വേരുണങ്ങാത്ത വരികളിലൂടെ

കലയും രാഷ്ട്രീയവും സമഗ്രമായ ഒരു കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്ന ഒരെ‍ഴുത്തുകാരനാണ് സുധീഷ് കോട്ടേമ്പ്രം. സുധീഷിന്റെ കവിതകളിലൂടെ വിഷാദത്തിന്റെ ഒരസ്വസ്ഥ നദി ഒഴുകുന്നുണ്ട്. അതിന്റെ പ്രഭവങ്ങള്‍ വ്യത്യസ്തങ്ങളുമാണ്. കവിതയുടെ പ്രഭവകേന്ദ്രങ്ങള്‍ ഒരു കവിക്ക് തന്നെ പലതായിരിക്കുമല്ലോ. പ്രണയവും, പ്രതീക്ഷാനിര്‍ഭരമായ സ്വപ്നങ്ങളും, പ്രകൃതിയോടുള്ള പ്രണയവും, സമൂഹത്തോടുള്ള കൂറും...അങ്ങനെ പലതും.

'എല്ലാവരും കാണ്‍കെ
എന്നാല്‍ ആരും കാണാതെ
ഒരു മറുക് ഉണ്ട് എന്റെ മുഖത്ത്
അതേ പ്രകാരത്തില്‍ അല്ലെങ്കിലും
മറ്റൊരു വിധത്തില്‍
മറുക്
ഒളിപ്പിക്കന്നവരെ കണ്ടാല്‍
തിരിച്ചറിയും'
- സുധീഷ് എന്ന കവിയുടെ രചനയുടെ മാനിഫെസ്റ്റോ എന്ന് വിളിക്കാവുന്ന വരികളാണിത്. പലതരം സമകാലിക പ്രശ്നങ്ങളെ അദ്ദേഹം ഈ വരികളിലൂടെ അഭിസംബോധന ചെയ്യുന്നുണ്ട്. ദൃഢമായ ഏതെങ്കിലും വിശ്വാസത്തിന്റ്യോ, പ്രത്യയശാസ്ത്രത്തിന്റെയോ സാക്ഷ്യങ്ങളാകുന്നതിലുപരി അനുഭവത്തിന്റെ സാക്ഷ്യങ്ങള്‍ക്ക് ഒരു സൗന്ദര്യക്രമം നല്‍കാനാണ് സുധീഷ് ശ്രമിച്ച് വരാറുള്ളത്. സുധീഷ് തന്റെ കവിതകളേയും, കാവ്യജീവിതത്തെയും പറ്റി സംസാരിക്കുന്നു.


വിനു : വടകരയില്‍ നിന്നും, ഈ കൊച്ചിയിലേക്കുള്ള ദൂരം കവിതകൊണ്ടളക്കുമ്പോഴാണോ, നിറങ്ങള്‍ കൊണ്ടളക്കുമ്പോഴാണോ ഏറ്റവും കുറവ് തോന്നുന്നത്?

സുധീഷ് : ദൂരത്തിന്റെ അളവുകോല്‍ ഇത് രണ്ടുമല്ല എന്നാണെനിക്കു തോന്നുന്നത്. ഒരു പക്ഷെ ഏകാന്തത കൊണ്ടളക്കുമ്പോഴാവും.

•താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടില്‍ 'കവിത ഒരു ഉപസംസ്കാരമാണ്. ജീവിതത്തോടും മരണത്തോടും ഒരേ സമയം കൂറുള്ള ഇടനിലക്കാരന്‍' എന്ന് കണ്ടു. അതിന് പിന്നിലെ മനോവികാരം ഒന്ന് വ്യക്തമാക്കാമോ?

കവിതയെ എവിടെ പിടിച്ചു കെട്ടും എന്ന ചിന്തയില്‍ നിന്നാവാം അത് വന്നത്. മറ്റു കലകളേക്കാള്‍ കവിതയ്ക്ക് ആത്മാവിന്റെ ഏറ്റവും അടുത്ത ഒരു ഫാക്കല്‍റ്റിയുമായി ബന്ധമുണ്ട് എന്നു തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും/ഒച്ചകളിലേക്കും നിശബ്ദതകളിലേക്കും/ ജീവിതത്തിലേക്കും മരണത്തിലേക്കും, തട്ടിമറിയാവുന്ന സര്‍ഗാത്മകതയുടെ ഒരു കുടം ആണ് കവിതയെ കുറിച്ചുള്ള അനേകം ഭാവനകളില്‍ ഒന്ന്. ആരെയും ബോധിപ്പിക്കാനല്ലാതെ തന്നോടു തന്നെ പറയാവുന്ന, തന്നോടു തന്നെ കേള്‍ക്കാവുന്ന കവിതയുടെ അകം എന്നെ മോഹിപ്പിക്കാറുണ്ട്.

