വിലാപത്തിന്റെ ഒരു രാത്രി

അതൊരു വിയര്‍പ്പൂറ്റിയെടുത്ത രാത്രിയായിരുന്നു. വീശുന്ന കാറ്റിന് കണ്ണീരിന്റെ ഗന്ധം. അകലെ നിന്നും രോദനങ്ങളുടെ അലയൊലികള്‍ ആ കാറ്റിലൂടെ ചിതറിത്തെറിക്കുന്നുണ്ട്. ഓര്‍മ്മകള്‍ ഒരു ചില്ലുകൂടാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ, ഞാനവയെ ഒന്ന് പൊടി തട്ടിയെടുത്തു. യോനിയില്‍ നിന്നും ഒഴുകിവരുന്ന ആര്‍ത്തവരക്തത്തിലെ അണുക്കള്‍ ഒരപരാജിത ശക്തി പ്രാപിക്കുന്നുണ്ടായിരിക്കണം. അവയുടെ പുറത്തേക്ക് വരാനുള്ള അടങ്ങാത്ത ആവേശം പോലെ ഓര്‍മ്മകളുടെ കനത്ത മര്‍ദ്ദം എന്നില്‍ നിന്ന് ഇടറുന്ന വിങ്ങലിന്റെ വിസ്ഫോടനമായി പുറന്തള്ളപ്പെട്ടു. ഞാന്‍ തല താഴ്ത്തിയിരുന്നു. ക്രൂശിക്കപ്പെടുമ്പോള്‍ യേശുവോ, അല്ലെങ്കില്‍ തന്റെ സ്ത്രീത്വത്തെ പണയം വയ്ക്കപ്പെട്ട നിമിഷത്തില്‍ പാഞ്ചാലിയോ അനുഭവിച്ച വേദന, അതെത്രയായിരിക്കാം എന്ന് എനിക്കപ്പോള്‍ കണക്കുകൂട്ടാമായിരുന്നു. കവിതകളും കണ്ണീരും അന്നെന്നെ കൈവിട്ടു. ഒറ്റപ്പെടലിന്റെ വേദന, അതെത്രമാത്രമായിരുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കുക വയ്യ. മാനസിക ശിഥിലീകരണത്തിലൂടെ കടന്ന് പോയ നിമിഷങ്ങളെ ഋജുരേഖകളിലേക്ക് ചുരുക്കിയെടുക്കാന്‍ ഞാനൊരുപാട് ശ്രമിച്ചെങ്കിലും ദാര്‍ശനികതയുടെ മാന്ത്രികാവിഷ്കരണങ്ങളെപ്പോലെ ഏതോ ഒരദ്രിശ്യ ശക്തി അതിനെ എപ്പോഴും തടയിട്ടുകൊണ്ടേയിരുന്നു.

പുലരിയന്ന് രാത്രിയെ മറന്നിട്ടുണ്ടായിരിക്കണം. തണുപ്പിനെ പുണര്‍ന്ന് ഓടിവരുന്ന ഇളംകാറ്റ് ഇടക്കിടയ്ക്ക് എന്റെ മുറിയിലെ തുറന്നിട്ട ജനല്‍പ്പാളിയില്‍ ഒന്ന് മുട്ടിനോക്കും. വീര്‍പ്പുമുട്ടലിന്റെ ഓരത്ത് നില്‍ക്കുമ്പോള്‍ ആ ശബ്ദം ഒരു ഓംകാരമായി എന്റെ നെഞ്ചില്‍ തറയ്ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും എല്ലാം മായയാണെന്ന സങ്കല്പം എന്റെ വ്യഥകള്‍ക്ക് ഒരല്പമെങ്കിലും അറുതി കൊടുത്തിട്ടുണ്ടായിരിക്കണം. അജ്ഞാതമായൊരു വിളവില്‍ നിന്ന് ഭീകരമായ ക്ഷോഭങ്ങള്‍ക്ക് ശേഷമാണല്ലോ ഒരു ജീവന്‍ ആവിര്‍ഭവിക്കുന്നത് എന്ന് ഞാന്‍ തന്നെ കണ്ടെത്തിയ എന്റെ ആവിര്‍ഭാവത്തിന്റെ സ്ഥായിയെ സ്വാംശീകരിച്ചുകൊണ്ട് ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ യാതൊരു കുലുക്കവുമില്ലാതെ ആ മരവിക്കുന്ന തണുപ്പില്‍ ഒരു സ്വപ്നത്തിന്റെ തലോടലേറ്റ് മയങ്ങുകയായിരുന്നു. ഉറക്കമൂറ്റിയെടുത്ത രാത്രികളിലെഴുതിയ കവിതകള്‍ പുറത്ത് നിന്നും ഇടയ്ക്കിടെ വീശുന്ന കാറ്റ് മറീച്ചു നോക്കുന്നുണ്ടായിരുന്നു. അവയ്ക്ക് കവിതകള്‍ ഇഷ്ടപ്പെട്ടിരിക്കും. അല്ലായിരുന്നെങ്കില്‍ പിന്നെയവ മറിച്ചുനോക്കാന്‍ വരികയില്ലായിരുന്നുവല്ലോ.

