ബൈബിള്‍ എനിക്കൊരു തടവറയല്ല

ചിലരങ്ങനെയാണ്. ഉള്ളില്‍ കവിതയുടെ വിത്ത് പൊട്ടിമുളച്ചവര്‍. കവിതയുടെ പാടവരമ്പുകളാണ് അവര്‍ക്കഭയം. ആ പാടങ്ങളില്‍ മാത്രമെ അവര്‍ പൂക്കുകയുള്ളൂ. കാറ്റിന്റെ പുതുവരവുകളില്‍ എന്നുമൊരു സുഗന്ധം അവര്‍ക്കായി ആരോ കരുതി വച്ചിട്ടുണ്ടാകും. നടപ്പാതകളില്‍ വിതച്ച കാവ്യബീജങ്ങളുമായി അവര്‍ കാലത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഇതേ നടപ്പാതയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു കവിയാണ് ശ്രീ. വി.ജി.തമ്പി. ഏറ്റുപറച്ചിലുകളും കുറ്റസമ്മതങ്ങളും പ്രാണനെ പിടിച്ചു കുലുക്കുന്ന വിചിത്രവിധികളും നിറഞ്ഞ കാവ്യജീവിതത്തിന്റെ നേര്‍സാക്ഷ്യമായി ആത്മീയതയിലേക്കുള്ള അന്വേഷണങ്ങളുമായി നടന്നു നീങ്ങുകയാണ് അദ്ദേഹം. കവിതകളുടെ പരിധികളെ പലപ്പോഴും ഉല്ലംഘിച്ചുകൊണ്ട് വിസ്മയങ്ങളെയും, ഉത്കണ്ഠകളെയും, അനിശ്ചിതത്വങ്ങളെയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും അതിലൂടെ ഏതോ ഒരു അനുഭൂതിയുടെ മറുകര തേടിക്കൊണ്ട് നിരാശകളുടെയും പ്രത്യാശകളുടെയും അപ്പുറത്തേക്ക് പോകുകയാണ് അദ്ദേഹം. തനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് വാക്കുകള്‍ കൂട്ടിക്കൊണ്ട് പോകുമെന്ന പ്രത്യാശയാല്‍ അദ്ദേഹം പുതിയ വാക്കുകളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവിടെ വാക്കുകളുടെ പേമാരിയില്‍ പുതിയ കവിതകള്‍ തളിര്‍ക്കുകയാണ്, കുരിശിന്റെ നിഴല്‍ പതിഞ്ഞ കവിതകള്‍..
തിരക്കേറിയ യാത്രക്കിടയില്‍ വീണുകിട്ടിയ ഒരു അവസരത്തില്‍ ശ്രീ വി.ജി.തമ്പി നമ്മോടൊപ്പം ചേരുകയാണ്. അവിശ്വാസങ്ങളേക്കാളും, സന്ദേഹങ്ങളേക്കാളും വിശ്വാസങ്ങളായ തന്റെ കവിതകളെക്കുറിച്ച്, കാവ്യസപര്യയെ കുറിച്ച് മനസ്സ് തുറക്കാന്‍, ഒരല്പനേരം.

താങ്കളുടെ കവിതകളുടെ അന്തര്‍മണ്ഡലം അഗാധവും സങ്കീര്‍ണ്ണവുമാണ്. എന്താണ് ആ കവിതകള്‍ നിലനിര്‍ത്തുന്ന കേന്ദ്രപ്രമേയം, അഥവ എന്താണ് കവിതയിലേക്കുള്ള പ്രചോദനം?