•താങ്കളുടെ കവിതകള്‍ നമ്മുടെ കാലത്തെ പീഢനങ്ങളോടും സമരങ്ങളോടും അവിരാമമായി പ്രതികരിച്ചു പോന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെ?

ഒന്നാമതായി പറയേണ്ടിയിരുന്നത്, ‘എന്റെ കവിതകള്‍ ’എന്ന് സ്ഫുടമായി ഉച്ചരിക്കാന്‍ മാത്രം ഞാന്‍ പോലും എന്നെ കവിതാവ്യവഹാരത്തിലെ ഒരു പ്രജയായി സങ്കല്‍പ്പിച്ചിട്ടില്ല. വിനു എന്നെ കവിയായി വായിക്കുന്നുണ്ടെങ്കില്‍ അതു ബ്ലോഗ് എന്ന മാധ്യമത്തിന്റെ ആനുകൂല്യം കൊണ്ട് മാത്രമായിരിക്കും. ഒരു പരസ്യ ഡയറിത്താളാണ് എനിക്ക് ബ്ലോഗ്. പിന്നെ, എഴുതിയവ കാലത്തോട് കൂറുപുലര്‍ത്തുന്നുണ്ട് എന്നു തന്നെയാണ് വിശ്വാസം. പീഡനങ്ങളോടും സമരങ്ങളോടും പ്രതികരിക്കുകയല്ലല്ലോ വേണ്ടത്. ഒരു അര്‍ഥത്തില്‍ കവിത തന്നെ സമരമാകണം എന്നാണ് തോന്നുന്നത്. എങ്ങനെ എഴുതിയാലും അതില്‍ നാം ജീവിക്കുന്ന കാലം വെളിപ്പെടില്ലെ? കരുതിക്കൂട്ടിയുള്ള ഒരു സമരാഭിമുഖ്യവും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

•മലയാള കവിതയിലെ ആധുനികതയെ പുനര്‍നിര്‍വ്വചിക്കാന്‍ താങ്കളോട് ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടി?

ആധുനികത അനേകം മുറികളുള്ള ഒരു എടുപ്പായിരുന്നു. സ്വയം കേന്ദ്രിതമായ കവിസ്വത്വത്തെ വേണ്ടതിലധികം ലാളിക്കപ്പെട്ടിട്ടുണ്ട് ആധുനികതയില്‍. അവിടെ ആഖ്യാതാവിന്റെ സ്വയംപീഡിത സ്വരം ഉയര്‍ന്നു കേള്‍ക്കാം. ഈ ആത്മരതിയില്‍ നിന്നുമുള്ള വിടുതലാണ് പുതിയ കവിതയുടെ തുറസ്സ്. ഒരുപക്ഷെ അന്നു കവിത അലര്‍ച്ചയോടെ കരഞ്ഞിരിക്കാം. ചോദ്യങ്ങളും ഉത്തരങ്ങളും ആധുനിക കവിതകളില്‍ നിന്നു തന്നെ ഇന്നൊരു വായനക്കാരനു വായിച്ചെടുക്കാം. എനിക്കു ശത്രു ഞാന്‍ തന്നെ എന്ന സച്ചിദാനന്ദവരികള്‍ ആധുനികതയുടെ തന്നെ പരസ്യവാചകമായിരുന്നു. ആധുനികതയുടെ കാലത്തെ രാഷ്ട്രീയസാഹചര്യം അന്നത്തെ കവിതകള്‍ ആഗ്രഹിച്ചിരുന്നിരിക്കാം. (പുനര്‍നിര്‍വചിക്കുമ്പോള്‍ അതിന്റെ സ്വാതന്ത്ര്യം എടുക്കാമല്ലൊ). എല്ലാറ്റിനും കാരണം ഈ ദുഷിച്ച ജീവിതവ്യവസ്ഥയാണ് എന്ന മട്ടിലുള്ള പ്രഖ്യാപനങ്ങളാണ് അവിടെ മുഴങ്ങിക്കേട്ടത്. കവിതയില്‍ കെട്ട കാലത്തിനു ഒപ്പീസു പാടിയവര്‍ ജീവിതം കൊണ്ട് ‘അരാജക’മാവാന്‍ കൊതിച്ചു. ബിംബങ്ങളും ഉപമകളും കൊണ്ട് കവിതയെ അലങ്കരിച്ചു നിര്‍ത്തി. ഞാന്‍ പാഠപുസ്തകത്തിനപ്പുറത്ത് കവിതയെ ഇഷ്ട്പ്പെട്ട് തുടങ്ങിയത് തന്നെ രാമനും ജോസഫും വീരാന്‍കുട്ടിയുമൊക്കെ എഴുതിത്തുടങ്ങിയപ്പോഴാണ്. പിന്നോട്ടാണ് ഞാന്‍ വായിച്ചു തുടങ്ങിയത്.

