നിന്റെ നിശബ്ദ വേദനയുടെ ചൂടില്‍ ഞാന്‍ പൊള്ളുന്നു

പ്രണയം അതൊരുതരം ഉരുകിത്തീരലാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രണയം ഒരു മതമാണ്, ഒരു വികാരം. ആ വികാരത്തെ നെഞ്ചേറ്റി അതിലൂടെ വഴിനടക്കുന്ന ഒരുവനാണ് ഈ ഞാനും. സാര്‍വ്വലൗകികമായ മനുഷ്യഭാവത്തെ ഒരുവനില്‍ സമാഹരിക്കുന്നതില്‍ പ്രണയം ഒരു വലിയ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. പ്രണയമെന്നത് കാമുകി-കാമുക സങ്കല്പങ്ങളില്‍ നിന്നും ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം സംഘര്‍ഷങ്ങളിലും വിപണനമൂല്യങ്ങളിലും പ്രണയം ഒരു വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മനുഷ്യഭാഗധേയത്തിന്റെ എല്ലാ സങ്കീര്‍ണതകളിലേക്കും വിരല്‍ ചൂണ്ടാനുള്ള ഒരഭൗമ ശക്തി പ്രണയം കൈവരിച്ചത് കഴിഞ്ഞുപോയ നാള്വഴികളില്‍ നമുക്ക് ദ്രിശ്യമാണ്. അതിന്റെ ഈ സഞ്ചാരം ഭാരതസംസ്കാരത്തില്‍ നിന്ന് അകന്നുപോകുന്നതിന്റെയും പ്രബുദ്ധമായ പാശ്ചാത്യസംസ്കാരത്തിലേക്കുമുള്ള ഗതിമാറലിന്റെയും പാതകളിലാണോ എന്ന ഒരാശങ്ക എന്റെ മനസ്സിന്റെ മൂലയില്‍ കരുതിവച്ചുകൊണ്ട് തന്നെയാണ് ഞാനീ കുറിപ്പെഴുതുന്നതും.


"പ്രേമത്തിനെവിടെ നേരം?
പ്രേമത്തിനെവിടെ മാപ്പും ആവശ്യകതയും?
ഓരോ ആലിംഗനവും ഓരോ പൂര്‍ണ്ണതയാണ്
പൂര്‍ത്തിയായ കൊത്തുപണിയാണ്"
- മാധവിക്കുട്ടി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളങ്ങളെ പുഷ്പിപ്പിച്ച ആമിയുടെ വരികളില്‍ പ്രണയം ഇങ്ങിനെയായിരുന്നു. അസുലഭമായ തന്റെ കൗമാരകാലത്തിന്റെ വര്‍ത്തമാനകാല വിരഹരേഖകളിലേക്കുള്ള വഴിമാറല്‍ സ്രിഷ്ടിച്ച ആഘാതം ഈ വരികളില്‍ നമുക്ക് സ്പര്‍ശിക്കാനാവുന്നുണ്ട്. ഭാവന കൊണ്ടും സ്വപ്നം കൊണ്ടും പൂരിപ്പിക്കേണ്ട ഇടങ്ങളുണ്ട് പ്രണയത്തില്‍. അവ പലപ്പോഴും വറ്റിവരണ്ട് പോകുകയാണ്. ആത്മാര്‍ത്ഥതയുടെ തെളിച്ചക്കുറവുകൊണ്ട് പ്രണയത്തിന് സംഭവിച്ച പതനം ജീവിതബോധത്തിന്റെ ആഴങ്ങള്‍ തിരിച്ചറിയാതാവാനിടയാക്കിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രണയത്തിന്റെ അടിയൊഴുക്കുകള്‍ ഇപ്പോഴും കൗമാരജീവിതങ്ങളില്‍ പ്രകമ്പനങ്ങള്‍ സ്രിഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ആത്മപ്രതിരോധത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയായിത്തീര്‍ന്നിരിക്കുന്നു ഇന്നത്തെ പ്രണയങ്ങള്‍. സെല്‍ഫോണിനും, ചാറ്റിംഗിനും വഴിമാറി ഒരു സൈബര്‍ പ്രണയം.

"ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്
നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റൂ
നൂറ്റൊന്നു കുഞ്ഞുങ്ങള്‍"
- എ.അയ്യപ്പന്‍

വായിച്ചെടുക്കുമ്പോള്‍ എന്നെപ്പോലുള്ളവര്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം തോന്നാം ഈ വരികള്‍ക്ക്. കാരണം, ഇതൊരു നവവായനയുടെ അതിര്‍ത്തി ലംഘനം മാത്രമാണ്. ചങ്ങമ്പുഴയും, കുഞ്ഞിരാമന്‍ നായരും പാടിപ്പുകഴ്ത്തിയ പ്രണയകാവ്യങ്ങള്‍, അതല്ലെങ്കില്‍ അവരുടെ പ്രണയപാപങ്ങള്‍ നമുക്കിടയിലൊതുക്കിയ വികാരസഞ്ചാര സ്പന്ദനങ്ങള്‍, അതിന്റെ പ്രവേഗങ്ങള്‍, അവ വെട്ടിക്കീറിയലഞ്ഞു പോയ നാള്‍ വഴികള്‍.....ഇവയെല്ലാം കരിപിടിച്ചു മങ്ങിപ്പോയ പ്രതാപകാലത്തിന്റെ മാധുര്യമുള്ള പ്രണയാക്ഷരങ്ങളാണ്. അക്ഷരങ്ങള്‍ പ്രണയത്തില്‍ സൂക്ഷ്മസംവേദനം നടത്തുന്നതായി നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കാലക്രമത്തിന്റെ കുത്തഴിഞ്ഞ ചാഞ്ചാട്ടത്തില്‍ മുറിച്ചൊരുക്കിയ പ്രണയവാക്കുകളുടെ സൗന്ദര്യം ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ ഒരു നിമിഷത്തില്‍ അതൊരു സാമീപ്യമായി അല്ലെങ്കില്‍ നനുത്ത ഒരു കരസ്പര്‍ശമായി എന്നിലേക്ക് പകര്‍ന്ന് വന്നിട്ടുണ്ട്. ഭൂതകാല പ്രബുദ്ധതകളെ വര്‍ണ്ണിച്ച് വര്‍ത്തമാനകാലത്തെ ഇകഴ്ത്തിക്കെട്ടാനോ, പരിഹസിക്കാനോ അല്ല; വ്യവസ്ഥാപിതമല്ലാത്ത ചില പ്രണയനിയമങ്ങളുടെ അസന്നിഗ്ദാവസ്ഥ എന്നില്‍ പലകുറിയേല്‍പ്പിച്ച ക്ഷതങ്ങളും കുളിരുകളും ഓര്‍ത്തെടുത്തപ്പോള്‍ പലതും പറഞ്ഞെന്നെ ഉള്ളൂ.

"കണ്ടിരിക്കില്ല നീയെന്നെ, ഒരുവേള
കണ്ടിരിക്കില്ല ഞാന്‍ നിന്നെയും - അല്ലെങ്കില്‍
ഇന്നോളമെന്തു നാം കണ്ടു പരസ്പരം?
കണ്ടതു തേനാം നിലാവും പ്രണയവും
മിന്നുന്ന തിങ്കളിന്‍ ശീതളമാം മുഖം
കണ്ടവരാല്‍ ഇരുള്‍ മുട്ടുമങ്ങേപ്പുറം?"
- വിഷ്ണു നാരായണന്‍ നമ്പൂതിരി

