കവിതയെ സംബന്ധിച്ചിടത്തോളവും അത്തരം ഒരു വേര്‍തിരിവിന്റെ പ്രസക്തി എന്താണ്‌? വിശിഷ്ടമായത്‌ എന്തും ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും ആണെന്ന്‌ കരുതുന്നു. സ്വാംശീകരിക്കേണ്ടവയെ സ്വാംശീകരിക്കുന്നു. എഴുത്തിലേക്ക്‌ കൊണ്ടുവരാനുള്ളവ കഴിയുമെങ്കില്‍ കൊണ്ടുവരുന്നു. അത്രയേയുള്ളു.

•സാമൂഹികമായ അനുഭവങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു എഴുത്തുകാരന്‍ / എഴുത്തുകാരി 'ഉപരോധിക്കപ്പെട്ട നഗരം' ആണെന്ന്‌ പറയുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു?

അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്ന്‌ അറിയില്ല. ഉണ്ടെങ്കില്‍, എഴുത്തുകാരന്‍/എഴുത്തുകാരി മനുഷ്യകുലത്തില്‍ പെടുന്ന ഒരാളാണെന്നിരിക്കെ ഈ പറഞ്ഞ ഉപരോധിക്കപ്പെട്ട നഗരം ഒരു ഉട്ടോപ്പ്യന്‍ നഗരം ആവാനാണ്‌ സാധ്യത.

•തീവ്രതയുടെ ചിന്തകനായിരുന്ന നീത്ഷേ ഉത്തരാധുനികതയിലെ തീവ്രത നമുക്ക്‌ വെളിപ്പെടുത്തിത്തന്നു. യഥാർത്ഥ ലോകം എന്താണെന്ന്‌ പറയുമ്പോള്‍ തത്വചിന്തകന്‍ നമ്മെ വഞ്ചിക്കുകയാണ്‌ ചെയ്യുന്നത്‌എന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ഈ വാക്കുകള്‍ സ്വന്തം നിലയില്‍ ഒന്ന്‌ വിശദീകരിക്കാമോ?

നീത്‌-ഷെയെ വായിച്ചിട്ടില്ല. യഥാർത്ഥലോകം എന്തെന്ന തത്ത്വചിന്തകമതവും അറിയില്ല.

•താങ്കള്‍ മയില‍മ്മയെ കുറിച്ച്‌ പലയിടത്തും എഴുതിക്കണ്ടിട്ടുണ്ട്‌. അവരുടെ ഓര്‍മ്മകളെ ഒന്ന്‌ ചുരുക്കിപ്പറയാമോ?

മയിലമ്മ എല്ലാ അര്‍ത്ഥത്തിലും പ്ലാച്ചിമടയിലെ ജലചൂഷണത്തിന്റെയും, ജലചൂഷണ സമരത്തിന്റെയും ഇരയായിരുന്നു. മാതൃഭൂമി ബുക്സിന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ നിരക്ഷരയായ അവരുടെ ആത്മകാഥാഖ്യനം എഴുതുന്നതിന്റെ ഭാഗമായാണ്‌ അവരെ നേരിട്ട്‌ പരിചയപ്പെടുന്നത്‌. പ്ലാച്ചിമട സമരത്തിന്റെ മുന്നണിപ്പോരാളി എന്ന്‌ പറയപ്പെടുന്ന അവരുടെ കഥ ആ രീതിയില്‍ തന്നെ എഴുതാന്‍ ശ്രമിച്ചു. അത്‌ സഫലമായി എന്നാണ്‌ വിശ്വാസം. അതിനുമപ്പുറം വ്യത്യസ്തസാഹചര്യങ്ങളില്‍ പുലരുന്ന രണ്ട്‌ വ്യക്തികളായ ഞങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ട്‌ ഒരു സ്ത്രീ മറ്റൊരുവളെ എന്ന നിലയില്‍ പരസ്പരം മനസ്സ്തൊട്ടറിഞ്ഞു എന്നത് നല്ലൊരു കാര്യമായിക്കരുതുന്നു

•സ്വകാര്യമായ ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ബാഹ്യജീവിതത്തെ വിമര്‍ശിക്കുന്ന രീതി മലയാള കവിതയില്‍ ഇപ്പോഴും നിലനില്‍ക്കുന്നില്ലേ, അതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