അകത്തേക്ക് കരയുന്ന അനുഭവങ്ങളാണ് എനിക്ക് കവിതകളായി തീരുന്നത്. ജീവിതത്തിലുണ്ടാകുന്ന ഒരു ഭൗതിക സംഭവം, അത് പ്രണയമോ മരണമോ എന്തുമായിക്കൊള്ളട്ടെ. അത്മീയാനുഭവമായി മാറും വരെ കവിതയിലേക്ക് ഞാന്‍ ചെല്ലുകയില്ല. അതുകൊണ്ടായിരിക്കും കാവ്യരചനയില്‍ ദീര്‍ഘമായ ഇടവേളകള്‍ നിലനില്‍ക്കുന്നത്. സത്യത്തെ നഗ്നമായി നേരിടാന്‍ ഭയക്കുന്നതുകൊണ്ടാകാം കവിതയ്ക്ക് മുന്നില്‍ ഞാന്‍ വിറച്ച് പോകുന്നത്.
എന്ത് സംഭവിച്ചു എന്നതിനേക്കാള്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന ധര്‍മ്മ ആശയം ആയിരിക്കുമോ എന്റെ കവിതകളുടെ കേന്ദ്രപ്രമേയം. ജീവിതത്തിനു നേരെ എന്തുകൊണ്ടിതെല്ലാം എന്ന ഹതാശമായ ചോദ്യം തന്നെയാണ് കവിതകള്‍ക്ക് പ്രചോദനവും പ്രമേയവും എന്ന് ഞാന്‍ വിചാരിക്കുന്നു.
കവിത എനിക്ക് വിശ്വാസത്തിന്റെ പ്രവ്രിത്തിയാണ്. എന്റെ ജീവിതത്തിന്റെ ന്യായീകരണമാണ് എന്റെ വിശ്വാസം. പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പിടച്ചില്‍ ഒരാളെ വിശ്വാസത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും വിശ്വാസത്തിന്റെ വലിയ ഭാരം ഇറക്കിവയ്ക്കുമ്പോഴാണ് കവിതയുണ്ടാകുന്നത്.
“എന്റെ ഉള്ളം നിറയെ കരച്ചിലാണ്.ആ കരച്ചിലിന്റെ സാക്ഷ്യങ്ങളാണ് എന്റെ എഴുത്ത്”. കസാന്ദ്സാക്കിസിന്റെ വാക്കുകളില്‍ ഞാന്‍ എന്നെയും സംഗ്രഹിക്കുന്നു.
ആവിഷ്കരിക്കാന്‍ ആവാത്തതിന്റെ ആവിഷ്ക്കാരമാണ് കവിത. സ്വന്തം കവിതയ്ക്ക് മുന്‍പില്‍ കവി തന്നെ അമ്പരന്നു നില്‍ക്കണം. അയാള്‍ക്ക് പോലും അജ്ഞാതവും അപ്രവേശ്യവുമാകണം കവിത. കവിത കവിക്ക് അനിശ്ചിതമായ ആനന്ദലഹരിയാണ്.
എനിക്കുള്ളിലെ ഏറ്റവും മികവുള്ള സാദ്ധ്യതയുടെ പേരാണ് കവിത. ഏറ്റവും നല്ലതൊന്നും എന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നിട്ടില്ല. ഉല്‍ക്ക പോലെ കത്തിപ്പോയി. എനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേയ്ക്ക് എന്നെ ഉന്തിയുന്തി കൊണ്ടുപോകുന്ന പുതിയ വാക്കുകളുടെ വഴികളിലാണ് ഞാനെപ്പോഴും. അതുകൊണ്ട് തന്നെ എഴുതിയ കവിതകളേക്കാള്‍ എഴുതാതെ പോകുന്ന കവിതകളിലാണ് എനിക്ക് ആവേശം. എഴുതിത്തീര്‍ന്നവയോട് എനിക്ക് പ്രണയമില്ല. എഴുതാത്ത കവിതകള്‍ ആത്മാവിനെ പ്രലോഭിപ്പിച്ചുകൊണ്ട് എനിക്കുള്ളില്‍ പ്രണയന്രിത്തമാടുന്നു.

