മുളയരി പോലെ നാമ്പിടും സ്വപ്നമേ


കവിതകളെ തേടിയുള്ള എന്റെ അലച്ചിലായിരുന്നു അവളില്‍ എന്നെ എത്തിച്ചത്. ഒരു യാത്രയുടെ ഇടവേളയില്‍ പകച്ചു നില്‍ക്കവേ, മിഴിയില്‍ മൗനത്തിന്റെ നേര്‍ത്ത ധാരയും മനസ്സില്‍ വാക്കുകളുടെ കനലെരിയുന്ന ചിന്തുമായി അവളെന്റെ വായനയിലേക്ക് കടന്നു വന്നത് പഴക്കം ചെന്ന ചിതല്‍പ്പുറ്റായിട്ടായിരുന്നില്ല, നാമ്പിട്ടുകൊണ്ടിരിക്കുന്ന ഒരു മുളയരിയായിട്ടായിരുന്നു. അതിലൂടെ കാലാന്തരങ്ങളുടെ കാഴ്ചകള്‍ അവള്‍ ആവാഹിച്ചെടുത്തുകൊണ്ടേയിരുന്നു. വ്യത്യസ്തമായിരുന്നു അവളുടെ കാഴ്ചപ്പാടുകള്‍. കവിതയിലൂടെ അടുത്ത അവളെ വാക്കുകളുടെ പരിചയക്കാര്‍ മറ്റൊരു അക്ഷരലോകത്തേക്ക് ആനയിച്ചു.

ഹരിത, പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. എന്റെ നാട്ടുകാരിയാണ്. ഇപ്പോള്‍ പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അവളുടെ ആദ്യ കവിതാ സമാഹാരമായ 'മുളയരി'യെ പറ്റിയാണ് ഞാന്‍ മുകളില്‍ പറഞ്ഞുകൊണ്ട് വന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ സം പ്രീത പറയുന്നുണ്ട്,വികാരം പങ്കുവയ്ക്കുന്ന വരികളില്‍ നിന്നും ജീവിതത്തിന്റെ സത്ത അന്വേഷിക്കുന്ന വായനക്കാരന് ഇതില്‍ നിന്നും ലഭിക്കുന്നത് പരമ്പരാഗതമായ ഒരു കാവ്യശൈലിയല്ല. മറിച്ച് നാടും നഗരവും ഓര്‍മകളും നടന്നു നീങ്ങുന്ന ഒരു ലോകത്തിന്റെ ചിത്രമാണ് എന്ന്. അതെ, ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് അവളുടെ ദൈനംദിന കാഴ്ചകളുടെയും, പുറം മോടിയില്ലാത്ത ഓര്‍മകളുടെയും പൊടി പിടിക്കാത്ത ചിന്തകളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.

ഒരു പതിനെട്ടുകാരിയില്‍ നിന്നും പ്രതീക്ഷിക്കാനാവാത്ത വിധത്തിലുള്ള എഴുത്തുരീതികളില്‍ കൂടി ഹരിത കടന്നുപോയിട്ടുണ്ട്. പക്വമാവാത്ത തന്റെ മനസിനെ പക്വമായ ഭാഷയിലേക്ക് കൊണ്ടുവരാന്‍ അവള്‍ കാണിച്ച വ്യഗ്രതയും ഉത്കണ്ഠ കലര്‍ന്ന സംശയങ്ങളും പല കവിതകളിലും നിഴലിച്ചു കാണുന്നുണ്ട്. ഭൂരിഭാഗം കവിതകളിലും 'ഞാന്‍' എന്ന വാക്ക് അമിതമായ സ്വാധീനം ചെലുത്തുന്നു. സ്വന്തം കാഴ്ച്ചപ്പാടുകള്‍ അല്ലെങ്കില്‍ ചിന്താധാരകള്‍ പകര്‍ത്തിയതിനാലായിരിക്കണം അത്. എന്നിരുന്നാലും ഒരേറ്റുപറച്ചിലിന്റെ ധ്വനിയിലൂടെ അവയെല്ലാം കടന്നുപോകുന്നുണ്ട്.