•കവിതയിലെ രാഷ്ട്രീയത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നു?

കവിതയിലെ രാഷ്ട്രീയപക്ഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രധാനമായും അതിന്റെ പ്രമേയവുമായി ബന്ധപ്പെട്ടതാണ്.അവതരണം അത്രയും പ്രസക്തമല്ല. പ്രമേയത്തിലും അവതരണത്തിലും അതിവിപുലമായ അഴിച്ചുപണികള്‍ നടക്കുന്ന മലയാളകവിതയുടെ വര്‍ത്തമാനത്തിലും കവിതയിലെ രാഷ്ട്രീയം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദപ്രശ്നമായി നിലനില്‍ക്കുന്നുണ്ട്. കവിത രാഷ്ട്രീയശരി എന്ന നിലയിലിലുള്ള പ്രസ്താവം ആവണമെന്നില്ല. പ്രത്യക്ഷരാഷ്ട്രീയത്തിന്റെ ധ്വനികളെയാണ് നമ്മള്‍ രാഷ്ട്രീയ ഭാവനയായി വിലയിരുത്താറുള്ളത്. ദേശത്തെയും കാലത്തെയും എഴുതുകയാലും വൈയക്തികാനുഭവങ്ങളുടെ കലിഡോസ്കോപ്പായും കവിത എപ്പോഴും കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു വിചാരകേന്ദ്രവുമായാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്. പ്രകടമായ രാഷ്ട്രീയ ചിഹ്നങ്ങളെയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുഖ്യധാര കലാചര്‍ച്ചകള്‍ കവിതയില്‍ തിരഞ്ഞുകൊണ്ടിരുന്നത്. അത് പലപ്പോഴും വ്യാജനിര്‍മിതികളാവുകയും കലയും രാഷ്ട്രീയവും എന്ന സംഘര്‍ഷാത്മക പ്രമേയത്തിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്.

രാഷ്ട്രീയത്തെ പ്രകടബിംബമായി പരികല്‍പ്പന ചെയ്ത മലയാള ഭവുകത്വം പലപ്പോഴും യഥാര്‍ഥ്യത്തെയും ഭാവനയെയും രണ്ടായി കണ്ടു പോരുന്നുണ്ട്. കവിതയേക്കാള്‍ ഒരുപക്ഷെ കഥയില്‍ ഈ വിവേചനം കൃത്യമായി കാണാന്‍ കഴിയും. സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍ സമൂഹയാഥാര്‍ഥ്യത്തോടു നേര്‍ക്കുനേര്‍ സംവദിക്കുന്ന കഥകളായി വിലയിരുത്തുമ്പോള്‍ തോമസ് ജോസഫിന്റെ കഥ അതിന്റെ വിപരീത ദിശയിലാണ് പലപ്പോഴും പരിഗണിച്ചു പോരുന്നത്. ഒന്ന് കറ തീര്‍ന്ന യാഥാര്‍ഥ്യവും മറ്റൊന്ന് ഉടനീളം ഭാവനയും എന്ന മട്ടില്‍ . കഥയുടെ അസംസ്കൃതവസ്തുവാണ് ഈ പക്ഷം ചേരലിനെ ത്വരിതപ്പെടുത്തുന്നത് . ഒന്നു സമകാലികമാവുകയും മറ്റൊന്ന് അസമകാലികമാവുകയും ചെയ്യുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയ്ക്ക് കാര്യകാരണബന്ധമുണ്ട്. തോമസ് ജോസഫില്‍ അതു കണ്ടുപിടിക്കുക ദുഷ്കരവുമാണ്. മാത്രവുമല്ല തോമസ് ജോസഫിന്റെ കഥയില്‍ നിന്ന് നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒരു ഡയരക്റ്റ് ലിങ്ക് കൊടുക്കുവാനും സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ സ്വപ്നത്തെ എഴുതുന്ന ഒരാള്‍ അരാഷ്ട്രീയനവുകയും ഇക്കണ്ട ജീവിതത്തിന്റെ പ്രശ്നവും പ്രശ്നപരിഹാരവും എഴുതുന്ന ആള്‍ രാഷ്ട്രീയശരിയാവുകയും ചെയ്യുന്നു. കഥ എന്ന മാധ്യമത്തെ കലയുടെ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കിക്കാണുന്ന ഒരു വായനക്കാരനു ഈ വിവേചിത സൗന്ദര്യശാസ്ത്രം എളുപ്പം പിടികിട്ടും.ചിലപ്പോള്‍ യാഥാര്‍ഥ്യത്തെ തീവ്രമായി പാരഡി ചെയ്യുന്ന സ്വപ്നാടനങ്ങള്‍ നമ്മുടെ കണ്ണില്‍ പെടാതെ പോവുകയും കടം വന്നു തൂങ്ങിമരിക്കാന്‍ പോകുന്ന കഥാപാത്രം പൊതുമലയാളിയുടെ ഐക്കണ്‍ ആയി മാറുകയും ചെയ്യും. ( ഇവരുടെ കഥകളെ എതിര്‍ധ്രുവങ്ങളില്‍ വെച്ച് വായിക്കുക എന്നതല്ല എന്റെ താല്പര്യം. ഭാവുകത്വ പരിമിതിയുടെ ഏറ്റവും നഗ്നമായ ഉദാഹരണത്തെ മുന്നോട്ടുവെയ്ക്കുക മാത്രമാണ്.)