താങ്കളുടെ കവിതകളില്‍ പ്രണയവും ആത്മീയതയും ആവര്‍ത്തിച്ചു കാണുന്നുണ്ടല്ലോ. അതൊരു പരാജയമായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഞാന്‍ പ്രണയത്തിന്റെ കവിയല്ല. പ്രണയശേഷമുള്ള കവിയാണ്. പ്രണയം ശൂന്യമാക്കിയ ഏകാന്തതയെക്കുറിച്ച് പറയുന്ന ഒരാളാണ് ഞാന്‍. എന്തുകൊണ്ട് പ്രണയം ഒരാളെ അനാഥമാക്കുന്നു എന്ന ദുരന്തബോധമാണ് പ്രണയകവിതകളുടെ കാതല്‍. അതുകൊണ്ട് ആന്തരികതയുടെ നഷ്ടസാധ്യതയ്ക്ക് ഞാന്‍ കൊടുക്കുന്ന പേര് മാത്രമാണ് പ്രണയം. ആന്തരികതയിലെ ശൂന്യതകളെ പൂരിപ്പിക്കുവാനുള്ള ചില പിടച്ചിലുകളില്‍ ഞാന്‍ പ്രണയത്തെ കാവ്യവിഷയമാക്കുകയാണ്.
പ്രണയിക്കുമ്പോള്‍ ഒരാള്‍ കവിയാകും. കവിയാകുന്നതോടെ പ്രണയം അയാള്‍ക്കില്ലാതാകും എന്നൊരു വാക്യം വളരെ ചെറുപ്പത്തില്‍ ആരോ എന്നോട് പറഞ്ഞിട്ടുണ്ട്.
എന്റേത് ആത്മീയാന്വേഷണത്തിന്റെ കവിതകളാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കും. പ്രണയം മാത്രമല്ല മരണം പോലുള്ള ഭാരമേറിയ അനുഭവങ്ങളും പ്രക്രിതികൗതുകങ്ങളുടെ നീണ്ട ധ്യാനങ്ങളും എന്റെ കവിതകളിലുണ്ട്. ഓര്‍മ്മകളേക്കാള്‍ ഓര്‍മ്മത്തെറ്റുകളുടെ പലതരം മനുഷ്യരെ ഞാന്‍ എഴുതിയിട്ടുണ്ട്. അമ്മ, അപ്പന്‍, പെങ്ങള്‍, കാമുകി, മകള്‍, രാത്രി അങ്ങനെ എത്രയോ വിഷയങ്ങള്‍. ജനനത്തിനും രണത്തിനും ഇടയിലുള്ള എന്റെ പകച്ചുനില്‍പ്പ് അത്തരം കവിതകള്‍ വായിക്കപ്പെടാതെ പോകുന്നതില്‍ ഖേദമുണ്ട്. ആത്മഹത്യയുടെ ആത്മീയതയെ തേടുന്ന അരഡസന്‍ കവിതകളെങ്കിലും ഞാന്‍ എഴുതിയിട്ടുണ്ട്.

ക്രിസ്തുബിംബങ്ങളുടെ അതിപ്രസരം താങ്കളുടെ കവിതകളില്‍ കണ്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ബൈബിളിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നവയാണ് അല്ലെങ്കില്‍ ബൈബിള്‍ കഥകളുടെ തടവറയിലാണ് താങ്കളുടെ കവിതകള്‍ എന്ന് പറയുകയാണെങ്കില്‍ അതിനോട് എങ്ങിനെ പ്രതികരിക്കുന്നു?

ബൈബില്‍ ഭാവനയുടെയും ഭാഷയുടെയും രക്തമായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വലിയ കലാകാരന്മാരുടെ അണിയില്‍ ഇങ്ങേ അറ്റത്ത് ചേര്‍ന്ന് നില്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതുവരെയും വേണ്ടതു പോലെ ആഴത്തില്‍ ഞാന്‍ ബൈബിളിനെ തൊട്ടറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ജീവിതത്തില്‍ ഏറ്റവും തീക്ഷ്ണതയോടെ അനുഭവിച്ചറിഞ്ഞ സത്യത്തെയാണ് കവിത എന്ന് പറയേണ്ടതെങ്കില്‍ എനിക്ക് വേദപുസ്തകത്തില്‍ മുങ്ങി നിവരുവാനാണ് ആഗ്രഹം. അച്ചടിച്ച എന്റെ ആദ്യത്തെ കവിത പിറന്നാള്‍ വിചാരണയാണ്. ആ കവിത കണ്ണീരും പ്രാര്‍ത്ഥനയുമായി വന്ന് വേദപുസ്തകം വായിക്കും പോലെ എന്നെ വായിക്കുന്ന അമ്മയെ കുറിച്ചാണ്.
മതവും പൗരോഹിത്യവും വായിക്കുന്നതു പോലെയല്ല എന്റെ ബൈബിള്‍ അനുഭവം. സഹനത്തിന്റെയും സ്വാതന്ത്രത്തിന്റെയും ഒരു പ്രപഞ്ചാനുഭം എന്ന നിലയിലാണ് ബൈബിള്‍ എന്റെ ആവര്‍ത്തനപുസ്തകമാകുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢവും അഗാധവുമായ ആശ്ലേഷങ്ങളുടെ വാങ്മയമാണ് ബൈബിള്‍.
വിശ്വാസിയാകാനുള്ള ആത്മയുദ്ധമായി കവിതയെ കണ്ടെത്തുന്നവനെ സംബന്ധിച്ചിടത്തോളം ബൈബിള്‍ തുറന്നു തരുന്ന സ്വാതന്ത്ര്യം അപാരമാണ്. അതെനിക്ക് തടവറയല്ല. അടയാളങ്ങളുടെ അനന്തമായ സമുദ്രം. ജോബിന്റെ വിലാപങ്ങളിലോ ദാവീദിന്റെ സങ്കീര്‍ത്തനങ്ങളിലോ സോളമന്റെ ഉത്തമഗീതത്തിലോ യോഹന്നാന്റെ വെളിപാടുകളിലോ ക്രിസ്തുവിന്റെ വചനവീഞ്ഞിലോ വാക്കുകളുടെ അപ്പം മുക്കുമ്പോള്‍ ഏതു കവിതയ്ക്കുമെന്നതു പോലെ എന്നിലും രൂപാന്തരീകരണങ്ങള്‍ സംഭവിക്കുന്നുണ്ട്. മനുഷ്യനെ മനുഷ്യന്‍ മാത്രമല്ലാത്ത പ്രപഞ്ചാനുഭൂതിയിലേക്ക് കൊണ്ട് പോകുന്ന വേദപുസ്തകമാണ് എന്റെ കവിതയ്ക്ക് അന്തര്‍ബലം നല്‍കുന്നതെന്ന് പറയാന്‍ അഭിമാനമുണ്ട്.

