Showing posts with label പുതുകവിവരവ്. Show all posts
Showing posts with label പുതുകവിവരവ്. Show all posts

കുടിയേറ്റത്തിന്റെ മൂന്ന് കവിതകള്‍

മലയാള കാവ്യലോകത്തേക്ക് കടന്നുവന്ന മൂന്നു പുതുകവികളുടെ പുസ്തകങ്ങളെയാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. കാലത്തിന്റെ അനിര്‍ വചനീയമായ പ്രയാണത്തില്‍ തങ്ങളുടേതായ വ്യക്തമുദ്ര പതിപ്പിച്ച മൂന്നു യുവാക്കള്‍, അവര്‍ നെയ്ത സ്വപ്നങ്ങളും, ജീവിതങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. വേറിട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നും കാവ്യലോകത്തെത്തിയ ഈ യുവാക്കള്‍ അവരുടെ ആത്മാര്‍പ്പണവും, ഇച്ഛാശക്തിയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു. ഓര്‍മകളെയും, ജീവിതത്തെയും സമകാലിക ലോകത്തേക്ക് മേയാന്‍ വിട്ട് മലയാള ഭാഷയുടെ തണലില്‍ വിശ്രമിക്കുന്ന ഇവര്‍ക്ക് കവിതകളിലെ ഊര്‍ജ്ജം ഒരു താങ്ങായി മാറട്ടെ..!



അടയാളങ്ങള്‍ അവശേഷിപ്പിച്ച്

പാലക്കാട്ടുകാരന്‍ സുനില്‍കുമാറിന് കവിതകള്‍ എന്നും സഹവാസിയായിരുന്നു. കാഴ്ചകളുടെ പഴയ മുഖങ്ങളിലൂടെ അയാളുടെ ചിന്തകളും വരികളും പ്രവഹിച്ചുകൊണ്ടേയിരുന്നു. അയാളുടെ ജീവിതസ്വപ്നങ്ങളെല്ലാം കിനാവിന്റെ കൊയ്ത്തുപാടങ്ങളില്‍ മാത്രമായി വിളഞ്ഞു നില്‍ക്കുകയാണ്. വള്ളുവനാടന്‍ ഭാഷയിലൂടെ കവിതകള്‍ വിരിയിച്ചെടുത്ത സുനില്‍കുമാറിന് വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലെ വിരസമായ വരികള്‍ വായനക്കാരില്‍ ഒരല്പമെങ്കിലും അസ്വാസ്ഥ്യവും നല്‍കിയിട്ടുണ്ടായിരിക്കണം.


പാലക്കാടന്‍ കാറ്റിലൂടെ പാടവരമ്പില്‍ നിന്നും കയറിവരുന്ന സുനില്‍കുമാറിന്റെ കവിതകള്‍ ചേറിന്‍ ചൂരുള്ള ഒരോലക്കുടക്കീഴില്‍ മറഞ്ഞില്ലാതാകുന്നില്ല. അവയുടെ സം വാദം അവിടെ കാണുന്ന ആസ്വാദകരോടാണ്. വ്യവസ്ഥാപിതമായ യാതൊരു നിയമവാഴ്ചകളും കവിതകളിലില്ലെന്ന യാതാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടെഴുതിയ ഈ കവിതകള്‍ വായനക്കാരിലേക്കാഴത്തിലിറങ്ങിച്ചെല്ലാന്‍ പര്യാപ്തമായയാണ്.

ഗ്രാമീണതയുടെ അതിപ്രസരം കൊണ്ട് വ്യത്യസ്തമായ സുനില്‍കുമാറിന്റെ കവിതകള്‍ അന്യംനിന്ന പരമ്പരാഗത ശൈലിയെ തിരിച്ചുപിടിക്കാനുള്ള വ്യഗ്രത കാണിക്കുന്നുണ്ട്. മഴക്കാറില്ലാത്ത രാത്രികളില്‍ തന്റെ നക്ഷത്രബംഗ്ലാവില്‍ കിടന്ന് ചന്ദ്രനക്ഷത്രങ്ങളെ ദര്‍ശിക്കുന്ന കവിയുടെ കയ്യില്‍ ഒരു മൂര്‍ച്ചയേറിയ അടുപ്പമുണ്ട്. പിണക്കത്തിന്റെ പോറലേല്‍ക്കാത്ത ചോരമണമെന്തെന്നറിയാത്ത മൂര്‍ച്ചയേറിയ അടുപ്പം. അതുകൊണ്ടാണയാള്‍ എല്ലാവരേയും തന്റെ കവിതകളിലേക്ക് വെട്ടിയിടുന്നത്.