സത്യമാണ്, ഈ വരികള്‍. ഞാനൊരിക്കല്‍ പോലും കണ്ടിട്ടില്ല. ഒരു പ്രണയത്തിന്റെ സുന്ദരസ്വപ്നത്തില്‍ എവിടെയെല്ലാം, എങ്ങിനെയെല്ലാം ഞാനലയുന്നു. ഒരു 'മറവി'യുടെ ശീലക്കുട ചൂടി ഈ പ്രണയമഴയില്‍ നനഞ്ഞൊട്ടി നടക്കാന്‍ എന്നെപ്പോലെ ഏതൊരാണും ഒന്ന് കൊതിക്കും. അവളെ കണ്ടെത്തിയാല്‍ ഒന്ന് ചോദിക്കണം. "ഇനി നമുക്കൊന്ന് പ്രണയിക്കാം. കാമുകീകാമുകന്മാരായിട്ട് വേണ്ടേ നമുക്കൊന്ന് പിരിയാന്‍?". തികച്ചും വസ്തുതാപരമായ ചോദ്യം. ഇതില്ലെങ്കില്‍ ഒരു വഞ്ചനയായിപ്പോകും എന്റെ പ്രണയം. നിന്നെയൊരു നോക്കാല്‍ കവര്‍ന്ന്, ചിരിതൂകി എത്രമാത്രം വെറുപ്പിക്കാം എന്ന് നോക്കുന്ന ഒരു കലാലയ വിക്രിതിക്കുട്ടനില്‍ നിന്നും, നീ സമ്മതിക്കുകയാണെങ്കില്‍ നാമിപ്പോള്‍ പ്രണയബന്ധിതരല്ലേ എന്ന് ചോദിക്കുന്ന ഒരു നിഷ്കളങ്ക കാമുകനിലേക്കുള്ള ദൂരം ഇന്നെത്രയാണ്. നിനക്കും എനിക്കും ഒരു ലോകമുണ്ടെങ്കിലും നമുക്കൊരു ലോകമില്ലല്ലോ എന്ന് പാടിയ കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഇന്ന് അന്വര്‍ത്ഥമാവുകയാണ്. കാലമൊരുക്കി വച്ച ചില ചൊല്‍ക്കാഴ്ചകള്‍, അതിന്റെ സ്ഥായീഭാവവും മൂര്‍ദ്ധന്യതയും ഒരുമിക്കുമ്പോള്‍ കടലാസില്‍ കോറിയിടാന്‍ തക്ക വാക്കുകളായി മാറുകയാണ്, പ്രണയത്തിന്റെ ചില വരമൊഴികള്‍.

"ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിക്കു-
മിരുസമാന്തര രേഖകളല്ലീ നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിന്നക്കരെയിക്കരെ-
ക്കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍"
- ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൗമാരം- നിറങ്ങളില്‍ നിന്ന് നിറങ്ങളിലേയ്ക്ക് യാത്രയാകുന്ന ഒരു വിനോദകാലം. അവിടെ വിരഹമില്ല, ആശങ്കയില്ല. മോഹങ്ങളും സ്വപ്നങ്ങളും അവയുടെ വിശേഷണങ്ങളോട് കൂടിയ പ്രതിവേദനങ്ങളും മാത്രം. ഒരു മഹാപൈത്രികത്തിലേയ്ക്കുള്ള തിരിച്ചുവരവിന് കാതോര്‍ക്കുന്ന ഒരുപറ്റം പ്രേഷകര്‍ ഈ കൂട്ടത്തിലുണ്ട്. പക്ഷേ, ഇവിടെ ഒരു തിരിച്ചുവരവിനല്ല, മറിച്ച് ഒരു എടുത്തുചാട്ടത്തിന് കൊതിക്കുന്ന തന്ത്രങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. വെള്ളിത്തിരയില്‍ നിന്നൂറ്റം കൊള്ളുന്ന ഒരു ഹീറോയിസ്റ്റിക് പരിവേഷത്തിലൂടെ കടന്ന് പോകണമെന്ന് ആര്‍ക്കും തോന്നാം. അച്ചടക്കത്തിന്റെയും അനുസരണയുടെയും ചട്ടക്കൂടിനെ അടിമച്ചിറകായി കണക്കാക്കപ്പെടുന്ന സുന്ദരിപ്പെണ്‍കൊടികളേയും നമുക്കിവിടെ കാണാം. എങ്കിലും പോപ് കോണിലും, തണുപ്പരിച്ചിറങ്ങുന്ന ഐസ്ക്രീമിന്റെ മധുരത്തിലും വര്‍ണ്ണക്കടലാസിലൊളിപ്പിച്ച ചോക്ലേറ്റിന്റെ ത്രസിപ്പിക്കുന്ന ഗന്ധത്തിലും മയങ്ങിയ ഈ പെണ്‍കൊടികള്‍ക്കും ഞങ്ങളെപ്പോലെ തന്നെ പ്രേമിക്കാന്‍ ഒരു കൊതിയുണ്ടാവില്ലേ? കാലം പ്രണയത്തിന്റെ വഴിക്ക് മാറുകയാണ്. പ്രണയത്തിന്റെ പരിണാമ പ്രക്രിയയില്‍ സംഭവിച്ച വേഗം അതിന്റെ ആഴത്തില്‍ കുറവു വരുത്തിക്കൊണ്ട് മുന്നിലേക്ക് തന്നെ നീണ്ട് പോകുകയാണ്. ഒഴുക്കലച്ച നിളയെപ്പോലെ...

