Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

പൊട്ടിത്തെറിക്കുന്ന വെളിച്ചം

ഷാജി അമ്പലത്തിന്റെ കവിതാസമാഹാരത്തിന് വേണ്ടി എഴുതിയ പഠനം



മനസ്സിലുറഞ്ഞു പോയ നാട്ടുസൗന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചിത്തലപ്പു കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ്
ഷാജി അമ്പലത്തിന്റെ കവിതകള്‍. തന്റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്,കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല.ജീവിതത്തിന്റെ
വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ്.


സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമകരീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. ജീവിതത്തോടുള്ള പ്രതികരണമാണ് ഒരു കവിക്ക്‌ അയാളുടെ
കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും, അവിശ്വാസങ്ങളും സന്ദേഹങ്ങളുമെല്ലാമാണ്. അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ വാക്കുകള്‍ തിരയുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കവിത ഒരു സാന്ത്വനം കൂടിയായി മാറുകയാണ്.


സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍
നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം


'ഒരു നെല്ലിക്കയില്‍
നീയും ഞാനുമുണ്ട്
വായിലൂറുന്ന
രസ പകര്‍ച്ചയില്‍
നീ
എനിക്കേതായിരിക്കും
ഞാന്‍
നിനക്കേതായിരിക്കും'


ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്‌
പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ, പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ
കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക .
" നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി.എന്‍. ഗോപീകൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു. കവിയില്‍ നിന്ന് കാണാതായ
വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൗനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്. കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന്‍ ചോടുകള്‍
ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.

ഭാഷയെ ഹൃദയമിടിപ്പുപോലെ ഗാഡമായി പ്രണയിക്കുന്നവനാവണം കവി. എഴുത്തിന്‍റെ മൂല്യം അതിന്റെ ധീരതയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഭാഷയെ പുതിക്കി പണിയാന്‍
കവി ഇവിടെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം. മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത്, മറക്കപ്പെട്ട
വ്യാകുലതകളും, ശാഠ്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .

ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും. എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാംകത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍
കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും, ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു.

സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍ പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം


കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ, ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക്
എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് . ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത്. സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറ്റിന്റെ തലോടലും, കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ് തറവാട്ടുമുറ്റവും, അപ്പുമേസ്തിരിയും, കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും.


" സ്വന്തമായി
ജീവിതമില്ലാതത്കൊണ്ടാണ്
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"


പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍. അതിന്‌ ഉദാഹരണങ്ങളാണ് "ഗുഡ് ഫ്രൈഡേ", "അപ്പനും മക്കളും" തുടങ്ങിയ കവിതകള്‍. വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷ്ണ വാങ്ങ്മയങ്ങളാല്‍ സമൃദ്ധമാവുകയാണ്.


ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും, ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന്‍ കൊത്തുപണി നടത്തുന്ന കവി, വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള്‍ ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു. ഈ പ്രണയ കവിതകളിലെല്ലാം ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .


"കവി കുടുംബത്തിന്റെ
വിശപ്പുമാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോ " എന്നും



" വാക്കുകളുടെ വാതിലടച്ച്‌
എന്നോട് ചേര്‍ന്ന്
കവിതക്കുള്ളില്‍
തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം
ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുണ്ടെന്ന് നാം അറിയുന്നു. രാധാമണി, തീരം, ഉമ്മ, മഴ,
ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.


കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത മഴ. ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ നനഞ്ഞൊലിച്ചു നടന്നു. അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഇവയിലെല്ലാം തന്നെ 'അവള്‍ ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട്. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുകളിലും, ചില്ലിട്ടു വച്ച ചിത്രങ്ങളിലും അവള്‍ തന്നെയാണ് കവിക്ക്‌ എല്ലാമാവുന്നത്. അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .


" ഏറെ കേട്ടിട്ടും മനസ്സിലാവാതെ
മഴയുടെ വര്‍ത്തമാനം
വിവര്‍ത്തനം ചെയ്യാന്‍
ശ്രമിച്ചു ശ്രമിച്ചു
അവള്‍
പരാജയപെടുന്നുണ്ടാവുമോ "


അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്റേതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും
കവി ശ്രമിക്കുന്നുണ്ട് . തന്റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി
ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .


പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍
രൂപങ്ങളാണ്. ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്‍റെ മനസ്സിലെത്തി മഴ നനയുകയാണ്‌. അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ് കവി , മഴയ്ക്ക്‌
ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!

കവിതയിലെ പുനര്‍വിന്യാസങ്ങള്‍

കാല്പനിക ഉന്മാദിയും, കാല്പനിക കലാപകാരിയുമായിരുന്ന ചങ്ങമ്പുഴയുടെ പൂക്കാലത്ത് തന്നെ തെളിഞ്ഞൊഴുകിയ കവിതകളായിരുന്നു വൈലോപ്പിള്ളിക്കവിതകള്‍. തന്റെ നവവയസ്സിലെ ആദ്യപ്രേമമായ ആശന്‍ കവിതകളിലൂടെ മലയാളകവിതയിലേക്ക് കടന്നുവന്ന വൈലോപ്പിള്ളി കവിത, നാടകം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകള്‍, കടല്‍ക്കാക്കകള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് തുടങ്ങിയ പ്രമുഖകാവ്യങ്ങളും കാവ്യലോകസ്മരണകള്‍ എന്ന ആത്മകഥയും ഋഷ്യശൃംഗനും അലക്സാണ്ടറും എന്ന നാടകവും അദ്ദേഹത്തെ മലയാളസാഹിത്യലോകത്തില്‍ അടയാളപ്പ്ടുത്തിയ കൃതികളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കവിത്രയത്തിലൂടെ വളര്‍ച്ചയെത്തിയതായി സ്വയം പ്രഖ്യാപിച്ച മലയാളകവിത അവിടെ നിന്നും വീണ്ടും ഔന്നത്യത്തിലെത്തിയത് വൈലോപ്പിള്ളിയിലൂടെയായിരുന്നിരിക്കണം. വിഷയസ്വീകാര്യത്തിലും, ആവിഷ്കാരത്തിലും അതിനെല്ലാം നിദാനമായി വര്‍ത്തിക്കുന്ന ദര്‍ശനങ്ങളിലുമെല്ലാം തികച്ചും വ്യത്യസ്തവും നൂതനവുമായ ലോകം കണ്ടെത്തിയ വൈലോപ്പിള്ളി 1985 ലാണ് അന്തരിച്ചത്.



സ്വസ്തിയുടെ മറുപുറം തപ്പുന്ന വൈലോപ്പിള്ളി, ജീവിതത്തിന്റെ പ്രസാദാത്മകവും, വിഷാദാത്മകവുമായ വശങ്ങളെ ഒരേസമയം കാണുന്ന കണ്ണുള്ളവനായിരുന്നു. ജീവിതത്തിന്റെ സൗന്ദര്യാത്മകതയ്ക്കൊപ്പം വികൃതാവസ്ഥയെയും അദ്ദേഹം കാണുകയും തിരിച്ചറിയുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ തെളിയിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നിനില്‍ക്കുന്ന കാല്പനികന്‍ എന്ന വിശേഷണം മാത്രം മതി മലയാളകവിതയില്‍ വൈലോപ്പിള്ളിയുടെ സ്ഥാനം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍. സൂക്ഷ്മമായ എല്ലാ മാനസികഭാവങ്ങളും കവിതകളിലേക്കാവാഹിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് ചങ്ങമ്പുഴയായിരുന്നു. എന്നാല്‍ വൈലോപ്പിള്ളിക്കവിതകള്‍ അതിസൂക്ഷ്മമായ മാനസികവ്യാപാരങ്ങളെയാണ് കവിതയിലേക്ക് കൊണ്ടുവന്നത്. അതിലൊരിക്കലും കാല്പനികതയുടെ പ്രകടസ്വഭാവങ്ങളായ അതിവൈകാരികതയും, വിഷാദാത്മകതയും ഉണ്ടായിരുന്നില്ല. അവയെല്ലാം തന്നെ വൈലോപ്പിള്ളി എന്ന കവിക്ക് അന്യമായിരുന്നു. മനുഷ്യമനസ്സിന്റെയും, മനുഷ്യപ്രകൃതിയുടെയും ആഴങ്ങളിലേക്ക് നോക്കുന്ന കവി, വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സമൂഹസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കവി, സത്യസൗന്ദര്യങ്ങളുടെ പരിണയമാണ് കവിത എന്ന് പറഞ്ഞ കവി തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ ഈ കവിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ കഴിയും.

