Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

അല്പന്മാരുടെ ഭൂരിപക്ഷം

കവിതയിലെ പുതിയ മുഴക്കത്തെക്കുറിച്ച് പലരും പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു പുതിയമുഴക്കം എന്ന് പറയണമെങ്കില്‍ എന്തായിരുന്നിരിക്കണം നിലനിന്നിരുന്ന ആ പഴയ മുഴക്കം? ആ പഴമയും, ഈ പുതുമയും തമ്മില്‍ എത്രമാത്രം വ്യതിയാനം സംഭവിച്ചിട്ടുണ്ട്.ഇതൊന്നും തന്നെ അന്വേഷണവിധേയമാക്കാതെ വെറും പുതിയ മുഴക്കത്തില്‍ തന്നെ ചര്‍ച്ച തുടരുന്നത് ഞാന്‍ പിടിച്ച മുയലിന് നാല്കൊമ്പ് എന്ന് പറയുന്നത് പോലെ മാത്രമെ എനിക്ക് തോന്നിയിട്ടുള്ളൂ. ഉത്തരാധുനികതയെ ഒന്ന് തൊടാതെ/തലോടാതെ പുതുകവിതയെക്കുറിച്ച് സംസാരിക്കുന്നത് വെറും വിടുവായത്തമാണ്. കവിത ഒരിക്കലും ഒരു അവസാനവാക്കല്ല. അത് എന്തിന്റെയൊക്കെയോ തേടലുകളാണ് ഒരോരുത്തര്‍ക്കും. ഓരോ നല്ല കവിതയും ഓരോ മൗലീകമായ പരീക്ഷണമാണ്, സ്വന്തം അനുഭൂതിയുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നു പോകാതെ ഭാഷയില്‍ആവാഹിച്ചെടുക്കാനുള്ള ഒരന്വേഷണം എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്. നവ്യമായ അഭിരുചികളുടെ വാചാടോപങ്ങളില്‍ ആരായല്‍ നടത്തുകയായിരുന്ന കവിത പിന്നീട് വാക്കുകളാല്‍ കുഴഞ്ഞുകിടക്കുന്ന ഒരു ചെളിക്കൂനയായി മാറിയത് കാലത്തിന്റെ ദിശതെറ്റിയ ഏതോ കുത്തൊഴുക്കിലായിരിക്കണംഎവിടെയാണ് പുതുകവിതയ്ക്ക് വഴി തെറ്റിയത്. അവിടെ നിന്ന് ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഇത് ഞാന്‍ പറയുമ്പോള്‍ പലരിലും മുഷിപ്പ് അനുഭവപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാവാന്‍ വീട്ടുകാര്‍ ആഗ്രഹിക്കില്ലല്ലോ. വികാരമാണ് സഹൃദയന്റെ മനസിനെ കീഴ്പ്പെടുത്തുന്നത് എന്ന സത്യം മറന്നിടത്തു നിന്നാണ് പുതുകവിത വഴിതെറ്റാന്‍ ആരംഭിക്കുന്നത്.

വികാരത്തിലൂടെ കടന്നുവന്ന കവിത ആധുനികതയില്‍ ബൗദ്ധീകതയ്ക്ക് പ്രാമുഖ്യം നല്‍കി കടന്നുവന്നപ്പോള്‍ ഉത്തരാധുനികതയില്‍ പ്രമേയവത്കരണത്തിലൂടെ മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുകയാണ് ചെയ്തത്. അന്ന് നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ ആവശ്യകത തന്നെയായിരുന്നു ആ പരിണാമം. എന്നാല്‍,ഈ കാലഘട്ടത്തില്‍ ബൗദ്ധീകതയ്ക്കെതിരായി അതായത് ഇണങ്ങിയും പിണങ്ങിയും എന്ന് വേണമെങ്കില്‍ പറയാം, ഒരു കൂട്ടര്‍ എഴുതിത്തുടങ്ങി. ആ പോരാട്ടത്തിന്റെ ചൂടിലും ചൂരിലും തളരാതെ, അകന്നിണങ്ങിയാണ് പുതുകവിതയുടെ രംഗപ്രവേശം. അക്കാലത്ത് പുതുകവിത ഉത്തരാധുനികതയ്ക്ക് സമാന്തരമായ പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്.

ബൗദ്ധീകവിമുക്തമായി വന്ന ഉത്തരാധുനികതയില്‍ നിന്ന് അവതരിച്ച ഈ പുതുകവിത കാലത്തില്‍ നിന്ന് അകന്ന് മാറിയില്ലെങ്കിലും കാവ്യാസ്വാദകരില്‍ നിന്ന് പതിയെ അകലുകയായിരുന്നു. ആന്തരീക-ബാഹ്യ, വാക്-കാല്പനിക സൗന്ദര്യവും, ഇടപെടാന്‍ മടിക്കാത്ത ആശയാവിഷ്കാരങ്ങളും സക്ഷ്യപ്പെടുത്തുന്ന ഈ കവിതാപ്രസ്ഥാനം തീര്‍ത്തും തിരസ്കരിക്കുന്നത് ആധുനികകവിതകളെയാണ് എന്നതാണ് വസ്തുത. മുതലാളിത്തമൂല്യ തിരസ്കരണങ്ങളിലൂടെ, രാഷ്ട്രീയജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രകമ്പനങ്ങളിലൂടെ കടന്നുവന്ന ആധുനികകവിതയോടും, തനിക്ക് ജന്മം തന്ന ഉത്തരാധുനികകവിതയോടും അവനവന്‍ പ്രസ്ഥാനമായി മാറിക്കഴിഞ്ഞ പുതുകവിത ഇന്ന് തിണ്ണമിടുക്ക് കാട്ടിക്കൊണ്ട് കോലായില്‍ കിടക്കുകയാണ്.

എന്താണ് പുതുകവിത

യാതൊരുവിധ ചിന്താഘടനയുടേയും സംഭാവനയായി പുതുകവിതയെ നമുക്ക് വാഴ്ത്താനാവില്ല. ആധുനികത്യ്ക്കും ഉത്തരാധുനികതയ്ക്കും നല്‍കിയ പോലെ പല പല നിര്‍വ്വചനങ്ങളും ആരും പുതുകവിതയ്ക്ക് നല്‍കിയിട്ടില്ല. കവിതയുടെ ബഹിര്‍സ്വരത എന്ന അംശത്തെപ്പോലും വെല്ലുവിളിച്ച് കടിഞ്ഞാണില്ലാതെ പായുന്ന ഒരു കുതിര എന്ന് വേണമെങ്കില്‍ പുതുകവിതയെ നമുക്ക് വിശേഷിപ്പിക്കാന്‍‍ കഴിയും. പഴയ വാക്കുകളിലൂടെയും രൂപഘടനാന്തര വാദഗതിയിലൂടെയും നമുക്ക് എല്ലാം ചിത്രീകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് പുതിയവയുടെ പരിണാമപരമായ ശക്തി കൈവരിച്ചുകൊണ്ട് കടന്നുവന്ന ഒരു പ്രസ്ഥാനമാണ് പുതുകവിത എന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. അങ്ങിനെ വാദിക്കുമ്പോള്‍ എഴുത്തുകാരന്റെ മുന്നില്‍ ആദ്യത്തേക്കാള്‍ തീവ്രമായ രീതിയില്‍ ഉയര്‍ന്നു വരുന്ന ഒരു പ്രശ്നം 'പുതിയ ഭാഷ' എന്നതാണ്. ആ ഭാഷ പ്രയോഗിക്കുക എന്നതാണ്. അവിടെയാണ് പുതുകവിതക്കൂട്ടത്തിലെ ഒരു എഴുത്തുകാരന്‍ പുതിയ അന്വേഷണം നടത്തേണ്ടത്. ഇതൊരിക്കലും ഒരു ഭരണമാറ്റമോ, ഭരണം കയ്യാളലോ ആവരുത്. പഴമയോടുള്ള നിഷേധവും, ആ പാതയോടുള്ള എതിര്‍പ്പും വഴിവെക്കുന്ന സൃഷ്ടിപരമായ പുതിയൊരു വഴക്കമായിരിക്കണം.

ഇവിടെ കവിത മാറുന്നത് ആധുനികതയില്‍ നിന്ന് കാലികതയിലേക്കല്ല എന്നാണ് തോന്നുന്നത്. ഒരുതരം മിത്തിക്കല്‍ പിന്‍വാങ്ങലുകളാണ് അല്ലെങ്കില്‍ റദ്ദു ചെയ്യപ്പെടലാണ് ഇവിടെ സംഭവിക്കുന്നത്. ആധുനികതയുടെ നിഷേധദര്‍ശനങ്ങളില്‍നിന്ന് പതഞ്ഞുവന്ന ഈ രീതി, പക്ഷേ പുതുകവിതയെ പുറകോട്ടടിക്കുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഇത്തരം രീതികള്‍തന്നെയായിരുന്നു 'കുരുക്ഷേത്ര'ത്തിലൂടെ അയ്യപ്പപ്പണിക്കര്‍ കൊണ്ടുവന്നതും. അന്ന് അദ്ദേഹം കൊണ്ടുവന്ന അപാരമായ സാധ്യത സാഹിത്യവിമര്‍ശകന്മാരെ എത്രമാത്രം ഉള്ളുതുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് ഇത്തരക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും.

ഉത്തരാധുനികതയില്‍ എന്തായിരുന്നു കവിതയിലെ വരികള്‍, ഇന്നെന്താണ് അവ കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും നോക്കിയിട്ടുണ്ടോ? അത് നോക്കേണ്ട ആവശ്യമില്ലെന്നും,സ്വയംപര്യാപ്തമാണ് പുതുകവിതയെന്നും അവകാശപ്പെടുന്ന ചിലരെങ്കിലുമുണ്ട്. അതവരുടെ അറിവില്ലായ്മയായി കണക്കാക്കാം. അക്ഷരങ്ങള്‍ക്കും, വാക്കുകള്‍ക്കും അതിലൂടെ പിറക്കുന്ന വരികള്‍ക്കും വര്‍ണ്ണത്തിന്റെ ബോധചമത്കാരത്തില്‍ നിന്ന് മോചനമില്ലെന്ന് കരുതിയിരുന്ന എഴുത്തുകാരന്‍/വായനക്കാരന്‍ അതിന്റെ വ്യാപ്തവും, സൂക്ഷ്മവുമായ സൗന്ദര്യം കണ്ടെത്തിയത് ഉത്തരാധുനികതയുടെ അന്ത്യനാളുകളിലാണ്, പുതുകവിമൊഴിയില്‍ പുതുകവിതയുടെ ആരംഭഘട്ടത്തില്‍. അവിടെ നിന്നും കടന്നുവന്ന പുതുകവിത ഈ നാളുകളില്‍ എത്തിനില്‍ക്കുന്നത് വാക്കുകളുടെ കുണുങ്ങിക്കളിക്കുന്ന ഒരു കൂട്ടത്തിലാണ്. ഇക്കാരണത്താല്‍ ഞാന്‍ പുതുകവിതയെ ഒറ്റ്യ്ക്ക് തന്നെയാണ് വായിക്കുന്നതും. ചുരുക്കം ചില കവിതകളെ ഒഴിച്ച്. എന്നാല്‍ മാറി ചിന്തിച്ച് വന്ന ചില കവിതകള്‍, അവ അക്ഷരങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമ മാത്രമെ ഉള്ളൂ എന്ന കരുതല്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ആ ഉപേക്ഷ ഇവിടെ മറ്റൊന്നിന്റെ തേടലിലേക്ക് വഴിമാറുകയായിരുന്നു.

പുതുകവിത എന്ത് ചെയ്യുന്നു?

മരവിച്ച് കിടക്കുന്ന ജീവിതാവസ്ഥയോട് നിഷേധാത്മകമായി പെരുമാറാനും, ഉദാസീനതയെ ഉത്തരവാദിത്തത്തോട് കൂടി നേരിടാനുമാണ് പുതുകവിത ശ്രമിച്ച് വന്നിരുന്നത്. അതെല്ലാം ഞാന്‍ നേരത്തെ പറഞ്ഞ വഴിതെറ്റലില്‍ മാറിപ്പോയിരിക്കുന്നു എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. ഇന്ന് പുതുകവിത കവിതയില്‍ വളര്‍ത്തുന്നത് ഒരു മിത്തിക്കല്‍ സംസ്കാരമാണ് എന്ന് തന്നെ വേണമെങ്കില്‍ പറയാം. ബിംബങ്ങളില്‍ നിന്ന് മിത്തിലേക്കാണ് മലയാളകവിതയുടെ ഇന്നുകള്‍ വളര്‍ന്നുപോകുന്നത്. ഇതിനെ പുതുമയാര്‍ന്ന ഒരു കാവ്യസംസ്കാരത്തിന്റെ വളര്‍ച്ചയായി ഒരുപക്ഷേ ചില കാവ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയേക്കാം.അപ്പോള്‍ നിങ്ങള്‍ ഒന്നോര്‍ക്കുക. ഒരു ഇന്ത്യന്‍ സംസ്കാരവും, പാശ്ചാത്യസംസ്കാരവും തമ്മില്‍ എന്തുമാത്രം അന്തരമുണ്ടെന്ന്.

എന്നാല്‍ ഇവിടെ കവിത മാറുന്നത് ആധുനികതയില്‍ നിന്ന് കാലികതയിലേക്കല്ല എന്നാണ് തോന്നുന്നത്. ഒരുതരം മിത്തിക്കല്‍ പിന്‍വാങ്ങലുകളാണ് അല്ലെങ്കില്‍ റദ്ദു ചെയ്യപ്പെടലാണ് ഇവിടെ സംഭവിക്കുന്നത്. ആധുനികതയുടെ നിഷേധദര്‍ശനങ്ങളില്‍നിന്ന് പതഞ്ഞുവന്ന ഈ രീതി, പക്ഷേ പുതുകവിതയെ പുറകോട്ടടിക്കുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഇത്തരം രീതികള്‍തന്നെയായിരുന്നു 'കുരുക്ഷേത്ര'ത്തിലൂടെ അയ്യപ്പപ്പണിക്കര്‍ കൊണ്ടുവന്നതും. അന്ന് അദ്ദേഹം കൊണ്ടുവന്ന അപാരമായ സാധ്യത സാഹിത്യവിമര്‍ശകന്മാരെ എത്രമാത്രം ഉള്ളുതുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് ഇത്തരക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും. അന്ന് അയ്യപ്പപ്പണിക്കര്‍ മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള കവികള്‍ സൃഷ്ടിച്ച ഈ വിപ്ലവത്തിന്റെ തീച്ചൂടില്‍ നിന്ന് മാറി എന്ത്‌ പൊള്ളലുകളാണ് പുതുകവിത ഉണ്ടാക്കിയിട്ടുള്ളത്? ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍ പ്രതിഷ്ഠിച്ച സത്താസങ്കല്പങ്ങളെ ഉടച്ചുവാര്‍ത്ത ഈ കവിമാനികളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍തക്ക എന്ത്‌ ശില്പമാണ് പുതുകവിതക്കൂട്ടം കൊത്തിവച്ചത്?

എന്തുകൊണ്ട് പുതുകവിത ഇങ്ങനെ?