മനസിലേക്കിറങ്ങി ചെല്ലുന്ന വരികള്‍ ഹരിതയില്‍ നിന്നും വരുന്നത് പറഞ്ഞറിയിക്കാനാവാത്ത വേഗതയിലാണ്. അവളുടെ 'കടപ്പാട്' എന്ന കവിതയിലെ ഈ വരികള്‍ അതിനുദാഹരണങ്ങളാണ്.

'അമ്മ തന്ന മുലപ്പാലിനോടും
ചുമന്ന ഗര്‍ഭപാത്രത്തിനോടും
കാട്ടാത്ത എന്റെ കടപ്പാട്
എന്നെ സ്നേഹിച്ചു വശത്താക്കിയ
നിന്നോടെന്തിന് ഞാന്‍ കാണിക്കണം.'

ഇന്നത്തെ യുവത്വത്തിന്റെ വ്യക്തമായ ഒരു ചിത്രം ഈ വരികളിലൂടെ നമ്മിലേക്കെത്തിച്ചേരുന്നുണ്ട്. ഒരാത്മ വിശകലനത്തിലൂടെ എഴുതിയ വരികളാവാം, അല്ലായിരിക്കാം. എങ്കിലും ഹരിതയുടെ പ്രായത്തെ വച്ചു നോക്കുമ്പോള്‍ ഈ വരികള്‍ക്ക് പരിപൂര്‍ണതയുടെ തിളക്കമുണ്ട്.

അവളുടെ 'പ്രണയം' എന്ന കവിതയിലെ ചില വരികള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു.

'ചുവന്ന പുഷ്പങ്ങള്‍ക്കും,
ചെഗുവേരയുടെ ചിന്തകള്‍ക്കും
തളച്ചു നിര്‍ത്താനാവാത്ത പ്രണയം
ഒടുവിലവ
അപക്വമായ പ്രായത്തിന്റെ
കുസ്ര്രിതിയും നിഷ്കളങ്കതയും
ഊറ്റിക്കിട്ടിയ ഓര്‍മകള്‍ മാത്രമായി.'

എന്നില്‍ നിന്നും ഈ വരികളിലേക്കുള്ള ദൂരം തീരെ ചെറുതായിരുന്നു. ഒരു പക്ഷേ അക്കാരണത്താലായിരിക്കും ഞാനീ തരത്തില്‍ ചിന്തിക്കുന്നത്. പൂര്‍ണമായ ഒരു പാകപ്പെടല്‍ ഒരിക്കലും എവിടെയും ആര്‍ക്കും ലഭിക്കില്ലല്ലോ. അത് മനസ്സിലാക്കി ഞാനും ഈ വരികളിലൂടെ ഒന്നു സഞ്ചരിച്ചു.

വ്യത്യസ്തമായ മറ്റൊരു കവിതയായിരുന്നു 'മഴപറച്ചില്‍'. ഒരുപാട് ഉള്ളുരുക്കത്തിന്റെ കഥ പറയുന്നു ആ കവിത. ഒന്നും പൂര്‍ണമായി ചെയ്തു തീര്‍ക്കാനാവാതെ ആരുടെയോ ആജ്ഞകള്‍ക്കനുസ്രുതമായി അതിനായി കാതോര്‍ത്ത് ജീവിച്ചു മരിക്കുന്ന ആരുടെയൊക്കെയോ ചിത്രങ്ങള്‍. അവയെല്ലാം ഹരിതയിലൂടെ നിറം ചാര്‍ത്തപ്പെട്ട് മനോഹരമായ സ്രിഷ്ടിയായിരിക്കുന്നു, ഈ കവിതയിലൂടെ.