ഭോഗലാലസവും,സ്ത്രീകേന്ദ്രീക്രിതവും, വര്‍ണ്ണനാപ്രധാനവുമായിരുന്ന മലയാളകവിതയ് ആത്മനിവേദനതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച കവിത്രയത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടതാണ് വൈലോപ്പിള്ളിക്കവിത. ഭാവാത്മകത,പ്രണയസങ്കല്പം,സ്തീസങ്കല്പം,ആത്മാലാപം,സ്വാതന്ത്ര്യസങ്കല്പം എന്നീ തലങ്ങളില്‍ പുതുചലനങ്ങള്‍ പകര്‍ന്നു തന്നവരാണ് കവിത്രയം. ഈ പുതുകാവ്യപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായാണ് വൈലോപ്പിള്ളി കാവ്യലോകത്തേക്ക് കടന്നുവരുന്നത്. ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടശ്ശേരി, എന്നീ കവികളുടെ സമകാലികനായ വൈലോപ്പിള്ളിക്ക് കാവ്യപരിശ്രമങ്ങളില്‍ ഇടശ്ശേരിയോടാണ് ചായ് വ്.

'തുടുവെള്ളാമ്പല്‍ പൊയ്കയല്ല,ജീവിതത്തിന്റെ
കടലേ,കവിതക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം' എന്ന് കവി ഉറക്കെ പ്രഖ്യാപിച്ചത് കാല്പനികതയ്ക്ക് എതിരായി തന്നെയായിരുന്നു. അവിടെ അദ്ദേഹം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നീലക്കടലാണ് കവിതയ്ക്ക് അടിസ്ഥാനമായി കണ്ടത്.

വൈലോപ്പിള്ളിയുടെ ആദ്യസമാഹാരമാണ് 'കന്നിക്കൊയ്ത്ത്'. പാരമ്പര്യത്തെയും, പൈതൃകത്തെയും കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന കൃതിയാണത്. ആ സമാഹാരത്തിലെ കന്നിക്കൊയ്ത്ത് എന്ന കവിത ജീവിതം വിളയിറക്കുകയും നിയതി കൊയ്തെടുക്കുകയും ചെയ്യുക എന്നതാണ് നിയമം എന്ന് സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവിതപ്രേമവും,പ്രകൃതിയുടെ ക്രൗര്യവും എക്കാലത്തേയ്യും ദാര്‍ശനികപ്രശ്നമാണ്. ആ ക്രൗര്യത്തെ അതിജീവിക്കുന്ന ജീവിതം മഹത്തരമാണ്. ജീവിതത്തില്‍ അനശ്വരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ജീവിതത്തിന്റെ തുടര്‍ച്ചയാണ് എന്നെല്ലാം ആ കവിത നമുക്ക് കാണിച്ചുതരുന്നു.

'ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' എന്ന് ചോദിക്കുന്ന കവി, ശുഭപ്രതീക്ഷയോടെ മാത്രം ജീവിതത്തെ കാണുന്നവനാണ്. പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ പ്രത്യാശയോടെ നേരിടാനും മൃതിയെ കീഴ്പ്പെടുത്താനുമാണ് കവി ശ്രമിക്കുന്നത്. മൃതി എപ്പോഴും ജീവിതത്തിനു മേല്‍ ചാടി വീഴാന്‍ ശ്രമിക്കുകയാണ് എന്ന് വൈലോപ്പിള്ളി പല കവിതകലിലും സൂചിപ്പിക്കുന്നുണ്ട്. 1962ല്‍ എഴുതിയ 'ചേറ്റുപുഴ' എന്ന കവിതയില്‍ ഇതേ ആശയം നമുക്ക് കാണാവുന്നതാണ്. 1961ല്‍ ഉണ്ടായ ചേറ്റുപുഴ ബസ്സപകടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതേവഴി ബസ്സില്‍ പോകുന്ന ചെറുപ്പക്കാരന്റെ ഫലിതം കലര്‍ന്ന വാക്കുകളിലൂടെ ഭീകരദുരന്തത്തെ കവി ഫലിതമായി ചിത്രീകരിക്കുന്നു. ഇതിലൂടെ കവി മൃത്യുവിനെ പരിഹസിക്കുകയായിരുനിരിക്കണം ചെയ്തിരിക്കുന്നത്. ബസ്സിലെ കാഴ്ചകളില്‍ ഉത്സാഹത്തിന്റെയും, ജീവിതാജയ്യതയുടെയും സൂചനകളുണ്ട്. അതിന്റെ പരകോടിയിലെത്തുമ്പോഴാണ് ബസ്സ് പാലത്തിനടുത്തെത്തുന്നത്.

'ചേറ്റുപുഴക്കൊലപ്പാലം, വേഗം
ചെറ്റു കുറയ്ക്കൂ ചങ്ങാതീ
ഇങ്ങോ മൃത്യു പതുങ്ങിയതിപ്പൊഴു
മങ്ങോരുണ്ടാമീമടയില്‍' എന്ന് ആ കവിതയിലെ യുവാവ് മരണത്തെത്തന്നെ ഫലിതവിഷയമാക്കിപ്പറയുന്നു. പുലിമടയിലെ പുലിയെപ്പോലെ, മ്രിത്യു ഒളിച്ചിരിക്കുകയാണെന്നും അവസരം നോക്കി ചാടി വീഴാന്‍ അത് കാത്തിരിക്കുകയാണെന്നും കവി സൂചിപ്പിക്കുന്നുണ്ട്.

മരണത്തിന്റെ തേര്‍ വാഴ്ചയുള്ള പാലത്തില്‍ പുതിയ ജീവിതം ചൂണ്ടലിട്ടിളകാതെയിരിക്കുന്ന കാഴ്ച കാണിച്ചുകൊണ്ടാണ് കവിത വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്നത്. മരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.Quotationമരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.Quotation
ജീവിതമരണങ്ങളുടെ സംഘര്‍ഷത്തിനു മുന്നിലും ഇളകാതിരുന്ന് മരണത്തെ കുടുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച എത്ര മനോഹരമായാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ജീര്‍ണ്ണതയെ ചേറ്റിലാഴ്ത്തി പൂര്‍ണ്ണതയിലേക്ക് പായുകയാണ് ചേറ്റുപുഴ എന്ന് കവി ഒടുവില്‍ പ്രഖ്യാപിക്കുന്നതോടെ മരണത്തെ പുറകിലേക്ക് തള്ളി മുന്നോട്ട് കുതിക്കുകയാണ് ജീവിതത്തിന്റെ സ്വഭാവം എന്ന് വ്യക്തമാകുന്നു. ജീവിതത്തിന്റെ മുന്നേറ്റവും മരണത്തിന്റെ തിരിച്ചടിയും വേര്‍പിരിക്കാന്‍ പറ്റാത്ത വിധം ഇഴുകിച്ചേര്‍ന്നതാണെന്നും, ആ ഇഴുകിച്ചേരലാണ് ജീവിതത്തിന്റെ അപ്രതിഹത്വത്തിന്നാധാരം എന്നും കവി ഈ കവിതയിലൂടെ കണ്ടെത്തുന്നു.

മനുഷ്യവീര്യത്തെ പ്രകീര്‍ത്തിക്കുകയും,ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. മല തുരക്കല്‍, പന്തങ്ങള്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് കുതിച്ചു പായുന്ന മാനവവീര്യത്തിന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന കവി, 'ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍' വെമ്പുന്നവനാണ്.

കാലത്തിന്റെ വെല്ലുവിളികള്‍ക്ക് നായകസ്ഥാനം ചാര്‍ത്തിക്കൊടുത്താണ് വൈലോപ്പിള്ളി ഇത്തരം കവിതകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതയുടെ സ്വഭാവം നിരീക്ഷിക്കാനും അതില്‍ തന്റെ നിലപാടെന്തെന്ന് നിഷ്കൃഷ്ടമായി പരിശോധിച്ചറിയാനും കവി കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയാണ് പല കാവ്യങ്ങള്‍ക്കും പ്രമേയമായി വികസിച്ച് വന്നിട്ടുള്ളത്. തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ സ്വയം അതിലലിഞ്ഞും എന്നാല്‍ പിന്നീട് തികഞ്ഞ നിസ്സംഗതയോടെയും മൂല്യനിര്‍ണ്ണയം ചെയ്യാന്‍ ഈ കവി നടത്തുന്ന ശ്രമം മലയാളകാവ്യചരിത്രത്തില്‍ അസദൃശ്യമായി നിലകൊള്ളുന്നു. ഇതേപോലെത്തന്നെ നയവും അഭിനയവും കലര്‍ന്ന ദാമ്പത്യത്തിലെ ശീതസമരങ്ങളെയും വൈലോപ്പിള്ളി കവിതയിലേക്ക് ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണീര്‍പ്പാടം, യുഗപരിവര്‍ത്തനം എന്നീ കവിതകള്‍ അതിന് ഉദാഹരണങ്ങളാണ്. ഫ്യൂഡല്‍ സൗന്ദര്യബോധത്തെ, അതിന്റെ സവിശേഷതയായ മരുമക്കത്തായത്തെ, ഇവിടെ നിലനിന്നിരുന്ന 'സംബന്ധ'രീതിയെ എല്ലാം യുഗപരിവര്‍ത്തനം എന്ന കവിതയില്‍ കവി പ്രതിപാദിക്കുന്നുണ്ട്.

