വേദഭൂമിയിലൂടെ

പറയി പെറ്റ പന്തിരുകുലത്തിന്റെ മൂത്ത മകനായ മേഴത്തൂര്‍ ബ്രഹ്മദത്തന്‍ അഗ്നിഹോത്രിയുടെ ഗ്രാമം ഭാരതപ്പുഴയുടെ തീരത്തെ, വേദഭൂമി എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന തൃത്താലയാണ്. ആ നാടിനേയും, ഐതിഹ്യങ്ങളെയും ഒന്നു പരിചയപ്പെടാം.

വളര്‍ത്തമ്മയോടൊപ്പം നിളാതീരത്ത് കുളിക്കാന്‍ പോയപ്പോള്‍ തളിക്കിണ്ണത്തില്‍ ആറ്റുമണല്‍ കൊണ്ട് അഗ്നിഹോത്രി നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണത്രെ ഇന്നത്തെ തൃത്താല തേവര്‍. ഇന്ന് ആ നാടിനെ മഹാമാരികളില്‍ നിന്നും മഹാരോഗങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുന്നത് ഈ തേവരാണ്. ഒരു പ്രത്യേകതയുണ്ട് ഇവിടുത്തെ ശിവലിംഗത്തിന്. മറ്റ് ശിവക്ഷേത്രങ്ങാളിലെ പോലെ ഇവിടെ ശിവലിംഗത്തില്‍ അഭിഷേകം നടത്താറില്ല. തിരുതാലത്തില്‍ പ്രതിഷ്ഠ ഏറ്റുവാങ്ങിയ ആ ഭൂമി പില്‍ക്കാലത്ത് തൃത്താല എന്ന പേരിലറിയപ്പെട്ടു. ഇവിടെ നിന്നും തൃത്താലപ്പെരുമ ആരംഭിക്കുന്നു.


തന്റെ മുപ്പത്തിയാറ് വയസ്സിനുള്ളില്‍ തൊണ്ണൂറ്റിയൊന്‍പത് യാഗങ്ങള്‍ പൂര്‍ത്തിയാക്കിയ അഗ്നിഹോത്രി വേദജ്ഞന്മാര്‍ക്കിടയിലെ പ്രധാനിയായിരുന്നു. നൂറ് യാഗങ്ങള്‍ അഗ്നിഹോത്രി പൂര്‍ത്തിയാക്കുകയാണെങ്കില്‍ തന്റെ യശസ്സു നഷ്ടപ്പെടുമെന്നറിഞ്ഞ ദേവേന്ദ്രന്‍ അഗ്നിഹോത്രിയുടെ വേമഞ്ചേരി മനയോട് ചേര്‍ന്ന ആലിന്‍ കൊമ്പത്ത് പ്രത്യക്ഷപ്പെട്ട് ആ യാഗം മുടക്കി. ഇതോടൊപ്പം യാഗഭൂമിയായ മേഴത്തൂരിലെ ബ്രാഹ്മണര്‍ക്ക് യാഗം നടത്താതെ സദ്ഫലം അനുഭവിക്കാമെന്നൊരു വരം കൂടി ദേവേന്ദ്രന്‍ നല്‍കിയത്രേ. നൂറ് യാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതിനാല്‍ 'മാറ്റ്യേന്‍' എന്ന പേരും ഇവിടുത്തെ ബ്രാഹ്മണ ഗൃഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.

മേല്പ്പറഞ്ഞ വേമഞ്ചേരി മനയ്ക്ക് സമീപമാണ് യജ്ഞേശ്വരം ക്ഷേത്രം. ഈ ക്ഷേത്രപരിസരത്ത് വച്ചാണ് അഗ്നിഹോത്രി തന്റെ തൊണ്ണൂറ്റിയൊന്‍പത് യാഗങ്ങളും പൂര്‍ത്തീകരിച്ചത്. ജാതിക്കതീതമായി എന്നും കര്‍മത്തെ കണ്ടിരുന്ന ഒരു മഹാപുരുഷനായിരുന്നു അഗ്നിഹോത്രി. യാഗശാലയ്ക്ക് സ്ഥാനം നിര്‍ണയിക്കുന്നതും അത് പണിതീര്‍ക്കുന്നതുമെല്ലാം തന്റെ സഹോദരനായ ഉളിയന്നൂര്‍ പെരുന്തച്ചനായിരുന്നു. തന്റെ യാഗാഗ്നി ജ്വലിപ്പിക്കുന്നതിനായി ആ പെരുന്തച്ചനോടാവശ്യപ്പെട്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. വെറുമൊരു തച്ചനായ പെരുന്തച്ചനെക്കൊണ്ട് യാഗാഗ്നി ജ്വലിപ്പിക്കുന്നതില്‍ നിന്നും അഗ്നിഹോത്രിയെ പിന്തിരിപ്പിക്കാന്‍ ആഢ്യരായ ബ്രാഹ്മണര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരിക്കലുമതിന് വഴങ്ങിയില്ല.

