അഭിനവ ഇറാന്‍:പുറംലോകത്തേക്ക് പിടിച്ച കണ്ണാടി


"How strange. You bring a guest from Tehran without knowing anything about her...??"


ഒരു പൗരന്റെ സര്‍ഗാത്മകതയ്ക്ക് മേല്‍ നിയന്ത്രണം കല്പിക്കപ്പെടുന്ന ഇറാന്‍ പോലെയുള്ള ഒരു രാജ്യത്തില്‍, മറ്റ് സ്വതന്ത്രസമൂഹത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഉയര്‍ന്ന നിലവാരത്തിലും, നിയന്ത്രിതസാമൂഹ്യവ്യവസ്ഥയോട് കയര്‍ക്കുന്നതുമായ കലാസൃഷ്ടികള്‍ നിരന്തരം ആവിര്‍ഭവിക്കുന്നതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. അടിച്ചമര്‍ത്തലിനോടുള്ള അവരുടെ പ്രതിഷേധവും, പ്രതികാരവുമാണ് അവരുടെ കലാസൃഷ്ടികള്‍ എന്നത് തന്നെയാണ് അതിന് കാരണം. ഇറാനിയന്‍ സിനിമയുടെ പടിഞ്ഞാറന്‍ ചക്രവാളങ്ങള്‍ നാള്‍ക്കുനാള്‍ നല്ല സിനിമകളെക്കൊണ്ട് സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണോ എന്നറിയില്ല, ഈയിടെയായി എന്റെ ശ്രദ്ധ പലപ്പോഴും ഇറാനിയന്‍ സിനിമകളിലേക്കാണ് കടന്നുപോവുന്നത്. ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത് 2010ല്‍ ഇറാനില്‍ നിന്ന് ഓസ്കാറിന് പരിഗണിക്കപ്പെട്ട അസ്ഹര്‍ ഫര്‍ഹാദി എന്ന സംവിധായകന്റെ "എബൗട്ട് എല്ലി" എന്ന സിനിമയാണ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പുരസ്കാരങ്ങളും, നിരൂപകശ്രദ്ധയും നേടാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്തിനെക്കുറിച്ചുള്ളതാണ് ഈ സിനിമ? മറ്റ് ഇറാനിയന്‍ സിനിമകളിലേത് പോലെ ലൈംഗികതയും, അക്രമവുമൊന്നും ഇതിലേക്ക് കടന്നുവരുന്നതേയില്ല. കാഴ്ചക്കാരന്‍ ശീലിച്ചതും, കണ്ട് പരിചയിച്ചതുമായ സാഹചര്യങ്ങളിലൂടെ മാത്രമാണ് ഈ സിനിമ മുഴുവനായും കടന്നുപോവുന്നത്. നമ്മളില്‍ ഓരോരുത്തരും മറ്റുള്ളവരെ എങ്ങനെ നോക്കിക്കാണുന്നു എന്നും, അത് സമീപത്ത് നിന്നോ വിദൂരത്ത് നിന്നോ ആയാലും നമ്മുടെ ജീവിതത്തില്‍ അവ എങ്ങിനെയെല്ലാം പ്രകടമാവുന്നു എന്നും ഈ സിനിമ കാണിച്ചുതരുന്നുണ്ട്. നിത്യജീവിതത്തില്‍ നാം പരിചയിച്ചുകൊണ്ടിരിക്കുന്ന സംവാദങ്ങലുടെയും, ഏറ്റുപറച്ചിലുകളുടെയും പകര്‍പ്പുകള്‍ തന്നെയാണിവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ പകര്‍പ്പുകളില്‍ നമ്മുടെ ജീവിതത്തിലേതു പോലെത്തന്നെ ഒരല്പം നുണകളും, അതിശയോക്തിയും ചേര്‍ത്ത് സംവിധായകന്‍ നിറം കൊടുക്കുന്നു. എന്നാല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വലിയ പ്രശ്നങ്ങലിലേക്ക് ഈ സിനിമ കടന്നുചെല്ലുന്നു.