"മഴ കൊണ്ട് ഞാന്‍
നിനക്ക്, മങ്ങാത്ത
ഒരു മാല നല്‍കാം
ഉലയാത്ത ഒരു
മുലക്കച്ച നല്‍കാം
കിഴിയാത്ത ഒരു കാഞ്ചിയും
കിലുക്കം തീരാത്ത
കാല്‍ച്ചിലങ്കയും തരാം
മഴകൊണ്ട് ഞാന്‍ നിനക്ക്
മതിയാകാത്ത മനസ് തരാം"
- ഡി.വിനയചന്ദ്രന്‍

പ്രണയസാംസ്കാരികാന്ധതയ്ക്കെതിരെയുള്ള നവോത്ഥാനത്തിന് തൂലിക ചലിപ്പിക്കാനിന്നാരുമില്ല. എല്ലാവര്‍ക്കും ഇന്ന് പ്രണയം അവനവന്റെ മാത്രമാണ്. അവിടെ മറ്റുള്ളവരുടെ പ്രണയം ഒന്നുമായി മാറുന്നില്ല, ഒരനുഭവ പാഠമായിപ്പോലും. ഒരു കലാകാരനില്‍ വ്യക്ത്യാനുഭവം എല്ലായ്പ്പോഴും സാമൂഹ്യാനുഭവമായി മാറേണ്ടതുണ്ട്. പക്ഷേ, ഇവിടെ അത്തരത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. അവ വെറും പ്രപഞ്ചാനുഭവങ്ങളും, ഭാവനയില്‍ തിരിതെളിച്ചെടുത്ത സാങ്കല്പികാനുഭവങ്ങളുമായി വിസ്ത്രിതമായിപ്പോവുകയാണ്. കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളെ മായ്ക്കുന്ന പ്രണയം, അതിന്റെ തീക്ഷ്ണതയാല്‍ വൈകാരികമായ വെല്ലുവിളികള്‍ ചാലിച്ച് തൂലികത്തുമ്പിലേക്കൊഴുക്കാന്‍ എവിടെയും വെമ്പുന്നില്ല. അവയ്ക്കിന്നൊരു മരവിപ്പാണ്. ജീവനുപേക്ഷിച്ചു പോയ ജഢം പോലെ. അതിനെന്തെങ്കിലും അല്ലെങ്കില്‍ എവിടെയെങ്കിലും ഒരു അര്‍ത്ഥാന്തരന്യാസമുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെയാണ്. ഒരു സത്യാന്വേഷണ കുതുകിയെപ്പോലെ ആരുമത് അന്വേഷിച്ചിട്ടുമില്ല, കണ്ടെത്തിയിട്ടുമില്ല. ഭൂമിയുടെ യൗവ്വനം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വ്യാസവചനം പോലെ പ്രണയത്തിന് അതിന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുകയാണ്. കാലം ഇന്നും കറങ്ങിക്കൊണ്ടിരിക്കുന്നു. നാളെ പറക്കാനിരിക്കുന്ന ആ കറുത്ത പക്ഷിയെത്തേടി ഞാന്‍ എന്റെ യാത്ര തുടരുകയാണ്. അതെവിടെയാണാവോ മറഞ്ഞിരിക്കുന്നതെന്റെ ദൈവമേ. വെന്തുനീറിയ ആ കുരിശിന്റെ ചാരം പൂശിയ നിന്റെ ഉടലില്‍ ഞാന്‍ മൗനത്തിന്റെ നിശബ്ദ വേദനായാല്‍ ഒറ്റയാവുകയാണോ? അറിയില്ല. വരാനിരിക്കുന്ന ആ നാളേ, നിന്റെയാ നിശബ്ദ വേദനയുടെ ചൂടില്‍ ഒരുപക്ഷേ ഞാന്‍ പൊള്ളുന്നുണ്ടായിരിക്കാം.

"നീ തിരിച്ചയച്ചൊരീ പ്രണയരാത്രികള്‍
ബലിച്ചോറു മാന്തിപ്പറന്നു പോവുന്നു
പൊള്ളിപ്പിടയുമീ ജ്വരരാത്രിയല്ലാതെ
സ്ത്രീയേ, നീയും ഞാനും തമ്മിലെന്ത്?"
- രാവുണ്ണി

1 വായന:

Anonymous said...

കവിതകളിലൂടെയുള്ള നിന്റെ സഞ്ചാരം എന്നെ അതിശയിപ്പിക്കുന്നു.

Post a Comment

© moonnaamidam.blogspot.com