വൈലോപ്പിള്ളിക്കവിതയുടെ മുഖമുദ്ര ദ്വന്ദ്വാത്മകതയാണ്. പാരമ്പര്യത്തെയും, പൈത്രികത്തെയും, ശാസ്ത്രബോധത്തെയും ഇഴചേര്‍ത്ത് രചിച്ച 'സര്‍പ്പക്കാട്' എന്ന കവിതയില്‍ സര്‍പ്പങ്ങള്‍ക്ക് പകരം ഞാഞ്ഞൂലുകളാണ് ആരാധ്യരെന്ന് കവി വ്യക്തമ്മാക്കുന്നു. അവരെ പുതിയ യുഗത്തിലെ നാഗത്താന്മാരായി അവതരിപ്പിക്കാനാണ് കവി ഈ കവിതയിലൂടെ ശ്രമിക്കുന്നത്.

വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുപിണഞ്ഞ് പടര്‍ന്നു കിടക്കുന്ന സര്‍പ്പക്കാടാണ് ഭാരതീയസമൂഹം. കവിത സാമൂഹികവിമര്‍ശനമാണെന്ന് വിശ്വസിക്കുന്ന കവി പാരമ്പര്യത്തിലെ ജീര്‍ണ്ണതകളെ വെട്ടിയകറ്റാനും അതിന്റെ സത്ത നിലനിര്‍ത്താനും ബദ്ധശ്രദ്ധനാണ്. ശസ്ത്രീയബോധത്തിന്റെപിന്‍ബലത്തോടെയാണ് കവി ഇതിനെല്ലാം ശ്രമിക്കുന്നത്. അനന്തതയില്‍ വേരുകളാഴ്ത്തി പടര്‍ന്ന സര്‍പ്പക്കാട്, കവി വെട്ടിയെരിച്ച് അന്ധതയെ അകറ്റാനുള്ള വെളിച്ചമുണ്ടാക്കി. അങ്ങനെ പുതിയ തലമുറയോടായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
'ഒട്ടും പേടിക്കേണ്ടെന്‍ മകനേ
മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍
പുറ്റുകളാണ് - ഇവയല്ലോ നമ്മുടെ
പുതിയ യുഗത്തിലെ നാഗത്താന്മാര്‍'
കര്‍ഷകബന്ധുവായ ഞാഞ്ഞൂളിനെയാണ് ആധുനിക മനുഷ്യന്‍ സര്‍പ്പങ്ങളായി ആദരിക്കേണ്ടത് എന്നൊരു ധ്വനി കൂടി കവി ഇതിലൂടെ നല്‍കുന്നു.

പാരമ്പര്യത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റി മാത്രമെ പൈതൃകത്തിന്റെ സാരാംശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയൂ. അതുപോളെ സൗന്ദര്യബോധത്തോടൊപ്പം ശാസ്ത്രബോധവും ചേര്‍ന്നാലെ മനുഷ്യപുഓഗതിയിലേക്കെത്താനാവൂ എന്ന യാഥാര്‍ത്ഥ്യം കവി ഇവിടെ തിരിച്ചറിയുന്നു.

ആത്മകഥാപരമായ കവിതകളും വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. കവിയുടെ ജീവിതത്തിലെ ദയനീയമായ അനുഭവങ്ങളുടെ ശകലിതചിത്രങ്ങളാണ് ഗീതകവിഭാഗത്തില്‍ പെട്ട 'കുരുവികള്‍'. ഇതൊരു പ്രത്യേക കാലഘട്ടത്തിലെ തന്റെ ഡയറിക്കുറിപ്പുകളാണെന്ന് കവി തന്നെ പറയുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സില്‍ രചിച്ച 'സഹ്യന്റെ മകന്‍' വ്യക്ത്യാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദഫലമായുണ്ടായതാണെന്നും, 'മാമ്പഴം' കൊച്ചനുജന്റെ മരണം കവിയിലേല്പിച്ച ആഘാതമാണെന്നും കവി തന്റെ സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച 'യുഗപരിവര്‍ത്തനം' എന്ന കവിത കവിയുടെ തികച്ചും വ്യക്തിപരമായ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണത്രെ. ദാമ്പത്യജീവിതം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴുള്ള നിലവിളിയാണ് ഈ കവിത. ദാമ്പത്യജീവിതത്തിന്റെ ഹൃദയരക്തം കൊണ്ടെഴുതിയ മറ്റൊരു കവിതയാണ് 'കണ്ണീര്‍പ്പാടം'. ഈ ദാമ്പത്യജീവിതത്തിന്റെ മറുപുറമാണ് 'ഉജ്ജ്വലമുഹൂര്‍ത്തം' എന്ന കവിത. സപ്തതിയോടടുത്ത് എഴുതിയ കവിതയാണ് 'സാവിത്രി'. വ്യക്തിസത്തയുടെയും സാമൂഹികസത്തയുടെയും പ്രസക്തിയും നിലനില്പും സംബന്ധിച്ച അന്വേഷണമാണ് ഈ കവിത. തീഷ്ണവൈരുദ്ധ്യങ്ങളുടെ പരസ്പര സമ്മര്‍ദ്ദവും സമന്വയവുമാണ് വൈലോപ്പിള്ളിക്കവിതയില്‍ കാണുന്നത്.

സാമൂഹികപരിവര്‍ത്തനത്തെ അനുകൂലിക്കുന്ന കവിയാണ് വൈലോപ്പിള്ളി. സാമൂഹികപരിവര്‍ത്തനത്തില്‍ വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുന്നതോടൊപ്പം അതിന്റെ സൃഷ്ട്യുന്മുഖതയെയും, നാശോന്മുഖതയെയും കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രശസ്തകവിതയായ 'കുടിയൊഴിക്കല്‍' സാമൂഹികപരിണാമത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍, ഒരനിവാര്യതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇടതുപക്ഷചിന്താഗതിയും തൊഴിലാളി സംഘടനകളും രൂപം കൊണ്ട 1920കള്‍ക്ക് ശേഷം മാറി വരുന്ന കേരളസാമൂഹ്യപരിസരമാണ് ഇതിന്റെ പശ്ചാത്തലം. 1935ല്‍ കേരളകര്‍ഷകപ്രസ്ഥാനരൂപീകരണത്തോടെ വടക്കേ മലബാറില്‍ രൂപം കൊണ്ട കര്‍ഷകസമരങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഫ്യൂഡലിസത്തിന്റെ ആലസ്യത്തില്‍ നിന്ന് ജന്മിത്വത്തെ ഞെട്ടിപ്പിച്ചുണര്‍ത്തിയ ഒരു ഷോക്ട്രീറ്റ്മെന്റായിരുന്നു ഈ സമരങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള കവിക്ക് വിപ്ലവം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യബോധമുണ്ട്. ഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക് വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.Quotationഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക് വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.Quotation
വിപ്ലവത്തിന്റെ അനിവാര്യതയില്‍ വിശ്വസിക്കുമ്പോഴും ജന്മം കൊണ്ട് മധ്യവര്‍ഗ്ഗസംസ്കാരമുള്ള കവിയുടെ ധര്‍മ്മസങ്കടം, സംഘര്‍ഷം എന്നിവയാണ് ഇതില്‍ ആവിഷ്കരിക്കുന്നത്. വിപ്ലവത്തോടുള്ള തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ വിപ്ലവത്തോട് ചേര്‍ന്നു നിന്നും നിസ്സംഗനായി നിന്നും മൂല്യനിര്‍ണ്ണയം ചെയ്യുകയാണ് കവി. വിപ്ലവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുകയും അതിന്റെ രൂക്ഷതയെ ചൊല്ലി വിലപിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹാര്‍ദ്രനാണ് കവി. അതുകൊണ്ട് തന്നെയാണ് കവി ഇങ്ങനെ ചോദിക്കുന്നത്.

'വിശ്വസംസ്കാരപാലകരാകൂ
വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍
സ്നേഹസുന്ദര പാതയിലൂടെ?'