ഭാഷയില്‍ നിന്നും മിത്തില്‍ നിന്നും വേറിട്ട് കവിതയ്ക്ക് ഒരസ്തിത്വമുണ്ടോ? ഉണ്ടെന്നാണ് ആധുനികതയും, ഉത്തരാധുനികത തെളിയിച്ചത്. ആശയപരമായ ഉള്‍ക്കാഴ്ചക്ക് എത്രമാത്രം സാധ്യത ഉണ്ടെന്ന് ആ കാലം മലയാളകവിതയില്‍ അടയാളപ്പെടുത്തി. ഇത്തരത്തില്‍ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടോ പുതുകവിത എന്ന് നമ്മള്‍ തലപുകഞ്ഞാലോചിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വരുന്നത്, പുതുകവിത മുന്നേറിപ്പോയത് സദാചാരവും ആത്മീയവുമായ അകക്കണ്ണുകള്‍ തേടിക്കൊണ്ടായിരുന്നു എന്ന് പറയേണ്ടി വരും. എഴുത്തുകാരില്‍ വിശ്വാസം നഷ്ടപ്പെട്ട വാക്കുകള്‍ വഴിമാറുകയും മുന്‍കൂട്ടി അര്‍ത്ഥനിശ്ചയം കഴിഞ്ഞ് വരുന്ന വാക്കുകളെ സ്വീകരിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതനാക്കുകയും ചെയ്തത് പുതുകവിതയുടെ വഴിതെറ്റലിന്റെ ഒരു ഘടകമായി മാറിയിട്ടുണ്ട്. ഭാഷാപ്രയോഗത്തിലൂടെ അത്തരത്തിലുള്ള മുന്‍നിശ്ചയം കഴിഞ്ഞ അര്‍ത്ഥത്തെ മാറ്റാനോ, നിഘണ്ടുവില്‍ നില്‍ക്കുന്ന വാക്കുകളുടെ ചുരുങ്ങിയ അര്‍ത്ഥങ്ങളെ മറികടക്കാനോ പുതുകവിതക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി മാറിയിട്ടുണ്ട്.

ചരിത്രസത്യങ്ങളും വര്‍ത്തമാനകാല പരിസ്ഥിതിയും പുതുകവിത എന്തുകൊണ്ട് കൂട്ടിവായിക്കുന്നില്ല. ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്ന ഒരു കാര്യം, തൃശ്ശൂരില്‍ വച്ച് നടന്ന ഒരു കവിതാചര്‍ച്ചയില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു ചോദ്യം വന്നപ്പോള്‍ ഒരു പുതുകവി ( പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല ) പറഞ്ഞത്, നമ്മളെന്തിന് ചരിത്രം പഠിക്കണം? ചരിത്രവും കവിതയും എന്തിന് കൂട്ടിവായിക്കണം? കവി എപ്പോഴും നൈരന്തര്യവര്‍ത്തമാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ പോരേ എന്നൊക്കെയാണ്.അത്തരക്കാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ. നിങ്ങള്‍ കടമ്മനിട്ടയുടെ കുറത്തി വായിച്ചിട്ടുണ്ടോ? അവിടെ കാണാം ചരിത്രയാഥാര്‍ത്ഥ്യവും വര്‍ത്തമാനകാലപരിസ്ഥിതിയും തമ്മില്‍ ഏറ്റുമുട്ടുന്നതിലെ രസതന്ത്രവിജ്ഞാനം കവിതയിലെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത്. ആ രാസപ്രക്രിയയില്‍ വൈകാരികമായ ഒരു ചേര്‍ച്ച സൃഷ്ടിക്കുന്നത് പുതിയൊരു അനുനാദമാണ്.

സ്വന്തമായി ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിലെ പരാജയം പുതുകവിത ഒരിക്കലും അംഗീകരിക്കാനിടയില്ല. അവര്‍ അന്തര്‍മുഖത്തില്‍ നിന്ന് വിടുതി സ്വീകരിക്കുകയല്ല. കാലക്രമേണ കൂടുതല്‍ അന്തര്‍മുഖരാവുകയാണ് ചെയ്യുന്നത്. ആധുനികതയുടെ വിഗ്രഹഭഞ്ജന എന്ന മുഖമുദ്രയും ഉത്തരാധുനികതയിലെ പ്രമേയവത്കരണത്തിലെ സവിശേഷതകളും മാറ്റി മലയാളകവിതയില്‍ പുതിയൊരു വഴി വെട്ടി എന്നതാണ് പുതുകവിതയുടെ കാഴ്ചപ്പാട് എന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടായിരിക്കും ആ തോന്നല്‍ നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച അപചയമാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹഭഞ്ജനത്തെ തല്ലിക്കെടുത്തി എന്നതാണ് ഉത്തരാധുനികത നേടിയ ഏറ്റവും വലിയ നേട്ടമെങ്കില്‍ പുതുകവിത എന്താണ് കാവ്യലോകത്തില്‍ നേടിയിട്ടുള്ളത്, നവീനരീതിലുള്ള ഒരു കാവ്യാവബോധം സൃഷ്ടിക്കാന്‍ പുതുകവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ, മുന്‍കാല അപര്യാപ്തതകളില്‍ നിന്ന് അചുംബിതവും,സൗന്ദര്യാത്മകവുമായ ഒരു കാവ്യദര്‍ശനത്തെ ഊട്ടിയുറപ്പിക്കാനായോ എന്നൊക്കെ ചോദിച്ചാല്‍ യാതൊരു സങ്കോചവും കൂടാതെ ഇല്ല എന്ന് പറയുകയേ നിര്‍വ്വാഹമുള്ളൂ. ഇങ്ങനെ പോയാല്‍, "തൊണ്ണൂറിന്റെ അവസാനത്തില്‍ ആരംഭിച്ച് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി രണ്ടായിരത്തിപ്പത്തുകളിലേക്ക് വഴികാട്ടിയ പുതുകവിത അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിച്ചശേഷം രണ്ടായിരത്തി ഇരുതിന് ശേഷമുള്ള വികാസത്തെ മുന്‍കൂട്ടിക്കാണുന്നതുമായ പുതുകവിതോത്തര കവിതയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്"2 എന്നൊരു ചരമക്കുറിപ്പ് അധികം താമസിയാതെ എഴുതേണ്ടിവരും.

1.പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയുടെ ശീര്‍ഷകം 2.അയ്യപ്പപ്പണിക്കര്‍ ആധുനികതയെ നിര്‍വ്വചിച്ചത് മാറ്റിയെഴുതിയത് 3.വിഷയസ്വീകരണത്തിന് അന്‍വര്‍ അലിയോട് കടപ്പാട് 4.രണ്ടായിരത്തിന് ശേഷമുള്ള കവിതകളെയാണ് ഞാന്‍ പുതുകവിത എന്ന് വിശേഷിപ്പിക്കുന്നത്
ആനുകാലികകവിതയില്‍ പ്രസിദ്ധീകരിച്ചത്

വംശീയതയുടെ പടനിലം

തകഴിയും എം.ടിയും പൊന്‍കുന്നം വര്‍ക്കിയുമെല്ലാം വഴിനടന്നു വന്ന മലയാളകഥാ ലോകത്തിന്റെ ഇന്നുകളിലേക്ക് ഒന്ന് എത്തി നോക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മുകളില്‍ പറഞ്ഞവരില്‍ എം.ടി മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തി. എഴുതപ്പെട്ട കൃതികളാല്‍ മലയാളകഥാ ലോകത്ത് അദ്ദേഹത്തിന്റേതായ ഒരു സ്ഥാനം നിലനിര്‍ത്തിപ്പോരാന്‍ എം.ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത ഒരു വസ്തുതയാണ്. ഇനി എം.ടിക്ക് ശേഷം ആര് എന്നൊരു ചോദ്യമുയര്‍ന്നാല്‍ അതിന് ഉത്തരം കണ്ടെത്തുക പ്രയാസമുള്ളൊരു കാര്യം തന്നെയാണ്.

തന്റെ കര്‍മ്മജീവിത മണ്ഡലങ്ങളില്‍ ഊന്നിക്കൊണ്ട് തന്നെ മാനവികതയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടവയാണ് എം.ടിയുടെ കഥകള്‍. പാരമ്പര്യത്തിലൂന്നിയ ദാര്‍ശനികതയുടെയും അടച്ചുവയ്ക്കപ്പെട്ട സ്മൃതികളുടെയും കേവലപ്രകാശനം കൂടിയായി മാറുന്നുണ്ട് അദ്ദേഹത്തിന്റെ രചനകള്‍. എന്നാല്‍ പുതുതലമുറയിലെ കഥാകൃത്തുക്കളെ പരിഗണിക്കുമ്പോള്‍ നമുക്ക് മനസിലാക്കാവുന്ന കാര്യങ്ങള്‍ അവയൊന്നും തന്നെ പിറക്കുന്നതോ, സഞ്ചരിക്കുന്നതോ മേല്‍പ്പറഞ്ഞ രീതികളിലല്ല. വൈയക്തീകമായ മാറ്റങ്ങളുടെ സൂചനകളെ ഉള്‍ക്കൊണ്ടുകൊണ്ടും, കഥകളില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങളുടെ ഒഴുക്കുകളെ സ്വാംശീകരിച്ചുകൊണ്ടുമാണ് പുതുതലമുറകഥകളുടെ പിറവി.

ഈ അടുത്ത കാലങ്ങളില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുവകഥാകൃത്തുക്കളെ നമുക്ക് കാണാം. വിഷയവൈവിദ്ധ്യം കൊണ്ട് സമൃദ്ധമായ അവരുടെ രചനകള്‍ ഉത്തരാധുനികതയുടെ ചുവടുകളെ ഏറ്റുപിടിക്കുന്നുണ്ടെങ്കിലും മറ്റേതോ വന്‍കര താണ്ടാന്‍ വെമ്പുന്നവയാണ്. നിയതരൂപമുള്ള പല കഥകളും ഈ അടുത്ത കാലത്ത് പിറന്നിട്ടുണ്ടെങ്കിലും വായനക്കാരന് പരിചിതമല്ലാത്ത രൂപങ്ങളായതിനാല്‍ പലതും അമ്പേ പരാജയപ്പെട്ടു പോയി എന്നുള്ളത് സങ്കടകരമായ ഒരു വസ്തുത തന്നെയാണ്.

പ്രവേശിക്കാന്‍ പല വാതിലുകളുള്ളതും ഉള്ളില്‍ വഴിതെറ്റിക്കാന്‍ തക്ക പിരിയന്‍ വഴികളുള്ള കണ്ണാടിക്കോട്ടകളായി മാറുന്നുണ്ട് പല കഥകളും. അത്തരത്തിലുള്ള കഥകളില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ പിടിവാശി വായനക്കാരനെ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് പ്രിയ.എ.എസ് എഴുതിയ 'മഴ നമ്മോടൊപ്പം തന്നെയുണ്ട്' എന്ന കഥ. സ്ത്രീവിഷയങ്ങളോടുള്ള വിധ്യാത്മക സമീപനം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നവയാണ് പ്രിയയുടെ ഏതാണ്ട് എല്ലാ കഥകളും. പല വിഷയങ്ങളിലും രൂപക്രമത്തിന്റേയോ പ്രമേയഘടനയുടേയോ കേന്ദ്രീകരണം ഒരു ഹോം വര്‍ക്കും ചെയ്യാതെയാണ് കഥാകൃത്ത് തീരുമാനിക്കുന്നത് എന്ന് തോന്നിപ്പോകും അവരുടെ ചില കഥകള്‍ വായിക്കുമ്പോള്‍. 'വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍' എന്ന കഥ വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സമകാലികവിഷയങ്ങളില്‍ ഇടക്കിടെ ഇടപെടുന്ന കഥാകൃത്താണ് സുസ്മേഷ് ചന്ദ്രോത്ത്. മരണവിദ്യാലയം, ചുടലയില്‍ നിന്നുള്ള വെട്ടം, ഹരിതമോഹനം, മറൂണ്‍ തുടങ്ങിയ കഥകള്‍ സുസ്മേഷിനെ പുതുകഥാ ലോകത്തില്‍ അടയാളപ്പെടുത്താന്‍ പോന്നവയാണ്. ജീവിതഗന്ധിയായ കഥകളിലൂടെ വായനക്കാരിലേക്കെത്തുന്നു എന്നതാണ് ഇവിടെ സുസ്മേഷ് നേടുന്ന വിജയം. രൂപവൈവിധ്യം കൊണ്ടും, വ്യത്യസ്തമായ ആഖ്യാനശ്രമങ്ങള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന രചനകള്‍ സുസ്മേഷിന്റെ കഥകളെ ഒരേ സങ്കേതത്തിന്റെ ഉടുപ്പ് മാത്രമായി മാറ്റുന്നില്ല.

തീവ്രഇടതുപക്ഷ വിമര്‍ശകനായ പി.സുരേന്ദ്രന്റെ കഥകള്‍ പുതിയ തലമുറയ്ക്ക് ഗ്രാഹ്യമായ രീതിയിലേക്ക് മാറ്റപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മികച്ച രചനയായ 'ഹരിതവിദ്യാലയ'ത്തില്‍ നിന്നും ഈ അടുത്ത കാലത്തെ രചനയായ 'എലിക്കെണി'യിലേക്കുള്ള ദൂരം വായനയില്‍ സ്പഷ്ടമാകുന്നുണ്ട്. അതുപോലെ ധന്യാരാജ് എന്ന എഴുത്തുകാരിയുടെ പല കഥകളും ഒരു കാമ്പസ് തലത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടില്ല എന്നത് നിരാശാജനകമായ ഒരു കാര്യമാണ്. ധന്യയുടെ 'പോരാട്ടങ്ങളെപ്പറ്റി' എന്ന കഥ മാത്രമായിരിക്കാം ഒരുപക്ഷേ ഇതിന് അപവാദം.

ഒരിടയ്ക്ക് വച്ച് നിശബ്ദനായ കെ.പി.നിര്‍മല്‍കുമാര്‍ മൗനം ഭേദിച്ച് എഴുതിത്തുടങ്ങി എന്നത് ആശ്വാസത്തിന് വകയുണ്ട്. വ്യത്യസ്ത്മായ ഒരു നോവലുമായിട്ടാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അല്പകാലം മുന്‍പ് സമയം മാസികയില്‍ എഴുതിയതും വ്യത്യസ്തമായ വിഷയമായിരുന്നെങ്കിലും ഇവ രണ്ടും ഒരേ പേജിന്റെ ഇരുപുറങ്ങളായി മാറിയോ എന്നൊരു സംശയമുണ്ട്. കഴിവുകളുണ്ടായിട്ടും കഥ കൊണ്ടുണ്ടാക്കിയ പേര് ഒരു വലിയ കാന്‍വാസിലേക്ക് കടക്കുമ്പോള്‍ തകര്‍ന്ന് പോകുമോ എന്ന് ഭയമുള്ള എഴുത്തുകാര്‍ക്ക് മാതൃകയാണ് ശ്രീ കെ.പി.നിര്‍മല്‍കുമാര്‍. രാഷ്ട്രീയ കഥകളുമായി കടന്നു വരാറുള്ള ഉണ്ണി.ആര്‍ പലപ്പോഴും നിരാശനാക്കുകയാണ് ചെയ്യുന്നത്. ‍ ഈ അടുത്ത കാലത്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ലീല' എന്ന കഥ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 'കോട്ടയം 17' എന കഥ നേരെ മറിച്ചാണ് താനും.

വളരെ വ്യത്യസ്മായ ആഖ്യാനശൈലികളോടെ എന്നും കടന്നുവരാറുള്ള ഒരാളാണ് സന്തോഷ് എച്ചിക്കാനം. ഇപ്പോള്‍ നിശബ്ദനാണെങ്കില്‍ കൂടി ഒരിടവേളക്ക് മുന്‍പ് പ്രസിദ്ധീക്കരിച്ച 'മീനത്തിലെ ചന്ദ്രന്‍' സന്തോഷിന്റെ രചനയിലെ മാനവികതയെയും, നൈതീകതയെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എന്നാല്‍ വി.ആര്‍.സുധീഷിന് ഈ അടുത്തകാലത്തൊന്നും തന്നെ ഒരു മികച്ച കഥ എഴുതാന്‍ സാധിച്ചിട്ടില്ല. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച സുധീഷിന്റെ 'അനുമാനചക്രം' എന്ന കഥ 'ബാര്‍' കഥാകാരന്‍ എന്ന പേര് ഊട്ടിയുറപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. അതിഭൗതീകമായ ഫിക്ഷണല്‍ നുണകളിലൂടെ കഥ പറഞ്ഞുവന്ന് എം.മുകുന്ദനും തന്റെ പേര് കളയാന്‍ മെനക്കെടുകയാണ്. മലയാളിക്കുഞ്ഞ് (മാധ്യമം), തണ്ണീര്‍ക്കുടിയന്റെ തണ്ട്(മാതൃഭൂമി) എന്നീ കഥകളിലൂടെ പൈങ്കിളി കഥകളെ കടത്തിവെട്ടുകയാണ് മുകുന്ദന്‍ ചെയ്തിരിക്കുന്നത്.

