കാഴ്ചയുടെ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിയ കവിതകള്‍

ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത് വീണ മഴത്തുള്ളികള്‍ ഇപ്പോഴും മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ല. ഇത് പോലെയാണ് അനീഷിന്റെ കവിതകള്‍. വായനാനുഭവം മന‍സില്‍ നിന്നും മാഞ്ഞുപോകാതെ എവിടെയൊക്കെയോ തങ്ങി നില്‍ക്കുന്നു. എപ്പൊഴോ വിരിഞ്ഞ ഒരു പുഷ്പത്തിനു ചുറ്റും ഒരു കൂട്ടം ശലഭങ്ങള്‍ പറന്ന് നടക്കുന്നത് അസാധാരണമായ കാഴ്ചയാണ്. കാരണം തേനീച്ചയെപ്പോലെ കൂട്ടമായി സഞ്ചരിക്കുക എന്നത് ശലഭങ്ങള്‍ക്കില്ലാത്ത ഒരു സ്വഭാവവിശേഷമാണല്ലോ. വെളിച്ചം കുറഞ്ഞ താഴ്വാരങ്ങള്‍ക്കപ്പുറം ആ ശലഭങ്ങള്‍ എന്തോ കൗതുകത്തില്‍ ആകൃഷ്ടരായതായിരിക്കാം.

പുതിയ ആവിഷ്കരണങ്ങളാണ് പുതിയ രീതികളിലേക്ക് നമ്മെ ആനയിക്കുന്നത്. അത്തരത്തില്‍ ആവിഷ്കരണത്തിലെ വ്യത്യസ്തത അനീഷിനെ ശ്രദ്ധേയനാക്കുന്നുണ്ട്. അദ്ധ്യാപകന്‍ എന്ന നിലയേക്കാള്‍ ഒരു കവി എന്ന നിലയില്‍ ശോഭിക്കാന്‍ ഒരുപക്ഷേ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടായിരിക്കണം. കറുപ്പും പച്ചയും മാത്രം ഉപയോഗിച്ചുകൊണ്ട് ജീവസ്സുറ്റ ചലനചിത്രങ്ങള്‍ വാക്കുകളാല്‍ വരച്ചു വച്ചിരിക്കുകയാണ് 'നാക്കില' എന്ന ബ്ലോഗില്‍. തികച്ചും വ്യത്യസ്തമായ ഒരു കാവ്യസംവേദനമാണ് ഈ ബ്ലോഗിലൂടെ ഉന്മീലിതമാകുന്നതും.


കവിതകളിലൂടെ ചിത്രം വരയ്ക്കപ്പെട്ട ചില രചനകളുണ്ട് അനീഷിന്റെ കവിതകളില്‍. വേലുമ്മാന്‍, കടത്തുകാരന്‍ തുടങ്ങിയ കവിതകള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. തന്റെ ബാല്യം തനിക്ക് കാണിച്ചുതന്ന കാഴ്ചകളെ അതിന്റെ തന്മയത്വത്തോട് കൂടി വാക്കുകള്‍ കൊണ്ട് പകര്‍ത്തിയിരിക്കുകയാണ് കവി ഇവിടെ. ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവാതെ കുഴങ്ങുന്ന മൃത്യുവിനെ തന്റെ ചിന്തകളില്‍ നിന്നും ഈ കവിതകളിലേക്ക് കവി ആവാഹിച്ചിരിക്കുന്നു. കുസൃതികളിലൂടെയും, കളിചിരികളിലൂടെയും കടന്നുപോയ തുടിക്കുന്ന ബാല്യത്തിന്റെ സാന്ദ്രമായ കവിത തുളുമ്പിനിന്ന ഒരു വരകവിയുടെ വിലപ്പെട്ട വാങ്മയമാണിത്. ചേറിയെടുത്തും, പെറുക്കിക്കളഞ്ഞും ആ കവിതകളുടെ സത്ത ഒന്നുകൂടി കുറുക്കിയെടുത്തിരുന്നെങ്കില്‍ അതിന്റെ മധുരവും, ചവര്‍പ്പും, പുളിപ്പും, എരിവുമെല്ലാം ഒന്നൊഴിയാതെ നുണച്ചിറക്കാന്‍ വായനക്കാരന് കഴിയുമായിരുന്നു.