വൈലോപ്പിള്ളിക്കവിതയിലെ കേരളീയത :


കേരളീയപ്രകൃതിയേക്കാള്‍ കേരളീയസംസ്കൃതി നിറഞ്ഞു നില്‍ക്കുന്നുണ്ട് വൈലോപ്പിള്ളിക്കവിതയില്‍. കര്‍ഷകജീവിത പശ്ചാത്തലത്തിലാണ് ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും ദൈന്യവുമെല്ലാം അദ്ദേഹം ചിത്രീകരിക്കുന്നത്. ഗ്രാമീണപ്രകൃതിയില്‍ നിന്ന് രൂപം കൊണ്ട ഇമേജറികളെക്കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. കാല്പനികതയുടെ സ്വഭാവമായ ഗ്രാമസമ്രിദ്ധിയെ വാഴ്ത്തിപ്പാടല്‍ പല രൂപത്തില്‍ വൈലോപ്പിള്ളിക്കവിതയില്‍ കാണാം. ഗൃഹാതുരത്വമായും, ഗന്ധസ്മൃതികളായും, വെണ്മയുടെ വിശുദ്ധിയായും പല രൂപത്തില്‍ ഇത് പ്രകടമാണ്. കൊയ്ത്തുനെല്ലിന്റെ പുതുഗന്ധം, മാവിന്‍ ചുനയുടെ ഗന്ധം, പുന്നെല്ലിന്റെ പുതുമണം, ഓട്ടുകിണ്ണത്തില്‍ വിളമ്പിയ നെല്ലരിക്കഞ്ഞിയുടെ ഗന്ധം - ഇങ്ങനെ ഗന്ധബിംബങ്ങള്‍ ഗൃഹാതുരത്വത്തിന്റെ സ്വരഭേദങ്ങളായി വരുന്നു. കാലിമേക്കുന്നവരുടെ മദ്യശാലയായ കശുമാവിന്‍ തോപ്പ്, കീറത്തുണി പുതച്ച് ചവറടിച്ച് കൂട്ടി തീ കായുന്ന ഗ്രാമീണ ബാലര്‍, ശങ്കിച്ചും നീട്ടിയും ചിലയ്ക്കുന്ന കിളി, ചിരിയ്ക്കുന്ന വെള്ളില വള്ളികള്‍ നാണം കുണുങ്ങികളായ കുളക്കോഴികള്‍, കണ്മഷിയെഴുതിയ കുന്നിക്കുരു, കൂത്താടുന്ന പശുക്കുട്ടി, പുഴയില്‍ അലസമായി കണ്ണുചിമ്മിക്കിടക്കുന്ന എരുമകള്‍ തുടങ്ങിയവയുടെ കാഴ്ചപ്പുറങ്ങളിലൂടെ നാട്ടിന്‍പുറത്തിന്റെ സ്പന്ദമാപിനിയാകുന്നു ഈ കവിതകള്‍. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. കാലടി പോലുള്ള തുമ്പപ്പൂ, കമ്മലിട്ട മുക്കുറ്റി, കിരീടം വച്ച ആമ്പല്‍, കാക്ക, കുളക്കോഴി, കാലന്‍ കോഴി, മാടത്ത, കരിയിലാം പീച്ചി, കുരുവി, മഞ്ഞക്കിളി, മാവ്,പ്ലാവ്, മുരുക്ക്, പുളി, നാട്ടിന്‍പുറത്തെ കൃഷിക്കാര്‍ എന്നിങ്ങനെ ജൈവവൈവിധ്യം മുഴുവന്‍ അദ്ദേഹത്തിന്റെ കാവ്യലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമീണസംസ്കൃതിയുടെ ധ്വനികേന്ദ്രമായ ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങളും നാട്ടാചാരങ്ങളും ഉത്സവങ്ങളും കൊണ്ട് മുദ്രിതമാക്കപ്പെട്ടതാണ് ഈ കാവ്യവേദി. ഓണത്തെപ്പറ്റി ഏറെ എഴുതിയ കവിയാണ് വൈലോപ്പിള്ളി. ഓണത്തെക്കുറിച്ച് ധാരാളമായി എഴുതിയ മറ്റൊരു കവി പി.കുഞ്ഞിരാമന്‍ നായരാണ്. പി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.Quotationപി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.Quotation
അതുകൊണ്ട് ഓണത്തെക്കുറിച്ച് നിരന്തരം പാടി, കവി സ്വന്തം കവിതയെ ഓണപ്പാട്ടുകളെന്നാണ് വിശേഷിപ്പിക്കുന്നത്. ഓണക്കവിത, ഓണക്കളിക്കാര്‍, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാര്‍, ഓണമുറ്റത്ത്, ഓണം, പൂക്കാലം, അഭിവാദനം, പൂവിളി, മാവേലി നാടു വാണീടും കാലം എന്നിങ്ങനെ ഓണത്ത് കേന്ദ്രവിഷയമാക്കിയ നിരവധി കവിതകള്‍ക്ക് പുറമെ ഓണം പരാമര്‍ശവിഷയമായ കവിതകളും ധാരാളമുണ്ട്.
'എത്ര പാട്ടുകള്‍ പാടീ നമ്മളെന്നാലോണത്തെ
പ്പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ' - എന്നാണ് കവി പ്രസ്താവിക്കുന്നത്.


കറുപ്പിന്റെ സൗന്ദര്യശാസ്ത്രം :


നിറങ്ങളില്‍ ഏഴഴകുള്ള കറുപ്പിനോടാവണം വൈലോപ്പിള്ളിക്കേറെയിഷ്ടം. നമ്മുടെ സൗന്ദര്യസങ്കല്പത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നിറമാണ് കറുപ്പ്. എന്നാല്‍ ദ്രാവിഡസൗന്ദര്യശാസ്ത്രത്തില്‍ കറുപ്പിനാണ് സൗന്ദര്യത്തികവ്. ശ്യാമസുന്ദരനായ കൃഷ്ണനും ശ്യാമളനിറം പൂണ്ട ലോകാഭിരാമനായ രാമനും കാമരൂപന്മാരായിരുന്നു. ചരിത്രഗതിയിലെവിടെയോ വച്ച് കറുപ്പ് അധമനിറമായും വെളുപ്പ് വിശിഷ്ട നിറമായും മാറി. കറുത്ത സൗന്ദര്യത്തെക്കുറിച്ച് പാടിയ കവിയാണ് വൈലോപ്പിള്ളി. കറുപ്പിന്റെ മൂര്‍ത്തീരൂപമായ കാക്കയാണ് കവിക്കിഷ്ടപ്പെട്ട പക്ഷി. 'കാക്ക' എന്ന പേരിലുള്ള കവിത കവിയുടെ ഈ സൗന്ദര്യപക്ഷപാതത്തെ വെളിവാക്കുന്നുണ്ട്.

കിഴക്ക് വെള്ള കീറുമ്പോള്‍ വീട്ടുമുറ്റത്തെ പുളിമരക്കൊമ്പില്‍ വന്നിരുന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന കാക്ക 'കൂരിരുട്ടിന്റെ കിടാത്തിയാണ്'. എന്നാല്‍ അവള്‍ പകലിന്റെ ഉറ്റതോഴിയാണ്. വീടും പരിസരവും വ്രിത്തിയാക്കുന്ന കാക്ക,
'ചീത്തകള്‍ കൊത്തിവലിക്കുകിലും,
ഏറ്റവും വ്രിത്തി വെടിപ്പെഴുന്നോള്‍' ആണ്.

വീട്ടുകാരോട് സ്നേഹമുള്ള പക്ഷിയാണെങ്കിലും തന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധയാണ് കാക്ക. ഗൃഹലക്ഷ്മിയുടെ നാലുകെട്ടില്‍ മാടത്ത, തത്ത, കുയില്‍, പ്രാവുകള്‍ ന്നിവ പാറിക്കളിക്കുന്നുണ്ടെങ്കിലും അവള്‍ക്കേറെയിഷ്ടം കാക്കയോടാണ്. കാരണം അവളാണ് വീടിനെ വൃത്തിയായി ശുദ്ധീകരിക്കുന്നത്.

'ലോലമായ് മൂവ്വിതളുള്ള നീല
കാലടിയെങ്ങു പതിഞ്ഞിടുന്നോ
ആ നിലമൊക്കെയും ശുദ്ധിയേല്പൂ
ചാണകവെള്ളം തളിച്ച പോലെ'

ഇതിലെ കാക്ക വെറുമൊരു പക്ഷിയല്ല. നേരം പുലരുമ്പോഴേ നാലുക്ട്ടിലെത്തി മുറ്റം അടിച്ച് തളിച്ച് പാത്രം കഴുകി നിലം തുടച്ച് വീട് വൃത്തിയാക്കുന്ന കറുത്ത പുലയക്കിടാത്തി കൂടിയാണ്. കാക്കയുടെ ചെയ്തികള്‍ വിശാലമായ അര്‍ത്ഥത്തില്‍ ഒരു ദളിത് സ്ത്രീയുടെ ചെയ്തികളായി മാറുന്നു. ഇങ്ങനെ പക്ഷികളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവളായ കാക്ക കവിതയില്‍ അധീശവര്‍ഗ്ഗം പാര്‍ശ്വവത്കരിച്ച ദളിത് സ്ത്രീയായി മാറുന്നു. ഇവിടെ കവി ദളിതപക്ഷത്താണ്. അവരുടെ കര്‍മ്മങ്ങളോട് ആദരവുള്ളവനാണ്. കര്‍മ്മവീര്യത്തോടുള്ള കവിയുടെ ഈ ആദരവ് തന്നെയാണ് കവിയെ കര്‍ഷകപക്ഷപാതിയാക്കി മാറ്റുന്നതും.