'വിളക്ക്' എന്ന കവിതയില്‍ അച്ഛനേയും വിളക്കിനേയും താരതമ്യപ്പെടുത്തി അയാളെഴുതി, തികച്ചും വ്യത്യസ്തമായ ഒരെഴുത്ത്. കവിഭാവനയില്‍ അച്ഛനേയും വിളക്കിനേയും എഴുതിയ അയാളില്‍ മറ്റൊരു കവിയിലുമില്ലാത്ത ഭാവനാവിശാലത എനിക്ക് കാണാനാവുന്നുണ്ട്. 'കല്ല്യാണക്കുറി' എന്ന കവിതയിലെ എന്നെ പ്രണയിച്ച നിന്റെ കല്യാണത്തിന് ഞാനെന്താണ് നിനക്ക് തരേണ്ടതെന്ന വരി കവിയിലെ കാമുകനെ വരച്ചുകാട്ടുന്നു.

കവിയും തന്റെ കവിതകളും നീന്തലറിഞ്ഞിട്ടും നിലയില്ലാക്കയത്തിലേക്ക് മറിഞ്ഞുവീഴുകയാണ്. ഇനി പിടച്ച് നീന്താതെ തരമില്ല. തളരാതെ ഒഴുക്കിനെതിരെ പടവെട്ടി നീന്തിക്കയറണം. ഇതിനെല്ലാമുള്ളഇ പറ ചങ്കുറപ്പുണ്ടായിരിക്കണം ഈ കവിക്ക്, ഒരനിര്‍ വചനീയമായ ചങ്കൂറ്റം.

നല്ല മണ്ണും, വളക്കൂറും, പതിരില്ലാത്ത വിത്തുമുണ്ടെങ്കിലേ നല്ല കവിതകള്‍ പൂക്കൂ എന്നാണ് കവി പറയുന്നത്. ആ പൂക്കുന്ന കവിതകളുടെ സുഗന്ധം ആസ്വദിക്കാന്‍ മുറ്റം മുഴുവന്‍ പുതുമഴയില്‍ നനഞ്ഞൊലിച്ച് ഒരുപാട് പേര്‍ വരുമായിരിക്കും എന്നും കവി ചിന്തിക്കുന്നു. ഹര്‍ത്താലാഘോഷത്തിന്റെ മികച്ചൊരു ചിത്രം 'തയ്യാറെടുപ്പ്' എന്ന കവിതയില്‍ കാണാം. തികച്ചും സാധാരണമായ രീതിയിലുള്ള ഒരു ഹര്‍ത്താലാഘോഷം, അതിനെ കവി ചിത്രീകരിച്ചിരിക്കുന്നത് വളരെ ലളിതമായാണ്.

സൂര്യന്‍ വരച്ചിട്ട മരനിഴലില്‍ 'കൂട്' എന്ന കവിത ഉറുമ്പുകള്‍ കുറിച്ചിടുന്ന പോലെയാണ് വായനക്കാരില്‍ കവി തന്റെ കവിതകളെ വരച്ചിടുന്നത്. അവ നമ്മോട് മിണ്ടുന്നത് മൗനത്തിന്റെ ഭാഷയിലായിരിക്കണം, അതുകൊണ്ടായിരിക്കണം പൊഴിഞ്ഞു വീഴുമ്പോള്‍ അവ മനുഷ്യരെപ്പോലെ അലറിക്കരയാത്തത്.

വരച്ചുതീര്‍ത്ത ചിത്രങ്ങളുടെ അവസാനത്തില്‍ കവിയെഴുതി. ഇങ്ങനെ,
അന്ന്-
എഴുത്തിന്റെ വന്മരക്കൊമ്പില്‍
കവിതയുടെ ചെറുകയര്‍
കഴുത്തില്‍ കുരുക്കിട്ടാണല്ലോ
ഒന്നിച്ചു നമ്മള്‍
ശ്വാസം കിട്ടാതെ
പിടഞ്ഞ്, പിടഞ്ഞ്.....