കവിതയിലെ രാഷ്ട്രീയവും ഏറെക്കുറെ ഇതേ അനുപാതത്തില്‍ തന്നെയാണ് നമ്മള്‍ മനസ്സിലാക്കി പോരുന്നത്. യാഥര്‍ഥ്യത്തിന് പിടികൊടുക്കാത്ത ആവിഷ്കാരങ്ങള്‍ മികച്ചത് എന്നു ഇതിനര്‍ഥമില്ല. പ്രകട രഷ്ട്രീയത്തെ ഉപജീവിച്ചാലും പരന്ന ഭാവനയെ ഉപജീവിച്ചാലും കലാസൃഷ്ടീ എന്ന നിലയില്‍ അത് മുന്നോട്ടു വെയ്ക്കുന്ന സൗന്ദര്യശാസ്ത്രം ദുര്‍ബലമെങ്കില്‍ അതായിരിക്കും ഏറ്റവും അരാഷ്ട്രീയമായ പ്രവൃത്തി. പൊതുസമ്മതി എന്ന സമവായത്തില്‍ ഒരൊറ്റ ശരി മാത്രമുണ്ടാകുമ്പോഴാണ് ഈ പ്രതിസന്ധി.

തുടുവെള്ളാമ്പല്‍പ്പൊയ്ക ഒരു കവിക്ക് ലോകത്തെ കാണാനുള്ള കണ്ണാടിയാണെങ്കില്‍ തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല ജീവിതത്തിന്റെ കടലേ ഞങ്ങള്‍ക്ക് കവിത്യ്ക്ക് മഷിപ്പാത്രം എന്നു മറ്റൊരു കവിക്ക് അറിയാം. വേദന വേദന ലഹരി പിടിക്കും വേദനയെന്ന് ഒരു കവി പാടുമ്പോള്‍ കുഴി വെട്ടി മൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍ എന്ന് മറ്റൊരു കവി. സാഹിതീയ ഭാവുകത്വം ഇങ്ങനെ ബഹുതലസ്പ്ര്‍ശിയായ രാഷ്ട്രീയ ഭാവനയെ എല്ലാ കാലത്തും ഉള്ളടക്കം ചെയ്യുന്നുണ്ടു.

ഇതില്‍ നിന്നും വ്യത്യസ്തമാവാന്‍ തരമില്ല എന്റെ കവിതയും. സാമൂഹിക വിഷയങ്ങളോടുള്ള ഉടനടി പ്രതികരണം പ്രതീക്ഷിക്കരുത് കവിതയില്‍. ചിക്കുന്‍ ഗുനിയ വന്നപ്പോള്‍ കുറെ ആളുകള്‍ ചിക്കുന്‍ ഗുനിയ കവിത എഴുതി. എന്നിട്ടെന്തായി? ചിക്കുന്‍ ഗുനിയ മാറുമോ? പോട്ടെ, കവിതയുടെ ചരിത്രത്തില്‍ അതുണ്ടോ? ഏറ്റവും നന്നായി അസംബന്ധം എഴുതാന്‍ കഴിയുമോ? അതാവാം ഒരുപക്ഷെ രാഷ്ട്രീയകവിത. എന്നാല്‍ മുഖ്യധാരയ്ക്ക് രാഷ്ട്രീയ കവിത എന്നാല്‍ എന്‍ പ്രഭാകരന്റെതാവും. അദ്ധേഹം ചിതാനന്ദം പോലുള്ള നല്ല കഥകള്‍ എഴുതിയ ആളാണ്, മാത്രവുമല്ല മൗനത്തിന്റെ മുഴക്കങ്ങള്‍ എന്ന കവിതാപഠനങ്ങളും നല്ല കവിതാനിരീക്ഷണ പാടവം പുലര്‍ത്തുന്നതാണ്. എന്തുകൊണ്ടോ അദ്ദേഹത്തിന്റെ കവിത എനിക്കു ഒരു പുതിയ ഉണര്‍വ്വും തരുന്നില്ല.

