കുടിയേറ്റത്തിന്റെ മൂന്ന് കവിതകള്‍

മലയാള കാവ്യലോകത്തേക്ക് കടന്നുവന്ന മൂന്നു പുതുകവികളുടെ പുസ്തകങ്ങളെയാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. കാലത്തിന്റെ അനിര്‍ വചനീയമായ പ്രയാണത്തില്‍ തങ്ങളുടേതായ വ്യക്തമുദ്ര പതിപ്പിച്ച മൂന്നു യുവാക്കള്‍, അവര്‍ നെയ്ത സ്വപ്നങ്ങളും, ജീവിതങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. വേറിട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നും കാവ്യലോകത്തെത്തിയ ഈ യുവാക്കള്‍ അവരുടെ ആത്മാര്‍പ്പണവും, ഇച്ഛാശക്തിയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു. ഓര്‍മകളെയും, ജീവിതത്തെയും സമകാലിക ലോകത്തേക്ക് മേയാന്‍ വിട്ട് മലയാള ഭാഷയുടെ തണലില്‍ വിശ്രമിക്കുന്ന ഇവര്‍ക്ക് കവിതകളിലെ ഊര്‍ജ്ജം ഒരു താങ്ങായി മാറട്ടെ..!അടയാളങ്ങള്‍ അവശേഷിപ്പിച്ച്

പാലക്കാട്ടുകാരന്‍ സുനില്‍കുമാറിന് കവിതകള്‍ എന്നും സഹവാസിയായിരുന്നു. കാഴ്ചകളുടെ പഴയ മുഖങ്ങളിലൂടെ അയാളുടെ ചിന്തകളും വരികളും പ്രവഹിച്ചുകൊണ്ടേയിരുന്നു. അയാളുടെ ജീവിതസ്വപ്നങ്ങളെല്ലാം കിനാവിന്റെ കൊയ്ത്തുപാടങ്ങളില്‍ മാത്രമായി വിളഞ്ഞു നില്‍ക്കുകയാണ്. വള്ളുവനാടന്‍ ഭാഷയിലൂടെ കവിതകള്‍ വിരിയിച്ചെടുത്ത സുനില്‍കുമാറിന് വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലെ വിരസമായ വരികള്‍ വായനക്കാരില്‍ ഒരല്പമെങ്കിലും അസ്വാസ്ഥ്യവും നല്‍കിയിട്ടുണ്ടായിരിക്കണം.


പാലക്കാടന്‍ കാറ്റിലൂടെ പാടവരമ്പില്‍ നിന്നും കയറിവരുന്ന സുനില്‍കുമാറിന്റെ കവിതകള്‍ ചേറിന്‍ ചൂരുള്ള ഒരോലക്കുടക്കീഴില്‍ മറഞ്ഞില്ലാതാകുന്നില്ല. അവയുടെ സം വാദം അവിടെ കാണുന്ന ആസ്വാദകരോടാണ്. വ്യവസ്ഥാപിതമായ യാതൊരു നിയമവാഴ്ചകളും കവിതകളിലില്ലെന്ന യാതാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടെഴുതിയ ഈ കവിതകള്‍ വായനക്കാരിലേക്കാഴത്തിലിറങ്ങിച്ചെല്ലാന്‍ പര്യാപ്തമായയാണ്.

ഗ്രാമീണതയുടെ അതിപ്രസരം കൊണ്ട് വ്യത്യസ്തമായ സുനില്‍കുമാറിന്റെ കവിതകള്‍ അന്യംനിന്ന പരമ്പരാഗത ശൈലിയെ തിരിച്ചുപിടിക്കാനുള്ള വ്യഗ്രത കാണിക്കുന്നുണ്ട്. മഴക്കാറില്ലാത്ത രാത്രികളില്‍ തന്റെ നക്ഷത്രബംഗ്ലാവില്‍ കിടന്ന് ചന്ദ്രനക്ഷത്രങ്ങളെ ദര്‍ശിക്കുന്ന കവിയുടെ കയ്യില്‍ ഒരു മൂര്‍ച്ചയേറിയ അടുപ്പമുണ്ട്. പിണക്കത്തിന്റെ പോറലേല്‍ക്കാത്ത ചോരമണമെന്തെന്നറിയാത്ത മൂര്‍ച്ചയേറിയ അടുപ്പം. അതുകൊണ്ടാണയാള്‍ എല്ലാവരേയും തന്റെ കവിതകളിലേക്ക് വെട്ടിയിടുന്നത്.