വാക്കുകളെ തേടി

ജീവിതത്തിന്റെ തനിച്ചുള്ള യാത്രകളില്‍, വിരസമായ ഇടവേളകളില്‍ ഒപ്പം കൂടിയ കവിതകളെ വിമീഷ് ഒരിക്കലും അകറ്റിനിര്ത്തിയില്ല. അവയെയെല്ലാം അയാള്‍ ഒരു കൂട്ടിലടച്ച് പോറ്റാന്‍ തുടങ്ങി. സാമൂഹ്യപ്രശ്നങ്ങളിലെ നിരന്തരമായ ഇടപെടലുകള്‍ ഈ കവിതകളില്‍ നമുക്ക് ദര്‍ശിക്കാനാകും. ഗ്രാമത്തിന്റെ ഹ്രിദയതാളങ്ങളില്‍ ചേര്‍ത്തെഴുതപ്പെട്ട വിമീഷിന്റെ കവിതകളില്‍ തീക്ഷ്ണമായ വെയില്‍പ്പൊള്ളല്‍ അടയാളങ്ങള്‍ സ്രിഷ്ടിച്ചിട്ടുണ്ട്. അതിശയകരമായ വളര്‍ച്ച കൈവരിക്കുന്ന ഈ കവിതകള്‍ അതിന്റേതായ വഴികളിലൂടെ പാഞ്ഞുപോകുന്നു.

അതിജീവനത്തിന്റെ സ്പര്‍ശമുള്ള കവിതകളെ തന്റെ ഗ്രാമദ്രിശ്യങ്ങളിലൂടെ കവി മുന്നോട്ട് കൊണ്ടുപോവുകയാണ്. 'സഹകരണം' എന്ന കവിതയില്‍ കവി, തന്റെ വീട് സഹകരണബാങ്കിനൊപ്പം മതിലും ചാടിപ്പോയി എന്നു പറയുന്നു. ആ ഒരു വ്യത്യസ്തമായ ശൈലീപ്രയോഗം വായനക്കാരെ ഒന്നു ചിന്തിപ്പിച്ചിട്ടുണ്ടാവണം. വിമീഷിന്റെ കവിതകളെല്ലാം ഒരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്, ഒരിക്കലും താഴേക്ക് പോകാതെ.


'സംശയം' എന്ന കവിതയില്‍ അമ്മയുടെ സംസാരിക്കാനാകാത്ത ഭാഷയെ പാത്രങ്ങളുടെ മൂളലിനോടാണ് കവി ഉപമിച്ചിരിക്കുന്നത്. ഈ കവിതയില്‍ പാത്രങ്ങളെ അമ്മ സ്വന്തം മക്കളെപ്പോലെ എന്നും പല്ല് തേപ്പിച്ച് കുളിപ്പിക്കുന്നതായി കവി ചിത്രീകരിച്ചിരിക്കുന്നു. വളരെ വ്യത്യസ്തതയും പുതുമയുമാര്‍ന്ന ഒരു രംഗമാണിത്.

റേഷന്‍ കാര്‍ഡിനെ വീടിന്റെ രജിസ്റ്റര്‍ ചെയ്ത ജാതകമായി കണ്ട കവിക്ക് മണ്ണെണ്ണയില്‍ അമ്മ കത്തിപ്പടര്‍ന്നതിനു ശേഷം റേഷന്‍ കാര്ഡ് കാണുന്നത് ഭയമായി മാറി. എങ്കിലും പലപ്പോഴും അയാള്‍ ആ കാര്‍ഡ് തന്റെ കണ്ണീര് തേച്ച് മിനുക്കി നെഞ്ചോട് ചേര്‍ത്ത് മയങ്ങാന്‍ മടിക്കാറുമില്ല.

ഇത്തരം വ്യത്യസ്തമായ ശൈലിയും, പ്രയോഗവും വിമീഷില്‍ നമുക്ക് കാണാനാവുന്നുണ്ട്. 'അരിവാള്‍', 'ചുറ്റിക', 'നക്ഷത്രം' എന്നീ കവിതകള്‍ അതിനുദാഹരണങ്ങളാണ്. തന്റെ ആദ്യ കവിതാസമാഹാരത്തിലൂടെ കവിതകളുടെ തീവ്രത തുറന്നുകാണിച്ച കവിക്ക് പുറം മോടിയിലും, ആവര്‍ത്തനങ്ങളിലും താത്പര്യമില്ലെന്ന സത്യവും ഇതിലൂടെ പുറത്തുവരുന്നുണ്ട്.

