വര്‍ഗ്ഗീയതയ്ക്കൊരു ഫത്വ


അനിവാര്യമായ ഒരു കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയായിരിക്കണം ഇത്. തിരിഞ്ഞുനോട്ടങ്ങളില്ല, ഓര്‍മ്മപ്പെടുത്തലുകളില്ല, എല്ലാം നാളേക്ക് വേണ്ടി മാത്രമുള്ള ഒരു നെട്ടോട്ടം. അന്ധമായ പല മുന്‍ വിധികളോട് കൂടിയ ഈ ഒരു ഓട്ടത്തിലാണോ എല്ലാം കീഴ്മേല്‍ മറിഞ്ഞത്? അതോ നൂറ് ശതമാനം സാക്ഷരരായ നമ്മുടെ സൈദ്ധാന്തിക നിരക്ഷരതയിലോ? ഒന്നും ആലോചിച്ച് നോക്കിയിട്ടില്ല. എന്നെപ്പോലൊരു ഇരുപതുകാരന് ഇതിനെക്കുറിച്ചെന്തറിയാന്‍, വായിച്ചെടുത്ത പത്രവാര്‍ത്തകളും, കണ്മുന്നില്‍ കണ്ണാടിക്കൂടില്‍ കാണുന്ന ചലനദ്രിശ്യങ്ങളും തന്ന അറിവുകളിലൂടെ ഭയസംക്രമണങ്ങള്‍ക്ക് കീഴ്പ്പെട്ട് തളന്നിരിക്കാനല്ലാതെ.
കടന്നുവന്ന നാളുകളും ഒട്ടും തന്നെ ശുഭകരങ്ങളായിരുന്നില്ലല്ലോ എന്നത് വസ്തുതാപരമായ ഒരു കാര്യം തന്നെ. പ്രാഥമികമായി വേര്‍തിരിക്കപ്പെടുന്ന അതിര്‍ത്തി പോലും തിരിച്ചറിയാതെ എല്ലാം കവര്‍ന്നെടുക്കുന്ന കുറച്ച് പേര്‍ ചേര്‍ന്ന് ഒച്ചവെച്ചാല്‍ ഇല്ലാതാവുന്നതല്ല ജനാധിപത്യത്തില്‍ അടിയുറച്ച, ശാസ്ത്രബോധത്താല്‍ പ്രേരിതമായ സഹിഷ്ണുതയിലും സമഭാവനയിലും സ്വാതന്ത്രയ്ത്തിലും വേരുറച്ച രാഷ്ട്രീയം എന്ന് കരുതിപ്പോന്ന ഞാന്‍ ഒന്നാന്തരമൊരു വിഢ്ഡി. പണ്ടേ താത്പര്യം കുറഞ്ഞ ഈ മണ്ഡലത്തില്‍ പലവട്ടം കണ്ണോടിച്ച് കടന്നുപോയിട്ടുണ്ട്. അതില്‍ പലരും എന്റെ ഹ്രിദയത്തെ കീഴ്പ്പെടുത്തിയിട്ടുമുണ്ട്. ഒരാരാധനയ്ക്ക് അപ്പുറത്തേക്ക് വളരാതെ ഞാനതിനെ തടയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. നായനാര്‍, എ.കെ.ആന്റണി, മുനീര്‍ സാഹിബ്, വി.എസ് എന്തിന് നരേന്ദ്രമോഡി വരെ എന്റെ ആരാധനാപാത്രമായി കടന്നുവന്നിട്ടുണ്ട്.

ലിംഗം, മതം, ജാതി, ഭാഷ തുടങ്ങിയവയെ അടിസ്ഥാനമാക്കി ഒരു സമൂഹത്തില്‍ തന്നെ എത്ര 'ഐക്യ'ങ്ങളാണ് രൂപീക്രിതമാകുന്നത്. ആരെല്ലാമോ കല്പിച്ച് നല്‍കുന്ന സാക്ഷ്യപത്രങ്ങളായിരിക്കണം ഈ ഐക്യസംഘടനകള്‍. ഇവയെക്കുറിച്ചെല്ലാം പറയുമ്പോള്‍ മൂന്ന് സംഭവങ്ങളാണ് എന്നിലേക്ക് കടന്നുവരുന്നത്. അവയെ ഞാനൊട്ടും ഓര്‍ക്കാനിഷ്ടപ്പെടുന്നുമില്ല. കാലം ഒര്രു പുതപ്പായി മാറുന്നുണ്ടെങ്കിലും ആര്‍ത്തലച്ച് വീശുന്ന കാറ്റില്‍ കുളിരു വരുന്നതു പോലെ അതെന്നെ അലട്ടിക്കൊണ്ടേയിരിക്കുന്നു.