പണ്ടൊരിക്കല്‍ കാവേരി നദിയില്‍ ഒരു ചുഴി രൂപപ്പെട്ടു. എന്ത് ചെയ്തിട്ടും അത് മാറാതെ നിലകൊണ്ടു. അവസാനം ചോള രാജാവ് അത് ശമിപ്പിക്കുന്നതിനായി അഗ്നിഹോത്രിയെ ക്ഷണിച്ചുവത്രെ. ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ അഗ്നിഹോത്രി ആ ചുഴിയില്‍ മുങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജലോപരിതലത്തില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച മൂന്ന് ശൂലങ്ങളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ ചുഴി അപ്രത്യക്ഷമായി എന്നാണ് ഐതിഹ്യം. തിരിച്ച് ഇല്ലത്തെത്തിയ അഗ്നിഹോത്രി സ്വര്‍ണ്ണ ശൂലം സ്വന്തം ഇല്ലത്തെ മച്ചിലും വെള്ളി ശൂലം അടുത്തുള്ള വെള്ളിയാങ്കല്ലിലും, ചെമ്പ് ശൂലം കൊടിക്കുന്നത്തും നേര്‍ രേഖയില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.


ചരിത്രപ്രധാനമായ ഒരു ക്ഷേത്രമാണ് യജ്ഞേശ്വരം ക്ഷേത്രം. ഇവിടെ അഗ്നിഹോത്രിയാണ് പ്രതിഷ്ഠ നിര്‍ വഹിച്ചിട്ടുള്ളത്. ഇവിടുത്തെ ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. സാധാരണയായി ശിവക്ഷേത്രങ്ങളില്‍ അര്‍ദ്ധ പ്രദക്ഷിണമേ വിധിച്ചിട്ടുള്ളു എങ്കിലും ഇവിടെ ശിവപ്രതിഷ്ഠയ്ക്ക് ചുറ്റും പൂര്‍ണ്ണ പ്രദക്ഷിണം ചെയ്യാം. ക്ഷേത്രത്തിന് മുന്‍ വശത്തായി ഒരു ബലിക്കല്ലുണ്ട്. ഇതിന്റെ നാലു വശങ്ങളില്‍ മുട്ടിയാല്‍ വ്യത്യസ്ത ലോഹങ്ങളില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കാം.

ക്ഷേത്രത്തിന് തെക്കുവശത്തായി ഏതാണ്ട് ആയിരത്തിയഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പടുകൂറ്റന്‍ അരയാലുണ്ട്. ഈ അരയാല്‍ തന്റെ യാഗാവശ്യങ്ങള്‍ക്കായി അഗ്നിഹോത്രി നട്ടുപിടിപ്പിച്ചതാണത്രെ. ഇതിന്റെ വടക്കോട്ട് വളര്‍ന്ന കൊമ്പുപയോഗിച്ചാണ് യാഗാഗ്നി ജ്വലിപ്പിക്കാനുള്ള അരണി നിര്‍മിക്കുന്നത്. കേരളത്തിലെ എല്ലാ യാഗങ്ങള്‍ക്കും ഈ അരയാലിന്റെ കമ്പുപയോഗിച്ചാണ് അരണി നിര്‍മ്മിക്കുന്നത്. അതിനായി ഇവിടേക്ക് യാഗനടത്തിപ്പുകാരെത്തുക പതിവാണ്.

പിതാവായ വരരുചിക്ക് ശ്രാദ്ധമൂട്ടാന്‍ ഉത്തരായനത്തിലെ ഭീഷ്മാഷ്ടമി നാളില്‍ എല്ലാവരും ഒത്തുചേര്‍ന്നിരുന്നത് വേമഞ്ചേരി മനയിലായിരുന്നു. ഇവിടെ നാലുകെട്ടിനകത്തുള്ള തറയില്‍ തെച്ചിച്ചെടികള്‍ സമൃദ്ധമായി പുഷ്പിച്ചു നില്‍ക്കുന്നുണ്ട്. അവ ഏതെങ്കിലും കാരണത്താല്‍ ഉണങ്ങിപ്പോകാനിട വന്നാല്‍ ദേശത്തിനു നാശം വരുമെന്നാണ് പഴമൊഴി.