മലയാളകവിതയുടെ വര്‍ത്തമാനാവസ്ഥയെക്കുറിച്ച് താങ്കള്‍ ചില ധാരണകള്‍ സ്വരൂപിച്ചിട്ടുണ്ടാകുമല്ലോ. അതിലെ പുതുകവിതയുടെ സാമാന്യാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഒന്ന് പങ്ക് വയ്ക്കാമോ?

കവിത സാമാന്യപ്രസ്ഥാവനകളുടെ ലോകമല്ല. അത് വളരെ സവിശേഷവും ആന്തരികവുമായ ലോകത്തിന്റെ ആവിഷ്കാരമാണ്. സ്വകാര്യതയുടെ രക്തം സംക്രമിപ്പിക്കുന്ന വാക്കുകളുടെ മൗലിക സൗന്ദര്യത്തില്‍ മാത്രമെ എനിക്ക് താത്പര്യമുള്ളൂ.
പുതുകവിതയെ ഒരു പ്രസ്ഥാനമായി കാവ്യചരിത്രത്തില്‍ ഞാന്‍ വായിച്ചു നോക്കിയിട്ടില്ല. ആധുനികാനന്തര കവിതകളിലെ ചില മിന്നല്‍പ്പിണരുകളില്‍ എന്റെ വായന കത്തിജ്ജ്വലിച്ചിട്ടുണ്ട്. എനിക്ക് പ്രിയപ്പെട്ട മികച്ച കവികളില്‍ പലരും അക്കൂട്ടത്തിലുണ്ട്.
പിന്നെ ഏതാണ് പുതുകവിതയിലെ പുതുമ? ആധുനികാനന്തര കവിതകള്‍ക്കും പ്രായമായി. കാല്‍നൂറ്റാണ്ടിന്റെ പഴക്കമായി എന്നോര്‍ക്കുമ്പോള്‍ ഇവയുടെ പുതുമാവാദം കാലഹരണപ്പെട്ടിരിക്കുന്നു. പുതുകവിതയാകാന്‍ ചില ചേരുവകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടല്ലോ? ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ബ്രിഹദ് ആഖ്യാനത്തിന്റെയും പുരാവ്രിത്തങ്ങളുടെയും ഭാരം ഇറക്കിവച്ച കവിതകള്‍ എന്നൊക്കെപ്പറഞ്ഞ് കുറേ കവികള്‍ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും വാചാലരാകുന്നത് കണ്ടിട്ടുണ്ട്. ആധുനികതയ്ക്കപ്പുറത്തേക്കുള്ള വ്യത്യാസപ്പെടലിനു വേണ്ടിയുള്ള ഇവരുടെ വാചാലത അരോചകമായി തോന്നുന്നു.
പുതുകവിത ചെറിയ അനുഭവങ്ങളിലേയ്ക്കുള്ള ചുരുക്കെഴുത്താകേണ്ടതുണ്ടോ? മലയാള കഥയിലോ നോവലിലോ ആധുനികാനന്തര തലമുറയ്ക്ക് യാഥാര്‍ത്ഥ്യലോകം നഷ്ടപ്പെട്ടതായി തോന്നുന്നില്ല.
സ്വന്തം ചരിത്രത്തിന്റെയും കാലത്തിന്റെയും സത്യമറിയാതെ കവിതയുടെ ഒരു കൊച്ചുലോകമുണ്ടാക്കി നാട്യം നിറഞ്ഞ വാക്കുകളില്‍ ആത്മലോകത്തെ ചുരുക്കിക്കളയുന്ന പുതുകവികളില്‍ ചിലരോട് പറയാനുള്ളത് ഇതാണ്.
നമ്മുടെ ജീവിതം ആധുനികതയുടെ കാലത്തേക്കാള്‍ സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമാണ്. യുദ്ധത്തിന്റെയും വര്‍ഗ്ഗീയ-വംശീയ കലാപങ്ങളുടെയും ലിംഗ സമരങ്ങളുടെയും രാഷ്ട്രീയഹിംസകളുടെയും പൗരോഹിത്യാധിപത്യത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ദാരിദ്ര്യത്തിന്റെയും അന്തമറ്റ അഭയാര്‍ത്ഥി പ്രവാഹങ്ങളുടെയും ഈ കാലം രണ്ട് ലോകങ്ങളുണ്ടാക്കിയ ഭയാനകമായ ഇരുട്ടിനെയും വിഭ്രാമകമായ യാഥാര്‍ത്ഥ്യത്തെയുമാണ് കൊണ്ട് വരുന്നത്. സാംസ്കാരിക ചരിത്രധ്വനികളേറെയുള്ള സങ്കീര്‍ണ്ണമായ ഈ കാലത്തെ നിര്‍വ്വചിക്കുവാനും ആവിഷ്കരിക്കുവാനും ആധുനികതയുടെ കാലത്തേക്കാള്‍ ബ്രിഹത്തായ ആഖ്യാനങ്ങളിലേയും സംഘസ്മ്രിതി നിര്‍മ്മാണങ്ങളിലെയും വിസ്ത്രിതമായ ഭാവനയാണ് ആവശ്യമായിരിക്കുന്നത്. ഭാരം കുറഞ്ഞ വാക്കുകളുടെ തൂവല്‍സ്പര്‍ശം അതിന് മതിയാകില്ല.