പരിസ്ഥിതിവിഷയങ്ങളില്‍ ഇടപെടുന്ന കഥകളിലൂടെ അശോകന്‍ ചരുവില്‍ ഇപ്പോഴും ശബ്ദമുയര്‍ത്തുന്നുണ്ട്. 'ആമസോണ്‍' എന്ന കഥയിലൂടെ ഏകാകിയുടെ ഭാവസ്ഥായികളെ സഫലമായി ആവിഷ്കരിക്കുകയാണ് അശോകന്‍ ചരുവില്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും മറ്റുമായി മൊയ്തു വാണിമേല്‍ കഥകള്‍ എഴുതിക്കൂട്ടുകയാണ്. കെ.പി.രാമനുണ്ണി, ജോസ് പനച്ചിപ്പുറം, ഇ.സന്തോഷ് കുമാര്‍ തുടങ്ങിയവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ജോസിന്റെ 'ആമസോണ്‍ ചുറ്റിക', സന്തോഷ്കുമാറിന്റെ 'നീചവേദം' എന്നിവ വളരെ രസകരമായി തോന്നി ഈ ലേഖകന്.

തൃക്കോട്ടൂര്‍ പെരുമയുടെ ആലസ്യത്തില്‍ കടന്നു പോകുന്ന ഭാഷാശൈലിയുള്ള യു.എ.ഖാദറിന്റെ പുതിയ കഥ 'ഇരുളിന്റെ ആഴം' അത്ര മികച്ചതൊന്നുമല്ലെങ്കിലും പരാജയപ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്. വര്‍ണ്ണനയിലൂടെ കഥയുടെ അലിപ്പം കൂട്ടുക എന്നതാണ് ഖാദറിന്റെ രീതി. ആ രീതിയില്‍ നിന്ന് അദ്ദേഹം അല്പം മാറി സഞ്ചരിച്ചിരുന്നുവെങ്കില്‍ ആ കഥയ്ക്ക് മറ്റൊരു തലം കൈവരുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. നാട്യങ്ങളില്ലാതെ ഇപ്പോഴും കഥയെഴുതുന്ന കരുണാകരന്റെ 'കഫേ ദുഫ്ലോര്‍' (മാധ്യമം) തീവ്രവാദികളായ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. പ്രമേയവ്യത്യസ്തത കൊണ്ട് ശദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മുന്‍കാല രചനകളുടെ അടുത്തെത്താന്‍ ഇതിന് കഴിഞ്ഞിട്ടില്ല.

കെ.ആര്‍.മീര, സിതാര.എസ്, ഇന്ദുമേനോന്‍, ശ്രീബാല കെ മേനോന്‍ തുടങ്ങിയ കഥാകാരികള്‍ അവരുടേതായ പ്രശ്നങ്ങളെ മികവുറ്റ രീതിയില്‍ ആവിഷ്കരിക്കുന്നതില്‍ വിജയിച്ചവരാണ്. സിതാരയുടെ 'ഇടം', മീരയുടെ 'ആവേ മരിയ', ശ്രീബാലയുടെ 'ഗുല്‍മോഹറിന് കീഴെ' തുടങ്ങിയ രചനകളില്‍ അത് വ്യക്തമാണ്.

അര്‍ഷാദ് ബത്തേരി, യു.കെ.കുമാരന്‍, ബി.മുരളി, പി.വി.ഷാജികുമാര്‍ തുടങ്ങിയവര്‍ കൂടുതല്‍ അഗാധവും സൂക്ഷ്മവുമായ വിഷയങ്ങളെ തെരെഞ്ഞുകൊണ്ട് നടക്കുകയാണ്. ആന്തരികസത്തയുടെയും ബാഹ്യജീവിതത്തിന്റെയും ബഹ്മുഖങ്ങളെ ക്രോഡീകരിക്കാന്‍ വിവിധ രീതികളില്‍ ഇവര്‍ ശ്രമിച്ച് വരുന്നുണ്ടെങ്കിലും അത് പലപ്പോഴും വാച്യവും പ്രത്യക്ഷവും ആകാതെ പോകുകയാണ് ചെയ്യുന്നത്.

ഇനി വരാന്‍ പോകുന്ന കാലം കഥയില്‍ വന്മരങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുക തന്നെയാണ് ചെയ്യുക. 'സൂര്യവംശം' കൊണ്ട് മേതില്‍ നേടിയത് പോലുള്ള ഇരിപ്പിടം ഇനി ആരും പ്രതീക്ഷിക്കരുത്. ഒറ്റപ്പെട്ട രചനകളിലൂടെ കൂട്ടായി വരുന്ന വിഷയങ്ങളുടെ വൈവിധ്യഭംഗിയിലാണ് മലയാള കഥാലോകം ഇനി പുഷ്പിക്കാന്‍ പോകുന്നത്.

തിരോധാനത്തിന്റെ പദപ്രശ്നം

ജീവിതത്തെ നിയന്ത്രിക്കുന്ന സാമൂഹികവും മാനുഷികവുമായ ഘടകങ്ങള്‍ എത്രമേല്‍ നമ്മുടെ ആലോചനാമണ്ഡലത്തിലേക്ക് കടന്ന് വരും എന്ന് നമുക്ക് പ്രവചിക്കുവാനേ കഴിയില്ല. അപ്രാപ്യമായ അതിന്റെ കടന്നുവരവുകള്‍ ഒരു മനുഷ്യജീവിതത്തിലുണ്ടാക്കുന്ന നിമ്നോന്നതികള്‍ നിറഞ്ഞ ഉത്കണ്ഠകളും ആശങ്കകളും വിവരിക്കുകയാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പുസ്തകമായ ‘നായകനും നായികയും’. അവിശുദ്ധദിനരാത്രങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു ഹസ്തദാനം എന്ന അദ്ധ്യായത്തില്‍ തുടങ്ങി കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന ഏഴാം അദ്ധ്യായത്തില്‍ അവസാനിക്കുമ്പോള്‍ കഥ കടന്നുവന്ന വഴികള്‍ ഒരുപക്ഷേ വായനക്കാരനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരാം. അപ്പോള്‍ തന്നെ വായനക്കാരന് ആ പുഞ്ചിരിക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ കല്പിച്ചുകൊടുക്കുകയുമാവാം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ പുനര്‍വിന്യാസങ്ങളെ (അത് കഥാപാത്രങ്ങളായ ഗാര്‍ഗ്ഗിയുടെയോ, ഗാഥയുടെയോ, തോമയുടെയോ ആരുടെയും ആയിക്കൊള്ളട്ടെ) ആണ് ഈ നോവലിലൂടെ കഥാകൃത്ത് ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. അതിലൂടെ വായനക്കാരന് ഒരനുഭൂതി പകരാന്‍ ശ്രമിച്ചതില്‍ എവിടെയോ കഥാകൃത്ത് പരാജിതനായിട്ടുണ്ട്. ശക്തമായൊരാശയത്തെ കൈകാര്യം ചെയ്യുമ്പോള്‍ ചെയ്ത അശ്രദ്ധമായ ചില പരീക്ഷണങ്ങള്‍, അതിലൂടെയുണ്ടായ വൈചിത്ര്യങ്ങള്‍ ഇവയായിരിക്കാം ഒരുപക്ഷേ സുസ്മേഷിന് പാളിപ്പോയ ഇടങ്ങള്‍.

തോമ എന്ന് കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ തോമയെ ഒരു ‘ഭീകര’ കഥാപാത്രമായിത്തന്നെ കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. ആ ഗ്രാമത്തിലേക്കാണ് തോമയുടെ സുഹൃത്തുക്കളായി ഗാര്‍ഗ്ഗിയും രാമകൃഷ്ണനും കടന്നുവരുന്നത്. ഇരുവരും ആര്‍ടിസ്റ്റുകളാണ്. കുറച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് അവര്‍ അവിടെ എത്തിച്ചേരുന്നത്. അവര്‍ വരുന്ന സമയത്ത് തോമ എന്ന കഥാപാത്രത്തിന്റെ ഭീകരത കാണിക്കാന്‍ കഥാകൃത്ത് സ്വീകരിച്ച ഒരു തന്ത്രം നോക്കൂ.

“ഞങ്ങള് നത്തുപാറേ പോകാന്‍ വന്നതാ”
നത്തുപാറ എന്ന് കേട്ടതോടെ മുന്നില്‍ ഇരുളിന്റെ ഒരു വളര്‍ച്ച നിന്നിരുന്ന ഗ്രാമീണപുരുഷന്മാര്‍ ഒന്നിളകി. ഒരു കടന്നല്‍ കൂടിന്റെ സാമീപ്യം പോലെ അവരുടെ തലകള്‍ വിറയ്ക്കുകയും ചുണ്ടുകള്‍ ഞരക്കങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യം ചോദ്യം ചോദിച്ചയാള്‍ വിക്കി വിക്കിത്തന്നെ രണ്ടാമത്തെയും ചോദ്യം ചോദിച്ചു.
“നത്തുപാറേല് എവിടെ?”
– - – - – - – - – -
“നത്തുപാറേല്, തോമേടെ പൊരയിടത്തില്.”
“തോമാച്ചന്‍ ഇപ്പോ ഇവിടില്ല, നാളെയോ മറ്റന്നാളോ ആയിട്ട് വരും. ഞങ്ങള് തോമാച്ചായന്റെ സിറ്റീലെ കൂട്ടുകാരാ…!”
റോഡില്‍ കിടന്നിരുന്ന രണ്ട് നായ്ക്കള്‍ എണീറ്റ് ദീനമായ ഒരു മുരള്‍ച്ചയോടെ പൊന്തപ്പടര്‍പ്പിലേക്ക് കയറിപ്പോയത് ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.

ഈ വിവരണത്തിലൂടെ ആദ്യം തന്നെ കഥാകൃത്ത് തോമയെക്കുറിച്ചുള്ള ഒരു ചിത്രം തരുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു തോമയെയാണ് കഥാന്ത്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അനാവശ്യമായ വിവരണങ്ങളിലൂടെ കടന്നുപോയ കഥാകൃത്ത് കഥയുടെ ഭീകരത കൂട്ടാന്‍ വേണ്ടിയാണോ ഈ രീതി സ്വീകരിച്ചത് എന്ന് അവസാനം ഏതൊരു വായനക്കാരനും സംശയിക്കാം.

തോമയുടെ കുടുംബചരിത്രവും പശ്ചാത്തലവും വ്യക്തമാക്കുന്ന ഒന്നാം അദ്ധ്യായത്തിന് ശേഷം രണ്ടിലേക്ക് കടക്കുമ്പോള്‍ അവിടെയും തോമ മഹാചരിതം കഥാകൃത്ത് തുടരുകയാണ്. ഒരുപക്ഷേ മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ സീരിയലൈസ് ചെയ്യുമ്പോള്‍ ദൈര്‍ഘ്യം കൂട്ടാന്‍ കാണിച്ച തന്ത്രപ്പാടായിരിക്കാം ഈ രണ്ടാം അദ്ധ്യായമായ തണ്ട് അടര്‍ത്തുമ്പോള്‍ ചോര പൊടിയുന്ന പൂക്കള്‍. ഈ അദ്ധ്യായത്തിലെ ഓരോ ഏട് അടര്‍ത്തുമ്പോഴും ചോര പൊടിയുന്നത് വായനക്കാരന്റെ നെഞ്ചിലാണെന്ന് കഥാകൃത്ത് മനസിലാക്കിയാല്‍ നന്ന്. ചോര പൊടിയുന്ന ചെടിയും വഴികാട്ടിയായ ചെന്നായയുമെല്ലാമായി ഒരു എണ്‍പതുകളുടെ അവസാനത്തിലെ ഇംഗ്ലീഷ് സിനിമകളുടെ പശ്ചാത്തലമാണ് ഇവിടെ സുസ്മേഷ് കല്പിച്ച് കൂട്ടി കൊടുത്തിരിക്കുന്നത്.

സര്‍വ്വസൈന്യാധിപന്‍ ചെന്നായക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന മൂന്നാം അദ്ധ്യായത്തില്‍ സ്ഥിതി മറിച്ചൊന്നുമല്ല. എങ്കിലും കഥയുടെ ഗതിമാറ്റത്തിനു വേണ്ട ഒരു സംഭവം ഇവിടെ ഉള്‍ക്കൊള്ളിച്ചത് വായനക്കാരന് ആശ്വാസത്തിന് ഒരല്പം വക നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍ വച്ചാണ് ഗാര്‍ഗ്ഗിക്ക് ഒരു സഹോദരിയുണ്ടെന്നും, അവള്‍ ലോകമറിയുന്ന ഒരു ചിത്രകാരിയായിരുന്നു എന്നും, ഉന്മാദത്തിനടിമപ്പെട്ടവളാണെന്നും, എവിടെയോ പോയി മടങ്ങിയെത്തിയിട്ടില്ലെന്നും കഥാകൃത്ത് പറയുന്നത്. ഈ ഒരു ത്രെഡ് തന്നെയാണ് നോവലൈറ്റിന്റെ ഒരു ട്വിസ്റ്റ് എന്ന് വേണമെങ്കില്‍‍ പറയാം.

സൂര്യഗ്രഹണം എന്ന നാലാം അദ്ധ്യായത്തില്‍ നിന്നാണ് ശരിയായ കഥ ആരംഭിക്കുന്നത്. മറ്റ് രണ്ടെണ്ണവും തോമമഹാചരിതമാണല്ലോ. ഗാര്‍ഗ്ഗിയിലേക്ക് കടന്നുവന്ന ഗാഥയുടെ ഓര്‍മ്മകളില്‍ തുടങ്ങുന്ന ഈ അദ്ധ്യായം ഗോപാലന്‍ ഗുരിക്കള്‍ എന്ന കഥാപാത്രത്തിന്റെ വരവോടെ സങ്കീര്‍ണ്ണമാവുകയാണ്. ഈ ഗോപാലന്‍ ഗുരിക്കള്‍ കഥയില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കഥാകൃത്ത് കൈകാര്യം ചെയ്യുന്ന ഗോപാലന്‍ ഗുരിക്കളുടെ സാന്നിദ്ധ്യങ്ങളെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. ഈ കഥയില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളെയും ഒറ്റയ്ക്ക് നില്‍ക്കാന്‍ തന്നെ പ്രാപ്തിയുള്ളവരായാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ കഥയുടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇടപെടുന്ന ഒരു കഥാപാത്രമാണ് ‘ചെന്നായ’. ഈ ചെന്നായ കടന്ന് വരുന്ന മേഖലകളിലെല്ലാം എന്തിന്റെയെങ്കിലും ഒരു സൂചന നല്‍കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതിന്റെ ശക്തമായ തെളിവാണ് ഗാര്‍ഗ്ഗിയും രാമകൃഷ്ണനും തോമയുടെ വീട്ടിലെത്തുമ്പൊള്‍ കടന്നുവരുന്ന ചെന്നായ. ആ ചെന്നായ ഗാര്‍ഗ്ഗിയുടെ അടുത്തെത്തി അവളുടെ കാല്‍പ്പാദങ്ങളില്‍ മണത്തശേഷം വിദൂരതയിലേക്ക് നോക്കി ഒരു പരിചയഭാവത്തില്‍ അവിടെ നിന്ന് പോകുന്നു. അതിലൂടെ ഗാഥ അവിടെ മുന്‍പ് വന്നിരുന്നു എന്നും, അവളുടെ രക്തഗന്ധം ഗാര്‍ഗ്ഗിയിലൂടെ ആ ചെന്നായ മനസ്സിലാക്കുകയാണെന്നുമാണ് സുസ്മേഷ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അഞ്ചാം അദ്ധ്യായമായ ഭഗവതി c/o വാറ്റുപുര മുതല്‍ സ്വയംപൂര്‍ണ്ണവും പരസ്പര ബന്ധിതവുമായ ആഖ്യാനങ്ങളുടെ രൂപീകരണവും ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ ജീവിതവും കഥാകൃത്ത് വരച്ചു കാട്ടുന്നു. സങ്കീര്‍ണ്ണ രൂപങ്ങളെ ആഖ്യാനത്തിനുള്ളില്‍ പരീക്ഷിക്കുന്ന കഥാകൃത്ത് പാശ്ചാത്യരീതിയിലുള്ള കഥയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗുരിക്കളുമായി കൂട്ടു കൂടുന്ന രാമകൃഷ്ണന്‍ പതിയെ ആ നാടിനെ അറിയാനാരംഭിച്ചു. അങ്ങിനെയാണ് അവര്‍ ഗോദാവരിയുടെ വാറ്റുപുരയില്‍ എത്തുന്നത്. അവിടെ വച്ചാണ് ഗാഥയുടെ ഭര്‍ത്താവ് ചന്ദ്രജിത് സിംഗ് ആ നാട്ടില്‍ താമസിച്ചിരുന്നു എന്നും അയാള്‍ക്ക് ഗോദാവരിയുമായി പുറത്ത് പറയാന്‍ പറ്റാത്ത വിധം ഒരു ബന്ധമുണ്ടായിരുന്നു എന്നും രാമകൃഷ്ണന്‍ അറിയുന്നത്. അങ്ങിനെ അയാള്‍ ഗുരിക്കളോട് ചന്ദ്രജിത് സിംഗിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നു.