മരണം ജീവിതത്തിന്റെ തുടര്‍ച്ചയോ, വികാസമോ ഒക്കെയാണ്. 'ഇന്നുമാ വളവിലെത്തുമ്പോള്‍' എന്ന കവിത, ഒരു മരണസാക്ഷിയുടെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. അവിടെ കവി ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത പലതും കവിതയായിത്തീരുകയായിരുന്നു. താന്‍ കടന്ന് പോകുന്ന ആ വളവില്‍ അപഹരിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളെ അയാള്‍ വരച്ചെടുത്തു.

'ഇപ്പോഴവിടെയില്ല
തെറിച്ച് വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍
മഴവെള്ള-
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറ് പൊട്ടിയ ചെരുപ്പുകള്‍.'
-കാലങ്ങള്‍ക്കിടയിലെ ദൂരം ധ്വനിപ്പിക്കുന്ന വരികളാണിത്. ചിതറിത്തെറിച്ച ഈ ഓര്‍മ്മകള്‍ക്കിടയില്‍ ഞാനൊന്ന് പരതി നോക്കി. എവിടെ വാക്കുകളിലെവിടെയോ കണമായി ശേഷിച്ച സ്രഷ്ടാവിന്റെ വെമ്പലുകളും കണ്ണീരും?


മറ്റുള്ള പക്ഷികളെല്ലാം നിശബ്ദരാവുമ്പോഴാണല്ലോ കാലന്‍ കോഴിയുടെ ആലാപനം, പാവനമായ ഏതോ മൃതിപല്ലവികള്‍ എന്ന പോലെ. ഇരുണ്ട സംഗീതത്തിന്റെ പ്രതിഫലനമായാണവ എനിക്ക് തോന്നിയിട്ടുള്ളത്. പാപം ചെയ്ത് ലോകം വിട്ട് പോയവരുടെ പശ്ചാത്താപമായിരിക്കാം ഒരുപക്ഷേ ആ ശബ്ദങ്ങള്‍. ശബ്ദങ്ങള്‍ പലയിടങ്ങളിലേക്കുമുള്ള പാതകളാണ്. ആ പാതകള്‍ മരണത്തിലേക്കും ജീവിതത്തിലേക്കും വഴി തെളിക്കും. ഇവിടെ കവി ഇങ്ങനെ എഴുതി.

'ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും'.
- മരണത്തെ നേരിടാനാവാത്ത ഒരു ഹൃദയം ഈ വരികള്‍ക്കിടയിലുണ്ട്. അവനിനിയും ജീവിച്ചേ മതിയാവൂ. കാലത്തില്‍ നിന്നും മാറി നടക്കാന്‍ അവനൊരിക്കലും സാധ്യമല്ല. മറ്റൊരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അവനൊരു ധീരനാണ്. എളുപ്പവഴിയെ ഒഴിവാക്കി, പ്രതിബന്ധങ്ങളെ നേരിട്ട് അവന്‍ മുന്നേറാന്‍ കൊതിക്കുന്നുണ്ട്. ജ്വലിക്കാന്‍ തുടങ്ങുന്ന ഒരഗ്നിയെ പോലെ.

അദൃശ്യമായ ഒരു തലത്തെക്കുറിച്ചുള്ള ബോധമാണ് വിശ്വാസം എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ആ അവബോധത്തിന്റെ രസാനുഭൂതിയില്‍ വികാരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കപ്പെടുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അലിഞ്ഞ് ചേരുന്നു. സീമകള്‍ തകര്‍ക്കപ്പെടുകയും ഭൂതവും വര്‍ത്തമാനവും മാഞ്ഞുപോയി ഭാവി മാത്രം നിലനില്‍ക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു ചിന്താഗതിയില്‍ നിന്നുരുത്തിരിഞ്ഞ അനീഷിന്റെ ഒരു കവിതയാണ് 'ഒടിയന്‍'. അത് അവസാനിക്കുന്നത് ഇങ്ങിനെയാണ്.