കേരളവര്‍മ്മയിലൂടെ കടന്നുപോയ കവികളെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന കവികളെയും ഒന്ന് വിലയിരുത്താമോ?

മുപ്പത്തഞ്ച് വര്‍ഷക്കാലത്തെ കേരളവര്‍മ്മയിലെ എന്റെ അനുഭവകാലങ്ങള്‍ നിരവധി ഒഴുക്കുകളിലൂടെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയി. ഞാന്‍ കേരളവര്‍മ്മയില്‍ വിദ്യാര്‍ത്ഥിയായി എത്തും മുന്‍പേ മേതില്‍ രാധാക്രിഷ്ണന്‍ എം.എ മലയാളം പഠനം കഴിഞ്ഞ് പോയ്ക്കഴിഞ്ഞിരുന്നു. ആധുനികതയുടെ തീക്ഷ്ണസൗന്ദര്യ തരംഗം സ്രിഷ്ടിച്ച ‘സൂര്യവംശം’ മേതില്‍ എഴുതുന്നത് കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. കേരളവര്‍മ്മ കോളേജിന്റെ ആരംഭഘട്ടത്തില്‍ എന്‍.വിയും അയ്യപ്പത്തും യൂസഫലിയും അടക്കമുള്ള ആധുനികപൂര്‍വ്വകാല കവികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു.
എണ്‍പതുകളുടെ തുടക്കം കേരളവര്‍മ്മയില്‍ ഇടതുപക്ഷ ആധുനികതയുടെ യുവത്വം പൂത്തിരി കത്തിച്ച കാലമായിരുന്നു. സുനില്‍ദാസ് എന്ന കവിയുടെ ആത്മഹത്യയാണ് കേരളവര്‍മ്മയുടെ കാവ്യഹ്രിദയത്തെ ഏറെക്കാലം സ്തബ്ധമാക്കിയത്.
രാവുണ്ണി, പതിനഞ്ച് മുറിവകളുടെ ദീര്‍ഘനിലവിളിയുമായി കുറേക്കാലം കേരളവര്‍മ്മയില്‍ അലയടിച്ചു. ആധുനികതയുടെ മുറിവുകളുടെയും സുഷിരങ്ങളിലൂടെയും പിന്നീട് കടന്നുവന്നത് കെ.ആര്‍.ടോണിയാണ്.
പിന്നീട് വന്നത് കാമ്പസില്‍ ഒരു ഭാഷാവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ചൊല്‍ക്കാഴ്ചകളുടെയും കവിയരങ്ങുകളുടെയും സാഹിത്യഭാഷയ്ക്ക് പകരം ഒരു ദ്രിശ്യഭാഷയിലേയ്ക്ക് കാമ്പസ് ഒരു ചുവടു മാറ്റം നടത്തി. തൊണ്ണൂറുകള്‍ക്കവസാനം വിദ്യാര്‍ത്ഥികളുമായിച്ചേര്‍ന്ന് ‘തരിശുനിലം’ എന്ന കാമ്പസ് സിനിമ ചെയ്യുമ്പോള്‍ ഞാനത് ക്രിത്യമായി മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. വാക്കുകളേക്കാള്‍ ദ്രിശ്യങ്ങളാണ് വിദ്യാര്‍ത്ഥികളെ കോരിത്തരിപ്പിക്കുന്നത്. എന്നാലും കേരളവര്‍മ്മയുടെ മണ്ണിനടിയില്‍ കവിതയുടെ അടിയൊഴുക്കുകള്‍ അദ്രിശ്യമായി എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെയാണ് അനൂപിന്റെയും അലിയാറിന്റെയും ശ്യാമിന്റെയും ശ്രീദേവിയുടെയും ആസിഫിന്റെയും കൗമാരരക്തത്തില്‍ എഴുതപ്പെട്ട ഏറ്റവും പുതിയ വാക്കുകളെ ഞാന്‍ ശ്രദ്ധിച്ചത്. എല്ലാക്കാലത്തും കവിതകള്‍ കൊണ്ട് പൂരിപ്പിക്കാനൊരിടം കേരളവര്‍മ്മ സൂക്ഷിച്ചു വച്ചിരുന്നു. ആഗോളവത്കരണ കാലമെന്നോ ആധുനികാനന്തര ഭാവുകത്വ രുചികളെന്നോ വിശേഷിപ്പിക്കാവുന്ന പുതുവീഞ്ഞിന്റെ ലഹരിയുള്ള ഇവരുടെ വാക്കുകളില്‍ അവരേക്കാളേറെ എന്റെ ആത്മാവാണ് ന്രിത്തം ചവിട്ടിയത്.