ഉന്മാദത്തിന്റെ ഉയരത്തിലേക്ക് സര്‍ഗാത്മകത കല്ലുരുട്ടിക്കയറ്റുന്നു എന്ന ആറാം അദ്ധ്യായം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. എഴുത്ത് ഒരര്‍ത്ഥത്തില്‍ കാരാഗൃഹവാസമാണ്. അത് ഭേദിച്ച് പുറത്ത് വരാന്‍ എഴുത്തുകാരന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ കാരാഗൃഹവാസത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നാണ് അയാള്‍ ഭാവനയുടെ വന്‍കരകള്‍ താണ്ടുന്നത്. ഇവിടെ ഈ ആറാം അദ്ധ്യായവും വരാന്‍ പോകുന്ന ഏഴാം അദ്ധ്യായവും ഞാന്‍ മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആറാമദ്ധ്യായത്തില്‍ വച്ചാണ് ചന്ദ്രജിത് സിംഗ് ഉന്മാദത്തിന് വശംവദനാണെന്ന് വായനക്കാരന്‍ അറിയുന്നത്. ഗാഥയും ഇതേ ഒരവസ്ഥയിലാണെന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നുമുണ്ട്. മൂന്നാം അദ്ധ്യായമാണ് കഥയ്ക്ക് ഗതിമാറ്റം നല്‍കുന്നതെന്ന് ഞാന്‍ മുന്‍പേ പറഞ്ഞല്ലോ. ഇവിടെ വച്ച് ഗോദാവരിയും ഗുരിക്കളും മന്‍സ്സിലാക്കുന്ന ചന്ദ്രജിതിന്റെ ഉന്മാദാവസ്ഥ കഥയുടെ സങ്കീര്‍ണ്ണതയിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. ആ ബോധതീവ്രതയായിരിക്കണം ഈ എഴുത്തിനെ ഉത്തരാധുനിക നോവലിന്റെ പ്രമേയത്തിലേക്ക് വഴിമാറ്റി വിട്ടത്. കഥകള്‍, അതികഥകളായി മാറുക എന്നതാണല്ലോ ഉത്തരാധുനിക നോവല്‍ എന്നത്. ഏതാണ്ട് ഇതേ ഒരവസ്ഥ തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. ആ നാട്ടിലെ താമസം മതിയാക്കി ഡെല്‍ഹിയിലേക്ക് പോകുന്ന ചന്ദ്രജിത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നു. എന്നാല്‍ ഗുരിക്കളോ, ഗോദാവരിയോ അയാളുമായി സമ്പര്‍ക്കത്തില്‍ വരുന്നില്ല. അവിടെ വച്ചാണ് കഥാകൃത്ത് ആദ്യം വിവരിച്ച് നിര്‍ത്തിയ തോമയുടെ വരവ്.

ഗുരിക്കളില്‍ നിന്ന് കഥകളെല്ലാമറിയുന്ന രാമകൃഷ്ണന്‍ സ്തബ്ധനാകുന്നു. ചന്ദ്രജിത്തിന്റെ ഉന്മാദപ്രകടനങ്ങള്‍ക്ക് വശംവദയാകേണ്ടി വന്ന ഗാഥ സഹിച്ച് സഹിച്ച് മടുത്തപ്പോള്‍ നടത്തേണ്ടി വന്ന ഒരാത്മഹത്യ, അല്ലെങ്കില്‍ ചെറുത്ത് നിന്നപ്പോള്‍ സംഭവിച്ച കൊലപാതകം എന്നീ രണ്ട് വശങ്ങളിലേക്കും അയാള്‍ ചിന്തിച്ച് തുടങ്ങുന്നു. ചിത്രരചനയില്‍ ഏര്‍പ്പെട്ട ഗാര്‍ഗ്ഗിയില്‍ നിന്ന് എല്ലാ വിവരങ്ങളും ഒളിപ്പിച്ച് വച്ച് കൂടുതലറിയാന്‍ തോമയുടെ വരവിന് വേണ്ടി അയാള്‍ കാത്തിരിക്കുന്നു.

വായനക്കാരന്റെ ആകാംക്ഷ നിറഞ്ഞ വായന കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന അവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത് തോമയുടെ വരവോട് കൂടയാണ്. ക്രുദ്ധനായി കയറി വരുന്ന തോമ ഗാര്‍ഗ്ഗിയേയും രാമകൃഷ്ണനേയും അവിടെയെല്ലാം തിരയുന്നു. അവസാനം അയാള്‍ ചന്ദ്രജിത് സിംഗ് മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ അവരെത്തേടി എത്തുന്നു. കൂടെ അയാളുടെ ചെന്നായയും, ഒരു തോക്കുമുണ്ട്. അതിനകത്ത് നിന്ന് ഒരു ശബ്ദം കേട്ടതായി തോമയ്ക്ക് തോന്നുന്നു. ഉറച്ചൊരു തെറിക്ക് ശേഷം തോമ രാമകൃഷ്ണനെ വിളിക്കുന്നു. താന്‍ കേട്ടത് ഗാര്‍ഗ്ഗിയുടെ ഞരക്കമാണെന്നും രാമകൃഷ്ണന്‍ അവിടെ വച്ച് ഗാര്‍ഗ്ഗിയെ കൊന്നുകൊണ്ടിരിക്കുകയുമാണെന്നാണ് അയാള്‍ കരുതിയത്. “ഈ രാജ്യത്ത് പടം വരയ്ക്കുന്ന പന്നികളെന്നും തോമായ്ക്ക് സമാധാനം തരുകേല അല്ലേ? ഇറങ്ങി വാടാ എമ്പോക്കി” എന്ന് ഉറക്കെ ചോദിച്ച് അയാള്‍ തോക്കെടുത്ത് അയാള്‍ അകത്തേക്ക് കയറാന്‍ ഭാവിക്കുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തേക്ക് വന്നത് ചന്ദ്രജിത് സിംഗ് ആയിരുന്നു. അവിടെ വച്ച് എല്ലാ സത്യങ്ങളുടെയും ചുരുളഴിയുകയാണ്. ചന്ദ്രജിത് സിംഗ് എവിടെയായിരുന്നു എന്നും ഗാഥയ്ക്ക് എന്ത് സംഭവിച്ചു എന്നുമെല്ലാം തോമ അറീയുന്നു. തോമ എന്ന കഥാപാത്രം ഒന്നുമല്ല എന്ന് കഥാകൃത്ത് ഒരൊറ്റ നിമിഷം കൊണ്ട് വായനക്കാരനോട് വിളിച്ചു പറയുന്നു. എല്ലാ സത്യങ്ങളുമറിഞ്ഞ ശേഷം തോമ നിശബ്ദം മല കയറുന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ തിണ്ണയില്‍ രാമകൃഷ്ണന്‍ ഇരിക്കുന്നുണ്ട്. അവിടെ വച്ച് രാമകൃഷ്ണന്‍ ഗാര്‍ഗ്ഗിക്ക് സ്ട്രോക്കായതായും അവളുടെ ഒരുവശം തളര്‍ന്നു പോയതായും വികാരാധീനനായി തോമായെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് പറയുന്നു. തോമ അയാളെ ദേഹത്തില്‍ നിന്നടര്‍ത്തി ഒരാശ്വാസത്തോടെ ചന്ദ്രജിത് സിംഗിന്റെ വീടിരിക്കുന്ന ദിക്കിലേക്ക് നോക്കി. ഇതിനിടെ രാമകൃഷ്ണന്‍ പറയുന്നു. “ഞാന്‍ ഗാര്‍ഗ്ഗിയുടെ അടുത്തേക്ക് പോകുകയാണ്. സഞ്ചിയും സാധനങ്ങളും എടുക്കാന്‍ വന്നതാ. പിന്നെ തോമാച്ചേട്ടനോട് പറയാനുള്ള വഴിയുണ്ടാക്കാനും. എന്തായാലും ഇവിടെ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു രഹസ്യകഥ മനസ്സിലാക്കാന്‍ പറ്റി. അത്ര നിസ്സാരവും അപ്രധാനവുമല്ലാത്ത കഥ.” ഇത് പറഞ്ഞു കഴിഞ്ഞ സമയം താഴ്വാരത്തില്‍ ചന്ദ്രജിത് സിംഗിന്റെ വീടിന്റെ ഭാഗത്ത് നിന്ന് ഒരു വെടിശബ്ദം ഉയരുന്നു. “ആ കഥ പൂര്‍ത്തിയായി രാമകൃഷ്ണാ, ഇനി നിനക്ക് നിന്റെ പെങ്കൊച്ചിന്റെ അടുത്തേക്ക് മനസ്സമാധാനത്തോടെ പോകാം” എന്ന് തോമ പറയുന്നതോടെ‍ കഥയ്ക്ക് പര്യവസാനമാകുന്നു.

ഇവിടെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ കാര്യവുമായി ഈ അദ്ധ്യായത്തെ ബന്ധിപ്പിക്കേണ്ടത്. എഴുത്ത് എന്ന കാരാഗൃഹത്തില്‍ നിന്ന് ഈ അദ്ധ്യായത്തിലൂടെ കഥാകൃത്ത് രക്ഷപ്പെടുകയാണ്. അല്ലെങ്കില്‍ അയാള്‍ കാരാഗൃഹം ഭേദിക്കുകയാണ്. എഴുത്തിനെ കാരാഗൃഹമായി കാണുമ്പോള്‍ അതിനെ ഒരിക്കലും ഭേദിക്കരുത്. എഴുത്ത് എഴുത്തുകാരനെയാണ് മോചിപ്പിക്കേണ്ടത്. ഈ കഥയുടെ അവസാനമായപ്പോഴേക്കും കഥാകൃത്തിന് ഇത് എങ്ങിനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്. അക്കാര്യം ഏഴാം അദ്ധ്യായത്തില്‍ മാത്രം സ്പഷ്ടമാണ്. കഥയെപ്പറ്റിയുള്ള വായനക്കാരന്റെ പല ധാരണകളെയും ഇവിടെ കഥാകൃത്ത് നിര്‍ദാക്ഷിണ്യം അട്ടിമറിക്കുകയാണ് ചെയ്തത്. അനാവശ്യസ്ഥലങ്ങളില്‍ കഥയെ വലിച്ചു നീട്ടി, അവശ്യഘട്ടത്തില്‍ അതിനെ മുറിച്ചൊതുക്കി വായനക്കാരന്റെ മാനസികനിലയെ പരിശോധിക്കുക എന്നൊരു കാര്യം കൂടി പ്രസ്തുത കൃതി കൊണ്ട് കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. ഭ്രമാത്മതകളും, സ്വപ്നങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച ഈ രചന ഭാവനയുടെ ചുംബിതങ്ങളില്‍ മാത്രം വിഹരിക്കുകയാണ്. നോവലിനീ ഭാവനയുടെ ആപത്കരമായ എഴുത്തുവഴികളിലേക്ക് വിക്ഷേപിച്ച കഥാകൃത്ത് അതിന്റെ വരും വരായ്കയെ പറ്റി ആലോചിച്ചിരിക്കുമോ ആവോ? എന്തായാലും ഉത്തരാധുനിക നോവലിന്റെ മെറ്റാഫിക്ഷന്‍ വഴി ഒരു വായനാസുഖം ലഭിക്കുന്നുണ്ട് എങ്കിലും ആഴത്തിലുള്ള വായനയില്‍ ഈ പുസ്തകം ഒരു പരാജയമാണെന്ന് പറയാതെ വയ്യ.



മലയാളനാടില്‍ പ്രസിദ്ധീകരിച്ചത്

അടിയന്തരാവസ്ഥയുടെ പച്ചക്കിനാവുകള്‍

തന്റേതായ ഓര്‍മ്മകളെ നിരന്തരം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു കവിയാണ് കെ.എം.പ്രമോദ്. ഓര്‍മ്മകളുടെയും മറവികളുടെയും ഒരു തുലാസ് കവി തന്റെ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. പലതരം സദാചാര കാപട്യങ്ങളെയും നിഷേധിച്ച് താന്‍ കണ്ടുവളര്‍ന്ന രാഷ്ട്രീയാന്തരീക്ഷങ്ങളിലൂടെ കടന്നു പോകുന്ന പ്രമോദ്, സ്വന്തം ചിന്തകളുടെ ശുദ്ധി കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന് പരിമിതമായ ഒരു ഘടനയാണ് പ്രമോദ് പല കവിതകളിലും കൈകാര്യം ചെയ്യുന്നത്. കവിതയിലെ 'ഞാന്‍' എന്ന വ്യക്തിയുടെ സംവാദത്തിന്റെ ഘടനയാണത്. അനുഭവങ്ങളുടെ അഭൗമശക്തിയാല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വാക്കുകളുടെ പ്രവാഹത്തിന്റെ സൗന്ദര്യമാണ് ഈ ഘടനയുടെ സവിശേഷത.

എല്ലാ മനുഷ്യര്‍ക്കിടയില്‍ക്കൂടിയും പ്രമോദ് കടന്നു പോകുന്നുണ്ട്. കൊറിയയും, ഫ്രാന്‍സും, കണ്ണൂരിലെ സ്വന്തം ഗ്രാമമായ കടൂര്‍ വരെ അയാളുടെ കവിതകളിലേക്കിറങ്ങി വന്നിരിക്കുന്നു. തനിക്ക് ചുറ്റും വരുന്ന ലോകത്തെയും ആളുകളെയും കുറിച്ചുള്ള ബോധത്തിന്റെ ആവിഷ്കാരങ്ങളാണ് പ്രമോദില്‍ കവിതകളായി രൂപാന്തരം പ്രാപിക്കുന്നത്. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പുനര്‍വായനയായി തോന്നും വായനക്കാര്‍ക്ക് പ്രമോദിന്റെ കവിതകള്‍. അതില്‍ എണ്‍പതുകളുടെ നിറമില്ലായ്മയുണ്ട്, നിറഭേദങ്ങളോട് കൂടിയ വിദേശ നഗരങ്ങളുണ്ട്, രൂക്ഷവും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഇടതുപക്ഷ മാനവികതയുണ്ട്.