മൂന്ന് കുടുംബങ്ങളോടൊപ്പം ഇറാനിലെ കാസ്പിയന്‍ കടല്‍തീരത്തേക്ക് അവധിദിവസം ചെലവിടാന്‍ പോവുന്ന 'എല്ലി' എന്ന അവിവാഹിതയായ സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ സിനിമയുടെ കഥ കടന്നുപോവുന്നത്. മേല്‍പ്പറഞ്ഞ മൂന്ന് കുടുംബത്തിലെ ഒരംഗമായ സെഫിദ എന്ന സ്ത്രീയുടെ ക്ഷണപ്രകാരമാണ് എല്ലി ഇവരോടൊപ്പം ചേരുന്നത്. എല്ലി സെഫിദയുടെ കുഞ്ഞിന്റെ സ്കൂള്‍ ടിച്ചറാണ് എന്ന ഒരു ബന്ധം മാത്രമേ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വിവാഹമോചിതനായ തന്റെ സുഹൃത്ത് അഹ്മദ് എന്ന പുരുഷന്റെ കൂടെ എല്ലിയെ ഒരുമിപ്പിക്കണം എന്നൊരു ലക്ഷ്യം കൂടി ആ യാത്രയ്ക്ക് ഉണ്ടായിരുന്നു.

കഴിഞ്ഞ കുറേക്കാലങ്ങളായി ഇറാനില്‍ നിന്ന് വരുന്ന സിനിമകളുടെ ശൈലികളില്‍ നിന്നും, വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് 'എബൗട്ട് എല്ലി'. സാമൂഹികവിമര്‍ശനം, സൈക്കോളജിക്കല്‍ ഡ്രാമ, ത്രില്ലര്‍ എന്നിവയുടെ സങ്കലനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം തീര്‍ച്ചയായും മറ്റ് സിനിമകളെ നിശബ്ദമായി വെല്ലുവിളിക്കുന്നു. 1979ലെ വിപ്ലവത്തിന് ശേഷം ഉപരിമധ്യവര്‍ഗ്ഗങ്ങളെ ചിത്രീകരിക്കുന്നതും, ഇറാനിലെ സാമൂഹിക നീതിശാസ്ത്രത്തെ പരിശോധിക്കുന്നതുമായ ഒരു ഇറാനിയന്‍ സിനിമയാണിത് എന്ന് പ്രഗത്ഭരായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേകലക്ഷ്യത്തിന് വേണ്ടി ഇറാനിയന്‍ സംസ്കാരത്തിന് നോവാതിരിക്കാനും, മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ താഴാതിരിക്കാനും ചില ഒറ്റമൂലികള്‍ ഈ സിനിമയില്‍ സംവിധായകന്‍ പ്രയോഗിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.

ഇവരെല്ലാവരും ചേര്‍ന്ന് കടല്‍ത്തീരത്തിന് സമീപം ഒരു വീട് വാടകയ്ക്ക് എടുക്കുന്നു. തമാശയും കളിയും ചിരിയുമായി അവരുടെ അവധിദിവസം നീങ്ങുന്നതിനിടയിലാണ് അവരുടെ കൂട്ടത്തിലെ ഒരു കുട്ടി കടലില്‍ വീഴുന്നത്. അവിടെ കൂടിയവരുടെ അവസരോചിതമായ ഇടപെടലുകൊണ്ട് ആ കുട്ടിയെ അവര്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിയുന്നു. എന്നാല്‍ കുഞ്ഞുങ്ങളെ നോക്കാനേല്പിച്ച എല്ലി അപ്രത്യക്ഷയാവുന്നു. അവള്‍ കടലില്‍ മുങ്ങി മരിച്ചോ അതോ ആ നഗരത്തില്‍ നിന്ന് ആരോടും പറയാതെ രക്ഷപ്പെട്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. ടെഹ്റാനിലെ അവരുടെ അമ്മയ്ക്ക് പോലുമറിയില്ല തന്റെ മകള്‍ എവിടെയാണ് അവധിദിവസം ചെലവിടുന്നതെന്ന്. എന്തുകൊണ്ടാണ് എല്ലി അപ്രത്യക്ഷയായത്? എന്താണ് അവളെ ചുറ്റിപ്പറ്റിയ രഹസ്യങ്ങള്‍? ഈ ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ ഉടലെടുക്കുന്നു.

സിനിമയുടെ ആദ്യത്തെ നാല്പത്തഞ്ച് മിനിറ്റ് ഫര്‍ഹാദി എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകന് പരിചയപ്പെടുത്താനായി ഉപയോഗിച്ചിട്ടുണ്ട്. അവരുടെ സ്വഭാവം, ബന്ധങ്ങള്‍, നിലപാടുകള്‍ എന്നിവയെല്ലാം അതിവിദഗ്ദമായ രീതിയില്‍ സംവിധായകന്‍ വിശദീകരിക്കുന്നത് ഒരു കാഴ്ചക്കാരന്റെ വീക്ഷണത്തിലൂടെയാണ്. ആദ്യപകുതിയില്‍ കാടുകയറിപ്പോകുന്ന കഥ യാതൊരു മുന്നറിയിപ്പും നല്‍കാതെ അപ്രതീക്ഷിതമായാണ് പ്രേക്ഷകനെ പിടിച്ചുലയ്ക്കുന്നത്. അപ്രതീക്ഷിതമായി സംഭവ് ഇക്കുന്നഎല്ലിയുടെ തിരോധാനം ആ സംഘത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. മുന്‍പ് നടന്ന എല്ലാ ചെറിയ സംഭവങ്ങളും, സ്വാഭാവിക സംഭാഷണങ്ങളും, മുഖഭാവങ്ങളും വരെ തങ്ങളുടെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താന്‍ കാഴ്ചക്കാരന്‍ നിര്‍ബന്ധിതനാവുന്നു.