'വിളക്ക്' എന്ന കവിതയില്‍ അച്ഛനേയും വിളക്കിനേയും താരതമ്യപ്പെടുത്തി അയാളെഴുതി, തികച്ചും വ്യത്യസ്തമായ ഒരെഴുത്ത്. കവിഭാവനയില്‍ അച്ഛനേയും വിളക്കിനേയും എഴുതിയ അയാളില്‍ മറ്റൊരു കവിയിലുമില്ലാത്ത ഭാവനാവിശാലത എനിക്ക് കാണാനാവുന്നുണ്ട്. 'കല്ല്യാണക്കുറി' എന്ന കവിതയിലെ എന്നെ പ്രണയിച്ച നിന്റെ കല്യാണത്തിന് ഞാനെന്താണ് നിനക്ക് തരേണ്ടതെന്ന വരി കവിയിലെ കാമുകനെ വരച്ചുകാട്ടുന്നു.

കവിയും തന്റെ കവിതകളും നീന്തലറിഞ്ഞിട്ടും നിലയില്ലാക്കയത്തിലേക്ക് മറിഞ്ഞുവീഴുകയാണ്. ഇനി പിടച്ച് നീന്താതെ തരമില്ല. തളരാതെ ഒഴുക്കിനെതിരെ പടവെട്ടി നീന്തിക്കയറണം. ഇതിനെല്ലാമുള്ളഇ പറ ചങ്കുറപ്പുണ്ടായിരിക്കണം ഈ കവിക്ക്, ഒരനിര്‍ വചനീയമായ ചങ്കൂറ്റം.

നല്ല മണ്ണും, വളക്കൂറും, പതിരില്ലാത്ത വിത്തുമുണ്ടെങ്കിലേ നല്ല കവിതകള്‍ പൂക്കൂ എന്നാണ് കവി പറയുന്നത്. ആ പൂക്കുന്ന കവിതകളുടെ സുഗന്ധം ആസ്വദിക്കാന്‍ മുറ്റം മുഴുവന്‍ പുതുമഴയില്‍ നനഞ്ഞൊലിച്ച് ഒരുപാട് പേര്‍ വരുമായിരിക്കും എന്നും കവി ചിന്തിക്കുന്നു. ഹര്‍ത്താലാഘോഷത്തിന്റെ മികച്ചൊരു ചിത്രം 'തയ്യാറെടുപ്പ്' എന്ന കവിതയില്‍ കാണാം. തികച്ചും സാധാരണമായ രീതിയിലുള്ള ഒരു ഹര്‍ത്താലാഘോഷം, അതിനെ കവി ചിത്രീകരിച്ചിരിക്കുന്നത് വളരെ ലളിതമായാണ്.

സൂര്യന്‍ വരച്ചിട്ട മരനിഴലില്‍ 'കൂട്' എന്ന കവിത ഉറുമ്പുകള്‍ കുറിച്ചിടുന്ന പോലെയാണ് വായനക്കാരില്‍ കവി തന്റെ കവിതകളെ വരച്ചിടുന്നത്. അവ നമ്മോട് മിണ്ടുന്നത് മൗനത്തിന്റെ ഭാഷയിലായിരിക്കണം, അതുകൊണ്ടായിരിക്കണം പൊഴിഞ്ഞു വീഴുമ്പോള്‍ അവ മനുഷ്യരെപ്പോലെ അലറിക്കരയാത്തത്.

വരച്ചുതീര്‍ത്ത ചിത്രങ്ങളുടെ അവസാനത്തില്‍ കവിയെഴുതി. ഇങ്ങനെ,
അന്ന്-
എഴുത്തിന്റെ വന്മരക്കൊമ്പില്‍
കവിതയുടെ ചെറുകയര്‍
കഴുത്തില്‍ കുരുക്കിട്ടാണല്ലോ
ഒന്നിച്ചു നമ്മള്‍
ശ്വാസം കിട്ടാതെ
പിടഞ്ഞ്, പിടഞ്ഞ്.....