പ്രമോദിന്റെ കാവ്യരീതികള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം വ്യത്യസ്തവും, വൈവിധ്യപൂര്‍ണ്ണവും, പരീക്ഷണോന്മുഖവുമായ കവിതകളാണ് പ്രമോദ് പുറന്തള്ളുന്നത്. അതിന്റെ രൂപപരവും, ഭാവപരവുമായ ആകാര സവിശേഷതകള്‍ പിടഞ്ഞ് കിതച്ചുകൊണ്ടിരിക്കുന്ന മലയാള കവിതയ്ക്ക് ഒരല്പം ജീവവായു നല്‍കന്നുണ്ടെന്ന് പറയാതെ വയ്യ. ശ്ലോകങ്ങളുടെ സ്വാധീനതയില്‍ കവിതയെഴുത്ത് തുടങ്ങിയ പ്രമോദ് വളരെ പെട്ടെന്ന് തന്നെ ആ രീതിയില്‍ നിന്ന് മുക്തനായി. ഇന്നയാള്‍ താന്‍ കണ്ടെത്തിയ സ്വന്തം രീതിയില്‍ നിന്ന് അല്ലെങ്കില്‍ സ്വന്തം സ്വാധീനതയില്‍ നിന്ന് തന്നെ മോചനം പ്രാപിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു കാവ്യശൈലിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല പ്രമോദിന്റെ കവിതകള്‍. നാടന്‍ മൊഴികളും,മനഃപ്പൂര്‍വ്വം വികലമാക്കിയ പദങ്ങളും, ശീലുകളുമുപയോഗിച്ച് തന്റെ ഗ്രാമീണതയും, ഗ്രാമ്യതയും കവി തന്റെ കവിതകളിലൂടെ വായനക്കാരനില്‍ അടിച്ചേല്പിക്കുന്നു.

ദാര്‍ശനീകമായ ഇടതുപക്ഷ മാനങ്ങളുമായി കടന്നുപോകുന്ന നിരവധി കവിതകള്‍ പ്രമോദ് രചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വന്തമായ കാഴ്ചപ്പാടില്‍ കാണുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമീപനമാണ് കവി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രമോദിന്റെ കവിതകള്‍ കഥാവിഷ്കാരത്തില്‍ കവിഞ്ഞ് ചിന്തോദ്ദീപകമായി വര്‍ത്തിക്കുകയും ചെയ്യുന്നു. 'അനങ്ങാതെ കിടക്കുന്നത്' എന്ന കവിതയില്‍ കവിയുടെ രാഷ്ട്രീയ ചിന്ത ഇങ്ങിനെയാണ്.

'വീണ് കിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളി ഫെന്റ്സ് ക്ലബ്
ചത്തുമലച്ച വാക്ക്
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെ കിടക്കുന്നവയെ
ബഹുമാനിച്ചു പോകുന്നു'.

വൈയക്തികമായ ക്ഷണിക ഭാവങ്ങളുടെ കവിതകളില്‍ ഊറ്റം കൊള്ളുന്ന ഇക്കാലത്ത് മലയാള കവിതയില്‍ പ്രമോദ് വ്യത്യസ്തനാവുകയാണ്. ആശാനെപ്പോലെ 'ക്ലാസിക്' ഉള്‍ക്കാഴചയിലൂടെ കവി കടന്നുപോകുമ്പോള്‍ നവീന കാവ്യരീതിയിലെ ജീവിതഗന്ധിയായ കവിതകള്‍ അയാള്‍ക്ക് മുന്നില്‍ വഴിമാറുകയാണ്. വയലാര്‍, ഒ.എന്‍.വി, പി.ഭാസ്കരന്‍ എന്നിവരെപ്പോലെ ഇടതുപക്ഷ സിദ്ധാന്തങ്ങളുടെ വക്താവായി മാറനുള്ള ശ്രമങ്ങളാണോ ചില കവിതകള്‍ എന്ന് തോന്നിപ്പോകുമെങ്കിലും വ്യത്യസ്തമായ തന്റെ രാഷ്ട്രീയ ചിന്തകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ദാര്‍ശനിക രീതിയിലാണ് പ്രമോദ് വരികളെ ഇഴ ചേര്‍ക്കുന്നത് എന്ന് ഒരു പുനര്‍വായനയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും.

ഉത്തര മലബാറിലെ പ്രാദേശിക ഭാഷാരീതികളും, പ്രയോഗങ്ങളും പ്രമോദിനെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അയാളുടെ പല കവിതകളേയും ഭാഷാരീതിയെ അവലംബിച്ചു കൊണ്ട് തന്നെ വേര്‍തിരിച്ചെടുക്കാം. അതുപോലെ പല രചനകളിലും ഇത്തരം ഭാഷാപ്രയോഗങ്ങളുടെ ക്രോഡീകരണം വിപുലവും, വിശാലവുമായ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി പ്രമോദ് കൈകാര്യം ചെയ്തിട്ടുണ്ട്. പ്രതീകങ്ങള്‍, പ്രമേയങ്ങള്‍, പ്രതീകങ്ങള്‍, ബിംബങ്ങള്‍ എന്നിവയുടെ സഹായത്തോടെ പല കവിതകളെയും സത്ത് മാത്രമാക്കി കടഞ്ഞെടുക്കാനുള്ള വലിയ ശ്രമങ്ങള്‍ കവി നടത്തിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഇവയെല്ലാം തന്നെ വായനക്കാര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന രീതിയിലാണെന്നുള്ളത് പ്രമോദിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നു.

പാരമ്പര്യത്തിന്റെ തത്വങ്ങളെ നശിപ്പിച്ചുകൊണ്ട് അനങ്ങാതെ കിടക്കുന്ന ചരിത്രത്തിന്റെ ശവസംസ്കാരം നടക്കുമ്പോള്‍ നീറുന്ന തന്റെ മനസില്‍ നിറയുന്ന വരികള്‍ 'തെരെഞ്ഞെടുപ്പ്' എന്ന കവിതയില്‍ അയാള്‍ എഴുതിച്ചേര്‍ത്തു.

അമ്പത്തിമൂന്ന് ദിവസം
മുമ്പ് മരിച്ച
അച്ചുവേട്ടന്റെ വോട്ടു-
ചെയ്ത ശേഷം
ഞാന്‍ സംത്രിപ്തിയോടെ പാടി.
'ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ലാ
ജീവിക്കുന്നു ഞങ്ങളിലൂടെ.' - ഇതിലൂടെ ലോകം മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത ചന്തയായി അധഃപതിച്ചിരിക്കുന്നു എന്ന് കവി പറയുന്നു. ഈ കവിതയിലെ അടിസ്ഥാന ബിംബമായ 'വോട്ടി'നെ ആസ്പദമാക്കിയാണ് കവിതയുടെ ഘടന രൂപം കൊണ്ടീരിക്കുന്നത്.

പ്രമോദിന്റെ 'യോഗം' എന്ന കവിതയില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപകാല അപചയത്തെ ഉപരിപ്ലമായി പ്രമേയവത്കരിക്കുന്നുണ്ട്.

'കേരള ശാസ്ത്ര സാഹിത്യ
പരിഷത്തിന്റെ യോഗം
ഭാരവാഹികളല്ലാതെ
ആരും വന്നില്ലിതേവരെ' - എന്ന് തുടങ്ങുന്ന കവിത സമകാലിക സംഭവ വികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ആദ്യ കാലങ്ങളില്‍ പരിഷത് നടത്തിയ ജനസഹായ പദ്ധതികളെ അംഗീകരിക്കുന്നതിനൊപ്പം പില്‍ക്കാലത്തെ ബുദ്ധിജീവി പ്രസ്ഥാനമായി മാറിയ അവസ്ഥയെ വിമര്‍ശിക്കാനും കവി ഒട്ടും തന്നെ മടി കാണിച്ചിട്ടില്ല. മുന്‍കാല യോഗങ്ങളില്‍ എല്ലാം തങ്ങള്‍ക്ക് മനസ്സിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് പറയുന്നത് എന്ന് പറയുന്നവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയുന്നില്ല. അതാണ് ആരും യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം എന്ന് സര്‍വ്വേയിലൂടെ കണ്ടെത്തുന്നതിലൂടെ കവിത അവസാനിക്കുന്നു.

വേരുറച്ച് മരവിച്ച സ്വപ്നങ്ങളുമായി വെറുതെ കിടക്കുന്ന ശവമായി മാറാന്‍ കവി ആഗ്രഹിക്കുന്നില്ല. തന്റെ ഓര്‍മ്മകളെയും സ്വപ്നങ്ങളുടെ ശൈശവനൈര്‍മല്യതകളെയും ചിതയ്ക്ക് നല്‍കാതെ കവി തന്നെ നേടിയെടുത്ത 'വരിവഴക്കം' കൊണ്ട് കവിതയാക്കുകയാണ് ഇവിടെ ചെയ്യുന്നത്. വായനക്കാരനെ മാത്രമല്ല, തങ്ങളുടെ ഗതിമാറ്റം മനസ്സിലാക്കാത്ത ദുഷിച്ച രാഷ്ട്രീയസംസ്കാരത്തില്‍ പെട്ടൊഴുകിപ്പോകുന്ന സമകാല രാഷ്ട്രീയക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരാമര്‍ശ കവിതകളിലൂടെയുള്ള യാത്ര, യാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ മറന്ന് അര്‍ത്ഥശൂന്യമായ കവിതകള്‍ പാടി നടക്കുന്ന കവികള്‍ക്ക് കിട്ടുന്ന കനത്ത പ്രഹരമാണ്.

'ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി
പുസ്തകമുടനെയിറക്കും
അവാര്‍ഡ് കിട്ടും
വേദിയില്‍ വച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
'കുട്ടിരാമന്‍ പിട്ടയിട്ടു' എന്ന
ആദ്യകവിതയുടെ പിത്രിത്വം
ഏറ്റെടുക്കും
നായിന്റെ മോന്റെ മോനെന്ന് പറയിപ്പിച്ച
അതേ വരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ...!'

ഈറന്‍ മഴയുടെ പഴമൊഴികള്‍

ജീവിതത്തിലെ പ്രവാസത്തെ നേരിടുന്ന വാക്കുകളാണ് ടി.പി.വിനോദിന്റെ കവിതകള്‍. തന്റെ പ്രവാസജീവിതത്തിലെ ഓര്‍മ്മകളെ ഒരു കലാസൃഷ്ടിയെപ്പോലെ ദൃഢമാക്കാന്‍ അല്ലെങ്കില്‍ ഒരു ശില്പമാക്കാന്‍ വിനോദ് യത്നിക്കുന്നുണ്ട്. ഓര്‍മ്മകളെ അപഗ്രഥിച്ചു കൊണ്ടുള്ള കടന്നുപോക്കുകള്‍ ഈ യത്നത്തെ പരാജയപ്പെടുത്തുന്നതായി കവിക്ക് തോന്നിയിട്ടുണ്ടായിരിക്കണം, പലപ്പോഴും.

'നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.'

ഇവിടെ സ്വന്തം കവിതയ്ക്ക് കവി നാമകരണം ചെയ്യുകയാണ്. ദേശകാലങ്ങളുടെ അതിരുകള്‍ക്കകലെ ഓര്‍മ്മകളുടെ പത്തായം കവിതയാല്‍ നിറയ്ക്കുകയാണ് വിനോദ് ചെയ്യുന്നത്. തനിക്ക് ജീവിതം ഒരു സ്വപ്നാടനം മാത്രമാണ്, അതിനപ്പുറം മറ്റൊന്നുമില്ല എന്ന് പല കവിതകളിലും കവി വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ട് ഈ ലോകവുമായി അയാള്‍ സംവദിക്കുന്നത് തന്നെ കവിതകളിലൂടെയാണ്. ആ സംവേദനത്തിന്റെ മൂര്‍ത്തതയ്ക്കായി നാവിന്‍ തുമ്പില്‍ നിന്നും മാഞ്ഞു പോയ വാക്കുകള്‍ക്ക് വേണ്ടി വിനോദ് പരതുകയാണ്. കൈവിട്ട് പോരേണ്ടി വന്ന നാടീന്റെ ചൂടും, ചൂരും കവിതകളിലൂടെ അനുഭവിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. നഷ്ടബോധത്തിന്റെ ഗൗരവത്താല്‍ കവിയുടെ നാടും, ഭാവവും ഭാഷയിലേക്ക് ഊര്‍ന്നിറങ്ങി അതിന്റെ ശക്തി കവിതയിലേക്ക് പകരുന്നുമുണ്ട്.

അതിഭാവുകത്വത്തിന്റെ അതിമധുരത്തില്‍ ചില കവിതകള്‍ മുങ്ങിപ്പോകുന്നുണ്ടെങ്കിലും, കാവ്യബിംബങ്ങളുടെ ആന്തരഘടനയും, സത്തയും മുറുകെപ്പിടിക്കുന്ന കവിതകള്‍ അവയെ വായനക്കാര്‍ക്കിടയില്‍ നിന്നും മറച്ചു പിടിക്കുന്നുണ്ട്. പ്രവാസചിന്തകള്‍ വിനോദിലൂടെ കവിതയുടെ വ്യത്യസ്തമായ സ്വരമായി മാറുകയാണ് ഇവിടെ ചെയ്യുന്നത്.

സ്വന്തം ചരിത്രം ഉള്ളിലൊതുക്കുന്ന തേങ്ങല്‍ കവിയിലൂടെ പുറത്തേക്കൊഴുകുന്ന സന്ദര്‍ഭമാണ് 'അന്തര്‍വാഹിനി' എന്ന കവിതയില്‍. ഇവിടെ നിങ്ങള്‍ക്ക് ബുദ്ധിയുടെ വ്യായാമം കാണാന്‍ കഴിയില്ല. കല്ലായിപ്പോയ വാക്കുകളുടെ എഴുന്നള്ളിപ്പുകളും, നോക്കുകുത്തികളായി മാറിയ പദപ്രയോഗങ്ങളെയും കാണാന്‍ കഴിയില്ല. ഭൂതകാലത്തില്‍ നിന്ന് ഓടിയൊളിക്കാനാവാത്ത ഒരു തുരുത്തിലേക്കുള്ള സഞ്ചാരമാണ് ഈ കവിത. സ്വന്തം നിമിഷങ്ങളെ വീണ്ടും കണ്ടുമുട്ടാത്തതിനാല്‍ പഴയ ഓര്‍മ്മകളെയും ചുറ്റിപ്പിടിച്ച് കവിതയിലേക്ക് വഴുതി വീഴുകയാണ് കവി.

'പാളവണ്ടിയും ട്രൗസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനേയും പുകച്ചിലിനേയും
മറന്നേ പോയിരുന്നു.'


വിനോദിന്റെ സ്വാതന്ത്ര്യം എന്ന കവിതയില്‍ വളരെ ലളിതമായി സ്വാതന്ത്ര്യബോധത്തെക്കുറിച്ച് പറയുന്നുണ്ട്. പത്രത്തില്‍ സ്വാതന്ത്ര്യം എന്ന പദം കണ്ടപ്പോള്‍ കവി ഓര്‍ക്കുന്നത് തുരുമ്പിച്ച ഒരു എലിക്കെണിയാണ്. ആ എലിക്കെണിയില്‍ ചിതലുകള്‍ സുഖലോലുപരായി അകത്തേക്കും പുറത്തേക്കും സ്വൈരവിഹാരം നടത്തുന്നുണ്ട്. അവര്‍ക്ക് അതൊരു സ്വാതന്ത്ര്യമുള്ള സഥലമാണ്. എന്നാല്‍ അതിലകപ്പെടുന്ന എലിക്കോ? ഇവിടെ വരുന്ന ഈ മാറ്റം ശ്രദ്ധേയമാണ്. പല വാക്കുകളും നമ്മെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പല വാക്പ്രയോഗത്തിലും, വികാരവിനിമയത്തിലും കവി ഇവിടെ മാറ്റമുണ്ടാക്കുന്നുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ രൂക്ഷചിത്രങ്ങളിലൂടെ അനായാസമായി ചലിക്കുന്ന ഈ കവിത, കവിതയില്‍ നിന്നുയര്‍ന്ന ഒരു സമൂഹത്തെ ഉള്‍ക്കൊണ്ടു കൊണ്ട് തന്നിലേക്ക് തന്നെ തിരിച്ചുവരുന്ന ഒരു ബൂമറാങ്ങാണ്.