കവിതകളെ ഗൗരവപൂര്‍ണ്ണമായി കൈകാര്യം ചെയ്യുന്നുണ്ട് കവിയിവിടെ. പ്രമേയങ്ങളെല്ലാം പ്രകമ്പനമുളവാക്കപ്പെടുന്നുണ്ടെങ്കിലും വരച്ചെടുക്കുന്ന ചിത്രങ്ങളുടെ വര്‍ണക്കുറവ് ഒരല്പം നീരസമുളവാക്കുന്നുണ്ട്.

വിമീഷിന്റെ 'ക്ലാസ് ഡയറി' എന്ന കവിതയിലേക്കൊന്നു നോക്കിയാല്‍ ഇന്നിന്റെ വര്‍ഗീയബോധത്തിന്റെ ചിത്രം കാണാം. ഡിസമ്പര്‍ ആറിന് അകാരണമായി അറബി മാഷ് ക്ലാസില്‍ നിന്ന് പുറത്താക്കുകയും, തന്റെ കൂട്ടുകാരായ മുബീന തന്നെ അറപ്പോടെ മുഖം വീര്‍പ്പിച്ച് പോകുകയും, ഫൈസല്‍ കുത്തിനു പിടിച്ച് ചൊടിക്കുകയും ചെയ്തപ്പോള്‍, അഖിലും നിഖിലും ഒറ്റക്കിരുന്ന തനിക്ക് ഒരു കുറി തൊട്ടുതന്നു. അന്നവന്‍ തീരുമാനിച്ചു, എന്തു വന്നാലും നാളെ മുതല്‍ ശാഖയ്ക്ക് പോകണമെന്ന്. വര്‍ഗീയത എങ്ങിനെ കുട്ടികളില്‍ കടന്നുവരുന്നു എന്നതിന് ഒരു തെളിവു കൂടിയാണി കവിത.

ജീവിതത്തെ ഒരു ഇന്‍സ്ട്രുമെന്റ് ബോക്സായി കണ്ട കവിക്ക് തന്റെ ജീവിതത്തിന്റെ ജ്യാമിതി വരച്ചുതീര്‍ക്കാനാകട്ടെ എന്നാശംസിക്കാം. എത്ര മെഴുകിയാലും ബാക്കിയാവുന്ന കവിതകള്‍ അയാളുടെ മനസില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. അവയെ ജനസമക്ഷത്തിലെത്തിച്ച് തന്റെ സാന്നിധ്യമറിയിക്കാന്‍ അയാള്‍ ഇനിയും വന്നേക്കാം. ഒന്നിനുമല്ല, നിന്നെയൊന്നിങ്ങനെ കാണുവാനുള്ള ഇഷ്ടത്തിനാല്‍, നിന്നെയും കാത്ത്, ഇപ്പോഴും ആ വഴി വന്നുനില്‍ക്കുന്ന വാക്കിനെത്തേടി..!!

മഴയില്‍ നനഞ്ഞൊട്ടി മുരളിയുടെ കവിതകള്‍

പൂരവും ആളുകളും ഒഴിഞ്ഞ പൂരപ്പറമ്പില്‍ നിന്നുയരുന്നതാണ് മുരളീക്രിഷ്ണാന്റെ കവിതകള്‍. യാതാര്‍ത്ഥ്യബോധങ്ങളുടെയും കുടിയിറക്കപ്പെട്ട ആത്മബോധത്തിന്റെയും നീറുന്ന ചുടുകാഴ്ചകളാണ് ഈ വിതകളിലൂടെ കവി നമുക്ക് സമ്മാനിക്കുന്നത്. താന്‍ പഠിച്ചുവളര്‍ന്ന കേരളവര്‍മ്മയുടെ സംസ്കാരത്തില്‍ നിന്നൂറ്റം കൊണ്ട കവിക്ക് അരക്ഷിതരുടെ ഹ്രിദയത്തിലെ താളങ്ങള്‍ തൂലികയിലേക്കെത്തിക്കാനായിട്ടുണ്ട്. മുളങ്കൂട്ടത്തിനിടയിലൂടെ ഇഴഞ്ഞിറങ്ങുന്ന പാമ്പിനെപ്പോലെയാണ് അയാളുടെ കവിതകള്‍ മലയാള കവിതയിലൂടെ കടന്നുപോകുന്നത്.