വാക്കുകളെ തേടി

ജീവിതത്തിന്റെ തനിച്ചുള്ള യാത്രകളില്‍, വിരസമായ ഇടവേളകളില്‍ ഒപ്പം കൂടിയ കവിതകളെ വിമീഷ് ഒരിക്കലും അകറ്റിനിര്ത്തിയില്ല. അവയെയെല്ലാം അയാള്‍ ഒരു കൂട്ടിലടച്ച് പോറ്റാന്‍ തുടങ്ങി. സാമൂഹ്യപ്രശ്നങ്ങളിലെ നിരന്തരമായ ഇടപെടലുകള്‍ ഈ കവിതകളില്‍ നമുക്ക് ദര്‍ശിക്കാനാകും. ഗ്രാമത്തിന്റെ ഹ്രിദയതാളങ്ങളില്‍ ചേര്‍ത്തെഴുതപ്പെട്ട വിമീഷിന്റെ കവിതകളില്‍ തീക്ഷ്ണമായ വെയില്‍പ്പൊള്ളല്‍ അടയാളങ്ങള്‍ സ്രിഷ്ടിച്ചിട്ടുണ്ട്. അതിശയകരമായ വളര്‍ച്ച കൈവരിക്കുന്ന ഈ കവിതകള്‍ അതിന്റേതായ വഴികളിലൂടെ പാഞ്ഞുപോകുന്നു.

അതിജീവനത്തിന്റെ സ്പര്‍ശമുള്ള കവിതകളെ തന്റെ ഗ്രാമദ്രിശ്യങ്ങളിലൂടെ കവി മുന്നോട്ട് കൊണ്ടുപോവുകയാണ്. 'സഹകരണം' എന്ന കവിതയില്‍ കവി, തന്റെ വീട് സഹകരണബാങ്കിനൊപ്പം മതിലും ചാടിപ്പോയി എന്നു പറയുന്നു. ആ ഒരു വ്യത്യസ്തമായ ശൈലീപ്രയോഗം വായനക്കാരെ ഒന്നു ചിന്തിപ്പിച്ചിട്ടുണ്ടാവണം. വിമീഷിന്റെ കവിതകളെല്ലാം ഒരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്, ഒരിക്കലും താഴേക്ക് പോകാതെ.


'സംശയം' എന്ന കവിതയില്‍ അമ്മയുടെ സംസാരിക്കാനാകാത്ത ഭാഷയെ പാത്രങ്ങളുടെ മൂളലിനോടാണ് കവി ഉപമിച്ചിരിക്കുന്നത്. ഈ കവിതയില്‍ പാത്രങ്ങളെ അമ്മ സ്വന്തം മക്കളെപ്പോലെ എന്നും പല്ല് തേപ്പിച്ച് കുളിപ്പിക്കുന്നതായി കവി ചിത്രീകരിച്ചിരിക്കുന്നു. വളരെ വ്യത്യസ്തതയും പുതുമയുമാര്‍ന്ന ഒരു രംഗമാണിത്.

റേഷന്‍ കാര്‍ഡിനെ വീടിന്റെ രജിസ്റ്റര്‍ ചെയ്ത ജാതകമായി കണ്ട കവിക്ക് മണ്ണെണ്ണയില്‍ അമ്മ കത്തിപ്പടര്‍ന്നതിനു ശേഷം റേഷന്‍ കാര്ഡ് കാണുന്നത് ഭയമായി മാറി. എങ്കിലും പലപ്പോഴും അയാള്‍ ആ കാര്‍ഡ് തന്റെ കണ്ണീര് തേച്ച് മിനുക്കി നെഞ്ചോട് ചേര്‍ത്ത് മയങ്ങാന്‍ മടിക്കാറുമില്ല.

ഇത്തരം വ്യത്യസ്തമായ ശൈലിയും, പ്രയോഗവും വിമീഷില്‍ നമുക്ക് കാണാനാവുന്നുണ്ട്. 'അരിവാള്‍', 'ചുറ്റിക', 'നക്ഷത്രം' എന്നീ കവിതകള്‍ അതിനുദാഹരണങ്ങളാണ്. തന്റെ ആദ്യ കവിതാസമാഹാരത്തിലൂടെ കവിതകളുടെ തീവ്രത തുറന്നുകാണിച്ച കവിക്ക് പുറം മോടിയിലും, ആവര്‍ത്തനങ്ങളിലും താത്പര്യമില്ലെന്ന സത്യവും ഇതിലൂടെ പുറത്തുവരുന്നുണ്ട്.