വെളിച്ചത്തിന്റെ അക്വേറിയം, അനുശീലനം എന്നീ കവിതകള്‍ ഒരു ഇടത്തരം കുടുംബത്തില്‍ അല്പകാലം മുന്‍പ് വരെ കണ്ടിരുന്ന കാഴ്ചകളുടെ വാങ്മയ ചിത്രങ്ങളാണ്. ചില്ലോടിലൂടെ കടന്നു വരുന്ന പ്രകാശധാരയെ അക്വേറിയമായി ചിത്രീകരിച്ചും തന്റെ സ്വപ്നങ്ങളെ ഒരു വിത്ത് നടുന്ന രീതിയില്‍ നട്ട് വളര്‍ത്തിയതും അക്ഷരങ്ങളായി, വാക്കുകളായി ഇവിടെ ഉണരുന്നു. പല കവിതകള്‍ക്കും സംഭവിക്കുന്ന രൂപരാഹിത്യം ഇവിടെ സംഭവിക്കുന്നില്ല. മനുഷ്യസ്മൃതി ഇവിടെ രൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ 'ട്രൂ കോപ്പി' എന്ന കവിതയില്‍ തന്റെ സ്ഥിരം കാഴ്ചകളാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ട്രാഫിക് ലൈറ്റുകളുടെ ദൃശ്യവിസ്മയങ്ങളെ ആലങ്കാരികതയിലൊരുക്കി വച്ചിട്ടുണ്ട് കവി ഈ കവിതയില്‍. നാട്ടിന്‍പുറത്തെ പഴമകള്‍ക്കിടയില്‍ ഒരു നഗരജീവിതക്കാഴ്ച. കാലത്തിലൂടെ ഒഴുകുന്ന മനുഷ്യജീവിതത്തിന്റെ ലംബമായ കാഴ്ചപ്പാടുകളായി മാറുന്നുണ്ട് വിനോദിന്റെ പല കവിതകളും.

വാക്യസംവിധാനത്തിന്റെയോ പദങ്ങളുടെയോ കെട്ടുറപ്പില്‍ ബിംബങ്ങള്‍ കെട്ടിയുയര്‍ത്തുന്ന സ്വഭാവവും, ശില്പകലയുടെ സ്വഭാവത്തിലൂന്നിയുള്ള വരികളുടെ വിന്യാസവും വിനോദിന്റെ കവിതകളുടെ സൗന്ദര്യാത്മക ഘടകങ്ങളായി മാറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കഥനത്തിന്റെ അംശങ്ങളായി ബിംബങ്ങള്‍ മാറുന്നുമുണ്ട്. ആശയങ്ങളുടെ പങ്ക് കുറേക്കൂടി സ്വതന്ത്രവും ശക്തവുമായി മാറുന്നതിന് പൈറസി എന്ന കവിത ഒരു ഉദാഹരണാമാണ്.

'വെളിച്ചത്താലുണ്ടായി വരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോകുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.'

അനുഭവത്തിലൂടെ സത്യത്തെ സാക്ഷാത്കരിക്കുന്ന രീതിയാണ് 'വാക്കുപോക്കുകള്‍' എന്ന കവിതയില്‍ വിനോദ് സ്വീകരിച്ചിരിക്കുന്നത്. തന്റെ വിഹ്വലതകളും ആശങ്കകളും അയാള്‍ക്ക് എന്നുമൊരു കൂട്ടായി മാറിയിരുന്നു. ഏകാന്തതയില്‍ അഭയം കൊണ്ട ജീവിതം പലകുറി എഴുതിയെടുത്ത് ആത്മഹര്‍ഷം പൂണ്ടിരിക്കണം കവി.

'വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുക മാത്രം ചെയ്യുന്നു.'

അകലെയിരുന്നു നോക്കുമ്പോള്‍ സങ്കല്പിച്ചെടുക്കാവുന്ന ഒന്നായിരിക്കില്ല വിനോദിന്റെ കവിതയിലെ സൗന്ദര്യം. അനുഭവാഖ്യാനത്തില്‍ അന്തര്‍മുഖമായി മാറുന്ന സ്വഭാവമായിരിക്കും അത്. അതുകൊണ്ട് തന്നൊരു കരിയിലയെപ്പോലെ സ്നേഹത്തിന്റെയും, ഗൃഹാതുരതയുടെയും കാറ്റില്‍ വിനോദിന്റെ മനസ് പറന്നലഞ്ഞിട്ടുണ്ടായിരിക്കണം. ആ പറന്നകന്ന ഇലകള്‍ സങ്കല്പങ്ങള്‍ ശിഥിലമായീരിക്കുന്ന മലയാള കവിതയിലേക്ക് വിരിച്ച കവിത്വം കാലത്തിന്റെ എല്ലാ ശീതോഷ്ണങ്ങളേയും സ്വീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കവിയില്‍ നിന്ന് ഒരിക്കലും ഓര്‍മ്മകള്‍ ഓടിപ്പോകുന്നില്ല. സ്വന്തം നാടിനോടുള്ള ഗാഢാഭിമുഖ്യത്തിന്റെ സാന്ദ്രമായ ഭാഷയാണ് ഈ കവിയുടെ ഭാഷ. ഇവിടെ ഈ കനത്ത നിശബ്ദതകള്‍ക്കിടയില്‍ തന്റെ കപ്പലിന് പാമരമന്വേഷിച്ചലയുന്ന ഈ മരംകൊത്തിയുടെ താളം വായനക്കാരുടെ സംവേദനത്തില്‍ പുതിയൊരു തുയിലുണര്‍ത്തലായി മാറട്ടെ.

'ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചു നില്‍ക്കുന്ന
മുഴച്ചു നില്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്...!!'

കാഴ്ചയുടെ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിയ കവിതകള്‍

ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത് വീണ മഴത്തുള്ളികള്‍ ഇപ്പോഴും മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ല. ഇത് പോലെയാണ് അനീഷിന്റെ കവിതകള്‍. വായനാനുഭവം മന‍സില്‍ നിന്നും മാഞ്ഞുപോകാതെ എവിടെയൊക്കെയോ തങ്ങി നില്‍ക്കുന്നു. എപ്പൊഴോ വിരിഞ്ഞ ഒരു പുഷ്പത്തിനു ചുറ്റും ഒരു കൂട്ടം ശലഭങ്ങള്‍ പറന്ന് നടക്കുന്നത് അസാധാരണമായ കാഴ്ചയാണ്. കാരണം തേനീച്ചയെപ്പോലെ കൂട്ടമായി സഞ്ചരിക്കുക എന്നത് ശലഭങ്ങള്‍ക്കില്ലാത്ത ഒരു സ്വഭാവവിശേഷമാണല്ലോ. വെളിച്ചം കുറഞ്ഞ താഴ്വാരങ്ങള്‍ക്കപ്പുറം ആ ശലഭങ്ങള്‍ എന്തോ കൗതുകത്തില്‍ ആകൃഷ്ടരായതായിരിക്കാം.

പുതിയ ആവിഷ്കരണങ്ങളാണ് പുതിയ രീതികളിലേക്ക് നമ്മെ ആനയിക്കുന്നത്. അത്തരത്തില്‍ ആവിഷ്കരണത്തിലെ വ്യത്യസ്തത അനീഷിനെ ശ്രദ്ധേയനാക്കുന്നുണ്ട്. അദ്ധ്യാപകന്‍ എന്ന നിലയേക്കാള്‍ ഒരു കവി എന്ന നിലയില്‍ ശോഭിക്കാന്‍ ഒരുപക്ഷേ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടായിരിക്കണം. കറുപ്പും പച്ചയും മാത്രം ഉപയോഗിച്ചുകൊണ്ട് ജീവസ്സുറ്റ ചലനചിത്രങ്ങള്‍ വാക്കുകളാല്‍ വരച്ചു വച്ചിരിക്കുകയാണ് 'നാക്കില' എന്ന ബ്ലോഗില്‍. തികച്ചും വ്യത്യസ്തമായ ഒരു കാവ്യസംവേദനമാണ് ഈ ബ്ലോഗിലൂടെ ഉന്മീലിതമാകുന്നതും.


കവിതകളിലൂടെ ചിത്രം വരയ്ക്കപ്പെട്ട ചില രചനകളുണ്ട് അനീഷിന്റെ കവിതകളില്‍. വേലുമ്മാന്‍, കടത്തുകാരന്‍ തുടങ്ങിയ കവിതകള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. തന്റെ ബാല്യം തനിക്ക് കാണിച്ചുതന്ന കാഴ്ചകളെ അതിന്റെ തന്മയത്വത്തോട് കൂടി വാക്കുകള്‍ കൊണ്ട് പകര്‍ത്തിയിരിക്കുകയാണ് കവി ഇവിടെ. ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവാതെ കുഴങ്ങുന്ന മൃത്യുവിനെ തന്റെ ചിന്തകളില്‍ നിന്നും ഈ കവിതകളിലേക്ക് കവി ആവാഹിച്ചിരിക്കുന്നു. കുസൃതികളിലൂടെയും, കളിചിരികളിലൂടെയും കടന്നുപോയ തുടിക്കുന്ന ബാല്യത്തിന്റെ സാന്ദ്രമായ കവിത തുളുമ്പിനിന്ന ഒരു വരകവിയുടെ വിലപ്പെട്ട വാങ്മയമാണിത്. ചേറിയെടുത്തും, പെറുക്കിക്കളഞ്ഞും ആ കവിതകളുടെ സത്ത ഒന്നുകൂടി കുറുക്കിയെടുത്തിരുന്നെങ്കില്‍ അതിന്റെ മധുരവും, ചവര്‍പ്പും, പുളിപ്പും, എരിവുമെല്ലാം ഒന്നൊഴിയാതെ നുണച്ചിറക്കാന്‍ വായനക്കാരന് കഴിയുമായിരുന്നു.

മരണം ജീവിതത്തിന്റെ തുടര്‍ച്ചയോ, വികാസമോ ഒക്കെയാണ്. 'ഇന്നുമാ വളവിലെത്തുമ്പോള്‍' എന്ന കവിത, ഒരു മരണസാക്ഷിയുടെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. അവിടെ കവി ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത പലതും കവിതയായിത്തീരുകയായിരുന്നു. താന്‍ കടന്ന് പോകുന്ന ആ വളവില്‍ അപഹരിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളെ അയാള്‍ വരച്ചെടുത്തു.

'ഇപ്പോഴവിടെയില്ല
തെറിച്ച് വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍
മഴവെള്ള-
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറ് പൊട്ടിയ ചെരുപ്പുകള്‍.'
-കാലങ്ങള്‍ക്കിടയിലെ ദൂരം ധ്വനിപ്പിക്കുന്ന വരികളാണിത്. ചിതറിത്തെറിച്ച ഈ ഓര്‍മ്മകള്‍ക്കിടയില്‍ ഞാനൊന്ന് പരതി നോക്കി. എവിടെ വാക്കുകളിലെവിടെയോ കണമായി ശേഷിച്ച സ്രഷ്ടാവിന്റെ വെമ്പലുകളും കണ്ണീരും?


മറ്റുള്ള പക്ഷികളെല്ലാം നിശബ്ദരാവുമ്പോഴാണല്ലോ കാലന്‍ കോഴിയുടെ ആലാപനം, പാവനമായ ഏതോ മൃതിപല്ലവികള്‍ എന്ന പോലെ. ഇരുണ്ട സംഗീതത്തിന്റെ പ്രതിഫലനമായാണവ എനിക്ക് തോന്നിയിട്ടുള്ളത്. പാപം ചെയ്ത് ലോകം വിട്ട് പോയവരുടെ പശ്ചാത്താപമായിരിക്കാം ഒരുപക്ഷേ ആ ശബ്ദങ്ങള്‍. ശബ്ദങ്ങള്‍ പലയിടങ്ങളിലേക്കുമുള്ള പാതകളാണ്. ആ പാതകള്‍ മരണത്തിലേക്കും ജീവിതത്തിലേക്കും വഴി തെളിക്കും. ഇവിടെ കവി ഇങ്ങനെ എഴുതി.

'ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും'.
- മരണത്തെ നേരിടാനാവാത്ത ഒരു ഹൃദയം ഈ വരികള്‍ക്കിടയിലുണ്ട്. അവനിനിയും ജീവിച്ചേ മതിയാവൂ. കാലത്തില്‍ നിന്നും മാറി നടക്കാന്‍ അവനൊരിക്കലും സാധ്യമല്ല. മറ്റൊരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അവനൊരു ധീരനാണ്. എളുപ്പവഴിയെ ഒഴിവാക്കി, പ്രതിബന്ധങ്ങളെ നേരിട്ട് അവന്‍ മുന്നേറാന്‍ കൊതിക്കുന്നുണ്ട്. ജ്വലിക്കാന്‍ തുടങ്ങുന്ന ഒരഗ്നിയെ പോലെ.

അദൃശ്യമായ ഒരു തലത്തെക്കുറിച്ചുള്ള ബോധമാണ് വിശ്വാസം എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ആ അവബോധത്തിന്റെ രസാനുഭൂതിയില്‍ വികാരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കപ്പെടുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അലിഞ്ഞ് ചേരുന്നു. സീമകള്‍ തകര്‍ക്കപ്പെടുകയും ഭൂതവും വര്‍ത്തമാനവും മാഞ്ഞുപോയി ഭാവി മാത്രം നിലനില്‍ക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു ചിന്താഗതിയില്‍ നിന്നുരുത്തിരിഞ്ഞ അനീഷിന്റെ ഒരു കവിതയാണ് 'ഒടിയന്‍'. അത് അവസാനിക്കുന്നത് ഇങ്ങിനെയാണ്.

'ഒടിഞ്ഞ ജീവിതമായ
ചെളിയില്‍ പുതഞ്ഞ് കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ത്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു.'
- സന്ദേഹത്തിലൂന്നിയുള്ള അന്ത്യങ്ങള്‍ എല്ലായ്പ്പോഴും ദുഃസ്സൂചകങ്ങളായിരിക്കും. അവ എല്ലായ്പ്പോഴും ചക്രവാളങ്ങളില്‍ തട്ടി തിരിച്ചുവരുന്ന നിശബ്ദത മാത്രമായിരിക്കും. ആ നിശബ്ദത അകക്കാമ്പില്‍ ഉള്‍ക്കൊണ്ട് തന്നെ നമുക്കീ കവിതയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം മറ്റൊരാനന്ദം കവിക്കിനി കിട്ടാനിടയില്ല.

"ഞങ്ങള്‍ നഭസ്സിലായിരുന്നപ്പോള്‍ ഞങ്ങള്‍ നഭസ്സായിത്തീര്‍ന്നു, ഞങ്ങള്‍ വെളിച്ചത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ വെളിച്ചമായിത്തീര്‍ന്നു" എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിയതു പോലെ, അനീഷിന്റെ കവിതകളിലായിരുന്നപ്പോള്‍ ഞാന്‍ കവിതയായിത്തീര്‍ന്നു എന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തി ഉണ്ടാവാന്‍ തരമില്ല. വിശാലമായൊരു താഴ്വരയുടെ ഭാഷണം പോലെ അയാളുടെ കവിതകള്‍ വായനക്കാരില്‍ സംവേദനം നടത്തുന്നു. ഭാവനാശൂന്യമായ ചില കവിതകള്‍ക്കിടയില്‍ ഏകാന്തമായൊരു പാതിരാപ്പുള്ളിന്റെ ആരോഹാവരോഹങ്ങള്‍ പോലെ അനീഷിന്റെ കവിതകള്‍ നമ്മളില്‍ ചില ഞെട്ടലുകള്‍ ഉളവാക്കുന്നുണ്ട്. ആ ഞെട്ടലിന്റെ താളത്തില്‍ ജീവിതത്തിന്റെ അദൃശ്യമായ കാഴ്ചകള്‍ നമ്മളില്‍ സ്പന്ദിക്കുന്നുവെന്ന് നമ്മളില്‍ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ടായിരിക്കണം. 'പെന്‍സില്‍' എന്ന കവിതയിലേതു പോലെ.

'വിരിയും മുന്‍പേ
കൊഴിയുന്ന പൂക്കളുടെ
ചിത്രങ്ങളായിരുന്നു
അവളുടെ പുസ്തകം നിറയെ
നിറങ്ങളില്ലാതെ.'