•സമകാലീന കവിതയിലെ 'കേരളീയത' ഒന്ന് വിശദീകരിക്കാമോ?

ദേശബോധം അത്രയേറെ ചിതറിപ്പോയ തലമുറയാണ് നമ്മുടേത്. മലരണിക്കാടുകളുടെ കേരളമല്ല നമ്മുടെ കേരളം. കവിതയിലെ കേരളീയതയെ തിരയുന്ന ഒരാള്‍ക്ക് ഇനി കല്‍ണ്ടര്‍ ചിത്രങ്ങളിലെ വെള്ളച്ചാട്ടമോ പൂരച്ചിത്രമോ കണ്ട് തൃപ്തിയടയേണ്ടി വരും. ദേശത്തെ അഗാധമായി എഴുതുന്ന എസ്. കലേഷിലും ദേശത്തെ അഗാധമായി എഴുതാതിരിക്കുന്ന ലതീഷ് മോഹനിലും കേരളീയത വായിക്കാന്‍ പറ്റും. മാനവികമായിരിക്കുന്നതു പോലെ അപമാനവികമായിരിക്കുന്നതുമാണ് കേരളം. ഗ്രാമീണമായിരിക്കുന്നതോടൊപ്പം നാഗരികവുമായിരിക്കുന്നതാണ് കേരളം. കേരളീയ അനുഭവം എന്നതു അപ്പോള്‍ ഒരു ദേശാനുഭവം മാത്രമല്ല. അതു ഒരു കൂട്ടത്തിന്റെ ഭിന്നാഭിപ്രായങ്ങളാവാം. സെബാസ്റ്റ്യന്‍ എഴുതുന്നതും കെ ആര്‍ ടോണി എഴുതുന്നതും കേരളീയ അനുഭവം തന്നെ.

•താങ്കളെ കവിതയിലേക്ക് വഴിനടത്തിയാതാര്? ഏത് പ്രായത്തില്‍?

കോട്ടേമ്പ്രത്തെ ബാലന്‍ സ്മാരക വായനശാലയാണ് എന്നെ വായനയിലേക്കു വഴി നടത്തിയത്. സ്കൂളില്‍ പ്ഠിക്കുമ്പോള്‍ തന്നെ അവിടെയിരിക്കുന്ന മൊത്തം പുസ്തകങ്ങളില്‍ 90 ശതമാനവും ഞാന്‍ വായിച്ചിട്ടുണ്ടാവും. പക്ഷെ അന്നൊന്നും കവിത തിരഞ്ഞു പിടിക്കാറില്ല. ബി എഫ് എയ്ക്ക് പഠിക്കുമ്പോള്‍ ചില നല്ല സാഹിത്യ ക്യാമ്പുകള്‍ അറ്റന്റ് ചെയ്തിരുന്നു. അതിലൊന്ന് കാവുന്തറയിലെ കവിത ക്യാമ്പായിരുന്നു. അന്നവിടെ വീരാന്‍ കുട്ടിയും, എസ് ജോസഫും ആയിരുന്നു ശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ നിരൂപകനായ സജയ് കെ വിയും കവിതയെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ കവിത എഴുതിക്കളയാം എന്നൊന്നും തീരുമാനിക്കാന്‍ അന്ന് തുനിഞ്ഞിരുന്നില്ല. കുഴൂര്‍ വിത്സണ്‍ ആണ് ബ്ലോഗിനെ പറ്റി എന്നോട് പറയുന്നത്.

‘എടാ നിന്റെ കവിത കലക്കി’ എന്നു ആദ്യമായി പറഞ്ഞതും അദ്ദേഹം തന്നെ. മൂരികളുടേ അപ്പനും എന്റെ മകളും എന്നൊരു കവിത കുഴൂര്‍ മുഖാന്തിരം നാലാളറിഞ്ഞു.

•ആദ്യമായി അച്ചടിമഷി പുരണ്ട കവിതയെപ്പറ്റി ഒന്ന് പറയാമോ?