ഒരുപാട് കാലമായി മുഖ്യധാര കവിതകളുടെയും കാമ്പസ് കവിതകളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരാളാണല്ലോ താങ്കള്‍. ആ നിലയ്ക്ക്, മുഖ്യധാര കവിതകളുടെ പശ്ചാത്തലത്തില്‍ കാമ്പസ് കവിതകളുടെ നിലവാരമെന്താണ്? എന്തെല്ലാമാണ് അവയുടെ മുഖ്യപ്രവണതകള്‍?

ബ്രെതോള്‍ഡ് ബ്രെഹ്തിന്റെ ഒരു കവിത കാമ്പസ് കവികള്‍ ഒത്തുകൂടുമ്പോള്‍ പ്രകോപനപരമായി ഞാന്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഞങ്ങളുടെ അഴുകിയ വായില്‍ നിന്നും വരുന്ന
ഒരു കല്പനയും നിങ്ങള്‍ അനുസരിക്കരുത്.
ഇത്ര ദയനീയമായി തോറ്റു പോയവരുടെ
ഒരു ഉപദേശവും സ്വീകരിക്കരുത്.
പക്ഷേ,
നിങ്ങള്‍ക്ക് നല്ലതെന്ന്
നിങ്ങളെ സഹായിക്കുന്നതെന്തെന്ന്
തോന്നുമ്പോലെ എഴുതുക.
ഞങ്ങള്‍ പാഴാക്കിയിട്ട തരിശുനിലം
നിങ്ങള്‍ ക്രിഷി ചെയ്യണം
ഞങ്ങള്‍ വിഷം കലര്‍ത്തിയ നഗരങ്ങള്‍
ജീവിക്കാന്‍ കൊള്ളാവുന്നതായി മാറ്റണം.
പുതിയ ഭാഷയില്‍ അതിലംഘനങ്ങളുടെ ധീരത ആവിഷ്കരിക്കുവാനുള്ള വെല്ലുവിളികള്‍ കാമ്പസ് കവിതയില്‍ അസ്പഷ്ടമായിട്ടെങ്കിലും വിളഞ്ഞ് വരുന്നുണ്ട്.
എഴുത്തിലെ അരക്ഷിതബോധം കൊണ്ടാണോ എന്നറിയില്ല ജീവിതത്തിന് സമാന്തരമായി കവിതയുടെ മാത്രമുള്ള ചെറുതിരുത്തുകളുണ്ടാക്കി മുന്‍വിധികളും ശാഠ്യങ്ങളും കവിയായി നിലനില്‍ക്കാന്‍ മാത്രമുള്ള വാദമുഖങ്ങളുമായി പുലരുന്ന പുതുകവിക്കൂട്ടങ്ങളില്‍ നിന്നായിരിക്കില്ല മലയാളത്തിന്റെ പുതിയ എഴുത്തിന് തീ പിടിക്കുക എന്ന് ഞാന്‍ വിചാരിക്കുന്നു. ബ്ലോഗിലൂടെയും സൈബര്‍സ്ഥലത്ത് വിതയ്ക്കുന്ന പുതിയ എഴുത്തിലൂടെയും കാമ്പസ് കവികളുടെ സാഹസികനീക്കങ്ങള്‍ പ്രതീക്ഷാനിര്‍ഭരം.