സഹ്യന്റെ മകനിലെ മാനവികത :


വൈലോപ്പിള്ളിക്കവിതകളുടെ പൊതുസ്വഭാവത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ് 'സഹ്യന്റെ മകന്‍'. രൂപലാളിത്യം വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതയെങ്കില്‍ ഈ കവിത രൂപഘടനയില്‍ സങ്കീര്‍ണ്ണതയുള്ളതാണ്.

'സഹ്യന്റെ മകനി'ലെ സ്ഥലകാലങ്ങള്‍ ഒരമ്പലമുറ്റവും ആത്രിയിലെ എഴുന്നള്ളിപ്പും ആനയോട്ടവുമാണ്. ഒരുത്സവത്തിന്റെ വിവരണത്തോടെ കവിത തുടങ്ങുന്നു.

"ഉത്സവം നടക്കയാണമ്പലമുറ്റത്തുയര്‍
ന്നുജ്ജ്വലല്‍ ദീവെട്ടികളിളക്കും വെളിച്ചത്തില്‍
പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോടും
പതിനഞ്ചാനക്കരിമ്പാറകളുടെ മുമ്പില്‍
വാദ്യമേളത്തിന്‍ താളപാതത്തില്‍ തലയാട്ടി
പ്പൂത്ത താഴ്വരപോലെ മരുവീ പുരുഷാരം."

പതിനഞ്ചാനകളില്‍ 'കുറുമ്പനാണോ നടുക്കെഴും കൊമ്പന്‍' എന്ന് സംഘമായി മുറുക്കിക്കൊണ്ടിരുന്ന ചിലര്‍ അഭിപ്രായപ്പെട്ടു. മദപ്പാട് മാറാത്ത കൊമ്പനെ തലയെടുപ്പിന്റെ പേരില്‍ കൂച്ചുവിലങ്ങിട്ട് എഴുന്നള്ളിച്ചതാണ്. ഉറക്കമൊഴിക്കല്‍ അവനെ ഒന്നുകൂടി അസ്വസ്ഥനാക്കി. അവന്‍ ദിവാസ്വപ്നത്തിലാണ്. സഹ്യകാനനങ്ങളില്‍ താന്‍ ഒരൊറ്റയാനായി വിലസി നടന്നിരുന്നതിന്റെ സ്മരണ അവന്റെ തലയ്ക്കുള്ളില്‍ തിളച്ചുമറിഞ്ഞു. ഒരു വസന്തകാലത്തിലെ രാവും പകലും കാമാസക്തനായി അലഞ്ഞു നടന്ന അവന്‍, മുന്നിലൊരാനക്കൂട്ടത്തെ കാണുന്നു. അതിലെ പിടിയാനകളിലൊന്നിനോട് ചേരാന്‍ അവന്‍ മുന്നോട്ടായുന്നതോടെ കൂച്ചുവിലങ്ങ് പൊട്ടുന്നു. കാലില്‍ ചുറ്റിയ ഏതോ കാട്ടുവള്ളികള്‍ പൊട്ടുന്നതായി അവന് തോന്നി. പുറത്തിരുന്ന എഴുന്നള്ളിപ്പുകാരന്‍ ഉരുണ്ട്പെരണ്ട് വീഴുന്നു.

വാനരം പുറത്തേറി മറിയുന്നുവോ എന്ന് അവന്‍ ശങ്കിക്കുന്നു. ജനങ്ങള്‍ പരിഭ്രമിച്ച് പരക്കം പായുന്നു. തന്റെ കാല്‍ച്ചുവട്ടില്‍ ചെടികള്‍ കരയുന്നതായും താന്‍ ഉരിഞ്ഞെടുത്ത മരക്കൊമ്പുകളില്‍ നിന്ന് രക്തം വാര്‍ന്ന് വീഴുന്നതായും അവന് തോന്നുന്നു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അമ്പലമതില്‍ക്കെട്ട് നിശബ്ദമായി. വെളിച്ചം കെട്ടു. ആന വീണ്ടും തന്റെ കൂട്ടുകാര്‍ക്കടുത്തേക്ക് നീങ്ങി. പിടിയാനയുടെ കാലില്‍ തുമ്പിക്കൈ കൊണ്ട് പ്രണയപൂര്‍വ്വം ചുറ്റിപ്പിടിച്ചു. അതോടെ ഉത്സവപ്പന്തലിലെ കുലവാഴ ഒടിഞ്ഞു വീണു. പെട്ടെന്ന് കൂട്ടത്തിലെ ഒറ്റയാന്‍ തന്നോട് ഏറ്റുമുട്ടാന്‍ വരുന്നതായി ആനയ്ക്ക് തോന്നി. സര്‍വ്വശക്തിയുമെടുത്ത് അവന്റെ നേര്‍ക്ക് തന്റെ ക്രൂരമായ കൊമ്പുകള്‍ ചേര്‍ത്ത് ചിഹ്നം വിളിച്ചു. അപ്പോള്‍ ഗോപുരമതിലാകെ ഇടിഞ്ഞു തകര്‍ന്നു വീണു. നേരം വെളുത്തപ്പോള്‍ പട്ടാളക്കാരന്‍ തോക്കുമായി വന്ന് ആനയെ വെടി വയ്ക്കുന്നു. കൊടിയ നിലവിളിയോടെ ആന പിടഞ്ഞു വീഴുന്നു.

"ദ്യോവിനെ വിറപ്പിയ്ക്കുമാവിളി കേട്ടോ മണി
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം
എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടൂ പുത
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍"

സഹ്യന്റെ പപിതൃഹൃദയമാണ് ആനയുടെ നിലവിളി കേട്ടത്. സുഖാലസ്യത്തില്‍ മയങ്ങുന്ന മാനവരുടെ ദൈവം അത് കേട്ടില്ല. ഇതാണ് കഥാസാരം.