ആദ്യമായി അച്ചടിക്കപ്പെട്ട കവിത എന്നു ചോദിച്ചാല്‍… ഈയിടെ മാതൃഭൂമി ബ്ലോഗനയില്‍ വന്ന ദാരിദ്ര്യം എന്ന പേരില്‍ ഇനിയൊരു കവിതയ്ക്കു സാധ്യതയുണ്ടോ എന്ന കവിതയാണ് എന്ന് പറയുന്നതാണ് ശരി. അതിനു മുന്‍പ് കോളെജ് മാഗസിനില്‍ എഴുതിയതുണ്ട്. പിന്നെ എം ജി യൂനിവെഴ്സിറ്റിയുടെ കലോത്സവത്തില്‍ മൂന്നാം സമ്മാനം കിട്ടിയ വെയില്‍ തോറ്റങ്ങള്‍ എന്നൊരു കവിതയാണ്. അന്നു ഒന്നാം സ്ഥാനം കലേഷിനും, രണ്ടാം സ്ഥാന്ം അജീഷ് ദാസിനുമായിരുന്നു. ഹി ഹി… തുടക്കത്തില്‍ കഥയായിരൂന്നു പ്രിയം. ഇപ്പോഴും അതൊട്ടും കുറഞ്ഞിട്ടില്ല. കവിതയേക്കാള്‍ കഥ തന്നെയാണ് അച്ചടിക്കപ്പെട്ടതും.

•കവിതകളിലെ അതിവൈകാരികത നഷ്ടപ്പെട്ടിരിക്കുന്നല്ലോ. മുന്‍ കാലങ്ങളില്‍ പൊള്ളുന്നതായി തോന്നിച്ച ഭാഷ യുവകവികളില്‍ വെറും ശീലമായി-'ക്ലീഷേ'- ആയിത്തന്നെ മാറിയിട്ടില്ലേ?

അതിവൈകാരികത നഷ്ടപ്പെടുന്നതു നല്ലതല്ലേ? എന്നു വെച്ചു വൈകാരികതയെ കയ്യൊഴിയണം എന്നു അര്‍ഥമില്ല. വൈകാരികതയെ കലാത്മകമായി അവതരിപ്പിക്കുന്നിടത്തല്ലെ നല്ല കവിത?

•ഇപ്പോള്‍ താങ്കള്‍ക്ക് പുറകേ വരുന്ന യുവതലമുറ നിങ്ങളുടെ തലമുറയേക്കാള്‍ പുറകിലാണ്. എല്ലാ അര്‍ത്ഥത്തിലും- നിങ്ങളുടെ തലമുറയുടെ ഒരു വാല്‍ പോലെ. ആ യുവകവികളെ കുറിച്ച് എന്ത് തോന്നുന്നു?

എനിക്കു ശേഷം എന്നു തിരിഞ്ഞു നോക്കാറായോ? നമ്മളൊക്കെ ഉള്‍പ്പെടുന്നതല്ലെ ഏറ്റവും ഇളമുറ(?) പ്രതീക്ഷ തരുന്ന കുറേ പേരുണ്ട്. ലാളിത്യം കൊണ്ട് ഒന്നുമില്ലാതായിപ്പോകുന്ന അവസ്ഥയും ഉണ്ട്. കവിത എഴുതുന്നവര്‍ മാത്രമാണ് അതിന്റെ വായനക്കാരും എന്ന അവസ്ഥ ഉണ്ടാവരുത്. എല്ലാം നഷ്ടമായി എന്നു വിലപിക്കുന്നിടത്ത് കാര്യമില്ല. പുതിയവരിലും ഉണ്ടാവും അവരുടേതായ ഒരു ഭാവുകത്വരീതി. പുതിയ കാലം കവിതയുടെ വിനിമയവ്യവസ്ഥയെ തന്നെ പുതുക്കി നിര്‍മ്മിക്കുന്നുണ്ട്. അതില്‍ ബ്ലോഗ് കവിതയുടെ ഇടപെടലുണ്ട്. കാവ്യധികാരത്തിന്റെ ഉന്നത ശ്രേണികളെ നിശ്ശേഷം കടപുഴക്കുന്ന എഴുത്തിന്റെ സ്വാതന്ത്ര്യത്തിലാണ് ബ്ലോഗു കവിതയുടെ യുവത്വം. പ്രമേയപരമായി നൂതനകവിത പുലര്‍ത്തിപ്പോരുന്ന വികേന്ദ്രീകൃത ഭാവന ഏറ്റവും കൂടുതല്‍ ബ്ലോഗുകവിതകളില്‍ വായിക്കാം. (ചെറിയ അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും) നഗരഭാവനയും നാട്ടുഭാവനയും ഇത്രമേല്‍ ഇഴപിരിഞ്ഞ് കവിതയില്‍ ആവിഷകരിക്കപ്പെടുന്നത് ഒരുപക്ഷെ ബ്ലോഗിന്റെ സാര്‍വജനീനത്വം കൊണ്ടാവണം.

•മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന കവിതകളെപ്പറ്റി എന്താണ് അഭിപ്രായം?