കുരുന്നുകണ്ണിലേക്ക് തെറിച്ച ചോരത്തുള്ളികള്‍

ദിവസം ഞാനോര്‍ക്കുന്നില്ല. അതോര്‍ക്കാന്‍ എനിക്കാഗ്രഹവുമില്ല. എന്തായാലും ആ ദിവസമായിരുന്നു എവിടെയും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളനിലമായ കണ്ണൂരില്‍, ഒരു എല്‍.പി സ്കൂള്‍ അധ്യാപകനായ കെ.ടി.ജയക്രിഷ്ണന്‍ മാസ്റ്ററെ ഒരുപറ്റം അക്രമികള്‍ സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു മനുഷ്യന്‍ അല്ലെങ്കില്‍ കേവലമനുഷ്യന്‍ എന്നതില്‍ നിന്നും എത്രയോ അധഃപ്പതിച്ച് അസുരതുല്യനായി മാറിപ്പോയ നിമിഷങ്ങള്‍. ചോരയുടെ മണം പറ്റി ആര്‍ത്തു വന്ന ആ കാപാലികരുടെ മുന്നില്‍ ചെങ്കൊടിയുടെ രൗദ്രനിറം ഊറിവന്നപ്പോള്‍ പിടഞ്ഞുവീണത് കുരുന്നുമനസ്സുകളായിരുന്നു, ഒരമ്മയുടെ തീരാത്ത രോദനമായിരുന്നു. അതൊരു രാഷ്ട്രീയ പകപോക്കലിന്റെ ആരംഭമോ അവസാനമോ ആയിരുന്നില്ല. ആ കൊലപാതകത്തിന് വഹിക്കാനുണ്ടായിരുന്നത് പിന്തുടര്‍ച്ചാവകാശം എന്ന ധര്‍മ്മം മാത്രമായിരുന്നു.

ഏനെ വെട്ട്യാലും ചോര, നെന്നെ വെട്ട്യാലും ചോര

ഇവിടെ സംഭവം നടക്കുന്നത് ഒരു പ്രഭാതത്തിലായിരുന്നു. വഴിയരികിലൂടെ പ്രഭാതവാരിക്കിറങ്ങിയ ആ മധ്യവയസ്കന്‍ വെട്ടിവീഴ്ത്തപ്പെട്ടത് കക്ഷിരാഷ്ട്രീയത്തിന്റെയോ മതരാഷ്ട്രീയത്തിന്റെയോ ഇരയായിട്ടായിരുന്നില്ല. മറിച്ച് കോളനികളിലൂടെ ശക്തി സംഭരിച്ച് വളര്‍ന്നുവന്നിരുന്ന ഒരു ജാതിസംഘടനയുടെ ഇരയായിട്ടായിരുന്നു. 'ജാതി' എന്ന സങ്കല്പം അത്രമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നിരിക്കണം ആ കലാപമനസ്സുകളില്‍. ഇവിടെ കൊലയുടെ ഭീകരത ദ്രിശ്യമാകുന്നത് വാര്‍ത്തകള്‍ക്കുള്ളിലേക്ക് കടന്നു ചെല്ലുമ്പോഴാണ്. യാതൊരു വിധ മുന്‍ സമ്പര്‍ക്കമോ പരിചയമോ ഇല്ലാത്ത ഒരാളെ എന്തിന് കൊലപ്പെടുത്തി എന്നതിന് ലഭിച്ച മറുപടി, ഇത്തരമൊരു സംഘടന ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് അത് നിര്‍ജീവമല്ല എന്ന് കാണിക്കുന്നതിന് വേണ്ടിയാണത്രേ! ഇനി ഒരുപക്ഷേ അടുത്ത ഇര ഞാനായിരിക്കാം, അല്ല്ങ്കില്‍ നിങ്ങളില്‍ ആരെങ്കിലുമായിരിക്കാം. ശ്രീനാരായണ ഗുരു വിഭാവന ചെയ്ത ആ നാട് ഇന്നിപ്പോള്‍ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം ഒരു മനുഷ്യന്' എന്ന് തിരുത്തിവായിക്കേണ്ടി വന്നിരിക്കുന്നു. എന്തായാലും ഇവിടെയും കാലവും നിയമവും ചിരിച്ചു നിന്നതേയുള്ളൂ. പകലുകളും രാത്രികളും ഒന്നായി അവര്‍ക്ക് തണലേകി. ഇന്നവര്‍ എവിടെയാണ്, അവരുടെ പ്രവര്‍ത്തനം ഏത് ദിശയിലേക്ക് മാറി, യാതൊന്നും അറിയില്ല. മാധ്യമ പരാക്രമവും അന്വേഷണങ്ങളും അന്നവിടെ അവസാനിച്ചു. അവര്‍ മറ്റൊന്നിലേക്ക് പതിവുപോലെ യാത്രയായി.