പൊട്ടിത്തെറിച്ച കവിതകളേക്കാള്‍ നിശബ്ദമായി ചിരിക്കുന്ന കവിതകളേയാണ് കവി ഇഷ്ടപ്പെടുന്നത്. ആത്മാംശസ്വാധീനത്തിലൂന്നിയെഴുതുന്ന വരികളില്‍ വിഭിന്നമായ കാഴ്ചപ്പാടിന്റെയും, വിഷമങ്ങളുടെയും തേങ്ങലുകളുണ്ട്. കവിതയുടെ ലാവാപ്രവാഹത്തില്‍ കൈ കഴുകുകയും പറ്റിയാലൊന്നു മുങ്ങിക്കുളിക്കണമെന്നും കവി ആശപ്പെടുകയാണിവിടെ. ഇസ്തിരിയിട്ട ചിന്തകളെയും ഉടഞ്ഞ അധ്യായങ്ങളെയും കൂട്ടി നമുക്കിടയിലേക്ക് വരുന്ന കവിക്ക് ഒരിക്കലും വഴിപിഴച്ചിട്ടില്ല.


പ്രണയവും മഴയും കവിയില്‍ ഒരുപാട് അസ്വസ്ഥമായ ചിന്തകള്‍ നല്‍കുന്നുണ്ട്. ഇതുവരെയാരും വരയ്ക്കാത്ത ചിത്രങ്ങള്‍ പ്രണയത്തെയും മഴയെയും കൊണ്ട് കവി ഇവിടെ വരച്ചു ചേര്‍ത്തിട്ടുണ്ട്. ആകുലതകളും വേവലാതികളും വാക്കായി മാറുമ്പോള്‍ ഏറ്റവും വലിയ കടം ഒരുപിടി വറ്റാണെന്ന് കവി മനസിലാക്കുന്നു.

'ഗാന്ധിത്തല' എന്ന കവിതയില്‍ കമ്പോളലോകത്തിന്റെ വ്യക്തമായ ഒരു കാഴ്ചയാണ് കവി നല്‍കുന്നത്. എന്തുകണ്ടാലും എപ്പോഴും ചിരിക്കുന്ന ഒരാളാണ് ഗാന്ധി എന്നാണ് കവി ഇവിടെ പറയുന്നത്. സമകാലിക സംഭവങ്ങളുടെ കാണാക്കുത്തൊഴുക്കില്‍ കഥ പറയാനാഗ്രഹിക്കുന്ന കവിക്ക് തന്റെ സഹയാത്രികയെ കുറിച്ച് ദുഃഖം തോന്നുന്നുണ്ട്. ഒരുപാട് ദൂരം മുന്നേറിക്കഴിഞ്ഞ് ലക്ഷ്യത്തിലെത്തിയപ്പോഴാണ് കവി അവളെ ഓര്‍ക്കുന്നത്. എന്നാല്‍ അവള്‍ അപ്പോള്‍ തന്റെ യാത്ര തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

ഒറ്റവാക്കില്‍ പൂരിപ്പിക്കാന്‍ ഏറ്റവുമെളുപ്പവും വിഷമകരവുമായ നേര്‍ വരയെ ജീവിതമായി കാണുന്ന കവിയുടെ വരികള്‍ ഭൂമിക്കടിയിലെ ചൂടില്‍ നിന്ന് പുറത്തേക്ക് ഉറപൊട്ടി കുളിരണിയാന്‍ കൊതിക്കുന്നുണ്ട്. ശക്തമായ തന്റെ നിരീക്ഷണപാടവത്തെ ചെറുകവിതകളീല്‍ ഉറക്കെ വിളിച്ചുപറയാനുള്ള കഴിവിലൂടെ വായനക്കാരെ പൊള്ളിക്കുകയാണ് കവി ഇവിടെ. വര്‍ത്തമാന ലോകത്തിന്റെ കറുത്ത കണ്ണുകളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്ണിന്റെ കഥ പറയുന്ന 'ആറാം പിരിയഡില്‍' എന്ന കവിതയും പെണ്ണെഴുത്തിന്റെ ശക്തമായ ആവിഷ്കരണമായ 'അവള്‍', 'ചരട്' എന്നീ കവിതകളും മുരളിയിലെ കവിയെ നമുക്ക് കാട്ടിത്തരുന്നു.