കവിതകളെ ഗൗരവപൂര്‍ണ്ണമായി കൈകാര്യം ചെയ്യുന്നുണ്ട് കവിയിവിടെ. പ്രമേയങ്ങളെല്ലാം പ്രകമ്പനമുളവാക്കപ്പെടുന്നുണ്ടെങ്കിലും വരച്ചെടുക്കുന്ന ചിത്രങ്ങളുടെ വര്‍ണക്കുറവ് ഒരല്പം നീരസമുളവാക്കുന്നുണ്ട്.

വിമീഷിന്റെ 'ക്ലാസ് ഡയറി' എന്ന കവിതയിലേക്കൊന്നു നോക്കിയാല്‍ ഇന്നിന്റെ വര്‍ഗീയബോധത്തിന്റെ ചിത്രം കാണാം. ഡിസമ്പര്‍ ആറിന് അകാരണമായി അറബി മാഷ് ക്ലാസില്‍ നിന്ന് പുറത്താക്കുകയും, തന്റെ കൂട്ടുകാരായ മുബീന തന്നെ അറപ്പോടെ മുഖം വീര്‍പ്പിച്ച് പോകുകയും, ഫൈസല്‍ കുത്തിനു പിടിച്ച് ചൊടിക്കുകയും ചെയ്തപ്പോള്‍, അഖിലും നിഖിലും ഒറ്റക്കിരുന്ന തനിക്ക് ഒരു കുറി തൊട്ടുതന്നു. അന്നവന്‍ തീരുമാനിച്ചു, എന്തു വന്നാലും നാളെ മുതല്‍ ശാഖയ്ക്ക് പോകണമെന്ന്. വര്‍ഗീയത എങ്ങിനെ കുട്ടികളില്‍ കടന്നുവരുന്നു എന്നതിന് ഒരു തെളിവു കൂടിയാണി കവിത.

ജീവിതത്തെ ഒരു ഇന്‍സ്ട്രുമെന്റ് ബോക്സായി കണ്ട കവിക്ക് തന്റെ ജീവിതത്തിന്റെ ജ്യാമിതി വരച്ചുതീര്‍ക്കാനാകട്ടെ എന്നാശംസിക്കാം. എത്ര മെഴുകിയാലും ബാക്കിയാവുന്ന കവിതകള്‍ അയാളുടെ മനസില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. അവയെ ജനസമക്ഷത്തിലെത്തിച്ച് തന്റെ സാന്നിധ്യമറിയിക്കാന്‍ അയാള്‍ ഇനിയും വന്നേക്കാം. ഒന്നിനുമല്ല, നിന്നെയൊന്നിങ്ങനെ കാണുവാനുള്ള ഇഷ്ടത്തിനാല്‍, നിന്നെയും കാത്ത്, ഇപ്പോഴും ആ വഴി വന്നുനില്‍ക്കുന്ന വാക്കിനെത്തേടി..!!

മഴയില്‍ നനഞ്ഞൊട്ടി മുരളിയുടെ കവിതകള്‍

പൂരവും ആളുകളും ഒഴിഞ്ഞ പൂരപ്പറമ്പില്‍ നിന്നുയരുന്നതാണ് മുരളീക്രിഷ്ണാന്റെ കവിതകള്‍. യാതാര്‍ത്ഥ്യബോധങ്ങളുടെയും കുടിയിറക്കപ്പെട്ട ആത്മബോധത്തിന്റെയും നീറുന്ന ചുടുകാഴ്ചകളാണ് ഈ വിതകളിലൂടെ കവി നമുക്ക് സമ്മാനിക്കുന്നത്. താന്‍ പഠിച്ചുവളര്‍ന്ന കേരളവര്‍മ്മയുടെ സംസ്കാരത്തില്‍ നിന്നൂറ്റം കൊണ്ട കവിക്ക് അരക്ഷിതരുടെ ഹ്രിദയത്തിലെ താളങ്ങള്‍ തൂലികയിലേക്കെത്തിക്കാനായിട്ടുണ്ട്. മുളങ്കൂട്ടത്തിനിടയിലൂടെ ഇഴഞ്ഞിറങ്ങുന്ന പാമ്പിനെപ്പോലെയാണ് അയാളുടെ കവിതകള്‍ മലയാള കവിതയിലൂടെ കടന്നുപോകുന്നത്.