പലരുടെയും, പ്രത്യേകിച്ച്‌ എഴുത്തുകാരുടെ, ആന്തരിക ജീവിതവും ബാഹ്യ ജീവിതവും രണ്ടായിരിക്കും എന്ന്‌ വിശ്വസിക്കുന്നു. (അതില്‍ കൂടാനേ വഴിയുള്ളൂ ) എങ്കിലേ എഴുത്തുകാരനുള്ളു എന്നുകൂടെ കരുതുന്നു. സമൂഹത്തെ നേരിട്ടുബാധിക്കാത്തിടത്തോളം മൂന്നാമതൊരാള്‍ക്ക്‌ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും.

•കാല്‍പനിക കവിതകള്‍ ചിന്താപരമല്ലെന്നിരിക്കെ, ചില കവിതകള്‍ അനുവാചകന്റെ സംസ്കാരത്തെ തത്വാധിഷ്ഠിതമായ തലങ്ങളിലേക്ക്‌ കൊണ്ടുപോയിട്ടുണ്ടെന്ന്‌ ഞാന്‍ പറയുകയാണെങ്കില്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കും?

ആരാണ്‌ പറഞ്ഞത്‌ കാല്‍പനിക കവിതകള്‍ ചിന്താപരമല്ലെന്ന്‌? ചോദ്യത്തിന്റെ ബാക്കി ഭാഗം ആദ്യത്തെ ഭാഗത്തിന്‌ വിരുദ്ധമല്ലേ?അവ ചിന്താപരമാണെന്ന സൂചന അതില്‍ത്തന്നെയില്ലേ?

•ആധുനികതയില്‍ കാല്‍പനികതയെ വെട്ടിയൊഴുവാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‌ പ്രതിലോമപരമായി ആരെങ്കിലും എഴുതി വന്നിട്ടുണ്ടോ?

ആധുനികമായാലും ഉത്തരാധുനികമായാലും പൌരാണികമായാലും കല്‍പനയില്ലാതെ എന്ത്‌ കവിത?

•'ഒരുനാള്‍
ചങ്ങമ്പുഴയൊരു കൈക്കുഞ്ഞാ-
യെന്‍ തോളിലമര്‍ന്നു കിടന്നു
തള്ളവിരല്‍ ചുറ്റീമ്പി കണ്ണീ-
രുള്ളതു മുഴുവനൊഴുക്കി.' - എന്ന്‌ അയ്യപ്പപ്പണിക്കര്‍ എഴുതിയത്‌ കാല്‍പനികതയ്ക്ക്‌ എതിരായിട്ടാണല്ലോ. ഇത്തരം കാല്‍പനികതയ്ക്കെതിരായ നിലപാടുകളോട്‌ താങ്കള്‍ക്ക്‌ യോജിക്കാന്‍ കഴിയുമോ?


ചങ്ങമ്പുഴയെ കൊച്ചാക്കുന്നത്‌ കാല്‍പനികതയെ കൊച്ചാക്കുന്നതാണെന്ന്‌ എങ്ങനെ വ്യാഖ്യാനിക്കും? ഡോ: അയ്യപ്പപണിക്കരുടെ ഈ കവിത പൂര്‍ണ്ണമായും വായിച്ചിട്ടില്ല. നാലു വരിമാത്രം വായിച്ചാല്‍ കവി എന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌ എന്ന്‌ അറിയില്ല. എന്നാലും കുഞ്ഞായി തോളത്തിട്ടുനടക്കുക എന്ന്‌ പറയുമ്പോള്‍ അത്‌ എതിര്‍പ്പിന്റെ മനോഭാവമാണോ പ്രകടിപ്പിക്കുന്നത്‌ അതോ കൂടുതല്‍ വാത്സല്യത്തോടെ ഓമനിക്കുന്നു എന്നതോ ? കാല്‍പനികത നിറഞ്ഞുതുളുമ്പുന്ന അയ്യപ്പപണിക്കര്‍ കവിതകള്‍ എത്രയെണ്ണം! കാല്‍പ്പനികതയില്‍ ചുവടുറപ്പിച്ചുനിന്നാണ്‌ അദ്ദേഹം കാല്‍പ്പനികതയെ എതിര്‍ത്തെഴുതിയതുപോലും എന്നു തോന്നിയിട്ടുണ്ട്‌
ഈ വരികള്‍ കാണുക
നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ
മന്നിടത്തിന്നനിശ്ചിതവീഥിയില്‍