ഒരു കവി എന്ന നിലയില്‍ മലയാളസാഹിത്യത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഇന്നെഴുതപ്പെടുന്ന സാഹിത്യം നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നില്ല എന്നാണെന്റെ അനുഭവം. അത് ആഴങ്ങളെ മൂടി വയ്ക്കുകയാണ്. ഉപരിതലങ്ങളിലെ ഓളങ്ങളില്‍ അഭിരമിയ്ക്കുകയാണ്. കമ്പോള സംസ്ക്രിതിയുടെ കുമിളകളായി അവ നിമിഷം തോറും പൊട്ടിച്ചിതറുന്നു. മാനുഷിക മൂല്യങ്ങളെയും വലിയ ആത്മസംഘര്‍ഷങ്ങളെയും അതിജീവന ത്രിഷ്ണകളെയും വിളിച്ചുണര്‍ത്തേണ്ടതിന് പകരം നമ്മുടെ വാക്കുകള്‍ നിര്‍ലജ്ജം നമ്മുടെ ജീവിതത്തെ അന്യാധീനപ്പെടുത്തുകയാണ്. ഒരു ജനത എന്ന നിലയില്‍ മലയാളിയുടെ അനുഭവലോകം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു എന്നറിയാന്‍ നമ്മുടെ എഴുത്തും വായനയും തന്നെ അധികമാണ്.
എഴുത്തിന്റെ മൂല്യം ധീരതയാണ്. സമകാലിക ജീര്‍ണ്ണതകളോടുള്ള വിയോജിപ്പില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചുകൊണ്ട് മാത്രമേ എഴുത്തിന്റെ ആത്മീയാന്തസ്സ് വീണ്ടെടുക്കാനാവൂ.
എഴുത്തിലൂടെ മൗലികമായി ഒരു പ്രശ്നത്തെയും വികസിപ്പിക്കുവാന്‍ നമ്മുടെ മുഖ്യധാരാ എഴുത്തുകാര്‍ക്ക് തന്റേടമില്ല. ക്ഷമയില്ല, ഭാവനയില്ല, ത്യാഗമില്ല, ഉത്തരവാദിത്വമില്ല, വാക്കുകളിലുള്ള അശ്രദ്ധയും ഉദാസീനതയും ധൂര്‍ത്തും നമ്മുടെ എഴുത്തിനെ ദുസ്സഹമായ ദുര്‍ഗന്ധമാക്കുന്നു.
സമകാലികതയിലെ പ്രത്യക്ഷമായതിനെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ഒരു പരന്ന മനസ്സാണ് ഇന്ന് എഴുത്തുകാരന്റേത്. സാമൂഹ്യാനുഭവങ്ങളുടെ മറുവശങ്ങള്‍ തിരയുവാനോ അപ്രത്യക്ഷ സത്യങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാനോ ഉള്ള ആത്മശക്തിയാണ് മലയാളത്തിലെ എഴുത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.
എഴുത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ഇന്ന് എഴുത്തുകാരല്ല. പത്രാധിപരോ, നിരൂപകരോ, പ്രസാധകരോ, മാധ്യമങ്ങളോ ആണ്. വിവാദങ്ങള്‍ക്കപ്പുറം വിനിമയത്തിന്റെ ജനാധിപത്യസ്ഥലി എന്തെന്ന് അറിയില്ല. കേരളീയ ജീവിതത്തില്‍ സംവാദത്തിന്റെ ആകാശം ചുരുങ്ങിപ്പോയി.
ആനുകാലികങ്ങളില്‍ ആഴ്ചതോറും മരിക്കുകയും അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്യാനുള്ള വിധിയാണ് മലയാളത്തിലെ മുഖ്യധാര എഴുത്തുകാരെങ്കിലും സ്വയം സ്വീകരിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ തിരക്കുകള്‍ ഇവിടെ ഒരു അതിര്‍ത്തി തീര്‍ക്കുകയാണ്. ചോദ്യങ്ങള്‍ ഒരുപാട് ബാക്കി നില്‍ക്കുന്നു. അതിലേറെ അദ്ദേഹത്തിന് പറയാനുള്ളതും. കവിതയെക്കുറിച്ച് പലപ്പോഴും വാചാലനായിപ്പോയ കവിക്കും എനിക്കും ഈ അഭിമുഖം ഉന്മേഷകരമായ ഒരു അനുഭവം തന്നെയായിരുന്നു. പല ചോദ്യങ്ങളും അദ്ദേഹത്തിന് തിരിച്ചറിവിനുള്ള വെളിച്ചമായി എന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സംഭാഷണത്തിന് ശേഷം മടങ്ങുമ്പോള്‍ ശരീരത്തിന്റെയും ആത്മാവിന്റെയും അന്തര്‍ഗതങ്ങള്‍ പരസ്പരം ഇടയുന്നുണ്ടായിരുന്നില്ല. കവിതയുടെ തിരക്കൊഴിഞ്ഞ നിരത്തിലൂടെ കടന്നുപോകുമ്പോള്‍ ആരായിരുന്നു എനിക്കൊപ്പം കൈകോര്‍ത്തുകൊണ്ട്?
പുതുകവിത, മലയാളനാടി ല്‍ പ്രസിദ്ധീകരിച്ചത്