മുരളിയുടെ കവിതകള്‍ കെട്ടുകാലത്തിന്റെ കാണാപ്പുറങ്ങളില്‍ നിന്നും പ്രതികരിക്കുന്ന ഒരു അന്വേഷിയായി മാറുകയാണ്. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് കടക്കുന്ന ലോകത്തില്‍ 'അരുതേ' എന്ന് വിലപിക്കാന്‍ മാത്രം കഴിയുന്ന ഒരവസ്ഥയില്‍ നിന്നും സമൂഹത്തെ മാറ്റിയെടുക്കാനുള്ള ഒരു പെടാപ്പാടാണ് അയാളുടെ കവിതകള്‍. ക്രൂശിതനാക്കപ്പെട്ട് തളര്‍ന്ന് പോയ അയാളുടെ വരികളില്‍ തീക്ഷ്ണതയുടെ മുള പൊട്ടുന്നുണ്ട്. വാക്കുകളുടെ മിന്നലില്‍ കവിത ഒരു വെടിയൊച്ചയായി വന്നലക്കുന്നു, ആ പെരുമഴയില്‍ നഗ്നയായി നനഞ്ഞൊട്ടിക്കൊണ്ട്.



മുളയരി പോലെ നാമ്പിടും സ്വപ്നമേ


കവിതകളെ തേടിയുള്ള എന്റെ അലച്ചിലായിരുന്നു അവളില്‍ എന്നെ എത്തിച്ചത്. ഒരു യാത്രയുടെ ഇടവേളയില്‍ പകച്ചു നില്‍ക്കവേ, മിഴിയില്‍ മൗനത്തിന്റെ നേര്‍ത്ത ധാരയും മനസ്സില്‍ വാക്കുകളുടെ കനലെരിയുന്ന ചിന്തുമായി അവളെന്റെ വായനയിലേക്ക് കടന്നു വന്നത് പഴക്കം ചെന്ന ചിതല്‍പ്പുറ്റായിട്ടായിരുന്നില്ല, നാമ്പിട്ടുകൊണ്ടിരിക്കുന്ന ഒരു മുളയരിയായിട്ടായിരുന്നു. അതിലൂടെ കാലാന്തരങ്ങളുടെ കാഴ്ചകള്‍ അവള്‍ ആവാഹിച്ചെടുത്തുകൊണ്ടേയിരുന്നു. വ്യത്യസ്തമായിരുന്നു അവളുടെ കാഴ്ചപ്പാടുകള്‍. കവിതയിലൂടെ അടുത്ത അവളെ വാക്കുകളുടെ പരിചയക്കാര്‍ മറ്റൊരു അക്ഷരലോകത്തേക്ക് ആനയിച്ചു.

ഹരിത, പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. എന്റെ നാട്ടുകാരിയാണ്. ഇപ്പോള്‍ പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അവളുടെ ആദ്യ കവിതാ സമാഹാരമായ 'മുളയരി'യെ പറ്റിയാണ് ഞാന്‍ മുകളില്‍ പറഞ്ഞുകൊണ്ട് വന്നത്. പുസ്തകത്തിന്റെ അവതാരികയില്‍ സം പ്രീത പറയുന്നുണ്ട്,വികാരം പങ്കുവയ്ക്കുന്ന വരികളില്‍ നിന്നും ജീവിതത്തിന്റെ സത്ത അന്വേഷിക്കുന്ന വായനക്കാരന് ഇതില്‍ നിന്നും ലഭിക്കുന്നത് പരമ്പരാഗതമായ ഒരു കാവ്യശൈലിയല്ല. മറിച്ച് നാടും നഗരവും ഓര്‍മകളും നടന്നു നീങ്ങുന്ന ഒരു ലോകത്തിന്റെ ചിത്രമാണ് എന്ന്. അതെ, ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് അവളുടെ ദൈനംദിന കാഴ്ചകളുടെയും, പുറം മോടിയില്ലാത്ത ഓര്‍മകളുടെയും പൊടി പിടിക്കാത്ത ചിന്തകളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.