അല്‍പ്പനാളുകള്‍ ജീവിക്കിലു,മൊരേ
തര്‍പ്പമല്ലീ കുടീരകൂടാരങ്ങള്‍?
....
...
താരമേ ,നീയെരിയുക വാനി,ലെന്‍

ചോരയൂറി,യുണരട്ടെ പാരിടം
(കുരുക്ഷേത്രം)
ഏതെല്ലാം കാല്‍പ്പനികകവികളെ ഓര്‍മ്മിപ്പിക്കുന്നില്ല മേല്‍പ്പറഞ്ഞ വരികള്‍ ?

•എഴുത്തുകവിയില്‍ നിന്ന്‌ ചൊല്‍ക്കവിയിലേക്കുള്ള വഴിമാറ്റം ഒന്ന്‌ വിശദീകരിക്കാമോ?

എഴുത്തുകവി, ചൊല്‍ക്കവി. എന്നൊക്കെ ഉണ്ടോ? ‌കവി എന്തായാലും സ്വന്തം കവിത ഒന്ന്‌ ചൊല്ലിനോക്കാതിരിക്കില്ല. അരങ്ങില്‍ ഒരു കവിതയെങ്കിലും വായിച്ചിട്ടുമുണ്ടാവും. കവിത ചൊല്ലുന്ന എല്ലാവരും കവിത എഴുതിയിരിക്കണം എന്നുമില്ല. അപ്പോള്‍ പിന്നെ ആരാണ്‌ ചൊല്‍ക്കവി? ഒരു കവി മറ്റു കവികളുടെ കവിത ചൊല്ലുമ്പോൾ ചൊല്‍ക്കവി എന്നാണ്‌ വിവക്ഷയെങ്കില്‍ അവിടെ വഴിമാറുന്നുമില്ല. കവിതയുടെ വഴിയില്‍ തന്നെയല്ലേ രണ്ടുപേരും?

•ആലപിക്കാന്‍ തിരഞ്ഞെടുക്കുന്ന കവിതകളധികവും ആധുനികതയുടെ വക്താക്കളുടേതാണല്ലോ. ആധുനികതയോട്‌ പ്രത്യേക മമത തോന്നുന്നതുകൊണ്ടാണോ അവയെ കൂടുതലായി സ്വീകരിക്കുന്നത്‌?

ആലപിക്കുന്ന കവിതകള്‍ മുഴുവന്‍ കേട്ടുനോക്കു. കവിതയോട്‌ മാത്രമാണ്‌ മമത.

•സംഭാഷണത്തിലെ ഭാഷാരീതിയും, പദപ്രയോഗങ്ങളും താങ്കളുടെ കവിതകളില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്‌. മറ്റു കവികള്‍ പദങ്ങൾക്ക്‌ ശബ്ദതാരാവലിയെ അവലംബിക്കുമ്പോള്‍ ഈ രീതി ഒരു പഴഞ്ചന്‍ തനിമയായി തോന്നുന്നില്ലേ?

തെറ്റി. സംഭാഷണത്തിലെ ഭാഷാരീതിയല്ല അത്‌. പ്രാദേശികമായ ചില ഭാഷാ പ്രയോഗങ്ങളാണ്‌. സ്വാഭാവികമായി വന്നുപോകുന്നവയാണ് അവ ‌. ഒരു പഴഞ്ചന്‍ നാട്ടിന്‍പുറത്തുകാരി ഉള്ളിലുള്ളതുകൊണ്ടാവും . എന്തായാലും ശബ്ദതാരാവലി ഹൃദിസ്ഥമാക്കുന്ന കാര്യം ഗൗരവമായിതന്നെ ആലോചിക്കുന്നു.

