വി.ജി.തമ്പിയുടെ 'ആത്മരക്ഷ'

Get this widget | Track details | eSnips Social DNA

ആത്മാവിന്റെ രക്തജലാശയത്തില്‍
വിഷകന്യകമാര്‍ കുളിക്കുന്നുണ്ട് നഗ്നരായി.
ഉടല്പ്പൊത്തിലോരോന്നിലും
കൊടിയ പിശാചിനികള്‍ പിടയ്ക്കുന്നുണ്ട്.

നീ ഒരു മുക്കുവനെപ്പോലെ
ഹ്രിദയത്തിന്റെ ഇടുക്കുകളില്‍
വല വീശുന്നു.

കത്തുന്ന ജലം
പൊറുക്കാത്ത പുണ്ണ്.

നീറുന്ന പൊക്കിള്‍
മാംസപാളികള്‍ക്കിടയില്‍
ജലദുര്‍ഗ്ഗത്തില്‍

ആഴക്കുഴിയില്‍
വലയില്‍ കുരുങ്ങുന്നതെന്ത്?
അകനരകങ്ങളിലെ അഴുക്കുപൊന്തയില്‍
തോല് ചീഞ്ഞ് തുള വീണ്
ഉഷസ്സില്‍ മുങ്ങി മരിച്ച
രാത്രിയുടെ വേട്ടമത്സ്യം.

ഞാന്‍ മധുരിക്കുന്ന പഴമല്ല
വിളഞ്ഞു പഴുത്ത യൗവ്വനമല്ല
മെഴുകൊട്ടിയ മാംസത്തിന്റെ ഒരു കുരിശ്.

നിനക്കെന്തിന് ഈ ദുര്‍ഭഗജന്മം?

ഈ തകര്‍ന്ന കരളിന്റെ പാതി
പുറങ്കടലിലെ കൊമ്പന്‍ സ്രാവുകള്‍ തിന്നുപോയി.
മറ്റേ പാതിയോ? നീ ചോദിച്ചു.
ഒരു വിഷസര്‍പ്പത്തിന്റെ തൊലിക്കുള്ളിലാണത്.

ഒരിടിമിന്നലില്‍ ചിന്നിപ്പോയി എന്റെ വസന്തം.
ഇപ്പോള്‍
ഞാനെന്റെ ഉടലില്‍ ഒറ്റയാകുന്നു ദൈവമേ.

ജീവിക്കുമ്പോള്‍ ഞാന്‍ മരണത്തിനു നടുവില്‍
മരിക്കുമ്പോള്‍ ജീവിതത്തിനു നടുവിലും.

മുറിവുകളുടെ ദൈവമേ
എത്രനാള്‍ എത്രനാള്‍
ഈ സ്മ്രിതിപീഢ?

വിട്ടുപോകില്ലൊരിക്കലും
കെട്ടടങ്ങില്ലൊരിക്കലും
സ്നേഹിക്കയില്ല.
പകയാല്‍ മരിക്കും വരെ വെറുക്കുകയുമില്ല.

ഇപ്പോള്‍ വീശുന്ന കാറ്റില്‍
ഈ ഒഴുകുന്ന പുഴയില്‍
അസ്ഥികള്‍ പറക്കുന്ന കുന്നുകളില്‍
എഴുന്നേറ്റ് നടക്കുന്ന മരങ്ങളില്‍
ഇരുള്‍ത്തിരകളേറി വരുന്നുണ്ട്.

ഒരു മരണം ഒരു ജീവനെ ചുമന്ന്
ഒരു കുരിശ് ഒരു മനുഷ്യശരീരം തിരഞ്ഞ്.

ജീവിതത്തിന്റെ ചുടുനീരാവിയില്‍ നിന്നും
മരണത്തിന്റെ മഴ ഏങ്ങലടിക്കുന്നു.

കടന്നുപോകുന്നവരേ,
വിലപിക്കുവിന്‍.
ഒഴിച്ചുകളഞ്ഞ വെള്ളം പോലെ ഒരാള്‍.
കത്തിക്കരിഞ്ഞ പുല്‍മേട് പോലെ ഒരാത്മാവ്.

ഇപ്പോള്‍
ഈ ചാവുകടലിന്റെ രക്തജലത്തില്‍
ഞാനെന്റെ ഹ്രിദയം കുഴിച്ചിടട്ടെ.
ഉപ്പില്‍ പുരട്ടി ഉണക്കിയെടുത്ത വിത്ത്.
പാപത്തിന്റെ രക്ഷയും ശിക്ഷയുമിത്.
പ്രവാസികളേ,വിതച്ചുകൊള്വിന്‍.

മുക്കുവന്റെ വലയില്‍
കുരുങ്ങിപ്പോയി
ഉദാസീനമൊരാത്മാവ്.
ദൈവത്തിന്റെ കളിപ്പാട്ടം.

അകലെ അസ്തമയത്തിന്റെ പ്രേതജ്വാല.
പറവകളീ തീരം വെടിയുമ്പോള്‍
കണ്ണേ അലയുക.

ആകാശത്തിന്റെ അതിരു മായും വരെ
അലകടലിന്റെ അടിത്തട്ട് കാണും വരെ
കണ്ണേ അലയുക..!

6 വായന:

Unknown said...

നന്നായിരിക്കുന്നു മാഷെ

Junaiths said...

:o)

mukthaRionism said...
This comment has been removed by the author.
mukthaRionism said...

ഗംഭീരം എന്നു പറയുന്നില്ല.
ഗാംഭീര്യം ഇത്തിരി കുറഞ്ഞു പോയോ..
ചൊല്ലല്‍ ഒന്നൂടെ കനപ്പിക്കാമായിരുന്നു..
തെറ്റിപ്പോവുമോ എന്ന ബേജാറുള്ള പോലെ..
ന്നാലും കൊള്ളാം..
തുടരുക...
ഭാവുകങ്ങള്‍...

വിജി തമ്പി സംഭവം തന്നെ!

Unknown said...

നന്നായിരിക്കുന്നു മാഷെ

Kuzhur Wilson said...

ഇപ്പോള്‍
ഞാനെന്റെ ഉടലില്‍ ഒറ്റയാകുന്നു ദൈവമേ.

ഒരു കാലത്ത് ഒരൊറ്റയാള്‍ പ്രസ്ഥാനത്തിന്റെ
മുദ്രാവാക്യമായിരുന്നു ഈ വരികള്‍

അതേ തീവ്രതയോടെ ഇന്ന് ഇത് ഒരിക്കല്‍ കൂടി വായിച്ചു

ഹൊ
കവിതയുടെ വഴികള്‍

Post a Comment

© moonnaamidam.blogspot.com