ഓരോ പുലരിയും ഓരോ വീണ്ടെടുപ്പാണ്. അവിടെ ഒരു പ്രകാശത്തിന് വേണ്ടിയുള്ള ദാഹമുണ്ട്. ആ ദാഹം കവിതകളിലും സംജ്ഞാതമാണ്. അത്തരത്തിലെടുക്കുകയാണെങ്കില്‍ ദാഹമകറ്റാന്‍ തക്ക ശേഷിയില്ലാത്ത കവിതകളും അനീഷിന്റേതായി കാണുന്നുണ്ട്. പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്, ചെങ്കണ്ണ്, കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും തുടങ്ങിയ കവിതകള്‍ അവയുടെ സാംഗത്യം പറഞ്ഞുറപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ചിലതാണ്. എന്നാല്‍ രക്തസാക്ഷി, തെറ്റ്, പ്രായമാകുന്നവരുടെ ശ്രദ്ധയ്ക്ക് എന്നീ കവിതകള്‍ ആനുകാലികവിഷയങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട കവിതകളുമാണ്. അവയുടെ കെട്ടുറപ്പിലും, അവതരണത്തിലും ഒന്നുകൂടി ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ അവ ഈ തലത്തില്‍ നിന്നും ഒരുപാട് ഉയര്‍ന്നുപോകേണ്ട കവിതകളായിരുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്. വിഷയസ്വീകരണങ്ങളില്‍ ഒരുപാട് സ്വാംശീകരണം അനീഷ് നടത്തുന്നുണ്ട് എന്നത് അയാളുടെ കവിതകള്‍ വായിക്കുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. രാഷ്ട്രീയാന്തരീക്ഷമുള്ള കവിതകള്‍ നന്നേ കുറവാണ്. ഏറിയ പങ്ക് കവിതകളും പഴയകാല ഓര്‍മ്മകളുടെ നിറം പിടിപ്പിച്ച വിധിയെഴുത്തുകളായിരുന്നു. ഇതില്‍ നിന്നും അനീഷിന്റെ സ്വപ്നശതങ്ങള്‍ കാലമായി പരിഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ചില കവിതകള്‍ ആലങ്കാരികതയുടെ വായ്ത്താരി മാത്രമായി മാറി വായനക്കാരെ മുഷിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതായി കണ്ടു. പ്രപഞ്ചമാകെ പടര്‍ന്ന് കയറാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സ് ഒരു കുഴിയിലകപ്പെടുന്നത് എന്ത് വൈപരീത്യമാണ് അല്ലെ?

കവിതകളീല്‍ നിന്നും കവിതകളിലേക്കുള്ള അനീഷിന്റെ സഞ്ചാരപാതകള്‍ വേഗത കൊണ്ടും, വികാസം കൊണ്ടും ഇന്ദ്രിയാതീതമായ ചില നിഗൂഢതകള്‍ കൊണ്ടുവരുന്നുണ്ട്. അവയ്ക്കിടയിലൂടെ കടന്നു പോകുമ്പോള്‍, അല്ലെങ്കില്‍ അതിന്റെ ആഴങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോള്‍ ഒരു നിമിഷം നമ്മള്‍ സംശയിച്ച് നില്‍ക്കും, അതിലൂടെ കടന്നുവന്ന നമ്മുടെ മനസ്സെവിടെ എന്നോര്‍ത്ത്. കാരണം, മനസ്സപ്പോഴും കടന്നുവന്നിരുന്ന വഴികളില്‍ കവിതയോട് സംവദിച്ചു നില്‍ക്കുകയായിരിക്കും. അനീഷ് എന്ന ഈ സൃഷ്ടിയുടെ ജലചക്രം അതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതേ ഉള്ളൂ. ഘോരമായ ഈ കവിതയുടെ ശവപ്പറമ്പുകളില്‍ കത്തിയമര്‍ന്ന ചിതകള്‍ക്ക് അവകാശിയായി ആരോ തേങ്ങിക്കരയുന്നുണ്ടോ?

'എന്റെ കയ്യിലപ്പോള്‍
തുടുത്തൊരു
മധുരനാരങ്ങയുണ്ടായിരുന്നു
അതില്‍
എന്റെ പേരെഴുതിവച്ചിരുന്നു
ദൈവം.'


ബ്ലോത്രം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

പ്രണയഭാരം

പ്രണയം എല്ലായ്പ്പോഴും ദുരന്തത്തിന്റെ താഴ്വരയാണ്. അവിടെയൊരിക്കലും അനശ്വര വിജയത്തിന് സ്ഥാനമില്ല. ഒരിക്കല്‍ പോലും വേദനിക്കപ്പെടാത്തവന്‍ പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രണയതീവ്രമായ മുള്ള് തറഞ്ഞ് മുറിപ്പെട്ട ഒരാളാണ് പി.ആര്‍.രതീഷ്. വിങ്ങലായി ഉള്ളില്‍ നിറയുന്ന അയാളുടെ പ്രണയം കവിതകളിലൂടെ പുനര്‍ജ്ജനിക്കുകയാണ്. ജീവിതത്തിന്റെ വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞു നീന്തുന്ന രതീഷിന്റെ ഉള്ളില്‍ എന്നും കവിതയും പ്രണയവുമായിരുന്നു. അയാള്‍ക്ക് ജീവിതമൊരിക്കലും നിറഞ്ഞ സന്തോഷമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന ചോദ്യശരങ്ങളായിരുന്നു. പ്രണയം കൊത്തിവലിച്ച സ്വപ്നഞരമ്പുകളില്‍ കവിതയുടെ നദി ഒഴുകുകയാണ്. ഏത് കിനാവിലാണ് പ്രണയത്തിന്റെ കര എന്ന അന്വേഷണവുമായി.

പ്രണയം മാത്രമായിരുന്നു രതീഷിന്റെ കവിതകള്‍ക്കുള്ള ഇന്ധനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രണയമായിരിക്കാം അയാളെ പരാജിതനാക്കുന്നതും. പ്രണയത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രമേ ഇവിടെ കവിതകള്‍ പിറക്കുന്നുള്ളൂ. പ്രണയം അയാളുടെ ഹ്രിദയത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തിനയാള്‍ പ്രണയത്തെ വാഴ്ത്തിപ്പാടുന്നു, എന്തിന് പ്രണയത്തെ ആത്മീയവത്കരിക്കുന്നു? തന്റെ തല കീഴായിപ്പോയ അനുഭവങ്ങളെ നേരിടാനാണ് രതീഷ് കവിതകളോട് ബന്ധം പുലര്‍ത്തുന്നത്. വിപ്ലവവീര്യം കലര്‍ന്ന വരികള്‍ ഈ കവിതകള്‍ക്കെല്ലാം ഒരു ലവണലാവണ്യം പകര്‍ന്നു കൊടുക്കുന്നുണ്ട്. വെളിച്ചത്തേക്കാള്‍ വറ്റിവരണ്ടു പോകുന്ന ഇരുട്ടാണ് രതീഷിന്റെ കവിതകളില്‍ നുരയുന്നത്. ജീവിതത്തിലെ പല ഘട്ടങ്ങളിലും ജീവിതം തനിക്ക് പകര്‍ന്നു തന്ന ശൂന്യതകളിലും അയാള്‍ ഒരു ആത്മപരിഹാസിയായി ചിരിച്ചു നില്‍ക്കുന്നു. മുന്നിലെ വാതിലുകള്‍ അടഞ്ഞു പോകുമ്പോള്‍ തുറക്കപ്പെടാവുന്ന വാതിലുകള്‍ തേടിയുള്ള യാത്രയാണ് ഈ കവിതകള്‍ നമുക്ക് പ്രദാനം ചെയ്യുന്നത്.

വെറും രണ്ട് വരികള്‍ കൊണ്ട് പ്രണയത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് 'പ്രണയമഴ' എന്ന രതീഷിന്റെ കവിത.
'ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ !'
-പ്രണയമെന്തെന്നറിഞ്ഞവന്റെ കുമ്പസാമാണ് ഈ വരികള്‍. പ്രണയത്തിന്റെ എല്ലാ തലങ്ങളേയും ഈ രണ്ട് വരിയില്‍ അയാള്‍ ആവിഷ്കരിച്ചിരിക്കുന്നു. പ്രണയിനി നല്‍കിയ അസ്വസ്ഥതകളുടെ കാട്ടിലെ ഒരു വന്യജീവിയായിരുന്നു രതീഷ്. അവിടെ പിറക്കാത്ത മഴയിലെ കുളിരില്‍ അവര്‍ക്ക് നഷ്ടപ്പെട്ട അവരുടെ ചുംബനങ്ങളെ ഓര്‍ത്ത് വിലപിക്കുകയാണ് കവി. കഠിനമായ ആത്മാനുതാപത്തിന്റെ മുഹൂര്ത്തങ്ങള്‍ ഇവിടെ പല കവിതകളുടെയും രൂപം നിശ്ചയിക്കുന്നു. തനിക്കുള്ളിലെ ശൂന്യതകളെ പൂരിപ്പിച്ച് വരികളിലേയ്ക്ക് ആവാഹിക്കാന്‍ രതീഷിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. തന്നിലെ വേദനകളില്‍ പൂക്കുന്ന കവിതകള്‍ വെറുക്കുന്തോറും സ്നേഹിക്കുന്നവര്‍ക്കിടയിലേക്കാണ് ഒരു ആയുധമായി വരുന്നത് എന്ന് കവി പറയുന്നു. അന്ധനായ ദൈവത്തേക്കാള്‍, ചോര കൊണ്ട് കാലത്തെ എഴുതിയ യുവത്വത്തിന് രതീഷ് തന്റെ കവിതകളെ സമര്‍പ്പിക്കുകയാണിവിടെ.

'കടപ്പാടുണ്ടെനിക്ക് നിന്നോട്
ഒരു ജന്മം മുഴുവന്‍
കരയാന്‍ പഠിപ്പിച്ചതിന്
ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്
മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.'
- തന്നില്‍ മുറിവേല്പ്പിച്ച് കടന്നുപോയ പ്രണയിനിയോട് കടപ്പെട്ട്, സമാധാനിക്കുന്ന ഒരു കാമുകന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്. ഉള്ളിലേല്‍ക്കുന്ന ക്ഷതങ്ങളില്‍ വരികള്‍ മുക്കി എഴുതുകയാണിവിടെ. തനിക്ക് കടം കിട്ടാത്ത ഇതള്‍ ചോര്‍ന്ന പകലില്‍ന്റെ പട്ടുകുപ്പായത്തിന് പകരം ചിറകു വിരിച്ച ഇരുട്ടിന്റെ മറുമുണ്ടില്‍ കവിതയുടെ ഞരമ്പിന്റെ തീരത്തിരിക്കുകയാണ് രതീഷ്. തന്റെ മനസ്സിനുള്ളില്‍ വെരുകിനെപ്പോലെ പാഞ്ഞ് നടക്കുന്ന പ്രണയത്തെ വേട്ടയാടുകയാണയാള്‍. പ്രണയവും ജീവിതവും ചവിട്ടിപ്പുറത്താക്കിയിട്ടും ഹ്രിദയത്തില്‍ നിന്നും പിടിവിടാത്ത ഒരു ആത്മാവുണ്ട് രതീഷിന്റെ കവിതകളില്‍ മുഴുവന്‍. തന്നോട് തന്നെയുള്ള ആത്മകലഹങ്ങളും, വിലയിരുത്തലുകളും ഇവിടെ കവിതയെ ഒരു അടുപ്പാക്കി മാറ്റുകയാണ്.

ഇതൊക്കെത്തന്നെയാണെങ്കിലും 'പ്രണയം', 'കവിത' എന്നീ വാക്കുകളുടെ അമിതമായ പ്രയോഗം വായനക്കാരെ അല്പമെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. എഴുത്തില്‍ വ്യത്യസ്തത വരുത്താനുള്ള യാതൊരു ശ്രമങ്ങളും അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. 'പ്രണയം' എന്ന ഒരൊറ്റ ചട്ടക്കൂടിലാണ് അയാളുടെ ഭൂരിഭാഗം കവിതകളും. പ്രണയം എല്ലായ്പ്പോഴും ഒരു ചില്ലോട് പോലെയാണ്. പുറത്തെ വെളിച്ച അകത്തേക്കും, അകത്തേത് പുറത്തേക്കുമെത്തും. പക്ഷേ, ഒന്നടര്‍ന്ന് വീണാല്‍ മതി അതിന് ചിതറിപ്പോകാന്‍. ഈ വസ്തുതയില്‍ മുന്നേറി വരുന്ന കവിതകളാണ് രതീഷിന്റെ സ്രിഷ്ടികള്‍. പാകപ്പെടലിന്റെ കുറവുകള്‍ വ്യക്തമാക്കുന്ന പല കവിതകളും രതീഷിന്റേതായുണ്ടെങ്കിലും തീവ്രമായ പ്രണയാനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന കവിതകളിലൂടെ രതീഷ് അവയെയെല്ലാം വായനക്കാരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നു.

പ്രാണയത്തിനൊരിക്കലും പുറമ്പോക്കുകളില്ല എന്ന് തെളിയിക്കുന്നതാണ് രതീഷിന്റെ കവിതകള്‍. ഭാഷയ്ക്ക് മുകളിലൂടെ പ്രണയത്തില്‍ ചവിട്ടി വരുന്ന അയാളുടെ കാലടികള്‍ രക്തം കലര്‍ന്ന മണ്ണായി മാറുകയാണ്. അതില്‍ കിടന്ന് പിടയ്ക്കുന്ന ഓരോ വായനക്കാരനും ആ രക്തത്തിന്റെ പങ്ക് പറ്റുന്നുണ്ട്.

'തണുപ്പ് പെയ്തിറങ്ങിയ
ജൂണിന്റെ ഓര്‍മ്മയ്ക്കായി
സൂക്ഷിച്ചേക്കുക നീ-
ചുംബനത്തിന്റെ വിത്തുകള്‍.'
- പല കവിതകളിലും ഗ്രാമീണ പ്രണയമാണ് പശ്ചാത്തലമായി വരുന്നത്. ഒരിക്കലും ഒരു നാഗരിക പ്രണയം എനിക്ക് കാണാന്‍ കഴിഞ്ഞതേയില്ല.പ്രണയത്തിന്റെ ഭാഷയില്‍ ഒട്ടിയ്ക്കപ്പെട്ട പല വരികളും രതീഷ് വായനക്കാര്‍ക്കായി നല്‍കുന്നുണ്ട്. തന്നില്‍ നിന്നും കവര്‍ന്നെടുത്ത സ്നേഹങ്ങളെ ഓര്‍ത്തുള്ള വിലാപങ്ങള്‍ അയാളുടെ കവിതകളില്‍ മുഴുവന്‍ അമര്‍ന്നു കിടപ്പുണ്ട്. ഇല്ലായ്മകളുടെ ബാല്യം നല്‍കിയ അനുഭവങ്ങളുടെ നീറുന്ന ഓര്‍മ്മകള്‍ കവിതകള്‍ക്ക് നൈതീകമായ താക്കീതുകളുടെ ചാരുത നല്‍കുന്നുണ്ട്. അതുകൊണ്ടാണ് സ്വപ്നങ്ങളുടെ ചതുപ്പില്‍ അമര്‍ന്ന് പോയത് എന്റെ വീട് തന്നെയായിരിക്കണം എന്ന് പാടാന്‍ കവിക്ക് കഴിയുന്നത്.

വേദനകളുടെ കുന്തമിറങ്ങുന്ന വരികളിലൂടെയാണ് പ്രണയം എന്ന അസംബന്ധത്തെ(?) രതീഷ് എഴുതുന്നത്. ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ വാക്കുകള്‍ കഴിഞ്ഞു പോയ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. രതീഷിന്റെ ഭാവനയില്‍ പ്രണയം ഇത്രയേറെ നിറഞ്ഞുവെങ്കില്‍ അയാളുടെ ജീവിതത്തില്‍ പ്രണയത്തിന്റെ സ്ഥാനം എന്തായിരുന്നുവെന്നത് നമ്മുടെ വിചാര-സങ്കല്പങ്ങള്‍ക്കെല്ലാമതീതമാണ്. ഒരുപക്ഷേ, അതായിരിക്കാം രതീഷിന്റെ പ്രണയകവിതകളിലേക്കുള്ള ചൂണ്ടുവിരല്‍.