പൊട്ടിത്തെറിച്ച കവിതകളേക്കാള്‍ നിശബ്ദമായി ചിരിക്കുന്ന കവിതകളേയാണ് കവി ഇഷ്ടപ്പെടുന്നത്. ആത്മാംശസ്വാധീനത്തിലൂന്നിയെഴുതുന്ന വരികളില്‍ വിഭിന്നമായ കാഴ്ചപ്പാടിന്റെയും, വിഷമങ്ങളുടെയും തേങ്ങലുകളുണ്ട്. കവിതയുടെ ലാവാപ്രവാഹത്തില്‍ കൈ കഴുകുകയും പറ്റിയാലൊന്നു മുങ്ങിക്കുളിക്കണമെന്നും കവി ആശപ്പെടുകയാണിവിടെ. ഇസ്തിരിയിട്ട ചിന്തകളെയും ഉടഞ്ഞ അധ്യായങ്ങളെയും കൂട്ടി നമുക്കിടയിലേക്ക് വരുന്ന കവിക്ക് ഒരിക്കലും വഴിപിഴച്ചിട്ടില്ല.


പ്രണയവും മഴയും കവിയില്‍ ഒരുപാട് അസ്വസ്ഥമായ ചിന്തകള്‍ നല്‍കുന്നുണ്ട്. ഇതുവരെയാരും വരയ്ക്കാത്ത ചിത്രങ്ങള്‍ പ്രണയത്തെയും മഴയെയും കൊണ്ട് കവി ഇവിടെ വരച്ചു ചേര്‍ത്തിട്ടുണ്ട്. ആകുലതകളും വേവലാതികളും വാക്കായി മാറുമ്പോള്‍ ഏറ്റവും വലിയ കടം ഒരുപിടി വറ്റാണെന്ന് കവി മനസിലാക്കുന്നു.

'ഗാന്ധിത്തല' എന്ന കവിതയില്‍ കമ്പോളലോകത്തിന്റെ വ്യക്തമായ ഒരു കാഴ്ചയാണ് കവി നല്‍കുന്നത്. എന്തുകണ്ടാലും എപ്പോഴും ചിരിക്കുന്ന ഒരാളാണ് ഗാന്ധി എന്നാണ് കവി ഇവിടെ പറയുന്നത്. സമകാലിക സംഭവങ്ങളുടെ കാണാക്കുത്തൊഴുക്കില്‍ കഥ പറയാനാഗ്രഹിക്കുന്ന കവിക്ക് തന്റെ സഹയാത്രികയെ കുറിച്ച് ദുഃഖം തോന്നുന്നുണ്ട്. ഒരുപാട് ദൂരം മുന്നേറിക്കഴിഞ്ഞ് ലക്ഷ്യത്തിലെത്തിയപ്പോഴാണ് കവി അവളെ ഓര്‍ക്കുന്നത്. എന്നാല്‍ അവള്‍ അപ്പോള്‍ തന്റെ യാത്ര തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

ഒറ്റവാക്കില്‍ പൂരിപ്പിക്കാന്‍ ഏറ്റവുമെളുപ്പവും വിഷമകരവുമായ നേര്‍ വരയെ ജീവിതമായി കാണുന്ന കവിയുടെ വരികള്‍ ഭൂമിക്കടിയിലെ ചൂടില്‍ നിന്ന് പുറത്തേക്ക് ഉറപൊട്ടി കുളിരണിയാന്‍ കൊതിക്കുന്നുണ്ട്. ശക്തമായ തന്റെ നിരീക്ഷണപാടവത്തെ ചെറുകവിതകളീല്‍ ഉറക്കെ വിളിച്ചുപറയാനുള്ള കഴിവിലൂടെ വായനക്കാരെ പൊള്ളിക്കുകയാണ് കവി ഇവിടെ. വര്‍ത്തമാന ലോകത്തിന്റെ കറുത്ത കണ്ണുകളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്ണിന്റെ കഥ പറയുന്ന 'ആറാം പിരിയഡില്‍' എന്ന കവിതയും പെണ്ണെഴുത്തിന്റെ ശക്തമായ ആവിഷ്കരണമായ 'അവള്‍', 'ചരട്' എന്നീ കവിതകളും മുരളിയിലെ കവിയെ നമുക്ക് കാട്ടിത്തരുന്നു.