കവിതയെ ഗൗരവമായി സമീപിക്കുന്ന ഒരൊറ്റ മുഖ്യധാരയുമില്ല. ഈയിടെ ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ എന്നോടു പറഞ്ഞതു പുതിയ കവിതകള്‍ കാണുമ്പോള്‍ ചൊറിഞ്ഞുവരും എന്നാണ്. പത്രാധിപന്മാര്‍ കവിത വായിച്ചിട്ട് ചൊറിയുന്ന കാലം! ചില കവിതകള്‍ എന്നല്ല, ചുള്ളിക്കാടിനു ശേഷമുള്ള തലമുറ ഒന്നടങ്കമാണ് ഈ ചൊറിച്ചിലുണ്ടാക്കുന്നത് എന്നു വരുമ്പോള്‍ അതിലെന്തോ പ്രശ്നമില്ലേ? അല്ലെങ്കിലും പത്രാധിപന്മാരുടെ താല്പര്യം പ്രധാനമാണ്. ഒരു വാരിക വിചാരിച്ചാല്‍ ഒരാളെ ഒരു മാസത്തേക്കു കവിയാക്കാം. എന്നാല്‍ തോര്‍ച്ച പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങള്‍ കവിതയ്ക്കു ഇടം കൊടുക്കുന്നുണ്ട്. എങ്കിലും അതും ചിലപ്പോഴൊക്കെ മുഖ്യധാരയെ അനുകരിച്ചെന്നും വരാം.

•താങ്കളുടെ ഒട്ടുമിക്ക കവിതകളിലും ഒരു വാങ്മയ ചിത്രം ഒളിഞ്ഞുകിടക്കുന്നുണ്ടല്ലോ. ഇത് ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ അതോ എഴുതിത്തീരുമ്പോള്‍ സ്വയം സൃഷ്ടിക്കപ്പെടുന്നതോ?

അങ്ങനെയുണ്ടോ? കലയുടെ പ്രയോഗസാധ്യതകള്‍ എഴുത്തിലും വരുന്നതാവാം. വാങ്മയ ചിത്രത്തിനു വേണ്ടി എഴുതിയിട്ടില്ല. പലപ്പോഴും ചിത്രമാക്കിയാല്‍ മതിയാകാത്തവ കവിതയാവാറുണ്ട്, നേരെ മറിച്ചും.

•'കൈതേരി കല്ലു' എന്ന കവിതയിലെ ആ ഭ്രാന്തത്തി, അവര്‍ ഇന്നത്തെ കാലത്തിനോടുള്ള ഒരു പ്രകടസമരജീവിയാണെന്ന് പറഞ്ഞാല്‍ താങ്കള്‍ക്കതിനെ നിഷേധിക്കാന്‍ കഴിയുമോ?

അങ്ങനെ വായിക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തിനു നിഷേധിക്കണം? കല്ലു, വാസ്തവത്തില്‍ കോട്ടേമ്പ്രത്തെ എല്ലാരും അറിയുന്ന ഭ്രാന്തത്തിയാണ്. ചെറുപ്പത്തില്‍ അവരെ കാണുമ്പോള്‍ പേടിച്ചിരുന്നു. ഇപ്പോള്‍ കൊല്ലങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അവരുടെ ജീവിതത്തെ ആദരവോടെ ഓര്‍ക്കാന്‍ കഴിയുന്നു. മാത്രവുമല്ല നമ്മളിലെല്ലാം ഒരോ കല്ലു ഉണ്ടെന്നും തോന്നാറുണ്ട്. കല്ലു മറ്റു ഭ്രന്തരില്‍ നിന്നും വ്യത്യസ്ഥയാവുന്നത് അവരുടെ ഇടക്കാല ഭ്രാന്ത് കൊണ്ടാണ്. ഒരേ ഉടലിന്റെ ഭാവപ്പകര്‍ച്ചകള്‍. ഉഭയജീവിതം എന്ന ആശയം എന്നെ വിടാതെ പിന്തുടരുന്ന ഒന്നാണ്. കൈതേരി കല്ലുവിലും അത്തരം ഒരു ഇഷ്ടം തന്നെയാണ് പ്രവര്‍ത്തിച്ചത്.•വര്‍ണ്ണങ്ങളുടെ ലോകത്തില്‍ തളയ്ക്കപ്പെടാതെ കവിതയുടെ ഈ ലോകത്തേയ്ക്ക് കടന്ന് വന്നപ്പോള്‍ താങ്കള്‍ക്കുണ്ടായ അനുഭവങ്ങളും ദുരനുഭവങ്ങളും ഒന്ന് പങ്ക് വയ്ക്കാമോ?