•താങ്കളുടെ കവിതകള്‍ വായനക്കാരെ മൗനികളായി കരുതുന്നതു കൊണ്ടാണോ അതോ കവിതകള്‍ തിരശ്ശീലയ്ക്ക്‌ പുറകിലായതു കൊണ്ടാണോ കവിതാസമാഹാരത്തിന്‌ 'പേശാമടന്ത' എന്ന്‌ പേരിടാന്‍ കാരണം?

രണ്ടുമല്ല. പേശാമടന്തയുടെ കഥ വിക്രമാദിത്യന്‍ കഥകളിലുണ്ട്‌. എന്തുകൊണ്ട്‌ ആ പേര്‌ എന്ന്‌ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്‌.

•ചില കവിതകളില്‍ ഫെമിനിസത്തിന്റെ ഒരു പകര്‍ച്ച അനുഭവപ്പെടുന്നുണ്ടല്ലോ. അതിനെപ്പറ്റി?

അത്‌ സ്വാഭാവികമല്ലേ? പെണ്ണിന്‌ ചുരുങ്ങിയപക്ഷം പെണ്ണത്തമെങ്കിലും വേണ്ടേ?

•കവിമനസ്സിന്റെ പ്രതിപ്രവര്‍ത്തനം തന്നെയാണോ കവിതയുടെ ആന്തരികഘടനയായി മാറുന്നത്? ഒന്ന് വിശദീകരിക്കാമോ?

തീര്‍ച്ചയായും. പ്രവര്‍ത്തനമുണ്ട്‌, പ്രതിപ്രവര്‍ത്തനമുണ്ട്‌. ചില സമയം ത്വരകങ്ങളും ഉണ്ടാവും. ഉത്പന്നം ഗുണനിലവാരം ഉള്ളതാവണമല്ലോ.

•പാലക്കാടന്‍ അനുഭവങ്ങള്‍ താങ്കളുടെ സാഹിത്യജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?


ഒരുപാടൊരുപാട്‌. ഇവിടെ അല്ലാതെ മറ്റെവിടെ ആയിരുന്നാലും അല്‍പസ്വല്‍പ്പമുള്ള ഈ എഴുത്തിന്റെ വഴിയിലേക്കുപോലും എത്തുമായിരുന്നില്ല എന്നുവരെ തോന്നുന്നുണ്ട്‌.


•കവിതകളെ താളുകളിലേക്ക് പകര്‍ത്തുമ്പോഴാണോ അതോ ശബ്ദത്തിലേക്ക് പകര്‍ത്തുമ്പോഴാണോ മനസിന് കൂടുതല്‍ സംതൃപ്തി അനുഭവപ്പെടാറുള്ളത്?

രണ്ടും. രണ്ടു രീതിയിലാണെന്ന് മാത്രം .

•ചരിത്രത്തില്‍ നിന്നും ഒരു ചുമടുതാങ്ങി' എന്ന കവിത, അതൊരു ചരിത്രാഖ്യാനത്തേക്കാളുപരി ചില ഉയര്‍ന്ന തലങ്ങളിലേക്ക് കടന്ന് ചെല്ലുന്നുണ്ട്. ആ കവിതയെഴുത്തിന്റെ ഓര്‍മ്മ ഒന്ന് പുതുക്കാമോ?

കവിതയില്‍ ആവിഷ്ക്കരിച്ചതു എന്റെ ഗ്രാമത്തെ തന്നെയാണ്‌ . ‌. അത്‌ ചരിത്രാഖ്യാനമെന്നോ, ഏതെല്ലാം തലങ്ങളിലേക്കെത്തുന്നുവേന്നോ പറയാന്‍ ഞാനാളല്ല . എന്നാലും, ആ ചുമടുതാങ്ങികള്‍ എന്റെ ജീവിതത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്‌. ശൂന്യസ്ഥലികളില്‍ നിന്നുതന്നെ. ആവശ്യത്തിലധികം 'സെന്‍സിറ്റീവ്‌' ആയ മനസ്സ്‌ കനക്കുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ഉണ്ടാകുന്ന ഒരു ആശ്വാസവാക്ക്‌ ചുമടേന്തി കനത്ത ശിരസ്സിന്‌ ഒരു അത്താണി പോലെ സാന്ത്വനമാവാറുണ്ട്‌. അത്തരം ഒരവസരത്തില്‍ ജനിച്ച കവിതയാണത്‌

•കവിതയില്‍ നിന്നും തസ്രാക്കിലേക്ക് പോയ വഴി'- ഒന്ന് വിശദീകരിക്കാമോ?