'തിരിച്ചറിവ്' എന്ന കവിത, അത് വായിക്കുമ്പോള്‍ അവളുടെ മനസായിരിക്കണേ അതെന്ന പ്രാര്‍ത്ഥനയായിരുന്നു എനിക്ക്. വരികള്‍ ഇതായിരുന്നു.

ഈ കിളി
ഉയരത്തില്‍ പറക്കാറില്ല
കിളിയ്ക്കറിയാം
ഉയരും തോറും
താഴ്ച കൂടുമെന്ന്.'

വ്യക്തമായ സ്വബോധം കവയിത്രിക്കുണ്ട് എന്നാണ് ഈ വരികള്‍ സൂചിപ്പിക്കുന്നുണ്ടാവുക. ഇത് അവളുടെ ഉള്ളില്‍ നിന്നുള്ള വരികളായിരിക്കണം. അല്ലെങ്കില്‍ അതാക്കി മാറ്റണം.

'ജീവിതം ഇനിയും ബാക്കിയാണ്
തോരാത്ത കണ്ണീരിലെ
ഉപ്പുകണമായി ഞാനും.' - എന്ന് 'ഉപ്പുനീര്‍' എന്ന കവിതയില്‍ അവളെഴുതി. മറയുതിര്‍ക്കാത്ത വാക്കിന്റെ കരയിലൂടെയുള്ള അവളുടെ യാത്ര എന്നെ ഒരുപാട് കൊതിപ്പിക്കുന്നു. ഏതൊരാള്‍ക്കും അവളുടെ യാത്രയോടൊപ്പം ചേരാം, അതേ മുഖമായി മാറാം, അവളിലൊരു പ്രതിരൂപമായി ചേക്കേറാം. അവയൊക്കെത്തന്നെയായിരുന്നു അവളുടെ കവിതകളുടെ വിജയം, അതിലെ ആത്മാംശം.

ചിന്തിക്കാനും ചിന്തിക്കപ്പെടാനും ഒരുപാട് കവിതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഹരിത. വാക്കുകളുടെ ഒതുക്കിവയ്പ്പുകളില്‍ ക്രിത്രിമത്വത്തിന്റെ അടയാളം പോലും പതിയാതെ തന്റെ സ്വതസിദ്ധമായ വാക്യപ്രയോഗത്തില്‍ കൂടി കടന്നു പോകുമ്പോള്‍ വായനക്കാരന് ലഭിക്കുന്ന വ്യത്യസ്തമായ വായനാസുഖം അതിന്റെ അങ്ങേ തലത്തിലൂടെ അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്.

മനുഷ്യന്റെ നിരന്തരമായ ചികഞ്ഞുനോക്കലിന്റെ പ്രതികരിക്കുന്ന സാക്ഷിയായാണ് ഹരിത ഈ കാവ്യലോകത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അതിലൂടെയുള്ള അവളുടെ യാത്ര...അതിന് ഒരുപാട് ദൂരം താണ്ടാനുണ്ട്, ഒരുപാട് നീന്തിക്കയറാനുണ്ട്. കവിതകളില്‍ കാണുന്ന വിരഹദുഃഖങ്ങളാകാതിരിക്കട്ടെ അവളുടെ ജീവിതം എന്ന ഒരാശംസയോടെ ഞാന്‍ അവസാനിപ്പിക്കട്ടെ, അവളുടെ വരികള്‍ കൊണ്ടു തന്നെ,

"മൗനമേ
നീയെന്റെ ഭാഷയല്ല
എന്‍
ചിരി പൊട്ടിയുതിരും
നിനക്കു നേര്‍ക്കായ്."

12 വായന:

അനില്‍ കുരിയാത്തി said...