ഒരു പതിനെട്ടുകാരിയില്‍ നിന്നും പ്രതീക്ഷിക്കാനാവാത്ത വിധത്തിലുള്ള എഴുത്തുരീതികളില്‍ കൂടി ഹരിത കടന്നുപോയിട്ടുണ്ട്. പക്വമാവാത്ത തന്റെ മനസിനെ പക്വമായ ഭാഷയിലേക്ക് കൊണ്ടുവരാന്‍ അവള്‍ കാണിച്ച വ്യഗ്രതയും ഉത്കണ്ഠ കലര്‍ന്ന സംശയങ്ങളും പല കവിതകളിലും നിഴലിച്ചു കാണുന്നുണ്ട്. ഭൂരിഭാഗം കവിതകളിലും 'ഞാന്‍' എന്ന വാക്ക് അമിതമായ സ്വാധീനം ചെലുത്തുന്നു. സ്വന്തം കാഴ്ച്ചപ്പാടുകള്‍ അല്ലെങ്കില്‍ ചിന്താധാരകള്‍ പകര്‍ത്തിയതിനാലായിരിക്കണം അത്. എന്നിരുന്നാലും ഒരേറ്റുപറച്ചിലിന്റെ ധ്വനിയിലൂടെ അവയെല്ലാം കടന്നുപോകുന്നുണ്ട്.

മനസിലേക്കിറങ്ങി ചെല്ലുന്ന വരികള്‍ ഹരിതയില്‍ നിന്നും വരുന്നത് പറഞ്ഞറിയിക്കാനാവാത്ത വേഗതയിലാണ്. അവളുടെ 'കടപ്പാട്' എന്ന കവിതയിലെ ഈ വരികള്‍ അതിനുദാഹരണങ്ങളാണ്.

'അമ്മ തന്ന മുലപ്പാലിനോടും
ചുമന്ന ഗര്‍ഭപാത്രത്തിനോടും
കാട്ടാത്ത എന്റെ കടപ്പാട്
എന്നെ സ്നേഹിച്ചു വശത്താക്കിയ
നിന്നോടെന്തിന് ഞാന്‍ കാണിക്കണം.'

ഇന്നത്തെ യുവത്വത്തിന്റെ വ്യക്തമായ ഒരു ചിത്രം ഈ വരികളിലൂടെ നമ്മിലേക്കെത്തിച്ചേരുന്നുണ്ട്. ഒരാത്മ വിശകലനത്തിലൂടെ എഴുതിയ വരികളാവാം, അല്ലായിരിക്കാം. എങ്കിലും ഹരിതയുടെ പ്രായത്തെ വച്ചു നോക്കുമ്പോള്‍ ഈ വരികള്‍ക്ക് പരിപൂര്‍ണതയുടെ തിളക്കമുണ്ട്.

അവളുടെ 'പ്രണയം' എന്ന കവിതയിലെ ചില വരികള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു.

'ചുവന്ന പുഷ്പങ്ങള്‍ക്കും,
ചെഗുവേരയുടെ ചിന്തകള്‍ക്കും
തളച്ചു നിര്‍ത്താനാവാത്ത പ്രണയം
ഒടുവിലവ
അപക്വമായ പ്രായത്തിന്റെ
കുസ്ര്രിതിയും നിഷ്കളങ്കതയും
ഊറ്റിക്കിട്ടിയ ഓര്‍മകള്‍ മാത്രമായി.'

എന്നില്‍ നിന്നും ഈ വരികളിലേക്കുള്ള ദൂരം തീരെ ചെറുതായിരുന്നു. ഒരു പക്ഷേ അക്കാരണത്താലായിരിക്കും ഞാനീ തരത്തില്‍ ചിന്തിക്കുന്നത്. പൂര്‍ണമായ ഒരു പാകപ്പെടല്‍ ഒരിക്കലും എവിടെയും ആര്‍ക്കും ലഭിക്കില്ലല്ലോ. അത് മനസ്സിലാക്കി ഞാനും ഈ വരികളിലൂടെ ഒന്നു സഞ്ചരിച്ചു.