മണിക്കൂറുകളോളം കനലായ നെഞ്ച് ഒന്ന് എരിഞ്ഞടങ്ങിയപ്പോള്‍ വിഷമം ഉരുകിയൊലിച്ചെന്നു തോന്നുന്നു. മനസ്സിന് നേരിയൊരാശ്വാസം. കൈവിട്ട് പോയ ഉറക്കത്തെ പലവുരു വിളിച്ച് നോക്കി. അവന്‍ വന്നതേയില്ല. അവളുടെ ശരീരത്തില്‍ നിന്നുതിരുന്ന വിയര്‍പ്പു കലര്‍ന്ന ബോഡിസ്പ്രേയുടെ ഗന്ധം എന്നെ കൂടുതല്‍ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു. അവളുടെ ക്ഷീണിക്കാത്ത സം വേദനത്തിന്റെ ഗ്രന്ഥികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വഴിതെറ്റിക്കുന്നുണ്ടായിരുന്നു. അവ എന്നില്‍ ഒരു പുതിയ തരംഗദൈര്‍ഘ്യത്തിന് വഴിയൊരുക്കുകയായിരുന്നു.

ഞാന്‍ തിരിഞ്ഞ് കിടന്നു. എനിക്ക് ആ ഗന്ധം മറക്കാനാവുന്നില്ല. അതെന്നെ കാര്‍ന്നെടുക്കുന്നു. ഇപ്പോളവള്‍ക്ക് അഴുകിത്തുടങ്ങിയ ശവത്തിന്റെ ഗന്ധമാണെന്നു തോന്നുന്നു. ശവങ്ങളുടെ ഒരു രൂക്ഷസാന്നിദ്ധ്യം ഈ അടച്ചിട്ട നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഞാനെന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു മുടിയേറ്റിന്റെ രൗദ്രതാളമാണോ അതോ ഒരു ബലിയുടെ ക്രൗര്യമാണോ എന്നില്‍ ഉണര്‍ന്നത് എന്ന് എനിക്ക് മനസിലായില്ല. എന്റെ നാഡികള്‍ തളര്‍ന്നു. വൈകിയ ഒരു നിശാനിദ്രയിലേക്ക് ഞാനൊഴുകിപ്പോയി.

ഇരുണ്ട ആകാശത്തിനിടയില്‍ വെള്ളിവെളിച്ചത്തിന്റെ പ്രതിഫലനം. പാതിതുറന്ന ജനല്‍പ്പാളികളിലൂടെ ആ വെള്ളിവെളിച്ചം ഊര്‍ന്നിറങ്ങി. അവള്‍ എഴുന്നേറ്റു. വാഷ്ബേസിനില്‍ നിന്നും വന്ന ആ മഞ്ഞിന്‍ രേഖ പതിഞ്ഞ വെള്ളത്തില്‍ തന്നെ ഇന്നലെ ശാന്തയാക്കിയ ഉറക്കത്തെ അവള്‍ ആ ഡ്രെയിനേജിലേക്ക് ഒഴുക്കിക്കളഞ്ഞു. രാത്രിയുടെ ക്ഷീണം അവളില്‍ ഒട്ടും തന്നെ പ്രകടമായിരുന്നില്ല. പരിചയസമ്പന്നതയുടെ ആത്മാര്‍ത്ഥത അവളിലെ ക്ഷീണത്തെ ഹനിച്ചുകളഞ്ഞിരിക്കുന്നു. സമയത്തിന്റെ വേഗതയ്ക്കൊപ്പം അവള്‍ പെട്ടെന്ന് തന്നെ ഒരുങ്ങിക്കഴിഞ്ഞു. തലേന്ന് രാത്രി ഞാന്‍ കണ്ട അവളെയായിരുന്നില്ല എന്നെ ഉറക്കത്തിന്റെ കയ്യില്‍ നിന്നും ബലാല്‍ക്കാരമായി പിടിച്ചുവാങ്ങുമ്പോള്‍ ഞാന്‍ കണ്ടത്. തികച്ചും വ്യത്യസ്തയായിരുന്നു അവള്‍. ബെഡില്‍ നിന്നും എണീറ്റ് പേഴ്സില്‍ നിന്നും അവളുടെ അന്തിക്കൂട്ടിന് പറഞ്ഞുറപ്പിച്ച വില കൊടുത്ത് ഞാനവളെ യാത്രയാക്കി, വീണ്ടും വിളിക്കാം എന്നു പറഞ്ഞ്. നേര്‍ത്ത ഒരു പുഞ്ചിരിയോടു കൂടി അവളും തിരിച്ച് ബൈ പറഞ്ഞു. ചോര കത്തുന്ന അവളുടെ കണ്ണില്‍ എനിക്കപ്പോള്‍ കാണാമായിരുന്നു വായിക്കാതെ പോയ എന്റെ പ്രാണന്റെ അര്‍ത്ഥം.