വിനീത് നിങ്ങള്‍ ആ പുസ്തകത്തെ നന്നായി നിരൂപിച്ചിരിക്കുന്നു
ഈ വരികളിലൂടെ കടന്നു പോയപ്പോള്‍ ആ കവിത സമാഹാരം വായിച്ച ഒരു അനുഭവം എനിക്കുണ്ടായി എന്നു
പറഞ്ഞാല്‍ അതില്‍ അല്‍പ്പം പോലും അതിശയോക്തിക്കു ഇടമില്ല കാരണം ഞാന്‍ വെറും വാക്ക് പറഞ്ഞതല്ല
നിങ്ങളുടെ ഈ ശൈലിയും നിരൂപണവും അവതരണവും വളരെ മികച്ചത് തന്നെ
തുടരുക ആശംസകളോടെ
................അനില്‍ കുരിയാത്തി

വല്യമ്മായി said...

പരിചപ്പെടുത്തലിനു നന്ദി.പുസ്തകത്തിന്റെ പ്രസാധകര്‍ ആരാണ്?

sunil panikker said...

നന്നായി ഈ പരിചയപ്പെടുത്തൽ.., ഹരിതയുടെ കവിതകൾ വസന്തം വിരിയിക്കട്ടെ.. ഹരിതയ്ക്കും, വിനുവിനും ആശംസകൾ..

വിനു said...
This comment has been removed by the author.
വിനു said...

അനില്‍ കുരിയാത്തി, വല്ല്യമ്മായി, സുനില്‍ പണിക്കര്‍ : പ്രതികരണങ്ങള്‍ക്ക് നന്ദി.

പുസ്തകത്തിന്റെ പ്രസാധകര്‍ പായല്‍ ബുക്ക്സ്, കണ്ണൂര്‍

K.P.Sukumaran said...

പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്...

T.S.NADEER said...

നന്നായിട്ടുണ്ട്...

SAMEER VALIYAVALPPIL said...

ഹരിതയെന്ന കവയത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി.... എന്റെ കൂടി നാട്ടുകാരിയാണല്ലൊ അവൾ.........
ഇതുവരെ വായിച്ചിട്ടില്ല ഹരിതയുടെ കവിതകളൊന്നും.... നേരിൽ കാണുമ്പോൾ അറിയിയ്ക്കൂ എന്റെ ആശംസകളൂം , സ്നേഹാന്വേഷണങ്ങളും.....

നിരൂപണ സാഹിത്യത്തിലെ ഈ പുതു നാമ്പിനും ആശംസകൾ...
ഇനിയും ഒരുപാടെഴുതൂ അനിയാ...

അഭിജിത്ത് മടിക്കുന്ന് said...

വിനുവിന്റെ ഈ ശൈലി അതിശയിപ്പിക്കുന്നു.
കവിതയോടുള്ള വൈകാരിക സമീപനം ബൂലോകത്ത് ഏറ്റവും നല്ല ആസ്വാദകനും നിരൂപകനുമാകാന്‍ വിനുവിനെ സഹായിക്കട്ടെ.

വിനു said...

വായനകള്‍ക്കും ആശംസകള്‍ക്കും നന്ദി...!!

ഒരു കുഞ്ഞുമയില്‍പീലി said...

ഹരിത നമ്മുടെ നാട്ടുകാരി ആണ് എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം വിനീതിന്റെ ഈ വിലയിരുത്തല്‍ നന്നായിട്ടുണ്ട് ..ഹരിതയുടെ ആ കാവ്യങ്ങളിലൂടെ ഒരു യാത്ര നടത്താന്‍ ....ഇത് വായിക്കുന്ന ഏതൊരാളുടെ മനസ്സിലും മുളപോട്ടും...ഞാന്‍ ഈ കവിത വായിക്കാന്‍ ശ്രമുക്കുന്നുട് ..ഹരിതക്കും വിനീതിനും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Shameer T K said...

കവിതാസമാഹാരത്തിന്റെ ആത്മാംശം അനുഭവിച്ചറിയാൻ കഴിയുന്നു ഈ നിരൂപണത്തിലൂടെ.

"മൗനമേ
നീയെന്റെ ഭാഷയല്ല
എന്‍
ചിരി പൊട്ടിയുതിരും
നിനക്കു നേര്‍ക്കായ്."

Post a Comment

© moonnaamidam.blogspot.com