അപ്രത്യക്ഷയായ എല്ലിയില്‍ നിന്ന് വളരെ സമര്‍ത്ഥമായി തിരക്കഥാകൃത്തുക്കളായ ഫര്‍ഹാദിയും, ആസാദ് ജാഫറിനും ചേര്‍ന്ന് കഥയെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി വരുന്ന പോലീസുകാരോട് അവര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറയുന്നു. നുണകള്‍ കഥയിലേക്ക് കടന്നുവരുന്നത് ഇതിന് ശേഷമാണ്.

ഒരു നല്ല താമസസ്ഥലം ലഭിക്കുന്നതിനായി എല്ലിയുടെയും അഹ്മദിന്റെയും മധുവിധുവിനായാണ് തങ്ങള്‍ വന്നിരിക്കുന്നത് എന്ന നിര്‍ദോഷമായ ഒരു നുണയാണ് കഥയെ പിന്നീട് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി തീര്‍ക്കുന്നത്. അങ്ങനെ ഒരു ത്രില്ലറിനും സാമൂഹ്യവിമര്‍ശനത്തിനും അതീതമായി ഈ സിനിമ കടന്നുപോവുന്നു. ഓരോ ബന്ധങ്ങളും ഈ സംഭവത്തോടെ തകരാന്‍ തുടങ്ങുന്നു. ഒട്ടും തന്നെ അസ്വാഭാവികത കലരാതെ വികാരത്തിന് പരമാവധി പ്രാധാന്യം നല്‍കിക്കൊണ്ട് സംവിധായകന്‍ ഈ ഭാഗങ്ങളെല്ലാം സമര്‍ത്ഥമായി ചിത്രീകരിച്ചിട്ടുണ്ട്.

വോളിബോള്‍ കളിച്ചും ഷോപ്പിങ്ങിന് പോയും ഉല്ലസിക്കുന്ന അച്ഛനമ്മമാര്‍, കുഞ്ഞിനു മേല്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ അവരെ കടല്‍ത്തീരത്തേയ്ക്ക് കളിക്കാന്‍ അനുവദിക്കുകയും, കാര്യങ്ങള്‍ വഷളാവുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ സമയം ഇതാണോ അഭിനവ ഇറാന്‍ എന്ന ചോദ്യമാണ് യാഥാസ്ഥിതികരായ പ്രേക്ഷകനില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.

കേന്ദ്രകഥാപാത്രമായ സെഫിദായെ അവതരിപ്പിച്ച ഗോന്‍ഷിഫ്തെ ഫര്‍ഹാനിയെപ്പോലുള്ള അഭിനേതാക്കളുടെ മികവാണ് ഈ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത. എന്നാല്‍ വെറും കഥാപാത്ര-അഭിനേതാക്കളുടെ നിര്‍മ്മിതിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു ചിത്രമല്ല ഇത്. തിരക്കഥയും സംവിധാനവും ഈ ചിത്രത്തിന്റെ പ്രതലം വിസ്തൃതവും സങ്കീര്‍ണ്ണവുമാക്കുന്നുണ്ട്. ഉദാഹരണത്തിന്, എല്ലി കടല്‍ത്തീരത്ത് പട്ടം പറത്തുന്ന ആകര്‍ഷണീയമായ ഒരു രംഗമുണ്ട്. ആ രംഗം വരാനിരിക്കുന്ന എന്തിനെക്കുറിച്ചോ നമുക്ക് സൂചന നല്‍കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു. ഇതെല്ലാം കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ ഫര്‍ഹാദി എന്ന സംവിധായകന്‍ നടത്തുന്ന പരീക്ഷണങ്ങളാണ്.