അവള്‍ പോയതോടെ ഞാന്‍ വീണ്ടും ഒറ്റപ്പെടലിന്റെ തീക്ഷ്ണമായ മരുഭൂമിയിലേക്ക് വഴുതിവീണു. എങ്കിലും മരം കോച്ചുന്ന ആ തണുപ്പില്‍ കുളി കഴിഞ്ഞെത്തുന്ന വരെ ആ ഒരു ചിന്ത മനസ്സിനെ അലട്ടിയതേയില്ല. ഒരു മനുഷ്യന്‍ അഭയമറ്റ ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് അവന്‍ മരണവുമായി അഭിമുഖീകരിക്കുമ്പോഴാണ്. അത്തരമൊരു അഭിമുഖീകരണമാണോ ഇവിടെ സംഭവിക്കുന്നത്? എന്റെ മൂകരോദനത്തിന്റെ ആവിഷ്കാരമാണ് താഴ്വരയിലെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വനാന്തരങ്ങളിലെ ശബ്ദങ്ങള്‍. പുറത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ ഏതെല്ലാമോ പ്രേതാത്മാക്കളുടെ മഞ്ഞുതിരുന്നുണ്ടായിരിക്കണം. ദൂരക്കാഴ്ചകളെല്ലാം ആ മഞ്ഞിന്റെ നരച്ച വിസ്മ്രിതിയിലേക്ക് ആഴ്ന്നു പോകുന്നു.

ഞാന്‍ ഒരു പേനയും കടലാസുമെടുത്തു. എന്തെല്ലാമോ എഴുതണമെന്നുണ്ട്. പക്ഷേ, എനിക്കൊന്നും എഴുതാനാവുന്നില്ല. അക്ഷരങ്ങള്‍ എന്നെ കയ്യൊഴിഞ്ഞതു പോലെ. വരികളുടെയും വാക്കുകളുടെയും നിഴലുകള്‍ക്ക് കീഴെ ഭീതിപരത്തുന്ന ഒരു ശൂന്യത. കാലം ചെല്ലുന്തോറും തന്റെ കണ്ണിലെ ഈര്‍പ്പം കൂടി വരികയാണ്. സമയം അതിവേഗതയിലാണിപ്പോള്‍ സഞ്ചരിക്കുന്നത്. എന്റെ ചെവിക്കുള്ളില്‍ ചെണ്ടമേളത്തിന്റെ ആസുരഘോഷം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. തല പെരുക്കുന്നതു പോലെ. ഞാനൊന്ന് കസേരയിലേക്ക് ചാഞ്ഞു. അടുത്ത് കിടന്ന റിമോട്ടെടുത്ത് ടി വി ഓണ്‍ ചെയ്തു. ചാനലുകള്‍ക്കിടയിലൂടെ ഓടുകയായിരുന്നു. അതിനിടയ്ക്ക് ഏതോ ഒരു ന്യൂസ് ചാനലിലേക്ക് ഞാനൊന്ന് ഇടറി വീണു. "പതിനാറ് പേരുടെ മരണത്തിനിടയാക്കിയ മുടവന്നൂര്‍ ബസ്സപകടത്തിന് ഇന്ന് ഒരു വയസ്സ്". ഇത് കേട്ടതോടെ അതുവേ തടഞ്ഞു വച്ച വികാരം എന്നില്‍ നിന്നും ഊര്‍ന്നിറങ്ങി. അവ എന്റെ നെഞ്ചില്‍ എല്ലാ സ്പര്‍ദ്ധകള്‍ക്കും മീതെ ഒരു വെളുത്ത ചിരി നീര്‍ത്തിയെടുത്തു. പതിനാറ് പേരെ കൊന്ന എന്റെ കണ്ണില്‍ നിന്നും രണ്ട് കണ്ണീര്‍ത്തുള്ളികള്‍ താഴെ വീണുടഞ്ഞു. ഓര്‍മ്മിക്കപ്പെടുന്ന ആ പതിനാറ് പേരെ വാഴിക്കാന്‍ വേണ്ടി മാത്രം...!!

3 വായന:

രാജേഷ്‌ ചിത്തിര said...

ചില ഉപമകള്‍, ബിംബകല്പനകള്‍ കഥയുടെ പരിസരവുമായി
ഇഴുകിചേരാതെ വേരിട്ടു നില്‍ക്കുന്നതു കല്ലുകടിയായി.

ഇതിലും നന്നായി പറയാമായിരുന്നു ഈ കഥ എന്നു തോന്നുന്നു.

ബോധപൂര്‍വം സൃഷ്ടിച്ച പ്ലോട്ടിന്റെ ദൂരുഹത ഒടുവില്‍
വളരെ ലാഘവത്തോടെ ഉപേക്ഷിച്ചു കളഞ്ഞ പോലെ...

Anonymous said...

boaarrrrrrrrrrrrrrrrrrr

»¦മുഖ്‌താര്‍¦udarampoyil¦« said...

ഉം..
തെരക്കേടില്ല.

ബ്ലോഗിന്റെ പുതിയ രൂപം നന്നായി..
വായിക്കാന്‍ തോന്നുന്നു..

Post a Comment

© moonnaamidam.blogspot.com