ഇവിടെ കൊലയാളിയായ ആനയെ വെടിവച്ചു കൊല്ലുന്നു. ആന അതിന്റെ ജന്മവാസനയുടെ പുറകെ പോയതുകൊണ്ടാണ് അതിനെ നിഗ്രഹിക്കേണ്ടി വന്നത്. ആന ആളുകളെ കൊന്നുവെങ്കിലും ആനയെ വെടിവച്ചു കൊല്ലുമ്പോള്‍ ആനയോട് സഹാനുഭൂതി തോന്നുന്നത് സ്വാഭാവികമാണ്. ഈ കവിത കേവലം ആനയോടുള്ള സഹാനുഭൂതിയെ മാത്രമല്ല കാണിച്ചുതരുന്നത്. മനുഷ്യന്‍ മദാന്ധനായി ഭ്രമാത്മകചിത്തനാവുന്ന അവസ്ഥയെക്കുറിച്ചും ഇത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്നേഹിക്കാനുള്ള വ്യഗ്രതയും ഹിംസിക്കാനുള്ള ഔത്സുക്യവും ഒരേ സമയമാണ് ആനയുടെ മനസ്സിലുണ്ടാവുന്നത്. സ്നേഹിക്കാനും ദ്രോഹിക്കാനുമുള്ള വാസന പുണ്യപാപങ്ങളെപ്പോലെ സുഖദുഃഖങ്ങളെപ്പോലെ കയ്പും മധുരവും പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന മാനസികഘടന മനുഷ്യനിലുമുണ്ട്. അവന്‍ ആര്‍ജ്ജിക്കുന്ന സംസ്കാരത്തിലൂടെ ദ്രോഹവാസനയെ നിയന്ത്രിക്കാന്‍ അവന്‍ ശ്രമിക്കുകയാണ്. എന്നിട്ടും ചിലപ്പോള്‍ അവനതിന് കഴിയാതെ പോകുന്നുണ്ട്. സംസ്കാരപാരമ്പര്യങ്ങളും ജന്മവാസനയും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ ജന്മവാസന സംസ്കാരപാരമ്പര്യത്തെ അതിജീവിക്കുകയും അതിന്റെ അനിയന്ത്രിതത്വം അപായത്തിലേക്ക് എത്തിക്കുകയും ചെയ്യും. കാട്ടിലെ ആന ജന്മവാസനയ്ക്കനുസരിച്ച് സ്വച്ഛന്ദമായി വിഹരിക്കുന്ന പ്രാകൃതനാണ്. നാട്ടിലെത്തിയ അവനെ ചട്ടം പഠിപ്പിച്ച് നാഗരികനാക്കിയതാണ്. പ്രാക്രിതമനുഷ്യന്‍ നാഗരികമനുഷ്യനിലേക്കെത്തുന്നതും ഇത്തരം ചട്ടങ്ങള്‍ക്ക് വിധേയനായിട്ടാണ്. സമൂഹത്തിലെ പെരുമാറ്റ സംഹിതകളാണ് ആ ചട്ടങ്ങള്‍. സമൂഹജീവിയായ മനുഷ്യന്‍ ഹൃദയപ്രേരണകള്‍ പലതിനെയും നിയന്ത്രിച്ചുകൊണ്ടും അടക്കിപ്പിടിച്ചുകൊണ്ടുമാണ് മാന്യനായി മാറുന്നത്. അവനിലെ പ്രാകൃതന്‍ പല അവസരങ്ങളിലും വെളിയിലേക്ക് വരും. സമൂഹമര്യാദ അതിനെ വിലക്കുന്നതിനാല്‍ അവന്‍ നിയന്ത്രണ വിധേയനായി പെരുമാറുന്നു. ഒരു കുറ്റവാളിയെ വിചാരണ ചെയ്യുമ്പോള്‍ അയാളുടെ മാനസികാവസ്ഥ നാം ചിന്തിക്കാറില്ല. ഒരു മാനസികാപഗ്രഥനം നടത്തിയാല്‍ ഒരുപക്ഷേ ആ കുറ്റവാളിയോട് നമുക്കും സഹാനുഭൂതി തോന്നിയേക്കാം. മദയാനയുടെ ദുരന്തത്തില്‍ വായനക്കാരനു തോന്നുന്ന സഹാനുഭൂതിക്ക് നിദാനം അവന്റെ മാനസിക ഘടനയാണ്. നാട്ടാന കാട്ടാനയാകുമ്പോള്‍ അവന്‍ അപകടകാരിയാവുന്നു. നാഗരികന്‍ പ്രാക്രിതനാവുന്നതും ഇതുപോലെത്തന്നെ അപകടകരമാണ്. വൈലോപ്പിള്ളിയുടെ മറ്റ് കവിതകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ രൂപരചന സങ്കീര്‍ണ്ണമാണ്. ആനയുടെ സ്വപ്നമണ്ഡലത്തിലെ കാടിനെ അവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പല പദങ്ങളും മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ടതാണ്. ആര്‍ദ്രത, സ്വജനസ്നേഹം, യൗവ്വനപ്പുളപ്പ്, സംഘര്‍ഷസംരംഭങ്ങള്‍, ഭീകരത, ഭീരുവിന്റെ പരപുച്ഛം, ബലഹീനത തുടങ്ങിയ പദങ്ങളുടെ പ്രതിധ്വനി മനുഷ്യജീവിതത്തിലേക്ക് വ്യാപരിപ്പിക്കുമ്പോള്‍ അന്ധമായ ജന്മവാസന കൊണ്ട് അനിയന്ത്രിതനായി, മദാന്ധനായി ജീവിതദുരന്തത്തിലേക്ക് ചങ്ങല പൊട്ടിച്ചു പായുന്ന മനുഷ്യാവസ്ഥയെക്കൂടി ദര്‍ശിക്കാനാവും. കാടനായ മനുഷ്യനും കാടനായ ആനയും, ഇരുവരുടേയും ജന്മസ്ഥലം സംസ്ക്രിതി കലരാത്ത കൊടുംകാടാണ്. കാടിന്റെ വന്യാവസ്ഥയും നാടിന്റെ മാന്യാവസ്ഥയും പരസ്പരം ഇണങ്ങി നില്‍ക്കുന്നവയല്ല. കാടന്‍/നാടന്‍, പ്രാകൃതന്‍/സംസ്കൃതന്‍ എന്നീ ദ്വന്ദങ്ങളുടെ വൈരുദ്ധ്യം കൂടി ഇതിലൂടെ പ്രകടമാവുന്നുണ്ട്.

സ്വന്തം കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളെ പ്രതിധ്വനിപ്പിക്കുന്നതാണ് വൈലോപ്പിള്ളിക്കവിത. മാനുഷികവികാരങ്ങളെ മാനിക്കുന്ന മഹത്തായ ജീവിതത്തെ പ്രകീര്‍ത്തിക്കുന്ന മനുഷ്യകഥാനുയായിയായ കവി കാവ്യലോകത്ത് തന്റെ ഒച്ച വേറിട്ട് കേള്‍പ്പിക്കുന്നവനാണ്.



മലയാളനാടില്‍ പ്രസിദ്ധീകരിച്ചത്

രണ്ടിടങ്ങഴി, ചോമനദുഡി - ഒരു പുനര്‍വായന




മലയാളത്തിലും കന്നഡയിലും നോവലിന്റെ ആവിര്‍ഭാവം പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണെന്ന് പറയാം. മലയാളത്തിലെ ആദ്യ നോവലായി കണക്കാക്കുന്ന അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' 1887ലും കന്നടയിലെ ആദ്യ നോവലായ ഗുളവാഡി വെങ്കിടറാവുവിന്റെ 'ഇന്ദിരാഭായി' 1899ലുമാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ആദ്യ നോവലുകളില്‍ പ്രകടമാകുന്ന ഇംഗ്ലീഷ് നോവലുകളുടെ സ്വാധീനത കന്നടയിലെ പ്രാരംഭ നോവലുകളിലും പ്രകടമാണ്. ലക്ഷണയുക്തമായ നോവല്‍ എന്ന നിലക്ക് ഇവ ഒരിക്കലും പൂര്‍ണ്ണതയുള്ളവയായിരുന്നില്ല. ചരിത്രനോവല്‍, സാമൂഹ്യ നോവല്‍ എന്നീ വിഭാഗങ്ങളിലൂടെ ഈ പ്രസ്ഥാനം പലയിടത്തും വളര്‍ന്നുവരുന്നത് നമുക്ക് കണ്ടെത്താന്‍ സാധിക്കും.

വ്യത്യസ്ത ഭാഷകളിലെ രണ്ടെഴുത്തുകാരെ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് പല തരത്തിലാവാം. ഇരുവരുടെയും നോവല്‍ ശില്പത്തെ അടിസ്ഥാനമാക്കിയോ കാലഘട്ടത്തിന്റെ സ്വാധീനം രണ്ട് കൃതികളിലും പ്രതിഫലിക്കുന്നതെങ്ങിനെ എന്ന നിരീക്ഷണത്തിലൂടെയോ ഇരുവരുടെയും ദര്‍ശനങ്ങളെ അധികരിച്ചോ താരതമ്യ പഠനം നടത്താം. എല്ലാ ഘടകങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സാമാന്യനിരീക്ഷണമാണ് നടത്താനുദ്ദേശിക്കുന്നത്.

1912ല്‍ അമ്പലപ്പുഴയിലെ തകഴിയില്‍ ജനിച്ച ശിവശങ്കരപ്പിള്ളയുടെ സാഹിത്യജീവിതം വിദ്യാര്‍ത്ഥിജീവിതകാലം മുതലാണ് ആരംഭിക്കുന്നത്. 1936ല്‍ ആദ്യനോവലായ 'ത്യാഗത്തിന്റെ പ്രതിഫലം' പ്രസിദ്ധീകരിച്ചതോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായ തകഴിയില്‍ നിന്നും ധാരാളം നോവലുകളും ചെറുകഥകളും ഭാഷയ്ക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകളായ 'രണ്ടിടങ്ങഴി', 'ചെമ്മീന്‍', 'തോട്ടിയുടെ മകന്‍' എന്നിവ ഭാരതീയ ഭാഷകളിലേക്ക് മാത്രമല്ല നിരവധി ലോകഭാഷകളിലേക്ക് കൂടി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1928ല്‍ 'ദേവദൂതരു' എന്ന കൃതിയുമായി രംഗപ്രവേശം ചെയ്ത ശിവരാമകാറന്ത് 1933ല്‍ രചിച്ചതാണ് 'ചോമനദുഡി'. കന്നടയുടെ നവോത്ഥാനകാലം എന്ന് പൊതുവെ പറയുന്ന പുനരുത്ഥാന കാലഘട്ടമാണ് കാറന്തിന്റെ കാലം. ഈ കാലഘട്ടത്തിലെ കന്നട സാഹിത്യം മാനവികവും ജനാധിപത്യപരവും മതേതരവുമായിരുന്നു. ജീവിതത്തിന്റെ സാര്‍ത്ഥകതയിലുള്ള വിശ്വാസം, മതേതരമായ കാഴ്ചപ്പാട്, സാധാരണ മനുഷ്യന്റെയും സമൂഹത്തിലെ അവശവിഭാഗത്തിന്റെയും ജീവിതത്തിലുള്ള താത്പര്യം എന്നിവ ആ നവോദയത്തിന്റെ മുദ്രകളാണ്.
ഒരേ തരം മനുഷ്യാനുഭവങ്ങള്‍ ഒരേ തരം സാഹിത്യ കൃതികളുടെ ആവിര്‍ഭാവത്തിന് കാരണമാകും. വ്യത്യസ്ത ഭാഷകളിലെ എഴുത്തുകാര്‍ സമാനപ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പല പരിണാമങ്ങളും സംഭവിക്കാം. പ്രമേയനിഷ്ഠമായ കാരണങ്ങളോ സാംസ്കാരിക സാഹചര്യങ്ങളുടെ പ്രേരണയോ എഴുത്തുകാരന്റെ സവിശേഷവ്യക്തിത്വമോ ഈ പരിണാമത്തിന് കാരണമാവാം. ദാരിദ്ര്യം, ചൂഷണം, സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നീ ആശയങ്ങളും അടിമ, തൊഴിലാളി, മുതലാളി എന്നീ കഥാപാത്രങ്ങളും ഈ രണ്ട് നോവലുകളിലും നമുക്ക് ദര്‍ശിക്കാം.


