വായനയുടെ തോരാമഴക്കാലം

"കുഞ്ഞുണ്ണിക്കുറിപ്പുകള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഉള്ള ഭൂമിയില്‍ നിന്ന് കൊണ്ട് ഇല്ലാത്ത ആകാശം കണ്ട് അത്ഭുതപ്പെടുക, ആനന്ദിക്കുക പതിവാണെനിക്കിന്നും, ഈ വയസ്സ് കാലത്തും. ഇല്ലാത്ത ഈ ആകാശം ഉള്ള ഭൂമിയേക്കാള്‍ എത്ര ശുദ്ധം, എത്ര സുന്ദരം. കുഞ്ഞുണ്ണി മാഷുടെ രസകരവും ചിന്താര്‍ഹവുമായ കുറിപ്പാണിത്. ഇത്തരം കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കുഞ്ഞുണ്ണി മാഷാണ് ഇതിന്റെ നിര്‍മ്മാതാവ്."- ആറാം ക്ലാസുകാരി സാവിത്രിയുടെ വായനാക്കുറിപ്പ് ഇങ്ങനെ പോകുമ്പോള്‍ "സാധാരണ എല്ലാ കഥകളിലും കുറുക്കനാണ് മന്ത്രിയാവാറ്. എന്നാല്‍ ഈ കഥയില്‍ കഴുതയാണ് മന്ത്രി. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോള്‍ എനിക്ക് നല്ല രസം തോന്നി."- നാലാം ക്ലാസുകാരന്‍ ജാഫറിന്റെ വായനാനുഭവം ഇങ്ങിനെയായിരുന്നു. വായനയെ വാക്കുകളിലേക്കാവാഹിച്ച് എഴുതിത്തീര്‍ന്ന കുറിപ്പുകള്‍ അവരുടെ താത്പര്യത്തിന്റെ കറകളഞ്ഞ തെളിവുകളായിരുന്നു.

ദീപ്തി 36, സാവിത്രി 42, മിഥുന്‍ 20......ആയിരത്തി മുന്നൂറിലധികം പുസ്തകങ്ങളാണ് നൂറോളം കുട്ടികള്‍ ഒരു മാസം കൊണ്ട് വായിച്ച് തീര്‍ത്തത്. വെറും വായന മാത്രമല്ല. വായനാക്കുറിപ്പുകളും, ചര്‍ച്ചകളും സംവാദങ്ങളും. അവര്‍ക്കവയെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായി മാറുകയായിരുന്നു ഈ തോരാമഴക്കാലത്ത്. ഞായറാഴ്ചകളിലെ മഴ നനഞ്ഞ സന്ധ്യകളില്‍ പുസ്തകങ്ങളായിരുന്നു അവരുടെ കളിക്കൂട്ടുകാര്. അവയോടായിരുന്നു അവരുടെ സംവാദങ്ങള്‍. ഈ ഒരു മാസക്കാലം കൊണ്ട് സുമംഗലയും, ഡോ: ശ്രീകുമാറും, ചെമ്മനം ചാക്കോയും, പ്രൊഫ. ശിവദാസുമെല്ലാം അവര്‍ക്ക് പ്രിയപ്പെട്ടവരായി മാറി.

എന്റെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം വളരെ യാദൃശ്ചികമായിട്ടായിരുന്നു ഞാന്‍ ഈ വായനക്കൂട്ടത്തില്‍ എത്തിപ്പെട്ടത്. കാണാന്‍ കൗതുകകരമായിരുന്നു അവിടെ കണ്ട കാഴ്ചകള്‍. നുറുങ്ങ് വര്‍ത്തമാനങ്ങളും വികൃതികളുമായി വരുന്ന കുട്ടികള്‍ സ്കൂള്‍ കഴിയുമ്പോഴേക്കും പുസ്തകങ്ങളുമായി വന്ന് തങ്ങളുടെ വായനാക്കുറിപ്പുകള്‍ കാണിച്ച് പുതിയ പുസ്തകങ്ങള്‍ ശേഖരിച്ച് മടങ്ങുന്നു. അവരുടെ മുഖത്ത് വായനയുടെ നറുതേന്‍ നുണഞ്ഞ സന്തോഷം അപ്പോള്‍ കാണാനാവുന്നുണ്ടായിരുന്നു.

മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന വായനാസംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ശ്രമങ്ങളാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തെ പെരുമണ്ണൂര്‍ എന്ന ഗ്രാമത്തില്‍ കണ്ടുവരുന്നത്. മൂന്ന് മുതല്‍ എട്ടാം തരം വരെയുള്ള നൂറോളം കുട്ടികള്‍ കഴിഞ്ഞ ഒരു മാസക്കാലമായി വായനയിലേക്കിറങ്ങി വന്നിട്ട്. ഒരു നാടടക്കം വായനയുടെ മധുരം നുണയുകയാണവിടെ. വായനയുടെ ഊര്‍ജ്ജത്തില്‍ അവര്‍ പരസ്പരം സ്നേഹിക്കുന്നു, കലഹിക്കുന്നു, പ്രകൃതിയെ പ്രണയിക്കുന്നു. വരും കാലങ്ങളില്‍ തങ്ങളുടെ ഓര്‍മ്മകളെ കുളിരണിയിപ്പിക്കാന്‍ നടന്നു പോകുന്ന നാട്ടുപാതകളില്‍ ഒ.വി.വിജയന്റെ നോവലുകളില്‍ വായിച്ചറിഞ്ഞ കരിമ്പനത്തൈകള്‍ നട്ടു പിടിപ്പിച്ചു കൊണ്ടായിരുന്നു ഈ വായനാക്കൂട്ടത്തിന്റെ പരിസ്ഥിതി ദിനാഘോഷം.

പെരുമണ്ണൂര്‍ ഇ.പി.എന്‍ സ്മാരക ചൈതന്യ ഗ്രന്ഥാലയം സംഘടിപ്പിച്ച വായനോത്സവത്തിന്റെ വിശേഷങ്ങളാണ് ഞാനീ പറഞ്ഞതെല്ലാം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രശംസകള്‍ പിടിച്ചുപറ്റിയ പ്രവര്‍ത്തനമായിരുന്നു ഇത്. മറ്റ് ഗ്രാമീണ ഗ്രന്ഥശാലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഉതകുന്ന മാതൃകാ പ്രവര്‍ത്തനമാണിത്. രക്ഷിതാക്കളുടേയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും പൂര്‍ണ്ണസഹകരണമാണ് ഈ പരിപാടിയുടെ വിജയം എന്ന് സംഘാടകര് പറയുന്നു. അവിടെ വച്ച് പരിചയപ്പെട്ട ചില രക്ഷിതാക്കള്‍ക്ക് പരാതിയുമുണ്ടായിരുന്നു. കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നില്ല, ഏതു നേരത്തും കഥയും കവിതയും വായിക്കുകയാണത്രെ...

സ്വഭാവരൂപീകരണത്തിന്റെ ശരിയായ പ്രായത്തില്‍ തന്നെ അവരുടെ ഗതിമാറ്റം മുന്നില്‍ കണ്ടുകൊണ്ട് അവരെ വായനയുടെ നവലോകത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവന്ന ഗ്രന്ഥാലയം ഭാരവാഹികള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കുട്ടികള്‍ വായിച്ചതെന്തുമാകട്ടെ, എഴുതുന്നതെന്തുമാകട്ടെ. ഈ ഒരു കാലഘട്ടത്തില്‍ നൂറോളം കുട്ടികള്‍ വായനയുടെ ലോകത്തിലേക്ക് കടന്നു വന്നത് ഈ വായനാദിനത്തില്‍ വായനയെ പ്രണയിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വസ്തുതയാണ്. വായനക്കായി ഒരു ദിവസവും, വാരവും മാറ്റിവച്ച് അതിനെക്കുറീച്ച് സംസാരിക്കുന്നതിനേക്കാള്‍ ആവശ്യം ഇത്തരത്തില്‍ വായനക്കാരിലേക്കിറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ്.


എല്ലാവര്‍ക്കും എന്റെ വായനാദിന ആശംസകള്‍...!

മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്

2 വായന:

vasanthalathika said...

ആശംസകള്‍..

ശ്രീ said...

പുതിയ തലമുറയില്‍ വായനാശീലം കുറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്...

നല്ല കുറിപ്പ്.

Post a Comment

© moonnaamidam.blogspot.com