ഐല മുറിച്ചപ്പോള്‍ അറ്റുപോയ കൈപ്പത്തി

സമീപകാല ഭീകരതയുടെ തെളിവായി മാറിയിരിക്കുന്നു പ്രൊഫ. ജോസഫിനോട് മതഭീകരര്‍ കാട്ടിയ ഈ കൊടുംക്രൂരത. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് നടന്ന സംഭവങ്ങളുടെ അവസാന ഭാഗമായിരുന്നു ഇത്. 'താലിബാനിസം' എന്ന ഒരു പദം കൂടി ഇവിടെ മലയാളികള്‍ക്ക് സുപരിചിമാകുകയാണ്. ഇവിടെ മുന്‍പും കൈവെട്ടലുകളും മറ്റും കോളേജ് രാഷ്ട്രീയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇത് താലിബാനിസമോ അഫ്ഗാനിസ്ഥാനിസമോ ആയി പരിഗണിച്ചിരുന്നില്ല. ഇത്തരം ക്രിത്യങ്ങള്‍ മുസ്ലീം സംഘടനകള്‍ ചെയ്യുമ്പോഴായിരിക്കുമോ ഈ പദവിന്യാസങ്ങള്‍? എന്തായാലും സമാന്തര നീതിന്യായ വ്യവസ്ഥിതികള്‍ പോലും നടന്നുകൊണ്ടിര്രിക്കുന്ന ഈ കാലഘട്ടത്തില്‍ നിയമം വെറും നോക്കു കുത്തികളായി മാറുന്നു. ഇതെല്ലാം കാണുമ്പോള്‍ മദൗദിയും അനുയായികളും എവിടെയെല്ലാമോ ഇരുന്ന് ചിരിക്കുന്നുണ്ടായിരിക്കണം ഇത്തരം ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വേരുറയ്ക്കുന്നത് കാണുമ്പോള്‍...!


നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്

1 വായന:

CKLatheef said...

>>> മദൗദിയും അനുയായികളും എവിടെയെല്ലാമോ ഇരുന്ന് ചിരിക്കുന്നുണ്ടായിരിക്കണം ഇത്തരം ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വേരുറയ്ക്കുന്നത് കാണുമ്പോള്‍...! <<<

ഇല്ല സുഹൃത്തേ മൗദൂദിയുമായി ഈ കൈവെട്ടിന് ഒരു ബന്ധവുമില്ല. അവര്‍ ചിരിക്കുകയല്ല. നല്ലമനുഷ്യരോടൊപ്പം ഇതിന്റെ പേരില്‍ കരയുകയാണ്.ഇത്തരം ചിലകാര്യങ്ങള്‍ വെച്ച് ചില വിഢികള്‍ വിദ്വേഷപ്രചാരണവും തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്നത് കാണുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് എങ്ങനെ ചിരിക്കാന്‍ കഴിയും. വിവരക്കേട് എടുത്ത് ചേര്‍ക്കുന്നതിന് മുമ്പ്. ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അല്‍പം വായിക്കാന്‍ സമയം കണ്ടെത്തുക. വെറും മീന്‍തലക്ക് വേണ്ടി ആഗ്രഹിക്കുന്ന പൂച്ചയാകാതെ, കൂടുതല്‍ വിദ്വേഷ പ്രചാരണം നടത്താതെ (അതാണ് കൈവെട്ടിലേക്കും ഗുരുഹത്യയിലേക്കും നയിക്കുന്നത്) ഇസ്‌ലാമിക നിയമങ്ങളെന്താണെന്ന് മനസ്സിലാക്കുക. ഏതെങ്കിലും വിഢിസംഘങ്ങളുടെ കര്‍മങ്ങളല്ല ഒരു ദര്‍ശനത്തെ വിലയിരുത്താന്‍ ഉപയോഗപ്പെടുത്തേണ്ടത്.

Post a Comment

© moonnaamidam.blogspot.com