കുട്ടനാട്ടിലെ സാമൂഹിക വര്‍ഗ്ഗങ്ങളെ നോവലുകളിലവതരിപ്പിച്ച തകഴിയുടെ ശ്രദ്ധേയമായ ഒരു നോവലാണ് 1948ല്‍ പ്രസിദ്ധീകരിച്ച 'രണ്ടിടങ്ങഴി'. ലളിതമായ ഒരു കഥയാണ് ഇതിന്റെ ഇതിവൃത്തം. വരണാര്‍ത്ഥികളായി വന്ന കോരന്‍, ചാത്തന്‍ എന്നിവരില്‍ കോരന്‍ ചിരുതയുടെ ഭര്‍ത്താവായിരുന്നു. ചാത്തന് അതില്‍ പരിഭവമില്ല. ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജന്മിയുടെ മകനെ കൊന്ന കുറ്റത്തിന് കോരന് ജയിലില്‍ പോകേണ്ടി വരുന്നു. ആ സന്ദര്‍ഭത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ വിശ്വാസപൂര്‍വ്വം ഏല്‍പ്പിക്കുന്നത് ചാത്തനെയാണ്. ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവരുന്ന കോരന് ചിരുതയെയും മകനെയും ചാത്തന്‍ തിരിച്ചേല്‍പ്പിക്കുന്നു. ഈ കഥയ്ക്ക് വ്യതിരിക്തത കൈവരുന്നത് അതിനെ പ്രതിഷ്ഠിച്ചിരിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാണ്. സാമൂഹ്യവും സാംസ്കാരികവുമായ ഒരു പശ്ചാത്തലത്തിലാണ് കഥാവതരണം നടത്തിയിട്ടുള്ളത്. ആ പശ്ചാത്തലത്തിന്റെ ചലനാത്മകതയും, വര്‍ഗ്ഗസമരം ആ ചലനാത്മകതയ്ക്ക് പകരുന്ന ആവേശവുമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കി മാറ്റിയത്.

സ്വന്തം മണ്ണില്‍ കൃഷിയിറക്കുക എന്നത് ജന്മസാഫല്യമായി കാണുന്ന ഒരു അയിത്ത ജാതിക്കാരന്റെ കഥയാണ് 'ചോമനദുഡി'. എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്ന ചോമന്റെയും കുട്ടികളുടെയും കഥ. പതിനെട്ട് അധ്യായങ്ങളിലായി വിവരിക്കപ്പെട്ട ചോമന്റെ കുടുംബകഥയില്‍ ചോമനും കുടുംബത്തിനും പുറമെ മാന്വേലന്‍ എന്ന കങ്കാണിയും ജന്മിയായ സങ്കപ്പയ്യരും ഇടക്കിടെ പരാമര്‍ശിക്കപ്പെടുന്ന ബിറുമപ്പൂജാരിയും കള്ളുഷാപ്പുകാരനുമാണ് കഥാപാത്രങ്ങളാകുന്നത്. പുലയന്‍ കൃഷി ചെയ്താല്‍ നാട് മുടിയുമെന്ന ധാരണ ശക്തമായി നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ നാലടി മണ്ണില്‍ സ്വന്തമായി കൃഷി ചെയ്യാന്‍ ആഗ്രഹിച്ച് ആഗ്രഹം സഫലമാകാതെ മരിക്കേണ്ടി വന്ന ഒരുവനാണ് ഇതിലെ നായകന്‍.

ഒരേ തരം മനുഷ്യാനുഭവങ്ങള്‍ ഒരേ തരം സാഹിത്യ കൃതികളുടെ ആവിര്‍ഭാവത്തിന് കാരണമാകും. വ്യത്യസ്ത ഭാഷകളിലെ എഴുത്തുകാര്‍ സമാനപ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പല പരിണാമങ്ങളും സംഭവിക്കാം. പ്രമേയനിഷ്ഠമായ കാരണങ്ങളോ സാംസ്കാരിക സാഹചര്യങ്ങളുടെ പ്രേരണയോ എഴുത്തുകാരന്റെ സവിശേഷവ്യക്തിത്വമോ ഈ പരിണാമത്തിന് കാരണമാവാം. ദാരിദ്ര്യം, ചൂഷണം, സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നീ ആശയങ്ങളും അടിമ, തൊഴിലാളി, മുതലാളി എന്നീ കഥാപാത്രങ്ങളും ഈ രണ്ട് നോവലുകളിലും നമുക്ക് ദര്‍ശിക്കാം.

ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയവും കര്‍ഷകപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളും കൂടിച്ചേര്‍ന്ന് 1930കളില്‍ പുതിയൊരുണര്‍വ്വ സൃഷ്ടിച്ചു. സാമൂഹ്യസംഘടനയില്‍ സംഭവിച്ച മാറ്റം പുതിയൊരു തരം സാഹിത്യസ്രിഷ്ടിക്കും ഭാവുകത്വ സൃഷ്ടിക്കും കാരണമായി. ഈ പ്രവണത അന്ന് നമുക്ക് ഭാരതത്തില്‍ മുഴുവന്‍ ദര്‍ശിക്കാനാകുമായിരുന്നു. മലയാള നോവലിന്റെ നവോത്ഥാന കാലഘട്ടം ആരംഭിക്കുന്ന നാല്പതുകളിലെ സര്‍ഗ്ഗസൃഷ്ടികളിലെല്ലാം ഈ പ്രവണത പ്രകടമാണ്. 1933ല്‍ രചിക്കപ്പെട്ട 'ചോമനദുഡി'യില്‍ ഇതിന്റെ അടിയൊഴുക്കുണ്ട്. തകഴിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നവോത്ഥന നായകന്‍ തന്നെയാണ്.

തകഴിയും കാറന്തും അവതരിപ്പിക്കുന്ന പ്രമേയം അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ കഥയാണെങ്കിലും രണ്ട് പേരുടെയും അവതരണ രീതി വ്യത്യസ്തമാണ്. വിവരണാത്മകമായ, യഥാതഥമായ ചിത്രണമാണ് തകഴി കൈക്കൊള്ളുന്നത്. കാരന്തിന്റേതാകട്ടെ സംക്ഷേപരീതിയിലുള്ളതും ധ്വന്യാത്മകവുമാണ്. ലാസ്യതാളമായും രൗദ്രതാളമായും മാറിമാറി വരുന്ന ചോമന്റെ തുടികൊട്ടല്‍ അയാളുടെ മാനസിക വിക്ഷോഭങ്ങളുടെ കയറ്റിറക്കങ്ങളാണ്. കൂട്ടായ്മയുടെ ശക്തിയറിയാത്ത ഏകനായ ഒരടിമ മാത്രമാണ് കാറന്തിന്റെ നായകന്‍. അനീതിക്കെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത-പ്രതിഷേധിക്കാനുള്ള വെമ്പല്‍ ഉള്ളിലുയരാന്‍ തുടങ്ങുന്നുണ്ടെങ്കിലും നട്ടെല്ല് നിവര്‍ത്താന്‍ തന്റേടമാകാത്ത്-ഒരടിമ മാത്രമാണയാള്‍. അതുകൊണ്ട് തന്നെ നായകനെ കൊണ്ട് അവകാശസമരം നടത്താന്‍ കാറന്തിന് കഴിഞ്ഞില്ല. തൊഴിലാളിയെ വിപ്ലവകാരിയാക്കുന്നതിന് പകരം വായനക്കാരന്റെ മനസില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കാറന്ത് ശ്രമിച്ചത്. ചോമന്റെ ഹൃദയമിടിപ്പിന്റെ താളമാണ് തുടിയുടെ നാദത്തില്‍ കൂടി താനുദ്ദേശിക്കുന്നതെന്ന് കാറന്ത് തന്നെ വ്യക്ത്മാക്കിയിട്ടുണ്ട്. ആ തുടിയുടെ താളം വിപ്ലവകാഹളമായി വായനക്കാരനില്‍ മുഴക്കുക എന്നതായിരിക്കണം കാറന്ത് ലക്ഷ്യമിട്ടത്. സാര്‍വ്വലൗകീകമായ ഒരു പ്രശ്നം പ്രമേയമാക്കി കര്‍ണ്ണാടകത്തിലെ പുലയരുടെ ജീവിതം ചിത്രീകരിക്കുക മാത്രമാണ് കാറന്ത് ചെയ്തിട്ടുള്ളത്.