"ജീവിതം മുഴുവന്‍ ഭ്രാന്തും
കവിത നിറയെ പ്രണയവുമുള്ള
ഞാനെങ്ങനെ നിനക്ക് തണലാകും?
എങ്കിലും,
എന്നും നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും
ഉടഞ്ഞുപോയ തണലിന്റെ കണ്ണാടി..!"

മുറിവേറ്റു പിടയുന്ന കവിതകള്‍

കവിതയില്‍ നീ എന്തന്വേഷിക്കുന്നു എന്നല്ല, കവിത നിന്നില്‍ എന്തന്വേഷിക്കുന്നു എന്നാണ് വി.ജി.തമ്പിയുടെ 'ഹവ്വ മുലപ്പാല്‍ കുടിക്കുന്നു' എന്ന കവിതാസമാഹാരം സ്പഷ്ടമാക്കുന്നത്. ബൈബിളിന്റെയും പ്രണയത്തിന്റെയും അതിപ്രസരത്തിലലിഞ്ഞു നീങ്ങുന്ന ഇതിലെ കവിതകള്‍ വായനക്കാരന്റെ ഉള്ളില്‍ തട്ടുന്നവയാണ്. അവിശ്വാസത്തേക്കാളും സന്ദേഹങ്ങളേക്കാളും വിശ്വാസങ്ങളാണ് ഇതില്‍ കവിതകളായി നുരഞ്ഞു പൊന്തുന്നത്. നാഗരിക ജീവിതത്തിന്റെ കാണാക്കാഴ്ചകളില്‍ നിന്നും ഉള്ളിലെ ദൈവവിശ്വാസത്തില്‍ നിന്നും താന്‍ ഹൃദിസ്ഥമാക്കിയ മതഗ്രന്ഥത്തില്‍ നിന്നുമുള്ള അറിവുകളിലൂടെ കവിയുടെ തൂലിക നീങ്ങുമ്പോള്‍ ഇതില്‍ നിന്നും പുറത്തേക്ക് പോകാനാകാതെ നില്‍ക്കുകയാണ് വായനക്കാരന്‍. അതിവേഗം അഴുകിപ്പോകുന്നവയല്ല തന്റെ പ്രണയസത്യങ്ങളെന്ന ഉദ്ഘോഷം കൂടിയാണ് വി.ജി.തമ്പിയുടെ ഈ കൃതി.

ഒരു കവിത എഴുതുക എന്നാല്‍ മരിക്കാന്‍ തീരുമാനിക്കുക എന്നാണെന്ന് കവി പറയുന്നു. കാരണം കവിതയ്ക്ക് വേണ്ട ജീവന്‍ കൊടുക്കുന്നത് കവിയാണ്. സ്വന്തം ആത്മാവിനെ വരികളിലേക്കാവാഹിച്ചെടുത്തവയായിരിക്കണം കവിതകള്‍. അല്ലാത്തപക്ഷം അവ വെറും മഷി നനഞ്ഞ അക്ഷരചിത്രങ്ങള്‍ മാത്രമായൊതുങ്ങും.

കരയാതെ ജീവനേ,
ഇത് ഭ്രൂണബലിരക്തം.
ഈ മുറിവിലും മരണത്തിലുമാകാം
ചോരച്ചാലില്‍ നിന്നാകാം
പെണ്ണിന്റെ പൂപ്പിറവികള്‍.
- ഈ വരികളില്‍ കവിയുടെ ഉള്ളിലെ വികാരം നമുക്ക് മനസിലാക്കാം. 'ഭ്രൂണബലിരക്തം' എന്ന ആ ഒരൊറ്റ വാക്കിന് പകരം നില്‍ക്കാന്‍ മറ്റേത് വാക്കിനാവും? ഉറക്കമിളച്ചിരുന്ന രാത്രികളില്‍ കവിക്ക് കൂട്ടായെത്തിയത് ഇത്തരം വാക്കുകളും പ്രയോഗങ്ങളും. കവിതയെ കുറിച്ച് പാടാനും കരയാനും കവിക്ക് ആരൊക്കെയോ ആയിരുന്നു കവിതകള്‍. സ്നേഹോഷ്മളതകളും കൊഞ്ചലുകളും നല്‍കി ആവോളം അതിനെ ലാളിച്ചും അയാള്‍ അതിനെ തന്റെ സഹയാത്രികയാക്കി.

നിരാശകള്‍ക്കും പ്രത്യാശകള്‍ക്കും അപ്പുറത്തേക്ക് പോകാന്‍ ഈ കവിതകളെയെല്ലാം നാളെ ഉപേക്ഷിക്കേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യം കവിക്കുണ്ട്. തനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് വാക്കുകള്‍ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രത്യാശയാല്‍ പുതിയ വാക്കുകളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കവി ഇവിടെ. അവിടെ ഒരിക്കലും അയാള്‍ പരാജിതനാവുന്നില്ല. വാക്കുകളുടെ പേമാരിയില്‍ പുതിയ കവിതകള്‍ തളിര്‍ക്കുകയാണവിടെ. ആകാശത്തിന്റെ അതിരു മായുംവരെ അലകടലിലെ അടിത്തട്ട് കാണും വരെ കവി ഈ പാത അന്വേഷിച്ചുകൊണ്ടേയിരിക്കും.


'ഹവ്വ മുലപ്പാല്‍ കുടിക്കുന്നു' എന്ന കവിതയില്‍ കവി ഇങ്ങനെ എഴുതി.

ഏദനില്‍, അമ്മയില്ലാത്ത ഏദനില്‍
ചാട്ട മൂളുന്ന ശബ്ദം മാത്രം
മരപ്പോടിലും ഇലഞെട്ടിലും
ഓരോ വളവിലും തിരിവിലും
ചാട്ട മൂളുന്ന ശബ്ദം മാത്രം
ആകാശമടക്കുകളില്‍ കാണാം
നക്ഷത്രജാലകങ്ങള്‍
ദൈവത്തിന്റെ താക്കോല്പ്പഴുതുകള്‍.
- ആദിലോകമായ ഏദന്‍ തോട്ടത്തില്‍ ഹവ്വയെ നിലാവിന്റെ നീലച്ചോലയുടുത്തവളായി കവി ചിത്രീകരിക്കുന്നു. അവിടെ അവളില്‍ പതിയുന്ന ചാട്ടവാറടികള്‍ക്ക് ഈ ലോകത്തോട് ഒരുപാട് പറയാനുണ്ട്. ആത്മരോഷത്തിന്റെ, സഹനത്തിന്റെ, ചോരയുടെ മണമുള്ള പ്രണയത്തിലലിഞ്ഞ കഥകള്‍. അവ വായനക്കാരോട് സംവദിക്കുന്നത് ഇപ്രകാരമാണ്. മറ്റെവിടെയും കാണാനാവാത്ത സ്ത്രൈണതയുടെ ഒരു വ്യത്യസ്തമായ ദൈവാനുഭവമാണ് ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കാലം കത്തിച്ച വരികള്‍ക്കുള്ളില്‍ അരികുകള്‍ കരിഞ്ഞുപോയ ഒരാത്മാവാണ് കവിക്കുള്ളില്‍ വിങ്ങലായി അവശേഷിക്കുന്നത്. നിരവധി ഏറ്റുപറച്ചിലുകളും, കുറ്റസമ്മതങ്ങളും, പ്രാണനെ പിടിച്ചു കുലുക്കുന്ന വിചിത്രവിധികളും നിറഞ്ഞ കാവ്യജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ കവിതാസമാഹാരം. കുരിശിലേറ്റപ്പെട്ട ക്രൂശിതനായ കവിയെ ഒരു താങ്ങായി ഈ മണ്ണിലേക്ക് പിടിച്ച് കിടത്തിയത് വാക്കുകളും വരികളുമാണെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. ഇനി അവിടെ നിന്നും ഇറക്കിക്കിടത്താന്‍ ഹവ്വയുടെ മടിത്തട്ടേ ബാക്കിയുള്ളൂ. തന്നാലെ വന്ന പാപം താനായി തീര്‍ക്കുന്ന വിധം!

നിരാശകള്‍ക്കും പ്രത്യാശകള്‍ക്കും അപ്പുറത്തേക്ക് പോകാന്‍ ഈ കവിതകളെയെല്ലാം നാളെ ഉപേക്ഷിക്കേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യം കവിക്കുണ്ട്. തനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് വാക്കുകള്‍ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രത്യാശയാല്‍ പുതിയ വാക്കുകളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കവി ഇവിടെ. അവിടെ ഒരിക്കലും അയാള്‍ പരാജിതനാവുന്നില്ല. വാക്കുകളുടെ പേമാരിയില്‍ പുതിയ കവിതകള്‍ തളിര്‍ക്കുകയാണവിടെ. ആകാശത്തിന്റെ അതിരു മായുംവരെ അലകടലിലെ അടിത്തട്ട് കാണും വരെ കവി ഈ പാത അന്വേഷിച്ചുകൊണ്ടേയിരിക്കും.

'ഞാന്‍ മധുരിക്കുന്ന പഴമല്ല.
വിളഞ്ഞു പഴുത്ത യൗവ്വനമല്ല.
മെഴുകൊട്ടിയ മാംസത്തിന്റെ ഒരു കുരിശ്'
- ജീവിതത്തിന്റെ പുറകോട്ടുള്ള ഒരു തിരിഞ്ഞുനോട്ടം. അവയില്‍ ഒരുക്കങ്ങള്‍ മാത്രമായിരുന്നു കവിക്ക് ജീവിതം. ഒഴുക്കലച്ച നദി പോലെ നിന്നിടത്ത് നിന്ന് തിളയ്ക്കുന്നു. ശുദ്ധീകരിക്കപ്പെടാനാവാതെ തളം കെട്ടിനിന്ന ഒരു ജലാശയ മാത്രമായിരുന്നു താനെന്ന് കവി ദുഃഖിതനാവുകയാണ്. കവിതയുടെ നദിയിപ്പോള്‍ മണ്ണിനടിയിലൂടെ ഒഴുകുന്നു. ഉറവുകളില്‍ ചുറ്റിത്തിരിയുന്നു. ഇനി ഒരു മേലൊഴുക്കു മതി അതിന് ഉറു പൊട്ടിച്ച് പുറത്ത് വരാന്‍. അതും കാത്ത് മണ്ണിനടിയില്‍ വിശ്രമിക്കുകയാണ് കവിയുടെ അടക്കിവച്ച വാക്കുകളും വരികളും...!

'ഇരുളിന്റെ മൃതിമറയില്‍
എന്നില്‍ നിന്നും വേര്‍പിരിയാതെ
എന്നിലേക്ക് തിരിച്ചെത്താതെ,

ഞാന്‍ നിലാവിനാല്‍ മുറിവേറ്റ രാത്രീഞ്ചരന്‍..'
- കാലം കുത്തിക്കീറാത്ത ഹൃദയം ആര്‍ക്കുണ്ട്? ലോകത്തില്‍ അത്തരത്തിലൊരു ഹൃദയമുണ്ടെങ്കില്‍ അയാളൊരിക്കലും മനുഷ്യനാവില്ല. കാലത്തിന്റെ മൂര്‍ച്ചയേറിയ അരികുകള്‍ തട്ടി മുറിഞ്ഞവരാണ് എല്ലാ മനുഷ്യരും. സ്വകാര്യത ഒരു രഹസ്യദേശമല്ല. മുറിവേറ്റ കാലത്തിന്റെ ആത്മാവിഷ്കാരം കൂടിയാണതെന്ന് കവി പറയുന്നു. അതിനാല്‍ ഈ കവിതകളുടെ ഉള്ളില്‍ ചരിത്രവും ഭൂമിശാസ്ത്രവും ദൈവശാസ്ത്രവും ഉണ്ടെന്ന് കവി വിശ്വസിക്കുന്നു. തീര്‍ച്ചയാണ് കാലം നട്ട്നനച്ച ചരിത്രവും ദൈവത്തിന്റെ കേട്ടു വളര്‍ന്ന കഥകളും അവയുടെ പിന്മൊഴികളുമെല്ലാം ഈ കവിതകള്‍ക്കന്യമല്ല. അവയിലൂടെയാണ് ഈ കവിതകളുടെ സഞ്ചാരം. അവയെല്ലാമാണ് ഒരര്‍ത്ഥത്തില്‍ ഈ കവിതകളുടെ ശക്തി.

'നഗരം അന്ധമായി
കടല്‍ രക്തമായി
വിശ്വാസം
ഒരിരുണ്ട രാത്രിയായി'
- പ്രണയത്തെ ആത്മീയവത്കരിക്കാന്‍ ശ്രമിച്ച കവികളിലൊരാളാണ് വി.ജി.തമ്പി. അത്തരം ശ്രമങ്ങളിലൂടെ കടന്നുപോയ നിരവധി വരികള്‍ ഈ പുസ്തകത്തിലുണ്ട്. എല്ലായ്പ്പോഴും ബൈബിളില്‍ നിന്നും പകര്‍ന്നു കിട്ടിയ ഭാവനയിലൂടെ കവി സഞ്ചരിക്കുന്നു. ബൈബിള്‍ അയാള്‍ക്ക് ഹൃദയമാണ്, അതിലെ വരികള്‍ അയാളുടെ രക്തവും. അതിലൂടെയാണയാള്‍ കവിതകളുടെ ഉച്ചിയിലേക്ക് നടന്നുകയറുന്നത്. അറ്റം കാണാത്ത മനുഷ്യജീവിതത്തിന്റെ ദൈര്‍ഘ്യമല്ല മറിച്ച് ജീവിച്ചു തീര്‍ത്ത തീവ്രമുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളാണ് ഇവിടെ കവിതയാവുന്നത്. അതിലെ പിടച്ചു കിതച്ച ഹൃദയതാളമാണ് വരികളാവുന്നത്. ഉടല്‍ വരികളിലൊളിഞ്ഞ വരികളെ കവിതയാക്കുന്നത് തന്റെ സൗഹൃദങ്ങളാണെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്.


'വീട് വിട്ടിറങ്ങിയവര്‍ക്കൊക്കെ
ഈ കുരിശുമരമൊരു തണലാകും
ക്ഷതകാലങ്ങള്‍ താണ്ടിയെത്തിയ
വൃക്ഷത്തിന്റെ വിണ്ട കാലടികള്‍
വേരുകളില്‍ വിശ്രമിച്ചു.'
‌‌‌- ജീവിച്ചു തുടങ്ങും മുന്‍പേ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും അനിശ്ചിതത്വങ്ങളേയും കവിക്ക് കാണിച്ചുകൊടുത്തത് കസാന്ദ്സാക്കിസിന്റെ വരികളാണ്. അവയെ കണ്ടെത്താനുള്ള നഷ്ടപ്പെടലുകളായിരുന്നു കവിയുടെ ഇന്നലെകള്‍. നടന്നു വന്ന പാതകള്‍ ഒരു വശം മാത്രം കാണിച്ചു കൊടുത്തപ്പോള്‍ വാലസ് സ്റ്റീവന്‍സ് പാടിയ കറുത്ത പക്ഷിയെക്കാണാന്‍ പതിമൂന്ന് മാര്‍ഗങ്ങളുണ്ടല്ലോ എന്ന വരിയോര്‍ത്ത് അയാള്‍ ആശ്വസിച്ചു. കുരിശിന്റെ നിഴല്‍ പതിഞ്ഞ ആ പാതകളില്‍ കവിയോടൊത്ത് ഉറക്കമിളച്ച് കൂട്ടിരുന്ന ആ കറുത്ത നക്ഷത്രം ഇന്നേതാകാശത്തിലാണ്. അതിനേയും തേടിയുള്ള ഒരു യാത്രയിലൂടെ ഈ കവിതാപുസ്തകം കടന്നുപോകുന്നു.

"അതൃപ്തമായ രാഗങ്ങളുമായി
പതിവുപോലെ അവസാനമായി
മൂങ്ങകളും...!!"
© moonnaamidam.blogspot.com