അങ്ങനെ രണ്ട് ലോകങ്ങളില്ല എനിക്ക്. ഒരേ മരത്തിന്റെ വേരുകളല്ലേ കവിതയും ചിത്രവും? സത്യം പറഞ്ഞാല്‍ ഇതൊരു ദുര്യോഗവും കൂടിയാണ്. ചിത്രകാരന്മാര്‍ പൂര്‍ണ്ണമായ അര്‍ഥത്തില്‍ എന്നെ ചിത്രകാരനായും പരിഗണിക്കില്ല, കവികള്‍ പൂര്‍ണ്ണമായ അര്‍ഥത്തില്‍ കവിയായും പരിഗണിക്കില്ല. രണ്ട് മേഖലകളിലും ധാരാളം സുഹൃത്തുക്കളുണ്ട്. അതു തന്നെയാണ് അനുഭവം. ദുരനുഭവങ്ങളൊന്നും തല്‍ക്കാലം ഉണ്ടായിട്ടില്ല.

•സ്വന്തം നാടിന്റെ രാഷ്ടീയ പശ്ചാത്തലത്തില്‍ എഴുതിയ കവിതകളെക്കുറിച്ച്?

എല്ലാ കവിത്യ്ക്കും അറിഞ്ഞോ അറിയാതെയോ നാടിന്റെ പശ്ചാത്തലം ഉണ്ട്. നാടുകടത്തല്‍, ദൈവവിചാരം, തുടങ്ങിയവയില്‍ പ്രത്യക്ഷമായി അതുണ്ട്. വിട്ടു നില്‍ക്കുമ്പോള്‍ നാടിനെ നന്നായി അറിയാന്‍ കഴിയും. പുട്ടുകട ഇന്റെര്‍നെറ്റ് കഫേയാകുന്നതും, നെയ്ത്തുകാരന്‍ ടെക്സ്റ്റൈത്സുകാരനാവുന്നതും, കമ്മ്യൂണിസ്റ്റുകാരന്‍ അമ്പലവാസിയാകുന്നതും കണ്മുന്‍പില്‍ കാണാം. കവിതയാക്കാന്‍ വേണ്ടി ബോധപൂര്‍വം ശ്രദ്ധ ചെലുത്തിയിട്ടില്ല, എങ്കിലും കോട്ടേമ്പ്രം എന്ന സ്ഥലനാമം വാലായുള്ളതു കൊണ്ടു തന്നെ എന്റെ പേരു വിളിക്കുമ്പോള്‍ പലരും അറിയാറില്ല, അവര്‍ ഒരു നാടിനെയാണ് വിളിക്കുന്നതെന്ന്. നാടിനെ എഴുതനാണെങ്കില്‍ ഒരുപാടുണ്ട്, ഒരു പക്ഷെ ഒരു നോവെലോളം പോന്ന സമ്പത്ത്.


•പല കവിതാസമാഹാരങ്ങളുടെയും പുറംചട്ടകള്‍ താങ്കളുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുള്ളവയാണല്ലോ. ഇത്തരത്തില്‍ കവിതയോട് കൂട്ട് കൂടുമ്പോഴാണോ അതോ കവിതയെ കൂടെ കൂട്ടുമ്പോഴാണോ ഏറെ സന്തോഷം തോന്നിയിട്ടുള്ളത്?

പുറംചട്ട ചെയ്യുമ്പോള്‍ അത് ഒരു കമ്മീഷന്‍ വര്‍ക്കു മാത്രമാണ്. ഇഷ്ടമുള്ള രചനകള്‍ക്കു കവര്‍ ചെയ്യുമ്പോള്‍ സന്തോഷം തോന്നും. കവിതയെ കൂടെ കൂട്ടുക എന്നു വെച്ചാല്‍ കവിത ഉള്ള ആളുകളുമായുള്ള ചങ്ങാത്തമാവാം, സ്വന്തം കവിതയുമായുള്ള സംവാദം എപ്പോഴും സ്വകാര്യമായിരിക്കും. അച്ചടിക്കപ്പെട്ടാലും ഇല്ലെങ്കിലും കവിത സ്വകാര്യമായി തരുന്ന സ്വാതന്ത്ര്യബോധം വളരെ വലുതാണ്.ബ്ലോത്രം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

3 വായന:

»¦മുഖ്‌താര്‍¦udarampoyil¦« said...

നന്നായി..
ഈ സംഭാഷണം..

Anonymous said...

സുധീഷിന്റെ വരകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..കവിതകള്‍ കാണാന്‍ കഴിഞിട്ടില്ല. എന്തായാലും നന്നായി സുധീഷെ അഭിമുഖം. ഇത് തയ്യാറാക്കിയ വിനുവിന് ആശംസകള്‍.

sunilkumar said...

sudiye enikkariyam......varayum kadhayum........vinoone parichayamilla.....ethoru nalla varthamanam........

Post a Comment

© moonnaamidam.blogspot.com