കര്‍ഷകത്തൊഴിലാളിയും കര്‍ഷക മുതലാളിയും തമ്മിലുള്ള അനിവാര്യമായ സംഘട്ടനത്തിന്റെ ചിത്രമാണ് 'രണ്ടിടങ്ങഴി'യില്‍. തകഴിയുടെ ഉള്ളിലുള്ള സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയവും അതിന്റെ സന്ദേശമായ 'കൃഷിഭൂമി കര്‍ഷകര്‍ക്ക്' എന്ന വിപ്ലവകരമായ ഉദ്ബോധനവുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരം ഇതിന്റെ പിന്നിലെ പ്രബലവികാരമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതിന് നോവലിലെ ചില സൂചനകള്‍ തന്നെ തെളിവ് തരുന്നുണ്ട്. വയലാര്‍ വിപ്ലവത്തിന്റെ ക്ഷോഭമാകെ ഉള്‍ക്കൊള്ളുന്ന നായകകഥാപാത്രമാണ് ഇതിലെ കോരന്‍. സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് തകഴിയില്‍ വളര്‍ന്നു വന്ന മാര്‍ക്സിസത്തോടുള്ള അനുഭാവം അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ കാണാം. 'രണ്ടിടങ്ങഴി'യിലും ഇതിന്റെ സ്വാധീനത ദൃശ്യമാണ്. സമൂഹത്തില്‍ സമത്വം സ്ഥാപിക്കുന്നതിന് വിപ്ലവം അനിവാര്യമാണെന്ന ചിന്ത തകഴിക്കുണ്ട്. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവനാണ് കോരന്‍. യഥാതഥമായ ശൈലിയില്‍ നവോത്ഥാന സന്ദേശങ്ങളാവിഷ്കരിക്കുന്ന രീതിയാണ് തകഴി പിന്തുടര്‍ന്നിട്ടുള്ളത്. അധഃസ്ഥിതനായ പറയന്റെ യഥാതഥമായ ജീവിതചിത്രണമാണ് 'രണ്ടിടങ്ങഴി'.

കാടിന്റെ പശ്ചാത്തലത്തില്‍ ബാഹ്യലോകത്തെക്കുറിച്ച് യാതൊന്നുമറിയാത്ത നിഷ്കളങ്കരായ ഒരു വിഭാഗത്തിന്റെ കഥയാണ് കാറന്ത് അവതരിപ്പിക്കുന്നത്. മാനസികോല്ലാസമാണ് സാഹിത്യത്തിന്റെ പ്രയോജനമെന്ന സിദ്ധാന്തത്തിന് ഈ കൃതിയില്‍ സ്ഥാനമില്ല. ചുറ്റുപാടുകളാല്‍ പരാജയപ്പെടുന്ന നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവചരിത്രമാണ് 'ചോമനദുഡി'. ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം രൂക്ഷമായിരുന്ന ഒരു ദുരാചാരമാണ് തീണ്ടലും തൊടീലും. 'ചോമനദുഡി'യിലെ ചോമന്റെ മകന്‍ മുങ്ങിമരിക്കുന്നത് കാഴ്ച്ചക്കാരായി നില്‍ക്കുന്ന ഒരു കൂട്ടം മേല്‍ജാതിക്കാരുടെ സാന്നിധ്യത്തിലാണ്. അവനെ രക്ഷിക്കാന്‍ തുനിഞ്ഞ ബ്രാഹ്മണയുവാവിനെ അതില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയത് ജാതിരാക്ഷസനാണ്.

കുട്ടനാട്ടില്‍ നിലവിലിരുന്ന അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിപ്ലവകാരിയായ കോരനെയാണ് 'രണ്ടിടങ്ങഴി'യില്‍ തകഴി അവതരിപ്പിക്കുന്നതെങ്കില്‍ വടക്കേ ഇന്ത്യയിലെ പരിതസ്ഥിതികള്‍ക്കനുസരിച്ച് ജന്മിത്തത്തിന്റെ കാല്‍ക്കീഴിലമര്‍ന്ന് അടിമകളായി ജീവിക്കുന്ന പറയനെയാണ് കാറന്ത് അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലായാലും ദക്ഷിണേന്ത്യയിലായാലും മേലാളര്‍ സമാനസ്വഭാവക്കാരാണ്. താഴെക്കിടയിലുള്ളവരെ ചൂഷണം ചെയ്യുന്നതില്‍ ജന്മിയും കങ്കാണിയും കച്ചവടക്കാരനും ഷാപ്പുകാരനുമെല്ലാം ഒരേ നിരയിലാണ്. കുറേക്കൂടി പരിഷ്കൃമായ ഒരു സമൂഹമാണ് 'രണ്ടിടങ്ങഴി'യില്‍. അതുകൊണ്ട് തന്നെ ചൂഷണം ചെയ്യുന്ന ശക്തികളെ കുറിച്ച് അതിലെ നായകന്‍ ബോധവാനാകുന്നു.

പണ്ടത്തെ ജന്മി-തൊഴിലാളി ബന്ധവും, പില്‍ക്കാലത്ത് അതില്‍ വന്ന പരിവര്‍ത്തനവും ഈ രണ്ട് കൃതികളെയും താരതമ്യപ്പെടുത്തുമ്പോള്‍ അറിയാന്‍ സാധിക്കും. സങ്കപ്പയ്യരും ചോമനും തമ്മിലുള്ള ബന്ധം ഉപരിപ്ലമായ മുതലാളി-തൊഴിലാളി (ജന്മി-കുടിയാന്‍) ബന്ധമല്ല. കുടിയാന്റെ തെറ്റ് പൊറുക്കാനും ക്ഷമിക്കാനും സന്നദ്ധനാവുന്ന ഒരു ജന്മിയാണ് 'ചോമനദുഡി'യില്‍. 'രണ്ടിടങ്ങഴി'യിലാവട്ടെ നിസാരമായ ഒരു പ്രതിഷേധത്തിനു പോലും ക്രൂരമായ മര്‍ദ്ദനം തിരിച്ചു നല്‍കിയ ജന്മിയെയാണ് നാം കാണുന്നത്. മുതലാളിത്ത വ്യക്തിവാദത്തിലെ ഉപഭോഗവസ്തുക്കളുടെ മൂല്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പമാണ് 'രണ്ടിടങ്ങഴി'യില്‍ നാം കാണുന്നത്. പച്ചയായ മനുഷ്യനെയും അവന്റെ വൈകാരിക ബന്ധങ്ങളെയും ഒരു കച്ചവടച്ചരക്കായി കണ്ടിട്ടാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേക്കൊല്ലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് 'രണ്ടിടങ്ങഴി'. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റേതായ ഏതെങ്കിലുമൊരു പരാമര്‍ശം ഇതില്‍ കാണാന്‍ സാധ്യമല്ല. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയോടെ അധഃസ്ഥിതരില്‍ ഉണര്‍ന്നുവന്ന ആത്മബോധം ഇതിലെ കഥാപാത്രങ്ങളിലൂടെ തകഴി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗ്ഗബോധത്തെക്കുറിച്ചും വര്‍ഗ്ഗസമരത്തെക്കുറിച്ചും അവര്‍ക്ക് കാഴ്ചപ്പാടുകളുണ്ടായി. വര്‍ഗ്ഗബോധം നേടിയ പുലയനും പറയനും തങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിത്തത്തെയും അടിച്ചമര്‍ത്തപ്പെടുന്ന അവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് ബോധവാന്മാരായി. ഈ വര്‍ഗ്ഗസമര സിദ്ധാന്തം ഗാന്ധിയന്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിരക്കാത്തതുകൊണ്ടാവണം ഈ നോവലില്‍ അവയെ പേരിന് പോലും പരാമര്‍ശിക്കാതിരുന്നത്. തകഴി മാത്രമല്ല, സമകാലികരായ മറ്റ് നവോത്ഥാന കാഥികരെല്ലാം ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതര ഭാരതീയ ഭാഷകളിലും ഇതില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് കണ്ടെത്താന്‍ സാദ്ധ്യമല്ല.
© moonnaamidam.blogspot.com