1 വായന:

Unknown said...

വായിക്കാന്‍ വൈകി ഈ അഭിമുഖം...
എന്നാലും കുറിക്കുന്നു...
"അകത്തേക്ക് കരയുന്ന അനുഭവങ്ങളാണ് എനിക്ക് കവിതകളായി തീരുന്നത്. ജീവിതത്തിലുണ്ടാകുന്ന ഒരു ഭൗതിക സംഭവം, അത് പ്രണയമോ മരണമോ എന്തുമായിക്കൊള്ളട്ടെ. അത്മീയാനുഭവമായി മാറും വരെ കവിതയിലേക്ക് ഞാന്‍ ചെല്ലുകയില്ല"

ഈ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്...
ഇതൊരു പരിമിതിയല്ല ഒരു പാലാഴി കടയലാണ്...
അനുഭവങ്ങളുടെ ആഴപ്പരപ്പുകളില്‍ നിന്ന് ഉത്തേജിത ആശയങ്ങളെ കുറുക്കി എടുക്കല്‍ ..

"ആവിഷ്കരിക്കാന്‍ ആവാത്തതിന്റെ ആവിഷ്ക്കാരമാണ് കവിത. സ്വന്തം കവിതയ്ക്ക് മുന്‍പില്‍ കവി തന്നെ അമ്പരന്നു നില്‍ക്കണം. അയാള്‍ക്ക് പോലും അജ്ഞാതവും അപ്രവേശ്യവുമാകണം കവിത. കവിത കവിക്ക് അനിശ്ചിതമായ ആനന്ദലഹരിയാണ്.
എനിക്കുള്ളിലെ ഏറ്റവും മികവുള്ള സാദ്ധ്യതയുടെ പേരാണ് കവിത. ഏറ്റവും നല്ലതൊന്നും എന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നിട്ടില്ല. ഉല്‍ക്ക പോലെ കത്തിപ്പോയി. എനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേയ്ക്ക് എന്നെ ഉന്തിയുന്തി കൊണ്ടുപോകുന്ന പുതിയ വാക്കുകളുടെ വഴികളിലാണ് ഞാനെപ്പോഴും. അതുകൊണ്ട് തന്നെ എഴുതിയ കവിതകളേക്കാള്‍ എഴുതാതെ പോകുന്ന കവിതകളിലാണ് എനിക്ക് ആവേശം. എഴുതിത്തീര്‍ന്നവയോട് എനിക്ക് പ്രണയമില്ല. എഴുതാത്ത കവിതകള്‍ ആത്മാവിനെ പ്രലോഭിപ്പിച്ചുകൊണ്ട് എനിക്കുള്ളില്‍ പ്രണയന്രിത്തമാടുന്നു."

നന്നായി
ഈ പകര്‍ത്തല്‍,
പങ്കു വെക്കല്‍..
ആശംസകളോടെ
അലിഫ്

Post a Comment

© moonnaamidam.blogspot.com