മുരളിയുടെ കവിതകള്‍ കെട്ടുകാലത്തിന്റെ കാണാപ്പുറങ്ങളില്‍ നിന്നും പ്രതികരിക്കുന്ന ഒരു അന്വേഷിയായി മാറുകയാണ്. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് കടക്കുന്ന ലോകത്തില്‍ 'അരുതേ' എന്ന് വിലപിക്കാന്‍ മാത്രം കഴിയുന്ന ഒരവസ്ഥയില്‍ നിന്നും സമൂഹത്തെ മാറ്റിയെടുക്കാനുള്ള ഒരു പെടാപ്പാടാണ് അയാളുടെ കവിതകള്‍. ക്രൂശിതനാക്കപ്പെട്ട് തളര്‍ന്ന് പോയ അയാളുടെ വരികളില്‍ തീക്ഷ്ണതയുടെ മുള പൊട്ടുന്നുണ്ട്. വാക്കുകളുടെ മിന്നലില്‍ കവിത ഒരു വെടിയൊച്ചയായി വന്നലക്കുന്നു, ആ പെരുമഴയില്‍ നഗ്നയായി നനഞ്ഞൊട്ടിക്കൊണ്ട്.16 വായന:

സോണ ജി said...

എന്റെ അമ്മോ.....

മൂന്ന് കവികളേയും കുറിച്ചുള്ള നിന്റെ വിലയിരുത്തലുകള്‍ സമ്മതിക്കാതെ നിര്‍വാഹമില്ല താനും ! ഉയരങ്ങളിലേയ്ക്ക് കുതിച്ചുയരുക...അന്ന് നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കും .നന്ദി നല്ല വായനക്ക് .

sathees,sarang said...

priya vineeth,
kavithayute ullukalileekku niilunna niriikshanagalkku nandiiiiiiiii.

പകല്‍കിനാവന്‍ | daYdreaMer said...

Great Vinu. Keep Going!

sulphikar said...

good

K.P.Sukumaran said...

നന്നായി എഴുതിയിട്ടുണ്ട് വിനൂ, ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുക. തുടര്‍ന്നെഴുതുക. നന്നായി വരും.
സ്നേഹാശംസകളോടെ,

K.P.Sukumaran said...

മാതൃഭൂമി ബ്ലോഗനയ്ക്ക് എന്തായാലും ഈ പോസ്റ്റിന്റെ ലിങ്ക് മെയില്‍ ചെയ്യുക: mblogana@gmail.com

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Good Job..!!

ഒറ്റവരി രാമന്‍ said...

Nice one buddy

sajeesh said...

നന്നായിരിക്കുന്നു വിനൂ.....!!

മൂന്നു കവിതകളെയും ഒരുമിച്ചെഴുതിയത് വളരെ നന്നായിരിക്കുന്നു...
കവികളെയും കവിതകളെയും തിരിച്ചറിയാനുള്ള നിന്റെ കഴിവിനെ അംഗീകരിക്കാതെ വയ്യ....

ഇനിയും ഒരുപാട് എഴുതുക....
സ്നേഹത്തോടെ..

വിനു said...

വായനക്കും,അഭിപ്രായങ്ങള്‍ക്കും നന്ദി..!!

Anonymous said...

nannaayirikkunnu

jayanedakkat said...

nannayirikkunnu

Anonymous said...

good collection

n.b.suresh said...

kavithaye serious ayai kanunnathil santhosham. puthiya kavitha enee palappozhum maduppikkunnu. chila kavikal ozhichu. kadha sradhikkarille.?

vineeth said...

It will inspire like us,who kept swt memories ,to begain write.

പി എ അനിഷ്, എളനാട് said...

കരുത്തുള്ളുളള ഭാഷയില്‍ , സൂക്ഷ്മവായനകളെ എഴുതുകയാണിവിടെ.കവിതയുടെ രഹസ്യതലങ്ങളെ കണ്ടെത്താനുള്ള പരിശ്രമങ്ങളാണിവിടെ.
അഭിനന്ദനങ്ങള്‍ വിനു

Post a Comment

© moonnaamidam.blogspot.com