'ഒടിഞ്ഞ ജീവിതമായ
ചെളിയില്‍ പുതഞ്ഞ് കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ത്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു.'
- സന്ദേഹത്തിലൂന്നിയുള്ള അന്ത്യങ്ങള്‍ എല്ലായ്പ്പോഴും ദുഃസ്സൂചകങ്ങളായിരിക്കും. അവ എല്ലായ്പ്പോഴും ചക്രവാളങ്ങളില്‍ തട്ടി തിരിച്ചുവരുന്ന നിശബ്ദത മാത്രമായിരിക്കും. ആ നിശബ്ദത അകക്കാമ്പില്‍ ഉള്‍ക്കൊണ്ട് തന്നെ നമുക്കീ കവിതയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം മറ്റൊരാനന്ദം കവിക്കിനി കിട്ടാനിടയില്ല.

"ഞങ്ങള്‍ നഭസ്സിലായിരുന്നപ്പോള്‍ ഞങ്ങള്‍ നഭസ്സായിത്തീര്‍ന്നു, ഞങ്ങള്‍ വെളിച്ചത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ വെളിച്ചമായിത്തീര്‍ന്നു" എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിയതു പോലെ, അനീഷിന്റെ കവിതകളിലായിരുന്നപ്പോള്‍ ഞാന്‍ കവിതയായിത്തീര്‍ന്നു എന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തി ഉണ്ടാവാന്‍ തരമില്ല. വിശാലമായൊരു താഴ്വരയുടെ ഭാഷണം പോലെ അയാളുടെ കവിതകള്‍ വായനക്കാരില്‍ സംവേദനം നടത്തുന്നു. ഭാവനാശൂന്യമായ ചില കവിതകള്‍ക്കിടയില്‍ ഏകാന്തമായൊരു പാതിരാപ്പുള്ളിന്റെ ആരോഹാവരോഹങ്ങള്‍ പോലെ അനീഷിന്റെ കവിതകള്‍ നമ്മളില്‍ ചില ഞെട്ടലുകള്‍ ഉളവാക്കുന്നുണ്ട്. ആ ഞെട്ടലിന്റെ താളത്തില്‍ ജീവിതത്തിന്റെ അദൃശ്യമായ കാഴ്ചകള്‍ നമ്മളില്‍ സ്പന്ദിക്കുന്നുവെന്ന് നമ്മളില്‍ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ടായിരിക്കണം. 'പെന്‍സില്‍' എന്ന കവിതയിലേതു പോലെ.

'വിരിയും മുന്‍പേ
കൊഴിയുന്ന പൂക്കളുടെ
ചിത്രങ്ങളായിരുന്നു
അവളുടെ പുസ്തകം നിറയെ
നിറങ്ങളില്ലാതെ.'