വേമഞ്ചേരി മനയുടെ അടുത്ത് ഭാരതപ്പുഴയുടെ തെക്കുവശത്താണ് വൈദ്യപാരമ്പര്യമുള്ള വൈദ്യമഠം ഇല്ലം. ഈ ഇല്ലത്തിലെ ആയുര്‍ വേദാചാര്ന്മാരെയാണ് അഗ്നിഹോത്രി തന്റെ യാഗശാലയില്‍ ശാലാവൈദ്യന്മാരായി നിയോഗിച്ചിരുന്നത്. ഭരദ്വജശാഖയില്‍ പെട്ട വൈദ്യമഠത്തിലെ കാരണവര്‍ യാഗശാലയില്‍ അശ്വനീദേവന്മാരുടെ പ്രതിനിധിയാണ്. ഭരദ്വജീയ ശാഖയില്‍ ദക്ഷിണാമൂര്‍ത്തിയെ ഉപാസിക്കുന്നത് വൈദ്യമഠം മാത്രമേ ഉള്ളൂ. ഇവര്‍ക്ക് ശസ്ത്രക്രിയ വിധിച്ചിട്ടില്ല.

തൃത്താലയിലെ വെളുത്ത പട്ടേരി ഇല്ലക്കാരും, നരിപ്പറ്റ,കൂടല്ലൂര്‍,കോടനാട് മനക്കാരുമൊക്കെ അഗ്നിഹോത്രിയുടെ പാരമ്പര്യം പങ്കുവയ്ക്കുന്നവരാണ്. നാടകം, വൈദ്യം, പുരാണം, പ്രവചനം തുടങ്ങിയ വിഷയങ്ങളിലെല്ലാം പാണ്ഡിത്യമുണ്ടായിരുന്ന പതഞ്ജലി മുനിക്ക് പ്രതിഷ്ഠയുള്ളത് ഇന്ത്യയില്‍ തന്നെ രണ്ടിടത്ത് മാത്രമാണ്. ഒന്ന് കാശിയിലും മറ്റൊന്ന് കൂടല്ലൂര്‍ മനയിലും. യോഗേശ്വരനായി പതഞ്ജലിയെ ഉള്‍ക്കൊണ്ട് ഈ മനയില്‍ ഒരുകാലത്ത് ഇരുപത്തിനാലു മണിക്കൂറും ശാസ്ത്ര വ്യാകരണ പഠനം നടന്നിരുന്നുവത്രെ. പണ്ട് പതിനാറു കെട്ടായിരുന്ന കൂടല്ലൂര്‍ മന ഇന്ന് രണ്ട് കെട്ട് മാത്രമേയുള്ളൂ. എന്നിട്ടും ഇതിന്റെ പ്രൗഢിക്ക് ഇന്നൊരു കുറവുമില്ല. കുളപ്പുരമാളികയും, കുളവുമെല്ലാം ഇന്നും നിലനില്‍ക്കുന്നു. പല ചരിത്ര സംഭവങ്ങള്‍ക്കും നിശബ്ദസാക്ഷിയാണ് കൂടല്ലൂര്‍ മന.

ഒരുപാട് ചരിത്രമുറങ്ങുന്ന അഗ്നിഹോത്രിയുടെ ഈ വേദഭൂമിയിലൂടെയുള്ള യാത്ര ജന്മപൈത്രികത്തിന്റെ എവിടെയോ നില്യ്ക്കാത്ത ഒരു തെളിനീരുറവയും തേടിക്കൊണ്ടുള്ളതായിരുന്നു. എന്നാലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിന്റെ സ്പന്ദിക്കുന്ന സത്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ഞാനവയെ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു, വേദങ്ങളുടെ മൂകസാക്ഷിയായി...!!

4 വായന:

സോണ ജി said...

അഹാ ! സാഹിത്യം വിട്ട് വേദഭൂവിലും കാലു കുത്തിയോ...?

jayanedakkat said...

nannayirikkunnu
thanks

ശ്രീ said...

നല്ല പോസ്റ്റ്.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

veru good effort

informative

thanks vinu

Post a Comment

© moonnaamidam.blogspot.com