കവിത തന്നെയാണ്‌ ഡോക്യുഫിക്ഷനിലേക്ക്‌ എത്തിച്ചതു. കാരണം കവിതയാണ്‌ 'ഖസാക്കിന്റെ ശേഷിപ്പുക'ളുടെ സംവിധായകന്‍ ആദ്യം കാണുന്നത്‌. അതുവഴി തിരക്കഥയിലെത്തി. തുടര്‍ന്ന്‌ തസ്രാക്കിലും.

•കടന്ന് പോയ കവികളില്‍ ആരെയെങ്കിലും പിന്നോട്ട് നോക്കി വ്യാഖ്യാനിക്കാന്‍ ഏതെങ്കിലും നിമിഷങ്ങളില്‍ തോന്നിയിട്ടുണ്ടോ?

ആരേയും വ്യഖ്യാനിക്കാനോ വിചാരണ ചെയ്യാനോ ഉള്ള ധൈര്യമോ യോഗ്യതയോ ഉണ്ടെന്ന്‌ വിശ്വാസം ഇല്ല. മോശമെന്നു പറയപ്പെടുന്നവയില്‍പ്പോലും കവിത്വം മിന്നുന്ന ഒരു വരിയുണ്ടെങ്കില്‍ നിറഞ്ഞ മനസ്സോടെ അതിനെ സ്വീകരിക്കാനേ ശ്രമിച്ചിട്ടുള്ളു.

•പ്രതീകങ്ങളുടെ മുന്‍ കൂട്ടിയുള്ള ആസൂത്രണം സമകാലിക കവികളില്‍ കാണുന്ന ഒരു ദോഷമോ/പരിമിതിയോ ആണെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അതിനോട് സമകാലിക കവി എന്ന നിലയില്‍ എങ്ങിനെ പ്രതികരിയ്ക്കും?

മിക്കവാറും കവികള്‍ ആരും തന്നെ സ്വന്തം രചനാ തന്ത്രങ്ങള്‍ വിശദീകരിക്കാനുള്ള ആര്‍ജ്ജവം ഉള്ളവരാണെന്ന്‌ തോന്നുന്നില്ല. അപ്പോള്‍ പിന്നെ പ്രതീകങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെടുന്നതാണോ എന്ന്‌ എങ്ങനെ അറിയാന്‍ കഴിയും? അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ അത്‌ ഒരു ദോഷമോ പരിമിതിയോ ആണെന്ന്‌ മുന്‍കൂട്ടി പറയാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. പുറത്ത്‌ വരുന്ന സൃഷ്ടിയുടെ ആസ്വദ്യതയാണ്‌ പ്രധാനം. കവി എന്ന നിലയില്‍ അത്തരം ആസൂത്രിതമായ പ്രതീകവത്കരണം നടത്താറില്ല. 'വന്നപാട്‌ ചന്തം' എന്നേ കരുതൂ

•കവി എപ്പോഴും ഭാഷയ്ക്കുള്ളിലാണല്ലോ. പക്ഷേ ഇപ്പോള്‍ ഭാഷ കവികള്‍ക്കുള്ളിലാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഭാഷ, കവി, കവിത. ഭാഷയും, കവിയും കവിതയിലുണ്ട്‌ എന്നതിനപ്പുറം എപ്പോഴും കവി ഭാഷയ്ക്കുള്ളിലാണെന്നോ അല്ലെങ്കില്‍ ഭാഷ കവിയ്ക്കുള്ളിലാണെന്നോ എന്ന്‌ തോന്നിയിട്ടില്ല

2 വായന:

സന്തോഷ്‌ പല്ലശ്ശന said...

അഭിമുഖം നന്നായി... ചോദ്യങ്ങളും ഉത്തരങ്ങളും...

Mohamed Salahudheen said...

ഇഷ്ടപ്പെട്ടു.
താങ്കളെക്കുറിച്ചഭിമാനംതോന്നുന്നു,

സ്നേഹത്തോടെ നന്ദി

Post a Comment

© moonnaamidam.blogspot.com