ഓരോ പുലരിയും ഓരോ വീണ്ടെടുപ്പാണ്. അവിടെ ഒരു പ്രകാശത്തിന് വേണ്ടിയുള്ള ദാഹമുണ്ട്. ആ ദാഹം കവിതകളിലും സംജ്ഞാതമാണ്. അത്തരത്തിലെടുക്കുകയാണെങ്കില്‍ ദാഹമകറ്റാന്‍ തക്ക ശേഷിയില്ലാത്ത കവിതകളും അനീഷിന്റേതായി കാണുന്നുണ്ട്. പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്, ചെങ്കണ്ണ്, കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും തുടങ്ങിയ കവിതകള്‍ അവയുടെ സാംഗത്യം പറഞ്ഞുറപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ചിലതാണ്. എന്നാല്‍ രക്തസാക്ഷി, തെറ്റ്, പ്രായമാകുന്നവരുടെ ശ്രദ്ധയ്ക്ക് എന്നീ കവിതകള്‍ ആനുകാലികവിഷയങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട കവിതകളുമാണ്. അവയുടെ കെട്ടുറപ്പിലും, അവതരണത്തിലും ഒന്നുകൂടി ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ അവ ഈ തലത്തില്‍ നിന്നും ഒരുപാട് ഉയര്‍ന്നുപോകേണ്ട കവിതകളായിരുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്. വിഷയസ്വീകരണങ്ങളില്‍ ഒരുപാട് സ്വാംശീകരണം അനീഷ് നടത്തുന്നുണ്ട് എന്നത് അയാളുടെ കവിതകള്‍ വായിക്കുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. രാഷ്ട്രീയാന്തരീക്ഷമുള്ള കവിതകള്‍ നന്നേ കുറവാണ്. ഏറിയ പങ്ക് കവിതകളും പഴയകാല ഓര്‍മ്മകളുടെ നിറം പിടിപ്പിച്ച വിധിയെഴുത്തുകളായിരുന്നു. ഇതില്‍ നിന്നും അനീഷിന്റെ സ്വപ്നശതങ്ങള്‍ കാലമായി പരിഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ചില കവിതകള്‍ ആലങ്കാരികതയുടെ വായ്ത്താരി മാത്രമായി മാറി വായനക്കാരെ മുഷിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതായി കണ്ടു. പ്രപഞ്ചമാകെ പടര്‍ന്ന് കയറാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സ് ഒരു കുഴിയിലകപ്പെടുന്നത് എന്ത് വൈപരീത്യമാണ് അല്ലെ?

കവിതകളീല്‍ നിന്നും കവിതകളിലേക്കുള്ള അനീഷിന്റെ സഞ്ചാരപാതകള്‍ വേഗത കൊണ്ടും, വികാസം കൊണ്ടും ഇന്ദ്രിയാതീതമായ ചില നിഗൂഢതകള്‍ കൊണ്ടുവരുന്നുണ്ട്. അവയ്ക്കിടയിലൂടെ കടന്നു പോകുമ്പോള്‍, അല്ലെങ്കില്‍ അതിന്റെ ആഴങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോള്‍ ഒരു നിമിഷം നമ്മള്‍ സംശയിച്ച് നില്‍ക്കും, അതിലൂടെ കടന്നുവന്ന നമ്മുടെ മനസ്സെവിടെ എന്നോര്‍ത്ത്. കാരണം, മനസ്സപ്പോഴും കടന്നുവന്നിരുന്ന വഴികളില്‍ കവിതയോട് സംവദിച്ചു നില്‍ക്കുകയായിരിക്കും. അനീഷ് എന്ന ഈ സൃഷ്ടിയുടെ ജലചക്രം അതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതേ ഉള്ളൂ. ഘോരമായ ഈ കവിതയുടെ ശവപ്പറമ്പുകളില്‍ കത്തിയമര്‍ന്ന ചിതകള്‍ക്ക് അവകാശിയായി ആരോ തേങ്ങിക്കരയുന്നുണ്ടോ?

'എന്റെ കയ്യിലപ്പോള്‍
തുടുത്തൊരു
മധുരനാരങ്ങയുണ്ടായിരുന്നു
അതില്‍
എന്റെ പേരെഴുതിവച്ചിരുന്നു
ദൈവം.'


ബ്ലോത്രം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

4 വായന:

sweetymohan said...
This comment has been removed by the author.
sweetymohan said...

വാസ്തവം ... എന്തു നല്ല വരികള്‍

'എന്റെ കയ്യിലപ്പോള്‍
തുടുത്തൊരു
മധുരനാരങ്ങയുണ്ടായിരുന്നു
അതില്‍
എന്റെ പേരെഴുതിവച്ചിരുന്നു
ദൈവം.'

naakila said...

Thanks Vinu

Shameee said...

കവിയും കവിതകളും ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന നിരൂപണം. 'വിശാലമായൊരു താഴ്വരയുടെ ഭാഷണം പോലെ'....
നന്ദി.

Post a Comment

© moonnaamidam.blogspot.com