വ്യത്യസ്തമായ മറ്റൊരു കവിതയായിരുന്നു 'മഴപറച്ചില്‍'. ഒരുപാട് ഉള്ളുരുക്കത്തിന്റെ കഥ പറയുന്നു ആ കവിത. ഒന്നും പൂര്‍ണമായി ചെയ്തു തീര്‍ക്കാനാവാതെ ആരുടെയോ ആജ്ഞകള്‍ക്കനുസ്രുതമായി അതിനായി കാതോര്‍ത്ത് ജീവിച്ചു മരിക്കുന്ന ആരുടെയൊക്കെയോ ചിത്രങ്ങള്‍. അവയെല്ലാം ഹരിതയിലൂടെ നിറം ചാര്‍ത്തപ്പെട്ട് മനോഹരമായ സ്രിഷ്ടിയായിരിക്കുന്നു, ഈ കവിതയിലൂടെ.

'തിരിച്ചറിവ്' എന്ന കവിത, അത് വായിക്കുമ്പോള്‍ അവളുടെ മനസായിരിക്കണേ അതെന്ന പ്രാര്‍ത്ഥനയായിരുന്നു എനിക്ക്. വരികള്‍ ഇതായിരുന്നു.

ഈ കിളി
ഉയരത്തില്‍ പറക്കാറില്ല
കിളിയ്ക്കറിയാം
ഉയരും തോറും
താഴ്ച കൂടുമെന്ന്.'

വ്യക്തമായ സ്വബോധം കവയിത്രിക്കുണ്ട് എന്നാണ് ഈ വരികള്‍ സൂചിപ്പിക്കുന്നുണ്ടാവുക. ഇത് അവളുടെ ഉള്ളില്‍ നിന്നുള്ള വരികളായിരിക്കണം. അല്ലെങ്കില്‍ അതാക്കി മാറ്റണം.

'ജീവിതം ഇനിയും ബാക്കിയാണ്
തോരാത്ത കണ്ണീരിലെ
ഉപ്പുകണമായി ഞാനും.' - എന്ന് 'ഉപ്പുനീര്‍' എന്ന കവിതയില്‍ അവളെഴുതി. മറയുതിര്‍ക്കാത്ത വാക്കിന്റെ കരയിലൂടെയുള്ള അവളുടെ യാത്ര എന്നെ ഒരുപാട് കൊതിപ്പിക്കുന്നു. ഏതൊരാള്‍ക്കും അവളുടെ യാത്രയോടൊപ്പം ചേരാം, അതേ മുഖമായി മാറാം, അവളിലൊരു പ്രതിരൂപമായി ചേക്കേറാം. അവയൊക്കെത്തന്നെയായിരുന്നു അവളുടെ കവിതകളുടെ വിജയം, അതിലെ ആത്മാംശം.

ചിന്തിക്കാനും ചിന്തിക്കപ്പെടാനും ഒരുപാട് കവിതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഹരിത. വാക്കുകളുടെ ഒതുക്കിവയ്പ്പുകളില്‍ ക്രിത്രിമത്വത്തിന്റെ അടയാളം പോലും പതിയാതെ തന്റെ സ്വതസിദ്ധമായ വാക്യപ്രയോഗത്തില്‍ കൂടി കടന്നു പോകുമ്പോള്‍ വായനക്കാരന് ലഭിക്കുന്ന വ്യത്യസ്തമായ വായനാസുഖം അതിന്റെ അങ്ങേ തലത്തിലൂടെ അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്.

മനുഷ്യന്റെ നിരന്തരമായ ചികഞ്ഞുനോക്കലിന്റെ പ്രതികരിക്കുന്ന സാക്ഷിയായാണ് ഹരിത ഈ കാവ്യലോകത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അതിലൂടെയുള്ള അവളുടെ യാത്ര...അതിന് ഒരുപാട് ദൂരം താണ്ടാനുണ്ട്, ഒരുപാട് നീന്തിക്കയറാനുണ്ട്. കവിതകളില്‍ കാണുന്ന വിരഹദുഃഖങ്ങളാകാതിരിക്കട്ടെ അവളുടെ ജീവിതം എന്ന ഒരാശംസയോടെ ഞാന്‍ അവസാനിപ്പിക്കട്ടെ, അവളുടെ വരികള്‍ കൊണ്ടു തന്നെ,

"മൗനമേ
നീയെന്റെ ഭാഷയല്ല
എന്‍
ചിരി പൊട്ടിയുതിരും
നിനക്കു നേര്‍ക്കായ്."

© moonnaamidam.blogspot.com