കഴിഞ്ഞ കുറേക്കാലങ്ങളായി ഇറാനില്‍ നിന്ന് വരുന്ന സിനിമകളുടെ ശൈലികളില്‍ നിന്നും, വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് 'എബൗട്ട് എല്ലി'. സാമൂഹികവിമര്‍ശനം, സൈക്കോളജിക്കല്‍ ഡ്രാമ, ത്രില്ലര്‍ എന്നിവയുടെ സങ്കലനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം തീര്‍ച്ചയായും മറ്റ് സിനിമകളെ നിശബ്ദമായി വെല്ലുവിളിക്കുന്നു. 1979ലെ വിപ്ലവത്തിന് ശേഷം ഉപരിമധ്യവര്‍ഗ്ഗങ്ങളെ ചിത്രീകരിക്കുന്നതും, ഇറാനിലെ സാമൂഹിക നീതിശാസ്ത്രത്തെ പരിശോധിക്കുന്നതുമായ ഒരു ഇറാനിയന്‍ സിനിമയാണിത് എന്ന് പ്രഗത്ഭരായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേകലക്ഷ്യത്തിന് വേണ്ടി ഇറാനിയന്‍ സംസ്കാരത്തിന് നോവാതിരിക്കാനും, മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ താഴാതിരിക്കാനും ചില ഒറ്റമൂലികള്‍ ഈ സിനിമയില്‍ സംവിധായകന്‍ പ്രയോഗിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. എന്തായാലും പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യസ്വഭാവം ഏതെല്ലാം വിധത്തിലായിരിക്കും കടന്നുപോകുക എന്ന് വ്യക്തമായി കാണിച്ചുതരാന്‍ ഈ സിനിമയിലൂടെ ഫര്‍ഹാദിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യസ്വഭാവത്തെ ഫ്രോയ്ഡിയന്‍ രീതിയില്‍ അപഗ്രഥിച്ച് സ്വസമൂഹത്തിലേക്കാവാഹിച്ചുകൊണ്ട് ചിത്രീകരിച്ച ഈ സിനിമ ഇറാന് പുറത്തുള്ള രാജ്യങ്ങളില്‍ പോലും ഇപ്പോഴും പ്രതിധ്വനിക്കുമെന്നത് തീര്‍ച്ച.

7 വായന:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സിനിമ കാണാന്‍ കഴിഞ്ഞില്ല ,ഒരിക്കല്‍ ഞാന്‍ അണ്ടൂര്‍ സഹദേവന്‍ നല്ല ഒരു അവതാരകന്‍ ആണെന് പറഞ്ഞപ്പോള്‍ ഓ.കെ .സുദേഷ് സര്‍ ഉദാഹരണ സഹിതം മന്സ്സിലാക്കിത്തന്ന്തു ഓര്‍മ്മ വരുന്നു ,സിനിമ നിശ്ശേഷം കാഴ്ച്ചയുടെ കലയാണ്‌ ,ഭാഷയുടെ ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ ഭേദിച്ച് അവ നമ്മുടെ മനസ്സിലേക്ക് വിരുന്നു വരും ,കാമ്പുള്ള ഒരു നിരൂപണം ,,

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒരൊറ്റ സ്ഥലത്തുമാത്രം നടക്കുന്ന സംഭവമാണ്, അതും ഒരു വീടിനുള്ളിലും അതിനുമുൻപിലുള്ള കടൽത്തീരത്തുമായി, സിനിമ. അന്തരീക്ഷം ഒരുക്കുന്നതിലുള്ള അസാമാന്യകൗശലവും ഈ സിനിമയുടെ പ്രത്യേകതയാണ്... നല്ല കുറിപ്പാണ് വിനീതിന്റേത്. നന്ദി!

sethumenon said...

good. your narrative style is not bad. keep on watching movies and focus your views on cultural nuances and the subtle observes of the Directorial approaches. regards.

ചാരുദത്തന്‍‌/Charudathan said...

Everything is dangerous and life threatening in Iran. I've been wondering how they make films with tremendous viewing potentials. Whenever I meet Iranians, I used to discuss these things always.

Great work,Vineeth. You've done a wonderful job.

MyDreams said...

pls try to give the link if it is available in net

വിനീത് നായര്‍ said...

@സിയാഫ്, സേതു മേനോന്‍, എം.ആര്‍.അനിലന്‍, ചാരുദത്തന്‍: വായനയ്ക്ക് നന്ദി
@My Dreams:ഓണ്‍ലൈനില്‍ കിട്ടുമോ എന്നറിയില്ല, ഇതെന്റെ സുഹൃത്തിന്റെ ശേഖരത്തില്‍ നിന്നാണ് എനിക്ക് ലഭിച്ചത്.

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാമെടോ.......

Post a Comment

© moonnaamidam.blogspot.com